റൂസ്വെല്‍റ്റ് റോഡിന് സമാന്തരമായി നഗരാതിര്‍ത്തിയിലൂടെ കടന്നുപോകുന്ന ബൈക്ക് ട്രെയിലില്‍ വച്ചാണ് ശമരിയാക്കാരനെ ഞാന്‍ കാണുന്നത്. യേശുവും മഗ്ദലേന മറിയവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഒരു കോവര്‍കഴുതയുടെ പുറത്തിരുന്ന് എതിര്‍ദിശയിലൂടെ വരികയായിരുന്നു യേശു. മനുഷ്യപുത്രന്റെ പിന്നിലാണ് മറിയം ഇരുന്നിരുന്നത്; നല്ലവനായ ശമരിയാക്കാരന് അവര്‍ക്ക് പിന്നാലെ ആ ഇടുങ്ങിയ വഴിയിലൂടെ നടന്നും. സന്ധ്യ മയങ്ങിയതോടെ പാതയ്ക്കിരുവശവും ഇടതൂര്‍ന്ന് വളര്ന്നുനില്ക്കുന്ന മേപ്പിള്‍ മരങ്ങള്‍ അവിടെമാകെ ഇരുള് പരത്തിയിരുന്നു. വ്യായാമയജ്ഞത്തിനു ശേഷം തിരക്കിട്ട് സ്വന്തം കൂരകളിലേക്ക് മടങ്ങുന്ന സൈക്കിള്‍ സഞ്ചാരികളുടെ ഇടവിട്ടുള്ള പാച്ചില്‍ മാത്രമാണ് അവിടെ തളംകെട്ടി നിന്ന കനത്ത നിശബ്ദതയെ ഭജ്ജിച്ചിരുന്നത്.
വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തി വേഷം മാറുന്നതിനിടയില്‍ പലവട്ടം 'റ്റീജീഐഎഫ്' (താങ്ക് ഗോഡ് ഇറ്റ്സ് ഫ്രൈഡേ) എന്ന് ഞാന്‍ ആശ്വാസത്തോടെ പറയുന്നത് കേട്ട് കുഞ്ഞന്നാമ്മയുടെ മുഖം പതിവിലുമധികം ചുളിഞ്ഞിരുന്നു. 'ഇന്നെന്താണ് ലാസറേട്ടന് പതിവില്ലാത്ത ഒരു ഉത്സാഹവും ആവേശവും? ആദ്യമായിട്ടല്ലല്ലോ വെള്ളിയാഴ്ച വരുന്നത്?' എന്ന് തെല്ല് സംശയത്തോടെയാണ് അവള് ചോദിച്ചത്.
''എല്ലാ വെള്ളിയാഴ്ചയും പോലല്ലല്ലോടീ ചക്കരേ ഇത്... ഇതെന്റെ ബര്‍ത്ത്ഡേ വീക്കെന്‍ഡല്ലേ? യൂ നോ, അയാം ഗോയിംഗ് ടു ബി ഫോര്‍ട്ടി ഇയേഴ്സ് യംഗ് ടുമോറോ!'' ചായ കുടിക്കാന്‍ കിച്ചന് ഏരിയായിലേക്ക് നടക്കുമ്പോള്‍ മോഹന്‍ലാല്‍ സ്റ്റൈലില്‍ ഒരു വശത്തേയ്ക്ക് ലേശം ചെരിഞ്ഞ് അവളുടെ കവിളില്‍ മെല്ലെ നുള്ളുമ്പോള്‍ പക്ഷെ, കുഞ്ഞന്നാമ്മ കൂടുതല്‍ സംശയാലുവാകുകയായിരുന്നു:
''മുഖം കണ്ടാലറിയാം, എന്തോ കള്ളത്തരം ഒപ്പിക്കാനുള്ള ശ്രമത്തിലാണ്... ദേ, ഒരു കാര്യം പറഞ്ഞേക്കാം, പിറന്നാളാണ്, നാല്‍പ്പതായി എന്നൊക്കെ പറഞ്ഞ് കൂട്ടുകാരെയെല്ലാം വിളിച്ചുകൂട്ടി നാളെ ഈ വീടൊരു ബാറാക്കിയേക്കരുത്. എനിക്ക് നൈറ്റുള്ളതാ, വൈകുന്നേരം കുറച്ചെങ്കിലും ഉറങ്ങിയേച്ചു വേണം എനിക്ക് ഡ്യൂട്ടിക്ക് പോകാന്‍.'' നാല്‍പ്പതാം പിറന്നാളിന്റെ എല്ലാ പ്രാധാന്യവും അവഗണിച്ച് കുഞ്ഞന്നാമ്മ ഗൗരവത്തില്‍ തന്നെ പറഞ്ഞു. ഒരു വാദപ്രതിവാദത്തിനുള്ള മാനസികാവസ്ഥയിലല്ലാതിരുന്നതിനാല്‍ അവള് ഉണ്ടാക്കിത്തന്ന ചായ വാങ്ങി കുടിച്ചുകൊണ്ട് ഒരു കൊഞ്ഞാണനെപ്പോലെ വെറുതെ സെറ്റിയിലിരുന്നപ്പോഴും മനസ്സില്‍ നുരഞ്ഞുപൊന്തിയത് മറ്റൊരു ലഹരിയായിരുന്നു.
വീണ്ടും വേഷം മാറി വെളിയിലേക്കിറങ്ങാനൊരുങ്ങുമ്പോള് ടി.വി.യുടെ മുമ്പില്‍ നിന്നും കുഞ്ഞന്നാമ്മ ഓടിയെത്തി എന്നെ തടയാനൊരുങ്ങി. വെറുതെ നടക്കാനിറങ്ങുകയാണെന്ന് പറഞ്ഞപ്പോള്‍ ആപാദചൂഡം എന്നെ നോക്കി അവള് ചോദ്യശരങ്ങളുടെ ഒരു നീണ്ട നിരയാണുതിര്ത്തത്:
''വെറുതെ നടക്കാന്‍ പോകുന്നതിനാണോ ഈ വേഷമൊക്കെ? ബ്രൂക്ക് ബ്രദേഴ്സ് ജീന്‍സ്, ഗൂച്ചി ടീ ഷര്‍ട്ട്, ടോം ഫോര്‍ഡ് ഷൂസ്, റാഡോ വാച്ച്... പോരെങ്കില്‍ അര മൈല്‍ ചുറ്റളവില്‍ പരക്കുന്ന പെര്‍ഫ്യൂമും സ്പ്രേ ചെയ്തിരിക്കുന്നു... എന്താണ് നിങ്ങളുടെ പരിപാടി? ആരെ കാണാനാണ് ഈ യാത്ര?''
''എന്റെ കുഞ്ഞൂ, ഈ പിറന്നാള്‍ വീക്കെന്ഡിലെങ്കിലും നീയെനിക്കിത്തിരി സമാധാനം തരൂ. ഇതൊക്കെ വല്ലപ്പോഴെങ്കിലും എടുത്തണിയാനല്ലെങ്കില് പിന്നെയെന്തിന് വാങ്ങിക്കൂട്ടിയതാണ്... നോക്കൂ, ഇന്ന് നല്ല കാലാവസ്ഥയാണ്. റിയലി എ ബ്യൂട്ടിഫുള്‍ ഈവനിംഗ്. ഞാനൊരു ലോംഗ് വാക്കിന് പോയിട്ട് അധികം താമസിയാതെയിങ്ങോട്ട് വന്നേക്കാം. നിന്നെയല്ലാതെ എനിക്ക് വേറെ ആരെയാണ് കാണാനുള്ളത് മുത്തേ... നിനക്കത്ര സംശയമാണെങ്കില്‍ എന്റെയൊപ്പം വന്നോളൂ. നമുക്ക് വല്ലതും മിണ്ടിപ്പറഞ്ഞ് നടക്കാമല്ലോ. ആ ഹോം ഡിപ്പോയുടെ പാര്‍ക്കിംഗ് ലോട്ട് വരെ നടന്നിട്ട് വരാം, ജസ്റ്റ് റ്റൂ മൈല്‍സ്!''
ആ 'നമ്പര്‍' ഫലിച്ചു. കാറില്‍ കയറിയല്ലാതെ രണ്ട് ബ്ലോക്ക് അപ്പുറമുള്ള ചിറ്റപ്പന്റെ വീട്ടില്‍ പോലും പോവാത്ത കുഞ്ഞന്നാമ്മ രണ്ട് മൈല്‍ നടക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. ലിവിംഗ് റൂം വിന്ഡോകര്ട്ടനിടയിലൂടെ എന്നെ പിന്തുടരുന്ന അവളുടെ ദൃഷ്ടിയില് നിന്നും മറയാന്‍ അടുത്ത കോര്‍ണര്‍ ലോട്ടിലെത്തി വടക്കോട്ട് ദിശ മാറ്റി നടന്നപ്പോള്‍ ബാക്ക്പോക്കറ്റില്‍ ഒരിക്കല്‍ കൂടി തൊട്ട് സംഗതി അവിടെത്തന്നെയുണ്ടെന്നുറപ്പിച്ചു - ഒന്നും രണ്ടുമല്ല, മുന്നൂറ് പൊന്‍പണമാണ് വിസാ ഗിഫ്റ്റ് കാര്‍ഡിന്റെ രൂപത്തില്‍ അവിടെ ഒളിച്ചിരിക്കുന്നത്! ഓഫീസില്‍ നിന്നുമിറങ്ങുന്നതിന് തൊട്ടുമുമ്പ് ക്യാബിന്റെ സ്വകാര്യതയില്‍ വച്ച് അത് സമ്മാനിക്കുമ്പോള്‍ ഡോണാ സ്കോട്ട് പറഞ്ഞതിപ്പോഴും ചെവിയില്‍ മുഴങ്ങുന്നു:
''മെനി, മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ ലാസര്‍! ഹാവ് എ ഫാബുലസ് ഡിന്നര്‍ ഓണ്‍ മീ ടുമോറോ. വിഷ് ഐ കുഡ് ജോയിന്‍ യൂ...!'' തീവ്രമായൊരു ഹഗ്ഗിനൊപ്പം അത് പറയുമ്പോള്‍ ഒരു ബോസിന്റെ ആജ്ഞാഭാവമായിരുന്നില്ല ആ കണ്ണുകളില്‍ കണ്ടത്. കഴിഞ്ഞ ക്രിസ്മസിന് നറുമണം പരത്തുന്ന ജോ മലോണ്‍ പെര്‍ഫ്യൂമിന്റെ അഴകുള്ളൊരു ബോട്ടില്‍ സമ്മാനിക്കുമ്പോഴും ഡോണയുടെ മുഖത്ത് തെളിഞ്ഞുനിന്നത് ഇതേ വികാരമായിരുന്നു. ഒരു പക്ഷെ...
ഇളംവെയില്‍ ആസ്വദിച്ചുകൊണ്ട് മുന്നോട്ട് കുതിക്കുമ്പോള്‍ മനസ്സ് വായിച്ചിട്ടെന്നതുപോലെ കാലുകള്‍ 'ലിക്കര്‍ പാലസി'ന്റെ കവാടം ലക്ഷ്യമാക്കി വേഗം ചലിച്ചു. അധികം തിരയാതെതന്നെ വിലകൂടിയ മദ്യക്കുപ്പികള്‍ പ്രദര്‍ശിപ്പിച്ച് വച്ചിരിക്കുന്ന മുകള്‍ നിലയിലെ ചില്ലലമാരയില്‍ നിന്നും 'അവളെ' കണ്ടുപിടിച്ചു - റോയല്‍ സല്യൂട്ട്! കുലീന. മുന്തിയവരില് കേമി, വമ്പന്മാരില് വമ്പത്തി! മറ്റാരും കാണുന്നില്ലെന്നുറപ്പുവരുത്തി അവിടെ വച്ച് തന്നെ ഒരു സല്യൂട്ട് നല്കിയിട്ടാണ് അവളെ കാഷ് കൗണ്ടറിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുവന്ന് ഡോണ നല്കിയ പിറന്നാള്‍ സമ്മാനത്തിന്റെ കരുത്തില്‍ സ്വന്തമാക്കിയത്.
പാര്‍ക്കിംഗ് ലോട്ടിന്റെ മൂലയിലുള്ള ബെഞ്ചിലിരുന്ന് പായ്ക്കറ്റിന്റെ തടവറയില്‍ നിന്ന് അവളെ മോചിപ്പിക്കുമ്പോള്‍ പട്ടുതുണിയുടെ ആവരണത്തിനിടയില്‍ നിന്നും തലനീട്ടി അവള് ചെറുതായൊന്ന് മന്ദഹസിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് കുഞ്ഞന്നാമ്മയുടെ കന്യാവൃതം കവര്‍ന്ന ആദ്യരാത്രിയില്‍ മാപ്രാണത്തെ അവളുടെ മാളികവീടിന്റെ മണിയറമെത്തയില് മുട്ടിയുരുമ്മിയിരുന്ന ആ ലജ്ജാവതി ഇതാ ഇപ്പോള്‍ എന്റെയരികില്‍... മകരമാസക്കുളിരില്‍ എല്ലാം മറക്കുന്ന സുഖമുള്ള ആ ഇരുട്ട് പോക്കുവെയിലിന് മറപിടിച്ച് ചുറ്റും പരന്നു.
''മുഴുവനും ഊരണോ?'' ലജ്ജാവിവശയായി അവള് ചോദിച്ചു.
മുഴുവനും ഊരി. വെള്ളം തൊടാതെ ആദ്യത്തെ തുടം അകത്ത് ചെന്നപ്പോള്‍ അന്തരീക്ഷത്തില്‍ അകാലത്തിലകന്നു പോയ അപ്പച്ചന്റെ ഉച്ചത്തിലുള്ള ചിരിയും അലര്‍ച്ചയും മുഴങ്ങി: ''മിടുക്കന്! അല്ലെങ്കിലും സൊയമ്പന്‍ സാധനം പിടിപ്പിക്കുമ്പോള്‍ ആദ്യം പച്ചയ്ക്ക് കേറ്റണം. വെള്ളം ചേര്‍ത്താല്‍ ഒറിജിനല്‍ രുചി പിടികിട്ടില്ല. നീ എന്റെ മോന് തന്നെടാ ലാസറേ...!''
പോക്കുവെയില്‍ മടങ്ങിവന്നു. ഞാന്‍ ചുറ്റും നോക്കി. നിയമവിരുദ്ധമാണ് ഈ ചെയ്യുന്നത്. പൊതുസ്ഥലത്തിരുന്ന് ഇങ്ങനെ മദ്യപിക്കാന്‍ പാടുള്ളതല്ല. പക്ഷെ വീട്ടിലോട്ടിത് കൊണ്ടുപോയാലും കുഞ്ഞന്നാമ്മ കനിയുന്ന ദിവസം വരെ കാത്തിരിക്കണം; അല്ലെങ്കില്‍ ഒളിച്ചിരുന്ന് സേവിക്കേണ്ടിവരും. ശുദ്ധമായ വെളിച്ചെണ്ണയില്‍ നല്ല ചുവന്നുള്ളിയും ഇഞ്ചിയും പത്തലമുളകും കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിച്ചെടുത്ത പോത്തിറച്ചി ഉലര്ത്തിയതിന്റെ അകമ്പടിയോടെ അന്തിക്കള്ളടിക്കുന്ന രംഗം ഒരു നിമിഷം മനസ്സിലേക്കിരമ്പിയെത്തി. കണ്ണടച്ചിരുട്ടാക്കി രണ്ട് തുടം കൂടി ചെലുത്തിക്കഴിഞ്ഞാണ് വിസ്തരിച്ചൊരു പരിസരവീക്ഷണം നടത്തിയത്. ഷോപ്പിംഗ് കോംപ്ലക്സിന്റെ അങ്ങേയറ്റത്ത് എല്‍.ഇ.ഡി. ബള്‍ബുകളുടെ പിന്‍ബലത്തില്‍ പ്രകാശം പരത്തി നില്ക്കുന്ന ബില്‍ബോര്‍ഡിലേക്ക് കണ്ണുകള്‍ പാഞ്ഞുചെന്നു: സ്പൈസി ചിക്കന്‍ വിംഗ്സ്. അത് എന്നെ നോക്കി പുഞ്ചിരിച്ചു; ഞാന്‍ അതിനെ നോക്കിയും.
ഭാഗ്യം. വെള്ളിയാഴ്ചയായിട്ടും കടയില്‍ ഒട്ടും തിരക്കില്ലായിരുന്നു. ഓര്‍ഡര്‍ എടുക്കാനും പാചകം ചെയ്യാനുമായി ആകെ രണ്ടോ മൂന്നോ ജീവനക്കാര്‍ മാത്രം. വശ്യമായൊരു പുഞ്ചിരിയോടെ എന്നെ സ്വീകരിച്ച യുവതി ചോദിച്ചു:
''ഹൗ സ്പൈസി യൂ വാണ്ടിറ്റ് സേര്‍? മീഡിയം ഓര് വെരി ഹോട്ട്...?''
''മാക്സിമം സ്പൈസി... മാക്സിമം ഹോട്ട്... ട്രിപ്പിള്‍ എക്സ് ഹോട്ട്.''
''ട്രിപ്പിള്‍ എക്സ്?'' അവള് ഇളകിച്ചിരിച്ച് ആ നര്‍മ്മം ആസ്വദിച്ചു.
കൂളറില്‍ നിന്നും കോഴിക്കാലുകളെടുത്ത് തിളച്ച എണ്ണയിലേക്കിടുമ്പോള് ഞാനവളുടെ ഭംഗിയുള്ള കാലുകളിലേക്ക് നോക്കി. അരക്കെട്ടിന്റെ ചന്തം ആസ്വദിച്ചു. ഉടയാത്ത, പുറത്തേയ്ക്ക് ചാടാന്‍ വെമ്പിനില്ക്കുന്ന അവളുടെ കൊങ്കകള്ക്ക് ഞാനൊരു റോയല്‍ സല്യൂട്ട് നല്കി. അവര്‍ എനിക്കും! എണ്ണയില്‍ കിടന്ന് ചിക്കന്‍പീസുകള്‍ എരിപിരി കൊള്ളുന്നതിനിടെ കൗണ്ടറിനടുത്തേയ്ക്ക് ഇടയ്ക്കിടെ തിരിഞ്ഞുനോക്കുമ്പോള്‍ അവളുടെ മുഖത്ത് മനോഹരമായൊരു മന്ദഹാസം നിറഞ്ഞുനിന്നിരുന്നു. മാതളപ്പഴം പോലത്തെ ആ ചുണ്ടുകളില്‍ കാമജലം പറ്റിപ്പിടിച്ചിരിക്കുന്നതുപോലെ...
പൊരിച്ച കോഴിക്കഷണങ്ങളും ഡ്രിങ്കും കൈമാറുമ്പോള്‍ ഞങ്ങളുടെ വിരലുകള്‍ പരസ്പരം ഉമ്മ വച്ചു. ഇടതുമുലയുടെ മുകളിലായി തെരുവിന്റെ സൈന്ബോര്ഡുപോലെ അവളുടെ പേര് കൊത്തിയ കറുത്ത നെയിംബോര്‍ഡ് ഞാന്‍ വായിച്ചു: മരിയ!
കന്യാമറിയമേ, ക്ഷമിക്കണേ...
ബ്രൗണ്‍ ബാഗുമായി ഞാന്‍ വേഗം പുറത്തേയ്ക്ക് നടന്നു.
അന്‍പതടി നടന്നില്ല, എന്റെ മനസ്സ് വീണ്ടും പിശാചിന്റെ നിയന്ത്രണത്തിലായി. ഒന്നു ട്രൈ ചെയ്താലോ? ഓപ്പര്‍ച്ച്യൂണിറ്റി നെവര്‍ നോക്ക്സ് റ്റൈ്വസ്!
ആരാണത് പറഞ്ഞത്? ഡെയില്‍ കാര്‍ണഗി? അബ്ദുള്‍ കലാം? എബ്രഹാം ലിങ്കണ്?
ആരെങ്കിലുമാകട്ടെ. ഹൂ കേര്‍സ്?
ആര് പറഞ്ഞതാണെങ്കിലും അത് കറക്ടാണ്.
കഴിഞ്ഞ സമ്മറില്‍ ഇതുപോലൊരു വെള്ളിയാഴ്ച വൈകുന്നേരം ഓഫീസില്‍ നിന്നുമിറങ്ങുമ്പോള്‍ സുന്ദരിയായൊരു സഹപ്രവര്‍ത്തകയോട് നാട്ടുനടപ്പനുസരിച്ച് പറഞ്ഞു:
'ഹാവ് എ നൈസ് വീക്കെന്‍ഡ് മാര്‍ത്ത! എനി പ്ലാന്‍സ് ഫോര്‍ ദ വീക്കെന്‍ഡ്?'
'നോട്ട് റീയലി. എനി സജഷന്‍സ്?'
മാര്‍ത്തയുടെ കണ്ണുകള്‍ അപ്പോള്‍ തിളങ്ങുന്നുണ്ടായിരുന്നു. വെറുമൊരു തമാശയായി അതിനെ കണ്ട് ഉറക്കെ ചിരിച്ചുകൊണ്ട് ലിഫ്റ്റിലേക്ക് നടക്കുമ്പോള്‍ മുമ്പൊരിക്കല്‍ ലഞ്ച്റൂമില് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അവള് പറഞ്ഞ ഒരു വാചകം മനസ്സിലേക്ക് ഓടിയെത്തി:
''ക്യാന്‍ യൂ ബിലീവ്, ഐ ഡിഡ് നോട്ട് ഗെറ്റ് ഏ ഡേറ്റിംഗ് ഇന്‍വിറ്റേഷന്‍ ഫ്രം എനിവണ്‍ ഇന്‍ ദ ലാസ്റ്റ് വണ്‍ ഇയര്‍!... അണ്‍ബിലീവബിള്‍, റൈറ്റ്?''
''റൈറ്റ്.'' അവളുടെ ആശ്ചര്യത്തില്‍ പങ്കുചേരുമ്പോള്‍ ആര്‍ദ്രതയോടെ അവളെ നോക്കുവാനേ കഴിഞ്ഞുള്ളൂ. ഭര്‍ത്താവുമായി പിരിഞ്ഞ് മൂന്ന് കുട്ടികളെയും കൊണ്ട് ഒറ്റയ്ക്ക് കഴിയുന്ന അവള് മദ്ധ്യവയസ്സിലെത്തിയെങ്കിലും കാണാന്‍ സുന്ദരിയായിരുന്നു; അഴകളവുകള്‍ അതിശയിപ്പിക്കുന്നതും. ആഴ്ചകള്‍ക്കു ശേഷം ഓഫീസില്‍ പുതുതായി ജോയിന്‍ ചെയ്തൊരു കറമ്പന് ക്ലാര്‍ക്കിന്റെ കൂടെ അവള് ചുറ്റിക്കറങ്ങുന്ന കഥകള്‍ കേട്ടപ്പോള്‍ തോന്നിയ നഷ്ടബോധം ഇതുവരെയും മാറിയിട്ടില്ല. എന്തായാലും ഇനി അത്തരമൊരു 'മണ്ടത്തരം' സംഭവിക്കരുത്.
ഓപ്പര്‍ച്ച്യൂണിറ്റി നെവര്‍ നോക്ക്സ് റ്റൈ്വസ്
തിരിച്ചുചെന്നപ്പോള് പക്ഷെ, നിര്‍ഭാഗ്യം പുതിയതായി എത്തിയ കുറേ കസ്റ്റമേഴ്സിന്റെ രൂപത്തില്‍ കൗണ്ടറില്‍ ക്യൂ നില്ക്കുന്നു! അവരോടും ഇളകി ചിരിച്ചുകൊണ്ട് മരിയ സംസാരിക്കുകയാണ്. ഏറ്റവും മുമ്പില്‍ നില്ക്കുന്ന ചെറുപ്പക്കാരനോട് ആ കൊങ്കച്ചി കൂടുതല്‍ കിന്നരിക്കുന്നതുപോലെ...
നഷ്ടബോധത്തോടെ അവിടെനിന്നും മടങ്ങുമ്പോള്‍ സ്വസ്ഥമായിരുന്ന് ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുവാനൊരിടം തേടുക മാത്രമായിരുന്നു പിന്നത്തെ ലക്ഷ്യം. വെള്ളം തൊടാതെ ഇത്തിരി കൂടുതല്‍ അകത്താക്കിയതുകൊണ്ടാവണം ഉള്ളിലൊരു നീറ്റല്‍; നടപ്പിനൊരു ആട്ടം... ഇത്തിരി വേച്ചുവേച്ചാണെങ്കിലും അരമണിക്കൂറിനകം തിരക്ക് കുറഞ്ഞ ബൈക്ക് ട്രെയിലിലെത്തി. വല്ലപ്പോഴൊക്കെ സൈക്കിളും കൊണ്ട് ഇതുവഴി വരാറുള്ളതാണ്. കുറേ നടന്നപ്പോള്‍ കാലുകള്‍ കുഴയുന്നതുപോലെ തോന്നി. പാതയോരത്ത് കണ്ട ഒരു സിമിന്റ് ബഞ്ചിലിരുന്നു. മരിയ പൊരിച്ചുതന്ന ചിക്കന്കാലുകള് ഓരോന്നായി അകത്താക്കുമ്പോള്‍ അവളുടെ ഉടലഴകായിരുന്നു മനസ്സില്‍ നിറഞ്ഞുനിന്നത്. പെപ്സി മിക്സ് ചെയ്ത് വീണ്ടും വീണ്ടും സോമപാനത്തിലേര്പ്പെടുമ്പോള് അവള് മുമ്പില്‍ വന്ന് നൃത്തം ചെയ്യുന്നതായി തോന്നി. സുരതോന്മാദം കൊണ്ട് എന്റെ ഹൃദയം തുടിച്ചു.
ഏറെനേരമങ്ങനെയിരിക്കുമ്പോള് ദേ, തൊട്ട് മുമ്പില്‍ ഒരു മാക്കാച്ചിത്തവള എന്നെത്തന്നെ നോക്കിനില്ക്കുന്നു! പച്ചപ്പുല്ലുകള്‍ക്കിടയില്‍ അത് എപ്പോള്‍ വന്നു നിന്നു എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു. ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം ഇടഞ്ഞു. ഒരുപക്ഷെ അവള്‍ക്ക് വിശക്കുന്നുണ്ടാവും; അല്ലെങ്കില്‍ എന്റെ അമൃതചഷകത്തില് നിന്നും ഒരു തുള്ളി നുണയാനുള്ള കൊതികൊണ്ട് നില്ക്കുന്നതാവും. അലിവോടെ ഒരു കഷണം ഇറച്ചി ഞാനവളുടെയടുത്തേയ്ക്ക് എറിഞ്ഞുകൊടുത്തു. രാജകീയപാനീയത്തിന്റെ നാലഞ്ച് തുള്ളികള്‍ തളിച്ചപ്പോള്‍ അവള് വീണ്ടും എന്നെ നോക്കി കണ്ണിറുക്കി. പച്ചത്തൊലിയില്‍ നീല വരകളുള്ള അവള് മണ്ഡൂകവര്ഗ്ഗത്തിലെ ഒരു സുന്ദരിയായിരിക്കണം. മരിയ ആണെന്ന് സങ്കല്പിച്ച് ഞാനൊരുപാട് വര്‍ത്തമാനം അവളോട് പറഞ്ഞു. ചെറുപ്പകാലത്ത് പലവട്ടം പാടിയിട്ടുള്ള ആ വരികള്‍ തെല്ലുറെക്കത്തന്നെ പാടി:
'നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ
കോലുനാരായണന് കട്ടോണ്ടുപോയി
. . . . . . . . . . . . . . . . . . . . . . . . .'
കാലിനടിയിലൊരു അനക്കമനുഭവപ്പെട്ടോ? വെറുതെ തോന്നുന്നതാവുമെന്നാണ് ആദ്യം വിചാരിച്ചത്. സൂക്ഷിച്ചുനോക്കിയപ്പോള്‍ 'ടോം ഫോര്‍ഡി'ന് മുകളിലൂടെ എന്തോ ഇഴയുന്നു. ഞെട്ടിവിറച്ചുകൊണ്ട് കാലുകള്‍ മാറ്റുമ്പോള്‍ പാദങ്ങള്‍ക്ക് മുകളില്‍ സോക്സിനകത്തെവിടെയോ ഒരു നീറ്റല്‍ അനുഭവപ്പെടുന്നതുപോലെ. എന്റെ അരുവിത്തുറ വല്യച്ചാ, നീ കാത്തോളണേ!
അപ്പോള്‍ത്തന്നെ വല്യച്ചന് പൊന്നുകൊണ്ടൊരു കാല്‍രൂപം നേര്‍ന്നു.
പരവേശത്തോടെ ചുറ്റും നോക്കുമ്പോള്‍ മാക്കാച്ചിയെ അവിടെങ്ങും കാണാനില്ലായിരുന്നു. കോലുനാരായണന് അവളെയും കൊണ്ട് കടന്നുകളഞ്ഞിരിക്കണം. ഇരുട്ട് വളര്‍ന്നുതുടങ്ങിയിരുന്നു. സൈക്കിള്‍ സവാരിക്കാരെ ആരെയും കാണുന്നില്ല. തലയ്ക്ക് മുകളിലൂടെ ഒരു പക്ഷി വികൃത ശബ്ദമുണ്ടാക്കിക്കൊണ്ട് പറന്നുപോയി. എനിക്കൊന്ന് കിടക്കണമെന്ന് തോന്നി. സിമന്റ്ബെഞ്ചില്‍ നീണ്ടുനിവര്‍ന്ന് ഞാന്‍ കിടന്നു.
അങ്ങനെ കിടക്കുമ്പോഴാണ് ദൂരെ നിന്നും ഒരു കോവര്‍കഴുതയുടെ പുറത്ത് യേശുവും മഗ്ദലേന മറിയവും വരുന്നത് ഞാന്‍ കാണുന്നത്. യേശു എന്നെ നോക്കി പുഞ്ചിരിച്ചു. എന്റെ കണ്ണുകള്‍ പക്ഷെ, ആ മുന്‍ പാപിനിയുടെ മുഖത്തായിരുന്നു അപ്പോള്‍. മങ്ങിയ നിലാവെളിച്ചത്തില്‍ ആ മുഖകാന്തി കണ്ട് ഞാനമ്പരന്നു. അത്തിപ്പഴം ഒരുപാട് തിന്നിട്ടാവണം മറിയത്തിന്റെ മുഖത്തിന് ഇത്രമാത്രം ഭംഗിയുണ്ടായത് എന്ന് എന്റെ മനസ്സ് പറഞ്ഞു. ഇവള്‍ക്ക് വേണ്ടി പണക്കിഴികളെറിഞ്ഞ ആ യൂദന്മാരെ എങ്ങനെ കുറ്റം പറയാനാണ്? എനിക്കപ്പോള്‍ത്തന്നെ അവളെ പ്രാപിക്കണമെന്ന് തോന്നി.
ശമരിയാക്കാരന് കുലുക്കി വിളിച്ചപ്പോള്‍ ഞാന്‍ ചിന്തകളില്‍ നിന്നുമുണര്‍ന്നു. സ്വന്തം കുപ്പായം ഊരി എനിക്ക് തന്നിട്ട് അയാള്‍ പറഞ്ഞു:
''എന്തൊരു കിടപ്പാണിത് സഹോദരാ? സമയമെത്രയായെന്നോ എവിടെയാണ് കിടക്കുന്നതെന്നോ താങ്കള്‍ക്കറിയാമോ? അങ്ങയുടെ വേഷവും ഷൂസുമൊക്കെ എവിടെപ്പോയി? തല്ക്കാലം ഈ ഉടുപ്പെങ്കിലും ധരിക്കൂ... വീടെവിടെയാണെന്ന് പറഞ്ഞാല്‍ ഞാന്‍ കൊണ്ടുപോയാക്കാം. നടക്കാന്‍ പോയിട്ട് ഇതുവഴി മടങ്ങിവരാന്‍ എനിക്ക് തോന്നിയത് എന്തായാലും നന്നായി.''
ഞാന്‍ നഗ്നനായിരുന്നു എന്ന് അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്. അടിവസ്ത്രമൊഴികെ എല്ലാം കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. ദൈവമേ, എന്റെ റോയല്‍ സല്യൂട്ട് എവിടെ? ധരിച്ചിരുന്ന വിലകൂടിയ വസ്ത്രങ്ങളൊന്നും കാണാനില്ല. റാഡോ വാച്ചിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. ടോം ഫോര്‍ഡ് ഷൂസും അപഹരിക്കപ്പെട്ടിരിക്കുന്നു. പുല്ലിന്‍പുറത്ത് കുറെ എല്ലിന് കഷണങ്ങള്‍ മാത്രം കിടക്കുന്നു!
പരിഭ്രാന്തനായി ചാടിയെഴുന്നേല്ക്കാനൊരുങ്ങുമ്പോഴാണ് മറ്റൊരു കാര്യം ഞാന്‍ ശ്രദ്ധിച്ചത്: എന്റെ കാലുകള്‍ രണ്ടും നീര് വച്ച് വല്ലാതെ വീങ്ങിയിരിക്കുന്നു. ചോര വാര്‍ന്നൊഴുകി സോക്സ് മുഴുവനും നനഞ്ഞിട്ടുണ്ട്. ശരീരമാകെ അസഹനീയമായ വേദന. ഞാന്‍ കരഞ്ഞുപോയി. കര്‍ത്താവേ, നീ എവിടെയാണ്? ഈ പാപിയോട് പൊറുക്കണമേ...
നിലാവെളിച്ചത്തില്‍ അങ്ങ് ദൂരെ ഒരു താടിക്കാരന് പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്നത് ഞാന്‍ കണ്ടു. 'ലാസറേ, വേഗം എഴുന്നേറ്റ് അയാളോടൊപ്പം നീ ആശുപത്രിയിലേക്ക് പോവുക. നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു' എന്ന് അദ്ദേഹം എന്നോട് പറയുന്നതുപോലെ... മറിയം എവിടെപ്പോയെന്ന് അപ്പോള്‍ ഞാന്‍ ചിന്തിച്ചതുപോലുമില്ല.
'ശമരിയാക്കാരന്' എന്നെ എഴുന്നേല്‍പ്പിച്ചിരുത്തി. കുടിക്കാന്‍ എനിക്ക് കുപ്പിവെള്ളം തന്നു. മുറിവുകള്‍ വെള്ളമൊഴിച്ച് കഴുകി. വേദനകൊണ്ട് ഞാന്‍ പുളയുമ്പോള്‍ ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം എന്നെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. കറുത്തിരുണ്ട ആ മനുഷ്യന്റെ തടിച്ചുമലര്‍ന്ന ചുണ്ടുകളില്‍ നിന്നുമുതിര്‍ന്നുവീണ കനമുള്ള വാക്കുകള്‍ എനിക്ക് ജീവവചസ്സുകളായിരുന്നു.
അകലെ നിര്‍ത്തിയിട്ട ആംബുലന്‍സില്‍ നിന്നും രണ്ടുപേര്‍ സ്ട്രെച്ചറുമായി ബൈക്ക് ട്രെയിലിലൂടെ ഓടിവന്ന് എന്നെ അതില്‍ കിടത്തി. അവരോടൊപ്പം യാത്രയാകുമ്പോള്‍ കടുത്ത വേദനയ്ക്കിടയിലും ഞാനാ കറുമ്പനോട് ചോദിച്ചു:
''നന്ദി സ്നേഹിതാ, അങ്ങയുടെ പേരെന്താണ്?''
''ഒരു പേരിലെന്തിരിക്കുന്നു ബ്രോ? യൂ ക്യാന്‍ കോള്‍ മീ ഗുഡ് സമാരിറ്റന് ഈഫ് യൂ വാണ്ട്.'' അത് പറയുമ്പോള്‍ അയാളുടെ മുഖത്ത് വലിയൊരു ചിരി നിറഞ്ഞിരുന്നു. ഇരുട്ടില്‍ തിളങ്ങുന്ന നിരയൊത്ത വെളുത്ത പല്ലുകളില്‍ ആ ഹൃദയത്തിന്റെ വെണ്മ ഞാന്‍ കണ്ടു.
ഒരു കോവര്‍കഴുതയുടെ പുറത്താണ് ഞാനപ്പോള്‍ കിടക്കുന്നതെന്ന് എനിക്ക് തോന്നി. ഖരവണ്ടിയുടെ ഇരുവശങ്ങളിലുമായി നടന്ന് യേശുവും മറിയവും എന്നെ അനുഗമിക്കുന്നതുപോലെ... $