MediaAppUSA

ഭിക്ഷ (ചെറുകഥ: സാംജീവ്)

Published on 02 January, 2021
ഭിക്ഷ (ചെറുകഥ: സാംജീവ്)
കൺവൻഷൻ കഴിഞ്ഞ് കാറിൽ കയറാൻ പോകുമ്പോഴാണ് റോഡരികിൽനിന്നും  നിലവിളി കേട്ടത്.
“അച്ചാ, ആഹാരം കഴിച്ചിട്ട് മൂന്നു ദിവസമായേ, വല്ലതും തരണേ..” ഒരു ഭിക്ഷക്കാരന്റെ നിലവിളിയാണ്.
പോക്കറ്റിൽനിന്നും വാലറ്റെടുത്തു തപ്പിനോക്കി. നൂറുരൂപ കൊടുക്കാമെന്നാണ് വിചാരിച്ചത്. പക്ഷേ കിട്ടിയില്ല. കൈയിൽ തടഞ്ഞത് അഞ്ഞൂറു രൂപയാണ്. ഒന്നു മടിച്ചു. ബ്രിട്ടിഷ്പൗണ്ടു വില കണക്കുകൂട്ടി. 5 പൗണ്ട്. സാരമില്ല. ഏതായാലും മൂന്നുദിവസം പട്ടിണികിടന്ന മനുഷ്യനല്ലേ. ദയ തോന്നി.
അഞ്ഞൂറുരൂപാ കിട്ടിയ മനുഷ്യൻ തുറിച്ചുനോക്കി. അയാൾക്കു വിശ്വസിക്കാനായില്ലെന്നു തോന്നുന്നു. അയാൾ ആ കറൻസിനോട്ട് തിരിച്ചും മറിച്ചും നോക്കി. നെറ്റിയിൽ നോട്ടുയർത്തി കുരിശുവരച്ചു.

രണ്ടു മൂന്ന് മണിക്കൂറുകൾ കഴിഞ്ഞുകാണു. ടെലിഫോൺ ശബ്ദിച്ചു.
“ഹലോ, ഇത് പോലീസ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നത്. സബ്ഇൻസ്പെക്ടർ സംസാരിക്കുന്നു. നിങ്ങളുടെ പേരെന്താണ്?”
“ജോൺ മത്തായി.”
“ആ, മിസ്റ്റർ ജോൺ മത്തായി, നിങ്ങളാ ഭിക്ഷക്കാരന് അഞ്ഞൂറുരൂപാ ഭിക്ഷ കൊടുത്തു. ശരിയാണോ?”
“അതേ സർ, എന്തെങ്കിലും കുഴപ്പമുണ്ടോ?”
ഓ, ഒന്നുമില്ല. നിങ്ങൾ കൊടുത്തതാണോ, അതോ അയാൾ വല്ലയിടത്തുനിന്നും മോഷ്ടിച്ചതാണോ എന്നറിയാൻ വിളിച്ചതാ.“
“ഞാൻ കൊടുത്തതു തന്നെയാണ് സർ.”
“ഓക്കെ, ഓക്കെ. ഒന്നു വെരിഫൈ ചെയ്യാൻ വിളിച്ചെന്നുമാത്രം. ശരി.”
മറുപടിക്കൊന്നും കാത്തുനില്ക്കാതെ പോലീസ് ഇൻസ്പെക്ടർ ഫോൺ കട്ടുചെയ്തു.


രണ്ടുദിവസം കഴിഞ്ഞ് വീണ്ടും പ്രവാസിയായ ജോൺ മത്തായിക്ക് ഒരു ടെലിഫോൺ സന്ദേശംലഭിച്ചു.
“ഹലോ, മിസ്റ്റർ ജോൺ മത്തായി അല്ലേ? ഇതു ക്രൈംബ്രാഞ്ച് പോലീസാണ്. സർക്കിൾ ഇൻസ്പെക്ടർ ജോസഫാണ് സംസാരിക്കുന്നത്. നിങ്ങൾ നാളെ പന്ത്രണ്ടുമണിക്ക് ക്രൈംബ്രാഞ്ച് ആപ്പീസിലിലേയ്ക്ക് വരണം. ചിലകാര്യങ്ങൾ ചോദിച്ചറിയാനുണ്ട്.”
“എന്തെങ്കിലും കുഴപ്പം? പാസ്പോർട്ടിലോ മറ്റോ?”
“ഹേ, അങ്ങനൊന്നുമില്ല. നിങ്ങളുടെ ഐഡി എല്ലാം കരുതിക്കൊള്ളണം.”


കൃത്യം പന്ത്രണ്ടുമണിക്കുതന്നെ ക്രൈംബ്രാഞ്ച് ആപ്പീസിലെത്തി. രണ്ടുമണിക്കൂർ വെയിറ്റിംഗ് റൂമിൽ കാത്തിരുന്നു. രണ്ടുമണിക്ക് ഒരു പോലീസുകാരൻ വന്നറിയിച്ചു.
“നിങ്ങളെ ജോസഫ്സാർ വിളിക്കുന്നു.”

രണ്ട് പോലീസ് ഉദ്യോഗസ്ഥന്മാർക്ക് അഭിമുഖമായാണ് ജോൺ മത്തായി ഇരുന്നത്. ഒരാൾ ചോദ്യങ്ങൾ ചോദിക്കുന്നു. അപരൻ എഴുതിയെടുക്കുന്നു.
“പേര്”
“ജോൺ മത്തായി”
“അഡ്രസ്സ്”
അഡ്രസ്സ് പറഞ്ഞുകൊടുത്തു.
“സ്ഥിരതാമസം”
“ഇംഗ്ലണ്ടിൽ”
“പാസ്പോർട്ട് കൈയിലുണ്ടോ?”
പോലീസുകാരൻ പാസ്പോർട്ടിന്റെ കോപ്പി എടുത്തു.
“നിങ്ങൾ അഞ്ഞൂറുരൂപാ ആ ഭിക്ഷക്കാരന് കൊടുത്തല്ലേ?”
“ഉവ്വ്.”
“അപ്പോൾ നിങ്ങൾക്ക് നല്ല വരുമാനമുണ്ടായിരിക്കുമല്ലോ. അതിന്റെ സോഴ്സ് അറിയാനാണ് നിങ്ങളെ വിളിപ്പിച്ചത്. നിങ്ങൾ എത്ര ഡോളർ അല്ലെങ്കിൽ പൌണ്ട് ഇൻഡ്യയിലേയ്ക്കു കടത്തി?”
“എനിക്ക് ജീവിക്കാൻ ഒരു ജോലിയുണ്ട്. സാമാന്യം ഭേദപ്പെട്ട ഒരുജോലി. ഞാൻ അതിസമ്പന്നനൊന്നുമല്ല. ഞാൻ പൌണ്ടോ ഡോളറോ ഒന്നും കൊണ്ടുവന്നിട്ടില്ല.  എനിക്ക് ഒരു NRE അക്കൌണ്ട് ഉണ്ട്. ആ രൂപാ കൊണ്ടാണ് ഞാനിവിടെ ജീവിക്കുന്നത്.”
“NRE പാസ്സുബുക്ക് കൊണ്ടുവന്നിട്ടുണ്ടോ?”
“ഉണ്ട്.”
പോലീസുദ്യോഗസ്ഥൻ പാസ്സുബുക്ക് വാങ്ങി. അയാൾ അതിന്റെ താളുകൾ മറിച്ചുനോക്കി. പാസ്സുബുക്കിന്റെ ഫോട്ടോകോപ്പിയെടുക്കാൻ വേറൊരുമുറിയിലേയ്ക്ക് പോയി.
“ഭാര്യയുടെ പേര്, മക്കളുടെ പേര്..”
“വിവാഹം കഴിച്ചിട്ടില്ല.”
“അതെന്താ?”
ആ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല.
“വല്ല ലൗവ് അഫയറും?”
ആ ചോദ്യത്തിനും ഉത്തരം നല്കിയില്ല..
മനസ്സിൽ നീരസം പതഞ്ഞുപൊങ്ങി. പുറമേ കാണിച്ചില്ല. ഇതു ബ്രിട്ടിഷ് പോലീസല്ല. കേരളാ പോലീസാണ്. പോലീസ്, ഏമാന്മാരാണ്. ഇവിടെ തടി കേടാവാതെ സൂക്ഷിക്കണം.
ഒട്ടേറെ വിവരങ്ങൾ ചോദിച്ചു.
ഒട്ടേറെ വിവരങ്ങൾ പറഞ്ഞു.
“ശരി, നിങ്ങൾക്ക് പോകാം. ഇനിയും വിളിച്ചാൽ വരണം.” കേരളാ പോലീസ് മുന്നറിയിപ്പ് നല്കി.


എന്റെ ചാർച്ചയിലുള്ള ഒരാളാണ് മാത്തനേട്ട്. പോലീസുകാരനായിരുന്നു. പെൻഷനായപ്പോൾ സബ് ഇൻസ്പെക്ടറായിരുന്നു. ഏറെക്കാലം ഹെഡ്കാൺസ്റ്റബിൾ ആയിരുന്നതുകൊണ്ടാവാം നാട്ടുകാർ അദ്ദേഹത്തെ മാത്തനേട്ട് എന്നാണ് വിളിക്കുന്നത്.
ഞാൻ കാര്യങ്ങളെല്ലാം മാത്തനേട്ടിനോട് വിശദമാക്കി. കുടുംബക്കാരനല്ലേ, സഹായിക്കാതിരിക്കുകയില്ല.
മാത്തനേട്ട് പറഞ്ഞു..
“അച്ചായാ, അവരു നമ്പരിട്ടെങ്കിൽ ഊരിപ്പോരാൻ വിഷമമാ. അവർ കേസ് എഴുതിത്തള്ളുന്നതുവരെ നമ്പർ അവിടെക്കിടക്കും. പ്രത്യേകിച്ച് കമ്പ്യൂട്ടറിലാ ഇപ്പോൾ എല്ലാം. അച്ചായന് തിരിച്ച് ഇംഗ്ലണ്ടിലേയ്ക്ക് പോകാനും ചിലപ്പോൾ പ്രയാസമാവും.”
“അതിനിപ്പോൾ എന്താ വഴി?”
“അവർക്ക് അഞ്ചോ പത്തോ കൊടുത്ത് കാര്യം ശരിയാക്കുക.”
“അഞ്ചോ പത്തോ എന്നുപറഞ്ഞാൽ?”
“ഒരു പതിനായിരം രൂപായെന്നാണ് ഞാൻ പറഞ്ഞത്.”
പതിനായിരം രൂപാ കൈക്കൂലിയോ? ഞാൻ കുറ്റമൊന്നും ചെയ്തിട്ടില്ലല്ലോ..”
“അച്ചായാ, അച്ചായന്റെപേരിൽ ഒരു നമ്പർ വന്നില്ലേ? അതു ശരിപ്പെടുത്തണ്ടേ?”
“എന്തു നമ്പർ?”
“ക്രൈം നമ്പർ. അതവരുടെ കമ്പ്യൂട്ടറിലുള്ള കാലത്തോളം പ്രശ്നമാണ്.”
ഞാൻ മാത്തനേട്ടിനോട് വാദിക്കാൻ തുടങ്ങി. അയാൾ പറഞ്ഞു..
“നിങ്ങൾ ബ്രിട്ടീഷുകാരാ ഇതിനെല്ലാം ഉത്തരവാദികൾ..”
“ബ്രിട്ടീഷുകാരെന്തുചെയ്തു? ഞാൻ ഇംഗ്ലണ്ടിൽ താമസിക്കുന്നവനാ ഇരുപത്തഞ്ച് കൊല്ലമായിട്ട്.. ഞാനിതുവരെ ഒരു കാശവിടെ കൈക്കൂലി കൊടുത്തിട്ടില്ല..”
“അച്ചായാ അതല്ല പറഞ്ഞത്. ബ്രിട്ടീഷുകാരാ ഇങ്ങനെയൊരു സംവിധാനം ഇവിടെയുണ്ടാക്കിയത്..”
“എന്തു സംവിധാനം?”
”ജില്ലാപേഷ്ക്കാർ മുതൽ പാർവത്തിയാരുവരെ യജമാനന്മാരാ പൊതുജനങ്ങൾക്ക്. പോലീസ് സൂപ്രണ്ട് മുതൽ സാദാ കാൺസ്റ്റബിൾ വരെ ഏമാന്മാരും.”
“സാധാരണ പൗരൻ അവരുടെ ദാസനും. നല്ല സംവിധാനം..”
ഞാൻ പുച്ഛത്തോടെ പറഞ്ഞു.
“അച്ചായൻ ഇവിടുത്തെ കോടതിമുറിയിൽ പോയിട്ടുണ്ടോ?” മാത്തനേട്ട് ചോദിച്ചു.
എന്റെ മറുപടിക്കുകാത്തുനില്ക്കാതെ മാത്തനേട്ട് തുടർന്നു..
“കോടതിമുറിയിൽ 80 കഴിഞ്ഞ ക്ഷീണിതനായ വൃദ്ധൻ രണ്ടുംമൂന്നും മണിക്കൂറുകൾ നിന്നുകൊണ്ടുവേണം സാക്ഷിമൊഴി കൊടുക്കാൻ, മുപ്പതുകാരൻ മജിസ്ട്രേട്ടിന്റെ മുമ്പിൽ. അപ്പോൾ ആരാ യജമാനൻ? ആരാ ദാസൻ?”
മാത്തനേട്ട് പറഞ്ഞതിലും കാര്യമുണ്ടെന്നുതോന്നി.
“പക്ഷേ പതിനായിരം രൂപാ കൈക്കൂലി കൊടുക്കാൻ ഞാൻ തയ്യാറല്ല. ഞാനെന്തുകുറ്റം ചെയ്തു?”
“അച്ചായന്റെ ഇഷ്ടം.”
മാത്തനേട്ട് ഫോൺ താഴെ വച്ചു.


ഒരാഴ്ചകഴിഞ്ഞ് ഒരു ജീപ്പ് വീടിന്റെ മുമ്പിൽ വന്നുനിന്നു. എന്തോ പന്തികേട് അനുഭവപ്പെടുന്നതുപോലെ തോന്നി. വന്നവർ സ്വയം പരിചയപ്പെടുത്തി.
“ഞാൻ നന്ദകുമാർ. ഇദ്ദേഹം സുരേഷ്കുമാർ. ഞങ്ങൾ വിജിലൻസ് ഡിപ്പാർട്ട്മെന്റിൽ നിന്നും വരുന്നു.”
“എന്തെങ്കിലും കുഴപ്പമുണ്ടോ?”
“ഓ കുഴപ്പമൊന്നുമില്ല.പിന്നെ ചില കാര്യങ്ങൾ ചോദിച്ചറിയാൻ വന്നതാണ്.”
“ശരി, എന്തു കാര്യമാണറിയേണ്ടത്?”
“ഞങ്ങൾ ചോദിക്കാം.. നിങ്ങൾ സത്യസന്ധമായി മറുപടി പറയണം..”
“ശരി.”
ക്രൈംബ്രാഞ്ചുകാർ ചോദിച്ച ചോദ്യങ്ങൾ തന്നെ ആവർത്തിക്കപ്പെട്ടു..
പേര്, ജാതി, സമുദായം, അഡ്രസ്, ബന്ധുക്കൾ, കുടുംബം.
“നിങ്ങൾ രണ്ടാഴ്ച മുമ്പ് ഒരു ഭിക്ഷക്കാരന് 500 രൂപാ കൊടുത്തു. ശരിയാണോ?”
“ശരിയാണ്.”
“എന്താണ് ഇത്ര വലിയ തുക കൊടുക്കാൻ കാരണം?”
“പ്രത്യേകിച്ച് കാരണമൊന്നുമില്ല. പേഴ്സ് തുറന്നതിനുശേഷമാണ് ചില്ലറയില്ലെന്നു മനസ്സിലായത്.”
“നിങ്ങൾ അയാളോട് എന്തു സംസാരിച്ചു?”
“പ്രത്യേകിച്ച് ഒന്നും സംസാരിച്ചില്ല.”
“ഭിക്ഷക്കാരന് കൊടുത്തതുപോലെ മറ്റാർക്കെങ്കിലും സാമ്പത്തികസഹായം ചെയ്തിട്ടുണ്ടോ?”
“ഉണ്ട്, സീതഎന്നൊരു പെൺകുട്ടിയ്ക്ക് നേഴ്സിംഗ് പഠിക്കാൻ അല്പം സാമ്പത്തികസഹായം ചെയ്തിട്ടുണ്ട്.”
“അല്പമെന്നു പറഞ്ഞാൽ?”
“പതിനായിരം രൂപാ.”
“പതിനായിരം രൂപയാണോ അല്പം?”
ആ ചോദ്യത്തിന് ഞാൻ മറുപടി പറഞ്ഞില്ല.
“പെൺകുട്ടിയുടെ പേര് സീതയെന്നല്ലേ? ക്രിസ്ത്യാനിയായ നിങ്ങൾ ഒരു ഹിന്ദുവിനെ സഹായിക്കാൻ കാരണം?
മതപരിവർത്തനമെന്ന ഉദ്ദേശ്യം നിങ്ങൾക്കുണ്ടായിരുന്നില്ലേ?”
“സാറന്മാരേ, ഞാൻ പഠിച്ചതു പത്തറുപതുകൊല്ലങ്ങൾക്ക് മുമ്പാണ്. അന്ന് ഹിന്ദുക്കളും ക്രിസ്ത്യാനികളും ഏകോദരസഹോദരങ്ങളെപ്പോലെയാണ് ഈ ഗ്രാമത്തിൽ കഴിഞ്ഞിരുന്നത്. സീതയുടെ അച്ഛനും ഞാനും ഒരേ ക്ലാസ്സിൽ ഒരേ ബഞ്ചിലിരുന്ന് പഠിച്ചവരാണ്. എന്റെ ഏറ്റവും അടുത്ത സ്നേഹിതനായിരുന്നു ശ്രീധരൻ. അവന്റെ അമ്മ കൊടുത്തയച്ച പൊതിച്ചോറ് മിക്കദിവസങ്ങളിലും ഞങ്ങൾ പങ്കിട്ടാണ് ഭക്ഷിച്ചിരുന്നത്. അന്നു പട്ടിണിനാളുകളായിരുന്നു. അവരും സമ്പന്നരൊന്നുമായിരുന്നില്ല. ഇപ്പോൾ പഠിക്കാൻ പണമില്ലാതെ വിഷമിക്കുന്ന ആ കുട്ടിക്ക് ഞാനല്പം സാമ്പത്തികസഹായം നല്കി. അത്രമാത്രം.”
അവസാന വാക്കുകൾ പറഞ്ഞപ്പോൾ എന്റെ കണ്ഠമിടറി. യശശ്ശരീരനായ ശ്രീധരനെക്കുറിച്ചുളള സ്മരണകൾ മനസ്സിൽ നിറഞ്ഞുനിന്നു.
“നിങ്ങൾ ചാരിറ്റി ഓർഗനൈസേഷൻ രജിസ്റ്റർ ചെയ്തിട്ടുണ്ടോ?” വിജിലൻസ് ഉദ്യോഗസ്ഥൻ ചോദിച്ചു.
“ഇല്ല.”
“എന്തുകൊണ്ട്?”
“ഇതെന്റെ കാശാണ്. ഞാൻ ഇരുപത്തഞ്ചുകൊല്ലം കല്ക്കരിഖനിയിൽ വേലചെയ്തതിന്റെ  പ്രതിഫലം. ഞാൻ നികുതിയടച്ച കാശാണിത്. ഈ പണം ഞാൻ മറ്റുള്ളവരിൽ നിന്നും പിരിച്ചുണ്ടാക്കിയതല്ല. എന്റെ പണം എനിക്ക്ഇഷ്ടമുള്ളവർക്ക് കൊടുത്തുകൂടേ?”
എന്റെ ചോദ്യം വിജിലൻസ് ഉദ്യോഗസ്ഥന്മാർക്കിഷ്ടപ്പെട്ടില്ല. ഒരാൾ പറഞ്ഞു.
“മിസ്റ്റർ ജോൺ മത്തായി, ഈ രാജ്യത്ത് എല്ലാത്തിനും നിയമമുണ്ട്. നിങ്ങൾ പറയുന്നതെല്ലാം വിശ്വസിസിക്കാനല്ല ഞങ്ങൾ വന്നത്.”
വീണ്ടും വിളിച്ചാൽ ചെല്ലണമെന്ന മുന്നറിയിപ്പോടുകൂടി വിജിലൻസ് ഉദ്യോഗസ്ഥന്മാർ ജീപ്പിൽ കയറി യാത്രയായി.


മനസ്സ് വല്ലാതെ അസ്വസ്ഥമാകാൻ തുടങ്ങി. റിപ്പ് വാൻ വിങ്കിളിനെപ്പോലെ ദശവത്സരങ്ങൾ കഴിഞ്ഞ് സ്വന്തം നാട്ടിലെത്തിയതാണ്. മരംകോച്ചുന്ന തണുപ്പിലും പുകയാവിനിറഞ്ഞ ഖനിയിലും മാടിനെപ്പോലെ പണിയെടുക്കുമ്പോൾ ഒരു ലക്ഷ്യമേയുണ്ടായിരുന്നുള്ളു. കുറേ പണം സമ്പാദിക്കണം, തിരിച്ച് നാട്ടിൽ ചെന്ന് രാജാവിനെപ്പോലെ ജീവിക്കണം. സൾഫർ ഡയോക്സൈഡിന്റെ രൂക്ഷഗന്ധമുള്ള ഡിക്കർസൺ തെരുവിലെ ഒറ്റമുറി അപ്പാർട്ട്മെന്റിൽ താമസിക്കുമ്പോൾ ശുദ്ധവായുനിറഞ്ഞ, സൂര്യപ്രകാശമുള്ള ജനിച്ചുവളർന്ന ഗ്രാമപ്രദേശമായിരുന്നു മനസ്സിൽ.  ഉദ്ദേശിച്ചതിനെക്കാൾ കൂടുതൽ ബാങ്കുബാലൻസുണ്ടായി. ശേഷിച്ച ജീവിതകാലം സുഖമായി ജീവിക്കാനതുമതി. അതിൽ ഒരുഭാഗം കുറേ സഹജീവികളുടെ കണ്ണീരൊപ്പാനും ഉപകരിക്കും. ടോൾസ്റ്റോയി കഥയിലെ പാഹോം എന്ന കഥാപാത്രത്തെപ്പോലെ ഓടിക്കൊണ്ടിരുന്നു, മുന്നോട്ട്, മുന്നോട്ട്, വീണ്ടും മുന്നോട്ട്.
പക്ഷേ ആ ഓട്ടത്തിൽ കണക്കുകൂട്ടലുകൾ തെറ്റി. പലതും നഷ്ടപ്പെട്ടു. ആരോഗ്യം നഷ്ടപ്പെട്ടു. ബന്ധങ്ങൾ നഷ്ടപ്പെട്ടു. ഒരുപക്ഷേ ജീവിതം തന്നെ നഷ്ടപ്പെട്ടു. സമയം ആർക്കുവേണ്ടിയും കാത്തുനിന്നില്ല.

വീണ്ടും മാത്തനേട്ടിനെ ഫോണിൽ വിളിച്ചു. കാര്യങ്ങൾ വീണ്ടും വിശദമായി മാത്തനേട്ടിനെ ധരിപ്പിച്ചു. മാത്തനേട്ട് അയാളുടെ പരിഭവം പ്രകടിപ്പിച്ചു.
“അച്ചായാ, ഇതാ ഞാൻ പറഞ്ഞത് അഞ്ചോ പത്തോ കൊടുത്ത് കാര്യം ശരിപ്പെടുത്തണമെന്ന്. ഇപ്പം നോക്ക്. സൂചികൊണ്ടെടുക്കേണ്ടത് തൂമ്പാകൊണ്ടെടുക്കേണ്ടി വന്നില്ലേ? ഞാൻ അവരുടെയൊക്കെ ആപ്പീസുകളിലൊക്ക ഒന്നു കയറിയിറങ്ങാം, എന്റെ പഴയ പരിചയം വച്ച്. ചിലപ്പോൾ അല്പംകൂടി കാശുചെലവായെന്നിരിക്കും.”
ഇത്തവണ ഞാൻ ആദർശമൊന്നും വിളമ്പിയില്ല. മാത്തനേട്ട് നിർദ്ദേശിച്ച തുകയ്ക്കുതന്നെ ചെക്കെഴുതിക്കൊടുത്തു.
“മാത്തച്ചാ, തുക അല്പം കൂടിയാലും കുഴപ്പമൊന്നുമില്ല. ഈയാഴ്ച തന്നെ കാര്യം ശരിപ്പെടുത്തണം. എനിക്ക് അടുത്തയാഴ്ചതന്നെ തിരിച്ചു പോകാനുള്ളതാ.”
“എങ്ങോട്ട്? അച്ചായൻ ഇംഗ്ലണ്ടിലേയ്ക്ക് തിരിച്ചുപോകുന്നില്ലെന്നല്ലേ പറഞ്ഞത്?”
“ങ്ഹാ, അങ്ങനെയാ വിചാരിച്ചത്. പക്ഷേ തിരിച്ചുപോകേണ്ട ചില കാര്യങ്ങളൊക്കെയുണ്ട്.”


ഇന്നത്തെ ദിനപ്പത്രത്തിൽ ഒരു വാർത്തവന്നു.
‘തിരുവനന്തപുരത്ത് പട്ടിണിമൂലം ഒരു പിഞ്ചുകുഞ്ഞ് മണ്ണുതിന്നു.’
ശിശുക്ഷേമവകുപ്പ് കേസെടുത്തിട്ടുണ്ടത്രേ. മണ്ണു സൃഷ്ടിച്ച പടച്ചോനെ പ്രതിയാക്കി അവർക്ക് കേസ്സെടുക്കാം. അതിനും ബ്രിട്ടീഷുകാർ ഉണ്ടാക്കിവച്ച പീനൽ കോഡിൽ വകുപ്പ് കാണും.
ഹൃദയം വേദനിച്ചു. പക്ഷേ എനിക്കെന്തു ചെയ്യാൻ കഴിയും? പണ്ടൊരുകാലത്ത് അയൽവാസിയായിരുന്ന കറിയാച്ചേട്ടൻ പറഞ്ഞ വാക്കുകൾ സ്മൃതിപഥത്തിലേയ്ക്കോടിയെത്തി.
“വേലിയരികെ ഇഴയുന്ന ചേരയെ പിടിച്ച് ഉത്തരീയമാക്കാൻ പറ്റുമോ?”

Sreedevi 2021-01-04 20:00:26
Bhiksha by Sanjeev is relevant for any Good Samaritan they have to go through so many difficulties/inconveniences etc But, a kind and compassionate human being can not simply ignore others suffering kudos to author wishing Sanjeev all the luck
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക