വിവാദ തൊഴില്‍ കോഡുകളുമായി ബന്ധപ്പെട്ട മൂന്നു ബില്ലുകളും രാജ്യസഭയും പാസാക്കി
Published on 24 September, 2020
ന്യൂഡല്‍ഹി: തൊഴില്‍ കോഡുകളുമായി ബന്ധപ്പെട്ട മൂന്നു ബില്ലുകളും പൊതുപ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും വിദേശ സംഭാവന സ്വീകരിക്കുന്നത് നിയന്ത്രിക്കാനും രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാനും വ്യവസ്ഥകളുള്ള വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതിയും പാസാക്കിയ ശേഷം ഇന്നലെ രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
ഇടതു പാര്‍ട്ടികളടക്കം തൊഴിലാളി വിരുദ്ധമെന്ന് മുദ്രകുത്തിയ തൊഴില്‍ കോഡ് ബില്ലുകളിന്‍ മേല്‍ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിനാല്‍ വിശദ ചര്‍ച്ചയുണ്ടായില്ല.
പുതിയ നിയമം സംഘടിത, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഓണ്‍ലൈന്‍ ഗിഗ് തൊഴിലാളികള്‍ക്കും ഇ.പി.എഫ് അടക്കമുള്ള സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ മൂന്നൂറില്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ അനുമതിയില്ലാതെ ഉടമയ്ക്ക് പൂട്ടാമെന്ന വ്യവസ്ഥയും സമരങ്ങള്‍ക്കും ട്രേഡ് യൂണിയന് പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള നിയന്ത്രണവുമാണ് ഇടത് പാര്‍ട്ടികളും മറ്റും എതിര്‍ക്കുന്നത്.
വിദേശസംഭാവനാ ഭേദഗതി ബില്‍ സന്നദ്ധ സംഘടനകളെ നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്നില്ലെന്നും സുതാര്യതയ്ക്കുള്ളതാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. നിലവിലുള്ള ചട്ടങ്ങളിലെ പിഴവ് മുതലെടുത്ത് സന്നദ്ധ സംഘടനകള്‍ പാവപ്പെട്ടവരുടെ പേരില്‍ വിദേശ ഫണ്ട് സ്വീകരിച്ച് ആഡംബര വാഹനങ്ങളും ബംഗ്ളാവുകളും വാങ്ങുന്നത് പതിവാണ്. കേരളത്തില്‍ സന്നദ്ധ സംഘടനകള്‍ ഇത്തരം ഫണ്ടുപയോഗിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല