Image

നന്മയുടെ മന്ത്രധ്വനികൾ (അവതാരിക കുറിപ്പ്: സുധീർ പണിക്കവീട്ടിൽ)

Published on 14 October, 2020
നന്മയുടെ മന്ത്രധ്വനികൾ (അവതാരിക കുറിപ്പ്: സുധീർ പണിക്കവീട്ടിൽ)
ഉടനെ പ്രകാശനകർമ്മം പ്രതീക്ഷിക്കുന്ന ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിലിന്റെ "കാവ്യദളങ്ങൾ" എന്ന പുസ്തകത്തിനു എഴുതിയ അവതാരിക.
 
കവികളുടെ ഹൃദയം ആർദ്രമാണ്, അനുകമ്പാപൂർണമാണ്. അതിൽ ഒരു സ്നേഹസാഗരം അലയടിക്കുന്നു. അങ്ങനെ ഒരു ഹൃദയത്തിന്റെ ഉടമയാണ് അനുഗ്രഹീത കവയിത്രി *സാഹിത്യപ്രതിഭ ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിൽ. മറ്റുള്ളവരുടെ സന്തോഷത്തിലും സങ്കടത്തിലും പങ്കുചേർന്ന് അവർക്കായി കവിതകൾ, ഭാവഗീതങ്ങൾ, ആശംസകൾ  രചിക്കാൻ അവർക്ക് കഴിയുന്നത് അവർ കരുണാർദ്രമനസ്കയായത്കൊണ്ടാണ്.  കൂടാതെ അചഞ്ചലമായ ഭക്തിയും ദൈവവിശ്വാസവും അവരെ ഉത്കൃഷ്ടയാക്കുന്നു. നാല് പതിറ്റാണ്ടിലേറെയായി അമേരിക്കയിലെ ന്യുയോർക്കിൽ താമസിക്കുന്ന അവർ കാവ്യവ്യരചനയിൽ സംതൃപ്തിയും സന്തോഷവും നേടുന്നു. മാതൃഭാഷയോടുള്ള സ്നേഹവും ബഹുമാനവും ധാരാളം രചനകൾക്ക് ജന്മം നൽകാൻ സഹായിച്ചു. ഇത് അവരുടെ പന്ത്രണ്ടാമത്തെ പുസ്തകമാണ്. അവയിൽ കാവ്യരൂപത്തിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ "ഗീതാജ്ഞലി" അവരുടെ ശ്രെഷ്ഠമായ സൃഷ്ടിയാണ്. കാവ്യരചനയ്ക്ക്  അമേരിക്കയിൽ നിന്നും നാട്ടിൽ നിന്നും ധാരാളം പുരസ്കാരങ്ങൾ ഇവർക്ക് ലഭിച്ചിട്ടുണ്ട്.
അറുപത് കവിതകൾ അടങ്ങുന്ന  “കാവ്യദളങ്ങൾ”  എന്ന ഈ കാവ്യസമാഹാരത്തിലെ കവിതകളെ താഴെപ്പറയുന്നവിധം  ക്രമപ്പെടുത്താവുന്നതാണ്. അറുപത് കവിതകളെയും കുറിച്ച് ഒരു പഠനം നടത്തുന്നില്ല. തിരഞ്ഞെടുത്ത കവിതകളെക്കുറിച്ചുള്ള ഒരു ലഘു അവലോകനമാണീ കുറിപ്പിൽ.

* പൊതുവിഷയങ്ങൾ ഉൾപ്പെടുന്ന കവിതകൾ
* പിതൃദിനത്തിലും മാതൃദിനത്തിലും  സ്വന്തം പിതാവിനും മാതാവിനും  സമർപ്പിച്ച  സ്നേഹാദരകവിതകൾ
* സുഹൃത്തുക്കളുടെയും അഭ്യദയകാംക്ഷികളുടെയും പിറന്നാൾ/വിവാഹം തുടങ്ങിയ ധന്യനിമിഷങ്ങൾക്ക്   ശോഭ കൂട്ടാൻ രചിച്ച ആശംസകൾ.
* വിലാപശ്ലോകങ്ങൾ
* ജീവിതത്തിലെ സന്തോഷകരമായ വിശേഷദിവസങ്ങളെ എതിരേൽക്കുന്ന മംഗളകവിതകൾ.

അനുബന്ധം

കവയിത്രിക്ക് ആശംസ നൽകികൊണ്ട് സ്വന്തം സഹോദരനും,  അഭ്യുദയകാംക്ഷികളും   സമർപ്പിച്ച രചനകൾ .

പൊതുവിഷയങ്ങൾ ഉൾപ്പെടുന്ന വിഭാഗത്തിലെ ആദ്യത്തെ കവിത ദിവ്യോപഹാരം അവരുടെ ദൈവ വിശ്വാസത്തിൽ അധിഷ്ടിതമാണ്. അനുവാചകർക്ക് എളുപ്പം മനസ്സിലാകുന്ന പ്രതിമാനങ്ങളാണ് അവർ ഉപയോഗിച്ചിരിക്കുന്നത്. ദിനരാത്രങ്ങളിലൂടെ മുന്നോട്ട് പ്രവഹിക്കുന്ന ഈ പ്രപഞ്ചത്തിന്റെ വേഗത അളക്കാൻ മനുഷ്യശക്തിക്ക് കഴിയില്ലെന്നവർ പറയുമ്പോൾ ദൈവത്തിന്റെ അനന്തമായ, അപാരമായ ശക്തിയെ നമിക്കുക കൂടെ ചെയ്യുന്നു.  പൂക്കൾ വിടർന്നു കൊഴിയുന്ന പോലെ വർഷശതങ്ങൾ സൃഷ്ടാവ് ഒരുക്കുന്നുവെന്നവർ വിശ്വസിക്കുന്നു. ഒപ്പം തന്നെ പൂക്കളുടെ ഭംഗിയും ദൈവത്തിനു പൂജാദ്രവ്യമാകുന്നതാണ് അവരുടെ സായൂജ്യം എന്ന സത്യവും വെളിപ്പെടുത്തുന്നു. അശ്രുനേത്രയായി തലകുനിച്ച് നിന്നുകൊണ്ട്  അവർ സമർപ്പിക്കുന്ന ഉപഹാരം സ്വീകരിക്കണമേയെന്ന് ദൈവത്തിനെ അറിയിക്കുന്നു. വാസ്തവത്തിൽ അവരുടെ കവിതകളാകുന്ന പൂജാപുഷ്പങ്ങൾ ദൈവത്തനർപ്പിക്കയാണ് അവർ ചെയ്യുന്നത്.. ഓരോ കവിതകളിലൂടെ കടന്നുപോകുമ്പോഴും എല്ലാ ദൈവത്തിൽ സമർപ്പിക്കുക എന്ന അവരുടെ ഹൃദയശുദ്ധി അനുഭവപ്പെടും.
അതീവദുരം നടക്കേണ്ടതുണ്ടെന്നു
നിനച്ചു ഞാൻ ജീവിതം തുടർന്നിടുമ്പോൾ
അധികനാൾ ഇല്ലെന്റെ ജീവിതമെന്നുള്ള
നിനവിൽ നന്നായി ജീവിക്കവേണം (ഭവൽക്ക്രുതം)

നമ്മുടെ ആയുസ്സ് ഈശ്വരന്റെ കയ്യിലാണ് അത് അവൻ എപ്പോൾ എടുക്കുമെന്ന് നിശ്ചയമില്ല. അതുകൊണ്ട് ജീവിക്കുന്ന കാലം നല്ലപോലെ ജീവിക്കണമെന്ന സന്ദേശം ഈ വരികൾ നൽകുന്നു.  വീണ്ടും അവർ എഴുതുന്നു.

ഭുവാന്തരത്തിലെന്നെയാക്കി വച്ചിടുന്നതിവിധം
ഭുവേശ്വരന്റെ ലീലകൾക്ക് വേണ്ടി മാത്രമാണ് തേ !
ഭവാന്റെ ബാഹുബന്ധനം ഒരുക്കിട്ടുന്ന ബന്ധമെൻ
ഭവാനെനിക്കധീശനായിരിപ്പതാലേ  മൽ പ്രഭോ.

താത്‌വികമായ ചിന്തകൾ അടങ്ങുന്ന കവിതയാണ് "അമേരിക്കൻ പ്രവാസം".  പ്രവാസി സ്വപനജീവിയാണ്. അവന്റെ ജീവിതം സ്വപനങ്ങളിൽ മാത്രം അവശേഷിക്കുന്നു.  ഈ വരികൾ ശ്രദ്ധിക്കുക.

സ്വപനങ്ങളേ താലോലിച്ചു ജീവിച്ചു വന്നീടുമ്പോഴോ
സ്വപനം മാത്രം മൈച്ചാം, വേഗം ജീവിതം തീരും

വീണ്ടും യാഥാർഥ്യത്തിന്റെ പരുക്കൻ മുഖം നമുക്ക് കാണിച്ചു  തരുന്നു. നഗ്നമായ സത്യം നമ്മളെ ഞെട്ടിക്കുന്നു.

നാടുവിട്ടു കൂടുവിട്ടു തറവാടും തകരുന്നു
നാട്ടിലുള്ള വീടുകളും അന്യമാകുന്നു.

പ്രവാസികൾ വളരെ സന്തോഷത്തിലാണെന്ന സ്വദേശികളുടെ വിചാരങ്ങളെ അത്ഭുതപ്പെടുത്തുമാറു വീണ്ടും അവർ എഴുതുന്നു.

എങ്ങോട്ടൊന്നു തിരിഞ്ഞാലും ആർക്കുമില്ല മന:ശാന്തി
എന്തിനീ പണം പ്രതാപം ചിന്തിക്കുമപ്പോൾ

ഇപ്പോഴും നന്മയും ഈശ്വരചിന്തയും ജീവിതവിജയത്തിനുപദേശിക്കുന്ന കവയിത്രി താഴെ പറയുന്ന വരികളിലൂടെ കവിത അവസാനിപ്പിക്കുന്നു.

കൈവിരലിലെണ്ണാകുന്നീ ജീവിതത്തിൽ നന്മ തിങ്ങിൽ
കൈവന്നീടും ശാന്തി ഭൂവിൽ, ജീവിതത്തിലും.


കർമ്മബദ്ധത എന്ന കവിതക്ക് ഗീതാജ്ഞലിയിലെ ഒരു കവിതയോട് വളരെ അടുപ്പുമുള്ളതായി തോന്നുന്നു. മാതാവേ പ്രാർത്ഥിക്കണമേ എന്ന കവിത മതപരമായ ആശയം ഉൾക്കൊള്ളുന്നുണ്ട്. മതങ്ങൾ വേറെയെങ്കിലും മനുഷ്യർ ഒന്നായിരിക്കുന്ന നിലക്ക് അവർക്കായി നടത്തുന്ന പ്രാർത്ഥനയുടെ വിശുദ്ധി ഈ വരികൾക്കുണ്ട്.

മൽസ്യത്തൊഴിലാളികൾ എന്ന കവിത കേരളത്തിലുണ്ടായ പ്രളയസമയത്ത് അവർ അനുഷ്ഠിച്ച സേവന സന്നദ്ധതയെ പ്രകീർത്തിക്കുന്നതാണ്.  മനുഷ്യർ നിർമ്മിച്ച ജാതിവ്യവസ്ഥയിൽ അവരെ തൊട്ടുകൂടാത്തവർ ആക്കിയെങ്കിലും അങ്ങനെചെയ്തവരടക്കം എല്ലാവര്ക്കും അപകടസ്ഥിതി വന്നപ്പോൾ ഓടിയെത്തിയവരെ ദൈവദൂതന്മാർ  എന്ന് കവയിത്രി വിളിക്കുന്നു. വീണ്ടും എഴുതുന്നു" കണ്ണീരൊപ്പിയ കരങ്ങളെ നമിപ്പൂ നിങ്ങളെ ഞങ്ങൾ. പിന്നത്തെ വരിയിൽ അവരുടെ ധാർമിക രോഷം അറിയിക്കുന്നു. "കുൽസിത മാനസർ 'മുക്കുവരെ'ന്നങ്ങാക്ഷേപിച്ചോർ രക്ഷകരായ്, ഉല്സുകരായവർ കോരിയെടുത്ത് നൂറു നൂറു ജീവിതങ്ങൾ. ഈ കവിതയിലും കവയിത്രി നൽകുന്ന ഉപദേശം അഹന്തയകറ്റി താഴ്മയിൽ കഴിയാനാണ്. നന്മകൊണ്ട് ദൈവത്തിലേക്ക് അടുക്കാനും അങ്ങനെ ജീവിതം സുരക്ഷിതമാക്കാനും അവർ ഉത്ബോധിപ്പിക്കുന്നു.

"87 " പൈസ എന്ന കവിത വളരെ ലളിതമെന്നു തോന്നുമെങ്കിലും ആശയ ഗാംഭീര്യം ഉൾക്കൊള്ളുന്നതാണ്. പണമുള്ളോർ നിർമ്മിച്ച മേടകളിൽ ഈശ്വരൻ തടവുകാരനാണ്. അവിടെ പാവങ്ങൾക്ക് പ്രവേശനമില്ല. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഹൃദയസ്പർശിയായ ഒരു സംഭവം അവർ വിവരിക്കുന്നു. ഇത് വായിച്ചവസാനിപ്പിക്കുമ്പോൾ വായനക്കാരന്റെ കണ്ണുകൾ ഈറനണിയുന്നു. അതേസമയം ജന്മിയായ ഒരാൾ ആ പെൺകുട്ടി സമ്പാദിച്ച 87 പൈസക്ക് സ്ഥലവും അവിടെ പള്ളിയും പണിയാൻ തയ്യാറാകുന്ന വാർത്ത അവനു സന്തോഷം പകരുന്നു.    സ്വാർത്ഥത തീരെയില്ലാത്ത ഇവരുടെ ഹൃദയത്തിൽ നിന്ന് മാത്രെമേ ഇത്തരം വിഷയങ്ങൾ അവതരിക്കുകയുള്ളു.  വിപ്ലവ ഗാംഭീര്യം നിറയുന്ന വരികൾ ഇതിലുണ്ട്.

പാവങ്ങളെങ്ങനെ ദൈവത്തോടർത്തിക്കും
ദേവാലയം പണമുള്ളോർക്ക് മാത്രമോ?
....  ……     ….
സാധുവേം ധനവാനേം സൃഷ്ടിച്ച ദൈവമേ
ഏതു ദേവാലയമെന്നെ കൈക്കൊള്ളുമോ?

എല്ലാവരും മൂകരായി വേദനകൾ സഹിക്കുന്നു. അവയെപ്പറ്റി പറയുവാൻ ദൈവം എനിക്ക് കഴിവ് തന്നിരിക്കുന്നുവെന്നു ഒരു ജർമ്മൻ കവി എഴുതിയിട്ടുണ്ട്. മനുഷ്യമനസ്സുകളുടെ വേദന സത്യസന്ധതയോടെ ആവിഷ്‌കരിക്കുന്നു ഈ കവയിത്രി.

വ്യത്യസ്തമായ വിഷയങ്ങൾ കവയിത്രിയുടെ കാഴ്ച്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന കവിതകളാണ്  കുരുവിക്കും തിരുവോണം,മതമൈത്രി,  അമ്മേ ഞാനാരാകണം, മുത്തമ്മ ചൊല്ലിയ കഥ, പെൺപാപ്പാന്മാർ, ഒറ്റക്കൊരു തുരുത്തിൽ. ഇന്ന് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു വിഷയമാണ് മതമൈത്രി.  മതഭ്രാന്തന്മാരേ അവർ വിശേഷിപ്പിക്കുന്നത് ഇങ്ങനെ:

മർത്യന്റെ രക്തം ചിന്തി തനിക്കും സ്വർഗ്ഗത്തിനും
മദ്ധ്യത്തിൽ മറ തീർക്കും മതഭ്രാന്തരാകൊല

എന്താണ് വേണ്ടതെന്നു അവർ പറയുന്നു.

ശാന്തിയാം വാഹനത്തി ലൈക്യ ത്തിന് പടവാളാൽ
ജാതി മത വർഗ്ഗീയ ഭിത്തി നിരപ്പാക്കുവാൻ
ശംഖൊലി മുഴക്കി മുന്നേറാനൊരുങ്ങുക
ശാന്തിമന്ത്രം ചൊല്ലി സ്നേഹിക്കാം പരസ്പരം

മുത്തമ്മ ചൊല്ലിയ കഥ പണ്ടത്തെ കാലത്ത് പെൺകുട്ടികളെ കുട്ടിക്കാലത്ത് കല്യാണം കഴിച്ച്‌വിടുന്നതും അവർ കൂട്ടുകുടുമ്പങ്ങളിൽ ജീവിച്ച് മക്കളെ വളർത്തുന്നതും വിവരിച്ചതിനുശേഷം ആധുനിക അണുകുടുംബങ്ങളുടെ കെടുതികളെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നുണ്ട്. വയസ്സാകുമ്പോൾ മാതാപിതാക്കൾ ഒറ്റക്കാകുന്ന ഭീകരാവസ്ഥ മുന്നിൽ കണ്ട് ചിലപ്പോൾ മാതാപിതാക്കൾ മക്കളിൽ ആരെങ്കിലും ഒരാൾ മണ്ടന്മാരായെങ്കിൽ എന്ന് പോലും ചിന്തിച്ചുപോകുമെന്ന്  അവർ സംശയിക്കുന്നു. അങ്ങനെയെങ്കിൽ അവൻ അല്ലെങ്കിൽ അവൾ കൂടെയുണ്ടാകുമെന്ന മോഹം. സമയത്തിന്റെ പുറകെ ഓടി തളരുന്ന ഇന്നത്തെ തലമുറക്ക് ചിന്തിക്കാൻ വളരെയധികം പഴയ പുരാണമെന്ന രീതിയിൽ എഴുതിയ ഈ  കവിതയിൽ ഉണ്ട്.

പെൺപാപ്പാന്മാർ എന്ന കവിത സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാഹളം മുഴക്കുന്നു. ഗജവീരന്മാരെ  കയ്യിലുള്ള തോട്ടികൊണ്ട് മെരുക്കി റോഡിലൂടെ നടന്നുപോകുന്ന സ്ത്രീകളെക്കണ്ട് കവയിത്രിയുടെ ഹൃദയത്തിൽ കൗതുകം നിറയുന്നു. കവയിത്രിയുടെ ഭാഷയിൽ കരിവരനേം കന്നൽ മിഴികളേം ദർശിച്ച് ആ മാസ്മരയിൽ അവർ ലയിച്ചുപോയത്രെ.  വീണ്ടും രസകരമായ ഒരു വിവരണമുണ്ട്. പെൺപാപ്പാന്മാരുടെ  പരൽ മീൻ പിടയും മിഴികളിൽ ആന പ്രണയപരവശനായതുകൊണ്ടാണോ അവൻ അവരുടെ വരുതിയിൽ നിൽക്കുന്നതെന്ന്.!

തുടർന്നുള്ള പേജുകളിൽ നമ്മൾ വായിക്കുന്നത് പിതൃ-മാതൃ ദിനങ്ങളിൽ അവർ രചിച്ച കാവ്യങ്ങളാണ്. അവ മാതാപിതാക്കൾക്ക് അർപ്പിക്കുന്ന വാടാമലരുകളാണ്. അക്ഷരങ്ങളിലൂടെ കാണപ്പെട്ട ദൈവങ്ങളെ പ്രതിഷ്ഠിക്കുന്ന ദിവ്യകർമ്മം. ആശയങ്ങൾ അവരുടെ മനസ്സിൽ അവിരാമം പിറന്നു വീഴുന്നു. ഈ കവിതകൾ വെറും ഓർമ്മകളും, മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ വിവരണവുമല്ല. വളരെ നല്ല ആദർശങ്ങളും അനുഭവങ്ങളും അവർ പങ്കു വയ്ക്കുന്നു.  ജീവിതത്തിൽ നന്മ തുളുമ്പിച്ച മാതാപിതാക്കളോടുള്ള നന്ദി വരികളിൽ നിറഞ്ഞുനിൽക്കുന്നു. അമ്മയെക്കു റി ച്ചുള്ള വരികൾ ശ്രദ്ധിക്കുക:

കന്മഷമില്ലാത്ത കാരുണ്യവാരിധി
ജന്മജന്മാന്തരാമൃതകമാണമ്മ

സ്നേഹനിധിയായ അച്ഛനെ തന്നതിൽ കവയിത്രി ദൈവത്തിനു നന്ദി പറയുന്നു.

നന്ദിചൊല്ലുന്നു ഞാൻ ദൈവമേ ഇത്രമേൽ
ധന്യനാം മൽ താതലബ്ധിയെയോർത്ത് ഞാൻ .

അർത്ഥം ഗ്രഹിക്കാത്ത പ്രായത്തിൽ ദൈവത്തെ
ചിത്തത്തിലേറ്റാൻ പഠിപ്പിച്ചും, സത്യത്തിൻ
പാതയിൽ നീങ്ങണമെന്നുപദേശിച്ചും
ചൊല്ലിപ്പഠിപ്പിച്ച പ്രാർത്ഥനാഗീതികൾ
ചൊല്ലുന്നതാണിന്നെൻ പ്രാത സാന്ധ്യാർത്ഥനം

അച്ഛൻ ചൊല്ലിപ്പഠിപ്പിച്ച ചില തത്വങ്ങൾ കാവ്യാത്മകമായി പിതൃവചസുകൾ എന്ന കവിതയിൽ ചേർത്തിട്ടുണ്ട്.

മുന്നമേ ദൈവചിന്തയും
പിന്നെയെന്നുമതിൻ സമം
അദ്ധ്വാനവുമുണ്ടെന്നാൽ
ഉണ്ടാകില്ല പരാജയം


സുലളിതമായ കവിതാശൈലിയാണ് സ്തുതി-സ്തോത്രഗീതങ്ങൾക്ക് അവർ ഉപയോഗിച്ചിരിക്കുന്നത്. പ്രിയപ്പെട്ടവരുടെ ജീവിതത്തിലെ സുദിനങ്ങൾക്ക് ശോഭയേറ്റുവാൻ അക്ഷരങ്ങളെകൊണ്ട് അവർ തീർത്ത ആശംസകൾ ആശയങ്ങളുടെ പ്രസാദത്തം, ഭാവന പ്രതിപാദനരീതി എന്നീ ഗുണങ്ങളാൽ പരിലസിക്കുന്നു. സ്നേഹമസൃണമായ വാക്കുകൾകൊണ്ട് വൃത്തനിബദ്ധമായി രചിച്ച ഈ മംഗളാശംസകൾ വളരെ ഹൃദ്യമാണ്.   മംഗള ഗീതങ്ങളിൽ വ്യക്തിയുടെ ആകാരസുഷമ ഭംഗിയുള്ള വാക്കുകളിൽ അവർ വരച്ചു വയ്ക്കുന്നത് അത്യധികം ആകർഷണീയമായിട്ടാണ്.
പാലോലും പൂപ്പുഞ്ചിരി പൊഴിച്ചും ഉല്ലസിച്ചും
തേനോലും വാമൊഴിയിലാരെയും രസിപ്പിച്ചും

ഒരു  നോക്ക് നോക്കുകിലാരും നിന്നെ
ഇരുപതിൽ മേലെ മതിക്കുകില്ല
അറുപതിലെത്തിയ സുഭാംഗി നീ
തിരി നീട്ടി ജീവിതം ഹർഷമാക്കു

അന്തിച്ചുവപ്പിണരുണാഭയാർന്നുടയാട
വാർതിങ്കൾക്കല നാണിച്ചോളിക്കും മന്ദഹാസം
ആരാധ്യമാം തേനോളി വിതറും മന്ദ്രനാദം
വെണ്ണിലാവിനെ വെല്ലും വെള്ളിനൂൽ താടിമീശ
അതേപോലെ വ്യക്തികൾ അവരുടെ പരിശ്രമങ്ങളിലൂടെ ജീവിതത്തിൽ നേടിയ നേട്ടങ്ങളെയും അവർ അഭിനന്ദിക്കുന്നു.
പാരായണത്തിൻ തീരാദാഹവുമുള്ളിൽ പ്പേറി
ദൂരത്തെ വെളിച്ചത്തെ ഉൽക്കണ്ണാൽ ദർശിച്ച നിൻ
ഉള്ളിലെ നന്മയാണീ ഔന്നത്യപീഠമേറാൻ
ആളുന്നൊരഗ്നി പോലെ മുന്നോട്ട് നയിച്ചതും
എന്തെന്തു തിരസ്‌ക്കാരംആഞ്ഞടിച്ച നേരവും
സന്തതം മുന്നേറിയാ  സ്ഥൈര്യത്തെ സ്തുതിപ്പു ഞാൻ

അഷ്ടബദ മംഗളം എന്ന പേരിൽ  തന്റെ ഭർത്താവ് അഭിവന്ദ്യ കോർ എപ്പിസ്കോപ്പയായ ഡോക്ടർ യോഹന്നാൻ ശങ്കരത്തിലിന്റെ പിറന്നാൾ സുദിനത്തിലും  അദ്ദേഹത്തിന് വേണ്ടി അവർ ഒരു മംഗളഗീതം രചിച്ചിട്ടുണ്ട്.

ഞാനഭിമാനിക്കയാണതീവ വിനീതയായ്
ധന്യനാമീ വന്ദ്യൻറെ ജീവിതാഭ നുകർന്നും
ഖേദത്തിൽ ഞെരുക്കത്തിലെന്തിലും പത റാ ത്തോൻ
അത്യന്തം സഹിഷ്ണുവാൻ ആപത്തിൽ സഹായിയും

കവയിത്രിക്ക് പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഖിതയായി എഴുതിയ വിലാപഗീതങ്ങൾ വളരെ ഹൃദയസ്പര്ശിയാണ്.  മരിച്ചവരെക്കുറിച്ചുള്ള ഓർമ്മകളും അവരിൽ പ്രത്യേകിച്ച് കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ മരണം മാതാപിതാക്കളെ എങ്ങനെ ഉലക്കുന്നുവെന്നൊക്കെ വളരെ സ്വാഭാവികമായി അവർ എഴുതിയിട്ടുണ്ട്.  അമേരിക്കൻ മലയാള സാഹിത്യത്തിൽ  ആശംസാഗീതങ്ങളും, വിലാപകാവ്യങ്ങളും എഴുതുന്ന ഒരേ ഒരു എഴുത്തുകാരി അവരായിരിക്കും. എഴുത്തുകാരന്മാരും എഴുതിയതായി കണ്ടിട്ടില്ല.  പ്രശസ്ത കവി ഓ.എൻ.വി കുറുപ്പിന്റെ നിര്യാണത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചെഴുതിയ കവിത:-

ഒഴുകും പുഴതൻ തെളിനീര് തുല്യമായ്
ഒഴുകിയാ ഗാനങ്ങൾ നീരൊഴുക്കായ്
മലയാളി മനസ്സുകൾ നിർവൃതി നേടുമാ
കലയുടെ കോവിലിൽ നമിക്കുന്നു ഞാൻ

കവിയെ കലയുടെ കോവിലായി സങ്കൽപ്പിക്കുന്നു.

അവിവാഹിതനായി കഴിഞ്ഞ സുകുമാർ അഴിക്കോടിനെക്കുറിച്ചുള്ള അനുസ്മരണത്തിൽ ഇങ്ങനെ കാണുന്നു.

"പാരിനെ പോഷിപ്പിക്കാൻ പ്രണയചെങ്കോലിനെ
ദൂരത്തേക്കെറിഞ്ഞൊരാ കാർക്കശ്യ കൃശഗാത്രൻ " എന്ന് വിശേഷിപ്പിക്കുന്നു.
 
ന്യുയോർക്കിലെ വേൾഡ് ട്രേഡ് ദുരന്തത്തിൽ മരിച്ചുപോയ വിധവയുടെ തേങ്ങൽ ഇങ്ങനെ:

"കണ്ണുനീർ വറ്റാതെന്റയക്ഷികൾ കുഴിഞ്ഞുപോയ്,
പിഞ്ചോമനപ്പൈതലേ വളർത്താൻ ജീവിപ്പു ഞാൻ"

മക്കൾ നഷ്ടപ്പെട്ട ഒരമ്മയുടെ ദുഃഖം പകർത്തുമ്പോൾ ഇങ്ങനെ എഴുതുന്നു : കരയുവാൻ വിധിയാർന്ന ബന്ധുമിത്രാദികൾ,
നിറയും മിഴികളാൽ വിധിയെ പഴിക്കുന്നു
 നിത്യദുഃഖത്തിലെന്നെയാഴ്ത്താനോയെന്നോമലേ
എന്തിനെന്നുതരത്തിൽ പിറന്നതെൻ പൈതലേ

പ്രതിവർഷം നമ്മൾ ആഘോഷിക്കുന്ന വിശേഷദിവസങ്ങളെപ്പറ്റിയും കവയിത്രിക്ക് എഴുതാനുണ്ട് . അത്തരം ഉത്സവങ്ങളെ പ്രകീത്തിച്ചെഴുതി മനുഷ്യ മനസ്സുകൾക്ക് ആഹ്ളാദം പകരാൻ അവർ ശ്രമിക്കുന്നു. കൃസ്തുമസ്സിനെ കുറിച്ചുള്ള കവിതയുടെ ശീർഷകം ഉയരത്തിൽ നിന്നും ഉദയം എന്നാണു.   കർത്താവിന്റെ ജനനത്തെ ഉദയം ചെയ്തുവെന്നാണ് അവർ എഴുതിയിരിക്കുന്നത്. കർത്താവ് ജനിക്കായല്ല ഉദയം ചെയ്യുക തന്നെയാണ്. ഈ ലോകം മുഴുവൻ പ്രകാശം പരത്താൻ അവൻ ഉദയം ചെയ്തു. അവർ എഴുതുന്നു : പാപാന്ധകാരത്തെ ജീവിതഭാരത്തെ
പാടെ  മായ്ക്കുവാൻ വിശ്വവെളിച്ചമായ്”.

ചില വിശേഷദിവസങ്ങൾ പതിവുപോലെ വന്നു പോകുമ്പോഴും കാലം മുന്നോട്ട് പോകുന്നതിനനുസരിച്ച് അവ സന്തോഷത്തേക്കാൾ കൂടുതൽ ചിന്തിപ്പിക്കുകയും വേദനിപ്പിക്കയും ചെയ്യുന്നുവെന്ന് അവർ "ഹാലോവീൻ ദിനത്തിൽ" എന്ന കവിതയിൽ പറയുന്നുണ്ട്. ശരിയാണ് ചില ആഘോഷങ്ങൾ കുട്ടികളുമൊത്ത് കഴിച്ചുകൂട്ടിയ പഴയ നാളുകളിലേക്ക് മാതാപിതാക്കളുടെ മനസ്സിനെ  കൊണ്ടുപോകുന്നു. "കാതോർത്ത് കാതര നിമിഷങ്ങൾ നീക്കവേ, ആരും വരുന്നില്ല ആരും വരാനില്ല, ആരുടെ വീട്ടിലും കുട്ടികളിന്നില്ല". നേരിയ വിഷാദത്തിന്റെ വിതുമ്പൽ നമ്മെ കേൾപ്പിക്കുന്നു.

 പുസ്തകത്തിന്റെ അനുബന്ധമായി കൊടുത്തിരിക്കുന്നത് കവയിത്രിയുടെ സഹോദരൻ അവരുടെ ജന്മദിനത്തിൽ നൽകിയ ഒരു ലഘുകാവ്യവും, മറ്റൊരു കവി അവരെ അനുമോദിച്ച്‌കൊണ്ടെഴുതിയ കവിതയുമാണ്. കൂടാതെ അമേരിക്കയിൽ നിന്നിറങ്ങുന്ന ഇ മലയാളിയും അതിലെ എഴുത്തുകാരും കവയിത്രിയുടെ ജന്മദിനത്തിൽ അർപ്പിച്ച മംഗളപത്രമാണ്.

വ്യത്യസ്തമായ കവിതകൾ ഉൾക്കൊള്ളുന്ന ഈ കാവ്യസമാഹാരം വായനക്കാർക്കിഷ്ടപ്പെടാതിരിക്കില്ല. ഈ കാവ്യദളങ്ങളുടെ ഭംഗിയും സുഗന്ധവും കൈരളിയുടെ അന്തരീക്ഷത്തിൽ ചിരകാലം നിറഞ്ഞുനിൽക്കും.         ഈ പുസ്തകം സഹൃദയലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ എന്നെ ഏൽപ്പിച്ച ജ്യേഷ്ഠസഹോദരി സ്ഥാനത്തുള്ള കവയിത്രിക്ക് നന്ദി പറഞ്ഞുകൊണ്ട് ഞാൻ എന്റെ  ആ കർമ്മം നിർവഹിക്കുന്നു.

* സാഹിത്യപ്രതിഭ - ഇവർക്ക് കിട്ടിയ അംഗീകാരമാണ്

ശുഭം
Join WhatsApp News
Jyothylakshmy Nambiar 2020-10-16 07:46:59
പുതിയ പുസ്തകത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക