മദ്ധ്യവേനലവധിക്ക് കോളേജിൽനിന്നും വീട്ടിൽ വന്നതാണ് കമലാ മേനോൻ. ഹൈറേഞ്ചിന്റെ കുന്നുകൾക്ക് മൂടൽമഞ്ഞ് മാറാല അണിയിച്ച ഒരു പ്രഭാതം. തണുത്ത പ്രഭാതത്തിൽ ബ്ലാങ്കറ്റിനുള്ളിൽ മൂടിപ്പുതച്ചുകിടന്നുറങ്ങുന്ന സുഖത്തിലാണവൾ.
പെട്ടെന്നാണ് ബാത്തുറൂമിൽനിന്നും ശബ്ദം കേട്ടത്.
വെള്ളംവീഴുന്ന ശബ്ദത്തോടൊപ്പം ആരോ ഛർദ്ദിക്കുന്ന ശബ്ദവും..
കമലാ മേനോൻ പെട്ടെന്ന് എഴുനേറ്റു.
ബാത്തുറൂമിൽ അമ്മ കുനിഞ്ഞിരുന്നു ഛർദ്ദിക്കുന്നു.
ഓടിച്ചെന്നു.
“എന്താണമ്മേ, ആശുപത്രിയിൽ പോണോ?”
“ഓ, ഒന്നുമില്ല, കുഴപ്പമൊന്നുമില്ല.“
എങ്കിലും ഭയം തോന്നി. അമ്മയ്ക്കെന്തെങ്കിലും കുഴപ്പം....
പെട്ടെന്നു മുത്തശ്ശി കടന്നുവന്നു.
“എന്താടീ കുഴപ്പം വല്ലതുമുണ്ടോ?”
“ഓ, ഒന്നുമില്ലമ്മേ,”
“ആ കേശവൻ വൈദ്യനെ വിളിച്ചു വല്ല കഷായവും....”
“ഓ, ഒന്നുമില്ലമ്മേ, ഇതങ്ങു മാറിക്കൊള്ളും.”
മുത്തശ്ശിക്കു കാര്യം പിടികിട്ടി.
“ങാ, ദശാവതാരം.”
അതു പറയുമ്പോൾ മുത്തശ്ശിയുടെ മുഖത്ത് വെറുപ്പിന്റെ അംശമുണ്ടായിരുന്നോ?
അന്നുരാത്രി അമ്മയുടെ ഫോൺവിളി ശ്രദ്ധിച്ചു. ചിറ്റമ്മയോടാണ് സംഭാഷണം.
ചിറ്റമ്മ ചോദിക്കുന്നതു കേട്ടു.
“ചേച്ചീ, നിങ്ങൾക്കിതൊന്ന് നിറുത്തിക്കൂടേ? ഇപ്പോൾ ഒന്നോ രണ്ടോ മതിയെന്നാ സർക്കാർപോലും പറയുന്നത്. ചേച്ചിക്കു കലയോ പുലിയോപോലെ ഒൻപതെണ്ണമില്ലേ, ആണും പെണ്ണുമായിട്ട്?”
“ഈശ്വരൻ തരുന്നതല്ലേ? നമുക്കു നിഷേധിക്കാനൊക്കുമോ?”
“ഈശ്വരൻ തരുന്നതുപോലും. മനുഷ്യനായാൽ നാണം വേണം. കമലയ്ക്കു വയസ്സ് ഇരുപത്. ഗീതയ്ക്കു പതിനെട്ടോ പത്തൊന്പതോ ആയി. പിള്ളാരെ കെട്ടിക്കാൻ പ്രായമായി. അപ്പഴാ, അമ്മ വയറും വീർപ്പിച്ച്.... മനുഷ്യരായാൽ നാണം വേണം.”
“നാണിക്കാൻഎന്തിരിക്കുന്നു? എനിക്കു ഭർത്താവില്ലേ? അവിഹിതഗർഭമൊന്നും അല്ലല്ലോ.”
“അവിഹിതമൊന്നുമല്ലെങ്കിലും എല്ലാത്തിനും ഒരു ക്രമോം ചിട്ടേമുണ്ടു ചേച്ചി. ഏതെങ്കിലും നല്ല ഡാക്ടറെ കണ്ട് അതങ്ങു കളയാൻനോക്കു ചേച്ചി. ഡാക്ടർ വിമലാ ജോൺ ഇക്കാര്യങ്ങൾക്ക് മിടുക്കിയാണ്. വേണമെങ്കിൽ ഞാൻകൂടി വരാം.”
“കളയാനോ എന്റീശ്വരാ, എത്രപേർ ഒരു കുഞ്ഞിക്കാല് കാണാൻ കൊതിക്കുന്നു! ഈശ്വരന്മാർക്ക് സഹിക്കത്തില്ല.”
“ഈശ്വരന്മാര് സഹിക്കേണ്ട. നിങ്ങളു വളർത്തിക്കോ. മനുഷ്യരായാൽ നാണവും മാനവും വേണം.” ഫോൺസംഭാഷണം തുടർന്നു പോയില്ല.
കമലാ മേനോനു കാര്യം മനസ്സിലായി. അമ്മ ഗർഭിണിയാണ്. അതും പത്താമത്തെ ഗർഭം. അതും ചിറ്റമ്മ പറഞ്ഞതുപോലെ കലയോ പുലിയോപോലെ ഒൻപതെണ്ണമുള്ളപ്പോൾ. വല്ലാത്ത നാണക്കേട് തോന്നി. ഒന്നും അറിഞ്ഞതായി ഭാവിച്ചില്ല.
സായാഹ്നങ്ങളിൽ അച്ഛന്റെ സുഹൃത്തുക്കൾ വീട്ടിൽ സമ്മേളിക്കും. നാട്ടുവർത്തമാനങ്ങളും അനുദിനരാഷ്ട്ട്രീയവും ബിസിനസ് കാര്യങ്ങളുമൊക്കെയാണ് സംഭാഷണവിഷയങ്ങൾ. അതിനിടയിൽ അല്പം മദ്യസേവകൂടിയാവും.
മനയ്ക്കലെ കോശി അങ്കിൾ അച്ഛനോട് ചോദിക്കുന്നതുകേട്ടു.
“താനിത് എന്തിന്റെ പുറപ്പാടാ? ബൈബിളിൽ യാക്കോബ് എന്നൊരു കഥാപാത്രമുണ്ട്. അയാളെ ഗോത്രപിതാവ് എന്നാണ് വിളിക്കുക. പന്ത്രണ്ടുമക്കൾ. ഓരോരുത്തനും യിസ്രായേലിലെ ഓരോ ഗോത്രത്തിന്റെ പിതാവായി. താൻ ഗോത്രപിതാവിനെ കവച്ചുവയ്ക്കുമെന്നാണ് തോന്നുന്നത്.”
എല്ലാവരും ആർത്തുചിരിച്ചു.
പാലയ്ക്കലെ സഖറിയാ അങ്കിൾ അച്ഛനെ ആശ്വസിപ്പിച്ചു.
“മേനോൻ ഒന്നുകൊണ്ടും ബേജാറാവണ്ട. മക്കൾ തമ്പുരാൻ നല്കുന്ന ദാനം എന്നാണു ഞങ്ങളുടെ വേദപുസ്തകത്തിൽ പറയുന്നത്. സങ്കീർത്തനപ്പുസ്തകത്തിൽ അങ്ങനെയാണെഴുതിയിരിക്കുന്നത്.
യോദ്ധാവിന്റെ കൈയിലെ അസ്ത്രങ്ങളാണ് യൗവനത്തിലെ മക്കൾ. അവയെക്കൊണ്ട് ആവനാഴിക നിറയ്ക്കണമെന്നാ വേദത്തിൽ പറഞ്ഞിരിക്കുന്നത്”
“ആവനാഴികയോ? എന്താണത്?” അച്ഛൻ ആരാഞ്ഞു.
“ആവനാഴിക അല്ലെടോ. ആവനാഴി. എന്നുവച്ചാൽ പൂണി. ഇംഗ്ലീഷിൽ ക്വിവർ എന്നു പറയും.” മനയ്ക്കലെ കോശി അങ്കിൾ തിരുത്തി. എല്ലാവരും ചിരിച്ചു.
ചിരിച്ചപ്പോഴും പാലയ്ക്കലെ സഖറിയാ മാത്യു അങ്കിളിന്റെ മുഖം ഇടിഞ്ഞിരുന്നു. അയാൾക്കു സന്താനഭാഗ്യമില്ല. വിവാഹം കഴിഞ്ഞിട്ട് പത്തുപതിനഞ്ചു കൊല്ലമായി.
“എല്ലാം ഒരോരുത്തരുടെ വിധി. മുജ്ജന്മത്തിലെ സുകൃതക്ഷയം..” ഒരിക്കൽ മുത്തശ്ശി ആത്മഗതമെന്നോണം പറയുന്നതു കേട്ടു.
ഒരുമാസം കഴിയുമ്പോൾ കോളേജ് തുറക്കും. കൂട്ടുകാർക്കെല്ലാം മേളിക്കാനുള്ള സമയം. മിഡ്സമ്മർ വെക്കേഷന്റെ നൂറുനൂറുകഥകൾ ചിറകുവിടർത്തുന്ന സമയമാണത്.
“ഞാനെന്തു പറയും?” കമലാ മേനോൻ ചിന്തിച്ചു.
അമ്മ ഗർഭിണിയാണെന്നോ? ഭേഷായി. ലേഡീസ് ഹോസ്റ്റൽ ആർത്തട്ടഹസിക്കും.
ലേഡീസ് ഹോസ്റ്റലിന്റെ ഓരോ മുറിയിലേയ്ക്കും ആ വാർത്ത കടന്നുചെന്നു.
“അറിഞ്ഞോ? കമലാ മേനോന്റെ അമ്മ ഗർഭിണിയാണ്. പത്താമത്തെ ഗർഭം.”
“ആ തള്ളയ്ക്കു നാണമില്ലേ? കല്യാണപ്രായമായ പിള്ളേരുടെ മുമ്പിൽ വയറും വീർപ്പിച്ചു നടക്കാൻ?”
“നാണിക്കാനെന്തിരിക്കുന്നു? ഇതൊക്കെ പ്രകൃതിയുടെ നിയമമല്ലേ?”
“നിയമം പോലും.. നമ്മളുണ്ടാക്കുന്നതാ നിയമം.”
“കമലയ്ക്കു കഴിഞ്ഞാണ്ടിൽ കല്യാണാലോചന വന്നതാ. അതു നടന്നിരുന്നെങ്കിൽ അമ്മയ്ക്കും മകൾക്കും ഒന്നിച്ച് ഒരാശുപത്രിയിൽ പെറ്റുകിടക്കാമായിരുന്നു.”
“എന്നാലും ആ ആന്റീടെ തൊലിക്കട്ടി അപാരം തന്നെ.”
“നല്ല ജേഴ്സി ഇനമാ. കറവ കൂടും..”
എല്ലാവരും ആർത്തുചിരിച്ചു.
ആ സൂസൻ കോശിയാണ് ഈ വാർത്തയുടെ പിന്നിൽ. കോശി അങ്കിളിന്റെ മകളാണ് സൂസൻ കോശി.
കാര്യം ഗോപ്യമാക്കി വയ്ക്കണമെന്നു വിചാരിച്ചതാണ്. പക്ഷേ ഇതൊക്കെ എത്രനാൾ ഗോപ്യമാക്കിവയ്ക്കാനൊക്കും?
“മനുഷ്യരായാൽ നാണവും മാനവും വേണം.” കമലാമേനോൻ ആത്മഗതമെന്നോണം പറഞ്ഞു.
വല്ലാത്ത നാണക്കേടു തോന്നി.
ഉണ്ണിക്കൃഷ്ണൻ ജനിച്ചപ്പോൾ നാണമെല്ലാം മാറി വീട്ടിൽ സന്തോഷം അലതല്ലി. ദശാവതാരമെന്ന് പരിഭവം പറഞ്ഞ മുത്തശ്ശിയുടെ ആഹ്ലാദത്തിന് അതിരുകളില്ലായിരുന്നു.
“ഇവൻ സാക്ഷാൽ ഉണ്ണിക്കണ്ണൻ തന്ന്യാ. അവന്റെ കണ്ണും പുരികവും നോക്ക്.” മുത്തശ്ശി പറഞ്ഞു.
ഉണ്ണിക്കണ്ണന് ഒരുവയസ്സു തികയുമ്പോൾ ഗുരുവായൂരിൽ കൊണ്ടുപോകണമെന്ന് അച്ഛൻ പറഞ്ഞു. ഒരുവയസ്സിലാണ് ആദ്യത്തെ ചോറൂണ്. അന്ന് ചില അനുഷ്ഠാനങ്ങളൊക്കെയുണ്ട്.
“എന്തിന് ഗുരുവായൂരിൽ പോകണം? കാർവർണ്ണൻ ഇവിടെത്തന്നെയുണ്ടല്ലോ. എന്റെ അച്ഛന്റെ നിറമാ നീലക്കാർവർണ്ണന്. ഒരു പീലിക്കെട്ടും ഓടക്കുഴലും കൂടിയായാൽ സാക്ഷാൽ ഉണ്ണിക്കൃഷ്ണൻ തന്നെ.” മുത്തശ്ശി ഉണ്ണിക്കണ്ണനെ താലോലിച്ചുകൊണ്ടുപറഞ്ഞു.
മുത്തശ്ശിയുടെ അച്ഛൻ കറുത്തതായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് കട്ടുറുമ്പെന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്. നാട്ടിലെ പ്രമാണിയായിരുന്നു മുത്തശ്ശിയുടെ അച്ഛൻ.
ഉണ്ണിക്കണ്ണൻ ഗജകേസരിയോഗത്തിലാണ് ജനിച്ചതെന്ന് നാരായണപ്പണിക്കർ പറഞ്ഞു.
“ചന്ദ്രനും വ്യാഴവും ശുഭദൃഷ്ടിയിലാണ്, ഗുരു ഭാവമദ്ധ്യത്തിലാണ്.” എന്നൊക്കെ പണിക്കർ പറഞ്ഞു. അദ്ദേഹം ദേശത്തെ പ്രസിദ്ധനായ ജോത്സ്യനാണ്.
“ഉണ്ണിക്കണ്ണൻ സോദരരക്ഷ ചെയ്യുന്നവനാണ്. അതവന്റെ ജാതകത്തിലുണ്ട്.” ജോത്സ്യൻ കൂട്ടിച്ചേർത്തു.
“നാരായണപ്പണിക്കർ ജാതകമെഴുതിയാൽ എഴുതിയതാ. അതച്ചട്ടാ. ബ്രഹ്മനുപോലും മാറ്റം വരുത്താൻ പറ്റത്തില്ല.”
മുത്തശ്ശി പറഞ്ഞു.
അച്ഛനും അമ്മയും മുത്തശ്ശിയുടെ അഭിപ്രായത്തോട് യോജിച്ചു.