രണ്ടു മുതൽ അഞ്ചു വർഷം വരെ ജയിൽവാസം അനുഭവിക്കേണ്ടുന്ന കുറ്റമാണ് അശ്ലീല പ്രദർശനം. പക്ഷെ ആ നിയമം ബാധകമാണെങ്കിൽ പ്രദർശനം നടത്തിയ വ്യക്തി ലൈംഗികമായ ആനന്ദത്തിനോ, ആരെയെങ്കിലും അപമാനിക്കാനോ ഉപദ്രവിക്കാനോ ബോധപൂർവം അതു നടത്തിയതാണെന്നു തെളിയണം. ബുദ്ധിയുള്ളവർ എല്ലാവരും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തി അനാവശ്യമായ ആപത്തുകളിൽ ചാടാതെ രക്ഷപ്പെടുന്നു.
അപ്പോഴാണ് ലോകത്തെ ഭീതിയിൽ ആഴ്ത്തികൊണ്ട് കൊറോണ എന്ന മഹാമാരി പ്രത്യക്ഷപ്പെടുന്നത്. പരസ്പരം അകലം പാലിച്ചുകൊണ്ടുള്ള സമ്പർക്കം ദുഷ്കരമായപ്പോൾ സൂം എന്ന പ്രയോഗത്തിന് പ്രചാരം ലഭിച്ചു.
ഐഫോണൊ, ലാപ്ടോപ്പോ വച്ച് സ്വന്തം വീട്ടിലിരുന്നു മറ്റുള്ളവരുമായി ചർച്ചകൾ നടത്താം, തീരുമാനങ്ങൾ എടുക്കാം. അതോടൊപ്പം കാമുകിമാരെ കാണാനും രസിക്കാനും ഇതുപകരിക്കുന്നുവെന്നും മനുഷ്യർ മനസ്സിലാക്കി ആനന്ദിച്ചു. വാസ്തവത്തിൽ ഇത് കണ്ടുപിടിച്ച എറിക് യുവാനു പതിനെട്ടു പത്തൊമ്പതു വയസ്സുള്ളപ്പോൾ തന്റെ പ്രണയിനിയെ കാണാൻ പത്ത് മണിക്കൂർ യാത്രചെയ്യേണ്ട ബുദ്ധിമുട്ടിൽ ആകുലനായപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ ഉദിച്ച ആശയമാണ് ഇന്നിപ്പോൾ ലോകമെമ്പാടും മനുഷ്യർ ഉപകാരപ്രദമായി കണ്ട ഈ സൂത്രം. ഇപ്പോൾ അമ്പത് വയസ്സായ യുവാൻ ഈ കണ്ടുപിടിത്തത്തിലൂടെ മഹാകോടീശ്വരനാ യി.
എന്ത് കണ്ടുപിടിത്തങ്ങൾ ഉണ്ടായാലും അവ ഗുണകരമെന്നപോലെ തന്നെ ചില പ്രശ്നങ്ങളും മനുഷ്യർക്ക് നൽകുക സ്വാഭാവികം. സൂമിന്റെ പ്രവർത്തനം നല്ലപോലെ വശമാക്കിയിട്ടില്ലാത്തവർക്ക് ചില ചമ്മലുകളും അമ്പരപ്പുകളും, നാണക്കേടുകളും സംഭവിക്കാം. സംഭവിക്കാമെന്നല്ല പലരും അങ്ങനെ ഇരകളായി കഴിഞ്ഞുവെന്ന് നമ്മൾ മാധ്യമങ്ങളിൽ നിന്നും അറിയുന്നു.
ദി ന്യുയോർക്കർ എന്ന വാരിക മാസികയിലെ പേരെടുത്ത എഴുത്തുകാരനും സി.എൻ.എൻ.എന്റെ ചീഫ് ലീഗൽ അനലിസ്റ്റും ആയ ജെഫ്‌റി ടൂബിൻ മാസികയിലെ സഹപ്രവർത്തകരും ഡബ്ല്യൂ എൻ വൈ സി വർക്കേഴ്സ് മായി ഒരു ഓൺലൈൻ മീറ്റിങ് നടത്തുമ്പോൾ പരിസരബോധമില്ലാതെ സ്വന്തം നഗ്നത പ്രദർശിപ്പിച്ചു. ക്യാമറ ഓഫ് ചെയ്തിരിക്കയായിരുന്നുവെന്ന വിശ്വാസത്തിൽ പറ്റിയ ഒരു അബദ്ധമാണ്. പക്ഷെ മാസിക അധികാരികൾ അന്വേഷണവിധേയമായി അദ്ദേഹത്തെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയിരിക്കയാണ്. അറിയാതെയും കരുതിക്കൂട്ടിയല്ലാതെയും ചെയ്ത ഈ അപരാധം അദ്ദേഹത്തിനെ ശിക്ഷാർഹനാക്കയില്ലെന്നു നമുക്ക് അനുമാനിക്കാം.
സൂം യോഗങ്ങളിൽ നമ്മൾ പങ്കുചേരുമ്പോൾ നമ്മളെ മറ്റുള്ളവർക്ക് പ്രത്യക്ഷപ്പെടുത്തുന്നതും തിരിച്ച് അവരെ നമുക്ക് പ്രത്യക്ഷപ്പെടുത്തുന്നതും ക്യാമറ കണ്ണുകളാണ്. നമ്മളെ അവർ കാണുന്നു, നമ്മളെ അവർ കേൾക്കുന്നു. അതുകൊണ്ട് പരിസരബോധം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. വീഡിയോവും, ആഡിയോവും ഓഫാക്കി എന്ന ധാരണയിൽ വീട്ടിലെ സ്വാതന്ത്ര്യം എടുക്കുമ്പോൾ ആലോചിക്കുക. ശരിക്കും ക്യാമറ കണ്ണുകളെ കാതുകളെ പൊത്തിപിടിച്ചിട്ടുണ്ടോ. നാം ശരിക്കും സുരക്ഷിതരാണോ? ഇത്തരം യോഗങ്ങളിൽ പങ്കെടുക്കുന്നവരുടെ അശ്രദ്ധ പീപ്പിങ് ടോമുകൾക്ക് ആനന്ദത്തിനുള്ള ധാരാളം അവസരങ്ങൾ നൽകുന്നു എന്ന് ഓർമിക്കുക. വാസ്തവത്തിൽ ഇന്ന് നമ്മൾ ചുറ്റുമുള്ള ക്യാമറകളുടെ നിരീക്ഷണത്തിലാണ്. കുറ്റങ്ങൾ കണ്ടുപിടിക്കാൻ സഹായിക്കുന്ന ഇത്തരം ക്യാമറകൾ അതിന്റെ കണ്ണിൽ പെടുന്ന എന്തും രേഖപ്പെടുത്തിവയ്ക്കുന്നു.
അത് പക്ഷെ നമ്മുടെ നിയന്ത്രണത്തിലല്ല. എന്നാൽ വീട്ടിൽ നിന്നും പുറത്തുപോകാതെ എല്ലാവരെയും കാണാനും അവരുമായി ചർച്ചകൾ നടത്താനും ഒരുങ്ങുമ്പോൾ ശ്രദ്ധിക്കുക നമ്മൾ പുറത്തുപോകുന്ന പോലെ തന്നെയാണ്. വീട്ടിലാണെങ്കിലും നമ്മൾ പുറത്താണ് അതുകൊണ്ട് എല്ലാ കാര്യങ്ങളിലും ഔചിത്യം പാലിക്കണം, അരക്ക് കീഴെ ലുങ്കിയുടുത്ത് ഷർട്ടും ടയ്യും കോട്ടുമിട്ട് വാർത്ത വായിച്ച അവതാരകൻ കാര്യപരിപാടിക്ക് ശേഷം ക്യാമറ ഓഫാക്കുന്നതിനുമുന്മ്പ് എണീറ്റ് നടക്കുന്നു. പ്രേക്ഷകർ ആ കാഴ്ച കണ്ട് പൊട്ടിപൊട്ടിച്ചിരിക്കുന്നു. സൂമിന്റെ സാമ്പത്തിക വർഷം 2019 ൽ പ്രതിദിനം 622.7 ദശലക്ഷം ആളുകൾ അവരുടെ പ്രോഗ്രാം ഉപയോഗിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. സമീപ ഭാവിയിൽ മനുഷ്യർ ഈ സൗകര്യം കൂടുതലായി ഉപയോഗിക്കുമെന്നുള്ളത് തീർച്ചയാണ്. അപ്പോൾ ഇതിന്റെ ഉപയോഗം കൂടുകയും പിഴവുപറ്റാതെ മനുഷ്യർക്ക് ഉപയോഗിക്കത്തക്കമാകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
സൂം ഉപയോഗിക്കുന്നവർക്ക് ഒരു പ്രയോജനമുണ്ടത്രെ. അവർ നേരിൽ കാണുന്നതിനേക്കാൾ സുന്ദരന്മാരായിരിക്കും. ആ പ്രോഗ്രാമിന്റെ പ്രത്യേകതയാണ്. യഥാർത്ത തൊലിക്ക് ഒരു മിനുസവും പ്രകാശവും ക്യാമറ കണ്ണുകളിലൂടെ കാണുമ്പോൾ താനേ കൈവരുന്നു. സൂമിലൂടെ നടത്തുന്ന യോഗങ്ങളുടെ രഹസ്യങ്ങൾ ചോരാൻ സാധ്യതയുണ്ടെന്നത് ഈ പ്രോഗ്രാമിനെ അധികം വളർത്തുകയില്ലെന്നു സംശയിക്കാവുന്നതാണ്. നിങ്ങളുടെ ഇന്റർനെറ്റ് ലൈനുകൾ തമ്മിൽ ബന്ധപ്പെടുന്നത് സുരക്ഷയോടെ ആയിരിക്കാമെങ്കിലും വീഡിയോ ഒരു മൂന്നാമന് വേണമെങ്കിൽ പകർത്തതാം. സൂം അകൗണ്ടുകൾ ഹാക് ചെയ്യപ്പെട്ടിട്ടുണ്ടെന്നു വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഒരു പ്രവാഹം പോലെ വന്നു ഇത് വരണ്ടു പോയേക്കാം. കൂടാതെ പങ്കെടുത്തവരൊക്കെ അവരുടെ ശ്രദ്ധക്കുറവുകൊണ്ട് അമളികൾപ്പറ്റി സങ്കോചത്തതോടെ കഴിയുകയാണ്. കുളിമുറിയിൽ നിന്ന് അർദ്ധനഗ്‌നയായി മൂളിപ്പാട്ടും പാടി വരുന്ന വീട്ടമ്മ അറിയുന്നില്ല ഓൺലൈൻ പഠനം നടത്തുന്ന മകളുടെ സഹപാഠികളോറും അധ്യാപകനും അവരെ കാണുന്നുവെന്ന്, അടുത്ത മുറികളിൽ ഇരുന്ന് കോട്ടുവായ് ഇടുകയും ചുമക്കുകയും ചെയ്യുന്നവരും അറിയുന്നില്ല അവരെല്ലാം വീട്ടിലെ ആരോ ചെയ്തുകൊണ്ടിരിക്കുന്ന സൂം യോഗത്തിലെ അംഗങ്ങൾക്ക് അവരെ കേൾക്കാമെന്നു.
യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ നിങ്ങൾ ചായയോ മറ്റു പാനീയങ്ങളോ കുടിച്ചുകൊണ്ടിരിക്കുന്ന കപ്പിൽ എഴുതിയിട്ടുള്ള സന്ദേശങ്ങൾ വരെ മറ്റുള്ളവർ വായിക്കുന്നു. വീടിന്റെ സുഖസൗകര്യങ്ങളിൽ ഇരുന്നു ഇങ്ങനെ ഓഫിസ് കാര്യങ്ങളോ, വ്യക്തിപരമായ കാര്യങ്ങളോ ചർച്ചചെയ്യുമ്പോൾ ഒരു പൊതുവേദിയിലാണ് സ്വന്തം വീട്ടിലല്ല എന്ന ബോധം ഉണ്ടാകുന്നത് നല്ലതാണ്. സൂം അബദ്ധങ്ങൾ എന്ന പേരിൽ സർദാർജി ജോക്ക് പോലെ നമുക്ക് മീഡിയ വഴി വളരെ വേഗം കിട്ടാൻ തുടങ്ങും.
ആവശ്യം കണ്ടുപിടുത്തത്തിന്റെ മാതാവ് എന്നാണല്ലോ. അതുകൊണ്ട് സൂം വരുത്തിവയ്ക്കുന്ന ചില്ലറ തമാശകൾ അത് ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ കുറഞ്ഞുപോകും. അതുവരെ കണ്ണും കാതും പാർത്ത് ഇരിക്കുക എന്തെല്ലാം അബദ്ധങ്ങൾ, അമളികൾ ആളുകൾക്ക് സൂം ഉപയോഗത്തിൽ പറ്റുന്നുവെന്നു.
ശുഭം