ജനാധിപത്യത്തിന്റെ ഈറ്റില്ലമായ അഥിന (യാത്രാ വിവരണം 13: സാംജീവ്)

Published on 02 October, 2020
ജനാധിപത്യത്തിന്റെ ഈറ്റില്ലമായ അഥിന (യാത്രാ വിവരണം 13: സാംജീവ്)
പൗലോസിന്റെ കാൽച്ചോടുകളിലൂടെ എന്നു നാമകരണം ചെയ്യപ്പെട്ട ഞങ്ങളുടെ യാത്രാസംഘം ഗ്രീസിന്റെ തലസ്ഥാനനഗരമായ അഥിനയിൽ കാലുകുത്തിയത് 2018 സെപ്തംബർ മാസം പതിമൂന്നാം തീയതി ആയിരുന്നു. ഇംഗ്ലീഷിൽ ആ പട്ടണത്തിന്റെ പേര് ഏതൻസ് എന്നാണ്. അഥിന വിമാനത്താവളത്തിൽനിന്നും നേരെ കോറിന്തിലേയ്ക്കാണു ഞങ്ങൾ പോയത്. കോറിന്തിലെ ഹൃസ്വസന്ദർശനത്തിനുശേഷം അഥിനയിൽ തിരിച്ചെത്തി. അഥിനയിൽ അപ്പൊസ്തലനായ പൌലോസ് പ്രസംഗിച്ച അരയോപഗക്കുന്നും തൊട്ടടുത്തു സ്ഥിതിചെയ്യുന്ന അക്രോപ്പൊലിസും സന്ദർശിക്കുകയെന്നുള്ളതായിരുന്നു ഞങ്ങളുടെ ആദ്യത്തെ പരിപാടി.

“പൗലോസിന്റെ കാൽച്ചോടുകളിലൂടെ”യെന്ന് ഞങ്ങളുടെ യാത്ര വിശേഷിപ്പിക്കപ്പെട്ടെങ്കിലും പൗലോസിന്റെ രണ്ടാം മിഷ്യനറിയാത്രയുടെ എതിർദിശയിലായിരുന്നു ഞങ്ങളുടെ സഞ്ചാരം. പൗലോസ് മക്കദോന്യവിളി അനുസരിച്ചു തുർക്കിയിൽ നിന്നും മാസിഡോണിയായിലേയ്ക്കും പിന്നീട് അഥിനയിലേയ്ക്കുമാണല്ലോ യാത്രചെയ്തത്. എന്നാൽ ഞങ്ങളുടെ തീർത്ഥാടനം അഥിനയിൽ നിന്ന് മാസിഡോണിയായിലേയ്ക്കും പിന്നീടു തുർക്കിയിലേയ്ക്കും ആയിരുന്നു.

മറ്റു ഗ്രീക്കുനഗരരാഷ്ട്രങ്ങളിലെപ്പോലെ പൗലോസിനു അഥിനയിൽ പീഡനങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നില്ല. ഫലിപ്പിയിലും തെസ്സലോനിക്കിയിലും ബരോരവയിലും പൗലോസിന്റെ സുവിശേഷപ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരുന്നതു യഹൂദസമൂഹങ്ങളെ ആയിരുന്നു. അവരുടെ സിനഗോഗുകൾ ആയിരുന്നു പൗലോസ് സുവിശേഷപ്രവർത്തനങ്ങൾക്കു തെരഞ്ഞെടുത്തത്. നവീനോപദേശം പ്രസംഗിക്കുന്ന പൗലോസിനും ശിഷ്യന്മാർക്കും യാഥാസ്ഥിതികരായ യഹൂദന്മാരിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടിവന്നു. പക്ഷേ അഥിനയിൽ പൗലോസിന്റെ മിഷ്യനറിപ്രവർത്തനത്തിന്റെ ഗതി മാറുന്നതായി കാണുന്നു.
പൗലോസിൻറെ അരയോപഗക്കുന്നിലെ പ്രസംഗം പ്രശസ്തമാണല്ലോ. ബൈബിൾ ഇങ്ങനെ രേഖപ്പെടുത്തുന്നു.

“അഥേന പുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു. ഞാൻ ചുറ്റി നടന്നു നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോൾ “അജ്ഞാതദേവന്ന്” എന്ന് എഴുത്തുള്ള ഒരു വേദിക്കല്ലു കണ്ടു. എന്നാൽ നിങ്ങൾ അറിയാതെ പൂജിക്കുന്നതു തന്നെ ഞാൻ നിങ്ങളോട് അറിയിക്കുന്നു. ലോകവും അതിലുള്ളത് ഒക്കെയും ഉണ്ടാക്കിയ ദൈവം കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല.-----ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവും കൊണ്ടു കൊത്തിത്തീർക്കുന്ന പൊൻ, വെള്ളി, കല്ല് എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതില്ല. എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു. താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽ നിന്നും ഉയർത്തെഴുനേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.”

റോമാക്കാർ ചൊവ്വാഗിരി (മാഴ്സ് ഹിൽ) എന്നു പേരുവിളിച്ച അരയോപഗക്കുന്നിലാണ് അഥിനയിലെ ഉയർന്ന കോടതി സമ്മേളിച്ചിരുന്നത്. തൊട്ടടുത്താണ് അഥിനയിലെ പുരാതന ഗിരിശൃംഗനഗരമായ അക്രൊപ്പൊലിസ്. അക്രൊപ്പൊലിസ് ഒരു ക്ഷേത്രസമുച്ചയമാണ്. ഏറ്റവും പ്രധാനപ്പെട്ടതു പാർത്ഥിനോൺ ആണ്. ഗ്രീക്കുദേവതയായ അഥിനയുടെ ക്ഷേത്രമാണ് പാർത്ഥിനോൺ. ബ.സി. 447ൽ ആണു അതു നിർമ്മിക്കപ്പെട്ടത്. പാർത്ഥിനോൺ എന്ന വാക്കിൻറെ അർത്ഥം കന്യകയെന്നാണ്. പേഴ്സ്യക്കാരുമായുള്ള യുദ്ധത്തിൻറെ വിജയസ്മാരകമാണ് ഈ ക്ഷേത്രം. രണ്ടുനിരകളിലായി പണിതുയർത്തിയ ഡോറിക്ക് തൂണുകൾ മേല്ക്കൂരയെ താങ്ങി നിറുത്തിയിരിക്കുന്നു. പുരാതനഗ്രീസിലെ അതികായനായ പെരിക്ലിസിനിറെ കാലത്താണു പാർത്ഥിനോൺ സ്ഥാപിക്കപ്പെട്ടത്. ജനാധിപത്യത്തിന്റെയും യൂറോപ്യൻ നാഗരികതയുടെയും യവനസംസ്ക്കാരത്തിന്റെയും തത്വജ്ഞാനത്തിന്റെയും ഗണിതശാസ്ത്രത്തിന്റെയുമൊക്കെ മങ്ങാത്ത സ്മരണകൾ സമ്മാനിക്കുന്ന ഒരു മണിമകുടമാണ് അഥിനയിലെ പാർത്ഥിനോൺ.
അഥിന എന്ന നഗരരാഷ്ട്രം നൂറ്റാണ്ടുകളായി അഭിമുഖീകരിക്കേണ്ടി വന്ന യുദ്ധങ്ങൾ അക്രൊപ്പിലിസിന്റെ മുഖച്ഛായമാറ്റി. ക്രിസ്തുവർഷം ആറാം നൂറ്റാണ്ടിൽ പാർത്ഥിനോൺ കന്യകാമറിയത്തിന്റെ നാമഥേയത്തിലുള്ള ഒരു ക്രൈസ്തവ ദേവാലയമായി പരിവർത്തനം ചെയ്യപ്പെട്ടു. പതിനഞ്ചാം നൂറ്റാണ്ടിൽ പാർത്ഥിനോൺ ഒരു മുസ്ലിം ദേവാലയമായി മാറ്റപ്പെട്ടു, ഒട്ടോമാൻ തുർക്കികൾ അഥിന പിടിച്ചടക്കിയപ്പോൾ. തീർന്നില്ല പാർത്ഥിനോണിന്റെ പരിണാമ ചക്രം. മോറിയൻ യുദ്ധകാലത്തു തുർക്കികളുടെ വെടിക്കോപ്പുകൾ സൂക്ഷിക്കുന്ന സ്ഥലമായിത്തീർന്നു പാർത്ഥിനോൺ. ക്രിസ്തു വർഷം 1687ൽ ഉണ്ടായ സ്ഫോടനത്തിൽ പാർത്ഥിനോൺ മിക്കവാറും തകർന്നു. ശേഷിച്ച മാർബിൾശിലകളും ശില്പങ്ങളും ബ്രിട്ടീഷുകാരനായ എൽഗിൻ പ്രഭു ബ്രിട്ടനിലേയ്ക്കു കടത്തിക്കൊണ്ടുപോയി. സ്ഫോടനത്തിൽ തകർന്ന പാർത്ഥിനോണിന്റെ പലഭാഗങ്ങളും യൂറോപ്പിലെ പല മ്യൂസിയങ്ങളിലായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു.

1975ൽ ഗ്രീക്കുഗവണ്മെന്റിന്റെയും യൂറോപ്യൻ യൂണിയന്റെയും ശ്രമഫലമായി പാത്ഥിനോണിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കമ്പ്യൂട്ടർ മാതൃകകളെ അടിസ്ഥാനമാക്കി പുന:സൃഷ്ടി ചെയ്ത പാർത്ഥിനോൺ ആണു ഇന്നു സന്ദർശകർക്കു കാണുവാൻ കഴിയുന്നത്. അടിവാരത്തു നിന്നും 490 അടി ഉയരത്തിലാണ് അക്രൊപ്പോലിസ്. ഒരുമാസം ലക്ഷക്കണക്കിനു പേരാണു പാർത്ഥിനോൺ സന്ദർശിക്കുന്നത്. തേയ്മാനം സംഭവിച്ച മാർബിൾശിലകൾ ചവിട്ടി വേണം കയറുന്നതും ഇറങ്ങുന്നതും. സൂക്ഷിച്ചില്ലെങ്കിൽ തെന്നി വീഴാൻ സാധ്യതയുണ്ട്.

അഥിനയിൽ നിക്സ് (PYNX) എന്നറിയപ്പെട്ടിരുന്ന കുന്നിൻചരിവാണു പാശ്ചാത്യ ജനാധിപത്യ സമ്പ്രദായത്തിന്റെ ഈറ്റില്ലം. പാർത്ഥിനോണിൽ നിന്നും അധികം അകലെയല്ല ഈ സ്ഥലം. അഥിനയിലെ ആയിരക്കണക്കിനു പൗരന്മാർക്കു സമ്മേളിക്കുവാനും തീരുമാനങ്ങൾ എടുക്കുവാനും കഴിയത്തക്കവിധത്തിൽ നിക്സിൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. നിക്സിൽ സമ്മേളിച്ചിരുന്ന പൗരാവലിയെ എക്ലീസിയ എന്നാണു നാമകരണം ചെയ്തിരുന്നത്. അഥിനയിൽ ജനിച്ച പ്രായപൂർത്തിയായ പുരുഷപ്രജകൾക്കു മാത്രമേ നിക്സിൽ പ്രവേശിക്കുവാൻ അവകാശമുണ്ടായിരുന്നുള്ളു. അടിമകളെയും കുടിയേറ്റക്കാരെയും പൌരന്മാരായി അംഗീകരിച്ചിരുന്നില്ല.
യുദ്ധം സർവ്വസംഹാരിയാണ്. നൂറ്റാണ്ടുകളായി പടുത്തുയർത്തിയ നാഗരികത ഒരു നിമിഷം കൊണ്ടു കുപ്പക്കൂമ്പാരമായി മാറുന്നു. മതത്തിന്റെയും പ്രത്യയശാസ്ത്രങ്ങളുടെയം പേരിൽ മനുഷ്യൻ യുദ്ധം ചെയ്യുന്നു. ഭൂമി ഒരു ചൂതാട്ടഭൂമിയായി മാറുന്നു. ഇവിടെ ധർമ്മമില്ല; സത്യമില്ല. വിജയം മാത്രമാണു ലക്ഷ്യം. വിജയം മാത്രമാണു കർമ്മം. പൗലോസിന്റെ അരയോപഗക്കുന്നിലെ പ്രസംഗത്തിൽ ക്രിസ്തുവിനു മുമ്പ് മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്കു കവി അരാത്തസിനെ ഉദ്ധരിക്കുന്നു.  “നാം അവന്റെ സന്താനമല്ലോ”.  മനുഷ്യൻ ദൈവത്തിന്റെ സന്താനമാണെന്ന് തത്വജ്ഞാനികൾ വിളംബരം ചെയ്യുന്നു. ആ സഹോദരഭാവവും സ്നേഹവും മനുഷ്യർക്ക് എന്നെങ്കിലും ഉണ്ടാവുമോ? ആവോ?
ജനാധിപത്യത്തിന്റെ ഈറ്റില്ലമായ അഥിന (യാത്രാ വിവരണം 13: സാംജീവ്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക