മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് സംവിധായകന് ഐവി ശശിയുടേയും നടി സീമയുടേയും മകന് അനി ഐവി ശശി സംവിധായകനാവുന്നു.
തെലുങ്ക് ചിത്രത്തിലൂടെയാണ് താരപുത്രന്റെ സംവിധാന അരങ്ങേറ്റം. നിന്നിലാ നിന്നിലാ എന്ന് പേരിട്ട ചിത്രത്തില്‍ നിത്യ മേനോന്, റിതു വര്‍മ, അശോക് സെല്വന് എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്.
റൊമാന്റിക് കോമഡി എന്റര്‍ടെയ്നറായി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയും അനി തന്നെയാണ്. ഷെഫിന്റെ വേഷത്തിലാകും അശോക് സെല്വന് എത്തുക. നാസര്‍, സത്യ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ദിവാകര്‍ മണിയാണ് ഛായാഗ്രാഹകന്‍. സംഗീതം രാകേഷ് മുരുകേശന്. ബിവിഎസ്എന് പ്രസാദ് ആണ് നിര്‍മാണം. ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്.
കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി മലയാള സിനിമയുടെ പിന്നണിയില്‍ നിറ സാന്നിധ്യമാണ് അനി. പ്രിയദര്‍ശന്റെ സഹസംവിധായകനായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. കൂടാതെ മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാരിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ്.