അഥിന (ഏതൻസ്) കഴിഞ്ഞാൽ ഗ്രീസിലെ ഏറ്റവും വലിയ പട്ടണം തെസ്സലോനിക്കി ആണ്. ബിസി 315ൽ ആണ് ഈ നഗരം സ്ഥാപിക്കപ്പെട്ടത്. മഹാനായ അലക്സാണ്ടറുടെ ഒരു സേനാനായകൻ ആയിരുന്ന കസ്സാൻഡർ ആണ് തെസ്സലോനിക്കിയുടെ സ്ഥാപകൻ. അലക്സാണ്ടറുടെ മരണശേഷം കസ്സാൻഡർ മാസിഡോണിയായിലെ രാജാവായി. അലക്സാണ്ടറുടെ അർദ്ധസഹോദരിയായിരുന്ന തെസ്സലോനിക്കി ആയിരുന്നു കസ്സാൻഡറുടെ ജീവിതപങ്കാളി. അവളുടെ നാമധേയത്തിലാണു തെസ്സലോനിക്കി നഗരം സ്ഥാപിക്കപ്പെട്ടത്.
റോമൻ അധിനിവേശക്കാലത്ത് മാസിഡോണിയൻ പ്രവിശ്യയുടെ തലസ്ഥാനമായിത്തീർന്നു തെസ്സലോനിക്കി നഗരം. 1991ൽ രൂപം കൊണ്ട മാസിഡോണിയൻ റിപ്പബ്ലിക്കിനു വെളിയിലാണ് ഇന്നത്തെ തെസ്സലോനിക്കി. മാസിഡോണിയൻ റിപ്പബ്ലിക്കിൽ നിന്നും 50 മൈൽ അകലെ ഗ്രീസിന്റെ ഭാഗമാണ് തെസ്സലോനിക്കി എന്ന മഹാനഗരം.
മാസിഡോണിയാ എത്ര ചെറുതാണ്!
അലക്സാണ്ടർ ചക്രവർത്തിയുടെ വിശ്വസ്ഥനായ സന്തതസഹചാരി ആയിരുന്നല്ലോ ബ്യസിഫാലസ് എന്ന കുതിര. തെസ്സലോനിക്കയിലെ ഈജിയൻ സമുദ്രതീരത്ത് ബ്യൂസിഫാലസിന്റെ മേൽ സവാരി ചെയ്യുന്ന അലക്സാണ്ടറുടെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. 20 അടി ഉയരമുള്ള ഒരു വെങ്കലപ്രതിമയാണത്. വാങ്കലി മൌസ്റ്റകാ എന്ന ശില്പിയാണ് അത് വിഭാവനം ചെയ്തത്. ബ്യൂസിഫാലസിനെ അലക്സാണ്ടർ സ്വന്തമാക്കിയ ചരിത്രം സുവിദിതമാണല്ലോ. സ്വന്തം നിഴൽ കണ്ടു വിരണ്ട ബ്യൂസിഫാലസിനെ സൂര്യന് എതിരെ നിറുത്തി കീഴ്പ്പെടുത്തിയ അലക്സാണ്ടറെ നോക്കി പിതാവു ഫിലിപ്പു രാജാവു പറഞ്ഞുവത്രേ.
“മകനേ, ഈ മാസിഡോണിയ എത്ര ചെറുതാണു നിനക്ക്?”
ഫിലിപ്പു രാജാവിന്റെ ദർശനം ഫലിച്ചു. 33 വയസ്സിനു മുമ്പ് ഇൻഡ്യാ വരെ എത്തുന്ന ലോകസാമ്രാജ്യം സ്ഥാപിച്ച് അലക്സാണ്ടർ ജനപഥങ്ങളുടെ മഹാനായ ചക്രവർത്തിയായി മാറി. പതിനായിരക്കണക്കിനു ഗ്രീക്കുകാർ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒരു ചിത്രമാണു ഊരിപ്പിടിച്ച വാളുമായി പറക്കുന്ന കുതിരയുടെ മേലിരുന്ന് ലോകത്തെ കീഴ്പ്പെടുത്തുന്ന അലക്സാണ്ടർ ചക്രവർത്തി.
പൌലോസ് തെസ്സലോനിക്കിയിൽ
അലക്സാണ്ടറുടെ സാമ്രാജ്യം അലക്സാണ്ടറുടെ മരണശേഷം ശിഥിലമായി. അലക്സാണ്ടർ വാളുകൊണ്ടും കുതിരകൊണ്ടും ലോകചരിത്രം രചിച്ചുവെങ്കിൽ മൂന്നു നൂറ്റാണ്ടുകൾക്കു ശേഷം സൌമ്യനായ ഒരാൾ മാസിഡോണിയായിലേയ്ക്കു കടന്നുചെന്നു, പൌലോസ് അപ്പോസ്ഥലൻ. സൈന്യത്താലും ശക്തിയാലുമല്ലാതെ ആ കൃശഗാത്രൻ സ്ഥാപിച്ച സ്നേഹത്തിന്റെ സാമ്രാജ്യം സഹസ്രാബ്ദങ്ങളെ അതിജീവിച്ചു.
എഡി 50ൽ ആണ് പൌലോസ് ഗ്രീസിൽ എത്തിയത്; ആദ്യം ഫിലിപ്പിയിലും പിന്നീടു തെസ്സലോനിക്കിയിലും. തെസ്സലോനിക്കിയിൽ പൌലോസിന്റെ സുവിശേഷപ്രവർത്തനം സുഗമമായിരുന്നില്ല. രാത്രിയുടെ മറവിൽ പൌലോസും അനുയായികളും തെസ്സലോനിക്കിയിൽ നിന്നു് ബരോവയിലേയ്ക്കും അവിടെനിന്നും അഥിനയിലേയ്ക്കും പ്രാണരക്ഷാർത്ഥം പലായനം ചെയ്യുന്നതാണു നാം കാണുന്നത്. അഥിനയിൽ നിന്നും പൌലോസ് കോറിന്തിലേയ്ക്കാണു പോയത്. അവിടെ താമസിക്കുന്ന കാലത്താണ് പൌലോസ് തെസ്സലോനിക്കിയിലെ സഭയ്ക്കു രണ്ടു ലേഖനങ്ങൾ എഴുതിയത്; എഡി 51ൽ. ക്രിസ്തീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്തുത ലേഖനങ്ങളിൽ പൌലോസ് തെസ്സലോനിക്കയിലെ വിശ്വാസികളെ പ്രബോധിപ്പിക്കുന്നു.
“ക്രമം കെട്ടവരെ ബുദ്ധിയുപദേശിപ്പിൻ. ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ. ബലഹീനരെ താങ്ങുവിൻ. എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ. ആരും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ. തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ. എപ്പോഴും സന്തോഷിപ്പിൻ.......സകല വിധ ദോഷവും വിട്ടകലുവിൻ.”
ദിമിത്രയോസിന്റെ പള്ളി
എഡി 306ൽ രക്തസാക്ഷിമരണം പ്രാപിച്ച ദിമിത്രയോസ് ആണു തെസ്സലോനിക്കിയുടെ ആസ്ഥാനവിശുദ്ധനായി പരിഗണിക്കപ്പെടുന്നത്. റോമൻസൈന്യത്തിൽ ഉന്നതസ്ഥാനീയനായിരുന്ന ദിമിത്രയോസിനെ സെന്റുജോർജിനു തുല്യനായിട്ടാണു ഗ്രീക്കുകാർ കരുതുന്നത്. ഗ്രീക്കു ഓർത്തഡോക്സ് സഭയുടെ വകയാണു പള്ളി. പള്ളിയുടെ അടിയിലുള്ള ഭൂഗർഭനിലവറ ക്രിപ്റ്റ് എന്ന പേരിലാണറിയപ്പെടുന്നത്. ബന്ധിതനായ ദിമിത്രയോസിന്റെ അന്ത്യദിനങ്ങൾ ക്രിപ്റ്റിലായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. റോമൻ ചക്രവർത്തിയായിരുന്ന ഗലേറിയന്റെ കാലത്തായിരുന്നു ദിമിത്രയോസ് രക്തസാക്ഷി ആയത്. വളരെയേറെ സഞ്ചാരികളെ ആകർഷിക്കുന്ന കത്തീഡ്രൽ ഐക്യരാഷ്ട്രസഭ സംരക്ഷിത ചരിത്രസ്മാരകമായി പ്രഖ്യാപിച്ചിരിക്കുന്നു.
തെസ്സലോനിക്കി എഡി 1430ൽ ഒട്ടോമാൻ സാമ്രാജ്യത്തിന്റെ ഉരുക്കുമുഷ്ടിയിൽ അമർന്നു. ബയാസിദ് രണ്ടാമൻ എന്ന സുൽത്താന്റെ കാലത്ത്, എഡി 1493ൽ, ദിമിത്രയോസ് കത്തീഡ്രൽ ഒരു മുസ്ലിം ദേവാലയമായി പരിവർത്തനം ചെയ്യപ്പെട്ടു. തുടർന്നുള്ള അഞ്ചു നൂറ്റാണ്ടുകൾ (എഡി 1912 വരെ) ദിമിത്രയോസ് കത്തീഡ്രൽ ഒരു മോസ്ക്ക് ആയി പ്രവർത്തിച്ചു. പള്ളിയിലുണ്ടായിരുന്ന നിരവധി ചരിത്രസ്മാരകങ്ങൾ ഇക്കാലത്തു നഷ്ടപ്പെട്ടു. എഡി 1917ൽ തെസ്സിലിനിക്കിയിൽ ഉണ്ടായ അഗ്നിബാധയിൽ ദിമിത്രയോസ് കത്തീഡ്രലിന്റെ ഒരു ഭാഗം കത്തി നശിച്ചു. 1949ൽ പുനപ്രതിഷ്ഠിക്കപ്പെട്ട കത്തീഡ്രലാണു ഇന്നു കാണുന്നത്.
ധവളഗോപുരം
തെസ്സലോനിക്കിയിൽ സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്ന ഒരു സ്ഥലമാണു ധവളഗോപുരം. ഒരു വീപ്പയുടെ ആകൃതിയാണ് അതിനുള്ളത്; 75 അടിവ്യാസവും 112 അടി ഉയരവുമുള്ള ഒരു ഭീമൻ വീപ്പ. തുർക്കികളാണു ഈ ഗോപുരം പണിതുയർത്തിയത്. അവരുടെ ഭരണകാലത്ത് ഗോപുരത്തിനു രക്തനിറമായിരുന്നു; രക്തനിറമുള്ള കുപ്രസിദ്ധമായ ഒരു കാരാഗൃഹം. ആയിരക്കണക്കിനാളുകൾ ഈ തടവറയിൽ കശാപ്പു ചെയ്യപ്പട്ടു. എഡി 1912ൽ ഭരണം മാറി. ഗ്രീസിന്റെ അധീനതയിൽ തെസ്സലോനിക്കി വന്നു ചേർന്നു. രക്തഗോപുരത്തിന്റെ നിറവും മാറി. ഇന്നതു ധവളഗോപുരമാണ്; തെസ്സലോനിക്കി നഗരത്തിന്റെ മുഖമുദ്രയാണ്.
ധവളഗോപുരത്തിന് അധികം അകലെയല്ലാതെ ബാൾക്കൻ യുദ്ധങ്ങളിലെ നായകനായിരുന്ന അഡ്മിറൽ നിക്കോളാസ് വോട്സിസിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നു. ബാൾക്കൻ യുദ്ധങ്ങളുടെ പരിണിതഫലമായി തുർക്കികളുടെ ആധിപത്യം യൂറോപ്പിൽ നിന്നും അപ്രത്യക്ഷമായി.
അരിസ്റ്റോട്ടിൽ സ്ക്വയർ
തെസ്സലോനിക്കിയിലെ പ്രശസ്തമായ നഗരസിരാകേന്ദ്രമാണ് അരിസ്റ്റോട്ടിൽ സ്ക്വയർ. നൈക്കി അവന്യൂ എന്ന രാജവീഥിയിലാണത്. വ്യാപാരസ്ഥാപനങ്ങൾ കൊണ്ടു നിബിഢമാണ് ആ സ്ഥലം. ഏണസ്റ്റു ഹെബ്രാഡ് എന്ന ഫ്രഞ്ചുശില്പിയാണു അരിസ്റ്റോട്ടിൽ സ്ക്വയർ രൂപകല്പന ചെയ്തത്. അരിസ്റ്റോട്ടിൽ സ്ക്വയർ ചെന്നെത്തുന്നത് ഈജിയൻ കടലിനോടു ചേർന്നു കിടക്കുന്ന ഒരു സമുദ്രതീരപാതയിലാണ്. പാതയുടെ ഒരു വശത്തു ഈജിയൻകടൽ; മറുവശത്തു മനോഹരസൌധങ്ങൾ. ഈ പാതയ്ക്കു സമീപമാണു അഡ്മിറൽ വോട്ട്സിസിന്റെ പ്രതിമ.
അതിസുന്ദരിയായ തെസ്സലോനിക്കി നഗരത്തോടു യാത്ര പറയുമ്പോൾ മാസിഡോണിയായിൽ നിന്നും ഈറ്റപ്പുലി പോലെ ഇൻഡ്യാ വരെ കുതിച്ചത്തിയ അലക്സാണ്ടറുടെ ചിത്രം മനസ്സി ൽ നിറഞ്ഞു നിന്നു. തികച്ചും വിഭിന്നമായിരുന്നു പൌലോസ് അപ്പോസ്തലന്റെ മുഖം. അതു സുവിശേഷത്തിന്റെ മുഖമായിരുന്നു. ആ തേജസ്സ് മാസിഡോണിയായെ മാത്രമല്ല, യൂറോപ്പിനെ മാത്രമല്ല, ഭൂലോകത്തെ മുഴുവൻ കീഴ്പ്പെടുത്തി.