അദ്ധ്യായം ഇരുപത്തിയഞ്ച്
സാറ എല്ലാം കണ്ട ശേഷം മെല്ലെ ഒന്നു ചിരിച്ചു കാണും. ആ ചിരി ഒരു വിജയിയുടേതോ... പരാജിതയുടേതോ എന്നു തിരിച്ഛറിയാന്‍ സോളമനു കഴിഞ്ഞില്ല. അവരുടെ യാത്ര സഫലമോ...? എങ്ങും എങ്ങും എത്താത്ത ഒരു യാത്ര. പക്ഷേ ആരൊക്കയോ വാഗ്ദത്ത ഭൂമിയില്‍ എത്തിയില്ലെ. യാത്ര ആരെങ്കിലും തുടങ്ങി വെച്ചെങ്കിലല്ലെ ആര്‍ക്കെങ്കിലും പൂര്‍ത്തികരിക്കാന്‍ പറ്റു എന്നു സോളമന്‍ സ്വയം സമാധാനിച്ചു. അപ്പോഴും സാറായുടെ ചിരിയുടെ പൊരുള്‍ തേടി സോളമന്‍ ശലോമിയുടെ കൈയ്യും തടവി എന്തൊക്കയോ ആലോചനയില്‍, ഈജിപ്റ്റില്‍ നിന്നും യിസ്രായേലിലെക്കുള്ള ബസില്‍ മയങ്ങി.
ഒരു കാലത്തില്‍ നിന്നും മറ്റൊരു കാലത്തിലേക്കുള്ള യാത്ര. പഴയ നിയമത്തില്‍ നിന്നും പുതു നിയമത്തിലേക്കുള്ള ദൂരം. ക്രിസ്തുവിന്റെ ജീവിത യാത്രയുടെ വഴിത്താരയില്‍ കണ്ണിചേര്‍ക്കപ്പെടുന്നവര്‍. രാവിലെ തുടങ്ങിയ യാത്രയില്‍, വഴിയോര കാഴ്ച്ചകള്‍ എന്നു പറയാന്‍ മലകള്‍ മാത്രമേയുള്ളു. നിരയൊത്ത പാറകള്‍ക്ക് ചിലയിടങ്ങളില്‍ നിറഭേദങ്ങള്‍ കാണാന്‍ കഴിയുമായിരുന്നു. പല സ്ഥലങ്ങളിലും കടല്‍ വളരെ അടുത്തുവരുകയും പിന്നെ അകന്നു പോകുകയും ചെയ്യുന്നു. ഒട്ടും തിരിക്കില്ലാത്ത ഹൈവേയില്‍, ബസ്സിലുള്ളവര്‍ കഴിഞ്ഞ മൂന്നു ദിവസത്തെ പരിചയത്താല്‍ കൂടുതല്‍ തമാശകള്‍ പറയുകയും സ്വയം വെളിപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു.
ബസ്സ് യിസ്രായേല്‍ ബോര്‍ഡറില്‍ എത്തിയപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു.ലഗേജുകള്‍ ഇറക്കി ഗൈഡും ഡ്രൈവറും ഇന്ത്യക്കാരൊടുള്ള സന്തോഷം അറിച്ച് ഇനി എന്നെങ്കിലും കാണാം എന്ന പ്രത്യാശ ഉപചാരവാക്കുകളായി പറഞ്ഞ് മടങ്ങി. ഇനി അവരവരുടെ പെട്ടികള്‍ സ്വയം വഹിച്ച് സെക്യൂരിറ്റി കടക്കണമെന്നച്ചന്‍ പറഞ്ഞു. ഇവിടെ മാത്രം ലെഗേജെടുക്കാന്‍ ആളില്ലന്നും സെക്യൂരിറ്റികഴിഞ്ഞാല്‍ അടുത്ത ബസ്സ് നമുക്കായി കാക്കുന്നുണ്ട ന്നും പറയാന്‍ അച്ചന്‍ മറന്നില്ല. ശാരീരിക അവശതകള്‍ മറന്ന് ഒരോരുത്തരം അവരവരുടെ ചുമടുകള്‍ വഹിച്ചു. ഏകദേശം കാല്‍ മൈലോളം നടന്നിട്ടെ സെക്യൂരിറ്റിയില്‍ എത്താന്‍ കഴിഞ്ഞുള്ളു. എമിഗ്രേഷനില്‍ സൗഹൃദത്തിന്റെ മുഖം തെളിഞ്ഞുകണ്ട ില്ല. അധികാരത്തിന്റെ കനപ്പായുരുന്നു. യിസ്രായേല്‍ എമിഗ്രേഷനില്‍ നിന്നും ഇറങ്ങി അല്പം നടന്നാല്‍ പാലസ്തിന്‍ എമീഗ്രേഷന്‍ ആണ്. അവിടെ നമുക്ക് പോട്ടര്‍മാരെ ലഭ്യമാണ്. ഒന്നോ രണ്ടേ ാ ഡോളര്‍ കൊടുത്താല്‍ അവര്‍ പെട്ടി ചെക്കിങ്ങ് കൗണ്ട റില്‍ എത്തിച്ചു തരും . ഒരു റോഡിനു അപ്പുറവും ഇപ്പുറവും തമ്മിലുള്ള ജീവിത നിലവാരത്തിന്റെ വ്യത്യാസം. രണ്ട ് എമീഗ്രേഷനുകളും കഴിഞ്ഞപ്പോഴേക്കും എല്ലാവരും നന്നേ ക്ഷീണിച്ചിരുന്നു.
പിറ്റെദിവസത്തേക്കുള്ള യാത്രാ ക്രമീകരങ്ങള്‍ പറഞ്ഞ് ഹോട്ടലില്‍ എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി. ഊണുമേശയില്‍ ന്യൂയോര്‍ക്കു സുഹൃത്തുക്കള്‍ പതുവുപോലെ ഒന്നിച്ചായിരുന്നു. പല തമാശകളിലൂടെ അവര്‍ ഭക്ഷണത്തിന്റെ രുചിഭേദങ്ങളെ മറന്ന് ഒരു ദിവസത്തിന്റെ മിൂഴുവന്‍ വിശപ്പിനേയും തൃപ്തിപ്പെടുത്തി. തേനും പാലും ഒഴുകുന്ന നാട്ടില്‍ വന്നിട്ട് ഒരു ഗ്ലാസ് വൈന്‍പ്പോലും കണ്ട ില്ലല്ലോ എന്ന ബെന്നിയുടെ തമാശയെ എല്ലാവരും ഏറ്റുപിടിച്ചു. അടുത്ത ടേബിളില്‍ ഇരുന്ന അച്ചന്‍ അതുകേട്ടു പറഞ്ഞു. ഇനി പോകുന്ന ഹോട്ടലില്‍ മൂന്നു ടാപ്പുകളുണ്ട ്. അതിലൊന്നില്‍ മതിവരുവോളം നിങ്ങള്‍ക്ക് പാനം ചെയ്യാം. എല്ലാവരും അച്ചന്‍ പറഞ്ഞ താമാശയില്‍ രസിച്ച്, ഗുഡ്‌നൈറ്റു പറഞ്ഞവരവരുടെ മുറികളിലേക്കു പോയി.
സക്കായിയുടെ മരം അല്ലെങ്കില്‍ സിക്കിമോസ് ട്രി കാണലായിരുന്നു ആദ്യത്തെ ഇനം. 'ചുങ്കക്കാരനും ധനവാനുമായ സക്കായി എന്നു പേരായ ഒരുവന്‍ യേശു എങ്ങനെ ഉള്ള മനുഷ്യന്‍ എന്നു കാണാന്‍ ജനക്കൂട്ടത്തില്‍ നിന്നും മാറി, ഒരു കാട്ടത്തി മരത്തില്‍ കയറി ഇരുന്നു. അയാള്‍ ആളില്‍ കുറിയവനായിരുന്നു....' അച്ചന്‍ കഥ പറയുകയാണ്. 'അന്ന് ചുങ്കക്കാരനായ സക്കായി കയറി ഇരുന്ന മരമാണിത്.' അച്ചന്‍ ഭക്തിയോട് അവിടെ പ്രാര്‍ത്ഥിച്ചു. ഒരു ചെറിയ മുക്കവലയായിരുന്നു അവിടം. കമ്പിവേലിയാല്‍ സംരക്ഷണ വലയം തീര്‍ത്ത കാലങ്ങളുടെ പ്രഹരത്താല്‍, ചില്ലകളും കമ്പുകളും ഉണങ്ങി, എന്നാലും കാലത്തെ തോല്പിക്കനെന്നവണ്ണം ഇപ്പോഴും ഇലകള്‍ ഉള്ള ഒരു മരം അവിടെ ഉണ്ട ായിരുന്നു. അതിന്റെ കാലപ്പഴക്കം രണ്ട ായിരത്തിലധികമോ എന്ന ചോദ്യം, ഒരവകാശം എന്ന നിലയില്‍ സ്വയം ചോദിച്ചു. തെരുവ് അത്ര തിരക്കുള്ളതായിരുന്നില്ല. ഒരു മാടക്കടമാതിരി ഒരു പഴക്കടയും, മറുവശത്ത് സോഡ, വെള്ളം മുതലായ അത്യാവശ്യ സാധനങ്ങളുടെ ഒരു കൊച്ചു കട. രണ്ട ായിരം വര്‍ഷം കൊണ്ട ് ഒരു ടുറിസ്റ്റ് കേന്ദ്രത്തിന്റെ വളര്‍ച്ച അത്രമാത്രം. ഇവിടം പാലസ്തിന്‍ അധീനതയിലുള്ള സ്ഥലമായതിനാലാകാം.
പോയ സ്ഥലങ്ങളിലെല്ലാം കണ്ട ഒരു അപാകത; എങ്ങും വൃത്തിയും വെടുപ്പുമുള്ള ടോയിലറ്റുകള്‍ കണ്ട ില്ല എന്നുള്ളതാണ്. നാട്ടിലെ മുനിസിപ്പാലിറ്റികളിലെ സുചിമുറിയെക്കാള്‍ ദയനിയമായിരുന്നു പലയിടത്തേയും അവസ്ഥ. ഒന്നുരണ്ടു ചര്‍ച്ചുകളില്‍ മാത്രം നല്ല നിലവാരമുള്ള ബാത്തുറൂമുകള്‍ കണ്ട ുള്ളു.
യാത്രയുടെ അഞ്ചാം ദിവസം ബൈബിളില്‍ പരാമര്‍ശിക്കുന്ന ഏറെ സ്ഥലങ്ങള്‍ സന്ദര്‍സിക്കയുണ്ട ായി. ഏതൊരു ക്രിസ്ത്യാനിയും എപ്പോഴും കേള്‍ക്കുന്ന കഥയാണ് ജോര്‍ദാന്‍ നദിയിലെ ക്രിസ്തുവിന്റെ സ്‌നാനം. അതിനാല്‍, ഹിന്ദുവിനു ഗംഗ എന്നപോലെ ക്രിസ്ത്യാനിക്ക് ജോര്‍ദാന്‍ നദി ഒരു വികാരവും ആവേശവുമാണ്. എന്നാല്‍ അവിടെ ചെന്നു കണ്ട പ്പോള്‍ നിരാശയാണു തോന്നിയത്. ഒരു നാടന്‍ കൈത്തോടിന്റെ വീതിയില്‍ അത്ര തെളിച്ചമില്ലാത്ത കലക്കവെള്ളം. നല്ല ഒരു ഹൈജെമ്പുകാരനു ചാടിക്കടക്കാവുന്ന വീതിയിലേക്കു ചുരുങ്ങിയ ജോര്‍ദാന്‍ നദിയിലേക്കിറങ്ങാന്‍ പടവുകള്‍ കെട്ടിയിട്ടുണ്ട ്. അച്ചന്‍ അവിടെയും പ്രാര്‍ത്ഥിച്ചു. ആളുകള്‍ തങ്ങളുടെ ജിവിത അഭിലാഷം എന്ന നിലയില്‍ ജോര്‍ദാനിലെ വെള്ളത്തില്‍ കാലുനയ്ക്കയും, വെള്ളം കൈക്കുമ്പിളില്‍ കോരി തലയില്‍ പുരട്ടുകയും ചെയ്യുന്നു. അപ്പോള്‍ അവരുടെ മനസ്സില്‍ യോഹന്നാന്‍ ക്രിസ്തുവിനെ സ്‌നാനപ്പെടുത്തിയതിന്റെ ഓര്‍മ്മയും, എന്റെ ക്രിസ്തു തൊട്ട വെള്ളത്താല്‍ ഞാന്‍ ഇതാ സര്‍വ്വപാപങ്ങളില്‍ നിന്നും മുക്തമാക്കപ്പെട്ടിരിക്കുന്നു എന്ന ചിന്തിയുമായിരിക്കാം. സോളമന്‍ വെള്ളത്തില്‍ ഇറങ്ങാതെ വെള്ളരിപ്രാവുകള്‍ പറന്നിറങ്ങുന്നുവോ എന്നു നോക്കി. ഒന്നിനേയും കണ്ട ില്ല. അല്പം മാറി മറ്റൊരു കടവില്‍ ഒരു പാസ്റ്റര്‍ ആരെയൊക്കയോ സ്‌നാനപ്പെടുത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതില്‍ ക്രിസ്തു ഇറങ്ങിയ കടവേതായിരിക്കാം....? ഏതായാല്‍ എന്ത്. ഒരോ വിശ്വാസിയും ഒരേ തൂക്കുപാലത്തില്‍ക്കുടി കടന്നു പോകുന്നവരാണ്.
ഇനി ചാവുകടലില്‍ ഇറങ്ങി ചെളിയില്‍ കുളിക്കുവാനുള്ള അവസരമാണ്, വിവിധരാജ്യങ്ങളിലെ വിശ്വാസികള്‍ ചെളി അടിമുടിതേച്ച് ഉണങ്ങാന്‍ കിടക്കുന്നു. ഇവിടെ വര്‍ക്ഷവും, വംശവും, ഭാഷയും, നിറവും ഒന്നും ഒരു പ്രശ്‌നമല്ല. രോഗശാന്തി എന്ന വിശ്വാസം. ധാരാളം മിനറലുകള്‍ അടങ്ങിയിരിക്കുന്ന വെള്ളത്തില്‍ ആരും താണുപോകയില്ല. ഒരോദിവസവും ഈ കടല്‍ ഉള്‍വലിഞ്ഞു കൊണ്ട ിരിക്കയാണന്നും, ഒരുനാള്‍ ഇവിടം ഉണങ്ങി വരണ്ട ു പോകുമെന്നും പഠിതാക്കള്‍ പറയുന്നു. ഇവിടെ അച്ചന്‍ പ്രാര്‍ത്ഥിച്ചില്ല എന്നു സോളമന്‍ ഓര്‍ക്കുന്നു. അവിടം ഒരു പുണ്യസ്ഥലം എന്നതിനേക്കാള്‍ അതൊരു ബീച്ചുപോലെ ആയിരുന്നതിനാലാകാം. എല്ലാവരും കുളിച്ചുകേറി ചാവുകടല്‍ ചുരുളുകള്‍ കണ്ടെ ടുത്ത സ്ഥലവും സന്ദര്‍ശിച്ചു. ബൈബിളിലെ ഒരോ നാഴിക കല്ലുകളും തൊട്ടും ഉരുമ്മിയും ഉള്ള യാത്രയായതിനാല്‍ എല്ലാം ഉള്‍ക്കൊള്ളാനോ തിരിച്ചറിയാനോ സമയം ലഭിക്കുന്നില്ല. വിശന്നിരിക്കുന്നവന്റെ മുന്നില്‍ ഏറെ വിഭവങ്ങള്‍- ആവശ്യത്തില്‍ കൂടുതല്‍ കണ്ട ാല്‍, ആദ്യം വലിച്ചുവാരിതിന്നുകയും പിന്നെ തൊട്ടുനോക്കി ഉദാസീനനാകുകയും ചെയ്യുന്നതുപോലെ, കാഴ്ച്ചകളുടെ എണ്ണം കൂടും തോറും, ഒരു ചടങ്ങുപോലെ ആയി യാത്ര. അച്ചന്‍ ഒരോ സ്ഥലത്തിന്റേയും വേദപുസ്തക പരാമര്‍ശങ്ങള്‍ വിവരിക്കുന്നുണ്ട ായിരുന്നു. ഒന്നും തലയില്‍ കയറുന്നില്ല. ഓര്‍മ്മയില്‍ തങ്ങുന്നുമില്ല. കാരണം ഭൂപ്രകൃതി എല്ലാം ഒരുപോലെ എന്നതാകാം. കുറെ കല്ലുകളും പാറകളും. അതിന്റെമേല്‍ പടുത്തുയര്‍ത്തിയ പള്ളികള്‍ എന്നു വിളിക്കുന്ന കുറെ കെട്ടിടങ്ങള്‍. കുറെ വലച്ചുകെട്ടലുകള്‍. ആധിപത്യം സ്ഥപിക്കല്‍. കത്തൊലിക്കരും, ഗ്രീക്കോര്‍ത്തഡോക്‌സു കാരും, കോപ്റ്റിക്ക് ചര്‍ച്ചുകാരും, മുസ്ലിംകളും, യഹൂദരും ഒക്കെക്കുടിച്ചേര്‍ന്ന വളച്ചുകെട്ടലുകള്‍. ഒരു വിശ്വാസിക്ക് താന്‍ ആരാണന്നറിയാന്‍ വയ്യാത്ത അവസ്ഥ. ചരിത്രത്തിന്റെ തനിമ നഷ്ടപ്പെട്ട കാഴ്ച്ചകള്‍. ലാസറിനെ ഉയര്‍പ്പിച്ച സ്ഥലവും, സെന്റ് ജോര്‍ജ്ജ് ചര്‍ച്ചും, ഏലിയാവു ജീവിച്ചിരുന്നു എന്നു പറയുന്ന സ്ഥലവുമൊക്കെ കണ്ട പ്പോള്‍ സോളമന്റെ മനസ്സില്‍ ഇത്തരം ചിന്തകളായിരുന്നു.
ആറാം ദിവസത്തെ യാത്ര ഏതൊരു യെരുശ്ലേം തീര്‍ത്ഥാടകന്റേയും ജന്മസാഭല്യത്തിന്റേതായിരുന്നു. രക്ഷകന്‍ ജനിച്ച ബെദ്‌ലഹേമും, കാലിത്തൊഴുത്തും, പുല്‍ക്കൂടും ഒക്കെ കാണുക എന്നുള്ളത്. പക്ഷേ വന്നു കണ്ട പ്പോള്‍ ഒരു ശരാശരി മലയാളിയുടെ കാലിത്തൊഴുത്തും, പുല്‍ക്കൂടും ഒക്കെ, അവന്റെ ജീവിത പരിസരത്തുനിന്നും അവന്‍ മെനഞ്ഞുണ്ട ാക്കിയതായിരുന്നു എന്ന തിരിച്ചറിവില്‍, ഒന്നുറക്കെ ചിരിക്കണമെന്നു തോന്നി. വലിയൊരു പള്ളിയുടെ അടിയില്‍ ഒരാള്‍ക്കിറങ്ങാവുന്ന ഒരറ. അവിടെയാണത്രേ യേശു ജനിച്ചത്. പള്ളിയില്‍ വലിയ ജനത്തിരക്ക്. ആരുടേയോ കല്ല്യാണത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. കല്ല്യാണക്കാരെ തടസപ്പെടുത്താതെ തീര്‍ത്ഥാടകര്‍, അള്‍ത്താരയുടെ വലതുവശത്തുള്ള ആയിരക്കണക്കിനു ഭക്തരില്‍ അണിചേര്‍ന്നു. അവിടെ ഒരോരുത്തരും അവരവരുടെ സമയത്തിനായി കാത്തു. മറിയാം യേശുവിനെ പ്രസവിച്ച കാലിത്തൊഴുത്തില്‍ ഭക്തര്‍ മുട്ടുകുത്തുകയും, മഴുകുതിരികള്‍ കത്തിക്കുകയും ചെയ്ത്, തങ്ങളുടെ ജന്മം സഫലമായി എന്ന ആത്മനിര്‍വൃതിയില്‍ മറുവാതിലിലുടെ പുറത്തേക്കൊഴുകുന്നു.
തന്റെ കൂട്ടത്തിലുള്ളവരെല്ലാം പുറത്തുവന്നു എന്നുറപ്പുവരുത്താനായി തലയെണ്ണി, അച്ചന്‍ എല്ലാവരോടുമായി പറഞ്ഞു; '1145 എ.ഡി. യില്‍ ഹെലിനാ രാജ്ഞി ഇവിടം സന്ദര്‍ശിക്കയും, ബൈസിന്ത്യന്‍ എന്ന സന്യാസി സമൂഹത്തെ ഇന്നീ കാണുന്ന പള്ളി പണിയാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു.' ഇതിലെ അലങ്കാരപ്പണികളേയും, അസംഖ്യം ധൂപകലശങ്ങളേയും പറ്റി അച്ചന്‍ എന്തൊക്കയോ പറയുന്നു. സോളമന്‍ ചിന്തിച്ചത്, നഷ്ടപ്പെട്ട ക്രിസ്തുവിന്റെ ജന്മസ്ഥലത്തിന്റെ തനിമയെപ്പറ്റിയായിരുന്നു. ഇന്നെല്ലാം ഒരുക്കപ്പെട്ട കാഴ്ചകാളായി മാറിയിരിക്കുന്നു. ''ക്രിസ്തുമസ് ട്രീ ഉണ്ട ായതെങ്ങനെയെന്നറിയാമോ?'' അച്ചന്‍ ചോദിച്ചു, എല്ലാവരുടേയും ആകാംക്ഷ വര്‍ദ്ധിച്ചു. ''വിദ്വാന്മാര്‍ യേശുവിന്റെ ജനനത്തെക്കുറിച്ചറിഞ്ഞ് ഇവിടെ എത്തിയപ്പോള്‍, ഗുഹാമുഖം ചിലന്തിവലകളാല്‍ മൂടപ്പെട്ടിരുന്നു. ആ ചിലന്തിവലകളില്‍ തങ്ങിനിന്ന മൂടല്‍ മഞ്ഞ് പ്രാഭാത സൂര്യനാല്‍ തിളങ്ങി. അതാണ് പിന്നിടു ക്രിസ്തുമസ് ട്രിയില്‍ അലങ്കാരങ്ങളും വെളിച്ചങ്ങളും വരാന്‍ കാരണം.'' ഒരു സമസ്യയുടെ പൊരുള്‍ തിരിഞ്ഞ ആശ്വാസത്തില്‍ എല്ലാവരും പരസ്പരം നോക്കി. പിന്നെ മില്‍ക്കി ഗ്രോട്ടോ കണ്ടു. മാതാവും കുഞ്ഞും ഒളിച്ചു താമസിച്ച സ്ഥലമാണതെന്നു കരുതപ്പെടുന്നു. മറിയത്തിന്റെ മുലപ്പാല്‍ വീണതിനാലാണ് ആ ഗുഹയിലെ പാറയ്ക്ക് പാല്‍ നിറം കിട്ടിയതത്രേ. എല്ലാം കേട്ടറുവുകളാണല്ലോ...? കേട്ടറുവുകള്‍ വിശ്വാസവും ഐതിഹ്യങ്ങളും ആകുമ്പോള്‍... കുമ്മായകല്ലുകള്‍ ആയിരിക്കാം. സോളമന്‍ അതിനെക്കുറിച്ചധികം ആലോചിച്ചില്ല. ഒരോരുത്തര്‍ക്കും അവരവരുടെ വിശ്വാസങ്ങളില്‍ ഉറച്ചു നില്‍ക്കാനുള്ള അവകാശം ഉണ്ട ല്ലോ.
ഈ യാത്ര ഒരു ചരിത്ര വിദ്യാര്‍ത്ഥിയുടെ ഗവേഷണയാത്രയല്ല. പാരമ്പര്യ വിശ്വാസങ്ങളെ തൊട്ടും തലോടിയുമുള്ള യാത്രയായിരുന്നു. എത്ര മാത്രം വസ്തുതാപരമായ ശരിയുണ്ടെ ന്നുള്ള അന്വേഷണം അസാദ്ധ്യമായിരുന്നു. ഒരോ വളവുകളും തിരിവുകളും പഴയ - പുതിയ നിയമങ്ങളിലെ ലിഖിതങ്ങളുമായി ബന്ധപ്പെടുത്തി അച്ചന്‍ പ്രാര്‍ത്ഥിക്കുന്നു. എല്ലാവരും ഒപ്പം കൂടുന്നു. യാക്കോബിന്റെ കിണറില്‍ വെള്ളം കോരാന്‍ ഒരോരുത്തരം ഉത്സുകര്‍ ആയിരുന്നു. ആ കയറില്‍ ഒന്നു തൊടാന്‍ പലരും തിരക്കു കൂട്ടി. കിണറിന്റെ കാര്യവിചാരകന്‍ അത്ര പ്രസന്നന്‍ ആയിരുന്നില്ല. മെഴുകുതിരി വില്‍ക്കുന്നതിനിടയില്‍, കുരുങ്ങിയ കയറു നിവര്‍ത്തി കൊടുക്കാനും മറ്റും അയാള്‍ സഹായിക്കുന്നുണ്ട ായിരുന്നു. അയാളുടെ മുഖത്തൊരു പുച്ഛരസമായിരുന്നെപ്പോഴും. പണ്ട ് ക്രിസ്തു ശമര്യാ സ്ത്രിയോടു വെള്ളം ചോദിച്ച കിണര്‍ ഇതാണത്രേ. ഞങ്ങളുടെ കൂട്ടത്തിലെ സ്ത്രീകളെല്ലം വെള്ളം കോരുകയും മുഖത്തും തലയിലും പുരട്ടുകയും ചെയ്തു. അവരുടെ മുഖം അപ്പോള്‍ പ്രകാശിക്കയും, ശമരിയാക്കാരിയെപ്പോലെ എന്റെ ക്രിസ്തുവിനു വെള്ളം കേരിയവള്‍ എന്നു സന്തോഷിക്കയും ചെയ്തു. കൂട്ടത്തില്‍ ഒരുവള്‍ നാലായിരമോ അയ്യായിരമോ വര്‍ഷങ്ങളുടെ പിറകില്‍ നിന്നും വരുന്നവളെപ്പോലെ മുന്നോട്ടുവന്ന് യാക്കോബിന്റെ കിണറ്റില്‍ നിന്നും സര്‍വ്വ ഭക്തിയാദരങ്ങളോടേയും തൊട്ടിയും കയറും വെള്ളത്തിലേക്കിറക്കി കോരാന്‍ തുടങ്ങി. തൊട്ടിയിലെ ഭാരം വലിച്ചുകേറ്റാന്‍ ആ കൈകള്‍ക്കു ത്രാണീയില്ലാതെ പകുതിയില്‍ തൊട്ടിയും കയറും കയ്യില്‍ നിന്നും വഴുതി വലിയ ശബ്ദത്തില്‍ താഴേക്കു പതിച്ചു. കാര്യവിചാരകന്‍ എന്തൊക്കയോ പുലമ്പിക്കൊണ്ട ് ഓടിവന്ന് കയറില്‍ പിടിച്ചു. യാക്കോബിന്റെ കിണറില്‍ നിന്നും കോരിയവള്‍ എന്ന ഖ്യാതി തനിക്കു മാത്രം ലഭിച്ചില്ലല്ലോ എന്ന നിരാശയില്‍ അവര്‍ തലയും കുനിച്ച് ഒരാമയെപ്പോലെ വന്ന കാലത്തിലേക്കു തന്നെ നടന്നു നീങ്ങി.
ഏഴാം ദിവസം മര്‍ക്കോസിന്റെ മാളിക അല്ലെങ്കില്‍ സെഹിയോന്‍ മാളികയില്‍ എത്തി. ഏകദേശം അമ്പതില്‍ പരം ആളുകള്‍ക്കിരിക്കാവുന്ന ഒരു ചെറിയ ചാപ്പല്‍. അവിടെ അച്ചനു കുര്‍ബാന അര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരിക്കിയിരുന്നു. ഇവിടെയാണ് ക്രിസ്തുവിന്റെ അവസാന അത്താഴം ഒരിങ്ങിയതെന്നുള്ള വിശ്വാസത്താല്‍ എല്ലാവരും ക്രിസ്തുവിന്റെ ശരീരരക്തങ്ങളില്‍ പങ്കാളീയാകാന്‍ തിടുക്കപ്പെട്ടു. ക്രിസ്തു അവസാനമായി അപ്പവും വീഞ്ഞും വാഴ്ത്തി അനുഗ്രഹിച്ച് തന്റെ ശിഷന്മാര്‍ക്ക് കൊടുത്ത അതെ സ്ഥലത്തുവെച്ചുതന്നെ ക്രിസ്തുവിനെ അനുഭവിക്കുന്നത് ഒരു ഭാഗ്യമായി എല്ലാവരും കരുതി. അവിടെയും രണ്ട ുപേര്‍ വേറിണ്ട ു ചിന്തിക്കുന്നവരായി ഉണ്ട ായിരുന്നു. സോളമന് അതു തന്നെയോ ശരിക്കുമുള്ള സെഹിയോന്‍ മാളീക എന്ന സന്ദേഹമായിരുന്നെങ്കില്‍ മറ്റേ സ്ത്രിയുടെ ചിന്ത എന്തായിരുന്നുവെന്നറിയില്ല. അവിടെ ഇത്തരത്തിലുള്ള ഒന്നിലധിക മാളികകള്‍ ഉണ്ട ായിരിന്നു എന്നുള്ളതുറപ്പായിരുന്നു. കാരണം ഒരേ സമയത്തുവരുന്ന ഒരോ ഗ്രൂപ്പുകളേയും പലമാളികകളിലേക്ക് തിരിച്ചു വിടുന്നത് സോളമന്‍ കണ്ട ിരുന്നു. അതു കൊണ്ട ു തന്നെ ഏതാണു ശരി എന്ന ചിന്തയാല്‍ എല്ലാം കണ്ട ും കേട്ടും സോളമന്‍ നടന്നു.
യെരുശ്‌ലേമിനെ മൂന്നു സോണുകളായി തിരിച്ചിരിക്കുന്നു സോണ്‍ എ. പാലസ്തീന്‍കാര്‍ മാത്രം. സോണ്‍ ബി. പാലസ്തീനികളും, യിസ്രായേലികളും. സോണ്‍ സി. യിസ്രായേലികള്‍ മാത്രം. ഒരോരുത്തരും അടുത്ത അതിരുകള്‍ കടക്കണമെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വേണം. മൂന്നു സ്ഥലങ്ങളിലും പൊതുവേ പ്രവേശനമുള്ളവര്‍ക്ക് പൊതു ഡ്രൈവിങ്ങ് ലൈസന്‍സുകള്‍ ഉണ്ട ്. ദാവിദിന്റെ പട്ടണമായ പഴയ യരുശുലേമിലേക്കു കടക്കുമ്പോള്‍ ഗൈഡ് സ്ഥലത്തെക്കുറിച്ചുള്ള ഒരു പൊതുവിവരണം തന്നു.
ബി.സി.ഇ. തൊള്ളായിരത്തി അറുപതാമാണ്ടിനോടടുത്ത് ദാവീദിന്റെ മകന്‍ ശലോമോന്‍ പണികഴിപ്പിച്ച യരുശലേം ദേവാലയം യഹൂദന്മാരുടെ അഭിമാനവും, യിസ്രായേലിന്റെ കിരീടവുമായി കണക്കാക്കിയിരുന്നു. ഏകദേശം നാനുറുവര്‍ഷങ്ങള്‍ യഹൂദരുടെ ഗര്‍വ്വായി നിലകൊണ്ട ആ ആരാധനാലയം ബാബിലോണിയന്‍ രാജാവായ നെബുനെശറാല്‍ ആക്രമിക്കപ്പെടുകയും തുടച്ചു മാറ്റപ്പെടുകയും ചെയ്തു. ബി.സി.ഇ. തൊള്ളായിരത്തി അറുപതില്‍ ഏഴുവര്‍ഷങ്ങല്‍ കൊണ്ട ് പണിതീര്‍ത്ത ദേവാലയം ബി.സി.ഇ. അഞ്ഞൂറ്റി എണ്‍മ്പത്താറില്‍ തകര്‍ക്കപ്പെട്ടു. മനോഹരമായ യരുശലേം ദേവാലത്തിന്റെ പണിയെല്ലാം കഴിഞ്ഞ് ഒരു തെളിഞ്ഞ സന്ധ്യക്ക്, തന്റെ വെപ്പാട്ടിമാര്‍ക്കൊപ്പം അരമനയുടെ മട്ടുപ്പാവില്‍, മുന്തിരിച്ചാറിന്റെ ലഹരിയില്‍ ഉലാത്തവേ ആ ദേവാലയത്തെ നോക്കി ശലോമോന്‍ പറഞ്ഞു: 'ആകാശവും ഭൂമിയും കവിഞ്ഞു നില്‍ക്കുന്നവനായ യഹോവയെ… നിന്നെ അധിവസിപ്പിക്കാനായി ഞാന്‍ പണിത ഈ മന്ദിരത്തിനു നിന്നെ ഉള്‍ക്കൊള്ളാന്‍ കഴിയുമോ.' ശലോമോന്‍ ഉച്ചത്തില്‍ ചിരിച്ചു. മുന്തിരിച്ചാറു മോന്തി ഇഷ്ടപ്പെട്ട തോഴിയുടെ തോളില്‍ കയ്യിട്ട് അന്തപ്പുരത്തിലേക്ക് പോകവേ വീണ്ട ും പറഞ്ഞു: ഭഅല്പനായവന്റെ പ്രവൃത്തികള്‍ എത്ര കഷ്ടം.
ജ്ഞാനികളില്‍ ജ്ഞാനിയാ ശലോമോന്റെ വാക്കുകള്‍ ആരെങ്കിലും കേട്ടിരുന്നെങ്കില്‍? ദൈവത്തെ കുടിയിരുത്താന്‍ വലിയ പള്ളികള്‍ മത്സരബുദ്ധിയോടു പണിയുന്നവരേയും, മറ്റവന്റെ പള്ളി പിടിച്ചെടുക്കാന്‍ കുരുതിക്കളങ്ങള്‍ മെനയുന്നവരേയും ഓര്‍ത്ത് സോളമന്‍ ചിന്തിക്കയായിരുന്നു. രണ്ട ായിരത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കപ്പുറം തകര്‍ക്കപ്പെട്ട ആ ദേവാലയം പുനര്‍നിര്‍മ്മിക്കുക എന്നത് യിസ്രായേലിന്റെ ഒരു വലിയ സ്വപ്നവും പ്രതിജ്ഞയുമാണ്. എങ്കില്‍ മാത്രമോ ജൂത വംശത്തിന്റെ സമ്പൂര്‍ണ്ണ രാഷ്ട്രം നിലവില്‍ വരുകയുള്ളു എന്നവര്‍ കരുതുന്നു. അതിനു വേണ്ടി നിരപരാധികളുടെ ഒത്തിരി ചോര ഒഴുകി. ഇനിയും ഒഴുകും. ദൈവത്തെ കൈപ്പിടിയില്‍ ഒതിക്കി എന്നഹങ്കരിക്കുന്ന കൂട്ടം. ശലോമോനെ ആരും വായിയ്ക്കുന്നില്ല. ഇന്ന് ഇന്ത്യയിലും സമാനമായ ഒരു ദേവാലയ തര്‍ക്കും പുകയുന്നു. രാമന്റെ അമ്പലമോ, അള്ളാഹുവിന്റെ പള്ളിയോ എന്ന തര്‍ക്കും. ദൈവം രണ്ട ിടത്തും മാറി നിന്നു ചിരിക്കുന്നു.
യരുശലേം ദേവാലത്തിന്റെ ഇന്ന് അവശേഷിക്കുന്ന ഒരേ ഒരു ഭാഗം പടിഞ്ഞാറെ ഭിത്തിയാണ്. അതൊരു കോട്ടപോലെ നില്‍ക്കുന്നു. ഒരു വശത്ത് യഹൂദനം മറുവശത്ത് മുസ്ലീമും. മുസ്ലീം ഭാഗത്തേക്കു കടക്കാന്‍ അനുവാദം ഇല്ല. അതു കലാപഭൂമിയാണ്. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം ഞങ്ങള്‍ വിശാലമായ ആ തുറസിലേക്കു നടന്നു. വിലാപ മതില്‍ അല്ലെങ്കില്‍ വെയിലിങ്ങ് വാള്‍ എന്നറിയപ്പെടുന്ന ദേവലയത്തിന്റെ അവശേഷിക്കുന്ന ഭിത്തിക്കരികിലേക്കു നടന്നു. പക്ഷേ ഒരെഹൂദനുമാത്രമേ അവിടെ പ്രവേശിക്കാനനുവാദമുള്ളു. അവിടെ വരുന്ന യഹൂദരല്ലാത്തവര്‍ക്ക് താല്‍കാലികമായി മതചിഹ്നമായ തൊപ്പിവെച്ച് വിലാപമതിലിലേക്കു പോകാവുന്നതാണ്. ഞങ്ങള്‍ അവിടെ ഒരു പാത്രത്തില്‍ വെച്ചിരുന്ന യെഹൂദ തൊപ്പികളണിഞ്ഞ് താല്‍ക്കാലിക മതമാറ്റം വരുത്തി. രക്ഷ ആദ്യം യഹൂദനും പിന്നെ ശേഷം ജാതികള്‍ക്കും എന്ന വചനം ഓര്‍ത്ത് സോളമന്‍ ഉള്ളില്‍ ചിരിച്ചു. ഈ മതമാറ്റത്തിന്റെ പേരിലെങ്കിലും അന്ത്യവിധിയില്‍ തനിക്കും കൂട്ടുകാര്‍ക്കും യഹൂദനു കൊടുക്കുന്ന രക്ഷയുടെ പങ്കുപറ്റാമല്ലോ എന്ന ചിന്ത. വിലാപമതിലില്‍ പ്രാര്‍ത്ഥിച്ചാല്‍ പരിഹാരം ഇറങ്ങിവരുമെന്നു പലരും കരുതുന്നു. കൂടെ വന്നവരൊക്കെ ഒരു ചടങ്ങെന്നപോലെ മതിലില്‍ തലമുട്ടിച്ചു വണങ്ങുന്നു. മറ്റു ചിലര്‍ ആവശ്യങ്ങളുടെ ഒരു വലിയ പട്ടിക കല്ലുകളിലെ വിടവില്‍ തിരുകി, യെഹോവ സൗകര്യം പൊലെ വായിച്ച് ആലോചിച്ച് കൃപ ഇറക്കിതരട്ടെ എന്ന ഔദാര്യപ്പെടുന്നു. ചില യെഹൂദര്‍ തോറയും നിവര്‍ത്തി മുന്നിലേക്കും പുറകിലേക്കും ആടിയാടി തങ്ങളുടെ വിലാപങ്ങള്‍ ചൊല്ലിത്തീര്‍ക്കുന്നു. നാട്ടിലെ മുടിയാട്ടക്കാരെ ഓര്‍മ്മിപ്പിക്കുന്ന ഒരു നാടന്‍ കല മാതിരി തോന്നി. അത്തരം യഹൂദന്മാര്‍ ഒരു പ്രത്യേക വര്‍ക്ഷമായി തോന്നി. ഇടുങ്ങിയ കറുത്ത കോട്ടും, കറുത്ത മജീഷ്യന്‍ തൊപ്പിയും, ആടിന്റെ താടിയില്‍ കിളിച്ച കിങ്ങിണി പോലെ ചെന്നിയില്‍ രണ്ട ുവശത്തും തൂങ്ങിക്കിടക്കുന്ന പിരിച്ച മുടിയും അവരുടെ മുഖ മുദ്രയാണ്. അവര്‍ ചിരിക്കാറില്ല. സദാ ഒരു ഗൗരവ ഭാവമാണ്. ന്യുയോര്‍ക്കിലും അവരെ അങ്ങനെ തന്നെയാണു കാണുക. കടുത്ത യാഥാസ്ഥിതിക ജൂതന്മാരാണവര്‍. പെണ്ണിനും ആണീനും പ്രത്യേക സ്ഥലങ്ങളാണ് പ്രാര്‍ത്ഥിക്കാന്‍ അനുവധിച്ചിരുന്നത്. എല്ലാവരും ഒന്നിച്ചപ്പോള്‍ വീണ്ട ും കാഴ്ചകളിലേക്കിറങ്ങി.
മാതാവിന്റെ അമ്മ അന്ന താമസിച്ചിരുന്നതെന്നു പറയപ്പെടുന്ന സ്ഥലവും, അതിനോടു ചേര്‍ന്നുള്ള ബഥ്‌സയ്ദാ കുളവും കണ്ടു. കുളം വെള്ളമില്ലാതെ വറ്റി വരണ്ട ു കിടക്കുന്നു. മനുഷ്യനിര്‍മ്മിതമായ പടവുകള്‍ കാലപ്പഴക്കത്തിന്റെ കഥയിലെ കല്ലുകടിയായി. പിന്നീട് ക്രിസ്തുവിന്റേയും ഒപ്പം ക്രിസ്ത്യാനിയുടെയും കഥയിലെ വളരെ പ്രധാനപ്പെട്ട ഏടുകള്‍ വരച്ച പീലാത്തോസ്സിന്റെ അരമന ഉണ്ട ായിരുന്നു എന്നു പറയപ്പെടുന്ന സ്ഥലമാണു കണ്ട ത്. അവിടേയും ഇവിടെയും കാലത്തിന്റെ അടയാളങ്ങളായി റോമാസമ്രാജ്യത്തിന്റെ ചില അടയാളങ്ങള്‍. ഇടിഞ്ഞു പോയ, അല്ലെങ്കില്‍ അധിനിവേശത്താല്‍ നശിപ്പിക്കപ്പെട്ട ആ കെട്ടിടും ക്രിസ്ത്യന്‍ മിഷനറിമാര്‍ കൈയ്യേറി സ്മാരക മന്ദിരങ്ങള്‍ പണിതിരിയ്ക്കുന്നു. സോളമന്റെ മനസ്സില്‍ ജനക്കൂട്ടത്തിന്റെ ഒച്ചകള്‍ അലയടിക്കുന്നു. അവനെ ക്രൂശിക്ക. ബറബാസിനെ മോചിപ്പിക്കുക. ആള്‍ക്കൂട്ട നീതി അന്നും ഇന്നും ഒന്നു പോലെ. നീതിമാനെതിരെ അധികാരം ഗൂഡാലോചന നടത്തുന്നു. പീലാത്തോസിന്റെ നീതിബോധം ഒരു പ്രതിസന്ധിയെ നേരിടുകയാണ്. ഇവന്‍ നീതിമാനേന്നു പറഞ്ഞു വെറുതെവിട്ടാല്‍, പുരോഹിത വര്‍ക്ഷം അവരുടെ അനുയായികളെ റോമാ സാമ്രാജ്യത്തിനെതിരെ തിരിക്കും. പിന്നെ തന്റെ ഭരണം ഇവിടെ സുഗമം ആകുകയില്ല.
പീലാത്തോസ്സ് ക്രിസ്തുവിനെ കുറ്റാവാളിയെന്നു ചാപ്പ കുത്തി. അവന്‍ തന്റെ കൈകളെ കഴുകി. അധികാരികള്‍ എപ്പോഴും, എക്കാലത്തും നീതിപീഠങ്ങളെ വിലയ്ക്കു വാങ്ങുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ട ിലും അതിനു മാറ്റമൊന്നുമില്ല. അപ്പോള്‍ ഒരു ചോദ്യം...അന്നവന്റെ കൂടെ, അവന്റെ പിന്നാലെ നീ രക്ഷകന്‍ എന്നു പറഞ്ഞു നടന്നവര്‍ എവിടെ. അവരൊക്കെ സ്വന്തം ലാഭത്തിനും നേട്ടത്തിനും വേണ്ട ി മാത്രം അവന്റെ പിന്നാലെ അത്ഭുതങ്ങളും അടയാളങ്ങളും കണ്ട ു കൂടിയവര്‍. അവന്‍ വിചാരണ നേരിട്ടപ്പോള്‍ ഏകനായിരുന്നു. പന്ത്രണ്ടു പേരെ അവന്‍ കൂടെ നിര്‍ത്തി. പക്ഷേ പലരും ഒറ്റുകാരായി, ഒളിച്ചുപോയി. പക്ഷേ ഒരുവള്‍ ഒളിഞ്ഞും പാത്തും അവന്റെ പിന്നാലെ ഉണ്ട ായിരുന്നു. അവള്‍ക്കു വിലപ്പെട്ടതൊക്കേയും അവനായി സമര്‍പ്പിച്ചവള്‍. മഗ്ദലനക്കാരി മറിയ. സത്യത്തില്‍ അവളാണു ക്രിസ്തുവിനെ ഉയര്‍പ്പിച്ചത്. അവളുടെ വാക്കുകളാണു ശിക്ഷ്യന്മാരെ ഒന്നിപ്പിച്ചത്. അവളെ ആരെങ്കിലും തിരിച്ചറിഞ്ഞോ.
