എൺപത്തെട്ടാം പിറന്നാൾ ആഘോഷിക്കുന്ന ചെറിയാൻ കെ. ചെറിയാന് ജന്മദിന മംഗളാശംസകൾ. ഒരു കുറിപ്പ് എഴുതണം എന്ന് പറഞ്ഞ് ഇ-മലയാളിയില്‍ നിന്നും അറിയിക്കുമ്പോള്‍, മറവിയുടെ ആക്രമണം ഏല്‍ക്കാത്ത ഒരായിരം ഓര്‍മ്മകള്‍ തിക്കി തിരക്കി എത്തുകയായിരുന്നു. ചെറിയാന്‍ കെ. ചെറിയാന്റെ അറുപതാം ജന്മദിനത്തില്‍ അന്നു ജീവിച്ചിരുന്ന കവികളില്‍ നിന്ന് കവിതകള്‍ സ്വരുക്കൂട്ടി "സമുദ്രശില' എന്ന പേരില്‍ ഒരു പുസ്തകം സമര്‍പ്പിച്ചു. മുപ്പതു വര്‍ഷത്തിലേക്ക് നീളുന്ന 'സര്‍ഗ്ഗവേദി' എന്ന മലയാള ഭാഷയ്ക്കും, സാഹിത്യത്തിനും വേണ്ടി സമര്‍പ്പിച്ച സംഘടനയുടെ ജനനവും അതൊടൊപ്പം നടന്നു.
ചെറിയാച്ചന്‍ രക്ഷാധികാരിയായി പ്രവര്‍ത്തിച്ച തൊണ്ണൂറുകളായിരുന്നു സര്‍ഗ്ഗവേദിയുടെ സുവര്‍ണ്ണകാലം. ഓരോ വായനക്കാരനും, സഹൃദയനും എഴുത്തുകാരനും മാസത്തിലെ മൂന്നാം ഞായറാഴ്ച എത്താന്‍ കാതോര്‍ത്തിരുന്ന കാലം. ജയന്‍ കെ.സിയും, രാജു തോമസും, റെജീസ് നെടുങ്ങാടപ്പള്ളിയും, പീറ്റര്‍ നീണ്ടൂരും, സി.എം.സിയും, സെഡ്.എം മൂഴൂരും, എല്‍സി യോഹന്നാനും, സരോജ വര്‍ഗീസും എഴുതി തിമിര്‍ക്കുന്ന കാലം.
അന്നൊക്കെ നാട്ടില്‍ നിന്ന് ഏത് എഴുത്തുകാരനെത്തിയാലും ആദ്യം തെരക്കുന്നത് ചെറിയാച്ചനെയാണ്. കാക്കനാടനും, വിഷ്ണു നാരായണന്‍ നമ്പൂതിരിയും, ഒ.എന്‍.വിയും, മോഹനവര്‍മ്മയും അയ്യപ്പ പണിക്കരും, സുഗതകുമാരിയും, കാരശേരിയും, മുകുന്ദനും, സക്കറിയയും, ആഷാ മേനോനും, എം.എം. ബഷീറും, സി. രാധാകൃഷ്ണനും... ആ നിര നീണ്ടുപോകുന്നു. ആധുനിക മലയാള കവിതാ ലോകത്ത് ഒരു സിംഹാസനം കീഴടക്കിയ ചെറിയാച്ചന് മലയാള സാഹിത്യകാരന്മാരുടെ ലോകത്തുതന്നെ ഒരാദരവ് പിടിച്ചുപറ്റാന്‍ കഴിഞ്ഞിരുന്നു എന്നതാണ് ഈ അന്വേഷണം തെളിയിക്കുന്നത്.
അവിചാരിതമായി കഴിഞ്ഞയാഴ്ചയില്‍ ഒന്നു ഫോണ്‍ വിളിക്കാന്‍ ഇടയായി. ശ്വാസതടസം കാരണം അധികം സംസാരിക്കാന്‍ കഴിയുന്നില്ല. എന്നിട്ടും ഒരു സംസ്കൃത ശ്ശോകം ചൊല്ലി. 'മനസ്സിലെന്നും കാവടിയാട്ടം ആയിരിക്കണം, അല്ലെങ്കില്‍ ശിവരാത്രി കഴിഞ്ഞാല്‍ ശിവരാത്രി കഴിഞ്ഞപോലെയും, ശങ്കരാന്തി കഴിഞ്ഞാല്‍ ശങ്കരാന്തി കഴിഞ്ഞപോലെയും ഇരിക്കും' എന്നു പറഞ്ഞ കവിക്ക് 'ഭസ്മാസുരന്റെ' ഹര്‍ഷോന്മാദമില്ല. പ്രായവും രോഗങ്ങളും ആകെ നനച്ചിട്ടും ജ്വാല കെട്ടടങ്ങിയിട്ടില്ല!
കഴിഞ്ഞ ദിവസം പ്രൊഫ. കെ.വി ബേബി തൃശൂരു നിന്നും വിളിച്ചിരുന്നു. സംസാരത്തിന്റെ രത്‌നച്ചുരുക്കം ഇതാണ്. 'ചെറിയാന്‍ കെ. ചെറിയാന്റെ തെരഞ്ഞെടുത്ത കവിതകള്‍' എഡിറ്റ് ചെയ്ത് കേരള കവിതാ പ്രസിദ്ധീകരണത്തിലൂടെ പുറത്തിറക്കിയത് 2004-ല്‍ അയ്യപ്പ പണിക്കര്‍ സാറാണ്. അതിന് 2008-ല്‍ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡും കിട്ടി. എന്‍.വിയുടെ കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെയാണ് ചെറിയാച്ചന്റെ മിക്കവാറും കവിതകളും പ്രസിദ്ധീകരിക്കപ്പെട്ടത്. മാതൃഭൂമി പബ്ലിക്കേഷന്റെ മാനേജര്‍ നൗഷാദുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ എല്ലാ കവിതകളും ചേര്‍ത്ത് മാതൃഭൂമി പബ്ലിക്കേഷന്‍സ് ഒരു പുസ്തകം ഇറക്കാന്‍ ഉദ്ദേശിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്കില്‍ എത്തിയപ്പോള്‍ ചെറിയാന്‍ കെ. ചെറിയാന്‍ എന്ന കവിയെപ്പറ്റി പലരോടും അന്വേഷിച്ചു. ആരും അറിയില്ല. ഒരാള്‍ പറഞ്ഞു "മാര്‍ത്തോമാ സഭയില്‍ പ്രസംഗിക്കുന്ന ഒരു ചെറിയാനുണ്ട് അന്വേഷിച്ചുനോക്കൂ' ഫോണ്‍ നമ്പരും തന്നു. 'സാറാണോ ഭസ്മാസുരന്‍' എഴുതിയ ചെറിയാന്‍ കെ. ചെറിയാന്‍? ഒന്നു കണ്ടാല്‍ കൊള്ളാമായിരുന്നു'
ഒരു ദിവസം വൈകുന്നേരം 6 മണി. വീട്ടുമുറ്റത്ത് നിറചിരിയുമായി ചെറിയാച്ചന്‍. പലതും പറഞ്ഞു. പലവട്ടം പറഞ്ഞു. അതിനിടയ്ക്ക് ആനിയമ്മ വിളിച്ച് ഊണ് തന്നു. സംസാരം തുടര്‍ന്നു. ഇടയ്ക്ക് ചെറിയാച്ചന്‍ പറഞ്ഞു: 'എന്താണ് ഈ പാതിരായ്ക്ക് പക്ഷികള്‍ ഉറക്കെ ചിലയ്ക്കുന്നത്. ഏതെങ്കിലും ജീവികളെ കണ്ടുകാണും. നമുക്കൊന്ന് പോയി നോക്കാം'. ഞങ്ങള്‍ ടോര്‍ച്ചെടുത്ത് ഇറങ്ങി. വാതില്‍ തുറന്നു! സൂര്യന്‍ ഉദിച്ചുയരുന്നു.! നീണ്ട ഒരു രാത്രിയുടെ അന്ത്യം!!
കവിതയുടെ പുരാവൃത്തം തിരയുമ്പോള്‍, എഴുത്തിന്റെ നാള്‍വഴികളിലെ ഒരു സംഭവം ഓര്‍മ്മയിലെത്തുന്നു. ചെറിയാച്ചന്‍ ക്യൂന്‍സിലെ ബെല്‍റോസില്‍ താമസിക്കുന്ന കാലം. ഒരു ദിവസം അതിരാവിലെ ന്യൂസ് പേപ്പര്‍ എടുക്കാനായി പുറത്തേക്കിറങ്ങിയപ്പോള്‍, എതിര്‍വശത്തെ വീട്ടില്‍ രണ്ടു വര്‍ഷമായി അപ്രത്യക്ഷനായിരുന്ന ഒരു പയ്യന്‍ സിഗരറ്റും വലിച്ചുനില്‍ക്കുന്നു. പയ്യന്‍ മുമ്പ് കഞ്ചാവും, ഡ്രഗ്‌സും ഒക്കെയായി തരികിടയായിരുന്നു. ഒരു ദിവസം അടുത്ത വീട്ടിലെ പെണ്ണുമായി സ്ഥലംവിട്ടു. പിന്നെ കേട്ടു കാലിഫോര്‍ണിയയിലെവിടെയോ ഒരു കുട്ടിയൊക്കെയായി താമസിക്കുന്നുണ്ടെന്ന്. ആ പയ്യനാണ് മുറ്റത്തുനിന്ന് സിഗരറ്റ് വലിക്കുന്നത്. പെണ്ണും കൊച്ചും വേറൊരുത്തന്റെ കൂടെ സ്ഥലംവിട്ടു.
'നീ' എന്ന കവിതയുടെ സ്പാര്‍ക്ക് അവിടെനിന്നും തുടങ്ങുന്നു. വേഗം അകത്തുപോയി. കുറച്ചെഴുതി. സബ്‌വെ ട്രെയിനിലിരുന്ന് കുറച്ചുകൂടി എഴുതി. ഓഫീസിലിരുന്ന് പിന്നെയും എഴുതി. 'നീ' തലയ്ക്കുപിടിച്ച് നടക്കുന്ന സമയം. വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ ആനിയമ്മ പറഞ്ഞു "പിള്ളേര് വന്നിട്ടുണ്ട്. കൊച്ചിന്റെ പാല് തീര്‍ന്നുപോയി. വേഗം കടയില്‍ പോയി പാല് കൊണ്ടുവരണം.'
കേട്ട പാതി കേള്‍ക്കാത്ത പാതി ചെറിയാച്ചന്‍ കടയിലേക്ക് വിട്ടു. കടയില്‍ എത്തി എത്ര ആലോചിച്ചിട്ടും എന്തിനാ വന്നതെന്ന് ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല. ഏതായാലും ഒരു വീടല്ലേ ബ്രെഡും മുട്ടയും കുറച്ച് സവാളയും വാങ്ങി തിരിച്ചെത്തി. 'കൊച്ചിന് പാല് വാങ്ങാത്തതിന് ആനിയമ്മ വീട് മറിച്ചുവച്ചു. അപ്പോഴും "നീ'യുടെ അവസാന ഭാഗം മനസില്‍ കിടന്നു കളിക്കുകയായിരുന്നു.
'നീയൊരു പുലര്‍കാല തെളിവെട്ടപടി വാതിലി-
ലാകസ്മിക അഭിരാമമൊരാലക്തിക ശിഖമാതിരി വന്നളവില്‍
നിന്‍ കണ്‍കളില്‍ അഖിലം നീ തനതാക്കിയ വെണ്ണിക്കൊടി
നിന്‍ ചൂണ്ടത്തുയിര്‍ മേഘം പിണ കെട്ടിച്ച മിന്നല്‍ക്കൊടി'
തൊണ്ണൂറിനോട് അടുക്കുന്ന സര്‍ഗ്ഗധനനായ കവിക്ക് ഈ എളിയ ആരാധകന്റെ ജന്മദിനാശംസകള്‍.
- മനോഹര്‍ തോമസ്.