Image

എബ്രഹാം തോമസ്: എഴുത്തിലെ ബഹുമുഖ പ്രതിഭ (മുൻപേ നടന്നവർ: മീനു എലിസബത്ത്)

Published on 08 December, 2020
എബ്രഹാം തോമസ്: എഴുത്തിലെ ബഹുമുഖ പ്രതിഭ (മുൻപേ നടന്നവർ: മീനു എലിസബത്ത്)
അമേരിക്കയിലെ മലയാള സാഹിത്യ രംഗത്തും പത്രപ്രവർത്തന രംഗത്തും ഒരു പോലെ ശോഭിക്കുന്നയാളാണ് എബ്രഹാം തോമസ്.  ഈ മേഖലയിലെ തികച്ചും  വേറിട്ട ശബ്ദം. അമേരിക്കൻ സാമൂഹിക-രാഷ്ട്രീയ–സിനിമ മേഖലകളെക്കുറിച്ചെല്ലാം വളരെ കൃത്യമായി പഠിച്ചു വിശകലനം ചെയ്തു അത് വായനക്കാരിലേക്കു എത്തിക്കുകയെന്ന  വലിയ ദൗത്യമാണ്  ഇദ്ദേഹം പതിറ്റാണ്ടുകളായി ചെയ്തുകൊണ്ടിരിക്കുന്നത്.     
 
 
49 വർഷത്തോളമായി സ്വതന്ത്ര പത്രപ്രവർത്തനം നടത്തുന്ന എബ്രഹാം തോമസ് ചലച്ചിത്ര നിരൂപകനായും ചെറുകഥാകൃത്തായും അറിയപ്പെടുന്നു. എണ്ണായിരത്തിലധികം ലേഖനങ്ങൾ, നിരൂപണങ്ങൾ, സിനിമാ താരങ്ങളുമായുള്ള അഭിമുഖങ്ങൾ, ചെറുകഥകൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ പത്രങ്ങളിൽ കോളമിസ്റ്റായിട്ടുണ്ട്. ഇംഗ്ലിഷിൽ എഴുതിയ അനവധി ലേഖനങ്ങൾ പല ഇന്ത്യൻ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 
 
രാഷ്ട്രപതിയുടെ സ്വർണ മെഡൽ നേടിയ സിനിമകളെക്കുറിച്ചുള്ള പരമ്പര മലയാള മനോരമ ആഴ്ചപ്പതിപ്പിലും ഇംഗ്ലിഷിൽ പിക്ച്ചർ പോസ്റ്റ് എന്ന മാസികയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ വനിതാ സംവിധായകരെക്കുറിച്ചുള്ള ഒരു പരമ്പര വനിതയിലും ഇന്ത്യൻ സിനിമയുടെ ആരംഭം മുതലുള്ള ചരിത്രം ഖണ്ഡശ്ശഃയായി ചലച്ചിത്രം മാസികയിലും  പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിക്ച്ചർ പോസ്റ്റിന്റെ സഹപത്രാധിപരായും ഏഷ്യൻ ടൈംസ്, ഇന്ത്യ ഒബ്സർവർ, ഫൊക്കാന ടുഡേ എന്നിവയുടെ മുഖ്യ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.    
          
മലയാള മനോരമയുടെ  കൊല്ലം പ്രതിനിധിയും പത്രപ്രവർത്തകനും  ഗ്രന്ഥകാരനുമായിരുന്ന എം. മാത്തുണ്ണിയുടെ പൗത്രനാണ് എബ്രഹാം തോമസ്. പിതാവ് സി. തോമസും എഴുത്തുകാരനായിരുന്നു. പത്രപ്രവർത്തകനും നിരൂപകനും ഗ്രന്ഥകാരനുമാണ് ജ്യേഷ്ഠൻ പി.ടി. വറുഗീസ്‌. 
 
താൻ പിറന്നു വീണതുതന്നെ ഒരു അച്ചടിശാലയിലേക്കാണെന്ന് എബ്രഹാം തോമസ് പറയും.. ‘‘അന്ന് വീട്ടിൽനിന്ന് ‘ജോറൻ’ എന്ന പേരിൽ ഒരു ഫലിത മാസിക പ്രസിദ്ധീകരിച്ചിരുന്നു. വീട് നിറയെ  പത്രങ്ങളും മാസികകളും കടലാസുകെട്ടുകളും പുസ്തകങ്ങളും. വായനയ്ക്കും എഴുത്തിനുമുള്ള  സാഹചര്യമാണ് എവിടെയും’’
 
ഐറിഷ് മിഷനറി സഹോദരങ്ങൾ നടത്തി വന്നിരുന്ന കൊല്ലം സെന്റ് അലോഷ്യസ് ഹൈസ്‌കൂളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. അവിടുത്തെ ആദ്യത്തെ ഇംഗ്ലിഷ് മീഡിയം ബാച്ചിൽ പഠിക്കുവാനുള്ള ഭാഗ്യം അദ്ദേഹത്തിനു ലഭിച്ചു. 
‘‘അന്ന് ഞങ്ങളെ  ഇംഗ്ലിഷ് പഠിപ്പിക്കുന്നത് ബ്രെണ്ണൻ മാർട്ടിൻ എന്ന ഒരു ഐറിഷുകാരൻ  സായിപ്പാണ്‌. റെൻ ആൻഡ് മാർട്ടിന്റെ വലിയ ഇംഗ്ലിഷ് ഡിക്‌ഷനറിയുടെ സഹായത്താൽ ഗ്രാമറും കോംപോസിഷനുമൊക്കെ വിശദമായിട്ടു പഠിപ്പിച്ചത് ഐറിഷ്  ക്രിസ്ത്യൻ  ബ്രദറൺസ് ആണ്. ഇംഗ്ലിഷ് ഉച്ചാരണ രീതികളും ഇംഗ്ലിഷിൽ എങ്ങനെ  പ്രസംഗിക്കാം എന്നുമെല്ലാം അവർ പഠിപ്പിച്ചു തരുമായിരുന്നു. തുടർപഠനം കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിലും എസ്.എൻ.കോളജിലുമായിരുന്നു. പിന്നീടുള്ള എന്റെ പത്രപ്രവർത്തന മേഖലയിൽ അന്നത്തെ  ഇംഗ്ലിഷ് മീഡിയം  വിദ്യാഭ്യസം  വളരെയധികം സഹായിച്ചിട്ടുണ്ട്. ബികോം ഡിഗ്രി എടുത്ത ശേഷം 1971 ലാണ് ബോംബെയിലേക്കു വണ്ടി കയറുന്നത്. ഒരു ദേശീയ ബാങ്കിൽ ജോലി ചെയ്തു കൊണ്ടുതന്നെ പാർട്ട് ടൈമായി  നിയമത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും  കരസ്ഥമാക്കി. പിന്നീട് ബാങ്കിന്റെ ലീഗൽ അഡ്വൈസറായി സ്‌ഥാനക്കയറ്റം കിട്ടിയ ശേഷമാണ് സിനിമാനിരൂപണങ്ങൾ എഴുതിത്തുടങ്ങുന്നത്’’
 
∙ ഹോളിവുഡ് താരങ്ങളെയും മലയാള സിനിമാ താരങ്ങളെയുമൊക്കെ അഭിമുഖം ചെയ്ത അനുഭവങ്ങൾ ഒന്നോർത്തെടുക്കാമോ?  
 
1973 ൽ പ്രസിദ്ധ ബോളിവുഡ് സംവിധായകൻ ബസു ഭട്ടാചാര്യയെ ഇന്റർവ്യൂ ചെയ്തു കൊണ്ടായിരുന്നു എന്റെ തുടക്കം. പിന്നീട്  വി. ശാന്താ റാം, അശോക് റോയ്, എൻ.എൻ. സിപ്പി, രാജ്‌കുമാർ കോഹ്‌ലി, ശ്യാം ബെനഗൽ, കെ.എ. അബ്ബാസ്, ഗുൽസാർ, ഹൃഷികേശ് മുഖർജി എന്നീ സംവിധായകരെയും ദേവാനന്ദ്, സുനിൽ ദത്ത്, രാജ് കപൂർ, ദിലീപ് കുമാർ, അംജത് ഖാൻ, രേഖ, ജയപ്രദ, സെറീന വഹാബ്  എന്നി നടീ‌നടൻന്മാരെയും  ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. ചിലരൊക്കെ അന്ന് അത്ര പ്രശസ്തരല്ല. പിന്നീട് വലിയ നടീനടന്മാരായിട്ടും അവരിൽ പലരുമായും കോൺടാക്ട് ഉണ്ടായിരുന്നു.          
 
മലയാളികളുടെ പ്രിയ നടൻ മണ്മറഞ്ഞ പ്രേം നസീറിനെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. ഒരുപക്ഷേ അദ്ദേഹം മരിക്കുന്നതിന് മുൻപ് കൊടുത്ത ചുരുക്കം ചില ഇന്റർവ്യൂകളിലൊന്നാകും അത്. സോമൻ, സുകുമാരൻ, മേനക എന്നിവരുടെയും അഭിമുഖത്തിന് അവസരമുണ്ടായിട്ടുണ്ട്. പ്രസിദ്ധ സിനിമാ ചരിത്രകാരനും വിമർശകനുമായ  ഫിറോസ് രംഗൂൺവാലായുടെ ‘A Pictorial History of Indian Cinema’ എന്ന ചരിത്ര പുസ്തകമെഴുതാൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്’’        
 
1991 ലാണ് അമേരിക്കയിലേക്കുള്ള കുടിയേറ്റം. കുറച്ചു വർഷങ്ങൾ എഴുത്തിൽനിന്നു വിട്ടു നിന്നെങ്കിലും 1993 മുതൽ, ന്യൂയോർക്കിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളം പത്രത്തിൽ ഹോളിവുഡിനെക്കുറിച്ചു ഒരു പക്തി തുടങ്ങി വീണ്ടും എഴുത്തിൽ സജീവമായി. ഹൂസ്റ്റണിൽനിന്നു പ്രസിദ്ധീകരിക്കുന്ന ആഴ്ചവട്ടം പത്രത്തിൽ  മലയാളം ടിവി സീരിയലുകളെക്കുറിച്ചുള്ള ഒരു പക്തി എഴുതുകയുണ്ടായി. ഷിക്കാഗോയിൽനിന്നു പ്രസിദ്ധീകരിക്കുന്ന മലയാളി സംഗമത്തിലാണ് ഒരു സാമൂഹിക കോളം എഴുതുന്നത്. അമേരിക്കൻ ജീവിതത്തിന്റെ നേർക്കാഴ്ചയായിരുന്നു അത്. അമേരിക്കയിലെ നിരവധി സാഹിത്യ സാംസ്കാരിക സംഘടനകളുടെ സുവനീർ എഡിറ്റിങ്ങിന്റെ സ്ഥിരം ചുമതലക്കാരനായിരുന്നു.  
 
ലാന, കെ.എൽ.എസ്, ഐ.പി.സി.എൻ.എ, ഡി.എഫ്.ഡബ്ല്യൂ, ലയൺസ് ക്ലബ്ബ് എന്നി സംഘടനകളിലെല്ലാം ഉന്നതസ്‌ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പത്രപ്രവർത്തനത്തിനും ഗ്രന്ഥരചനകൾക്കുമുള്ള പ്രശസ്തമായ പല അവാർഡുകളും  ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. സാഹിത്യത്തിനും പത്രപ്രവർത്തനത്തിനുമുള്ള സമഗ്ര സംഭാവനയ്ക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അദ്ദേഹത്തിനെ ആദരിക്കുകയുണ്ടായി. ‘ഈ ലോകം ഈ ഗ്രാമം’ എന്ന പുസ്തകം മികച്ച സമാഹാരത്തിനുള്ള അവാർഡും കരസ്ഥമാക്കിയിരുന്നു.   
ഈ ലോകം ഈ ഗ്രാമം (നാഷനൽ ബുക്ക് സ്റ്റാൾ), അബ് കി ബാർ ട്രംപ് (സത്യഭാമ ഗ്ലോബൽ പബ്ലിക്കേഷൻസ്), അമേരിക്കൻ നേർക്കാഴ്ചകൾ (ഉണ്മ പബ്ലിക്കേഷൻസ്, ഈ സ്വപ്നഭൂമിയിൽ (പ്രഭാത് ബുക്ക് ഹൗസ്) ഇവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ.                              
 
ആലപ്പുഴ ജില്ലയിലെ ചേപ്പാട് മുട്ടം സ്വദേശിയാണ് എബ്രഹാം തോമസ്. സതേൺ റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന ആഞ്ഞിലിക്കടത്തറ സി. തോമസിന്റെയും സ്‌കൂൾ ടീച്ചറായിരുന്ന റേച്ചൽ തോമസിന്റെയും ഇളയ മകനായ എബ്രഹാം തോമസിന് നാല് സഹോദരന്മാരും രണ്ടു സഹോദരിമാരുമാണുള്ളതു.  ഭാര്യ സരളയോടൊപ്പം ഡാലസിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ഇദ്ദേഹത്തിന് രണ്ടു മക്കളാണ്. കവിത, ഷെറിൻ. മരുമക്കൾ അനിൽ, ടിജി. നാല് കൊച്ചുമക്കളുമുണ്ട്.  
 
‘‘ജീവിത ലാളിത്യവും ആർജ്ജവ മനോഭാവവും തികഞ്ഞ സഹൃദയത്വവും കൊണ്ട് ഏബ്രഹാം തോമസിന്റെ വ്യക്തിത്വം സവിശേഷമാണ്. ചലച്ചിത്ര പഠനത്തിലും നിരൂപണത്തിലും സാംസ്ക്കാരിക പ്രവർത്തങ്ങളിലും പ്രാഗൽഭ്യം  തെളിയിക്കുകയും തനതായ സംഭാവനകൾ നൽകുകയും ചെയ്‌തിട്ടുള്ളയാണ് അദ്ദേഹം. അപഗ്രഥനാത്മകമായ  ആവിഷ്ക്കരണ രീതികൊണ്ട്  ഓരോ വിഷയവും സമഗ്രവും ഹൃദയംഗമവുമായി അവതരിപ്പിക്കുവാൻ  എബ്രഹാം തോമസിന് കഴിയുന്നു’’– ഈ ലോകം ഈ ഗ്രാമം എന്ന പുസ്തകത്തിന്റെ അവതാരികയിൽ പ്രശസ്ത സാഹിത്യകാരൻ പ്രഫ. ജോർജ് ഓണക്കൂറിന്റെ വാക്കുകളാണിവ. 
 
അതീവ സൗമ്യനും മിതഭാഷിയുമാണ് എബ്രഹാം തോമസെന്ന ഈ മുതിർന്ന പത്ര പ്രവർത്തകൻ. അദ്ദേഹത്തിന്റെ എഴുത്ത് അമേരിക്കൻ മലയാളിയുടെ ജീവിതത്തിനു നേരേ പിടിച്ച കണ്ണാടിയും അവരുടെ  പച്ചയായ ജീവിതത്തിന്റെ പരിച്ഛേദവും ആണ്. താനുൾപ്പെടുന്ന അമേരിക്കൻ സമൂഹത്തെ അടുത്തുനിന്ന് നോക്കിക്കണ്ട് അതിലെ നന്മതിന്മകളെയും ഏറ്റക്കുറച്ചിലുകളെയും ഏതൊരാൾക്കും മനസ്സിലാകുന്ന തരത്തിൽ സരളവും ആസ്വാദ്യകരവുമായ  ഭാഷയിൽ അപഗ്രഥിച്ചു  വായനക്കാരിലെത്തിക്കുന്നു. ലോക സിനിമയും ഹോളിവുഡും  ബോളിവുഡും എല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചു സഹൃദയരുടെ മുന്നിലേക്ക് നിരൂപണങ്ങൾ സമർപ്പിക്കുന്നു. ഒരൽപം പ്രശ്നപൂർണ്ണമെന്നു സാധാരണക്കാർക്കു തോന്നിയേക്കാവുന്ന അമേരിക്കൻ രാഷ്ട്രീയത്തിന്റെ നൂലാമാലകൾ അതിന്റെ പ്രധാന്യം ഒട്ടുമേ  ചോർന്നു പോകാതെ ലളിതവൽക്കരിച്ചു മലയാളികൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നു. ലോകം വലിയ വെല്ലുവിളികളിലൂടെയും  അനിശ്ചിതത്വത്തിലൂടെയും കടന്നു പോകുമ്പോഴും എബ്രഹാം തോമസ് പകരം വയ്ക്കാനില്ലാത്ത തന്റെ  തൂലിക നിരന്തരം ചലിപ്പിച്ചു കൊണ്ടേയിരിക്കുന്നു. മുൻപേ നടന്നവരുടെ നിരയിൽ അമേരിക്കയിലെ  മലയാള സാഹിത്യത്തിന്റെ ഒരു അവിഭാജ്യ ഘടകം തന്നെയാണ് അദ്ദേഹം. സ്വതസിദ്ധമായ ആ ചെറുപുഞ്ചിരിയോടെ എബ്രഹാം തോമസ് എഴുതുകയാണ്. അവിരാമം
എബ്രഹാം തോമസ്: എഴുത്തിലെ ബഹുമുഖ പ്രതിഭ (മുൻപേ നടന്നവർ: മീനു എലിസബത്ത്)
എബ്രഹാം തോമസ്: എഴുത്തിലെ ബഹുമുഖ പ്രതിഭ (മുൻപേ നടന്നവർ: മീനു എലിസബത്ത്)

എബ്രഹാം തോമസ്: എഴുത്തിലെ ബഹുമുഖ പ്രതിഭ (മുൻപേ നടന്നവർ: മീനു എലിസബത്ത്)

എബ്രഹാം തോമസ്: എഴുത്തിലെ ബഹുമുഖ പ്രതിഭ (മുൻപേ നടന്നവർ: മീനു എലിസബത്ത്)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക