നാട്ടിന്‍പുറമാണ്, ഗ്രാമം അല്ല മലയാളത്തില്‍ കാവ്യാത്മകം. കുറ്റിപ്പുറത്ത് കേശവന്‍നായരുടെ അര്‍ത്ഥവത്തായ കവിത, ഒരിക്കലും നാവിന്‍ത്തുമ്പില്‍ നിന്നു മാറാത്ത രണ്ടുവരികള്‍, ഇങ്ങനെ:
""നാട്യപ്രധാനം നഗരം ദരിദ്രം,
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം!''
ആധുനിക യുക്തിചിന്തകള്‍ക്ക് മുന്‍പ് ജനപദങ്ങള്‍ക്ക് സ്വന്തം രീതികളുണ്ടായിരുന്നു, അതതു ദേശങ്ങള്‍ക്ക് തങ്ങളുടേതായ നാട്ടുനടപ്പും വിശ്വാസങ്ങളുമുണ്ടായിരുന്നു. ജനത്തിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വിശ്വാസങ്ങള്‍ നിലനില്‍ക്കും, അത് അന്ധമാണെങ്കിലും. ഐതീഹ്യങ്ങളുടെ പിന്നിലുള്ള "യുക്തി'യും വേണ്ടിവന്നാല്‍ അന്നത്തെ മതവിശ്വാസങ്ങളും അതിന്റെ മാനസികാവസ്ഥയും പശ്ചാത്തലവും തേടിപ്പിടിക്കുകയാണ് ഗവേഷകര്‍ ചെയ്യേണ്ടത്.
ഞാന്‍ ജനിച്ചു വളര്‍ന്ന മല്ലപ്പളിയെന്ന നാട്ടിന്‍പുറത്തേക്ക് ഒന്ന് മടങ്ങിപ്പോകുക മാത്രമാണ് ഈ ലേഖനത്തില്‍. ഏതാണ്ട് പതിനാറോ പതിനേഴോ വയസ്സുവരെയേ ഞാന്‍ മല്ലപ്പള്ളിയില്‍ സ്ഥിരമായി ജീവിച്ചിട്ടുള്ളു. അതായത് ഒരു പത്തോ പന്ത്രണ്ടോ വര്‍ഷങ്ങളിലെ ഓര്‍മ്മ. എന്നാല്‍ കൗമാരപ്രായത്തില്‍ കൂട്ടുകാരൊപ്പം മല്ലപ്പള്ളിയും പ്രാന്തപ്രദേശങ്ങളും പലവട്ടം നടന്നു കാണാനുള്ള അവസരം ഉണ്ടാക്കിയെടുത്തു. ചുമ്മാതങ്ങ് നടക്കുക, അത്രതന്നെ!.
മണിമലയാറിന്റെ തൊട്ടരികിലുള്ള സ്കൂളിലായിരുന്നു എന്റെ പ്രാഥമിക വിദ്യാഭ്യാസം. അന്ന് പൂവനത്തമ്പുരാനും പുവനക്കാവും പൂവനക്കടവും മല്ലപ്പള്ളിയുടെ കേന്ദ്രവും, ആകര്‍ഷണീയതും; വിവിധ ചിത്രങ്ങള്‍ മനസ്സില്‍ കോറിയിടാന്‍ അതു സഹായിച്ചു!.
പൂവനക്കടവില്‍ മണിമലയാറ് എത്രയോ മനോഹരമായിരുന്നു. പാലം ഇല്ല, നദി മുറിച്ചു കടക്കാന്‍ വെള്ളപ്പൊക്കകാലത്ത് വള്ളവും, ജലനിരപ്പ് കുറേ താഴുമ്പോള്‍ ചെങ്ങാടവും. പടിഞ്ഞാറെ കരയില്‍ നിന്ന്; ഇടതുവശത്ത് നോക്കെത്താത്ത ദൂരത്ത് ഒരു നേര്‍വരപോലെ, ഓളങ്ങളായി ഒഴുകിവരുന്ന മണിമലയൊരു സന്ദുരി. അവള്‍ക്കൊരു തിലകക്കുറിയായി കടവിലൊരു വിളക്കുമാടം!
ആ വിളക്കുമാടത്തിലെ കാവല്‍ക്കാരായിരുന്നു നദിയിലെ യാത്ര നിയന്ത്രിച്ചിരുന്നത്. വെള്ളപ്പൊക്കത്തില്‍ കടപുഴകി വരുന്ന മരങ്ങള്‍ അവര്‍ പിടിച്ചെടുക്കും, മഴക്കാലം കഴിയുമ്പോള്‍ മലഞ്ചരക്കുശേഖരണത്തിനു വരുന്ന കെട്ടുവള്ളങ്ങളുടെമേല്‍ ഒരു ദൃഷടിയും.
നദികളായിരുന്നു ഒരു കാലത്ത് പെരുവഴി, അതിന്റെ തീരത്തായിരുന്നു തമ്പുരാക്കന്മാരും ആദ്യകുടിയേറ്റക്കാരും താമസിച്ചിരുന്നത്. പൂവനക്കടവ് അക്കാലത്ത് ഒരു തുറമുഖത്തിന്റെ ചെറുരൂപമായി, കയറ്റിറക്കുമതികളുമായി, നിരവധി കെട്ടുവള്ളങ്ങള്‍, രാത്രികാലങ്ങള്‍ റാന്തല്‍വിളക്കും മിന്നിച്ച് ദിശകളുടെ മുന്നറിയിപ്പിന്റെ ആര്‍പ്പുവിളികളുമായി ജലഗതാഗതം വള്ളക്കാര്‍ ഉത്സവമാക്കിയിരുന്നു.
തികഞ്ഞ ഉത്സാഹത്തോടെ, യൗവ്വനത്തിന്റെ പ്രസരിപ്പില്‍, അല്പം അഹങ്കാരത്തോടെ തുള്ളിച്ചാടിവരുന്ന മണിമലയാറ് മല്ലപ്പള്ളിയുടെ പാറക്കെട്ടുകളില്‍ മുട്ടി പരാജയപ്പെട്ട് ഇടത്തോട്ട് തിരിയുന്നു, അത് നദിയുടെ അവസാനംപോലെ, അപ്രത്യക്ഷമായതുപോലെ. ഈ പാറക്കെട്ടുകള്‍ മല്ലപ്പള്ളിയുടെ മല്ലന്മാരാണെന്നൊന്നും ഞാന്‍ പറയുന്നില്ല. മല്ലപ്പള്ളിക്കും കല്ലൂപ്പാറക്കും ഇടയ്ക്ക് ഇനിയുമുണ്ട് പാറക്കൂട്ടങ്ങള്‍, കീഴ്‌വായ്പ്പൂര്, പാറക്കടവ്, കരിപ്പേലില്‍പ്പാറ എന്നിങ്ങനെ. അന്നത്തെ മണലും പാറയും ഇപ്പോള്‍ കച്ചവടമായിക്കഴിഞ്ഞിരിക്കുന്നു.
അരുവിയായി കൂട്ടിക്കല്‍ മലനിരകളില്‍, പിന്നീട് മുണ്ടക്കയം ടൗണിനോട് ചേര്‍ന്ന് മണിമലയാറ് ഉരുളന്‍ പാറകളോട് മല്ലിട്ടാണ് ഒഴുകുന്നത്, വെള്ളിനുരകള്‍ സൃഷ്ടിച്ചുകൊണ്ട്, വെള്ളിയരഞ്ഞാണം കിലുക്കി ഒരു കുസൃതിക്കുട്ടിയേപ്പോലെ, അതും നോക്കി ഞാനെത്രയോ നേരമിരുന്നിട്ടുണ്ട്. അവിടെ നിന്ന് എരുമേലിയും കഴിഞ്ഞ് മണിമല മുതല്‍ ഒരു പുഴയുടെ രൂപം! അവള്‍ കൗമാര പ്രായത്തിലും!. വായ്പ്പൂരും മുരണിയും പിന്നിട്ട് മല്ലപ്പള്ളി, കലൂപ്പാറയ്ക്കുശേഷം പ്രയാറ്റുകടവിനുശേഷം സമതലത്തില്‍ക്കൂടി കവിയൂരും വള്ളംകുളവും, പിന്നീട് പുളിക്കീഴ് എത്തുമ്പോഴേക്കും അരുവിയും ആറും പുഴയും പക്വതയെത്തി നദിയായി ഇരുത്തം വന്നതുപോലെ, നിശ്ചലം, ആരവം നിലച്ചു, ഇനിയും പമ്പയുടെ കൊച്ചനുജത്തിയായി, വഴികാട്ടിയായി, കായലിലേക്ക് ചാലകബലമായി, ശക്തി സ്രോതസ്സായി! ആ ശാന്തതയിലേക്കും നോക്കി നിന്നിട്ടുണ്ട്! സായൂജ്യം!.
മല്ലപ്പള്ളിയെ പട്ടണങ്ങളുമായി ബന്ധിപ്പിച്ചത് കായംകുളം-മല്ലപ്പള്ളി ബസ് സര്‍വ്വീസായിരുന്നു. തിരുവല്ല-മാന്നാര്‍-മാവേലിക്കര വഴി. അന്ന് ഞങ്ങള്‍ക്ക് അതൊരു അത്ഭുതം. പുറകില്‍ കറുത്ത കുഴലും പുകയുമായി ഇഴഞ്ഞുനീങ്ങുന്ന വണ്ടി വരുന്നതും കാത്ത് ഞങ്ങളിരിക്കും. നാട്ടുകാര്‍ അതിനു കൊടുത്ത പേരാണ് "കരിക്കാസ്'. മറ്റിംഗ്ലീഷിനും തോറ്റോടിക്കോളജിനും പിന്നില്‍ നര്‍മ്മമുള്ളതുപോലെ കരിക്കാസിനും. കല്ക്കരി ഉപയോഗിച്ച് വെള്ളം തിളപ്പിച്ച ആവിശക്തികൊണ്ട് ഓടുന്ന വണ്ടി! എന്തിനീ ബസ് സര്‍വ്വീസ്? അത് മല്ലപ്പള്ളിക്ക് കൊടുത്ത ഒരംഗീകാരമായിരുന്നു. കായംകുളംകാരുടെ എള്ളുകൃഷിയുടെ ഒരു വിപണി മല്ലപ്പള്ളിയിലൂടെയായിരുന്നുവത്രേ. ഇതിനും പുറമേ ചങ്ങനാശ്ശേരി, കോട്ടയം, മണിമല, റാന്നി, കോഴഞ്ചേരി തുടങ്ങിയ ഇടങ്ങളിലേക്കും നാല്പതുകളില്‍ത്തന്നെ യാത്രയ്ക്കുള്ള സൗകര്യങ്ങളും.
മല്ലന്മാരുടെ നാടായിരുന്നോ മല്ലപ്പള്ളി? ആ വഴിക്കാണ് പലരും ചിന്തിക്കുന്നത്, അഭിമാനിക്കുന്നത്. അമ്പതുകളില്‍ വോളിബോള്‍ കളിയിലെ നേട്ടങ്ങള്‍ കണ്ട് തങ്ങള്‍ മല്ലന്മാരെന്നുതന്നെ സ്ഥാപിച്ചെടുത്തവരുണ്ട്. അന്ന് മല്ലപ്പള്ളി സി.എം.എസ്. ഹൈസ്കൂള്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി, ഇന്ത്യയുടെ ഒളിംപിക്‌സ് വോളിബോള്‍ ടീമില്‍ പ്രയാറ്റുകുന്നേല്‍ വര്‍ക്കിയും ഉള്‍പ്പെട്ടിരുന്നതാണ് മല്ലപ്പള്ളിക്ക് ഒരു വോളീബോള്‍ താല്പര്യം ഉണ്ടാകാന്‍ കാരണം. അദ്ദേഹം മടങ്ങിവന്ന് മല്ലപ്പള്ളിയുടെ കായികരംഗത്ത് പ്രചോദനം കൊടുത്ത് മല്ലപ്പള്ളിക്കൊരു പ്രൊഫഷണല്‍ വോളിബോള്‍ ടീമും നേടിയെടുത്തു.
എന്നാല്‍ എന്തുകൊണ്ട് മല്ലപ്പള്ളി മല്ലന്മാരുമായി ബന്ധപ്പെട്ടു. ചിലര്‍ അതില്‍ അഭിമാനിക്കുന്നു. അതങ്ങനെയല്ലായെന്ന് പറയാന്‍ അടുത്തുള്ള സ്ഥലനാമങ്ങളും ഭൂമിശാസ്ത്രവും കണക്കിലെടുക്കണം.
നമുക്കൊരു യാത്ര തുടങ്ങാം ചങ്ങനാശ്ശേരിയില്‍ നിന്ന് കുന്നന്താനം വഴി. കുട്ടനാടിന്റെ കിഴക്കെ അതിര്‍ത്തിയിലാണ് ചങ്ങനാശ്ശേരിയും തിരുവല്ലയും. ചങ്ങനാശ്ശേരിക്ക് തെക്കുകിഴക്കുള്ള ഒരു സ്ഥലമാണ് തൃക്കൊടിത്താനം. ഇത് "തൃക്കടല്‍സ്ഥാന'മായിരുന്നെന്ന് വായിച്ച ഒരോര്‍മ്മയുണ്ട്. ആയിരിക്കാം അല്ലായിരിക്കാം. കടലുമായി ബന്ധപ്പെട്ട മറ്റ് എത്രയോ സ്ഥലങ്ങള്‍ കുട്ടനാടന്‍ തീരങ്ങളിലുണ്ട്. ഉദാഹരണത്തിന് കടപ്ര തുടങ്ങിയവ. നാടിന്റെ മറ്റ് ഐതീഹ്യങ്ങളും കൂടി കണക്കിലെടുക്കുമ്പോള്‍ ഈ തുടര്‍ സാന്നിദ്ധ്യം നമ്മള്‍ തൊട്ടറിയുന്നു.
രാജഭരണകാലത്ത് തിരുവിതാംകൂര്‍ മൂന്നു ഡിവിഷനുകളായി തിരിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, കോട്ടയം. ഇതില്‍ കൊല്ലം ഡിവിഷന്റെ വടക്കെ അതിര്‍ത്തിയിലാണ് മല്ലപ്പള്ളി. അവിടെ നിന്ന് ഒന്നോ രണ്ടോ മൈല്‍ നടന്നാല്‍ കോട്ടയം ഡിവിഷനില്‍ എത്തുകയായി. മല്ലപ്പള്ളിയുടെ ഔദ്യോഗിക ബന്ധങ്ങള്‍ മുഴുവന്‍ താലൂക്ക് ആസ്ഥാനമായ തിരുവല്ലയുമായിരുന്നു. കച്ചവടകാര്യങ്ങള്‍ക്ക് ചങ്ങനാശ്ശേരി. ചൊവ്വ, വെള്ളി ദിനങ്ങളിലെ വിളവ് വിപണി ചങ്ങനാശ്ശേരിയുടെ ബുധന്‍, ശനി വിപണിയുടെ പരിപോഷണമായി ക്രമീകരിച്ചിരുന്നു.
ചങ്ങനാശ്ശേരിക്ക് കിഴക്കാണ് ഉമിക്കുന്നുമല. അതും മറ്റൊരു കഥ, ഏറെ യുക്തിപൂര്‍വ്വമായ ഐതീഹ്യം! മഹാഭാരത കഥയുടെ ഭാഗം. പാണ്ഡവന്മാര്‍ തങ്ങളുടെ വനവാസകാലത്ത് ഇവിടെ കുറെക്കാലം താമസിച്ചിരുന്നത്രെ. അവിടെ കൃഷി ചെയ്ത് നെല്ല് വിളയിച്ച് ഉണക്കി കുത്തിയപ്പോള്‍ കിട്ടിയ ഉമി കൂട്ടിയിട്ടതാണ് "ഉമിക്കുന്നുമല'. വിശ്വസിക്കേണ്ട, മിത്തുകള്‍ അല്ലെങ്കില്‍ അമ്മൂമ്മ കഥകള്‍ ആസ്വദിക്കൂ. പടിഞ്ഞാറന്‍ പുഞ്ചപ്പാടങ്ങള്‍ നെല്‍കൃഷിക്ക് സുപ്രസിദ്ധമാണല്ലോ. അപ്പോള്‍ എന്തുകൊണ്ട് ഈ കഥ "സത്യ'മായിക്കൂടാ? കല്ലൂപ്പാറയ്ക്കടുത്തുള്ള അഞ്ചിലവും പാണ്ഡവ സഹോദരന്മാരുടെ മൂപ്പനുസരിച്ച്, രൂപത്തിനനുസരിച്ച് പ്രതിഷ്ഠിക്കപ്പെട്ടതായിരുന്നു, പാണ്ഡവന്മാര്‍ നട്ടുവളര്‍ത്തിയതെന്ന് സങ്കല്പിക്കുമ്പോള്‍ ഈ കഥയ്ക്ക് മാറ്റുകൂടുന്നു. അതേ, ഞങ്ങള്‍ മല്ലപ്പള്ളിക്കാര്‍ നേരായും വിശ്വസിക്കുന്നു ഈ കഥകള്‍ സത്യമാണെന്ന്. ഞങ്ങളുടെ ഇലവുമരങ്ങള്‍ മഹാഭാരത കാലത്തുനിന്നും തുടങ്ങുന്നുവെന്ന്. യുക്തിവാദികളുടെ വെല്ലുവിളികള്‍ ഇവിടെ ആവശ്യമില്ല.
കുന്നുകളുടെ അന്ത്യമാണ് കുന്നന്താനം, ഇത് വളരെ പ്രധാനപ്പെട്ട ഭൂവിഭാഗമാണ്. നമ്മുടെ യാത്രയില്‍ മാറിയ ഭൂപ്രകൃതി പെട്ടെന്ന് തിരിച്ചറിയും. ചെറിയ കുന്നുകള്‍. ഒരിറക്കമിറങ്ങിക്കേറുമ്പോള്‍ ചെങ്ങരൂരുള്ള മലമുകളില്‍ എത്തിക്കഴിഞ്ഞു. ഇവിടെ "ഊരു'കളെക്കുറിച്ചും പറയാം. മല്ലപ്പള്ളി പ്രദേശത്തോടു ചേര്‍ന്ന് നിരവധി ഊരുകളുണ്ട്. മിക്കവാറും എല്ലാം തന്നെ മണിമലയാറിനും പമ്പക്കും ഇടയില്‍. വായ്പ്പൂര്, കീഴ്‌വായ്പ്പൂര്, എഴുമറ്റൂര്‍, തെള്ളിയൂര്‍, അയിരൂര്‍, കുറിയന്നൂര്‍ എന്നിങ്ങനെ. ഊര്‍ എന്നാല്‍ ഉറവയുള്ള സ്ഥലം എന്നാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്. ഇവിടെ ഓര്‍മ്മയിലെത്തുക ബൈബിളിലെ കല്‍ദയരുടെ "ഊര്‍' എന്ന ദേശമാണ്. ഒരു ഭാഷാപ്രയോഗം എടുത്തു പറഞ്ഞുവെന്നുമാത്രം, ഒരുവിധത്തിലും ഞങ്ങള്‍ക്കൊരു കല്‍ദയ പാരമ്പര്യം അവകാശപ്പെടുന്നില്ല.
ചെങ്ങരൂരില്‍ നിന്ന് കുന്നുകളുടെ മേല്‍പ്പരപ്പില്‍ക്കൂടി അല്പം യാത്ര ചെയ്തുകഴിഞ്ഞാന്‍ ഇനിയുമൊരു കയറ്റം കയറി പിന്നെ നേരെ കുത്തനെ ഇറങ്ങുന്നത് മണിമലയാറ്റിലേക്കാണ്. അവിടെയാണ് സുന്ദരിയായ, താരുണ്യത്തിലെത്തിയ, ഓളങ്ങളില്‍ നൃത്തമാടി വന്ന മണിമലക്ക് വഴിമുട്ടിയത്. ഈ മല്ലത്വം മല്ലപ്പള്ളിയെ മല്ലന്മാരുറങ്ങുന്നിടമായി, പള്ളികൊള്ളുന്നിടമായി, രൂപാന്തരപ്പെടുത്തിയോ? ഇനിയൊരു കുസൃതിച്ചോദ്യം മല്ലന്മാരെന്തിനാണ് ഉറങ്ങുന്നത്? മല്ലപ്പള്ളി എന്തായാലും ഉറങ്ങുന്ന വീരന്മാരുടേയും ശൂരന്മാരുടേയും നാടായി അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ഇനിയും വന്നവഴിയേ ഒന്നു മടങ്ങിപ്പോയാല്‍, ചന്തക്കയറ്റം കയറി, നടമല ചവിട്ടി കുന്നത്തുകുന്നു കയറിയെത്തുന്നത് ചെങ്കല്‍മലയില്‍. മിത്തുകളുടേയും വിശ്വാസങ്ങളുടേയും ഭൂമിയാണ് ചെങ്കല്‍. അവിടെ നിന്ന് എങ്ങോട്ട് തിരിഞ്ഞാലും മലനിരകള്‍ തന്നെ. ഈ മലനിരകളില്‍ ദേവീദേവന്മാര്‍ വസിച്ചിരുന്നു. എല്ലാ നാടുകളിലും അങ്ങനെയാണ്, നിസ്സഹായനായ മനുഷ്യന് പിടികൊടുക്കാതെ മലമുകളിലാണ് ദൈവങ്ങള്‍. ഇതും ഞങ്ങളുടെ വിശ്വാസം, നിങ്ങള്‍ക്ക് ചോദ്യം ചെയ്യാന്‍ കഴിയാത്ത ഞങ്ങളുടെ വിശ്വാസം.
ചെങ്കല്‍കുന്നിന്റെ നെറുകയിലായിരുന്നു ഒരു കാലത്ത് സുപ്രസിദ്ധമായിരുന്ന പാലമരം, മകര മാസത്തില്‍ പൂത്തുലയുന്നു. കാലാകാലങ്ങളായി വേടന്മാരുടെ ആസ്ഥാനമായിരുന്ന ചെങ്കല്‍കുന്ന്, അവരുടെ ശ്മാശനവും അവിടെ. ഒന്‍പതു കുഴിവെട്ടി അതിലൊന്നില്‍ രഹസ്യമായിട്ടായിരുന്നു അടക്കം. മകര മാസത്തിലെ പൗര്‍ണ്ണമി നാളില്‍ അകാലത്തില്‍ മരണപ്പെട്ട യുവതികളുടെ ആത്മാക്കള്‍ വന്ന് നൃത്തം ചവിട്ടുമത്രെ, ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍. ഇന്ന് ആ പാലമരമില്ല, പൂത്തുലയുന്നില്ല.
ഈ കഥകളും ഹൃദയത്തില്‍ ചേര്‍ത്തുവച്ച് ചെങ്കല്‍കുന്നിന്റെ പാര്‍ശ്വങ്ങളില്‍ കാട്ടുപൂക്കളും കാട്ടുപഴങ്ങളും തേടി നടന്ന ഒരു കാലമുണ്ടായിരുന്നു. കൗതുകമുണര്‍ത്തുന്ന കഥകള്‍. അക്കാലത്ത് പറമ്പില്‍ കൂട്ടമായി വളര്‍ന്നു നിന്ന മുളങ്കാടുകള്‍ക്ക് വേടന്മാരുടെ ആത്മാക്കളെ പ്രതിരോധിക്കാനുള്ള ശക്തിയുണ്ടായിരുന്നുപോലും. പൂവനക്കടവിലെ മറ്റൊരു പാലമരത്തിലേക്ക് സന്ധ്യാനേരത്ത് ഈ ആത്മാക്കള്‍ ചേക്കേറുമായിരുന്നുവെന്നും വിശ്വാസം. അതു ഞങ്ങളുടെ പറമ്പില്‍ക്കൂടിയാവാന്‍ പാടില്ല. അതുകൊണ്ടാണ് മുളങ്കാടുകള്‍. ഇതും കഥകള്‍ നെയ്‌തെടുക്കുവാനുള്ള വിശ്വാസങ്ങള്‍. കുറെക്കാലം മുന്‍പ് ഞാനെഴുതിയ "അതിരുകളില്ലാതെ' എന്ന കഥയുടെ പശ്ചാത്തലം ഈ കുന്നുകളായിരുന്നു. വീണ്ടുമൊരിക്കല്‍, ഭാവിയില്‍ ഒരു പാല പൂക്കും നാളില്‍ കോമളനായ ഒരു യുവാവിനൊപ്പം നൃത്തം ചെയ്യാന്‍ ഉണര്‍ന്ന് എഴുന്നേല്‍ക്കുന്ന വേടതരുണീമണികളുടെ കഥ. ഞങ്ങളില്‍ ചിലരെങ്കിലും ഈ ഐതീഹ്യവും ഇന്നും സൂക്ഷിച്ചുവെച്ചിരിക്കുന്നു.
എന്തിനാണ് ഈ കഥ? മലമുകളിലെ ദൈവങ്ങളെപ്പറ്റി പറയാന്‍. എണ്ണമില്ലാത്ത മലദൈവങ്ങളുടെ നാടായിരുന്നു മല്ലപ്പള്ളി. ഇതുതന്നെ മല്ലപ്പള്ളിയെന്ന പേരിന്റെ തുടക്കവും. അപ്പോള്‍ "പള്ളിയോ'. അത് ബുദ്ധമതസ്വാധീനം. തെക്കേയിന്ത്യയിലെ "പള്ളി'കള്‍ ബുദ്ധമത കേന്ദ്രങ്ങളായിരുന്നുവെന്നാണല്ലോ ഗവേഷകമതം. ഇതെഴുതുമ്പോള്‍ തൊട്ടടുത്ത മുണ്ടിയപ്പള്ളിയും നെടുങ്ങാടപ്പള്ളിയും എന്റെ മനസ്സിലുണ്ട്, കൂടാതെ പുതുപ്പള്ളിയും കാഞ്ഞിരപ്പള്ളിയും. ബുദ്ധ-ഹൈന്ദവ-ക്രൈസ്തവ ആചാരങ്ങള്‍ അത്രയധികം വേര്‍തിരിവുകളില്ലാതെയിരുന്ന ഒരു കാലം ഇവിടെയുണ്ടായിരുന്നുവെന്ന് ഞാനങ്ങ് പറയുകയാണ്.
മല്ലപ്പള്ളിയുടെ ആധുനിക കാലം തുടങ്ങുന്നതിന് ഇന്നേക്ക് നൂറ്റിയെണ്‍പതു വര്‍ഷം മുന്‍പ്. കേണല്‍ ജോണ്‍ മണ്‍ട്രോയുടെ കാലം മുതല്‍, കേരളത്തിലെ ക്രൈസ്തവ നവോത്ഥാനം മുതല്‍. ഇതിന്റെ അലയടികള്‍ ഏറെ സ്വാധീനം ചെലുത്തിയത് മദ്ധ്യതിരുവിതാംകൂറിലും. ആയിരത്തിയെണ്ണൂറ്റി മുപ്പത്തിനാലില്‍ മല്ലപ്പള്ളിയില്‍ ഒരു ആംഗ്ലിക്കന്‍ പള്ളി സ്ഥാപിതമായി. സുപ്രസിദ്ധമായിരുന്ന കല്ലൂപ്പാറ പള്ളിയുടെ ഒരു ശാഖയായിരുന്നു മല്ലപ്പള്ളിയിലെ പഴ പള്ളി. ഇന്നും അതൊരു ചരിത്രസ്മാരകമായി നിലകൊള്ളുന്നു. ആ പള്ളിയില്‍ നിന്ന് പിരിഞ്ഞ് ആധുനികവത്ക്കരിച്ചതായിരുന്നു മല്ലപ്പള്ളിയിലെ ആംഗ്ലിക്കന്‍ പള്ളി. ഭാഷാഗവേഷണം, വിദ്യാഭ്യാസം എന്നീ നിലകളില്‍ മല്ലപ്പള്ളിയെ മുന്നോട്ടു നയിച്ചത് ഈ പ്രസ്ഥാനമായിരുന്നു. മലയാളത്തിലെ ആദ്യകാല ഗദ്യകൃതികള്‍ പലതിനും മല്ലപ്പള്ളിയുമായും ബന്ധമുണ്ടായിരുന്നു. ഇന്നും മല്ലപ്പള്ളിക്കാര്‍ അഭിമാനത്തോടെ ഓര്‍മ്മിക്കുന്ന ഒരു പേരുണ്ട്. റവറണ്ട് ജോര്‍ജ്ജ് മാത്തന്‍. അദ്ദേഹത്തിന്റെ ഇരുനൂറാം ജന്മവാര്‍ഷികം രണ്ടായിരത്തിപ്പത്തൊന്‍പതില്‍ ആഘോഷിച്ചു. ആധുനിക മലയാള ഗദ്യത്തിന്റെ തുടക്കക്കാരന്‍, മലയാളത്തിന്റെ വ്യാകരണക്കാരന്‍ എന്നീ നിലകളില്‍ ജോര്‍ജ്ജ് മാത്തന്‍ പാതിരി അറിയപ്പെടുന്നു. നുകം വയ്ക്കാന്‍ കാളകളില്ലാതിരുന്നപ്പോള്‍ അടിമകളുടെ കഴുത്തില്‍ നുകംവെച്ച് ഉഴുന്ന ഏര്‍പ്പാടിനു അറുതി വരുത്തിയതും ജോര്‍ജ്ജ് മാത്തനച്ചനായിരുന്നു. ഒരു പക്ഷേ അടിമക്കച്ചവടത്തിനെതിരെ ചാട്ട വീശിയതിന്റെ തുടക്കക്കാരനും അദ്ദേഹമായിരിക്കാം. ഇത് അമേരിക്കയില്‍ അടിമകള്‍ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന് പതിനഞ്ചു വര്‍ഷം മുമ്പാണെന്നും ഓര്‍ക്കണം.
എത്ര പാരമ്പര്യങ്ങള്‍ എടുത്തെടുത്ത് പറഞ്ഞ് അഹങ്കരിച്ചാലും മല്ലപ്പള്ളിയുടെ പടിഞ്ഞാറെക്കരയില്‍ ഒരു ലൈബ്രറി ഇല്ലായിരുന്നുവെന്നതാണ് സത്യം, സാംസ്ക്കാരികരംഗം ശുഷ്ക്കമായിരുന്നു. എവിടെ നിന്നാണ് ഒരു പുസ്തകം വായിക്കാന്‍ കിട്ടുക? വീണുപോയ മന്ത്രിമാരുടെ വിവരങ്ങളും വിപണിയും അറിയാനായിരുന്നു പൊതുജനത്തിന് ദിനപ്പത്രങ്ങള്‍. ഈയവസരത്തിലാണ് ഞങ്ങള്‍ക്കൊരു ബാലജനസഖ്യമുണ്ടായത്. സാമൂഹിക നേതാക്കന്മാരും ധനാഡ്യരും ശ്രദ്ധിക്കാതിരുന്ന രംഗത്തായിരുന്നു കുമ്പുക്കഴ പൊടിച്ചേട്ടന്‍ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന മാന്യന്‍ കുട്ടികള്‍ക്കുവേണ്ടി യോഗങ്ങള്‍ സംഘടിപ്പിച്ചത്. മറ്റു പൊതു സ്ഥാപനങ്ങള്‍ നിക്ഷിപ്ത താല്പര്യക്കാര്‍ കയ്യടക്കിക്കൊണ്ടിരുന്നപ്പോള്‍ അദ്ദേഹം കുട്ടികളെ വിളിച്ചുകൂട്ടി എഴുതാനും പ്രസംഗിക്കാനും പ്രചോദനം കൊടുത്തു.
ആയിരത്തിതൊള്ളായിരത്തി നാല്‍പതുകളില്‍ മല്ലപ്പള്ളിയില്‍ ഒരു സിനിമ പ്രദര്‍ശനശാലയുണ്ടായിരുന്നെന്ന് പറഞ്ഞാല്‍ എത്രപേര്‍ വിശ്വസിക്കും? ഞാന്‍ ആദ്യമായി ഒരു ചലച്ചിത്രം കണ്ടത് അവിടെയാണ്, ഒരു തമിഴ് ചിത്രം, ""ദയാളന്‍''. വട്ടശ്ശേരില്‍ കുഞ്ഞവറാച്ചന്റെ ഉടമസ്ഥതയിലായിരുന്നു ആ പ്രദര്‍ശനശാല. ശ്രീ. കുഞ്ഞവറാച്ചനെപ്പറ്റി ഒരു വാക്കു പറയാതെപോയാല്‍ മല്ലപ്പള്ളിയുടെ ചരിത്രം പൂര്‍ണ്ണമാകില്ല. ഒരു കാലത്തെ മല്ലപ്പള്ളിയുടെ പേടിയും സ്വപ്നവും മാതൃകയും ആയിരുന്നു അദ്ദേഹം. ചിലര്‍ക്കെങ്കിലും അദ്ദേഹം മല്ലപ്പള്ളിയുടെ സംരക്ഷകനായിരുന്നു. ഞങ്ങള്‍, കുട്ടികള്‍, എത്രയോ വട്ടം കുഞ്ഞവറാച്ചന്റെ നടപ്പ് അഭിനയിച്ചിട്ടുണ്ട്. ഒരു ദുരന്ത നാടകത്തോടെ അദ്ദേഹത്തിന്റെ പ്രസ്ഥാനം അവസാനിച്ചു. അന്നൊരിക്കല്‍ "ജീവിതം' എന്നൊരു നാടകം അരങ്ങേറുകയായിരുന്നു. അതിനിടെ ഇലക്ട്രിക് മോട്ടോറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് ഒരു യുവാവ് മരണമടഞ്ഞു. തുടര്‍ന്ന് അന്നത്തെ ആ പ്രസ്ഥാനത്തിന്റെ ഒരദ്ധ്യായം അടഞ്ഞു.
മല്ലപ്പള്ളിയുടെ വിവിധ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന കൂട്ടത്തില്‍ സൃഷ്ടിപരമായ ചില കാര്യങ്ങളും പറഞ്ഞേ തീരൂ. മല്ലപ്പള്ളി -തിരുവല്ല റോഡില്‍ "മൂശാരിക്കവല' എന്നൊരു സ്ഥലമുണ്ട്. ഞങ്ങള്‍, ആ സ്ഥലവാസികള്‍, കൊടുത്ത പേരാണിത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നു അവിടം. കൊല്ലന്മാരുടെ ഉലയും ആലയും, മൂശാരിമാരുടെ ചൂളയും കരുക്കളും, പിന്നെ തട്ടാന്മാരും ആശാരിമാരും ജീവിച്ചിരുന്ന ഇടം. ഇവരായിരുന്നു മല്ലപ്പള്ളിയുടെ വിശ്വകര്‍മ്മാക്കള്‍. രാമപ്പണിക്കന്‍ വാര്‍ത്തെടുത്ത ഉരുളിയും ഓട്ടു പാത്രങ്ങളും എല്ലായിടത്തും, പിന്നെ വീടുകളുടെമേല്‍ നാരായണപ്പണിക്കന്റെ കയ്യൊപ്പും. അവരുടെ ഓര്‍മ്മ നിലനിര്‍ത്തുന്ന "മൂശാരിക്കവല' ഇന്ന് ലോകപ്രസിദ്ധമാണ്. ഞാന്‍ അഭിമാനിക്കുന്നു തമ്പുരാക്കന്മാരുടേയും ജന്മിമാരുടേയും മാത്രം നാടല്ല മല്ലപ്പള്ളിയെന്ന് പറയുന്നതില്‍.
ആയിരത്തിതൊള്ളായിരത്തി അന്‍പത്തിയാറ് നവംബര്‍ ഒന്നാം തീയതി കേരള സംസ്ഥാനം പിറന്നു. കേരള സംസ്ഥാനത്തിന്റെ ഗവര്‍ണ്ണറും ഉപദേശകനും ചീഫ് സെക്രട്ടറിയും ആന്ധ്രാ സ്വദേശികളായിരുന്നു. അന്ന് ഭരണപരമായി കേരള ഭരണം ഏകീകൃതപ്പെടുത്താന്‍ ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു. മുപ്പത്തിയഞ്ച് വയസ്സ് പ്രായമുണ്ടായിരുന്ന ഊര്‍ജ്ജസ്വലനായ ഒരു ചെറുപ്പക്കാരന്‍ പി.എം. മാത്യു ഐ.എ.എസ്. അദ്ദേഹത്തിനു മല്ലപ്പള്ളിയുമായി കാതലായ ബന്ധവുമുണ്ടായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് നോര്‍ത്ത് കാരലൈനയിലെ ഒരു നേഴ്‌സിംഗ് ഹോമില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഞാന്‍ സന്ദര്‍ശിച്ചു. ഇനിയും അദ്ദേഹത്തിന്റെ വാക്കുകള്‍:
""തിരുവല്ല താലൂക്കിലെ "കല്ലൂപ്പാറപ്പകുതി' ഇടപ്പള്ളി സ്വരൂപത്തിന്റെ, ഇടപ്പള്ളി തമ്പുരാന്റെ, വകയായിരുന്നു. ക്രമസമാധാനം തിരുവിതാംകൂറിനും കരം പിരിവ് ഇടപ്പള്ളിക്കും. ഏതാണ്ട് മുന്നൂറ്റി അമ്പത് വര്‍ഷം മുമ്പ് എന്റെയൊരു വല്യപ്പൂപ്പന്‍ മണിമലയാറിന്റെ തീരത്ത് കല്ലൂപ്പാറയിലെ തമ്പുരാന്റെ കൊട്ടാരത്തിലെത്തി തന്റെ കുടിയേറ്റത്തിന്റെ ആഗ്രഹം അറിയിച്ചു. ആ വല്യപ്പൂപ്പന്‍ അരയില്‍ തോര്‍ത്തു മുണ്ടും കെട്ടി പുറംതളത്തില്‍ കാത്തുനിന്നിരിക്കാം. അനുകമ്പപൂണ്ട് വീടുകെട്ടാനുള്ള സ്വാതന്ത്ര്യം തമ്പുരാന്‍ അദ്ദേഹത്തിനു നല്‍കിയിരിക്കാം. പക്ഷേ, ഇന്ന് എന്റെ പക്കലുള്ള ഈ പേനകൊണ്ട് ഒരൊപ്പിടുമ്പോള്‍ തമ്പുരാന്റെ അധികാരം മാറ്റപ്പെടും ചരിത്രത്തില്‍ക്കൂടി യാത്രചെയ്തപ്പോള്‍ എന്റെ കൈ ഒന്നു വിറച്ചു.''
അങ്ങനെ കലൂപ്പാറപ്പകുതി ഐക്യകേരളത്തില്‍ ചേര്‍ന്നു.
ഇന്ന്, ഞാനീ ലേഖനം എഴുതുമ്പോള്‍ വീണ്ടും ചോദിക്കുകയാണ് എന്തുകൊണ്ട് മദ്ധ്യതിരുവിതാംകൂറിലെ നദീതീര കുടുംബങ്ങള്‍ക്ക് ഒരുപോലെയുള്ള ഒരു കുടിയേറ്റ കഥ. മൂന്നാല് നൂറ്റാണ്ടുകള്‍ക്കു മുമ്പും അന്നത്തെ ചെറുപ്പക്കാര്‍ ഇന്നത്തെപ്പോലെ തന്നെ നിരന്തരമായി മെച്ചപ്പെട്ട അവസരം തേടിയിരുന്നുവോ?
ഇന്നിത് ചരിത്രത്തിന്റെ ഭാഗമാണ്. കുടിയേറ്റ നസ്രാണികളും തമ്പുരാക്കന്മാരും തമ്മിലുണ്ടായിരുന്ന കാര്‍ഷിക ബന്ധവും, ഈ കാര്‍ഷിക മേഖലയില്‍ ഭൂമിയില്‍ അദ്ധ്വാനിച്ച മറ്റു വിഭാഗക്കാരും കൂടിയുണ്ടായിരുന്ന കഥയും മറക്കരുത്. സംഭവ വികാസങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും മൂകസാക്ഷികളായി ദേവീദേവന്മാര്‍ കുടിയൊഴിഞ്ഞുപോയ ഉയരങ്ങളും ചൂഷിതമായ മണിമലയാറും ഇന്നും ജീവിക്കുന്ന കഥാപാത്രങ്ങളായി തുടരുന്നു; ഇനിയുമെന്തെന്ന ചോദ്യത്തോടെ!
അന്ന് കുടിയേറിയവരുടെ പിന്‍തലമുറകള്‍ ഇന്ന് വിശാലമായ ലോകത്ത് പുതിയ ഇടം തേടി യാത്ര തിരിക്കുമ്പോള്‍ ലോകചരിത്രം മുഴുവന്‍ എന്റെ മുന്നില്‍ നൃത്തം ചെയ്യുന്നു. മനുഷ്യന്‍ എന്നും ഇങ്ങനെയായിരുന്നു, അല്ലേ?