അച്ചന്‍ കഥകള്‍ പറയുന്നു. സോളമന്‍ ഒന്നും കേട്ടില്ല. മനസ്സുമുഴുവന്‍ ഒരു കാലത്തെ പുനരാവിഷ്‌കരിക്കാനുള്ള വെമ്പലിലായുരുന്നു. ക്രിസ്തുവും മഗ്നലനക്കാരി മറിയവുമൊക്കെ ഇങ്ങനെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്നു. അച്ചന്‍ ക്രിസ്തുവിന്റെ പീഡനവഴികളിലുടെ നടക്കാന്‍ തുടങ്ങി. കത്തോലിക്കര്‍ കുരിശിന്റെ വഴികള്‍ എന്നു പറയുന്നു. കല്ലുകള്‍ പാകി നിരപ്പാക്കിയ കയറ്റത്തിലേക്കാണു വഴി നയിക്കുന്നത്, രണ്ട ു വശങ്ങളും കച്ചവടക്കാരുടെ കയ്യേറ്റം. ക്രിസ്തു ഇവിടം മുതലേ ഒരു കച്ചവട ചരക്കായി മാറുന്നു. ഇടയ്ക്കുള്ള ചെറിയ ഇടങ്ങള്‍ സ്റ്റേഷന്‍ ഒന്ന്, രണ്ട ്....അങ്ങനെ പതിനാലു വരെ. പല ക്രിസ്ത്യന്‍ മിഷനറിമാരുടെ നിയന്ത്രണത്തിലുള്ള പാലസ്തിനിയന്‍ മണ്ണാണത്. അച്ചന്‍ പ്രാര്‍ത്ഥിച്ചും കുരിശുവരച്ചും മുന്നേറുന്നു. കൂട്ടത്തില്‍ എല്ലാവരുമുണ്ട ന്നു തലയെണ്ണി തിട്ടപ്പെടുത്തുന്നു. ഒടുവില്‍ ക്രിസ്തുവിനെ കുരിശില്‍ തറച്ചതെന്നു പറയുന്ന സ്ഥലത്തെത്തി. തിക്കിലും തിരക്കിലും , ഞെങ്ങിയും ഞെരുങ്ങിയും പാറമേല്‍ പണിത ആ വലിയ കെട്ടിടത്തില്‍ എത്തി. ആ പാറ ഗ്ലാസിട്ടു സംരക്ഷിച്ചിരിക്കുന്നു. പലരും മുട്ടു കുത്തുകയും കുമ്പിടുകയും ചെയ്യുന്നു. ഇതുതന്നെയാണാ സ്ഥലം എന്നുറപ്പുവരുത്താനായി അച്ചന്‍ ആ ഗ്ലാസിനടയിലെ വിടവില്‍ കൈയ്യിട്ട് കുരിശു നാട്ടിയിരുന്ന കുഴി ഉറപ്പുവരുത്താന്‍ എല്ലാവരോടൂം പറയുന്നുണ്ട ായിരുന്നു. ഒപ്പമുള്ള മറ്റു രണ്ട ു കിഴികള്‍ എവിടെ എന്നായിരുന്നു സോളമന്റെ അന്വേഷണം. ഇനി ക്രിസ്തുവിന്റെ ക്രൂശ് മറ്റൊരുടത്തായിരുന്നാലും ക്രിസ്തുവിനോടുള്ള സ്‌നേഹം കുറയില്ലല്ലോ എന്ന ചിന്തയില്‍ സോളമന്‍ തൊടാനോ മുട്ടുകുത്തുവാനോ തുനിഞ്ഞില്ല. പിന്നെ ക്രിസ്തുവിനെ കബറടക്കിയ സ്ഥലം. അവിടുത്തെ തിരക്ക് വളരെ കൂടുതലായിരുന്നു. ഏകദേശം ഒരുമണിക്കൂറോളം ലൈന്‍ നിന്ന് ഒരു ചെറിയ മുറിയില്‍ പ്രവേശിച്ചു. വലിയ ആര്‍ഭാടങ്ങളൊന്നും ഇല്ലാത്ത ഒരു ശവകുടീരം. പരുമലയിലെ കബറിടം ഇതിലും ആര്‍ഭാടം പൂരിതമായിരുന്നു എന്നു സോളമന്‍ ഓര്‍ത്തു. എല്ലാവരും ഭക്ത്യാദരവോട് കബറിടം കുമ്പിട്ട് ജന്മസാഫല്യം പൂണ്ട ് പുറത്തിറങ്ങി. അപ്പോള്‍ ഇന്ത്യക്കാരായ രണ്ട ുമൂന്നു ചെറുപ്പക്കാര്‍ ചോദിച്ചു ഇവിടെ എന്താണ്. ക്രിസ്തുവിന്റെ കബറിടം എന്നു പറഞ്ഞപ്പോള്‍ അവര്‍ എന്തൊക്കയോ ചിന്തയില്‍ പറഞ്ഞു. ഞങ്ങള്‍ കണ്ട ക്രിസ്തുവിന്റെ കബറിടം മറ്റൊന്നായിരുന്നല്ലോ എന്ന്. സോളമന്‍ വീണ്ട ും ചിരിച്ചു. ക്രിസ്തുവിനോടുള്ള സ്‌നേഹത്താല്‍ അവന്റെ കല്ലറയില്‍ കുമ്പിട്ടവന്റെമേല്‍ ചരിത്രത്തെ വഴിമാറ്റി വിട്ടവരുടെ ചതി. ഏതായാലും ഈ മണ്ണില്‍ എവിടെയെങ്കിലും കണ്ടെ ത്തപ്പെടാത്ത അനേകം സത്യങ്ങള്‍ക്കിടയില്‍ അതു കാണുമായിരിക്കും എന്നു സ്വയം സമാധാനിച്ച് നാളത്തെ യാത്രയെ സ്വപ്നം കണ്ട ു.
ഹോട്ടലില്‍ എത്തി കുളിയും മറ്റും കഴിഞ്ഞ് ഡൈനിങ്ങ് ഹാളില്‍ എത്തിയപ്പോള്‍ ബന്നി പറഞ്ഞു, അച്ചന്‍ നേരത്തെ പറഞ്ഞ മൂന്നു ടാപ്പുകള്‍ ഇവിടെയുണ്ട ്. ഒന്നില്‍ നിന്നും സോഡയും, മറ്റു രണ്ട ില്‍ റെഡ് വൈനും, വൈറ്റ് വൈനും. വൈറ്റ് വൈനിന്റെ ടാപ്പൂറ്റുമ്പോള്‍ മനസ്സില്‍ നഷ്ടപ്പെട്ട ക്രിസ്തുവിന്റെ കല്ലറയെക്കുറിച്ചുള്ള വേവലാതിയായിരുന്നു. ഉറങ്ങാന്‍ കിടക്കുമ്പോള്‍ എട്ടാം ദിവസത്തെ കാഴ്ചകള്‍ എങ്ങനെ എന്നുള്ള ചിന്തകളായിരുന്നു
കാഴ്കളുടെ ബാഹുല്യത്താല്‍ പലതും മനസ്സില്‍ പുനഃസൃഷ്ടിക്കപ്പെടുന്നില്ല. അബ്രഹാമിന്റേയും യാക്കോബിന്റേയും യിസഹാക്കിന്റെയും ഒക്കെ കല്ലറകള്‍ കാണാന്‍ പോകുന്നു എന്നു പറഞ്ഞപ്പോള്‍ ഓര്‍മ്മയിലേക്കു വന്നത്, യാക്കോബിന്റെ ഭാര്യ സാറാ മരിച്ചപ്പോള്‍ അവരെ അടക്കം ചെയ്യാന്‍ യാക്കോബ് പണം കൊടുത്തു വാങ്ങിയ കുറച്ചു നിലമുണ്ട ്. അതായിരിക്കുമോ ഇതെന്നതായിരുന്നു. രണ്ട ു മൂന്നു തട്ടുകളിലായി അല്പം പച്ചത്തലപ്പുകളുള്ള ഭൂമി. ഒന്നോ രണ്ടേ ാ പനകള്‍ നില്‍ക്കുന്നപോലെയുള്ള ഓര്‍മ്മ. ഒരു വലിയ കെട്ടിടത്തിലേക്ക് തോക്കേന്തിയ കാവല്‍ക്കാരേയും കടന്നു ചെന്നപ്പോള്‍ അത്ഭുതമാണു തോന്നിയത്. ഭിത്തിയോട് ചേര്‍ന്ന് ചില ശവകുടിരങ്ങള്‍. സന്ദര്‍ശകര്‍ വരിയായി നടക്കുന്നു. അതെ ഹാളില്‍ തന്നെ ശവകുടിരങ്ങളെ ഒരു സ്‌ക്രിനിനാല്‍ മറച്ച്, യഹൂദക്കുട്ടികളെ പഠിപ്പിക്കുന്ന സ്‌കൂള്‍. ഏതോ താഴ്ന്ന ക്ലാസുകളാണു നടക്കുന്നത്. ചെറിയ കുട്ടികള്‍ സന്ദര്‍ശകരെ മറന്ന് എന്തൊക്കയോ പഠിക്കുന്നു. ചരിത്രത്തില്‍കുടിയുള്ള നടന്നുകയറ്റത്തിനു കുട്ടികളെ പരിശീലിപ്പിക്കയാകാം. യഹൂദരുടെ തിരിച്ചറിയല്‍ അടയാളമാണവരുടെ തലയില്‍ കമഴ്ത്തിയ തൊപ്പി. അതൊരു മത ചിഹ്നം കൂടിയാണ്. കുട്ടികളുടെ ഒക്കെ രണ്ടും ചെവിയുടെ വശങ്ങളിലൂടെ ഞാന്നു കിടക്കുന്ന പിന്നിയിട്ട മുടി. അത് മതത്തിലെ ഏതോ ഉപവിഭാഗത്തിന്റെ അടയാളമാണ്. ഒരാളെ കാണുമ്പോള്‍ തന്നെ കുലവും ജാതിയും തിരിച്ചറിയപ്പെടുന്നു. കേരളത്തിലും ഒരുകാലത്തങ്ങനെ ഉണ്ട ായിരുന്നു. ഇനിയും ആ കാലം തിരിച്ചുവരില്ലന്നാരു കണ്ട ു. ആ വലിയ കെട്ടിടം നടുവിലുടെ ഭിത്തിയാല്‍ വേര്‍തിരിച്ചിരിക്കുന്നു. മറുവശം പാലസ്തീന്റെ അധീനതലത്രെ. അവിടേക്കു പ്രവേശനമില്ല. യഹൂതരുടെ പല പൂര്‍വ്വ പിതാക്കന്മാരുടേയും കല്ലറ മറുപുറത്താണ്. കൂട്ടത്തില്‍ യിസ്മായേലിന്റെയും. ഇനി അതിനു വേണ്ട ി എന്നാണാവോ ഒരു യുദ്ധം നടക്കുക. ഇവിടം എപ്പോഴും സങ്കര്‍ഷ ഭരിതമാണ്. എപ്പോഴാണ് തോക്കേന്തിയവര്‍ വരിക എന്നറിയില്ല.
ശവപ്പറമ്പില്‍ നിന്നും ഇറങ്ങി ഒലിവുമലയില്‍ എത്തി. യേശുവിന്റെ ഓശാനയുടെ യാത്ര ഈ വഴിയായിരുന്നു എന്നു പറയുന്നു. കുരുത്തോലകള്‍ ഏന്തിയ ജനം. കഴുതപ്പുറത്തെ ക്രിസ്തു!. വഴിയില്‍ വിരിച്ച മേല്‍മുണ്ട ുകള്‍. അന്നിതൊരു നടപ്പാത മാത്രമായിരുന്നിരിക്കാം. ഇന്നും അധികം വീതിയൊന്നുമില്ല. മലമുകളില്‍ നിന്നും താഴേക്കുള്ള ഇറക്കം. അച്ചന്‍ ഓശാന ഗാനം ആലപിച്ച്, ആ കാലത്തെ പുനഃസൃഷ്ടിക്കാന്‍ ശ്രമിച്ചു. എല്ലാവരും അവരവരെക്കൊണ്ട ാവുന്ന വിധത്തില്‍ ഓശാന പറഞ്ഞു. ഗദ്ശമനാം തോട്ടവും കണ്ട ്, ക്രിസ്തു സ്വര്‍ക്ഷരോഹണം ചെയ്തു എന്ന പറയുന്ന മലയില്‍ എത്തി. അവിടെയെല്ലാം അച്ചന്‍ മുറതെറ്റാതെ പ്രാര്‍ത്ഥിക്കുന്നുണ്ട ായിരുന്നു.
യോശാഫേത്ത് താഴ്‌വരയില്‍ ക്രുസ്തു ശിഷന്മാരെ എങ്ങനെ പ്രാര്‍ത്ഥിക്കേണം എന്നു പഠിപ്പിച്ച. ഞങ്ങക്ക് അന്നന്നത്തെ അപ്പം തരേണമേ... അതില്‍ എല്ലാം അടങ്ങിയിരിക്കുന്നു. ഒരു സമ്പൂര്‍ണ്ണ പ്രാര്‍ത്ഥന. എല്ലാ ആവശ്യങ്ങളും അതില്‍ അടങ്ങിയിരിക്കുന്നു. വലിയോരു കെട്ടിടത്തിന്റെ ഭിത്തിയില്‍ ആ പ്രാര്‍ത്ഥന ലോകത്തിലെ എല്ലാ ഭാഷകളിലും എഴുതിയിരിക്കുന്നു. മലയാളത്തിലും കണ്ട പ്പോള്‍ അല്പം അഭിമാനം തോന്നി. ആ കെട്ടിടത്തിന്റെ മുറ്റത്ത് നൂറ്റാണ്ട ുകള്‍ പഴക്കമുള്ള ഒലിവു മരങ്ങള്‍. മരണമില്ലാത്ത മരമാണു ഒലിവ്. ക്രിസ്തുവിനെ കണ്ട മരങ്ങളും ആ കൂട്ടത്തില്‍ കാണുമായിരിക്കാം എന്ന ചിന്തയില്‍ സോളമന്‍ സന്തോഷിച്ചു. പലമരങ്ങളുടേയും തായ് തടികള്‍ ദ്രവിച്ചിട്ടുണ്ടെ ങ്കിലും, പുതു നാമ്പുകളാലും മുളകളാലും അതു തലമുറകളില്‍ നിന്നും തലമുറകളിലിലേക്കു വളര്‍ന്നുകൊണ്ടേ യിരിക്കുന്നു. പിന്നിടുള്ള യാത്രകളൊക്കെ ബൈബിളില്‍ അവിടിവിടായി പറഞ്ഞിട്ടുള്ള ചിലകര്യങ്ങളിലൂടെ യായിരുന്നു. അതില്‍ യോസഫിന്റെ പണിസ്ഥലം എന്നു പറഞ്ഞൊരു കെട്ടിടം കാണിക്കയുണ്ട ായി. യോശു ഇരുപത്തഞ്ചു വയസുവരെ യോസഫിന്റെ കൂടെ മരപ്പണി നടത്തിയ ഇടം എന്നു കൂടി പരാമര്‍ശിച്ചപ്പോള്‍, യേശുവിന്റെ ജീവിതത്തില്‍ വിട്ടുപോയ കണ്ണികള്‍ ചേര്‍ത്ത് സ്ഥാപിച്ചെടുക്കലിന്റെ ബോധപൂര്‍വ്വമായ ഒരു ശ്രമം എവിടെയോ നടക്കുന്നുണ്ട ന്നു ബോദ്ധ്യമായി.
ഒന്‍പതാം ദിവസം പ്രധാനമായും ഓര്‍മ്മയില്‍ നില്‍ക്കുന്നത് കുറെ പഴയ നിയമ - പുതിയ നിയമ ഭൂമികള്‍ ഒരോ മത വിഭാഗള്‍ കൈയ്യേറി ആധിപത്യം സ്ഥാപിച്ചവ. ഇതെല്ലാം ചൂണ്ട ിക്കാട്ടലുകളാണ്. അതിവിടെയാണ്. അതവിടെയാണ്. എല്ലാം പുനഃര്‍നിര്‍മ്മിക്കപ്പെട്ടവയാണ്. പത്താം ദിവസം ബൈബിളില്‍ വളരെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഗലിലിയ കടലില്‍ കൂടി ഒരു ബോട്ടു യാത്ര. കടല്‍ എന്നു പേരുണ്ടെ ക്കിലും അതൊരു ചെറിയ തടാകം ആണ്. നല്ല തെളിമയുള്ള വെള്ളം. ക്രിസ്തുവിന്റെ ജീവിതവുമായി ഏറ്റവും ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലം എന്ന നിലയില്‍ എല്ലാവരും ഏറെ കുതൂഹരായിരുന്നു. നിരാശനും വൃണിതഹൃദയനുമായിരുന്ന പത്രോസിനു പടകിന്റെ വശങ്ങള്‍ ചൂണ്ട ി വലയെറിയാന്‍ പറഞ്ഞ ക്രിസ്തു കാട്ടിക്കൊടുത്ത പുതു വെളിച്ചം, ആ ജിവിതത്തെ ആകെ മാറ്റി മറിച്ച് ക്രിസ്തുവിന്റെ ഏറ്റവും വലിയ പ്രചാരകനായി അവരോധിച്ചു. ബോട്ടിലെ ജീവനക്കാരന്‍ പത്രോസ് ചൂണ്ട യെറഞ്ഞപോലെ ചൂണ്ട എറിഞ്ഞു. ഒന്നും കൊത്തിയില്ല. ചിലപ്പോള്‍ കടലിലെ മീനെല്ലാം പത്രോസിന്റെ വലയില്‍ അന്നേ ആയിട്ടുണ്ട ാകും. അല്ലെങ്കില്‍ ക്രിസ്തു ഈ വെള്ളങ്ങളിലേക്ക് വീണ്ട ും വരാന്‍ ഭയപ്പെടുന്നുണ്ട ാകും. അന്നത്തെ പരീശന്മാരേക്കാളിലും ഒട്ടും മോശമല്ലല്ലോ ഇന്നത്തെ വിശ്വാസികള്‍. പിന്നെ കയ്യാഫാമാര്‍ വാളും അരയില്‍ തിരുകി നടക്കയല്ലേ.
ലേക്ക് ചുറ്റി ബസ് മറുകരയില്‍ ഞങ്ങള്‍ക്കായി കാക്കുന്നുണ്ട ായിരുന്നു. അവിടെ നിന്നും ടാബോര്‍ മലയിലേക്ക് പോയി. ആ ഉയര്‍ന്ന മലമുകളില്‍ നിന്നു കൊണ്ട ് താഴ്‌വാരങ്ങള്‍ കാണാന്‍ നല്ല ചന്തമായിരുന്നു. ആ മലമുകളീലും നല്ല വലിപ്പമുള്ള ഒരു കെട്ടിടം ആര്‍ഭാടങ്ങള്‍ക്കു കുറവില്ലാതെ പണീതിരുന്നു. ഇതിനെയാണ് മറുരൂപമല എന്നു വിളിക്കുന്നത്. മോശയും ഏലിയാവും ക്രിസ്തുവിനു പ്രത്യക്ഷപ്പെട്ടപ്പോള്‍, ശിഷ്യന്മാര്‍ മൂന്നു കുടിലുകള്‍ ഉണ്ട ാക്കാമെന്നു പറഞ്ഞു. ഇന്ന് കുടിലിനു പകരം കൊട്ടാരം തന്നെയുണ്ട ്. പക്ഷേ ക്രിസ്തുവും, മോശയും, ഏലിയാവും ഒന്നും അവിടെ ഉള്ളതായി തോന്നിയില്ല. പിന്നെ ശിമയോന്‍ പത്രോസിന്റെ വീടും, ക്രിസ്തുവിന്റെ അത്ഭുത പ്രവൃത്തികളുടെ ഇടങ്ങളും കണ്ട ു. പത്രോസിന്റെ വീട് യേശുവിനെന്നും ഒരഭയവീടുതന്നെയായിരുന്നു. അതുകൊണ്ട ായിരിക്കാം പത്രോസിനെ ക്രിസ്തു ഒരടുത്ത സ്‌നേഹിതനായി കണ്ട ത്.
കാനാവിലെ കല്ല്യാണത്തിനു വീഞ്ഞു പോരാതു വരുകയും യേശുവിന്റെ ആദ്യത്തെ അത്ഭുത പ്രവൃത്തികളിലൊന്നായി കണക്കാക്കപ്പെടുന്ന വെള്ളത്തെ വീഞ്ഞാക്കി എന്നു പറയപ്പെടുന്ന സ്ഥലത്ത് നല്ല തിരിക്കായിരുന്നു. മനുഷ്യന് ലഹരിയോടുള്ള ആര്‍ത്തിയോ എന്തോ... ആ സ്ഥലത്തുവെച്ചു വിവാഹിതരാകാന്‍ ധാരാളം പേര്‍ വന്നു ചേരാറുണ്ടെ ന്ന് അച്ചന്‍ പറഞ്ഞു. അന്നു ഇന്നും മനുഷ്യന്‍ അത്ഭുതങ്ങളും അടയാളങ്ങളും മാത്രം തേടുന്നു. ഒരു പക്ഷേ ക്രിസ്തു കാണിച്ചു എന്നു പറയപ്പെടുന്ന അത്ഭുതങ്ങളെ മാറ്റി നിര്‍ത്തിയാല്‍ എത്ര പേര്‍ അദ്ദേഹത്തെ പിന്‍പറ്റാന്‍ കാണൂം?. യേശു എന്ന പച്ച മനുഷ്യന്‍ ലോകത്തുനു തന്ന ഒരു പുതിയ ജീവിത ക്രമങ്ങളെപ്പറ്റി, പുതിയ ന്യായ പ്രമാണങ്ങളെക്കുറിച്ച് എത്ര പേര്‍ ബോധവാന്മാരാണ്. ക്രിസ്തു എന്ന ദൈവികനല്ലാത്ത മനുഷ്യനെ സ്‌നേഹിക്കാന്‍ എത്ര പേര്‍ ഉണ്ട ാകും. ഒരു മദ്‌ലനക്കാരി മറിയയല്ലതെ. പള്ളിയുടെ മുന്നില്‍ വെച്ചിരിക്കുന്ന വലിയ ശീമഭരണികളെ കാണിച്ച് അച്ചന്‍ വിശ്വാസം ഉറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സോളമന്റെ ചിന്ത അങ്ങനെയൊക്കെയായിരുന്നു. പെട്ടന്നു രണ്ട ുമൂന്നു പെണ്‍കുട്ടികല്‍ വന്ന് അച്ചന്റെ അനുഗ്രഹം വാങ്ങി. അവര്‍ സ്പാനിഷ് ഭാഷ സംസാരിക്കുന്നവര്‍ ആയിരുന്നു. അച്ചനവരെയോ അവര്‍ക്ക് അച്ചനെയോ അറിയില്ല. പക്ഷേ വേഷവും അടയാളങ്ങളും അവരെ പ്രേരിപ്പിക്കുന്നു.
വഴിയരുകിലെ കടകളിലെല്ലാം വൈന്‍ കച്ചവടം നടക്കുന്നു. ക്രിസ്തു ഉണ്ടാക്കിയ വൈനിന്റെ തിരുശേഷിപ്പുകളില്‍ നിന്നും ഉണ്ട ാക്കിയതെന്ന് അവകാശപ്പെടുന്നവരും ഉണ്ട ാകാം. പലരും വൈയിന്‍ കടകളില്‍ കയറിയിറങ്ങി വിലപേശി ഒരു കുപ്പി സ്വന്തമാക്കുന്നതിന്റെ തിരക്കിലായി.
പതിനൊന്നാം നാള്‍ പാലസ്തീനോടും, യിസ്രായേലിനോടും വിടപറഞ്ഞ് ജോര്‍ഡാനിലേക്ക് തിരിച്ചു. രണ്ട ു മൂന്നു മണിക്കൂര്‍ യിസ്രായേലിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ ബസോടി. ശരിക്കും പാലും തേനും ഒഴുകുന്ന ഒരു രാജ്യമായി ആ മരുഭൂമിയെ അവര്‍ മാറ്റിയെടുത്തിരിക്കുന്നു. മരുഭൂമിയിലെ കൃഷികണ്ട ് മനസ്സു നിറയുന്നു. അവിടേക്കാവശ്യമായ പ്രത്യേക കൃഷി രീതി അവര്‍ കണ്ടെ ത്തി. മണല്‍ അധികമുള്ള ഭൂമിയില്‍ അടിയില്‍ പ്ലാസ്റ്റിക്ക് വിരിച്ച് അതിന്റെ പുറത്ത് കൃഷിക്കുള്ള മണ്ണിറക്കി അവര്‍ അവിടെ കനകം വിളയിക്കുന്നു. വാഴയും, ആപ്പിളും, മുന്തിരിയും, മാവും, ഈന്തപ്പനയും, ഒലിവും ഒക്കെ ധാരാളമായി വളര്‍ന്നു നില്‍ക്കുന്നു. ഒരു നാടിനാവശ്യമുള്ളതൊക്കെ അവര്‍ കൃഷിചെയ്യുന്നു. ആയിരത്തി തൊള്ളായിരത്തി നാല്പത്തെട്ടുവരെ ഒരു രാജ്യം പോലും ഇല്ലായിരുന്നവര്‍ ഇന്ന് ലോക ശക്തികളില്‍ ഒന്നായി മാറിയിരിക്കുന്നു. ജോര്‍ഡാനില്‍ മോശയുമായി ബന്ധപ്പെട്ടതെന്നു പറയുന്ന ഒന്നു രണ്ട ു നീര്‍ച്ചാലുകള്‍ കണ്ട ു. ഹോട്ടലിലെത്തി അന്തിയുറങ്ങി. പിറ്റേന്ന് ലോകാത്ഭുതങ്ങളിലൊന്നായ പെട്രോ കാണാന്‍ പോയി. പെട്രോ, ഒരു വലിയ കല്ലുമല നെടുകെ പിളര്‍ന്നതുപോലെയുണ്ട ്. നടുക്കുടെ കുതിരവണ്ട ിക്കും മറ്റും പോകാവുന്ന തരത്തില്‍ തനിയെ രൂപപ്പെട്ട പാത. രണ്ട ു വശങ്ങളും വലിയ കൊടിമുടികളെപ്പോലെ ഉയര്‍ന്നു നില്‍ക്കുന്ന പാറകള്‍. ഒരൊ കല്ലുകളും വിശൈ്വക ശില്പിയുടെ പണിപ്പുരയില്‍ പണിത ശില്പങ്ങള്‍ മാതിരി. അനേക രൂപങ്ങളിലും ഭാവങ്ങളിലും തലയുയര്‍ത്തി നില്‍ക്കുന്നു. അതു മുഴുവന്‍ കണ്ട ാസ്വദിക്കണമെങ്കില്‍ ദിവസങ്ങളും മാസങ്ങളും വേണ്ട ി വരും. മൈലുകള്‍ നീണ്ട ു കിടക്കുന്ന കല്‍വഴികള്‍. കൂറെ ആയപ്പോഴേക്കും എല്ലാവരും നന്നേ ക്ഷീണിച്ചിരുന്നു. ചിലരൊക്കെ മടക്കയാത്രയില്‍ കുതിരവണ്ട ിയെ ആശ്രയിച്ചു.
ഞങ്ങള്‍ അമാന്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഇസ്താംബുള്‍ വഴി ന്യൂയോര്‍ക്കില്‍ സുഖമായി എത്തി. എല്ലാവരും പരസ്പരം കൈകൊടുത്ത് വീണ്ടും കാണാമെന്ന പ്രത്യാശപ്രകടിപ്പിച്ചു. ഇങ്ങനെ ഒരു ടൂര്‍ സംഘടിപ്പച്ചതിന് ഗീവര്‍ക്ഷിസ് പുത്തൂര്‍കുടി അച്ചനോടുള്ള നന്ദിയും അറീയിച്ചു. ഡാളസില്‍ നിന്നുള്ള രാജന്റെ (രാജന്റെ തമാശകള്‍ പലപ്പോഴും ബസ് യാത്രയിലെ വിരസതയെ ഇല്ലാതാക്കി) വിദ്യാഭ്യാസത്തേക്കുറിച്ച് അച്ചനോടുള്ള ചോദ്യത്തിന് അച്ചന്‍ കൊടുത്ത മറുപടി ഭരതവാക്യമായി കുറിച്ച് ഈ വിവരണം അവസാനിപ്പിക്കാം എന്നു കരുതുന്നു. ''വിദ്യാഭ്യാസം എന്നത് മനസ്സിന്റെ സംസ്‌കാരമാണ്'
(അവസാനിച്ചു)