ഒരാൾക്ക് അധികാരം നഷ്ടപ്പെടുമ്പോൾ ശത്രുക്കൾക്ക് പുറമെ ഇത് വരെ കൂടെ നിന്നവരും ഭള്ള് പറയുക എന്നതാണ് കണ്ട് വരുന്നത് . ട്രംപിനെതിരെ ധാരാളം ആരോപണങ്ങൾ ശത്രുക്കളിൽ നിന്ന് മാത്രമല്ല മിത്രങ്ങളിൽ നിന്നും വൈകാതെ കേൾക്കാം.
അതിനാൽ കുറെ നല്ല കാര്യങ്ങൾ മാത്രം പറയാം.
നാല് വര്ഷത്തിനിടക്ക് ട്രംപ് അമേരിക്കൻ സേനയെ മറ്റു രാജ്യങ്ങളിലേക്കയക്കുകയോ യുദ്ധം ചെയ്യുകയോ ഉണ്ടായില്ല. ഇറാനുമായി യുദ്ധത്തിന് സാധ്യത ഒരുങ്ങി വന്നതാണ്`. പക്ഷെ പ്രസിഡന്റ് അത് വേണ്ടെന്നു വച്ച്. നോർത്ത് കൊറിയ ആയിരുന്നു അമേരിക്കയുടെ തല്ലു കൊള്ളാൻ യോഗ്യത കാട്ടിയ മറ്റൊരു രാജ്യം. പക്ഷെ അവിടത്തെ നേതാവ് കിം ജോംഗിനെ തന്റെ ആരാധകനാക്കാൻ ട്രംപിന് കഴിഞ്ഞു. പക്ഷെ കിമ്മിന്റെ പക്കൽ ഇപ്പോഴും അണ്വായുധങ്ങളുണ്ട്.
ജോർജ് ബുഷിന്റെയും ഒബാമയുടെയും കാലത്ത് ഇറാക്ക് അടക്കം പല രാജ്യങ്ങളിൽ പോയി അമേരിക്ക യുദ്ധം ചെയ്തു. ആ രാജ്യങ്ങളെ നന്നാക്കാനോ അവിടെ ജനാധിപത്യം ഉണ്ടാക്കാനോ ഒക്കെ ആയിരുന്നു യുദ്ധം. എന്നിട്ട് അവിടെ ജനാധിപത്യം വന്നോ? അത് കൊണ്ട് അമേരിക്കക്ക് എന്തെങ്കിലും ഗുണം കിട്ടിയോ? നല്ല ഉദാഹരണമാണ് ലിബിയയിൽ ഖദ്ദാഫിയെ പുറത്താക്കിയത്. ഇപ്പോൾ അവിടെ നിരന്തര പ്രശനം. ഹിലരി ക്ലിന്റൺ സെക്രട്ടറി ഓഫ് സ്റേറ് ആയിരിക്കുമ്പോഴായിരുന്നു അത്. ഇറാക്കിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഒരു പാട് പേര് മരിച്ചു. രാജ്യം കുട്ടിചോറായി. നമുക്ക് എന്ത് കിട്ടി. സാധാരണക്കാരുടെ പണമാണ് അവിടെ കൊണ്ട് പോയി പൊട്ടിക്കുന്നത്. കോര്പറേറ്റുകളൊന്നും നികുതി കൊടുക്കാറില്ലല്ലോ.
ഭരണകൂടത്തിൽ ഇപ്പോഴും യുദ്ധവെറിയന്മാരുണ്ട്. അവർക്ക് പല അജണ്ട കാണും. പക്ഷെ അവരുടെ അഭ്യാസമൊന്നും ട്രംപിന്റെ അടുക്കൽ ചെലവായില്ല. കാരണം സ്വയം തോന്നുന്നദി ട്രംപ് ചെയ്യൂ.
താന്പോരിമയും അഹന്തയും ഉള്ളത് കൊണ്ട് തന്നെയാണ് മറ്റുള്ളവരാൽ സ്വാധീനിക്കപ്പെടാതെ ട്രംപ് നിന്നത്.
ട്രംപിന്റെ ട്വീറ്റിന് ബെല്ലും ബ്രെയ്ക്കും ഇല്ലായിരുന്നു. പക്ഷെ വൈറ്റ് ഹൌസും ഭരണകൂടവും ദൂരെയല്ല എന്ന ഒരു ചിന്തയാണ് അത് ജനങ്ങളിൽ ഉണ്ടാക്കിയത്. ഒളിച്ചു വയ്ക്കാതെ സുതാര്യമായി കാര്യങ്ങൾ നടത്തുന്നതിന് അത് വഴി തെളിച്ചു.
ട്രംപിന്റെ കഴിഞ്ഞ തവണത്തെ ഇലക്ഷൻ വിജയം മാധ്യമങ്ങൾക്കും സ്റ്റാബ്ലിഷ്‌മെന്റിനും സഹിക്കാവുന്നതിലപ്പുറമായിരുന്നു. ട്രംപ് മാധ്യമങ്ങളെ വെല്ലുവിളിച്ചു. അവരുടെ വിമർശനത്തെ ഫെയ്ക്ക് ന്യുസ് എന്ന ലേബൽ ചാർത്തി. മാധ്യമങ്ങളുണ്ടോ സഹിക്കു. അവ ട്രംപിന്റെ കടുത്ത ശത്രുക്കളായി.
ഇതിനു പുറമെയാണ് എസ്റ്റാബ്ലിഷ്‌മെന്റ് നിയന്ത്രിക്കുന്നവർ. ട്രംപ് അവർക്ക് പുല്ലുവില കല്പിച്ചു. സ്വന്തമായി തീരുമാനങ്ങളെടുത്തു.
സാമ്പത്തിക രംഗത്തെ വലിയ നേട്ടങ്ങൾ മറ്റൊന്നാണ്. കോവിഡ് ദഃ വന്നില്ലായിരുന്നെങ്കിൽ ട്രംപ് നിഷ്പ്രയാസം ജയിക്കുമായിരുന്നു. അല്ലെങ്കിൽ ട്വിറ്റര് അക്കൗണ്ട് പൂട്ടിയാലും മതിയായിരുന്നു.
ജയിക്കാൻ വേണ്ടി തന്റെ നിലപാടോ പെരുമാറ്റമോ ട്രംപ് ഒരിക്കലും മാറ്റിയില്ല. അത് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. കാര്യം കാണാൻ കഴുതക്കാലും പിടിക്കുന്ന അഷ്ട്രീയക്കാരനാകാൻ ട്രംപ് മുതിർന്നില്ല.
പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തെപ്പറ്റി ഒരു ലൈംഗിക ആരോപണവും ഉണ്ടായില്ല. പണക്കാരനായ ഒരു വ്യക്തി അമേരിക്കയിൽ കാട്ടിക്കൂട്ടുന്നതൊക്കെയെ ട്രംപ് മുൻകാലങ്ങളിൽ ചെയ്തിട്ടുള്ളു. അതിൽ അസൂയ പൂണ്ടവരാണ് അദ്ദേഹത്തിന്റെ എതിരാളികളിൽ നല്ലൊരു പങ്ക്.
പിന്നെ ടാക്‌സിന്റെ കാര്യം. ഏതു ബിസിനസുകാരനാണ് കൃത്യമായി ടാക്സ് അടക്കുന്നത്?
ഇനി ട്രംപിന്റെ കുറവുകളെപ്പറ്റി ആരെങ്കിലും എഴുതുമെന്ന് കരുതുന്നു.
--------------------
സ്വയം ഇറങ്ങി പോയില്ലെങ്കിൽ ട്രംപിന്റെ പേരെടുത്തുപറയാതെ ബൈഡൻ ക്യാമ്പയിൻ നൽകിയിരിക്കുന്ന സന്ദേശം ഇപ്രകാരമാണ് : " വൈറ്റ് ഹൗസിൽ അതിക്രമിച്ചു കയറിയവരെ തുരത്താൻ അമേരിക്കയ്ക്ക് കഴിവുണ്ട്."
ജൂലൈ 19 ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ബൈഡൻ ക്യാമ്പെയിന്റെ വക്താവ് ആൻഡ്രൂ ബേറ്റ്സ് അമേരിക്കൻ ജനത വൈറ്റ് ഹൗസിൽ ആര് വേണമെന്ന വിധി എഴുതുമെന്നും അതിക്രമിച്ചുകയറിയവരെ പുറത്താക്കാൻ യു എസ് ഗവൺമെന്റിന് കഴിവുണ്ടെന്നും പറഞ്ഞിരുന്നു.
സാങ്കേതികമായി, ഒരു പ്രസിഡന്റിന് തെരഞ്ഞെടുപ്പ് നഷ്ടമായാൽ അത് അംഗീകരിക്കണമെന്ന കീഴ്‌വഴക്കം ഇല്ല. ഇവിടെ അതെ സമയം, ട്രംപ് നിയമപരമായ പോരാട്ടത്തിലാണ്. തിരഞ്ഞെടുപ്പ് ഫലം മാറിമറിയുമെന്ന് ഇപ്പോഴും അദ്ദേഹത്തിന് പ്രതീക്ഷ നഷ്ടമായിട്ടില്ല.
ട്രംപ് പറഞ്ഞത് നിയമപരമായ വോട്ടുകൾ എണ്ണിയാൽ തന്റെ വിജയം സുനിശ്ചിതമാണെന്നാണ്. വൈകിയെത്തിയ തപാൽ വോട്ടുകൾ നിയമവിരുദ്ധമാണെന്നാണ് ട്രംപിന്റെ പക്ഷം. പൊതുവെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ സുപ്രീം കോടതി , സ്റ്റേറ്റ് കോർട്ടുകൾക്ക് നല്കുകയാണ് ചെയ്യുക. ഭരണഘടന അതിനുള്ള അവകാശം നൽകിയിരിക്കുന്നത് അതാത് സംസ്ഥാനങ്ങൾക്കാണ്. ഭരണഘടനയിൽ പറഞ്ഞിരിക്കുന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതു കൊണ്ടാണ് റിപ്പബ്ലിക്കൻ പാർട്ടി ആദ്യം തന്നെ അപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ തപാൽ വോട്ടുകളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. കാലിഫോർണിയയും ന്യൂജേഴ്‌സിയും പോലെ ചില സ്റ്റേറ്റുകൾ എല്ലാ വോട്ടർമാർക്കും ബാലറ്റ് അയച്ചു. . തപാൽ വോട്ടുകളുടെ എണ്ണം കൂടിയതു മൂലം തപാൽ വകുപ്പിന് നിശ്ചിത സമയപരിധിയിൽ എത്തിക്കാനുള്ള പ്രയാസം പരിഗണിച്ച് സ്റ്റേറ്റുകൾ അധികസമയം അനുവദിച്ചിരുന്നു. തപാൽ വോട്ടുകൾ ദുർവിനിയോഗം ചെയ്‌തെന്നാണ് ട്രംപിന്റെ ആരോപണം. തപാൽ വോട്ടുകൾ ഉപയോഗിച്ച് തന്നിൽ നിന്ന് ഈ ഇലക്ഷൻ കവർന്നെടുക്കാൻ എതിരാളികൾ ശ്രമിക്കുന്നതായും അദ്ദേഹം ആക്രോശിച്ചു.
വ്യക്തത ലഭ്യമാകാത്ത പക്ഷം, പ്രസിഡന്റ് ട്രംപിന് മാന്യമായി ഒഴിഞ്ഞു കൊടുക്കാൻ ഉദ്ദേശമില്ല. ഡെമോക്രാറ്റിക് എതിരാളി ജോ ബൈഡനോട് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ വോട്ട് നിലയിൽ നിലവിൽ പിന്നിലായ ട്രംപ് തന്നെ, ഈ ഇലക്ഷൻ ഫലത്തെ താൻ അംഗീകരിക്കുന്നില്ലെന്ന് അടുത്തവൃത്തങ്ങളോട് തുറന്നുപറഞ്ഞെന്ന് സി എൻ എൻ റിപ്പോർട്ട് ചെയ്തു.
2016 ൽ സംഭവിച്ചതുപോലെ താൻ വഞ്ചിതനായേക്കാമെന്ന് ഇലക്ഷന് മുന്നോടിയായി മാസങ്ങൾക്ക് മുൻപ് നടത്തിയ പ്രചാരണങ്ങളിൽ ട്രംപ് പരാതിപ്പെട്ടിരുന്നു.
2020 ൽ മഹാമാരിയുടെ പശ്ചാത്തലത്തിൽ തപാൽ വോട്ടുകൾ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുമ്പോൾ മുതൽ ട്രംപ് അതിൽ വ്യാജവോട്ടുകൾക്കുള്ള സാധ്യത ചൂണ്ടിക്കാട്ടി എതിർത്തു. അന്നും ഇന്നും തന്റെ ആരോപണത്തിന് ആധാരമായ തെളിവ് അദ്ദേഹത്തിന്റെ പക്കലില്ല. ഇലക്ഷൻ ദിവസം മുതൽ അദ്ദേഹത്തിന്റെ അനുയായികൾ പലയിടത്തെയും വോട്ടെണ്ണൽ നിർത്തിവയ്ക്കാൻ പ്രതിഷേധങ്ങളുമായി രംഗത്തുണ്ട്. വോട്ടിങ്ങിലെ ക്രമക്കേടുകൾ പറഞ്ഞും മാധ്യമങ്ങളെ കുറ്റപ്പെടുത്തിയും ട്രംപിന്റെ നിരവധി ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അവയൊന്നും വാസ്തവമായി തോന്നാത്തതുകൊണ്ട് ട്വിറ്റര് ഫ്ലാഗ് ചെയ്യുകയും ചെയ്തു.
പ്രസിഡന്റിന്റെ മകൾ ഇവൻകയും മരുമകനും ചേർന്ന് ട്രംപിന് വൈറ്റ് ഹൗസ് വിട്ട് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള മാനസികമായ പിൻബലവും ഉൾക്കരുത്തും നൽകുന്നത് അദ്ദേഹത്തിന്റെ അണികൾക്ക് കാണേണ്ടി വരുമെന്ന് സി എൻ എൻ പറഞ്ഞത് ചിലപ്പോൾ സത്യമാകും.
" അർധരാത്രി വരെ തനിക്ക് മികച്ച ലീഡ് ഉണ്ടായിരുന്നെന്നും നേരം വെളുത്തപ്പോൾ അതൊരു അത്ഭുതം പോലെ ഇല്ലാതായെന്നുമാണ് ട്രംപ് പറയുന്നത്. നിയമത്തിന്റെ ഇടപെടലിലൂടെ അത്ഭുതമായി നഷ്ടപ്പെട്ട ലീഡ് തിരികെ ലഭിക്കുമെന്ന് ട്രംപ് ഇപ്പോഴും വിശ്വസിക്കുന്നു.