Image

ജോര്‍ജ് മണ്ണിക്കരോട്ട്: സാഹിത്യ ചരിത്രം എന്ന നിയോഗം: (മുന്‍പേ നടന്നവര്‍ - 6 മീനു എലിസബത്ത്)

Published on 09 November, 2020
ജോര്‍ജ് മണ്ണിക്കരോട്ട്: സാഹിത്യ ചരിത്രം എന്ന നിയോഗം: (മുന്‍പേ നടന്നവര്‍ - 6  മീനു എലിസബത്ത്)

അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ ചരിത്രകാരനെന്നാണ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ ജോര്‍ജ് മണ്ണിക്കരോട്ട് അറിയപ്പെടുന്നത്. ഇന്ത്യയില്‍ വച്ചെഴുതിയതാണെങ്കിലും അമേരിക്കയില്‍നിന്ന് ആദ്യമായി പ്രസിദ്ധീകരിച്ച മലയാള നോവലും ഇദ്ദേഹത്തിന്റേതാണ്.

അമേരിക്കയുടെ അന്‍പത് സംസ്ഥാനങ്ങളിലുമുള്ള മലയാളി എഴുത്തുകാരുടെ പേരുവിവരങ്ങള്‍, അവരുടെ സാഹിത്യ സപര്യയുടെ വിശദവിവരങ്ങള്‍, പുസ്തകങ്ങള്‍ ഇവയെല്ലാം ശേഖരിച്ച് പ്രതിഫലേച്ഛ കൂടാതെ അതിമനോഹരമായ ഒരു പുസ്തകം അവരെക്കുറിച്ചു തയാറാക്കുക എന്ന അതീവ ശ്രമകരമായ കര്‍ത്തവ്യം ഏറ്റെടുത്തു വിജയപ്പിച്ച എഴുത്തുകാരനാണ് അദ്ദഹം. അതുകൊണ്ടു തന്നെയാണ് അമേരിക്കന്‍ മലയാള സാഹിത്യ ചരിത്രത്തിന്റെ നെറുകയില്‍ തന്റെ വജ്രസിംഹാസനം ഉറപ്പിച്ച സാഹിത്യക്കാരണവരാണ് ജോര്‍ജ് മണ്ണിക്കരോട്ടെന്നു നിസ്സംശയം പറയാനാവുന്നത്.



എങ്ങനെയാണ് താങ്കളിലെ എഴുത്തുകാരന്റെ തുടക്കം?

എട്ടാം ക്ലാസ്സ് മുതലേ കഥകളും ലേഖനങ്ങളുമൊക്കെ സ്‌കൂള്‍ മാസികകളില്‍ എഴുതുമായിരുന്നു. മലയാളത്തോടുള്ള അതിയായ പ്രതിപത്തിമൂലം ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പ്രൈവറ്റായി മലയാളം വിദ്വാന്‍ പഠിക്കുവാന്‍ ചേര്‍ന്നിരുന്നു. 1962 ല്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ പഠിക്കുന്ന കാലത്താണ് ഇന്ത്യ - ചൈന യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന ആ കാലത്താണ് ആര്‍മിയില്‍ ചേരുന്നത്. പന്ത്രണ്ടു വര്‍ഷത്തോളം ആര്‍മിയില്‍ ഉണ്ടായിരുന്നു. കമ്മിഷന്‍ റാങ്കായിരുന്നു ലക്ഷ്യം. അതിനായി ഞാന്‍ ധാരാളം പുസ്തകങ്ങള്‍ വായിച്ചു പഠിച്ചു. അതിനൊപ്പം ഡിഗ്രിക്ക് പ്രൈവറ്റായി പഠിക്കുകയും ചെയ്തു. പല കടമ്പകള്‍ കടന്നു മൂന്ന് പ്രാവശ്യം സിലക്ഷന്‍ ബോര്‍ഡ് വരെയെത്തിയെങ്കിലും റെക്കമെന്‍ഡേഷനും പിടിപാടുകളും ഇല്ലാതിരുന്നതിനാല്‍ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടില്ല. അക്കാലത്താണ് സജീവമായി എഴുതാന്‍ തുടങ്ങുന്നത്.

1969 ല്‍ പഞ്ചാബിലെ അമൃത്‌സറിലായിരിക്കെ ഒരു മലയാളി കുടുംബത്തിനുണ്ടായ ദാരുണമായ അനുഭവം എഴുതി. അഞ്ഞൂറ് പേജോളം വരുന്ന ഒരു നോവലായിരുന്നു പിന്നീട് എഴുതിയത്. ആര്‍മിയുടെ പശ്ചാത്തലത്തില്‍ എഴുതിയ ആ നോവലിന് 'അഗ്‌നിയുദ്ധം' എന്ന് പേരും കൊടുത്തു. അത് പ്രസിദ്ധീകരിക്കുംമുമ്പുതന്നെ ഒരു നോവല്‍ കൂടി എഴുതി. ആര്‍മിയിലായിരുന്നതിനാല്‍ അന്നത് പ്രസിദ്ധീകരിക്കാനുള്ള സൗകര്യമോ സാവകാശമോ കിട്ടിയില്ല. അതിനിടെ 1972 ല്‍ വിവാഹം കഴിഞ്ഞു. പന്ത്രണ്ടു വര്‍ഷത്തെ ആര്‍മി ജീവിതത്തിനു ശേഷം 1974 ല്‍ പട്ടാളം വിടുകയും ആ വര്‍ഷം തന്നെ അമേരിക്കയിലേക്കു വരികയും ചെയ്തു. ആദ്യം ന്യൂയോര്‍ക്കിലാണ് വന്നത്. ആദ്യ കുറേ വര്‍ഷങ്ങള്‍ കഷ്ടത നിറഞ്ഞതായിരുന്നു. എഴുത്തും വായനയും കുറഞ്ഞു. കുട്ടികള്‍, ജോലി, വീട്, പുതിയ സ്ഥലം, തിരക്കിന്റെ നാളുകള്‍. ന്യൂയോര്‍ക്കിലെ തണുപ്പും സഹിക്കാവുന്നതായിരുന്നില്ല. 1980 ല്‍ ഹൂസ്റ്റണിലേക്കു വന്ന ശേഷമാണ് വീണ്ടും എഴുത്തു തുടങ്ങുന്നതും കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെല്ലാം ഏര്‍പ്പെടുന്നതും. 1981 ല്‍ കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ മാസികയായ മാറ്റൊലിയുടെ ചീഫ് എഡിറ്റര്‍ ആയി. ഇതിനോടകം, നാട്ടില്‍ ആര്‍മിയിലിരുന്നപ്പോള്‍ എഴുതിയ എന്റെ രണ്ടാമത്തെ നോവല്‍ 'ജീവിതത്തിന്റെ കണ്ണീര്‍' സ്വന്തമായി പ്രസിദ്ധീകരിച്ചു. നാഷനല്‍ ബുക്ക്സ്റ്റാള്‍ 1987 ല്‍ അത് വീണ്ടും പ്രസിദ്ധീകരിച്ചു. 'അഗ്‌നിയുദ്ധം', 'അമേരിക്ക' ഇവയാണ് പ്രസിദ്ധീകരിച്ച മറ്റു നോവലുകള്‍.

അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ ചരിത്രം എഴുതാനുണ്ടായ ആലോചന. അതേക്കുറിച്ചൊന്നു പറയാമോ ?

വര്‍ഷങ്ങള്‍ക്ക് മുന്‍പ് (1998) ന്യൂയോര്‍ക്കിലെ റോച്ചസ്റ്ററില്‍ നടന്ന ഫൊക്കാന സമ്മേളനത്തില്‍ സാഹിത്യകാരന്‍ എം.എം. ബഷീര്‍ വരികയുണ്ടായി. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ ചരിത്രം അടയാളപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും പറഞ്ഞിരുന്നു. പിന്നീട് ബഷീറും എഴുത്തുകാരന്‍ ജോണ്‍ മാത്യുവുമായി ഞങ്ങള്‍ ഈ വിഷയം വീണ്ടും ചര്‍ച്ച ചെയ്തു. ജോണ്‍ മാത്യുവിന്റെ സ്‌നേഹപൂര്‍വമുള്ള നിര്‍ദേശപ്രകാരം ഒരു നിയോഗം പോലെ ഞാന്‍ അത് ഏറ്റെടുക്കുകയായിരുന്നു. അഞ്ചു വര്‍ഷത്തോളം ഒരു തപസ്യ പോലെ അതിന്റെ പണിപ്പുരയിലായിരുന്നു. അത് മൂന്നു ഭാഗങ്ങളായാണ് എഴുതിയിരിക്കുന്നത്. അമേരിക്കക്കാരുടെ കുടിയേറ്റ ചരിത്രം, ഇന്ത്യന്‍ വംശജരുടെ കുടിയേറ്റ ചരിത്രം, മലയാളികളുടെ കുടിയേറ്റ ചരിത്രം, അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ പേരുവിവരങ്ങള്‍, സാഹിത്യസൃഷ്ടികള്‍ അങ്ങിനെ പല അധ്യായങ്ങളായിട്ടാണ് ആ പുസ്തകത്തില്‍ കൊടുത്തിരിക്കുന്നത്. അറുപതുകളുടെ തുടക്കം മുതല്‍ അമേരിക്കയില്‍ മലയാളത്തില്‍ എന്തെങ്കിലുമൊക്കെ എഴുതി പ്രസിദ്ധീകരിച്ച എല്ലാവരെപ്പറ്റിയും ഈ പുസ്തകത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അവരില്‍ കുറേപ്പേര്‍ ഇന്ന് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ചിലര്‍ സജീവമായി എഴുത്തു തുടരുന്നു. എഴുത്തു നിര്‍ത്തിയവരും ഇക്കൂട്ടത്തിലുണ്ട്. നൂറുകണക്കിന് പുസ്തകങ്ങളാണ് റഫറന്‍സിനു വേണ്ടി വായിച്ചത്.

ചിലര്‍ക്കെങ്കിലും ഈ സംരംഭത്തോട് താല്പര്യമില്ലായിരുന്നു. എന്തിനാണ് നമ്മുടെ ചരിത്രം എഴുതി വയ്ക്കുന്നതെന്നുള്ള നിസ്സഹകരണ ഭാവം. ഡേറ്റ ശേഖരിക്കാന്‍തന്നെ രണ്ടു വര്‍ഷമെടുത്തു. അമേരിക്കയിലെ അന്‍പത് സംസ്ഥാനങ്ങളില്‍ ചിന്നിച്ചിതറിയാണ് മലയാളി എഴുത്തുകാര്‍ ജീവിക്കുന്നത്. അന്ന് അവരെ എല്ലാവരെയും ഫോണില്‍ കിട്ടാനോ ഇ - മെയില്‍ വഴി ബന്ധപ്പെടാനോ അത്ര എളുപ്പമായിരുന്നില്ല. പലരുടെയും ഫോണ്‍ നമ്പര്‍ പോലുമില്ല. ചില മലയാളി സംഘടനകളുടെയൊക്കെ സഹായവും തേടി. പല സംസ്ഥാനങ്ങളിലും യാത്ര ചെയ്യേണ്ടി വന്നു. ചെന്നിടങ്ങളിലൊക്ക നല്ല സഹകരണമായിരുന്നു വിവിധ സാഹിത്യ, സാമൂഹിക സംഘടനകളില്‍നിന്നു ലഭിച്ചത്. നാട്ടിലിരുന്ന് എം.എം. ബഷീര്‍ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും നല്‍കി സഹായിച്ചു. പ്രഫ. ജോര്‍ജ് ഓണക്കൂര്‍ സാറും ഇതിനായി വളരെയധികം സഹായിച്ചിട്ടുണ്ട്. സുഹൃത്തുക്കളായ ജോണ്‍ മാത്യു, ജോയന്‍ കുമരകം, മനോഹര്‍ തോമസ് ഇവരെല്ലാം പല രീതിയില്‍ ഈ പുസ്തകം വെളിച്ചം കാണുവാന്‍ ആഗ്രഹിച്ചു കൂടെ നിന്നവരാണ്.

അമേരിക്കയില്‍ അന്നുണ്ടായിരുന്ന മലയാളമാധ്യമങ്ങളായ മലയാളം  പത്രം, കേരള എക്‌സ്പ്രസ്സ്, കൈരളി, മലയാളി, സംഗമം ഇവയെല്ലാം പുസ്തകത്തെക്കുറിച്ചും എഴുത്തുകാരനെക്കുറിച്ചും എഴുതുകയും പുസ്തകത്തിന്റെ ഖ്യാതി അമേരിക്കയിലുടനീളം എത്തിക്കുകയും ഉണ്ടായി. ഇത് പുസ്തകരൂപത്തിലാക്കുവാന്‍ സഹായിച്ച പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വിതുര ബേബിയെ നന്ദിയോടെ ഓര്‍ക്കുന്നു; പ്രഭാത് ബുക്‌സിനെയും. ആദ്യമൊക്ക തടസവാദം പറഞ്ഞവര്‍ക്കും നിരുത്സാഹപ്പെടുത്തിയവര്‍ക്കും പുസ്തകം പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോള്‍ സന്തോഷമായിരുന്നു. ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പണിപ്പുരയിലായിരുന്നു കഴിഞ്ഞ കുറെ വര്‍ഷമായി. പുതിയ എഴുത്തുകാരുടെ വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തി അത് ഉടനെ പ്രസിദ്ധീകരിക്കുവാനുള്ള ശ്രമത്തിലാണ്.



അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരുടെ മക്കള്‍, മലയാളഭാഷയില്‍നിന്നും സംസ്‌കാരത്തില്‍നിന്നും വല്ലാതെ അകന്നു പോയവരാണെന്നു പറഞ്ഞാല്‍ നിഷേധിക്കുവാന്‍ കഴിയുമോ?

ആദ്യകാല മലയാളി കുടിയേറ്റക്കാര്‍ ഇംഗ്ലിഷ് നന്നായി അറിയില്ലെങ്കില്‍ക്കൂടി ഇംഗ്ലിഷില്‍ മാത്രമായിരുന്നു മക്കളോടുള്ള സംസാരം. മലയാളം പറയുവാന്‍ അവരെ പ്രോത്സാഹിപ്പിച്ചിരുന്നതേ ഇല്ല. വീട്ടില്‍ പോലും ഇംഗ്ലിഷ്. കുട്ടികള്‍ മലയാളം പറഞ്ഞാല്‍ അവരുടെ ഇംഗ്ലിഷ് മോശമാകുമെന്ന വികലമായ ധാരണ. നാട്ടില്‍നിന്നു വന്നവര്‍ പോലും പൊതുവേദികളിലും സൗഹൃദക്കൂട്ടായ്മകളിലും ഇംഗ്ലിഷേ പറയൂ. മിക്കവര്‍ക്കും മലയാളം പറയുന്നതൊരു കുറച്ചില്‍ പോലെയായിരുന്നു. ഇംഗ്ലിഷ് നന്നായിട്ടറിയുകയുമില്ല, എന്നാല്‍ മലയാളം പറയുകയുമില്ല. ഇംഗ്ലിഷും മലയാളവും കൂട്ടിക്കുഴച്ചുള്ള സങ്കരഭാഷ. ഇന്നതിന് മംഗ്ലീഷ് എന്നു പറയും. ആ സ്ഥിതി വലിയ തോതില്‍ ഇന്ന് മാറിയിട്ടുണ്ട്.

പുതിയ കുടിയേറ്റക്കാരുടെ മക്കളില്‍ മലയാളം പറയുന്നവര്‍ ധാരാളം ഉണ്ടെങ്കിലും ഇന്നും ഒരു നല്ല വിഭാഗം ആള്‍ക്കാരും മക്കളോട് മലയാളം പറയില്ല. കേരളത്തിലാണ് കുട്ടികള്‍ക്ക് മലയാളം പറയുവാന്‍ കൂടുതല്‍ വിലക്കുള്ളതെന്നും മടിയുള്ളതെന്നും തോന്നിയിട്ടുണ്ട്. അന്നത്തെ സങ്കരഭാഷയാണ് ഇന്ന് കേരളത്തില്‍ പുതു തലമുറ അനുകരിക്കുന്നതെന്നു തോന്നാറുണ്ട്.

അമേരിക്കയിലെ മാധ്യമ, മത, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെല്ലാം തന്നെ സജീവ സാന്നിധ്യമാണ് മണ്ണിക്കരോട്ട്. ഹൂസ്റ്റണിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ സ്ഥാപകനാണ്. ഇന്നും അതിന്റെ നേതൃനിരയില്‍ത്തന്നെ. ഹൂസ്റ്റണിലെ മലയാളികളുടെ സാഹിത്യവളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും വേണ്ടി ഉണ്ടാക്കിയ സംഘടനയാണത്. ഹൂസ്റ്റണിലെ കേരളനാദം വാര്‍ത്താ മാസികയുടെ ചീഫ് എഡിറ്റര്‍ ആയി അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. മാറ്റൊലി എന്ന മാസികയുടെ എഡിറ്ററായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. ലാന, കേരള റൈറ്റേഴ്സ് ഫോറം തുടങ്ങി അമേരിക്കയിലെ പല സംഘടനകളിലും നേതൃസ്ഥാനം വഹിക്കുകയും സജീവമായി ഇപ്പോഴും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. തന്റെ മിത ഭാഷണത്തിലൂടെയും സൗമ്യമായ ഇടപെടലുകളിലൂടെയും മണ്ണിക്കരോട്ടിന്റെ സുഹൃദ്വലയം കടല്‍ കടന്നും വ്യാപിച്ചു കിടക്കുന്നു. യാത്രകളാണ് ഇഷ്ട വിനോദം.

ജീവിതത്തിന്റെ കണ്ണീര്‍, അഗ്‌നിയുദ്ധം, അമേരിക്ക എന്നിയാണ് പ്രസിദ്ധീകരിച്ച നോവലുകള്‍. മൗനനൊമ്പരങ്ങള്‍, അകലുന്ന ബന്ധങ്ങള്‍ എന്നീ ചെറുകഥാ സമാഹാരങ്ങളും ബോധധാര, ഉറങ്ങുന്ന കേരളം, മാറ്റമില്ലാത്ത മലയാളികള്‍ എന്നീ ലേഖന സമാഹാരങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. അമേരിക്കയിലെയും കേരളത്തിലെയും പല മാസികകളിലും സ്ഥിരമായി എഴുതാറുണ്ട്.

പുരസ്‌കാരങ്ങളുടെ വലിയ ഒരു നിരതന്നെ മണ്ണിക്കരോട്ടിനു ലഭിച്ചിട്ടുണ്ട്. ആദ്യത്തെ ഫൊക്കാന സാഹിത്യ അവാര്‍ഡ്, ഫൊക്കാന എഡിറ്റോറിയന്‍ അവാര്‍ഡ്, വിശാല കൈരളി അവാര്‍ഡ്, കോഴിക്കോട് ഭാഷ സമന്വയവേദി, ക്രിസ്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഫെഡറേഷന്‍, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ ഇവയുടെയെല്ലാം അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഭാര്യ ഏലിയാമ്മയോടൊപ്പം ഹൂസ്റ്റണിലെ സ്റ്റാഫ്ഫോഡില്‍ താമസിക്കുന്നു. ഇവര്‍ക്കു മൂന്ന് ആണ്‍മക്കളാണ്: ജെറാള്‍ഡ്, സച്ചിന്‍, സെവിന്‍. മരുമക്കള്‍: സോണിയ, കെര്‍സ്റ്റിന്‍, മാനസി. നാലു കൊച്ചുമക്കളുമുണ്ട്.



നാല്‍പത്തിയാറു വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന ഈ മനുഷ്യന്‍ ജനിച്ചു വളര്‍ന്ന നാടിന്റെ ഭാഷ, കുടിയേറിയ നാട്ടില്‍ കെടാതെ സൂക്ഷിക്കുക മാത്രമല്ല അതിന്റെ ചരിത്രമെഴുതുകയും ചെയ്തു. തനിക്കു മുന്‍പു വന്നവരെയും തനിക്കൊപ്പവും അതിനു ശേഷവും വന്നവരെയും എന്നെന്നും ഓര്‍മിക്കുന്ന രീതിയില്‍ ആ ചരിത്ര പുസ്തകത്തിന്റെ ഭാഗമാക്കിത്തീര്‍ത്തു. 'അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം' എന്ന ആ ഒരൊറ്റ പുസ്തകം മാത്രം മതി അമേരിക്കയിലെ മലയാള സാഹിത്യ നഭസ്സില്‍ അഗ്രഗണ്യനായ എഴുത്തുകാരനായി ജോര്‍ജ് മണ്ണിക്കരോട്ട് അറിയപ്പെടാന്‍. മലയാള സാഹിത്യത്തിനു തന്നെ മുതല്‍ക്കൂട്ടായ ആ ചരിത്ര പുസ്തകത്തിന്റെ തുടരെഴുത്തുമായി ജോര്‍ജ് മണ്ണിക്കരോട്ട് തന്റെ എഴുത്തു യാത്ര തുടരുകായണ്; നിസംശയം, നിസ്വാര്‍ഥം.

see also

ജോര്‍ജ് മണ്ണിക്കരോട്ട്: https://emalayalee.com/repNses.php?writer=50

മീനു എലിസബത്ത്: https://emalayalee.com/repNses.php?writer=14

Join WhatsApp News
RAJU THOMAS 2020-11-12 20:39:03
Look at his tie knot and the dimple there! So meticulous, like his writing!
G. Puthenkurish 2020-11-17 01:05:05
"സാഹിത്യം യാഥാർഥ്യത്തെ വെറുതെ വിവരിക്കയല്ല അത് കൂടുതൽ സ്പഷ്ടതയുള്ളതാക്കുന്നു. നമ്മളുടെ നിത്യജീവിതത്തിന് ആവശ്യമുള്ള കാര്യക്ഷമത വർദ്ധിപ്പിക്കുകയും അതിന് വേണ്ടത് നൽകുകയും ചെയ്യുന്നു. നമ്മളുടെ ജീവിതം വളരാൻ വെമ്പുന്ന തരിശുഭൂമിയെ അത് നനയ്ക്കുകയും ചെയ്യുന്നു" സി. എസ് ലൂയിസിന്റ് ഈ വാക്കുകളുടെ വെളിച്ചത്തിൽ ശ്രീ ജോർജ്ജ് മണ്ണിക്കരോട്ടിന്റെ , ജീവിതത്തിന്റ കണ്ണീർ (നോവൽ ), അഗ്നിയുദ്ധം (നോവൽ ), മൗന നൊമ്പരങ്ങൾ (കഥകൾ ) , അകലുന്ന ബന്ധങ്ങൾ (കഥകൾ ) , അമേരിക്ക (നോവൽ ) ബോധധാര (ലേഖനങ്ങൾ ) എന്നിവയെല്ലാം, നമ്മളുടെ ജീവിതത്തിലെ തരിശുഭൂമിയെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നനച്ച് കാര്യക്ഷമത വർദ്ധിപ്പിക്കാൻ പോരുന്നവയാണ് . അദ്ദേഹത്തിന്റ 'അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം' മലയാള സാഹിത്യത്തെ, അമേരിക്കയുടെ മണ്ണിൽ, വെയിലിൽ വാടാതെയും തണുപ്പിൽ നശിക്കാതെയും കാത്തു സൂക്ഷിച്ചവർക്കുള്ള ഒരു ഉപഹാരമാണ്. സുമനസ്സുള്ള ഒരു വ്യക്തിക്ക് മാത്രമേ ഇത്തരം ഒരു ഗ്രന്ഥം രചിക്കാൻ കഴിയു. ഈ ഗ്രന്ഥത്തിൽ പരാമര്ശിക്കപ്പെട്ടവർ മണ്മറഞ്ഞു പോയാലും, അവരെ മലയാള സാഹിത്യ ചരിത്രത്തിൽ വിസ്മരിക്കപ്പെടാതെ കാത്തു സൂക്ഷിക്ക തക്കവിധത്തിലുള്ള ഒരു സംരഭമാണ് അദ്ദേഹം 'അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം " എന്ന ഗ്രന്ഥ രചനയിലൂടെ നിർവഹിച്ചിരിക്കുന്നത്. ഒരാളുടെ മാറ്റമില്ലാത്തതതും പൊരുത്തമുള്ളതുമായ പെരുമാറ്റങ്ങളിൽ നിന്ന് ആ വ്യക്തിയുടെ സ്വഭാവം മനസിലാക്കാൻ കഴിയും എന്ന് പറയുന്നതുപോലെ , കഴിഞ്ഞ മുപ്പതു വർഷത്തിലേറെ ഞാൻ അദ്ദേഹത്തിൽ കണ്ട മാറ്റമില്ലാത്ത സവിശേഷത , മലയാള ഭാഷയോടുള്ള അദ്ദേഹത്തന്റെ അഭിനിവേശവും അതിനെ മറ്റുള്ളവരിലൂടെ പ്രോത്സാഹിപ്പിച്ചു വളർത്താനുള്ള മനോഭാവവുമാണ്. മലയാളം സൊസൈറ്റിയുടെ പ്രസിഡണ്ടെന്ന നിലക്ക് അദ്ദേഹം നടത്തുന്ന സേവനം അതിന് ഒരു ഉദ്ദാഹരണമാണ് . ജീവിതത്തിലെ വെല്ലുവിളികളെ നേരിടുമ്പോഴും , കൃത്യ നിഷ്ഠയോടെ അതിനെ നടത്തികൊണ്ടുപോകുന്നതിൽ അദ്ദേഹം കാണിക്കുന്നു ശുഷ്‌കാന്തി അഭിനന്ദനീയമാണ് . അദ്ദേഹത്തിന്റ സാഹിത്യ രചനകൾ ജീവിതത്തിലെ യാഥാർഥ്യങ്ങളെ സ്പഷതയുള്ളതാക്കുവാനും, ജീവിതത്തിന്റെ തരിശുഭൂമികളെ നനച്ചു ഫലഭൂയിഷ്ഠമാക്കാനും ഉപയുക്തമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു, 'മുൻപേ നടന്നവർ ' എന്ന ലേഖന പരമ്പര തയാറാക്കി അവതരിപ്പിക്കുന്ന മീനു എലിസബത്തിനും അഭിനന്ദനങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക