Image

ഡാലസിലെ ദേവിമാർ (ചെറുകഥ: സാംജീവ്)

Published on 29 November, 2020
ഡാലസിലെ ദേവിമാർ (ചെറുകഥ: സാംജീവ്)
ഒരിക്കൽ സ്വാമി വിവേകാനന്ദൻ ഇപ്രകാരം പറഞ്ഞു.
“അവർ സൗന്ദര്യത്തിൽ ലക്ഷ്മിദേവിയാണ്, സ്വഭാവത്തിൽ സരസ്വതിയും.  ദേവമാതാവിന്റെ പ്രതിരൂപമാണവർ. അവരെ നമിക്കുക.”
അമേരിക്കൻ പെൺകൊടികളെപ്പറ്റിയാണ്. ഇതിനെക്കാൾ വലിയൊരു പ്രശംസാപത്രം അമേരിക്കൻ വനിതകൾക്ക് ലഭിക്കുക പ്രയാസമാണ്.

ക്രിസ്തുവർഷം 1987-ലാണ് സംഭവം. ഞാനും എന്റെ കുടുബവും അമേരിക്കാ എന്ന സ്വപ്നഭൂമിയിലെത്തിയിട്ട് അധികനാളുകളായിട്ടില്ല. സുപ്രസിദ്ധമായ ഡാലസ് പട്ടണത്തിന്റെ ഒരു പ്രാന്തപ്രദേശമാണ് സ്ഥലം. കുട്ടികളുടെ സ്ക്കൂളിനടുത്ത് ഒരു അപ്പാർട്ടുമെന്റ് വാടകയ്ക്കെടുക്കാൻ തീരുമാനിച്ചു.
ഞാനും ഭാര്യയും അപ്പാർട്ട്മെന്റ് മാനേജരുടെ ആപ്പീസിലെത്തി. ഒരു സ്നേഹിതന്റെ കാറിലാണ് പോയത്. ഞങ്ങൾക്ക് കാറില്ല. അമേരിക്കയിൽ കാറോടിക്കാനുള്ള പരിചയവും ആയിട്ടില്ല.
കൗണ്ടറിൽ ഒരു പെൺകൊടിയുണ്ട്. സാക്ഷാൽ മഹാലക്ഷ്മി തന്നെ. അവളുടെ ഭാഷണം അമൃതവർഷം പോലെയാണ്. ഇത്രയും സൗന്ദര്യമുള്ള പെൺകൊടികളെ ഞാൻ കണ്ടിട്ടില്ല. വിവേകാനന്ദസ്വാമിയുടെ വാക്കുകൾ സ്മൃതിപഥത്തിലേയ്ക്ക് കടന്നുവന്നു.
ഞങ്ങളുടെ ആഗമനോദ്ദേശ്യം മഹാലക്ഷ്മിയുടെ മുമ്പിൽ അവതരിപ്പിച്ചു. ഞങ്ങൾക്ക് റൈഡ് തന്ന ഫിലിപ്പ് ജോൺസൺ എന്ന സ്നേഹിതനാണ് കാര്യങ്ങൾ പറഞ്ഞത്. പുതിയ കുടിയേറ്റക്കാരായ ഞങ്ങൾക്ക് ഈവക കാര്യങ്ങളിൽ പരിചയവുമില്ലല്ലോ. മഹാലക്ഷ്മി പുഞ്ചിരിച്ചു. അവൾ പറഞ്ഞു.
“സാരമില്ല, ഞാൻ സഹായിക്കാം.”
മഹാലക്ഷ്മി ഒരു ആപ്ലിക്കേഷൻഫോം എടുത്തുതന്നു. അവൾ പറഞ്ഞു.
“അല്പസമയം കാത്തിരിക്കൂ. ഇതു പൂരിപ്പിക്കാൻ ഞാനൊരാളെ കണ്ടെത്തുന്നതുവരെ."
ഞാൻ അപേക്ഷാ ഫാറം വാങ്ങി വായിച്ചുനോക്കി. ലളിതമായ ഇംഗ്ലീഷിലാണത് തയ്യാറാക്കിയിരിക്കുന്നത്. ഞാൻ ഗണിതശാസ്ത്രത്തിൽ മാസ്റ്റർ ബിരുദമുള്ളയാളാണ്. ഇതു പൂരിപ്പിക്കാൻ എനിക്ക് പരസഹായം ആവശ്യമില്ല.
ഞാൻ പറഞ്ഞു.
“മാഡം, ഇതു പൂരിപ്പിക്കാൻ എനിക്ക് സഹായമാവശ്യമില്ല.”
അവൾ എന്റെ വാക്കുകളെ വിശ്വസിച്ചില്ലെന്നുതോന്നി.
മഹാലക്ഷ്മി വീണ്ടും ചോദിച്ചു.
“നിങ്ങൾ എന്താണുപറഞ്ഞത്? നിങ്ങൾക്ക് ഇത് പൂരിപ്പിക്കാൻ സഹായമാവശ്യമില്ലെന്നോ?”
ഞാൻ അക്ഷരജ്ഞാനമില്ലാത്തവനെന്നാണ് ലക്ഷ്മിദേവി വിചാരിച്ചത്.
ഞാൻ പറഞ്ഞു.
“അതേ,”
“തീർച്ചയാണോ?” ലക്ഷ്മിദേവിയുടെ സംശയം തീർന്നില്ല.
അടുത്തുനിന്ന സരസ്വതിദേവിയോട് അവൾ പറഞ്ഞു, പതിഞ്ഞസ്വരത്തിൽ.
“Wet backs ആണോ?അല്ലെന്നുതോന്നുന്നു.”
Wet backs; അഥവാ പുറം നനഞ്ഞവർ: എന്താണതിന്റെയർത്ഥം? എനിക്ക് മനസ്സിലായില്ല.

പൂരിപ്പിച്ച അപേക്ഷാഫാറം ലക്ഷ്മിദേവി കൈപ്പറ്റി, ഒന്നോടിച്ചുനോക്കി. എന്റെ മുഖത്തുനോക്കി പുഞ്ചിരിച്ചു.
“100 ഡോളർ ഡിപ്പോസിറ്റുതുക കൂടി അപേക്ഷയുടെകൂടെ ചേർത്തുവയ്ക്കണം.”
100 ഡോളർ എനിക്കു വലിയ തുകയാണ്. എന്റെ ഭാര്യ ‘ആറെൻ’ ആയിട്ടില്ലല്ലോ. എനിക്ക് ജോലിയും തരപ്പെട്ടിട്ടില്ല. കാറിൽ റൈഡ് തന്ന ഫിലിപ്പ് ജോൺസണോട് 100 ഡോളർ കടം വാങ്ങി. ഡാലസിലെ സുഹൃത്തുക്കൾ സ്നേഹമുള്ളവരാണ്.

ലക്ഷ്മിദേവിയുടെ നിർദ്ദേശമനുസരിച്ച് രണ്ടുദിവസം കഴിഞ്ഞ് ഞങ്ങൾ അപ്പാർട്ട്മെന്റിന്റെ ആപ്പീസിലേയ്ക്ക് ചെന്നു.
ലക്ഷ്മിദേവി ഗൗരവഭാവത്തിലാണ്. എങ്കിലും ഞങ്ങളോട് ഇരിക്കുവാനാവശ്യപ്പെട്ടു. ഞങ്ങൾ ലോബിയിലെ മനോഹരമായ ഇരിപ്പിടങ്ങളിൽ ഉപവിഷ്ഠരായി.
ഇന്ന് ലക്ഷ്മിദേവി വളരെ ജോലിത്തിരക്കിലാണെന്നുതോന്നുന്നു. ആരോടൊക്കെയോ ഫോൺചെയ്യുന്നു. 15 മിനിറ്റു കഴിഞ്ഞുകാണും, എന്നെ വിളിച്ചു. ലക്ഷ്മിദേവിയുടെ മുഖത്തെ ഭാവവ്യത്യാസം ഞാൻ ശ്രദ്ധിച്ചു. പഴയ മന്ദസ്മിതമില്ല.
കനത്ത കിളിശബ്ദത്തിൽ ലക്ഷ്മിദേവി മൊഴിഞ്ഞു.
“സർ, നിങ്ങളുടെ അപേക്ഷ തള്ളിയിരിക്കുന്നു. നിങ്ങൾക്ക് ഞങ്ങളുടെ അപ്പാർട്ട്മെന്റ് തരാൻ നിർവാഹമില്ല. സോറി.”
സോറി അമേരിക്കയിൽ സുലഭമാണ്. അതിന് കാശ് കൊടുക്കേണ്ടതില്ല.
“എന്താണ് കാരണം?” ഞാൻ അന്വേഷിച്ചു.
“നിങ്ങളുടെ സോഷ്യൽ സെക്യൂറിറ്റി നമ്പർ വ്യാജമാണ്.”
ഞാൻ ഞെട്ടി.
“എന്റെ സോഷ്യൽ സെക്യൂരിറ്റി നമ്പർ വ്യാജമാണെന്നോ?”
“അതേ, ഞങ്ങൾ അന്വേഷിച്ചു.”
“മാഡം, എനിക്ക് ഈ സോഷ്യൽ സെക്യൂരിറ്റി കാർഡ് കഴിഞ്ഞയാഴ്ചയിൽ ലഭിച്ചതാണ്. നോക്കൂ.”
ഞാൻ സോഷ്യൽ സെക്യൂരിറ്റി കാർഡ് വാലറ്റിൽനിന്നും പുറത്തെടുത്തു.
“സർ, ഞങ്ങൾക്കതു കാണേണ്ട കാര്യമില്ല. ഞങ്ങൾ അന്വേഷിച്ചു.”
ഞാൻ അപേക്ഷയിൽ എഴുതിയ നമ്പർ ഒന്നുകൂടി പരിശോധിച്ചു. തെറ്റിയിട്ടില്ല, കാർഡിലെ നമ്പർ തന്നെയാണത്.
“മാഡം, നിങ്ങൾ പറയുന്നത് തെറ്റാണ്. സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനിൽ നിന്നും എനിക്ക്കഴിഞ്ഞയാഴ്ചയിൽ ലഭിച്ച കാർഡാണിത്. ഇത് തെറ്റല്ല.”
ലക്ഷ്മിദേവിയുടെ മുഖം കൂടുതൽ കടുത്തു.
“സർ, വാദിച്ചിട്ട് കാര്യമില്ല. ഞാൻ പറഞ്ഞുകഴിഞ്ഞു. എനിക്ക് വേറെ ജോലിയുണ്ട്. നിങ്ങൾ പോകണം.”
“ശരി, ഞാൻ പൊയ്ക്കൊള്ളാം. എനിക്ക് നിങ്ങളുടെ അപ്പാർട്ടമെന്റ് വേണ്ടാ. എന്റെ ഡിപ്പോസിറ്റ് 100 ഡോളർ തിരിച്ചുതരിക.”
“സർ, ഡിപ്പോസിറ്റ് തിരിച്ചുതരാൻ നിവർത്തിയില്ല. അതിന് ഞങ്ങളുടെ നിയമം അനുവദിക്കുന്നില്ല.”
അമേരിക്കാ നിയമവാഴ്ചയുള്ള രാജ്യമാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.
“മാഡം, നിങ്ങൾ ഒന്നുകിൽ അപ്പാർട്ട്മെന്റ് നല്കുക. അല്ലെങ്കിൽ എന്റെ ഡിപ്പോസിറ്റ് തിരിച്ചുനല്കുക. അതല്ലേ മര്യാദ?”
“സർ, നിരാകരിച്ച അപേക്ഷയുടെ ഡിപ്പോസിറ്റ് തിരിച്ചുനല്കാൻ പറ്റുകയില്ല. അതാണ് ഞങ്ങളുടെ ചട്ടം.” ലക്ഷ്മിദേവിയുടെ മുഖം കൂടുതൽ ചുവന്നു.
“മാഡം, നിങ്ങൾ നുണപറഞ്ഞ് എന്റെ അപേക്ഷ നിരാകരിക്കുന്നു. എന്നിട്ട് ചട്ടമുണ്ടെന്നു പറയുന്നു. ഇതെന്തു ചട്ടമാണ്? കാട്ടിലെ നിയമമോ? ഇതു ചതിയാണ്.” ഞാൻ രോഷത്തോടെ പറഞ്ഞു.
“എക്സ്ക്യൂസ് മി” മഹാലക്ഷ്മി രൌദ്രഭാവത്തിൽ എന്നെ നോക്കി. എന്റെ കനത്ത ആക്സന്റിലുള്ള ഇംഗ്ലീഷ് അവൾക്ക് മനസ്സിലായില്ല.
സ്നേഹിതൻ ഫിലിപ്പ് ജോൺസൺ എന്റെ വാക്കുകൾ വളരെ മയപ്പെടുത്തി പരാവർത്തനംചെയ്ത് ലക്ഷ്മിദേവിയുടെ അനുകമ്പ നേടാൻ ശ്രമിച്ചു. അയാൾ പത്തിരുപത് കൊല്ലമായി അമേരിക്കായിൽ താമസിക്കുന്നയാളാണ്. കാര്യങ്ങളുടെ ചിട്ടവട്ടങ്ങൾ അയാൾക്കറിയാം.
പക്ഷേ മഹാലക്ഷ്മിയുടെ മുഖത്തെ രൌദ്രഭാവം കുറഞ്ഞില്ല.
“സർ, നിങ്ങൾ കൂടുതൽ ശല്യമുണ്ടാക്കിയാൽ ഞാൻ പോലീസിനെ വിളിക്കും” മഹാലക്ഷ്മി ഭീഷണിപ്പെടുത്തി.
പെട്ടെന്ന് എവിടെനിന്നോ ഒരു പോലീസ്കാർ പ്രത്യക്ഷമായി. തൊട്ടടുത്ത പാർക്കിംഗ് ലോട്ടിൽ നിറുത്തി. പോലീസ് ആപ്പീസർ ഞങ്ങൾ സംസാരിച്ചുകൊണ്ടുനിന്ന ലോബിയിലേയ്ക്ക് നടന്നുവന്നു. അയാൾ ഒന്നും പറഞ്ഞില്ല. രംഗം നിരീക്ഷിച്ചുകൊണ്ട് ഗൗരവത്തിൽ അല്പമകലെ അയാൾ നിലയുറപ്പിച്ചു.

എന്റെ സ്നേഹിതൻ ഫിലിപ്പ് ജോൺസണ് കാര്യം പന്തിയല്ലെന്ന് മനസ്സിലായി. അദ്ദേഹം പറഞ്ഞു.
“നമുക്ക് പോകാം.”
ഞങ്ങൾ ഇറങ്ങിനടന്നു. എനിക്ക് പൊട്ടിക്കരയണമെന്നുതോന്നി. 100 ഡോളർ എനിക്ക് വലിയ തുകയാണ്.

                                               രണ്ടാം ഭാഗം
ജീവിക്കാൻ ഒരു ജോലി വേണം. തത്ക്കാലം ചെറിയ ജോലിയായാലും മതി. വിദ്യാഭ്യാസത്തിനൊത്ത ജോലി കിട്ടാൻ കുറേ സമയമെടുക്കും. അതിന് പിന്നീട് ശ്രമിക്കാവുന്നതേയുള്ളു.

സെഞ്ചൂറിയൻ വെയർഹൗസിന്റെ പരസ്യം കണ്ടു. സ്റ്റോർ അസിസ്റ്റന്റുമാരെ ആവശ്യമുണ്ട്. വെയർഹൗസിന്റെ ആപ്പീസിലെത്തി. കരോൾട്ടണിലാണ്. താമസസ്ഥലത്തുനിന്നും വലിയ ദൂരമില്ല. ഒരു ലക്ഷ്മിദേവിയിൽ നിന്ന് അപേക്ഷാഫാറം വാങ്ങി, പൂരിപ്പിച്ചു തിരികെനല്കി.
എഴുത്തുപരീക്ഷയുണ്ട്. ഗണിതശാസ്ത്രത്തിനാണ് പരീക്ഷ. വെയർഹൗസിന്റെ സുഗമമായ പ്രവർത്തനത്തിന് ഗണിതശാസ്ത്രവിജ്ഞാനം ആവശ്യമാണ്.
വെയർഹൗസിലൂടെ കടന്നുപോകുന്ന ഓരോ വസ്തുവിനുംഓരോ നമ്പരുണ്ട്.ഇല്ലെങ്കിൽ അനുയോജ്യമായ ഒരു നമ്പർ നല്കണം. അതു കമ്പ്യൂട്ടർ സിസ്റ്റത്തിൽ രേഖപ്പെടുത്തുകയും വേണം. എട്ട് അക്കങ്ങളുള്ള ഒരു അൽഫാന്യൂമറിക്ക്കോഡാണത്.അക്ഷരസംഖ്യാവിന്യാസമെന്ന് പറയാം.
ആ സംഖ്യയുടെ ഓരോ അക്ഷരത്തിനും അക്കത്തിനും അർത്ഥമുണ്ട്, വ്യാപ്തിയുണ്ട്. അതുകൊണ്ട് വെയർഹൗസിലെ മറ്റീരിയൽസ് മാനേജ്മെന്റിന് ഗണിതശാസ്ത്രവിജ്ഞാനം അത്യന്താപേക്ഷിതമാണ്.

ഒരു സരസ്വതീദേവിയാണ് ചോദ്യക്കടലാസുകൾ വിതരണം ചെയ്യുന്നത്. ചോദ്യക്കടലാസും ഉത്തരക്കടലാസും ഒന്നുതന്നെ. ശരിയായ ഉത്തരങ്ങളും തെറ്റായ ഉത്തരങ്ങളും ചോദ്യക്കടലാസിലുണ്ട്. ശരിയായ ഉത്തരങ്ങൾ അടയാളപ്പെടുത്തണം. അത്രമാത്രം.
ഞാൻ ചോദ്യങ്ങൾ ഓടിച്ചുവായിച്ചു. വളരെ ലളിതമായ ചോദ്യങ്ങളാണ്.പരീക്ഷാസമയം ഒരുമണിക്കൂറാണ്. ഞാൻ അരമണിക്കൂറിനുളളിൽ ചെയ്തുകഴിഞ്ഞു.
ഞാൻ ഗണിതശാസ്ത്രത്തിൽ മാസ്റ്റർബിരുദമുള്ളയാളല്ലേ?

പരീക്ഷാക്കടലാസുകൾ ഉടനെതന്നെ പരിശോധിക്കും, തീരുമാനമെടുക്കും. സെഞ്ചൂറിയൻ വെയർഹൗസ് കമ്പനിക്ക് ജീവനക്കാരെ ഉടനെ ആവശ്യമുണ്ട്. ബിസിനസ് ബൂം ചെയ്യുന്ന കാലമാണ്.
ഒരു സരസ്വതിദേവി എന്റെ പേർ വിളിച്ചു. ഇന്റർവ്യൂ മുറിയിൽ ചെന്നയുടനെ അവൾ വെളുക്കെ പുഞ്ചിരിച്ചു, അഭിനന്ദിച്ചു. ഞാൻ 100-ൽ 90 മാർക്ക് നേടിയിരിക്കുന്നു. എഴുത്തുപരീക്ഷയിൽ അത്രയും ഉയർന്ന സ്കോറുള്ള എനിക്ക് ജോലി ലഭിക്കേണ്ടതാണ്. പക്ഷേ ഗണിതശാസ്ത്രത്തിൽ മാസ്റ്റർ ബിരുദമുള്ള എനിക്ക് വളരെ ലളിതമായ കണക്കുപരീക്ഷയിൽ 10 മാർക്ക് നഷ്ടപ്പെട്ടതിൽ ലജ്ജ തോന്നി.
“എവിടെയാണ് പത്തുമാർക്ക് നഷ്ടപ്പെട്ടതെന്ന് പറയാമോ?” ഞാൻ ചോദിച്ചു.
അവിശ്വസനീയമായതെന്തോ കേൾക്കുന്ന മട്ടിൽ സരസ്വതിദേവി എന്നെ തുറിച്ചുനോക്കി. അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു. അവൾ ആർക്കോ ഫോൺ ചെയ്തു. മറ്റൊരു സരസ്വതിദേവി എന്റെ ഉത്തരക്കടലാസുമായി മുറിയിലേയ്ക്ക് വന്നു. അവളുടെ മുഖഭാവം ഞാൻ ശ്രദ്ധിച്ചു. പുഞ്ചരിയില്ല. മുഖം കടന്നൽകുത്തേറ്റതുപോലെയുണ്ട്. ചോദ്യം ചെയ്യപ്പെടുന്നത് അമേരിക്കക്കാർക്ക് ഇഷ്ടമല്ലെന്ന് അന്നെനിക്ക് അറിഞ്ഞുകൂടായിരുന്നു.
ഞാൻ ഉത്തരക്കടലാസ് വാങ്ങി നോക്കി. എന്റെഒരുത്തരം തെറ്റിയിരിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.
ഒരു ന്യൂനസംഖ്യയെ (Negative number) മറ്റൊരു ന്യൂനസംഖ്യകൊണ്ട് ഗുണിച്ചാൽ കിട്ടുന്ന ഗുണനഫലം അധിസംഖ്യ (Positive number) ആയിരിക്കും. ഗണിതശാസ്ത്രത്തിന്റെ ബാലപാഠങ്ങളിൽ ഒന്നാണത്.
പക്ഷേ ഡാലസിലെ സരസ്വതിദേവി പറയുന്നത് നേരേ മറിച്ചാണ്. ഒരു ന്യൂനസംഖ്യയെ മറ്റൊരു ന്യൂനസംഖ്യകൊണ്ട് ഗുണിച്ചാൽ ഗുണനഫലവും ന്യൂനസംഖ്യയായിരിക്കുമെന്നുതന്നെ സരസ്വതിദേവി ശഠിച്ചു.
“സരസ്വതിദേവി പറയുന്നതു തെറ്റാണ്. ഞാൻ പറയുന്നതാണുശരി” ഞാൻ വാദിച്ചു.
സരസ്വതിദേവി എന്ന സംജ്ഞാനാമം ഞാൻ ആംഗലഭാഷയിലേയ്ക്കു മൊഴിമാറ്റം ചെയ്തപ്പോൾ മാഡം എന്ന സാമാന്യനാമമായിപ്പോയി.
വാദിക്കുന്നത് അമേരിക്കക്കാർക്കിഷ്ടമല്ല. എപ്പോഴു “യേസ് സർ, യേസ് മാഡം” കേൾക്കാനാണവർക്കിഷ്ടം. എന്റെ സുഹൃത്ത് മണിയടി ശങ്കരനാണ് ഈ ‘ഗുട്ടൻസ്’ എനിക്കു പറഞ്ഞുതന്നത്, ചിലനാളുകൾക്കുശേഷം.
സരസ്വതിദേവി അവരുടെ ഭാഗമാണ് ശരിയെന്ന് സമർത്ഥിക്കാൻ തടിച്ചയൊരു കണക്കുപുസ്തകം എടുത്തുകൊണ്ടുവന്നു. ചില ഭാഗങ്ങൾ മറിച്ചുനോക്കുന്നതായി ഭാവിച്ചു.
എന്നിട്ട്സരസ്വതിദേവി പ്രഖ്യാപിച്ചു.

“ആങ്ഹാ, ഞാൻ പറയുന്നതാണ് ശരി. ന്യൂനസംഖ്യയെ ന്യൂനസംഖ്യകൊണ്ട് ഗുണിച്ചാൽ ഫലവും ന്യൂനസംഖ്യ തന്നെ.”
എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. ഞാൻ പൊട്ടിച്ചിരിച്ചു.
സരസ്വതിദേവി ക്ഷുഭിതയായി.
അവർ പറഞ്ഞു.
“ഞങ്ങൾക്ക് അനുസരണമുള്ള ജോലിക്കാരെയാണ് വേണ്ടത്. നിങ്ങൾ എവിടെയാണ് പഠിച്ചത്?”
“ഇൻഡ്യയിൽ. എനിക്കു ഗണിതശാസ്ത്രത്തിൽ മാസ്റ്റർ ഡിഗ്രിയുണ്ട്.” ഞാൻ പൊങ്ങച്ചം പറഞ്ഞു. എന്റെ ഉയർന്ന ഡിഗ്രി അവർ മാനിച്ചേക്കുമെന്ന് ഞാൻ കരുതി. പക്ഷേ അതല്ല സംഭവിച്ചത്.
“നിങ്ങൾ പറയുന്ന ഡിഗ്രി ഞങ്ങളുടെ ഹൈസ്ക്കൂൾ ലവലിൽ താഴെയാണ്. ഞാൻ നിങ്ങളെ അയോഗ്യനായി പ്രഖ്യാപിക്കും.”
എന്റെ പ്രായോഗികബുദ്ധി പ്രവർത്തിച്ചു.അതെനിക്ക് വളരെ കമ്മിയാണെന്ന് ഭാര്യ പറയാറുണ്ട്.
സരസ്വതിദേവി പറയുന്നത് സമ്മതിച്ചാൽ എനിക്ക് ജോലികിട്ടും. മണിക്കൂറിൽ 20 ഡോളർ ശമ്പളമുള്ള ജോലി. എനിക്ക് അപ്പാർട്ടുമെന്റിന്റെ വാടകയടയ്ക്കാം. ഗ്രോഷറി വാങ്ങാം. അല്ലെങ്കിൽ പൊങ്ങച്ചം പറഞ്ഞ് സരസ്വതിദേവിയോട് വാദിച്ച് തിരിച്ചുപോകാം, വെറും കൈയോടെ. എന്റെ പൈതങ്ങൾ പട്ടിണിയാകും. ഞാൻ സരസ്വതിദേവിയെ നമിച്ചു.
“ദേവി, പൊറുക്കണം. പാമരനായ ഞാൻ അബദ്ധം പറഞ്ഞുപോയി. നിന്നോട് വാദിക്കാൻ ഞാൻ ആരാണ്? അവിടുന്ന് സകല ജ്ഞാനത്തിന്റെയും വിളനിലമല്ലേ?”
സരസ്വതിദേവി പെട്ടെന്ന് ശാന്തയായി, ഹൃദ്യമായി പുഞ്ചിരിച്ചു. പ്രസാദിച്ചുവെന്നുതോന്നി. അവൾ പറഞ്ഞു.
“നിങ്ങൾ ആദ്യമായി ജോലിക്ക് ഹാജരാകുമ്പോൾ ഒരുമണിക്കൂർ നേരത്തെ വരണം. പല ഫാറങ്ങൾ ഒപ്പിടാനുണ്ട്. ജോലിക്ക് ജോയിന്റ് ചെയ്യേണ്ട ദിവസം ഞാൻ ഫോണിൽ അറിയിക്കാം.”

ജോലി ലഭിച്ച സന്തോഷത്തോടെ ഞാൻ കാറുകൾ പാർക്കുചെയ്യുന്ന സ്ഥലത്തേയ്ക്ക് ചെന്നു. സുഹൃത്തായ ജോൺസൺ തന്റെ കാറിൽ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. എനിക്ക് കാറില്ലല്ലോ. ഞാനിവിടെ ദരിദ്രനായ ഒരു നവാഗതകുടിയേറ്റക്കാരനാണല്ലോ.
കാറിൽവച്ച് നടന്ന കാര്യങ്ങൾ ഞാൻ സുഹൃത്തിനോട് പറഞ്ഞു. അദ്ദേഹവും പൊട്ടിച്ചിരിച്ചു.

വീട്ടിൽവന്ന് അല്പസമയം കഴിഞ്ഞപ്പോൾ സരസ്വതിദേവിയുടെ ഫോൺ സന്ദേശം ലഭിച്ചു.
“നിങ്ങളെ തെരഞ്ഞെടുക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു.”

കുറിപ്പ്
Rio Grande River   നീന്തിക്കടന്നെത്തുന്ന അനധികൃത മെക്സിക്കൻ കുടിയേറ്റക്കാരെ ആക്ഷേപസ്വരത്തിൽ വിളിക്കുന്ന നാമധേയമാണ് Wet backs.  അമേരിക്കൻ സർക്കാരിന്റെ ഔദ്യോഗികരേഖകളിലും ന്യൂയോർക്ക് ടൈംസ് മുതലായ പ്രശസ്തമാദ്ധ്യമങ്ങളിലും ആ പദപ്രയോഗം രേഖപ്പെടുത്തിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക