-->

EMALAYALEE SPECIAL

വോഗിനു കവർ ഗേൾ, പക്ഷെ കേരളത്തിൽ നൂറു കഴിഞ്ഞവർ 2,230, തൊണ്ണൂറു+ 60,000; 60+ 31 ലക്ഷം (കുര്യൻ പാമ്പാടി)

Published

on


ലോകമാകെ പന്ത്രണ്ടര ലക്ഷം വരിക്കാരുള്ള ലൈഫ് സ്റ്റൈൽ മാസിക 'വോഗ്' സൗത്ത് ഏഷ്യൻ പതിപ്പിൽ ആരോഗ്യമന്ത്രി കെകെ ശൈലജ കവർ ചിത്രമായി വന്നത് ഈ നവംബറിലാണ്‌. പക്ഷെ മറ്റൊരു തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്തെത്തി നിൽക്കുന്ന കേരളത്തിൽ നൂറു കവിഞ്ഞവർ 2230 പേരുണ്ടെന്ന് ആരറിയുന്നു? ഏറ്റവും പുതിയ വോട്ടർ പട്ടിക പ്രകാരം തൊണ്ണൂറു കഴിഞ്ഞവർ 58,894, എൺപതു കഴിഞ്ഞവർ 4.54  ലക്ഷം. എഴുപതു കഴിഞ്ഞവർ 14,.56 ലക്ഷം, അറുപതു കഴിഞ്ഞവർ 31 ലക്ഷം.

'വോഗി'ൽ മന്ത്രിയെ കൂടാതെ നാലു മലയാളികൾ കൂടെയുണ്ട്. ഗീത ഗോപിനാഥും വിദ്യാബാലനും ഒപ്പം ആരോഗ്യ രംഗത്തുള്ള ഡോ.കമല റാംമോഹനും നഴ്സ് രേഷ്മ മോഹൻദാസും  ഉണ്ടെന്നത് ലോകമലയാളികളുടെ മനം കുളിർപ്പിക്കും. .കാരണം ആരോഗ്യമികവിനുള്ള അംഗീകാരം കൂടിയാണത്.

ആരോഗ്യ പരിരക്ഷ മെച്ചമായതിനാൽ ജനനവും മരണവും കുറഞ്ഞ കേരളത്തിൽ അടുത്ത കുറെ വർഷങ്ങൾക്കുള്ളിൽ ജനസംഖ്യാ വളർച്ച വട്ടപ്പൂജ്യം ആയിരിക്കുമെന്ന് ശാസ്തജ്ഞമാർ പ്രവചിക്കുന്നു. "അതിനു "അധികകാലം കാത്തിരിക്കേണ്ട. അടുത്ത സെൻസസിൽ തന്നെ അത് സംഭവിച്ചിരിക്കും," തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിലെ മുൻ ഓണററി ഫെല്ലോ കെ.സി സഖറിയ(96) എന്നോട് ഫോണിൽ പറഞ്ഞു.

ലോകത്തിലെ പ്രമുഖ ജനസംഖ്യാ ശാസ്ത്രജ്നൻമാരിലൊരാളായ സക്കറിയ പെൻസിൽവേനിയയിലെ വാർട്ടൺ സ്‌കൂളിൽ നിന്ന് നിന്ന് പിഎച്ച്ഡി നേടി ദീഘകാലം വേൾഡ് ബാങ്കിൽ സേവനം ചെയ്ത ആളാണ്. പ്രഫ ഇരുടയ രാജനുമായി ചേർന്ന് കേരളത്തിലെ ഗൾഫ് മൈഗ്രെഷന്റെ ആധികാരിക സർവേ കൾനടത്തി.    

ആരോഗ്യരക്ഷ കൊണ്ട് ആയുസ് നീട്ടിക്കിട്ടിയ വന്ദ്യവയോധികരെ പരിരക്ഷിക്കാൻ കേരളം എന്തു ചെയ്യുന്നു എന്നതിനെപ്പറ്റി ഒരന്വേഷണമാണ് ഈ ലേഖനം.

അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയും പേരക്കുട്ടികളോടൊപ്പം "ആമോദത്തോടെ വസിച്ചിരുന്ന" ഒരു കാലം ഇന്ന് ഓണപ്പാട്ടുകളിൽ ഒതുങ്ങിക്കൂടുന്നു.  മച്ചിനു മേലെ ഓടുമേഞ്ഞ  വീടുകൾക്കും മണൽ വിരിച്ച മുറ്റങ്ങൾക്കും ചെമ്പരത്തി വേലികൾക്കും മുങ്ങിക്കുളിച്ച് ചന്ദനപൊട്ടുമായി പ്രഭാത ദർശനത്തിനു ഒരുക്കി വിടുന്ന കുളങ്ങൾക്കും പകരം ഫ്‌ളാറ്റുകളും വില്ലകളുമായി.

പ്രായമായവരെ അമ്പലമുക്കിൽ ഉപേക്ഷിച്ച് പോകുന്ന മക്കളെക്കുറിച്ചും അവരെ ചങ്ങലക്കു പൂട്ടിയിട്ടു കാറിൽ ജോലിക്കു പോകുന്ന ദമ്പതിമാരെപ്പറ്റിയും ഇടയ്ക്കിടെ കേൾക്കുന്നുണ്ട്. സ്വന്തമായി വരുമാനമില്ലാത്തവരെ എന്തിനു തീറ്റിപോറ്റണം എന്നാണ് അത്തരക്കാരുടെ ചോദ്യം. മക്കൾക്ക് അച്ഛനമ്മമാരുടെ പണം വേണം, ശരീരം വേണ്ട!

"ഞങ്ങൾ ഭാര്യാ ഭർത്താക്കന്മാർക്കു 1500 രൂപ വീതം വാർദ്ധക്യകാല പെൻഷൻ കിട്ടുന്നതുകൊണ്ടു അരിഷ്ടിച്ച്‌  കഴിഞ്ഞു പോകുന്നു. മരുന്നിനു തന്നെ മാസം ആയിരം രൂപ വേണം'', തിരുവിതാംകൂറിൽ നിന്ന് മുക്കാൽ നൂറ്റാണ്ടു മുമ്പ് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലേക്കു കുടിയേറിയ തോമസും (84) മേരിയും(78) പരിഭവിക്കുന്നു. മക്കൾ ആറും വെവ്വേറെ പോയി.

ലോകത്തിൽ പ്രായംകൂടിയ വൃദ്ധജനങ്ങൾ ഏറ്റവും കൂടുതൽ ഉള്ളത് ജപ്പാനിൽ ആണെന്ന് പ്രസിദ്ധമാണല്ലോ. ഗിന്നസ് ബുക്കിൽ  അവരാണ് രാജാക്കന്മാർ. 2020  സെപ്റ്റംബർ ഒന്നിലെ കണക്കനുസരിച്ച് അവിടെ ശതാബ്ദി പിന്നിട്ട 80,450 പേരുണ്ട്. അതിൽ 88 ശതമാനവും സ്ത്രീകളാണ്‌.

ഫുക്കുവോക്കയിലെ താനാക്ക കാനേ (117 എന്ന സ്ത്രീയും നാരായിലെ യുവേദ മിക്കിസോ (110) എന്ന പുരുഷനുമാണു ഒന്നാമത്. ധാന്യവും മത്സ്യവും പച്ചക്കറിയുമാണ് മുഖ്യ ആഹാരം. മാംസവും പാലും പാലുൽപ്പന്നങ്ങളും വർജിക്കും. സമൂഹം അവരെ നോക്കുന്നു എന്നതാണ് പ്രധാനം. ചെറുപ്പക്കാർ കുറവായതിനാൽ അവരെ നോക്കാൻ ഇപ്പോൾ റോബോട്ടുകളെ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.

കോവിടിന്റെ കനത്ത പ്രഹരം ഏറ്റ  രാജ്യങ്ങളിൽ അമേരിക്കയും ബിട്ടനും സ്പെയിനും ഇറ്റലിയും എല്ലാമുണ്ട്. ഈരാജ്യങ്ങളിൽ കെയർഹോമുകളിൽ മരിച്ചു വീണവരെ സംസ്കരിക്കാൻ പോലുംപാട് പെട്ടതായി വായിച്ചു.

എന്നിട്ടും കേൾക്കുന്നു ഗ്രീസിൽ നിന്ന് നിന്ന് ഒരു മലയാളി സ്പർശത്തെപ്പറ്റി യൂറോപ്യൻ യൂണിയനിൽ അംഗമായിട്ടും സാമ്പത്തികഞെരുക്കത്തിൽ പെട്ടുഴലുന്ന ഗ്രീസിൽ  ആതൻസ് വിമാനത്താവളത്തിൽ നിന്ന് 15 കിമീ. അകലെ  'സ്റ്റെജിയോ അഗാപ്പി' എന്ന കെയർ ഹോം നടത്തുന്ന നെടുമ്പാശേരി സ്വദേശി ജോയി തചേത്തിനെയും ഭാര്യ ലാലിയെയും ആദ്യം ആദ്യം കേട്ടറിഞ്ഞതാണ്. പിന്നീട് കണ്ടു മുട്ടി.

ജോയിമാർ ഗ്രീസിൽ എത്തിയിട്ട് മൂന്ന് പതിറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. രാജ്യത്ത് സാമ്പത്തികക്കുഴപ്പം നേരിട്ടപ്പോൾ പണി ഉപേക്ഷിച്ച് പോയ ജർമൻകാർക്ക് പകരം ലാലി ഡയറ്കടർ ആയും ജോയ് ജനറൽ മാനേജർ ആയും നിയമിതരായി. പെൻഷൻ ലഭിക്കുന്ന നൂറിൽ പരം സ്ത്രീപുരുഷന്മാരെയാണ് അവർ പരിരക്ഷിക്കുന്നത്. നല്ല ഭക്ഷണവും ആരോഗ്യ രക്ഷയും ഉറപ്പാക്കുന്നു. കൊറോണ മൂലം മാസങ്ങളായി പുതുതായി ആരെയും പ്രവേശിപ്പിക്കുന്നില്ലെന്നു ജോയി ഫോണിൽ പറഞ്ഞു.  .        

അറുപത്തഞ്ചു കഴിയുന്ന ഏതൊരാൾക്കും ഗവർമെന്റിന്റെ ആരോഗ്യ പരിരക്ഷ ലഭിക്കുന്ന സംവിധാനമാണ് കാനഡയിൽ ഉള്ളതെന്ന് ജെറിയാട്രിക് കെയറിൽ അരനൂറ്റാണ്ടിന്റെ അനുഭവ പരിജ്ഞാനമുള്ള നിരണം സ്വദേശി അന്നമ്മ എബ്രഹാം ഈയിടെ ആൽബെർട്ട സ്റ്റേറ്റിലെ കാൽഗരിയിൽ വച്ചു എന്നോട്
പറഞ്ഞു.

ഇന്ത്യയിൽ ആദ്യമായി വെല്ലൂർ മെഡിക്കൽ കോളേജിൽ ആരംഭിച്ച ബിഎസ്സി നഴ്സിങ് കോഴ്‌സിൽ  പഠിച്ചിറങ്ങിയ ആളാണ്. ഹോസ്റ്റൽ ഫീ 35 രൂപയായിരുന്ന കാലം. തിരുവല്ല പുഷപഗിരി ആശുപത്രിയിൽ ജോലി ചെയ്യുമ്പോൾ കാനഡയിൽ മാത്‍സ് അധ്യാപകനായ പാലാ കൊഴുവനാൽ നെടുംതകടി മാത്യു ഏബ്രഹാം വന്നു വിവാഹം ചെയ്തു കൊണ്ടുപോയി. 1970ൽ കല്യാണം കഴിക്കുമ്പോൾ 26 വയസ്.
 
കാനഡയിൽ മാനിറ്റോബ, സസ്കാചെവാൻ, ആൽബെർട്ട പ്രവിശ്യകളിൽ ജോലി ചെയ്തു. വിനിപെഗ്, എസ്റ്റർഹേസി, കാൽഗരി എന്നിവിടങ്ങളിൽ. വിനിപെഗിൽ സെന്റ് ബോണിഫസ് ഹോസ്പിറ്റലിൽ തുടക്കം. എസ്റ്റർഹേസിയിൽ സെന്റ് ആന്റണീസ് ഹോസ്പിറ്റലിൽ ചേരുമ്പോൾ വെള്ളക്കാരിയല്ലാത്തആദ്യത്തെ നഴ്സ് ആയിരുന്നു. "നിനക്ക് കുത്തിവയ്ക്കാൻ അറിയാമോ?" എന്ന് അവിടത്തെ കന്യാസ്ത്രീ ചോദിച്ചതായി ഓർക്കുന്നു.

അവിടെ സെന്റീനിയൽ സ്പെഷ്യൽ കെയർ ഹോമിൽ 21 വർഷം ജോലി ചെയ്തു.. യോർക്ടൺ യൂണിയൻ ഹോസ്പിറ്റൽ, മെൽവിൻ ഹോസ്പിറ്റൽ എന്നിവിടങ്ങളിലും. പതിനെട്ടു വർഷം മുമ്പ് കാൽഗരിയിലേക്കു ജീവിതം തന്നെ പറിച്ചു നട്ടു. പെട്രോളിയം കൊണ്ട് സമൃദ്ധമായ ആൽബെർട്ട പ്രവിശ്യയിലെ ബിസിനസ് കേന്ദ്രമാണ് കാൽഗരി. 1988ൽ വിന്റർ ഒളിമ്പിൿസ് നടന്ന സ്ഥലം.  

കാനഡയിൽ ആതുര സേവന രംഗത്ത് നാലുപതിറ്റാണ്ടോളം സേവനം ചെയ്തതിൽ നീണ്ടകാലം വയോജനങ്ങളെ സംരക്ഷിക്കുന്ന സ്‌പെഷ്യൽ കെയർ  ഹോമുകളിൽ ആയിരുന്നു. ജെറിയാട്രിക് കെയർ സംബന്ധിച്ച പല കോഴ്‌സുകളും ചെയ്തു. സെന്റിനിയൽ ഹോമിൽ   നഴ്സിങ് ഡയറക്ടർ വരെയായി. സസ്‌ക്കാചെവാൻ സ്റ്റേറ്റിൽ  അഷീമേഴ്സ് സൊസൈറ്റി ബോർഡ് മെമ്പർ ആയിരുന്നു.

"ഡിയർ അന്ന, ഈ സ്ഥാപനത്തിൽ വൈവിധ്യമാർന്ന പദവികളിൽ അവിസ്മരണീയമായ സേവനം ചെയ്ത താങ്കളെ  എല്ലാവരും എല്ലായ്പ്പോഴും ഹൃദയത്തിൽ സൂക്ഷിക്കും," വിടവാങ്ങുമ്പോൾ നൽകിയ സാക്ഷ്യപത്രത്തിൽ  ബോണിഫേസ് ആശുപതി സ്റ്റാഫിംഗ് അസിസ്റ്റന്റ് ഡയറക്ടർ ഐറിൻ ജാനറ്റ് പറഞ്ഞു.

മക്കൾ പ്രായമായാൽ ജോലികിട്ടിയും മറ്റും വെവ്വേറെ പോകുന്നതിനാൽ പ്രായമായവർക്കു ആരോഗ്യം ക്ഷയിക്കുമ്പോൾ ആശ്രയം കെയർ ഹോമുകളാണ്. കാനഡയിലെ വയോജന സംരക്ഷണ കേന്ദ്രങ്ങൾ പലതും സിറ്റി കൗണ്സിലുകളോ സൊസൈറ്റികളോ ട്രസ്റ്റുകളോ എൻജിഒകളോ നടത്തുന്നവയാണ്. വ്യക്തികൾ നടത്തുന്നവയും ഉണ്ട്. ഗവർമെന്റ് സഹായവും ലഭിക്കുന്നു. മക്കൾ വല്ലപ്പോഴും വരും. അല്ലെങ്കിൽ ഫോൺ വിളിക്കും.

ആരോഗ്യമുള്ള പലരും സ്വന്തം വീടുകളിൽ കഴിയുന്നു. കാൽഗരി സ്വിമ്മിങ് പൂളിൽ നീന്താൻ എത്തിയ പ്പോൾ കാർ ഓടിച്ചുവന്ന 93 വയസുള്ള ഒരു സ്ത്രീ അന്നമ്മയെ ആശ്ലേഷിച്ചു മുത്തം നൽകുന്നത് ഞങ്ങൾ കണ്ടു. ഷീന സ്‌കോട്ടിഷ് വംശജയാണ്. ഭർത്താവ്‌ നേരത്തെ മരിച്ചു. വിധവ. മകൻ ഉള്ളത് സിറ്റിയിൽ തന്നെ മറ്റൊരിടത്ത് താമസിക്കുന്നു. അമ്മ സ്വന്തം വലിയ വീട്ടിൽ ഒറ്റയ്ക്ക്.

കാനഡയിൽ സ്ഥിരമായവർക്ക്‌ മികച്ച ആരോഗ്യ പരിരക്ഷ ലഭിക്കുന്നതു അനുഗ്രഹമാണ്. 84 എത്തി ആയിരം പൂർണചന്ദ്രനെ കണ്ട മാത്യുവും അന്നമ്മയും സിറ്റിയിലെ സ്വന്തം വീട്ടിലാണ്. അഞ്ഞൂറ് ഏക്കറുള്ള ഗ്ലെൻമോർ പാർക്ക് തൊട്ടടുത്ത്. നാല് ബെഡ്‌റൂമും ബേസ്‌മെന്റുമുള്ള വീട്. തൊട്ടുമുമ്പിൽ സിറ്റി ബസ് സ്റ്റോപ്പ്.

പൂച്ചെടിയും പുല്ലും പിടിപ്പിച്ച അങ്കണവും പച്ചക്കറി നടാനും ബാർബെക്യുവിനും പിന്നാമ്പുറവുമുണ്ട്. മാത്യു ടൊയോട്ട കാമ്രിയും അന്നമ്മ ടൊയോട്ട പ്രിയസ് എന്ന ഹൈബ്രിഡ് കാറും ഓടിക്കുന്നു, ഡോളറാമയിൽ ഷോപ്പിങ്ങിനുപോകുന്നു, സ്വിമ്മിങ് ട്രങ്ക് ധരിച്ച് സിറ്റി പൂളിൽ നീന്താൻ പോകുന്നു. ഇടയ്ക്കിടെ നാട്ടിലേക്ക് പറക്കുന്നു.

"ആയുസും ആരോഗ്യവും ഉള്ള കുടുംബമാണ് ഞങ്ങളുടേത്," നിരണം വെസ്റ്റ് കോട്ടയിൽ കുടുംബത്തിലെ അമ്മാൾ പറയുന്നു. ''എനിക്ക് ഒമ്പതു വയസ് ഉള്ളപ്പോൾ വല്യപ്പച്ചൻ വർഗീസ് 84-ആം വയസിൽ മരിച്ചത് ഓർക്കുന്നുണ്ട്."

ഇളയ ആങ്ങള ഐപ്പ് വർഗീസ് (74) ചെന്നൈ ഐഐടിയിൽ പഠിച്ച് മദ്രാസ് യുണിവേഴ്സിറ്റിസിറ്റിയിൽ നിന്ന് ക്രിസ്റ്റലോഗ്രാഫിയിൽ പിഎച്ച്ഡിഎടുത്ത് കാലിഫോർണിയയിലെ സാൻഡിയേഗോ സർവകലാശാലയിൽ പ്രൊഫസറാണ്.

"നാട്ടിൽ വന്നപ്പോൾ രണ്ടു തവണ ഞങ്ങൾ കറുകച്ചാലിലെ ട്രാവൻകൂർ ഫൗണ്ടേഷൻ വക  മിഷൻ വാലി എന്ന കെയർ ഹോമിലെ ഗസ്റ് റൂമിൽ താമസിച്ചു. നാട്ടിലെ  പ്രായമായവരുടെ വിശ്രമജീവിതം എങ്ങിനെയുണ്ടെന്നു അനുഭവിച്ചറിയുകയായിരുന്നു ലക്ഷ്യം, നല്ല ഭക്ഷണം, പരിചരണം, വെരി ക്ളീൻ. നക്ഷത്ര ഹോട്ടൽ പോലെ," പ്രൊഫ. ഐപ്പ് വർഗീസ് വാട്സ്ആപ്പിൽ ആഹ്ലാദം പങ്കു വച്ചു.

"ഞാനും ഭാര്യ എലിസബത്തും ഉണ്ടായിരുന്നു. എയർകണ്ടിഷൻ ചെയ്ത  ഒരു ഡബിൾ റൂമിനു ദിവസം 2500  രൂപ.  ഭക്ഷണം, ജിം, വിനോദം വായന തുടങ്ങിയസൗകര്യങ്ങൾ ഉൾപ്പെടെയാണിത്.. ടിവി, വൈഫൈ, റണ്ണിങ് ഹോട് വാട്ടർ.എല്ലാമുണ്ട്. ആകെ 62 മുറികൾ. സ്ഥിരമായി ചേക്കേറുന്നവർ മുറി ഒന്നിന്  25 ലക്ഷം രൂപ മടക്കിക്കൊടുക്കുന്ന ഡിപ്പോസിറ് ആയി നൽകണം.  മുറിവാടക, ലോൺഡ്രി എന്നിവ ഫ്രീ.  ഭക്ഷണത്തിനും മറ്റെല്ലാ സൗകര്യങ്ങൾക്കുമായി  മാസം 24,000.
 
"പ്രായമാകുമ്പോൾ സ്നേഹിക്കാനും കൂട്ടുകൂടാനും ആൾ വേണമെന്നതാണ് പ്രധാനം" പ്രൊഫ. ഐപ്‌ വർഗീസ് പറയുന്നു. "ലിറ്റിൽറോക്കിലെ ഞങ്ങളുടെ വീടിനു നേരെ  എതിർവശത്ത് ഒരു ജോണും മാക്‌സിനും ഉണ്ടായിരുന്നു. ധനികർ. ജോൺ മരിച്ചപ്പോൾ മാക്സിൻ ഒരു ഓൾഡ് ഏജ് ഹോമിലേക്ക് മാറി. ഞങ്ങൾ ഇടയ്ക്കിടെ പോയി കാണുമായിരുന്നു. പക്ഷേ ആ ഏകാന്തവാസം അവരെ തകർത്തുക ളഞ്ഞു. മരിക്കുകയും ചെയ്തു."

"താരതമ്യം ചെയ്യുമ്പോൾ മിഷൻ വാലിയിൽ ആവശ്യത്തിലേറെ പേർ സഹായിക്കാൻ ഉണ്ടെന്നു തോന്നുന്നു," ഡോ.. വർഗീസ് ഓർമ്മിച്ചു. "ശരിയാണ്. ഞങ്ങൾക്ക് 70 അന്തേവാസികളും 134 ജോലിക്കാരുമുണ്ട്. ഒരാൾക്ക് രണ്ടു പേർ വീതം," മാനേജിങ് ട്രസ്റ്റി ജിജി ഫിലിപ്പ് പ്രതികരിച്ചു "പ്രതിമാസ ശമ്പളം തന്നെ 18.43,000 രൂപ വരും.  വരുമാനത്തിന്റെ 35 ശതമാനം. അതിൽ കൂടരുതെന്നാണ് മാനേജ്‌മെന്റ് സിദ്ധാന്തം.,"

എംബിഎ യും എംഎസ്ഡളിയുവും എടുത്ത ജിജി ടാറ്റാ ടീയിൽ എക്സിക്യുട്ടിവായി തുടങ്ങി. എസ് ഐ പ്രോപ്പർട്ടീസിലും പ്രവർത്തിച്ചു. മിഷൻ വാലി എന്ന ആശയം പൊന്തിവന്നിട്ടു പത്തുവർഷമായി. മാത്യു ചാണ്ടി മറ്റിത്ര ആയിരുന്നു സ്ഥാപക ചെയർമാൻ. ഫിലിപ് കെ ജോൺ സ്ഥാപക ട്രസ്റ്റിയും.

മിഷൻ വാലിയിൽ ചേക്കേറിയവരിൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ഓഫീസിലും പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയുടെ ഓഫീസിലും പ്രവർത്തിച്ച ഹെലൻ മത്തായി ഐഎഫ്എസ്, വെല്ലൂർ മെഡിക്കൽ മെഡിക്കൽ കോളജിലെ റിട്ട ന്യുറോളജി  വകുപ്പ് മേധാവി കെവി മത്തായി തുടങ്ങിയവർ ഉൾപ്പെടുന്നു. പലരും വിദേശത്ത് നിന്ന് മടങ്ങിയവരാണ്. ഒരാൾ ജർമൻ പൗരനും.  
 
ന്യുയോർക്കിലെ മേഴ്സി കോളജിൽ ഹെൽത് ആൻഡ് നാച്വറൽ സയൻസസ് സ്‌കൂളിൽ അസോസിയറ്റ് പ്രൊഫസർ ആയ ഡോ. രേണു എബ്രഹാം വർഗീസ് ആണ് ഫൗണ്ടേഷൻ അധ്യക്ഷ. യുഎസ്--നെഹ്‌റു ഫുൾബറൈറ് ഫെലോ ആയി ഏഷ്യയിലെ വയോജന പരിരക്ഷയെപ്പറ്റി ഗവേഷണ പഠനം നടത്തി. ഇടയ്ക്കിടെ കേരളത്തിലും പ്രഭാഷണ പര്യടനങ്ങൾ നടത്താറുണ്ട്.

"ഇന്ത്യയിലെയും അമേരിക്കയിലെയും സീനിയർ പൗരന്മാരുടെ ആരോഗ്യാവസ്ഥയും ആവശ്യങ്ങലും ഒന്നുതന്നെ. പക്ഷെ പരിരക്ഷാ രീതികളിലും നിയമ പരിരക്ഷകകളിലും വ്യത്യാസമുണ്ട്. ഇന്ത്യഗവർ മെന്റ് 1999ൽ പ്രഖ്യാപിച്ച ദേശിയ വയോജന സംരക്ഷണ നയത്തിലെ മിക്ക നിബന്ധനകളും 21 വർഷം കഴിഞ്ഞിട്ടും കടലാസിൽ അവശേഷിക്കുകയാണ്,"  പ്രൊഫ. രേണു പറയുന്നു.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെ ഗ്രാമതല പ്രവർത്തകരെ ഒരുക്കൂട്ടി വയോജനങ്ങൾക്കു വേണ്ടി നടപ്പാക്കിയ 'സുവർണ സായാഹ്നം' എന്ന പരിപാടി ലോകത്തെവിടെയും മാതൃകയാക്കാവുന്നതാണെന്ന് രേണു കണ്ടെത്തി.. വീടായ വീടുകൾ കയറി ഇറങ്ങി പ്രായമായവരുമായി നേരിട്ട് സംവദിച്ചു ഒരു നെറ്റ് വർക് സൃഷ്ടിച്ചിരിക്കയാണ്. സഹായങ്ങൾ സമാഹരിച്ച് എത്തിച്ചു കൊടുക്കുന്നു. ചുരുക്കത്തിൽ സമൂഹം തന്നെ വയോജനങ്ങളുടെ കാര്യം നോക്കുന്നു.

ഓർഫനേജ് കണ്ട്രോൾ ബോർഡ് കേരളത്തിൽ ഉണ്ടാകുന്നത് കേരളം രൂപീകൃതമായശേഷം 1960ൽ കേന്ദ്രനിയമ പ്രകാരം ആണ്. കോഴിക്കോട് ജില്ലയിൽ മുക്കത്ത് മുസ്ലിം ഓർഫനേജ് സ്ഥാപിച്ച മൊയ്തീൻ ഹാജി ആയിരുന്നു ആദ്യ ചെയർമാൻ. പിന്നീട് കൊടുവള്ളിയിൽ മുസ്‌ലിം ഓർഫനേജ് സ്ഥാപിച്ച ടികെ പരീകുട്ടി ഹാജി അധ്യക്ഷൻ ആയി. പത്തുവർഷം അധ്യക്ഷനായിരുന്ന അദ്ദേഹം 90 ആയിട്ടും ബോർഡ് അംഗമായി തുടരുന്നു.  

കൊടുവള്ളി ഓർഫനേജിന്റെ കീഴിൽ ഇന്ന് മുപ്പതോളം ഏക്കറിലായി ആർട്സ് സയൻസ് കോളജ്, ഹയർ സെക്കണ്ടറി സ്‌കൂൾ, ബിഎഡ്  കോളേജ്, ഐടിഐ, വർക്കിങ് വിമെൻസ് ഹോസ്റ്റൽ  തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ ഉണ്ട്. പരീക്കുട്ടി ഹാജി തന്നെയാണ് ഇന്നും സെക്രട്ടറി.

നാലു വർഷമായി ബോർഡ് ചെയർമാൻ ആയി സേവനം ചെയ്യുന്ന കാഞ്ഞിരപ്പള്ളി രൂപതയിലെ ഫാ. റോയി മാത്യു വടക്കേൽ സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പ്രശ്നങ്ങൾ ഉള്ളവർക്കും ഒക്കെയായി കുറെയേറെ ഓർഫനേജുകൾ നടത്തി പരിചയ സമ്പന്നനാണ്. കാഞ്ഞിരപ്പള്ളി രൂപതയുടെ വി കെയർ സെന്ററാണ് അബ്രലാ ഓർഗനൈസേഷൻ.  ഫാ. റോയ് അതിന്റെ സെക്രട്ടറിയും. ഇത്തരം സ്ഥാപനങ്ങളുടെ സംസ്ഥാന അസോസിയേഷൻ അദ്ധ്യക്ഷനുമാണ്.

കേരളത്തിൽ 14 ജില്ലകളിലായി 619 അംഗീകൃത കെയർ ഹോമുകൾ ആണുള്ളത്. ഏറ്റവും കൂടുതൽ  എറണാകുളം ജില്ലയിൽ--128. രണ്ടാമത് തൃശൂർ--98, മൂന്നാമത് കോട്ടയം--80. ജില്ല തിരിച്ചാൽ  ഇങ്ങനെ: തിരുവനന്തപുരം--53, കൊല്ലം--25, ആലപ്പുഴ--30, പത്തനംതിട്ട--30, കോട്ടയം--80, ഇടുക്കി--26, എറണാകുളം--128, തൃശൂർ--98, പാലക്കാട്--36, മലപ്പുറം--7, കോഴിക്കോട്--27, വയനാട്--19, കണ്ണൂർ--40, കാസർഗോഡ്--13         ,  
 
രജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങളിലെ അന്തേവാസികളുടെ എണ്ണം കണക്കാക്കി സർക്കാർ ധനസഹായം നൽകുന്നുണ്ട്. തൻമൂലം കർശനമായ വാർഷിക പരിശോധനകൾ നടത്തുന്നുണ്ടെന്നു കോട്ടയം ജില്ലയിലെ സാമൂഹ്യ നീതിവകുപ്പു ജില്ലാ ഓഫീസർ പിപി ചന്ദ്രബോസ് പറഞ്ഞു. രജിസ്റ്റ്റേഷൻ ഇല്ലാത്ത സ്ഥാപനങ്ങളും ഉണ്ട്. രൂപതകളും കന്യാസ്ത്രീകളും നടത്തുന്ന നിരവധി സ്ഥാപനങ്ങൾ ഭംഗിയായി നടക്കുന്നുണ്ടെന്ന് അദ്ദേഹം പേരെടുത്തു പറഞ്ഞു.  

മുപ്പതു വർഷമായി ഈ രംഗത്ത് സേവനം ചെയ്യുന്ന ചന്ദ്രബോസ് ഏപ്രിലിൽ പടിയിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. "ജില്ലയിൽ നന്നായി നടത്തുന്ന നിരവധി കെയർ ഹോമുകൾ ഉണ്ട്. അവയിൽ ഒന്നാണ് തിരുവഞ്ചൂരിലെ ഗവർമെൻറ് വക വൃദ്ധ മന്ദിരം. അവിടെ സൂപ്രണ്ട് ആയിരുന്നു. സംസ്ഥാനത്തു അത്തരം 14 എണ്ണമുണ്ട്. 60--90 പ്രായമുള്ളവരാണ് താമസക്കാർ. ആകെ ആയിരത്തോടടുത്ത് അന്തേവാസികൾ. എല്ലാം സൗജന്യമാണ്. പ്രായം 60 കഴിഞ്ഞിരിക്കണം. നോക്കാൻ ആരും ഉണ്ടായിരിക്കരുത്."

ഇടത്തരക്കാർക്കുവേണ്ടി ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ കാരിത്താസിനു സമീപം 12 വർഷമായി നടത്തുന്ന ഗ്വൽബെർട് ഹോം മാതൃകാപരമായ സ്ഥാപനമാണ്.. ലിറ്റിൽ സിസ്റ്റേഴ്സ് ഒഫ് സെന്റ് ജോൺ ഗ്വാൽബെർട് എന്ന ഇറ്റാലിയൻ കോൺഗ്രിഗേഷന്റെ കേരള റീജ്യനാണ് ചുമതക്കാർ. റിട്ടയർ ചെയ്ത അധ്യാപകരും ഗവ. ഉദ്യോഗസ്ഥരുമാണ് അന്തേവാസികളിലും കൂടുതലും.വിദേശത്ത് ജോലി ചെയ്തു മടങ്ങിയ ദമ്പതികളും ഉണ്ട്.

ഇരുപത്തേഴു മുറികൾ. വാടക പ്രതിമാസം 6500 രൂപ, ഭക്ഷണത്തിനു 3000. ഒരുലക്ഷം അടച്ചാൽ ഒരു വർഷത്തേക്ക് താമസിപ്പിക്കും. ആറുമാസത്തിനകം പിരിഞ്ഞു പോയാൽ 50,000 തിരികെ നൽകും. "ഞങ്ങളെ അവർക്കും അവരെ ഞങ്ങൾക്കും ഇഷ്ടപ്പെടണമല്ലോ," സുപ്പീരിയർ സിസ്റ്റർ എൽസിയ അറിയിച്ചു. ഒറിസക്കാരായ അഞ്ചു പെൺകുട്ടികലുണ്ട് സേവനത്തിനു. നാൽപതു മുറിയുള്ള പുതിയൊരു മന്ദിരം ഉടനെ പണിയുന്നു.

മലപ്പുറം ജില്ലയിൽ കോട്ടക്കലിനു സമീപം കണ്മനത്ത്  പ്രവർത്തിക്കുന്ന മൈത്രി മന്ദിരം പ്രായമായ ഏതൊരാൾക്കും വന്നു സ്വന്തം വീടുപോലെ കഴിയാൻ വാതിൽ തുറന്നിട്ടിരിക്കുന്ന ഒരു ഇടം ആണ്. മുപ്പതു വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ചെറിയേട്ടൻ രാജ എന്ന പിസിസി  രാജ (70)യാണ് മാനേജിങ് ട്രസ്റ്റി. ഇത്രയും കാലത്തിനിടയിൽ 6836 പേർ മൈത്രി മന്ദിരത്തിൽ അതിഥികളായി കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
 
ഇരുപതു പേർക്ക് സുഖമായി കഴിയാം. മൈത്രിയിൽ നിന്ന് പൊട്ടിമുളച്ച അക്ഷര മൈത്രി, ഭാഗവതീയം തുടങ്ങിയ പരിപാടികൾ കൂട്ടുകുടുംബ ജീവിതത്തിനു നിറം പകരുന്നു. വെജിറ്റേറിയൻ ഭക്ഷണം. പതിനായിരം രൂപ പ്രതിമാസ വിഹിതം. മൈത്രിക്കു ചുക്കാൻ പിടിക്കുന്ന ചാരിറ്റബിൾ ട്രസ്ടിനു ഭാഗീരഥി നേത്യാർ (93) അധ്യക്ഷ.

"സമാനമനസ്കരായ സ്ത്രീപുരുഷന്മാരുടെ കൂട്ടായ്മക്കു പ്രത്യേക സൗന്ദര്യം തോന്നി," അക്ഷരമൈത്രിയെ ഒരിക്കൽ അഭിസംബോധന ചെയ്ത തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലാ വൈസ് ചാൻസലർ അനിൽ വള്ളത്തോൾ പറയുന്നു. മലയാളത്തിൽ മാസ്റ്റേഴ്സ് ഉള്ള രാജ ഒരു എഴുത്തുകാരൻ കൂടിയാണ്. "ആകാശത്തിനു താഴെ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് സ്വന്തം വീടാണ്. സ്വർഗത്തിൽ ഒരു ദേവിയുണ്ടെങ്കിൽ അത് അമ്മയാണ്," രാജ എഴുതുന്നു.

പ്രായമായപ്പോൾ മാതൃകാപരമായ സ്വയം സഹായം കണ്ടെത്തിയ ഒരു ദമ്പതിമാരെപ്പറ്റി കൂടി പറയാം. കാനഡയിൽ അധ്യാപകരായിരുന്നു. മടങ്ങിവന്നപ്പോൾ നാട്ടിൽ സ്ഥലം വാങ്ങി വീടു വച്ചു.. അതിലുണ്ടായിരുന്ന പഴയ വീടും അതിനോട് ചേർന്ന കുറെ സ്ഥലവും ഒരു കന്യാസ്ത്രീ സമൂഹത്തിനു സൗജന്യമായി നൽകി.

"അവരവിടെ മൂന്ന് നിലയിൽ ഒരു വൃദ്ധസദനം നടത്തുകയാണ്. കൂടെ ഞങ്ങളെയും നോക്കുന്നു. ഉച്ചഭക്ഷണം വീട്ടിൽ എത്തിച്ച് തരും. അവിടത്തെ കൊച്ചു കന്യാസ്ത്രീകൾ ഞങ്ങളുടെ ചെടികൾ നനക്കുന്നു" ഗൃഹനാഥൻ പറയുന്നു.. ഡിസംബർ 25നു അദ്ദേഹത്തിന്റെ 90-ആം പിറന്നാൾ ആണ്.      
   
ജീവിതത്തിന്റെ സുവർണ്ണ കാലം--വാർദ്ധക്യം
കേരളത്തിൽ പോപ്പുലേഷൻ ഗ്രോത്ത് വട്ടപ്പൂജ്യമെന്നു ജനസംഖ്യാ ശാസ്ത്രജ്നൻ കെസി സക്കറിയ (96)
ട്രാവൻകൂർ ഫൗണ്ടേഷന്റെ മിഷൻവാലി കെയർ ഹോം ആകാശ വീക്ഷണം
സാൻഡിയേഗോ പ്രൊഫസർ ഐപ്പ് വർഗീസ് മിഷൻ വാലിയിൽ; ചെയർപേഴ്സൺ ന്യുയോർക്കിലെ പ്രൊഫ. രേണു ഏബ്രഹാം വർഗിസ്
കാൽഗരിയിലെ അന്നമ്മ ഏബ്രഹാമിനു പിറന്നാൾ ആശംസ; ആദ്യം ജോലിചെയ്ത തിരുവല്ല പുഷ്പഗിരി ആശുപത്രി ഇന്ന്
കാനഡ സെന്റിനിയൽ കെയർ ഹോമിൽ നൂറുകവിഞ്ഞ ആറു പേർ; ജോലി ചെയ്ത കാലത്ത് അന്നമ്മ ഒരന്തേവാസിക്ക് ജന്മദിനാശംസ നേരുന്നു.
കോട്ടക്കലെ മൈത്രി മന്ദിരത്തിൽ അക്ഷകളരി; പിന്നിൽ വലത്ത് പിസിസി രാജ
ഇടത്തരക്കാരുടെ താവളം--കോട്ടയം കാരിത്താസിനടുത്ത ഗ്വാൽബെർട് ഹോമും സുപ്പീരിയർ സിസ്റ്റർ എൽസിയയും
ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ ഫാ. റോയ് മാത്യു വടക്കേൽ
മുൻ അധ്യക്ഷൻ കൊടുവള്ളി ഓർഫനേജ് സ്ഥാപകൻ ടികെ പരീക്കുട്ടി ഹാജി പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുമൊത്ത്

Facebook Comments

Comments

  1. Rasi R A

    2020-11-22 06:32:29

    The article is worth to read.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കുട്ടികളെ കോവിഡ് ബാധിക്കാത്തതിനു പിന്നില്‍ (ജോര്‍ജ് തുമ്പയില്‍)

ശവം തീനി കഴുകന്മാര്‍ (ദല്‍ഹികത്ത്: പി.വി.തോമസ്)

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

MEET MY GRANDMA, SHE”S AN INDIAN (Sreedevi Krishnan)

ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-16: ഡോ. പോള്‍ മണലില്‍)

ട്രോളര്‍മാര്‍ അരങ്ങു തകര്‍ക്കുന്നു, അങ്ങ് കേരളത്തില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

View More