15 വർഷങ്ങൾക്കു മുൻപ് പരീക്ഷ പാസായി ഗ്രീൻ കാർഡ് കിട്ടി ജോലിക്കായി ഈ രാജ്യത്ത് വന്നിറങ്ങുമ്പോൾ എനിക്കറിയില്ലായിരുന്നു , 1933 ൽ ന്യുയോർക്കിലെ ബ്രൂക്ലിനിൽ ജനിച്ച ഈ യഹൂദവനിത ഇല്ലായിരുന്നെങ്കിൽ, ഒരു സ്ത്രീ ആയതു കൊണ്ട് എനിക്ക് സ്വന്തമായി ഒരു ക്രെഡിറ്റ്കാർഡ് ഉണ്ടാകാനോ , ബാങ്ക്അക്കൗണ്ട് തുടങ്ങാനോ സ്വന്തമായി ഒരു വീട് വാങ്ങാനോ ഒരുപക്ഷേ ഈ രാജ്യത്ത് കഴിയില്ലായിരുന്നു എന്ന് .
സ്ത്രീകളോടുള്ള വേർതിരിവും അവഗണനയും അവകാശങ്ങളുടെ നിഷേധങ്ങളും എല്ലാം ലോകം മുഴുവനും ഓരോ കാലഘട്ടത്തിലും ഉണ്ടായിട്ടുള്ളതാണ് . കറുത്ത വർഗ്ഗക്കാരോട് കാണിച്ച അനീതിക്കൊപ്പമുണ്ട് അമേരിക്കൻ സ്ത്രീകളുടെ അവകാശങ്ങളോടുള്ള നിഷേധങ്ങളും . അന്നൊക്കെ അമേരിക്കയിലെ ഒരു സ്ത്രീയ്ക്ക് സ്‌കൂളിലോ കോളേജിലോ ഇഷ്ട്ടമുള്ള ഒരു സ്പോർട്സ് അല്ലെങ്കിൽ ഗെയിംസിൽ ചേരാനോ സ്വന്തം ചികിത്സയ്ക്കുള്ള സമ്മതപത്രം ഒപ്പിടാനോ ഉള്ള അവകാശം ഈ രാജ്യത്തിൽ ഉണ്ടായിരുന്നില്ല . ഭർത്താവിന്റെയോ പിതാവിന്റെയോ ഒക്കെ അനുമതിയില്ലാതെ ഒരു ചികിത്സ നേടാനുള്ള അവകാശമില്ലാത്ത കാലഘട്ടം , ആണൊരുത്തൻറെ കോസയിൻ ഇല്ലാതെ ഒരു പ്രോപ്പർട്ടി സ്വന്തമാക്കാൻ അവകാശമില്ലാത്ത കാലം ! അതെല്ലാം അവസാനിച്ചത് ‘നോട്ടോറിയസ് R.B.G ‘എന്ന് മനുഷ്യർ സ്നേഹത്തോടെ വിളിച്ചിരുന്ന ജസ്റ്റിസ് റൂഥ് എന്ന സ്ത്രീരത്നത്തിന്റെ കഠിന പരിശ്രമം കൊണ്ട് മാത്രമാണ്. അമേരിക്കൻ സുപ്രീം കോടതി ജഡ്ജാകുന്ന ആദ്യത്തെ ജൂതവനിതയായിരുന്നു ജസ്റ്റിസ് റൂഥ് ബെയ്ഡർ ഗിൻസ്ബെർഗ്. അമേരിക്കൻ സ്ത്രീകളുടെ അവകാശങ്ങളുടെ പോരാളി !
സ്‌കൂളിൽ പഠനത്തിൽ മിടുക്കിയായിരുന്ന റൂത്തിനു പകരം സഹോദരനെ കോളേജിലയച്ചു തുടർന്ന് പഠിപ്പിച്ചാൽ മതിയെന്ന കുടുംബത്തിൻറെ യാഥാസ്ഥിതിക തീരുമാനം മാറ്റിവച്ചത് മകളെ പഠിപ്പിച്ചു ഒരു ഹൈസ്‌കൂൾ അദ്ധ്യാപിക ആക്കണം എന്നു ആഗ്രഹിച്ച അമ്മ സീലിയയുടെ ഒറ്റ നിർബന്ധത്തിലാണ് . റൂത്തെന്ന പെൺകുട്ടിയുടെ ജീവിതം നിർണ്ണയിച്ച വിലപ്പെട്ട തീരുമാനം! ന്യുയോർക്കിലെ അതിപ്രശസ്തമായ കൊർണേലിൽ നിന്ന് ബിരുദം നേടിയ ശേഷം ഹാവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിയമപഠനത്തിനായി ചേരുമ്പോൾ ക്‌ളാസ്സിലെ വിരലിലെണ്ണാവുന്ന പെൺകുട്ടികളിൽ ഒരാളായിരുന്ന റൂഥ് , വിവാഹം കഴിഞ്ഞ , ഒരു കുഞ്ഞിന്റെ അമ്മയായിരുന്നു . പിന്നീട് ന്യുയോർക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമബിരുദം നേടുമ്പോഴും ലോ സ്‌കൂളിൽ സിവിൽ റൈറ്റ്സ് പഠിപ്പിക്കുമ്പോഴും , ആ മേഖലയിൽ അതുവരെ സ്ത്രീകൾ തീരെ ഇല്ലായിരുന്നു .
അമേരിക്കയിലെ പുരുഷമേധാവിത്ത്വതിൻറ്റെ ലോകം റൂഥ് ബെയ്ഡർ ഗിൻസ്ബെർഗിന്റെ പോരാട്ടങ്ങൾ കൊണ്ട് ഒരുപാട് മാറി. അഡ്വക്കേറ്റായി ജോലി ചെയ്തിരുന്ന കാലമത്രയും കരിയറിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് ലിംഗ സമത്വത്തിനു വേണ്ടിയും സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടിയും ഉള്ള കേസുകൾക്കായാണ് . ഇരുപത്തൊന്നാം വയസ്സിൽ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേറ്റിവ് ഓഫീസിൽ റൂത്തിനെ ജോലിയിൽ ഗ്രെയ്‌ഡ് കുറച്ചതു ഒന്നാമത്തെ കുട്ടിയെ ഗർഭിണിയായി ഇരുന്നത് കൊണ്ടായിരുന്നു.പിറ്റേ വർഷം 1956 ൽ, മിടുമിടുക്കരായ വിദ്യാർത്ഥികൾക്ക് മാത്രം അഡ്മിഷൻ കിട്ടുന്ന അതിപ്രശസ്തമായ ഹാവാർഡിൽ നിയമ പഠനത്തിനായി ചേർന്ന 9 സ്ത്രീകളിൽ ഒരാൾ റൂഥ് ആയിരുന്നു. 500 പേർക്കുള്ള സീറ്റിൽ ആകെയുള്ള 9 പെൺകുട്ടികളെ സ്ഥാപനത്തിലെ ഡീൻ വീട്ടിലെ അത്താഴത്തിനു ക്ഷണിച്ചിട്ടു ചോദിച്ചിരുന്നു , " നിങ്ങളെന്തിനാണ് പെൺകുട്ടികളെ 9 ആൺകുട്ടികളുടെ അവസരം നഷ്ടപ്പെടുത്തി ഇവിടെത്തന്നെ വന്നു ചേർന്നത് ?"എന്ന് !
1960 ൽ സുപ്രീം കോടതിയിലെ ജോലി റൂത്തിന് നിഷേധിച്ചത് അവളൊരു പെണ്ണായത് കൊണ്ടായിരുന്നു . 1963 ൽ ലോസ്‌കൂളിൽ പഠിപ്പിക്കുന്ന സമയത്തു കൂടെ ജോലി ചെയ്യുന്ന പുരുഷന്മാരേക്കാൾ കുറഞ്ഞ ശമ്പളം റൂത്തിനു നൽകിയതിന് അവർ പറഞ്ഞ ന്യായം ''നിങ്ങൾ ഒരു സ്ത്രീയല്ലേ , നിങ്ങളുടെ ഭർത്താവിന് നല്ല വരുമാനമുള്ള ഒരു ജോലിയുമുണ്ടല്ലോ !" എന്നാണ് !!
1970 ൽ അമേരിക്കയിലെ ആദ്യത്തെ ലോ ജേണൽ ആയ 'വുമൺസ് റൈറ്റ്സ് ലോ റിപ്പോർട്ടർ' റൂഥ് തുടങ്ങി വച്ചത് അമേരിക്കൻ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി നിയമയുദ്ധം നടത്താനായിരുന്നു. സുപ്രീം കോടതിയിൽ സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിച്ചിരുന്ന മുന്നൂറോളം കേസുകൾ വാദിച്ചു ജയിച്ചും ജെണ്ടർ ഡിസ്ക്രിമിനേഷൻ സമൂഹത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അപകടകരം ആണ് എന്ന് തന്റെ സൂക്ഷ്മ അപഗ്രഥനങ്ങൾ വഴി കോടതിയെ ബോധിപ്പിച്ചു എടുത്തും അവർ തന്റെ പരിശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു .
1972 ൽ ജോലിയുള്ള ഒരു പുരുഷന് അയാളുടെ ഭാര്യയ്ക്ക് ഹൗസിങ് അലവൻസ് അനുവദിക്കുകയും ജോലിയുള്ള ഒരു സ്ത്രീയ്ക്ക് തന്റെ ഭർത്താവിന് ഹൗസിങ് അലവൻസ് അനുവദിക്കാതിരിക്കുകയും ചെയ്തതും, പ്രായപൂർത്തിയാകാത്ത കുട്ടികളുള്ള , ഭാര്യ മരിച്ച ഒരു ഭർത്താവിന് അനുവദിച്ചിരുന്ന ധനസഹായം വിധവകൾക്കു നിഷേധിച്ചിരുന്നതും സ്ത്രീകളോടുള്ള നീതിനിഷേധമായി അവർ എതിർത്തു ,നിയമപോരാട്ടം നടത്തി നീതി ലഭ്യമാക്കി .സ്ത്രീകളോടുള്ള അനീതി നിർത്തലാക്കി നിയമത്തിനു മുന്നിൽ സ്ത്രീയെയും പുരുഷനെയും തുല്യരായി കണക്കാക്കാനുള്ള ഭരണഘടനാ ഭേദഗതികൾ വരുത്താൻ ഉതകുന്ന നിയമ പോരാട്ടങ്ങളായിരുന്നു എല്ലാം തന്നെ .
1993 ലാണ് റൂഥ് യുണൈറ്റഡ് സ്റെറ്സിന്റെ രണ്ടാമത്തെ സുപ്രീം കോടതി വനിതാ ജഡ്ജായി നിയമിക്കപ്പെടുന്നത്. 2009 ൽ അബോർഷൻ നിയമങ്ങളെക്കുറിച്ചു ന്യുയോർക്ക് ടൈമ്സ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ , "സ്ത്രീകളുടെ വ്യക്തിപരമായ തീരുമാനത്തിൽ കൈ കടത്താൻ ഉള്ള യാതൊരു അധികാരവും ഒരു ഗവണ്മെന്റിനും ഇല്ല” , എന്ന തന്റെ നിലപാട് അവർ വ്യക്തമാക്കിയിരുന്നു.
ഭരണഘടന രൂപികരിക്കുന്നതിൽ സ്ത്രീകൾക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ലാത്ത 1780 കളിൽ 'ബുദ്ധിമാന്മാരായ കുറേ പുരുഷന്മാർ "ഉണ്ടാക്കിവച്ച ഭരണഘടനയാണ് ഇന്നും അമേരിക്കയിൽ അടിമത്തം നിലനിർത്തുന്നത് എന്ന് 2012 ൽ ഈജിപ്തിൽ വച്ച് നടത്തിയ ടെലിവിഷൻ ഇന്റെർവ്യൂവിൽ ധൈര്യപൂർവം ജസ്റ്റിസ് ഗിൻസ്ബർഗ് അഭിപ്രായപ്പെട്ടിരുന്നു .
അമേരിക്കയിലെ വിദ്യാഭ്യാസ , തൊഴിൽ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന ജെണ്ടർ ഇൻഈക്വലിറ്റിയും ലൈംഗിക ചൂഷണങ്ങളും അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങളിൽ ജസ്റ്റിസ് ഗിൽസ്ബർഗിന്റെ സംഭാവനകൾ ചെറുതല്ല .2018 ൽ മീ ടൂ മൂവ്‌മെൻറ്റിനോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ജസ്റ്റിസ് ഗിൻസ്ബെർഗ് തുറന്നു പറഞ്ഞിരുന്നു , കോർണേലിൽ പഠിക്കുമ്പോൾ കെമിസ്ട്രി പ്രൊഫസർ പരീക്ഷയിലെ മാർക്കിന് പകരമായി ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചത് ! അന്ന് അത് എതിർക്കാൻ കഴിഞ്ഞുവെങ്കിലും സമൂഹത്തിൽ ഇന്നും അങ്ങനെയുള്ള ലൈംഗിക ചൂഷണങ്ങളെ എതിർക്കാനോ വെളിച്ചത്തു കൊണ്ടുവന്ന് നിയമനടപടികൾ എടുക്കുന്നതിനോ സ്ത്രീകളും പുരുഷന്മാരും മടിക്കുന്നത് അനിവാര്യമായ നിയമങ്ങൾ ഇല്ലാത്തതിൻറ്റെ അഭാവം തെന്നെയാണ് എന്ന് ജസ്റ്റിസ് റൂഥ് പറഞ്ഞു !
ഇക്കഴിഞ്ഞ September 18ന് പാൻക്രിയാറ്റിക് ക്യാൻസറിനെ തുടർന്ന് 87ആമത്തെ വയസ്സിൽ അന്തരിച്ച ജസ്റ്റിസ് ഗിൻസ്ബെർഗിനോടുള്ള ആദരസൂചകമായി ഇത്രയെങ്കിലും എഴുതണമെന്നു തോന്നി ! ഒരു പെണ്ണായി ജനിച്ചത് കൊണ്ട് ജീവിതത്തിൽ ഒരുപാട് അവഗണനയും പരിഹാസവും കുത്തുവാക്കുകളും ഒരിക്കലും പറയാൻ പാടില്ലാത്തവരുടെ അടുത്ത് നിന്ന് വരെ ഒരുപാട് കേട്ടിട്ടുണ്ട് ! ഇപ്പോഴും ഒരു മുടക്കവും ഇല്ലാതെ കേൾക്കുന്നുണ്ട് ! രക്തബന്ധങ്ങൾക്ക് അങ്ങനെ ഒരു കുഴപ്പമുണ്ട് .... നമുക്ക് വേദന മാത്രം തന്നാലും മുറിച്ചെറിയാൻ ആവില്ല , സഹിച്ചു ജീവിക്കണം ! നിർഭാഗ്യവശാൽ അവരുടെ ജീവിതാനുഭവങ്ങളും സാമൂഹ്യ വ്യവസ്ഥിതിയും അങ്ങനെയായിരുന്നു !
പറ്റുന്ന രീതിയിൽ നല്ല വിദ്യാഭ്യാസം നൽകി , എന്ന ഒരു വലിയ ഉത്തരവാദിത്വം മാതാപിതാക്കൾ രണ്ടുപേരും ഭംഗിയായി ചെയ്തു തീർത്തത് കൊണ്ട് അക്കാര്യത്തിൽ അവരോട് എന്നും കടപ്പാടും നന്ദിയുമുണ്ട് !
പക്ഷേ സമൂഹത്തിൽ എന്നെപ്പോലെ, പെൺകുട്ടിയാണെന്ന് കുത്തുവാക്ക് കേട്ട് കുട്ടിയായിരിക്കുമ്പോൾ മുതൽ നിശബ്ദമായി കരയേണ്ടി വന്നവർക്ക് വേണ്ടി ഒന്നും ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല ! ഇത് വായിക്കുന്ന അങ്ങനെ ഒരു പെൺകുട്ടി ഈ കാലഘട്ടത്തിലും ഉണ്ടെങ്കിൽ ഇത്രയേ പറയാനുള്ളൂ ! സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കാണുന്നതാണു പല ’ വികസിത രാജ്യങ്ങളിൽ ‘ പോലും കാണുന്നത് , നല്ല വിദ്യാഭ്യാസവും മാന്യമായ പെരുമാറ്റവും സന്ദർഭോചിതമായി പ്രതികരിക്കാനും എതിർക്കാനും ഉള്ള ധൈര്യവുമുണ്ടെങ്കിൽ ഒരിക്കലും ആരുടേയും മുന്നിൽ തല താഴ്ത്തേണ്ടി വരില്ല ! സ്ത്രീയാണെന്ന തികഞ്ഞ അഭിമാനത്തോടെ തന്നെ ജീവിക്കാം !