MediaAppUSA

സന്ന്യാസികളില്ലിങ്ങനെ (ലേഖനം:വാസുദേവ് പുളിക്കല്‍)

Published on 01 September, 2020
സന്ന്യാസികളില്ലിങ്ങനെ (ലേഖനം:വാസുദേവ് പുളിക്കല്‍)
ഭാരതപ്പൂനിലാവില്‍ ഉദിച്ചുയര്‍ന്ന ചിങ്ങത്തിലെ ചതയം നക്ഷത്രം - നാരായണഗുരുവിന്റെ ജന്മദിനം. ഭാരതത്തിലും വിദേശങ്ങളിലും പ്രത്യേകിച്ച് അമേരിക്കയുടെ വിവിധ ഭാഗങ്ങളിലും ജാതിമതഭേദമന്യെ ജനങ്ങള്‍ പങ്കെടുക്കുന്ന ഗുരുദേവജയന്തി ആര്‍ഭാടമായി ആഘോഷിക്കപ്പെടുന്നു. ആരാണ് ഗുരു? ഗുരു ഒരു വ്യക്തിയല്ല, ജീവിതദര്‍ശനമാണ്. വ്യക്തിയെ ഉത്തമ വ്യക്തിത്വത്തിന്റെ ഉടമയാക്കുന്ന - ഉത്തമ മനുഷ്യനാക്കുന്നതാണ് ആ ജീവിത ദര്‍ശനം, സര്‍വ്വലോകഹിതാനുവര്‍ത്തി  ആയി സമസൃഷ്ടികളിലും സമദര്‍ശിയായിരിക്കുന്ന സ്‌നേഹപ്പൊരുളാണ്. "പ്രണവമുണര്‍ന്നു പിറപ്പൊഴിഞ്ഞു വഴും മുനി''യാണു ഗുരു. ജ്ഞാനോദയമുണ്ടായി ഓംകാരത്തില്‍ ലയിച്ച്് ജനിമൃതികളില്‍ നിന്ന് മോചിതനായി പരമാത്മാവില്‍ - ബ്രഹ്മത്തില്‍ ലയം പ്രാപിക്കുന്ന യോഗിയാണ് ഗുരു. അങ്ങനെയുള്ള ഗുരുക്കന്മാര്‍ക്ക് അനശ്വരമായ ആനന്ദലബ്ദി ഉണ്ടാകുന്നു. നാരായണഗുരു ആ അവസ്ഥയില്‍ എത്തിയിരുന്നു എന്ന് ഗുരുവിന്റെ രചനകള്‍ക്ക് വ്യാഖ്യാനങ്ങള്‍ എഴുതിയ ശിഷ്യപണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ചിട്ടയോടെ സന്ന്യാസജീവിതം നയിച്ച് ഈശ്വരസാക്ഷാത്കാരം നേടിയ നാരായണഗുരു അവാച്യമായ ആനന്ദാനുഭൂതിയില്‍ ലയിച്ചു.

ഒരു പതിനായിരമാദിഥേയരൊന്നായ്
വരുവതു പോലെ വരും വിവേകവൃത്തി.

പതിനായിരം സൂര്യന്മാര്‍ ഒന്നിച്ചുദിച്ചാല്‍ എന്നതുപോലെ വരുന്നതാണ് ആത്മബോധം എന്ന് ഗുരു കുറിച്ചിട്ടിരിക്കുന്നത് ഗുരുവിന്റെ സ്വാനുഭവമായി - ആന്തരാനുഭൂതിയായി കണക്കാക്കപ്പെടുന്നു. ആത്മസൂര്യനുദിച്ചാല്‍ അജ്ഞാനത്തിന് നിലനില്‍പ്പുണ്ടാവുകയില്ല എന്നു നാരായണഗുരു കാവ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു. സെയിന്റ് അഗസ്റ്റിന്‍ ഒരിക്കല്‍ പറയുകയുണ്ടായി, "ആത്മാനുഭൂതി എന്തെന്ന് എനിക്കറിയാം. അത് വാക്കുകളിലുടെ പ്രകടിപ്പിക്കാന്‍ സാധ്യമല്ല. ആത്മാനുഭൂതി അനുഭവിച്ചു തന്നെ അറിയണം.' ഒരു സൂര്യന്റെ വെളിച്ചം കൊണ്ടു തന്നെ പ്രപഞ്ചം പ്രകാശപൂരിതമാകുന്നു. അപ്പോള്‍ പതിനായിരം സൂര്യന്മാര്‍ ഉദിച്ചുയുര്‍ന്നാലത്തെ അവസ്ഥയെന്തായിരിക്കും. ആ അനുഭവമാണ് ആത്മബോധം കൈവന്നാലുണ്ടാവുക.

കുമാരനാശന്‍ ഏറെ നാള്‍ നാരായണഗുരുവിന്റെ ശിഷ്യനായിരുന്നെങ്കിലും മറ്റു ശിഷ്യന്മാരെപ്പോലെ ഗുരുവിനെ ആഴത്തില്‍ മനസ്സിലാക്കാന്‍ കുമാരനാശാന് സാധിച്ചില്ല. ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം ആത്മാവിന്റെ ഏകതയില്‍ അധിഷ്ഠിതമായിട്ടുള്ളതാണ്. അതിന് അവര്‍ തമ്മില്‍ ഗാഢമായ പാരസ്പര്യം ഉണ്ടായിരിക്കണം. ആ പാരസ്പര്യം ആനുഭൂതികമായ ഒരു ദര്‍ശനമാക്കിത്തിര്‍ക്കുന്നതിനു മുമ്പ് കുമാരനാശാന്‍ ഗുരുവിന്റെ ശിഷ്യത്വം ഉപേക്ഷിച്ച് കാവ്യ ലോകത്തിലെത്തി വായനക്കാരെ തത്ത്വചിന്തയുടെ സരണിയിയിലേക്ക് നയിച്ചുകൊണ്ടു പോകുന്ന ഒരു കാവ്യപ്രഞ്ചം സൃഷ്ടിച്ച,  കേരളീയരുടെ ഹൃദയത്തില്‍ ഒരിക്കലും അഴിയാത്ത മാതിരി ഗുരുദേവചിന്തകളെ മുദ്രണം ചെയ്ത ഒരു മഹാകവിയായിത്തീര്‍ന്നു.

നാരായണഗുരുവിന്റെ രചനകളുടെ ആഴത്തിലേക്കും വ്യാപ്തിയിലേക്കും ഇറങ്ങിച്ചെന്ന് അവയില്‍ ലീനമായിരിക്കുന്ന ആന്തരാര്‍ത്ഥം മനസ്സിലാക്കാന്‍ ആശാന് സാധിച്ചിരുന്നില്ല. കുമാരുവിന് ഉപരിപ്ലവമായിട്ടു മാത്രമേ തന്റെ കൃതികളെ സമീപിക്കാന്‍ കഴിഞ്ഞിരുന്നുള്ളു എന്ന് ഗുരു തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു ശിഷ്യന്മാരെ അപേക്ഷിച്ച്് കുമാരനാശാന്‍ നാരായണഗുരുവിന്റെ വ്യക്തിപ്രഭാവത്തിന്റെ അഗാധത തൊട്ടറിഞ്ഞിരുന്നില്ലെങ്കിലും ആശാന്റെ ഗുരുവിനെകുറുച്ചുള്ള സ്തുതിഗീതത്തിലെ
സന്ന്യാസികളില്ലിങ്ങനെ ഇല്ലില്ലമിയെന്നോര്‍
വന്യാശ്രമമേലുന്നവരും ശ്രീഗുരുമൂര്‍ത്തെ

എന്ന വരികള്‍ അന്വര്‍ത്ഥമാണ്. "സന്ന്യാസികളില്ലിങ്ങനെ'' എന്നു പറയുമ്പോള്‍ തന്നെ നാരായണഗുരു മറ്റു സന്ന്യാസിമാരില്‍ നിന്നും വ്യത്യസ്തനായിരുന്നു എന്നു സൂചന ലഭിക്കുന്നുണ്ട്. ഗുരു എങ്ങനെ മറ്റു സന്ന്യാസിമാരില്‍ നിന്ന് വ്യതസ്തനായിരുന്നു എന്നതിന് ഗുരുവിന്റെ പ്രവൃത്തികള്‍ സാക്ഷ്യം വഹിക്കുന്നു. ജനങ്ങളുടെ വ്യവഹാരിക ജീവിതത്തെ പറ്റി ചിന്തിക്കാതെ ധ്യാനത്തില്‍ മുഴുകിയിരുന്ന് ഈശ്വരനുമായി താദത്മ്യം പ്രാപിച്ച് ആ ആനന്ദാനുഭൂതിയില്‍ മതിമറന്നിരിക്കുകയല്ല ഗുരു ചെയ്തത്. ഗുരു സാധാരണക്കാരുടെ ജീവിതത്തിലേക്കിറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവയ്ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചു നാരായണഗുരുവിന്റെ മനോഭാവം വ്യത്യസ്തമായിരുന്നു എന്നു വെളിപ്പെടുത്തുന്ന വിധത്തിലായിരുന്നു ഗുരുവിന്റെ പ്രവര്‍ത്തനങ്ങള്‍. കേരളത്തിലുടനീളം നാരായണഗുരു ക്ഷേത്രങ്ങള്‍ സ്ഥാപിച്ചത് അവഗണിക്കപ്പെട്ട ജനസഞ്ചയത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു. സാമൂഹ്യപരിഷ്കര്‍ത്താവ് എന്ന പദവി തന്നെ ഗുരുവിനെ മറ്റു സന്ന്യാസിമാരില്‍ നിന്നു വേര്‍തിരിച്ചു നിര്‍ത്തുന്നുണ്ട്. മുക്തിപദത്തിലേക്കുള്ള പാതയിലൂടെ സഞ്ചരിക്കുമ്പോഴും ജനലക്ഷങ്ങളുടെ ഉന്നമനവും സ്വാതന്ത്ര്യവും ഗുരു ലക്ഷ്യമാക്കിയിരുന്നു. അരുവിപ്പുറത്തെ പ്രതിഷ്ഠ ഇതിനു ഒന്നാം തരം ഉദാഹരണമാണ്. ക്ഷേത്രങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്ന ജനസമൂഹത്തിന് ഈശ്വരാരാധനക്കുള്ള അവസരം ഉണ്ടാക്കുന്നതിനേക്കാള്‍  ഉപരിയായി ശരീരശുദ്ധിയില്ലാതെ കഴിഞ്ഞിരുന്ന അവരെ ശുചിത്വമുള്ളവരാക്കിത്തീര്‍ക്കുക എന്നത് ഗുരുവിന്റെ ലക്ഷ്യമായിരുന്നു. സമൂഹത്തെ ചൂഷണം ചെയ്തിരുന്നവരുടെ മുഖംമൂടിയഴിച്ചു മാറ്റി അവരുടെ യഥാര്‍ത്ഥ രൂപവും ലക്ഷ്യവും സാധാരണക്കാര്‍ക്ക് കാണിച്ചു കൊടുക്കാന്‍ ഗുരു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നാരായണഗുരുവിന്റെ .പ്രവര്‍ത്തനങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല ഉപരിവര്‍ഗ്ഗത്തെ നിശബ്ദരാക്കാന്‍ നാരായണഗുരുവിനല്ലാതെ മറ്റൊരു സന്ന്യാസിക്കും സാധിച്ചിട്ടില്ലെന്നതും നാരായണഗുരുവിനെ മറ്റു സന്ന്യാസിമാരില്‍ നിന്നു വേര്‍തിരിച്ചു നിര്‍ത്തുന്നു.

"സന്ന്യാസികളില്ലിങ്ങനെ''.

ധര്‍മ്മത്തെ രക്ഷിക്കേണ്ടതിന്റെ അനിവാര്യതയും തന്റെ ജന്മോദ്ദേശ്യവും ഗുരു മനസ്സിലാക്കി. ഭഗവദ്ഗീതയിലൂടെ കടന്നു പോകുമ്പോള്‍ കൃഷ്ണന്റെ ജന്മോദ്ദേശ്യത്തെപറ്റി പറയുന്നതായി കാണാം.

യദാ യദാ ഹി ധര്‍മ്മസ്യ, ഗ്ലാനിര്‍ഭവതി ഭാരത!
അഭ്യൂത്ഥാനമധര്‍മ്മസ്യ, തദാത്മാനം സുജാമഹം
പരിത്രാണായ സാധുനാം വിനാശായ ചതുഷ്കൃതാം
ധര്‍മ്മസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ
(എപ്പോഴൊക്കെ ധര്‍മ്മത്തിന് ക്ഷീണവും അധര്‍മ്മത്തിന് ഉയര്‍ച്ചയും ഉണ്ടാകുന്നുവോ അപ്പോള്‍ ഞാന്‍ ശരീരം അവലംബിക്കുന്നു. സാധുക്കളായവരുടെ രക്ഷക്കുവേണ്ടിയും ദുര്‍വൃത്തന്മാരുടെ നാശത്തിനുവേണ്ടിയും ധര്‍മ്മത്തെ നിലയുറപ്പിക്കാന്‍ വേണ്ടിയും യുഗന്തോറും ഞാന്‍ സംഭവിക്കുന്നു.)

നാരായണഗുരുവിന്റെ കാലത്തുണ്ടായിരുന്ന ഉപരിവര്‍ഗ്ഗത്തെ ദുര്‍വൃത്തന്മാരെന്നു വിശേഷിപ്പിക്കാം. അവരുടെ അഴിഞ്ഞാട്ടം കൊണ്ടും  സംസ്കാരശൂന്യതകൊണ്ടും ധര്‍മ്മക്ഷയം സംഭവിച്ചപ്പോള്‍ ഒരു സമൂഹം അടിച്ചമര്‍ത്തപ്പെട്ടു. സാധുക്കളായ അവരുടെ രക്ഷക്കായി നാരായണഗുരു ജന്മമെടുത്തു. ധര്‍മ്മം സംസ്ഥാപിക്കപ്പെട്ടു. മറ്റൊരു സന്ന്യാസിയും ചെയ്യാത്ത കാര്യങ്ങളാണ് നാരായണഗുരു ചെയ്തത്. ഏകലോകമാനവികതയുടെ പ്രകാശം പരത്തി. കേരളീയനവോത്ഥോനത്തിന്റെ നായകനായി. "സന്ന്യാസികളില്ലിങ്ങനെ''.

അറിവുകൊണ്ടും സംസ്കാരംകൊണ്ടും തങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് ഉന്നതസ്ഥാനത്തു നില്‍ക്കുന്നു എന്ന അഹംഭാവം ഉള്ളവരാണ് പൊതുവെ സന്ന്യാസിമാര്‍ എന്നതുകൊണ്ട് അവര്‍ സാധാരണക്കാരുടെ ജീവിതത്തെപ്പറ്റി ചിന്തിക്കാറില്ല. ജീവിതത്തിലെ ബ്രഹ്മചര്യം, ഗൃഹസ്താശ്രമം, വാനപ്രസ്തം എന്നീ അവസ്ഥകള്‍ കഴിഞ്ഞുട്ടുള്ള അവസ്ഥയാണു സന്ന്യാസം. ഈ നാല് അവസ്ഥകളും പിന്നിട്ടതിനുശേഷമാണ് ജീവിതത്തിനു ധ്യന്യതയും പൂര്‍ത്തീകരണം  ഉണ്ടാകുന്നത്. സന്ന്യാസി എന്നതിന്  കൊടുക്കാവുന്ന നിര്‍വ്വചനം ഞാന്‍, എന്റെ എനിക്ക് ഇങ്ങനെയുള്ള പരിഗണനകളെ പൂര്‍ണ്ണമായി ഉപേക്ഷിച്ചിരിക്കുന്നവന്‍ എന്നാണ്. ബ്രഹ്മചര്യവും ലളിതജീവിതവും സന്ന്യാസത്തിന്റെ അടിത്തറയാണ്. ബ്രഹ്മചര്യം എന്നാല്‍ അവിവാഹിതന്‍ എന്നല്ല അര്‍ത്ഥമാക്കുന്നത്. പരിപാവനമായ സത്യമാര്‍ഗ്ഗത്തില്‍ അഥവാ ദൈവമാര്‍ഗ്ഗത്തില്‍ സ്വജീവിതത്തെ അര്‍പ്പണം ചെയ്ത് ജീവിക്കുന്നവന്‍ എന്നാണ്. ജീവിതത്തിന്റെ നുലാമാലകളില്‍ നിന്നും ഒഴിഞ്ഞുമാറിയ അവസ്ഥയാണ് സന്ന്യാസം. ഈ അവസ്ഥയില്‍ ആന്തരികസ്വഭാവത്തെ പൂര്‍ണ്ണമായി രൂപവല്‍ക്കരിച്ച് പുഷ്ടിപ്പെടുത്തി ഈശ്വരചിന്തയില്‍ ചാലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ജീവിതത്തിന്റെ പരമമായ ലക്ഷ്യവും അതു തന്നെ. ഈ  തത്വം ഭഗവദ്ഗീതയിലും ഉപനിഷത്തുക്കളിലും ഉടനീളം വിസ്തരിച്ചിട്ടുണ്ട്. ഈശാവാസോപനിഷത്തില്‍ പറയുന്നു:

ഈശാവാസമിദം സര്‍വ്വം യാറ്റ്കിസക ജഗത്യം ജഗത്ത്
തേന തൃക് തേന ദുര്‍ജിത മ ഗ്രന്ഥകാസ്യവിധാനം

പ്രപഞ്ചവസ്തുക്കളെല്ലാം പരമസത്യത്തില്‍ നിന്നും ഉത്ഭവിക്കുന്നു. അതുകൊണ്ട് ഒന്നും സ്വന്തമാക്കി വയ്ക്കാനുള്ള ത്വര വെടിഞ്ഞ് ത്യാജമനോഭാവത്തോടെ ഈ പ്രപഞ്ചത്തില്‍ ജീവിക്കുക. സന്ന്യാസിമാരുടെ ജീവിതം ഇത്തരത്തില്‍ ഉള്ളതായിരിക്കണം. കുടുംബത്തെ രക്ഷിക്കാന്‍ ശക്തിയില്ലാതെ, സാധിക്കാതെ ദുഃഖിതരായ ചിലരും പ്രേമനൈരാശ്യം കൊണ്ടു മറ്റു ചിലരും  സന്ന്യാസം സ്വീകരിക്കാറുണ്ട്. അത് വഞ്ചനയാണ്, കളവാണ്. പിന്നീടതവര്‍ക്ക് ഭാരമായിത്തോന്നുന്നു. സന്ന്യാസം കൊണ്ട് സാധിക്കേണ്ടത് സാധിക്കാതെ പോകുന്നു. സാമ്യബുദ്ധിയായിരിക്കേണ്ട സന്ന്യാസിയുടെ ബുദ്ധി സ്വാര്‍ത്ഥബുദ്ധിയായി പരിണമിക്കുന്നത് ദയനീയം തന്നെ. കൃപണന്മാരായി തന്റെ ലാഭം മാത്രം മുന്നില്‍ കണ്ടുകൊണ്ട് സ്വാര്‍ത്ഥമതികളും പരദ്രോഹികളുമായി ജീവിക്കുന്നവരെ ദുഷ്കൃതന്മാരെന്നു പറഞ്ഞു പോരുന്നു. ദുഷ്കൃതന്മാരായ സന്ന്യാസിമാരേയും നമ്മള്‍ കാണുന്നു. ഭാരതീയ യോഗം അഭ്യസിച്ചിട്ടില്ലാത്ത, സ്‌നേഹാനുഭൂതിയിക്ലാത്ത ഒരു ഉളുപ്പുമില്ലാതെ അദ്ധക്ലാത്മികത പ്രസംഗിക്കുന്ന കപടസന്ന്യാസിമാരാണവര്‍. കര്‍ത്തവ്യം മറന്ന് വിഷയസുഖത്തില്‍ ആമഗ്നരാകുന്ന സന്നാസിമാര്‍ കാപട്യത്തിന്റെ മൂര്‍ത്തീഭാവമാണ്. മോക്ഷപ്രാപ്തി ലക്ഷ്യമാക്കുന്നവര്‍ ആത്മസംയമനം പാലിക്കേണ്ടത് അനിവാര്യമാണ്. എല്ലാ സംയമനവും വരേണ്ടത്  സംശുദ്ധമായ മൂല്യവിവേചനത്തില്‍ നിന്നു വേണം. മരണം മുതലായ വൈരുദ്ധ്യങ്ങളെ യോഗയുക്തമായ ഒരു ദര്‍ശനംകൊണ്ട് പരസ്പരം നിരാകാരം ചെയ്ത്, ദൈ്വതരഹിതമായ ഒരു സമ്യഗ്‌വീക്ഷണം യോഗി കൈക്കൊള്ളണം. എവിടെ ധര്‍മ്മത്തിനു തളര്‍ച്ചയും അധര്‍മ്മത്തിന് ഉയര്‍ച്ചയും ഉണ്ടാകുന്നുവോ അവിടെയൊക്കെ ഈശ്വരീയമായ പ്രതികരണം ഉണ്ടാകാതിരിക്കില്ല. ധര്‍മ്മം ഓരോരുത്തരുടേയും പ്രകൃതമനുസരിച്ചാണ്. മനസ്സിന് ശരിയായ വെളിച്ചവും പ്രകാശവും ഉണ്ടാകണം. അതുവഴി പുരോഗമനവുമുണ്ടാകണം. നാരായണഗുരു ഒരു സന്ന്യാസിസംഘം  ഉണ്ടാക്കണമെന്നാശയം ശിഷ്യന്മാരെ അറിയിച്ചപ്പോള്‍, ആരാണ് സന്ന്യാസി എന്നവര്‍ക്ക് സംശയമായി. ഒടുവില്‍ അവര്‍ ഗുരുവിനോട് ചോദിച്ചപ്പോള്‍, "സ്വാര്‍ത്ഥം വെടിഞ്ഞു പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവൃത്തി ചെയ്യുന്നവര്‍ സന്ന്യാസിമാര്‍. സന്ന്യാസി എന്നാല്‍ പരോപകാരി-ത്യാഗി' എന്നു മറുപടി പറഞ്ഞു. യുദ്ധം ചെയ്യുന്നതിനു പകരം ഭിക്ഷാംദേഹിയായി ജീവിക്കുന്നതാണ് നല്ലതെന്ന് യുദ്ധക്കളത്തില്‍ സേനാനിയായി നില്‍ക്കുന്ന അര്‍ജ്ജുനന്‍ സന്ന്യാസമാതൃക ഉത്തമമെന്ന് ക്ലാഘിക്കുമ്പോള്‍, അമ്പും വില്ലും എറിഞ്ഞു കളഞ്ഞതുകൊണ്ടു മാത്രം പാവനമായ സന്ന്യാസജീവിതം ലഭിക്കുന്നില്ല എന്ന് കൃഷ്ണന്‍ അര്‍ജ്ജുനനെ ഓര്‍മ്മപ്പെടുത്തുന്നത് ശ്രദ്ധേയമാണ്. കിരീടം രാജാവിനു സഹജമായ ഒരു ഭൂഷണമാണെങ്കിലും രാജാവല്ലാത്തവന് കിരീടമുള്ളതുകൊണ്ടു മാത്രം രാജാവാകാന്‍ കഴിയുകയില്ല. അതുകൊണ്ട് രാജാധികാരമില്ലാത്തയാള്‍ കിരീടം വച്ചതുപോലെയിരിക്കും മനസ്സുകൊണ്ട് സന്ന്യാസത്തെ വരിക്കാത്തയാള്‍ സന്ന്യാസിവേഷം ധരിച്ചാല്‍. സന്ന്യാസിമാര്‍ പൂര്‍വ്വാശ്രമത്തെയോ കുടുംബജീവതത്തെപ്പറ്റിയോ ചിന്തിക്കാത്തവരായിരിക്കണം. ഉള്‍വിളിയില്ലാതെ സന്ന്യാസം സ്വീകരിക്കുന്നവര്‍ക്ക് സന്ന്യാസജീവിതം സഫലമാക്കാന്‍ സാധിക്കുകയില്ല. അവര്‍ക്ക് ഈശ്വരസക്ഷാത്ക്കാരം അസാധ്യമാണ്. അവരെ നാരായണഗുരു ഇങ്ങനെ വിശേഷിപ്പിക്കുന്നു:

ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും
ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
കപടയതിക്ക് കരസ്ഥമാകുവീലെ-
ന്നുപനിഷദുക്തി രഹസ്യമോര്‍ത്തിടേണം

ജാഗ്രദാവസ്ഥ, സ്വപ്നം, സുഷുപ്തി എന്നീ മൂന്നവസ്ഥകളും കഴിഞ്ഞ് ജ്ഞാനികള്‍ "തുരീയബോധം'' എന്ന അവസ്ഥയില്‍ എത്തി ഈശ്വരസാക്ഷാത്കാരം നേടുന്നു. വേഷം കെട്ടി നടക്കുന്ന കപട സന്ന്യാസികള്‍ക്ക് ഈ അവസ്ഥയില്‍ എത്താന്‍ ഒരിക്കലും സാധിക്കുകയില്ല. അവര്‍ എന്നെന്നും കപടയതികളായിരിക്കും. കാര്‍മ്മേന്ദ്രിയങ്ങളെ അടക്കീട്ട് ഏതൊരുത്തന്‍ മനസ്സുകൊണ്ട് ഭഗവധ്യാനത്തെ ചെയ്യാതെ വിഷയങ്ങളെ വിചാരിച്ചുകൊണ്ടിരിക്കുന്നുവോ, വിവേകശൂന്യനായ അവന്‍ കപടാചാര്യന്‍ എന്നു ഗീതയിലും പറഞ്ഞിരിക്കുന്നു.

"കര്‍മ്മേന്ദ്രിയാണി സം യമ്യ യ ആസ്‌തേ മനസാ
സ്മരന്‍ ഇന്ദ്രിയാര്‍ത്ഥാന്‍ വിമൂഢാത്മാ മിഥ്യാചാരഃ സ ഉച്യതേ'

കപടസന്ന്യാസികള്‍ സന്ന്യാസവര്‍ഗ്ഗത്തിന്, സമൂഹത്തിനു തന്നെയും അപമാനമാണ് എന്ന് ഉപനിഷത്തിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഗുരു വ്യക്തമാക്കുന്നു. സന്ന്യാസിമാര്‍ക്ക് ഈശ്വരനുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയണമെങ്കില്‍ ശ്രദ്ധയോടും ചിട്ടയോടും സന്ന്യാസജീവിതം നയിക്കാന്‍ സാധിക്കണം. യഥാര്‍ത്ഥ സന്ന്യാസികള്‍ സത്യാന്വേഷികളായിരിക്കും. അതുകൊണ്ട് അവര്‍ ആത്മവിദ്യയില്‍ ശ്രദ്ധ പതിപ്പിക്കുന്നു.  സത്വികാവസ്ഥയാണ് ആത്മവിദ്യക്ക് അനുയോജ്യമായത്. അതുകൊണ്ട് സന്ന്യാസികള്‍ കഴിയുന്നതും വേഗം സാത്വികാവസ്ഥയില്‍ എത്തിച്ചേരാന്‍ ശ്രമിക്കുന്നു.

ഭാരതത്തിന്റെ കല്പതരുവില്‍ നമ്മുടെ കാലത്ത് വന്നു വിരിഞ്ഞ അദ്ധ്യാത്മമകരന്ദം നിറഞ്ഞതും ശാന്തിപരിമളം തൂകുന്നതുമായ ഒരു അത്ഭുത സൂചനായായിരുന്നു നാരായണഗുരു എന്നു പറയാം. മറ്റു സന്ന്യാസിമാരെ അപേക്ഷിച്ച് ഭാരതീയ അദ്ധ്യാത്മചരിത്രത്തിലെ സാഹിത്യത്തേയും സാധനാക്രമങ്ങളേയും ആത്മീയ ജീവിതശൈലിയേയും ഗുരു പുനഃപ്രവചനം ചെയ്തു വര്‍ത്തമാനകാലത്തിലെ ജനതക്ക് അതെന്നും ഉപകരിക്കട്ടെ എന്നു കരുതിയാണ് ഗുരു അദൈ്വതത്തെ പുതിയതായി വ്യാഖ്യാനിച്ചത്. എപ്പോഴും പുതുക്കി അവതരിപ്പിക്കേണ്ടതായ ഭാരതസംസ്ക്കാരത്തിന്റെ നവമജ്ജുഷയായിട്ടാണ് നാരായണഗുരു നമ്മുടെ ഇടയില്‍ പ്രത്യക്ഷപ്പെട്ടത്. പാശ്ചത്യദാര്‍ശനികന്മാരില്‍ പ്രമുഖനായിരുന്ന റൊമയിന്‍ റോളണ്ട് ജ്ഞാനകര്‍മ്മ സമന്വയത്തിന്റെ മഹായോഗിയായി നാരായണഗുരുവിനെ വിശേഷിപ്പിച്ചിട്ടുണ്ട്. 1928-ല്‍ റൊമയിന്‍ റോളണ്ട് നാരായണഗുരുവിനെ പ്രശംസിച്ച കാലത്തു നിന്നും ഇന്നത്തെ ഭാരതത്തിന്റെ അവസ്ഥ നോക്കുമ്പോള്‍ നാരായണഗുരുവിന്റെ പ്രസക്തി വളരെ വലുതാണെന്ന് കാണാന്‍ കഴിയും. സന്ന്യാസികളിലിങ്ങെനെ.

നാരായണഗുരു സാധരണക്കാരുടെ ജീവിത വ്യഥയില്‍ ആകുലനായി കര്‍മ്മോന്മുഖനായി രംഗത്തു വന്നു. എന്തൊക്കെയാണ് കര്‍മ്മത്തിനു പ്രേരണ നല്‍കുന്നതെന്ന് ഗീതയില്‍ പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കൂ;
ജ്ഞാനം ജ്‌ഞേയം പരിജ്ഞാതാ ത്രിവിധാ കര്‍മ്മ ചോദന
കരണം കര്‍മ്മ കര്‍ത്തേതി ത്രിവിധ: കര്‍മ്മ സംഗ്രഹ

അറിവ്, അറിയേണ്ടത്, അറിയുന്നവന്‍ എന്നിങ്ങനെ കര്‍മ്മപ്രേരണ മൂന്നു വിധം. ഇന്ദ്രിയം, കര്‍മ്മം, കര്‍ത്താവ് ഇങ്ങനെ കര്‍മ്മ ഘടകം മൂന്നു വിധം. ആത്മാവില്‍ താന്‍ ശുദ്ധചതന്യമാണെന്നറിഞ്ഞാലും വിവേകിയായ മനുഷ്യന്‍ തന്നില്‍ നിയതമായി വന്നിരിക്കുന്ന കര്‍മ്മങ്ങളെ ഉപേക്ഷിക്കുന്നില്ല. തന്റെ കര്‍മ്മം സ്വധര്‍മ്മത്തോടിണങ്ങിയതാണെന്നു അറിഞ്ഞുകൊണ്ട് കര്‍മ്മത്തില്‍ മുഴുകുന്നു. ജ്ഞാനവും കര്‍മ്മവും ഇണങ്ങേണ്ട വിധത്തില്‍ ഇണങ്ങിയിരിക്കുന്നു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി, ഒരു ജാതി ഒരു മതം മനുഷ്യന് മുതലായ മഹത്തായ സന്ദേശങ്ങള്‍  നാരായണഗുരുവിന്റെ മേധയില്‍ നിന്നല്ലാതെ മറ്റു സന്ന്യാസിമാരില്‍ നിന്നും ഉണ്ടായിട്ടില്ല. "ലോകം മുഴുവന്‍ സുഖം പകരനായ്'' സമസ്ത ജനതയും സൊദരത്വേന വാഴുന്ന ഏകലോക മനവികത വിഭാവന ചെയ്ത സന്ന്യാസി എന്നും നാരായണഗുരുവിനെ മറ്റു സന്ന്യാസിമാരില്‍ നിന്നും വേര്‍ത്തിരിച്ചു നിര്‍ത്തുന്നു. ജ്ഞാനോദയത്തിനാല്‍ കര്‍മ്മോന്മുഖനായി രംഗത്തു വന്ന നാരായണഗുരുവിനെ "സന്ന്യാസികളിക്ലിങ്ങനെ ഇല്ലിലിമിയെന്നോര്‍ വന്യാശ്രമമേലുന്നവരും ശ്രീഗുരുമൂര്‍ത്തെ എന്നു കുമാരനാശാന്‍ പാടി പുകഴ്ത്തിയതിനോട് അനുകൂലിക്കാവുന്നതാണ്.
*****

യദാര്‍ത്ഥ ഗുരു 2020-09-01 17:28:33
ജീവിത ലക്ഷ്യം സുഖം അല്ല; ജ്ഞാനം ആണ്. തന്നെക്കുറിച്ചുള്ള ജ്ഞാനം, അതാണ് ജ്ഞാനം. തന്നത്താൻ അറിയാത്തവൻ്റെ ജ്ഞാനം; പൂർണ്ണം അല്ല. അതിനാൽ അവനു സംതിര്പ്തി ലഭിക്കില്ല. ദുർബലരെയും ദുഃഖിതരെയും,മർദിതരെയും; അവരുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന്, അവരെ ഉത്തേജിപ്പിക്കുന്നവൻ ആണ് ജ്ഞാനി. ജ്ഞാനിയുടെ കാഹളനാദം കേട്ട് അവർ സ്വാതന്ത്രർ ആകുന്നു. ജീവിതത്തെ ക്കുറിച്ചു ഭാഗികമായ മാത്രം ചിന്തിക്കുന്നവർക്ക് കിട്ടുന്ന അറിവ് അപൂർണ്ണമാണ്‌. അപൂർണ്ണ അറിവ്, പൂർണ്ണം എന്ന് തെറ്റിദ്ധരിച്ചു അവർ മറ്റുള്ളവരെ അപകടങ്ങളിലേക്കു നയിക്കുന്നു. ഇന്നത്തെ മത, രാഷ്ട്രീയ നേതാക്കൾ ഇത്തരക്കാർ ആണ്. ഗുരു കാട്ടിത്തന്ന മാർഗങ്ങൾ പൂർണ്ണതയിലേക്കുള്ളവ ആണ്. അവ മനസ്സിൽ ആക്കാൻ ശ്രമിക്കുന്നവരോ വിരളം. -andrew
World class Teacher 2020-09-02 15:47:27
ജാതീയതയും മത ഭ്രാന്തും പടരുന്ന ഇ കാലത്തു; ഗുരു ദർശനങ്ങൾ വളരെ ഉപകാരപ്രദം ആണ്. അത് തിരിച്ചറിയുവാനുള്ള എളിമ ഉണ്ടായാൽ അവയെ മനസ്സിൽ ആക്കുവാനും ജാതി, മത -അടിമത്തത്തിൽനിന്നും മോചനം പ്രാപിക്കാനും സാദിക്കും. ഗുരുവിനെ മനുഷനായി കാണുവാനുള്ള യുക്തി മനോഭാവവും വേണം. ഗുരുവിനെ ദേവൻ ആക്കി കണ്ണാടിക്കൂട്ടിൽ പ്രതിഷ്ഠിച്ചാൽ ഗുരുവിൻ്റെ പാതകൾ നിങ്ങൾ കാണുകയില്ല. '' നാം പ്രതേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല'- എന്നു ഗുരു പ്രസ്താവിച്ചതു ആരും മറക്കരുത്. ഗുരു ആദ്യ കാലത്തു ക്ഷേത്രങ്ങൾ സ്ഥാപിച്ചു, ദേവ പ്രതിഷ്ടകൾ നടത്തി; എന്ന ആക്ഷേപം ഉണ്ടെങ്കിലും; പിന്നീട് കണ്ണാടി പ്രതിഷ്ട്ടിച്ചു, പ്രതിഷ്ട്ട ഇല്ലാത്ത ക്ഷേത്രവും സ്ഥാപിച്ചു. സത്യം, ധർമ്മം,ദയ, ശാന്തി; എന്ന് ആലേഖനം ചെയ്‌ത പലക ആണ് 1921 ൽ മുരിക്കുംപുഴ ക്ഷേത്രത്തിൽ സ്ഥാപിച്ചത്. ഗുരുവിനെ ഒരു സമുദായത്തിൻ്റെ മതിൽകെട്ടിൽ തളച്ചിട്ടാൽ ഗുരു ദർശനം നമുക്ക് നഷ്ടമാകും. ഗുരു;- ലോക ഗുരു ആണ്. ഒരു സമുദായവും ഗുരുവിനെ സ്വന്തം ആക്കാൻ ശ്രമിക്കരുത്. -andrew
കോരസൺ 2020-09-03 00:05:52
കുമാരനാശാനും ഗുരുവും തമ്മിലുള്ള ബന്ധത്തിന്റെ ഇടനാഴികൾ മറ്റൊരു ലേഖനമായി വരുകയാണെകിൽ നല്ലത്. അറിയാൻ താല്പര്യമുണ്ട്. ഗുരുദേവ സ്മരണയുയർത്തുന്ന നല്ല ഒരു ലേഖനം - കോരസൺ
വിദ്യാധരൻ 2020-09-03 03:46:26
ശ്രീനാരായണ ഗുരുവിന്റ ഒരു ആരാധകനാണ് ഞാൻ . പക്ഷെ എന്ത് പ്രയോചനം? മനുഷ്യനെ അജ്ഞതയിൽ നിന്ന് മോചിപ്പിച്ചു ഭൂമിയിൽ സമത്വ സുന്ദരമായ ഒരു സ്വർഗ്ഗം സൃഷ്ട്ടിക്കാൻ വേണ്ട അറിവ് അദ്ദേഹത്തിന്റ ഗ്രന്ഥങ്ങളിലുണ്ട് . വായിക്കും, ലേഖനങ്ങൾ എഴുതും പക്ഷെ പ്രയോഗത്തിൽ മാത്രം കൊണ്ടുവരാൻ ആർക്കും കഴിയുന്നില്ല . "ആണും പെണ്ണും വേർതിരിച്ചു കാണും വണ്ണമിനത്തെയും കാണണം കുറികൊണ്ടിമ്മ- ട്ടാണ് നാം അറിയേണ്ടത് " (ജാതി ലക്ഷണം ) - പുരുഷനെന്നും സ്ത്രീയെന്നും ലക്ഷണം കൊണ്ട് തിരിച്ചറിയുന്നത്പോലെ തിരിച്ചറിയാൻ കഴിയുന്നതായിരിക്കണം ജാതി . വ്യക്തമായ ലക്ഷണങ്ങൾകൊണ്ട് തിരിച്ചറിയുന്ന ജാതിപോലും ഒരു വസ്തുവിന്റ രൂപ ഭേദങ്ങൾ മാത്രമാണ് . തിര, പത , കുമിള എല്ലാം വെള്ളത്തിൽ നിന്ന് പൊന്തി വരുന്നത് പോലെ, ജാതികൾ എല്ലാം ഒരു ജാതിയാ മനുഷ്യ ജാതിയിൽ നിന്ന് വരുന്നതാണെന്ന് അറിയാം . ഈ അറിവ്, ഇന്നത്തെ അമേരിക്കൻ പ്രശ്നങ്ങൾക്ക് കാരണമായ 'ജാതി' വംശീയ ചിന്തകളെ ദുര്ബലമാക്കി സമാധാനമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും . കറുത്തവനും , വെളുത്തവനും. പിംഗളവർണ്ണമുള്ളവനും മനുഷ്യജാതിയുടെ ഭാഗമാണെന്നു ചിന്തിച്ചാൽ ജോർജ് ഫ്‌ളൂയിഡിന്റ് കഴുത്തിൽ മുട്ട് വച്ചു ഞെരിച്ചു കൊല്ലാതെയും , ജേക്കബ് ബ്ലേക്ക് എന്ന ചെറുപ്പക്കാരനെ പിന്നിൽ നിന്ന് ഏഴു പ്രാവശ്യം വെടിവച്ചു കൊല്ലുന്നതും ഒഴിവാക്കാമായിരിരുന്നു . ഇന്ന് ശ്രീനാരായണ ഗുരുവിനെ മഞ്ചലിൽ ഏറ്റി നടക്കുന്നവർക്ക് പോലും, അദ്ദേഹം വിട്ടിട്ട് പോയ അറിവിന്റെ പ്രയോക്താക്കൾ ആകാൻ കഴിയുന്നില്ല എന്നതാണ് സത്യം .കുമാരനാശാൻ വനമാലയിൽ പറഞ്ഞിരിക്കുന്നത് പോലെ, "ഉള്ളത്തിൽ കനിവൊട്ടുംമെന്നിയതിനീ- ചത്വത്തൊടും, നല്ല തേൻ തുള്ളിക്കൊത്തു മതൃത്തെഴും മൊഴിയൊടും നഞ്ചൊത്ത നെഞ്ചത്തൊടും കള്ളം തന്നെ നിറഞ്ഞു നേരകലെയായ് തന്നെ ഭരിപ്പാൻ സ്വയം തള്ളിക്കേറും ഒരുത്തനാകിലിവിടെ- സ്‍സൗഖ്യം നിനക്കും സഖേ " (ആശാൻ -വനമാല ) -വിദ്യാധരൻ
Ganesh Nayar 2020-09-03 12:13:53
People like Vellapalli is a curse to SNDP and he doesnt even know what is the value of guru's morals. Also, SNDP tried to hijack guru and forcefully built his temples in all Government properties and junctions in Kerala.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക