Image

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-3 : ഡോ. പോള്‍ മണലില്‍)

Published on 13 January, 2021
പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-3 : ഡോ. പോള്‍ മണലില്‍)
പ്രസംഗം ആശയാവിഷ്കരണത്തിന്റെ ലോകം

വചനത്തിലൂടെ ശ്രവണത്തിലേയ്ക്ക് കടക്കുന്ന ആശയാവിഷ്കരണത്തിന്റെ ഒരു ലോകമാണ് പ്രഭാഷണം. പഠിപ്പിക്കുക എന്നതും പ്രഭാഷണത്തിന്റെ ഭാഗമാണ്. ആശയങ്ങള്‍ മനസ്സിലേയ്ക്ക് പ്രവേശിക്കുന്നതിനിടയില്‍ ഒന്നും തടസ്സമായി നില്‍ക്കുന്നില്ല. പറയാനുള്ള കാര്യങ്ങള്‍ അതേപടി അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന തോന്നലാണ് ഓരോ പ്രഭാഷകനും ആദ്യം ഉണ്ടാകേണ്ടത്. പ്രസംഗിക്കുമ്പോള്‍ നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ സ്വീകരിക്കുന്ന തലത്തിലേയ്ക്ക് ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. പ്രഭാഷണം ക്ഷയിക്കാനുള്ള പ്രധാന കാരണം പ്രവൃത്തിയില്ലാതെ പോയതുകൊണ്ടാണ്. അതിനേക്കാളുപരി സത്യസന്ധതയില്ലാത്ത കാര്യങ്ങള്‍ പറയുന്നതുകൊണ്ടാണ്. ഞാന്‍ പ്രസംഗിക്കുമ്പോള്‍ സദസ്സിനെ ധരിപ്പിക്കേണ്ട കാര്യങ്ങളുമായി മനസ്സിലൊരു സല്ലാപം നടക്കുകയാണ്. പ്രസംഗപീഠത്തിനു പിന്നില്‍ ഞാന്‍ ഏകനാണ്. ആ ഏകാന്തതയില്‍ നില്‍ക്കുമ്പോള്‍ സദസ്സ് എന്റെ മനസ്സിന്റെ ഒരു കോണില്‍ മാത്രമേയുള്ളു. ഇന്ത്യയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പ്രസംഗകരില്‍ പ്രമുഖന്‍ ഗാന്ധിജിയാണ്. അദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രഭാഷണങ്ങളും സമാഹരിച്ച് നൂറുവാല്യങ്ങളോളം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് പേജുകളിലായി രേഖപ്പെടുത്തിയിട്ടുള്ള ഗാന്ധിജിയുടെ ആശയങ്ങളില്‍ ഭൂരിഭാഗവും അദ്ദേഹം എഴുതിയതിനേക്കാളുപരി പ്രസംഗിച്ചിട്ടുള്ളതാണ്.

ഗാന്ധിജി വാക്കിനെപ്പോലും കര്‍മ്മമാക്കിയ വ്യക്തിയാണ്. സത്യം നിങ്ങളില്‍ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ഉത്തമനായ പ്രസംഗകനാകാന്‍ നിങ്ങള്‍ക്കു കഴിയുകയുള്ളു. കളവു പറയുന്ന ആള്‍ക്ക് ഒരിക്കലും പ്രസംഗിക്കാന്‍ കഴിയുകയില്ല. ജനങ്ങള്‍ അത് പെട്ടെന്ന് മനസ്സിലാക്കും. ആശയങ്ങളെ അടക്കി നിര്‍ത്താന്‍ കഴിയാതെ നിങ്ങള്‍ വിവശതയനുഭവിക്കുന്നതും പ്രഭാഷണത്തോടൊപ്പം ആ ആശയങ്ങള്‍ക്കനുസരിച്ച് നിങ്ങളുടെ ശരീരം സംസാരിക്കുന്നതും ജനങ്ങള്‍ക്കു മനസ്സിലാക്കാന്‍ സാധിക്കും. ഞാന്‍ സംസാരിക്കുമ്പോള്‍ എന്റെ കാലിന്റെ പെരുവിരല്‍വരെ എന്നോടൊപ്പം പ്രസംഗിക്കുന്നുണ്ട്. ഗാന്ധിജി പ്രസംഗിക്കുമ്പോള്‍ വാക്കുകള്‍ അനുസരിച്ചുള്ള വികാരങ്ങള്‍ മുഖത്ത് പ്രതിഫലിക്കുമായിരുന്നു. സദസ്യരെക്കുറിച്ചുള്ള യാതൊരുവിധ ശങ്കയും പ്രഭാഷകനുണ്ടാകേണ്ട ആവശ്യമില്ല. ശബ്ദത്തിന്റെ ഒച്ചയല്ല; സാന്ദ്രതയാണ് പ്രധാനം. അറിവും വികാരവും ശബ്ദത്തിലൂടെ പുതിയ രൂപമായി മാറും. നേരിയ ശബ്ദത്തിനുപോലും സാന്ദ്രതയുണ്ട്. സ്വന്തമായ ആശയങ്ങള്‍ പ്രസംഗകന്‍ കണ്ടെത്തേണ്ടി വരും. പറയുന്നതിലുള്ള വിശ്വാസവും ഉറപ്പും കുറയുന്നതാണ് പ്രസംഗം പരാജയപ്പെടാനുള്ള കാരണം. സന്ദര്‍ഭത്തിനനുസരിച്ച് ആശയങ്ങളെ പ്രയോഗിക്കാനുള്ള മാനസിക സ്ഥൈര്യം നേടുകയെന്നത് പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. സദസ്സും നിങ്ങളും തമ്മില്‍ മാനസികമായ ഒരൈക്യം ഉണ്ടാക്കിയെടുക്കുകയാണാവശ്യം.

മനസ്സിനെ എപ്പോഴും ജാഗരൂകമാക്കി നിര്‍ത്താന്‍ കഴിയുന്ന ഒരു കലയാണ് പ്രസംഗം. ചിന്തയുടെ ഹിമാലയമാണ് ഉപനിഷത്തുകള്‍ എന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. നിര്‍ഭയത്വത്തിന്റെ ഒരു തലത്തിലൂടെയാണ് ഞാന്‍ അതിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. അതിന്റെ ആഹ്ലാദവശം പരമനിര്‍വൃതിയാണ്. ഇന്ന് രാഷ്ട്രീയ പ്രസംഗങ്ങള്‍ക്ക് ജീവനില്ലാതെ പോയിരിക്കുന്നു. യഥാസമയം യഥോചിതമായ വാക്കുകള്‍ നാവില്‍ വരണം. അപ്പോഴാണ് അനവധി മുഖങ്ങളിലൂടെ നാം ആകര്‍ഷിക്കപ്പെടുന്നത്.

പ്രഭാഷകന് പുനര്‍ വായനയുണ്ടായിരിക്കണം. ഒരു പുസ്തകം രണ്ടാമത് വായിക്കുമ്പോള്‍ ആ പുസ്തകം രണ്ടാമത് ജനിക്കുകയാണ്. പുസ്തകം എഴുതുമ്പോള്‍ എഴുത്തുകാരനുള്ള അതേ ഗൗരവം വായനക്കാരനും ഉണ്ടാകുന്നു. സംസ്കൃതത്തിലെ ഏറ്റവും വലിയ സാഹിത്യ വിമര്‍ശകന്‍ ആനന്ദ വര്‍ദ്ധനനാണ്.
പ്രസംഗം വിജയിക്കാന്‍ പ്രധാനമായി ആവശ്യം ഓര്‍മ്മയാണ്. വിശുദ്ധിയുള്ള മനസ്സില്‍ മാത്രമേ ഓര്‍മ്മ നിലനില്‍ക്കുകയുള്ളു. പ്രസംഗകരുടെ ഏറ്റവും അടുത്ത സുഹൃത്തായിരിക്കണം പുസ്തകങ്ങള്‍. ഏതു പ്രതിബന്ധങ്ങളേയും കടന്നുപോകാന്‍ പ്രഭാഷകനു കഴിയണം. അനീതിയുടെ വേലിക്കെട്ടുകളെ തകര്‍ക്കുന്ന മനസ്സാണ് പ്രഭാഷകന് വേണ്ടത്. കര്‍മ്മം നിറവേറ്റുന്നതിനുള്ള മാനസിക സാന്നിദ്ധ്യം. എല്ലാറ്റിനേയും സ്വീകരിക്കാനുള്ള മനസ്സിന്റെ ഉദാരത. ഇതാണ് പ്രഭാഷകന്‍ സ്വായത്തമാക്കേണ്ടത്. നിങ്ങളുടെ തോട്ടത്തില്‍ ഒരു പൂവുണ്ടായിരിക്കാം. എന്നാലും ആകാശത്തിലെ നക്ഷത്രങ്ങളെ നിങ്ങള്‍ വിസ്മരിക്കരുത്.
(2006 ജൂണ്‍ 23-നു ആലുവ വൈഎംസിഎ ക്യാമ്പ് സെന്ററില്‍ നടത്തിയ പ്രസംഗം)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക