ഉപനിഷത്‌സാരസര്‍വ്വസ്വമായ ബ്രഹ്മവിദ്യ പ്രതിപാദിക്കുന്ന ശാസ്ര്തമാണ് ഭഗവദ്ഗീത. അനവധി ആഖ്യാനങ്ങളാലും ഉപാഖ്യാനങ്ങളാലും മനുഷ്യജീവിതത്തിലെ മധുരവും വിധുരവുമായ ഒരംശവും വിട്ടുപോകാതെ വ്യാസന്‍ രചിച്ച മഹാ ഇതിഹാസമായ മഹാഭാരതത്തിലെ ഭീഷ്മപര്‍വ്വത്തില്‍ എണ്ണൂറ്റി മുപ്പതുമുതല്‍ ആയിരത്തിയഞ്ഞൂറ്റിമുപ്പതുവാരെയുള്ള എഴുന്നുറു ശ്ശോകങ്ങളാണ് ഭഗവദ്ഗീതയായി അറിയപ്പെടുന്നത്. ഭഗവദ്ഗീതയിലെ ഓരോ അദ്ധ്യായത്തേയും യോഗം എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. ഇവിടെ യോഗം എന്നുദ്ദേശിക്കുന്നത് ജീവാത്മാവിന്റേയും പരമാത്മാവിന്റേയും (ഈശ്വരന്റേയും) ലയനം എന്ന അര്‍ത്ഥത്തിലാണ്. ആരാണ് ഗീത പഠിക്കേണ്ടത്? വിഷയപ്രപഞ്ചം സദാ ദുഃഖത്തെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒന്നായി മനസ്സിലാക്കി, ദുഃഖകാരണമായ അജ്ഞാനത്തെ ഒഴിവാക്കുന്നതിന് പ്രകാശം തേടുന്ന മനസ്സുള്ളവരാണ് ഗീത പഠിക്കേണ്ടത്. മാര്‍ഗ്ഗത്തേയും ലക്ഷ്യത്തേയും രണ്ടായി പിരിച്ചു നിര്‍ത്തി മിക്ക ആളുകളും വ്യവഹരിച്ചു പോരാറുണ്ട്. എന്നാല്‍ ഭഗവദ്ഗീതയില്‍ പറഞ്ഞിരിക്കുന്ന യോഗം ഒരേ സമയത്തു തന്നെ ലക്ഷ്യത്തേയും മാര്‍ഗ്ഗത്തേയും ഉള്‍ക്കൊള്ളുന്നതാണ്. ലക്ഷ്യമാര്‍ഗ്ഗങ്ങള്‍ക്ക് ഒരു ഏകതയുണ്ടായിരിക്കുന്നത് ഒരു യോഗമാണെന്നു പറയാം. വ്യക്തിയായ അര്‍ജുനന്റെ മനസ്സും സമഷ്ടിയെ പ്രതിനിധാനം ചെയ്യുന്ന കൃഷ്ണന്റെ മനസ്സും താദാത്മ്യപൂര്‍വ്വം യോജിക്കുന്നതാണ് ഗീതയുടെ പ്രധാന ലക്ഷ്യവും, അര്‍ജുനന്‍ പരമപ്രധാനമായി കരുതിപ്പോരുന്ന ശ്രേയസ്സിനുള്ള മാര്‍ഗ്ഗവും. ഏവരുടേയും ജീവിതത്തില്‍ സംഗതമായി വരുന്ന വൈരുദ്ധ്യങ്ങളും ദുഃഖങ്ങളും ഏറെക്കുറെ ഒരേ രീതിയില്‍ ഉള്ളതായിരിക്കും. കൃഷ്ണന്‍ അര്‍ജുനനു നല്‍കിയ ഉപദേശങ്ങള്‍ ആനുഭൂതികമായി മനസ്സിലാക്കിയാല്‍, അവ നമ്മുടെ ജീവല്‍പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാതിരിക്കില്ല. അതുകൊണ്ടുതന്നെ ഗീതയുടെ സാര്‍വ്വലൗകികത അംഗീകരിക്കപ്പെടുന്നു.
നാരായണഗുരു പല അവസരങ്ങിളിലും ഗീതയെ നിരുപണാത്മകമായി സമീപിച്ചിട്ടുണ്ട്. ഒരിക്കല്‍ നാരായണഗുരു ചോദിച്ചു, "അര്‍ജുനനോട് കൊല്ലാന്‍ പറയാന്‍ കൃഷ്ണന് സാധിച്ചതെങ്ങനെ?'' യുദ്ധത്തില്‍ മരണം സ്വാഭാവികമായും സംഭവിക്കും എന്നതുകൊണ്ടായിരിക്കാം ഗുരു അങ്ങനെ ചോദിച്ചത്. എന്നാല്‍, "മയി സര്‍വ്വാണി കര്‍മ്മാണി സന്ന്യസ്യാദ്ധ്യത്മചേതസ നിരാശീര്‍നിര്‍മ്മമോ ഭൂത്വാ യുദ്ധസ്വ വിഗതജ്വര' എല്ലാ കര്‍മ്മങ്ങളും എന്നില്‍ സമര്‍പ്പിച്ചിട്ട് ആത്മബോധത്തോടെ ആശ വിട്ടവനും മമത വിട്ടവനുമായിട്ട് ദുഃഖമില്ലാതെ യുദ്ധം ചെയ്താലും എന്നാണു പറഞ്ഞത്. സ്വധര്‍മ്മത്തെ നിശ്ചയിച്ചു കൊടുക്കുകയെന്നത് ഗീതയിലെ പ്രധാനമായ ഒരു ഉദ്ദേശ്യമാണ്. സ്വധര്‍മ്മം അനുഷ്ഠിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്. യുദ്ധക്കളത്തില്‍ എത്തിയിട്ട് യുദ്ധം ചെയ്യുകയില്ല എന്നു ശാഠ്യം പിടിച്ച അര്‍ജുനനെ കര്‍ത്ത്യവ്യനിരതനാക്കുകയാണ് കൃഷ്ണന്‍ ചെയ്തത്. ഗീതയില്‍ ചാതുര്‍വര്‍ണ്ണ്യത്തെപ്പറ്റിയും ജാതിയെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്നത് അഭിലാഷണീയമല്ല എന്ന് ധ്വനിപ്പിക്കുന്ന വിധത്തില്‍ ഗുരു പിന്നീട് ഗീതയെ പരാമര്‍ശിച്ചിട്ടുണ്ട്. അടിസ്ഥനപരമായി മൂല്യങ്ങളെ ഏതെങ്കിലും തരത്തില്‍ സ്പര്‍ശിക്കാതെ ആര്‍ക്കും തന്നെ താത്ത്വികമായ ഒരു വീക്ഷണം ഉണ്ടാക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ മാറിവരുന്ന പരിതസ്ഥിതിയില്‍ പൂര്‍വ്വ ആചാര്യന്മാര്‍ ഇപ്രകാരമുള്ള മൂല്യങ്ങളെപ്പറ്റി നടത്തിയിട്ടുള്ള നിഗമനങ്ങളും ചെയ്തിട്ടുള്ള പരാമര്‍ശങ്ങളും പിന്നീടു വരുന്ന ആചാര്യന്റെ ദൃഷ്ടിയില്‍ കുറവുള്ളതായി തോന്നാന്‍ ഇടയുണ്ട്. അപ്രകാരം അനുഭവപ്പെടുന്ന പക്ഷം മനുഷ്യവര്‍ഗ്ഗത്തോട് ഉത്തരവാദിത്വമുള്ള മഹാശയന്‍ ജീവിതത്തെ നയിക്കുന്ന അടിസ്ഥന തത്ത്വങ്ങളെ മൂല്യനിര്‍ണ്ണയം ചെയ്ത് പുനഃപ്രവചനം ചെയ്തു പോരുന്നു. ഇത്തരത്തിലുള്ള ഒരു ശ്രമമാണ് നാരായണഗുരുവിന്റെ ഗീതാപരാമര്‍ശത്തിനു കാരണമായതെന്നു വേണം കരുതാന്‍.
ഗീതയില്‍ പറയുന്നു, "ചാതുര്‍വര്‍ണ്ണ്യം മയാ സൃഷ്ടം ഗുണകര്‍മ്മവിഭാഗശഃ''. എന്താണ് ചാതുര്‍വര്‍ണ്ണ്യം? ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നു പറയുന്നതുതന്നെ. വര്‍ണ്ണം എന്നു പറയുന്നത് ജാതിയല്ല. മനുഷ്യന്‍, കുരങ്ങ്, കുതിര എന്നൊക്കെ പറയുന്നതാണ് ജാതി. മനുഷ്യരെല്ലാം ശാരീകമായും മാനസികമായും ഒരു വര്‍ഗ്ഗത്തില്‍ തന്നെ ഉള്ളതായതുകൊണ്ട് അവരില്‍ ജാതിവ്യത്യാസം ഉണ്ടെന്നു പറഞ്ഞുകൂട. വര്‍ണ്ണം എന്നു പറഞ്ഞാല്‍ നിറമാണ്. ഓരോരുത്തരുടേയും വ്യക്തിത്വം സാമാന്യേന വ്യത്യസ്തമായിരിക്കുന്നു. ഈ വ്യത്യാസം അവരുടെ ചിന്തയിലും വികാരത്തിലും മൂല്യവീക്ഷണത്തിലും പെരുമാറ്റച്ചിട്ടയിലും ധാര്‍മ്മികബോധത്തിലും മറ്റു വ്യക്തികളോടും സമൂഹത്തോടും കാണിക്കുന്ന പ്രതികരണത്തിലും സഹജമായ വാസനയിലും കര്‍മ്മകൗശലത്തിലും വ്യാപിച്ചു കിടക്കുന്നതായ ഒരു നിറഭേദമാണെന്നു പറയാം. ഓരോ വ്യക്തിയിലും വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുവാന്‍ സഹായിക്കുന്ന ഈ നിറം വ്യത്യസ്തമായിരിക്കുമെങ്കിലും, ജീവിതത്തില്‍ പരമപ്രധാനമായി വരുന്ന മൂല്യങ്ങളോട് ചേര്‍ത്തുവച്ചു നോക്കുമ്പോള്‍ നാല് നിറങ്ങള്‍ പ്രധാനമായി എടുത്തു കാണിക്കുവാന്‍ സാധിക്കും. അതില്‍ ഓരോ നിറത്തേയും നിര്‍ദ്ദേശിക്കുന്നതാണ് ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നീ വാക്കുകള്‍. ഇന്‍ഡ്യയിലെപ്പോലെ നാമകരണം ചെയ്തിട്ടില്ലെങ്കിലും ലോകത്തിലെവിടെ നോക്കിയാലും അവരവര്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവൃത്തിയുടെ സ്വഭാവമനുസരിച്ച് സാമൂഹ്യമായ വിഭജനം ചെയ്തുപോരുന്നതായി കാണുന്നുണ്ട്. ഈ വിഭജനം ഗുണകര്‍മ്മങ്ങളുടെ അടിസ്ഥാനത്തിലാണ്, അല്ലാതെ ജന്മകര്‍മ്മങ്ങളുടെ അടിസ്ഥാനത്തിലല്ല. ഗുണകര്‍മ്മവിഭാഗശഃ എന്ന ഭാഗം മാറ്റി നിര്‍ത്തി ജന്മകര്‍മ്മത്തിന്റെ അടിസ്ഥാനത്തിലാണ് ചാതുര്‍വര്‍ണ്ണ്യം എന്നു തെറ്റായി വ്യഖ്യാനിച്ചതാണ് ഇന്‍ഡ്യയിലെ ജാതിവ്യവസ്ഥയുടെ അടിസ്ഥാനം. ശങ്കരാചാര്യരും ഈ വ്യവസ്ഥയോട് അനുകൂലഭാവം സ്വീകരിച്ചു. അതാണ് അദ്ദേഹം ചെയ്ത തെറ്റ്.
വിഭാഗീയ ചിന്തകള്‍ ഗീത എഴുതിയ കാലത്തുതന്നെ നിലനിന്നിരുന്നു. ജാതി, കുലധര്‍മ്മം വര്‍ണ്ണസങ്കരം എന്നിവയെയൊക്കെപ്പറ്റി ഗീതയില്‍ പ്രതിപാദിക്കുന്നുണ്ട്. സാര്‍വ്വലൗകികമയ ശാസ്ര്തം എന്നറിയപ്പെടുന്ന ഗീതയില്‍ ഇത്തരം പ്രതിപാദ്യത്തിലെ അനൗചിത്യം കണ്ടതുകൊണ്ടായിരിക്കാം നാരായണഗുരു ഗീതയെ നിരൂപണാത്മകമായി സമീപിച്ചത്. ഗീതയില്‍ ജാതിയെപ്പറ്റി പറയുമ്പോള്‍ നാരായണഗുരുവിന്റെ ജാതിചിന്ത എന്തായിരുന്നു എന്ന് പരിശോധിക്കുന്നത് ഉചിതമായിരിക്കും. "മനുഷ്യാണാം മനുഷ്യത്വം'' മനുഷ്യര്‍ക്ക് മനുഷ്യത്വത്തേക്കാള്‍ അപ്പുറം മറ്റൊരു ജാതിയില്ല. എല്ലാവരേയും സഹോദരങ്ങളായി കാണാനുള്ള സംസ്കാരത്തെ മനുഷ്യത്വം എന്നു വിശേഷിപ്പിക്കാം. എന്നാല്‍, ഭാരതത്തിലെ സ്വാര്‍ത്ഥമതികളായ ചിലരുടെ സ്ഥാപിത തല്‍പര്യങ്ങള്‍ക്കുവേണ്ടി മെനഞ്ഞുവച്ചിട്ടുള്ള ജാതിവ്യത്യാസത്തെ നിലനിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ഹൈന്ദവസംസ്കാരത്തെ എന്നും ലജ്ജിപ്പിക്കുന്ന വസ്തുതയാണ് അവര്‍ ഒരുകാലത്ത് അസ്പൃശ്യതയെ ന്യായീകരിക്കാന്‍ ശ്രമിച്ചു എന്നത്. മാഹാത്മാ ഗാന്ധിയപ്പോലുള്ള ആളുകള്‍ ഈ അനീതിക്ക് നേരെ നിന്ന് എതിര്‍ത്തപ്പോഴും ജാതീയത കൂടുതല്‍ മാന്യതയുള്ള പൊയ്മുഖത്തിന്റെ പിന്നില്‍ ഒളിച്ചതല്ലാതെ സാമൂഹിക ജീവിതത്തില്‍ നിന്നും നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടില്ല. ജാതിയുടെ പേരില്‍ത്തന്നെ അറിയപ്പെടമെന്ന് ശാഠ്യം പിടിച്ച് പേരിന്റെ കൂടെ ജാതിപ്പേരു ചേര്‍ക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ ജാതിനിര്‍മ്മാര്‍ജനത്തിന്റെ പ്രായോഗികതയെപ്പറ്റി ചിന്തിക്കാനെ നിവര്‍ത്തിയില്ല. നായര്‍, പിള്ള, മേനോന്‍, നമ്പൂതിരി, നമ്പ്യാര്‍ തുടങ്ങി പേരിന്റെ കൂടെ ജാതിപ്പേര് ചേര്‍ക്കുകയിക്ലെന്ന തീരുമാനമെടുക്കുന്നത് നന്നായിരിക്കും. അത് കേരളീയനവോത്ഥാനത്തിന്റെ തുടര്‍ച്ചയായി കണക്കാക്കാം.
നാരായണഗുരുവിന്റെ അനുയായികള്‍ ഇപ്പോള്‍ അറിയപ്പെടുന്നുത് "ശ്രീനാരായണീയര്‍'' എന്നാണ്. ജാതി മാറണം എന്നു നിഷ്കര്‍ഷിച്ചുകൊണ്ടിരുന്ന നാരായണഗുരുവിന്റെ അനുയായികള്‍ രൂപീകരിചച്ച ജാതി അക്ലെങ്കില്‍ മതം ആണോ "ശ്രീനാരായണീയര്‍'' എന്ന പേരില്‍ അറിയപ്പെടുന്നത് എന്ന് ജനങ്ങള്‍ സംശയിക്കുന്നു. ഞാന്‍ " ശ്രീനാരായണീയന്‍'' എന്ന് അഭിമാനത്തോടെ പറയണമെങ്കില്‍ ഒരാള്‍ "ശ്രീനാരായണീയന്‍'' ആകുന്നത് എപ്പോഴാണ് എങ്ങനെയാണ് എന്നു മനസ്സിലാക്കത്തക്കവിധം മാനസികവികാസമുണ്ടാകണം. അങ്ങനെ ഒരു മാനസിക വികാസമുണ്ടാകാത്തപക്ഷം സന്ദര്‍ഭത്തിന്റെ പൂര്‍ണ്ണമായ സ്വഭാവം മനസ്സിലാക്കി തന്റെ നിലപാട് അപ്രകൃതം എന്ന് തള്ളിക്കളയാനുള്ള വിവേകമുണ്ടാവുകയില്ല. പ്രസവിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ഗര്‍ഭം ധരിക്കരുത്. ശ്രീനാരായണദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ "ഞങ്ങള്‍ ശ്രീനാരായണീയര്‍'' എന്ന് അവകാശപ്പടരുത്. നവോത്ഥാനം എന്ന വാക്കിന്റെ അര്‍ത്ഥം പോലും അറിയാത്തവര്‍ നവോത്ഥാനത്തിന്റെ പേരില്‍ രൂപകല്പന ചെയ്ത് വനിതാമതിലിന്റെ നേതൃത്വത്തിന്റെ മുന്‍നിരയില്‍ ഞെളിഞ്ഞിരുന്ന് നാണം കെട്ടതുപോലെ ശ്രീനാരായണധര്‍മ്മം എന്തെന്ന് അറിയാതെ "ഞങ്ങള്‍ ശ്രീനാരായണീയര്‍'' എന്നു പറഞ്ഞു നെഞ്ച് വിരിച്ച് നടന്നു നാണം കെടരുത്. ഈഴവരുടെ ജീവിതരീതി വിട്ടുവീഴ്ചക്കു വഴങ്ങാത്ത മാതിരി ഓരോ അനിവാര്യത സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അവര്‍ വല്ലാത്ത അവതാളത്തിലായി. ഒരുവശത്ത് ഋഷീശ്വരന്മാര്‍ക്ക് സമാനനായ നാരായണഗുരുവിന്റെ ശിഷ്യത്വം അവകാശപ്പെടണം. അതേസമയത്ത് നാരായണഗുരു കാണിച്ചു കൊടുത്ത മാര്‍ഗ്ഗം അവര്‍ക്ക് അവലംബിക്കാന്‍ ആകുന്നുമില്ല. മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കുടിക്കരുത്, കൊടുക്കരുത് എന്നും മറ്റുമുള്ള സന്ദേശങ്ങള്‍ അവര്‍ ചെവിക്കൊണ്ടില്ല. നെഞ്ച് കുറച്ച്് മുന്നോട്ട് ഉന്തിപ്പിടിച്ച് അവര്‍ "ശ്രീനാരായണന്‍'' എന്നു പറയും. അത് ഗുരുനിന്ദയാണ്. ഒരു വിഭാഗത്തിന് ക്ഷേത്രപ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടത്തില്‍ അവരുടെ ആരാധാനാവശ്യങ്ങള്‍ക്കായി ഗുരു ക്ഷേത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. പിന്നീട് ഗുരു പറഞ്ഞു, "ജാതിഭേദം കൂടാതെ ഒരു പൊതു ആരാധനാസ്ഥലത്തെങ്കിലും ജനങ്ങളെ ഒന്നിച്ചു ചേര്‍ക്കുവാന്‍ ക്ഷേത്രങ്ങള്‍ വഴി കഴിയുമെന്നു കരുതി. എന്നാല്‍ അനുഭവം നേരെ മറിച്ചാണ്. ക്ഷേത്രം ജാതി വ്യത്യാസത്തെ അധികമാക്കുന്നു. ഇനി ക്ഷേത്രനിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കരുത്. അമ്പലം കെട്ടുവാന്‍ പണം ചിലവിട്ടത് ദുര്‍വ്യയമാക്കി എന്ന് അവര്‍ പശ്ചാത്തപിക്കാന്‍ ഇടയുണ്ട്. വേണമെങ്കില്‍ ചെറിയ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുക. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. പണം പിരിച്ച് പള്ളിക്കൂടങ്ങള്‍ കെട്ടുവാനാണ് ഉത്സാഹിക്കേണ്ടത്. ശുചിയും മറ്റും ഉണ്ടാകുവാന്‍ ക്ഷേത്രം കൊള്ളാം. ഇനി ജനങ്ങള്‍ക്ക് വിദ്യാഭ്യാസം കൊടുപ്പാന്‍ ശ്രമിക്കണം. അവര്‍ക്ക് അറിവുണ്ടാകട്ടെ. അതുതന്നെയാണ് അവരെ നന്നാക്കാനുള്ള മരുന്ന്.'
ഭഗവദ്ഗീത തുടങ്ങുമ്പോള്‍ത്തന്നെ അര്‍ജുനന്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ വര്‍ണ്ണസങ്കരത്തേയും ജാതിധര്‍മ്മത്തേയും കുലനാശത്തേയും പറ്റിയുള്ളതാണ്. അധര്‍മ്മബാധകൊണ്ട് സ്ത്രീകള്‍ അധികം നശിച്ചുപൊകുന്നു, ജാതിക്കലര്‍പ്പുണ്ടാക്കുന്നു. "അധര്‍മ്മാഭി ഭവാല്‍ കൃഷ്ണ പ്രദുഷ്യന്തി കുലസ്ര്തീയ സ്ത്രീഷു ദുഷ്ടാസുവാര്‍ഷേയ ജയതേ വര്‍ണ്ണ സങ്കരഃ.' വര്‍ണ്ണസങ്കരം കുലത്തിനും കുലനാശകര്‍ക്കും നരകകാരണമായിത്തന്നെ തീരുന്നു. അഗ്നിയും ജലവും ഒരേ ജാതിയില്‍പ്പെട്ടതല്ല. എറുമ്പും കാക്കയും ഒരേ ജാതിയില്‍പ്പെട്ടതല്ല. ജാതിനിര്‍ണ്ണയം ചെയ്യുന്നത് ഒന്നിന്റെ വിശേഷസ്വഭാവത്തെ ആസ്പദമാക്കിയാണ്. വിശേഷസ്വഭാവം നിലനില്‍ക്കുന്നത് തീ എരിയുക, വെള്ളം ഒഴുകുക, കര്‍ഷകന്‍ കൃഷി ചെയ്യുക, അദ്ധ്യാപകന്‍ അദ്ധ്യപനം ചെയ്യുക എന്നിങ്ങനെ അതാതിന്റെ ഗുണങ്ങള്‍ നിലര്‍ത്തുമ്പോഴാണ്. അപ്പോള്‍ സ്വധര്‍മ്മത്തില്‍ സങ്കരമുണ്ടായി നശിച്ചുപോകാതിരിക്കും. അര്‍ജുനന്‍ ഉന്നയിക്കുന്നത് തന്റെ ദൃഢമായ വിശ്വാസങ്ങളാണ്. അര്‍ജുനന്റെ വാദഗതി വളരെ വിവേകമുള്ള ഒരു ജ്ഞാനിയുടേതു പോലെ നമുക്ക് തോന്നാമെങ്കിലും ഗോത്രചിന്തയാണതിന്റെ ഹൃദയസ്ഥാനത്തിരിക്കുന്നതെന്ന് "കുലക്ഷയേ പ്രണശ്യന്തി കുലധര്‍മ്മാഃ സനാതനഃകുലക്ഷയകൃതം ദോഷം'' എന്നിങ്ങനെ പരിദേവനം ചെയ്യുന്നതില്‍ നിന്നും വ്യക്തമാണ്. അര്‍ജ്ജുനന്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ നിവാരണം ചെയ്യുന്നതിനായി കൃഷ്ണന്‍ ശ്രമിക്കുന്നു. അര്‍ജുനന്റെ സംശയങ്ങള്‍ക്കും ഭയത്തിനും ഉപശാന്തി നല്‍കേണ്ടത് ആത്മജ്ഞാനമാണെന്ന് കൃഷ്ണനു നിശ്ചയമുണ്ട്. അര്‍ജ്ജുനന്‍ വര്‍ണ്ണത്തേയും ജാതിയേയും കുലത്തേയും കൂട്ടിക്കുഴച്ച് സമ്മിശ്രമായി ചിന്തിക്കുകയും കുറ്റബോധമുള്ളവരെപ്പോലെ സംസാരിക്കുകയും ചെയ്യുന്നത് കൃഷ്ണന്‍ മനസ്സിലാക്കുന്നുണ്ട്. നമ്മുടെ കാലത്തും ഇപ്രകാരം അശാസ്ര്തീയമായി വര്‍ണ്ണത്തെ കണക്കാക്കിപ്പോരുന്നു എന്നുള്ളതിനു ഒരു ഉദാഹരണമാണ്, ഹിന്ദുക്കളുടെ ഇടയില്‍ കണ്ടുപോരുന്ന ജാതിവ്യത്യാസത്തെ വര്‍ണ്ണാശ്രമധര്‍മ്മം എന്നു വിളിച്ച് ആദരിക്കുന്ന പ്രവണതയില്‍ കാണുന്നത്. വര്‍ണ്ണം എന്നു പറയുന്നതും ആശ്രമം എന്നു പറയുന്നതും രണ്ടു കാര്യങ്ങളാണ്. വര്‍ണ്ണം വ്യക്തിത്വത്തെ ആകവേ ബാധിച്ചിരിക്കുന്ന ഒരു സ്ഥിതിവിശേഷമാണെങ്കില്‍, ആശ്രമം എന്നു പറയുന്നത് ഒരാളുടെ ജീവിതത്തില്‍ തന്നെ വന്നു ചേര്‍ന്നാക്കാവുന്ന നാല് ഘട്ടങ്ങളാണ്. ഭഗവദ്ഗീതയില്‍ പറയുന്ന ചാതുര്‍വര്‍ണ്ണ്യത്തെ മനുസ്മൃതിയിലും മറ്റു ചില പുരാണങ്ങളിലും നിശ്ചിതമായ സാമൂഹ്യവിഭജനമായി കണക്കാക്കിയിട്ടുണ്ട്. ആദികാലത്ത് മനുഷ്യരെല്ലാം ഏകവര്‍ണ്ണത്തില്‍ പെട്ടവരായിരുന്നു. പിന്നീട് അവരുടെ കര്‍മ്മത്തിനു വന്നു കൂടിയ വൈരുദ്ധ്യംകൊണ്ട് നാല് വര്‍ണ്ണങ്ങള്‍ ഉണ്ടായി. ഗീത ബ്ര്ഹ്മവിദ്യ ഉപദേശിക്കുന്ന ഒരു യോഗശാസ്ര്തമാണെന്ന് മനസ്സിലാക്കതെ, ഗീതയെ മനുസ്മൃതിപോലുള്ള ഒരു ധര്‍മ്മശാസ്ര്തമായി ചിലര്‍ തെറ്റിദ്ധരിച്ച് സംസാരിക്കാറുണ്ട്. ചാതുര്‍വര്‍ണ്ണ്യം മനുസ്മൃതി നിര്‍വ്വചിച്ചിരിക്കുന്ന അര്‍ത്ഥത്തില്‍ സ്വീകരിക്കുക അസാധ്യമാണ്.
മനുസ്മൃതിപ്പോലുള്ള ധര്‍മ്മശാസ്ര്തങ്ങള്‍ വിഭാഗീയചിന്തകള്‍ അരക്കിട്ടുറപ്പിച്ച് വര്‍ണ്ണവിവേചനവും ജാതിവ്യസ്ഥയും നിലനിര്‍ത്താന്‍ പാടുപെുമ്പോള്‍, ഗീത മനസ്സിനെ ബാധിച്ചിരിക്കുന്ന നിറഭേദങ്ങളില്‍ നിന്നും മനുഷ്യരെ വിമുക്തരാക്കി പരമാത്മദര്‍ശനത്തിനു പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ഗീതയിലെ ജ്ഞാനം വൈശ്യന്മാര്‍ക്കും ശൂദ്രന്മാര്‍ക്കും സ്ത്രീകള്‍ക്കും തുറന്നിട്ടിരിക്കുന്നതായി പറയുന്നു. "മാം ഹായ് പാര്‍ത്ഥ വ്യാപാശ്രിത്യ യേ അപി സ്യൂഃ പാപയൊനയ്ഃ സ്ര്തീയോ വൈശ്യാസ്തഥാ ശൂദ്രാസ്‌തേപി യന്തി പരാം ഗതിം, കിം പുനര്‍ബ്രാഹ്മണ്‍ഃ പുണ്യാ ഭക്താ രാജര്‍ഷസ്തഥാ' നൂറ്റാണ്ടുകളായി ഇന്‍ഡ്യയുടെ അദ്ധ്യാത്മികതയില്‍ ഏറ്റവും കറുത്ത കളങ്കം ചേര്‍ത്തിട്ടുള്ള ഒരു വസ്തുതയെ ദുരീകരിക്കാനാണ് ഈ ശ്ശോകത്തില്‍ ശ്രമിക്കുന്നത്. ചിലരുടെ പരുമാറ്റച്ചിട്ടകളേയും മാനുഷികമായ സദ്ഗുണങ്ങളേയും ഉയര്‍ന്നതാണെന്ന് വിലയിരുത്തുന്നതിനുവേണ്ടി ചിലരുടേത് നിന്ദ്യവും നിഷ്കൃഷ്ടവുമാണെന്ന പറയുന്ന ഒരു കീഴ്‌വഴക്കം ഇന്‍ഡ്യന്‍ അദ്ധ്യാത്മികതയില്‍ വന്നുകൂടി. മനുസ്മൃതികൊണ്ടും മറ്റും നേരത്തെ അടച്ചു വിലങ്ങുവച്ചിരുന്ന വാതിലാണ് ഈ ശ്ശോകം കൊണ്ട് തുറന്നു വച്ചിരിക്കുന്നത്. ഇന്‍ഡ്യയില്‍ നിലനിന്നുപോരുന്ന ജാതിവ്യത്യാസം പ്രാകൃതമെന്നും പൈശാചികമെന്നും ഒപ്പം പറയാവുന്ന കിരാതത്വമാണെന്ന് ഏവര്‍ക്കുമറിയാം. വിഭാഗീയതക്ക് ഇടനല്‍കുന്ന ധര്‍മ്മത്തിനുവേണ്ടി ജീവിക്കണമെന്ന് മനുസ്മൃതി പോലുള്ള ധര്‍മ്മശാസ്ര്തങ്ങള്‍ പറയുമ്പോള്‍ ശ്രീകൃഷ്ണഭഗവാന്‍ ഗീത അവസാനിപ്പിക്കുന്നതു തന്നെ "സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വൃജ'' - എല്ലാ ധര്‍മ്മങ്ങളും പരിത്യജിച്ചിട്ട് എന്നെ മാത്രം ശരണം പ്രാപിക്കുക എന്നു പറഞ്ഞുകൊണ്ടാണ്. ഗീതാകാരന്‍ പരമ്പൊരുളായിട്ടാണ് കൃഷ്ണനെ ചിത്രീകരിക്ലിരിക്കുന്നതെന്ന് മനസ്സിലാക്കുമ്പോള്‍ കൃഷ്ണന്റെ വാക്കുകള്‍ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടാവുകയില്ല.