Image

ഉദകക്രിയ (ചെറുകഥ: സാംസി കൊടുമണ്‍)

സാംസി കൊടുമണ്‍ Published on 23 January, 2021
ഉദകക്രിയ (ചെറുകഥ:  സാംസി കൊടുമണ്‍)
അറുപതാണ്ടുകളുടെ ജരാനരകളുമായി അയാള്‍ അവളുടെ പട്ടണത്തില്‍ പ്രതീക്ഷകളുമായി നിന്നു. ഗ്രാമത്തില്‍ നിന്നു വളരുകയും എന്നാല്‍ പട്ടണം ആകാന്‍ മറന്നതുമായ ഒരു സ്ഥലമായിരുന്നു അത്. തിരക്കുള്ള കടകളും, ചെറുകിട ഹോട്ടലുകള്‍ക്കും ഇടയില്‍ അവള്‍ അടയാളമായി പറയാറുണ്ടായിരുന്ന സ്‌കൂള്‍ നിന്നു നെടുവീര്‍പ്പിടുന്നു. അതിന്റെ സങ്കടം കാണാന്‍ ആരും ഇല്ലേ...? എത്രയോ കണ്ണുകളില്‍ വിദ്യയുടെ വെളിച്ചം പകര്‍ന്ന വിദ്യാലയം ഇടിഞ്ഞു പൊളിഞ്ഞ് ആര്‍ക്കും ആവശ്യമില്ലാത്ത ഇടമായിരിക്കുന്നു. ഒരു കാലത്ത് ചെത്തിമിനുക്കി മനോഹരമായി സുക്ഷിച്ചിരുന്ന ആ മുറ്റത്ത് കാടുകയറി പാമ്പും പഴുതാരയും വസിക്കുന്നു. അക്ഷരങ്ങള്‍ ഏങ്ങിക്കരയുന്ന ആ മുറ്റം അയാളെ തുറിച്ചു നോക്കി. അയാള്‍ക്ക് സങ്കടം വന്നു. സ്‌കൂളിനോട് ചേര്‍ന്നു കിടക്കുന്ന ഭഗവതിക്കാവ്, ഒരു കാലത്ത് ആരും തിരിഞ്ഞുനോക്കാത്ത ഇരുളിന്റെ ഇടമായിരുന്നു എന്നവള്‍ പറഞ്ഞിരുന്നുവല്ലോ..? അന്ധവിശ്വാസങ്ങളാല്‍ കാടുകയറിക്കിടന്ന അവിടം ഇന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളെക്കാള്‍ മനാഹരമായ, സ്വര്‍ണ്ണകൊടിമരത്താല്‍ പ്രൗഡി വിളക്കിച്ചേര്‍ത്ത ചുറ്റമ്പലത്താല്‍ പ്രശോഭിതമായിരിക്കുന്നു. ഈ നാടിനെക്കുറിച്ചവളില്‍ നിന്നും അനേകം വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കേട്ടറിവുകളെ അയാള്‍ നെയ്തെടുക്കയായിരുന്നു.

ഭഗവതി കാവിനു പടിഞ്ഞാറ് നാലുവീടുകള്‍ക്കപ്പുറം ഒരു വലിയ പള്ളിയുണ്ടന്നവള്‍ പറഞ്ഞിരുന്നുവാല്ലോ.അതെ പള്ളിയുടെ കുരിശ് , ഒരോ വിശ്വാസിയുടേയും നെഞ്ചിലേക്കിറക്കിയ പോലെഉയര്‍ന്നു നില്‍ക്കുന്നു. അവള്‍ പറഞ്ഞിട്ടുള്ള അടയാളങ്ങളൊക്കെ അയാള്‍ വീണ്ടും വീണ്ടും ഒത്തു നോക്കി. കാലം വരുത്തിയ ചില മാറ്റങ്ങള്‍ അയാള്‍ സ്വയം കൂട്ടിച്ചേര്‍ത്ത് വിട്ടുപോയതിനെ പൂരിപ്പിച്ചു.

അവളുടെ വീട് നാല്‍ക്കവലയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ്, ഭഗവതിക്കാവും (ഇന്ന് അമ്പലം എന്ന് തിരിത്ത്), പള്ളയും കഴിഞ്ഞുള്ള വായനശാലയില്‍ നിന്നും നാലാമത്തെ വീട്. അന്നു പറഞ്ഞ അടയാളങ്ങള്‍ ഇന്ന് ക്രിത്യമായിരിക്കണമെന്നില്ലന്നായാള്‍ തെല്ലു നിരാശയോടോര്‍ത്തു.ദേശത്തിലെ ജനങ്ങളുടെ മനസ്സുമാതിരി റോഡ്, പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി, ചെളിവെള്ളം നിറഞ്ഞു കിടക്കുന്നു. അയാളുടെ യാത്രയില്‍ അനേകം നാല്‍ക്കവലകളില്‍ അടയാളങ്ങള്‍ തേടി അയാള്‍ നിന്നു.അവള്‍ കഥ പറയുന്ന കാലത്ത് ഒരു നാല്‍ക്കവലയെ ഉണ്ടായിരുന്നുള്ളായിരിക്കാം. ഒരു നാല്‍ക്കവലയില്‍ അസ്ഥിവാരം ഇട്ട് പലനാല്‍ക്കവലകളിലേക്ക് പട്ടണം വളരുമെന്നവള്‍ കരുതിയിട്ടുണ്ടാവില്ല.

പാഠശാലകളും, ഗ്രന്ഥശാലകളും മാറ്റമില്ലാത്ത അടയാളക്കല്ലുകള്‍ ആയിരിക്കുമെന്ന് അവളെപ്പോലെ അയാളും കരുതി, അവള്‍ പറഞ്ഞ അടയാളങ്ങള്‍ തേടി. പാഠശാല ഇറുന്നു പൊളിഞ്ഞ് അതിന്റെ ജീര്‍ണ്ണതയില്‍ കേഴുമ്പോള്‍, ഗ്രന്ഥശാലയില്‍ നിന്നും തേങ്ങലുകളും, വിങ്ങിപ്പൊട്ടലുകളും ഉയരുന്നു. കേള്‍ക്കുന്ന നിലവിളികളത്രയും ഒരോ കഥയിലേയും കഥാപാത്രങ്ങളുടേതാണ്. ഒരോ കാലത്തേയും ആദര്‍ശധീരന്മാര്‍. ജീവിക്കാന്‍ മറന്ന അവര്‍മറ്റുള്ളവര്‍ക്കായി ബലിയായവരാണ്. ഇന്നവരെ ആരും അറിയുന്നില്ല. പകരം ആരൊക്കയോ ചരിത്രത്തെ തിരുത്തി തങ്ങള്‍ക്കനുകൂലമാക്കുന്നു. അന്ന് ഒറ്റുകാരും ഒളിച്ചോട്ടക്കാരുമായിരുന്നവര്‍ ഇന്ന് ചരിത്ര നായകന്മാരും വീരന്മാരുമായി ചിത്രികരിക്കപ്പെടുന്നു. പുതു തലമുറ ഒന്നും അറിയാത്തവരെപ്പോലെ, അകത്തെ നോവുന്ന ആത്മാക്കളെ അറിയാതെ, തിരുത്തിയ ചരിത്രത്തേയും വായിച്ച് മതിലിനു പുറത്തു നില്‍ക്കുന്നു. പഴയ പുസ്തകത്തിലെ ജിവിതങ്ങള്‍ ഇറുന്നപുസ്തകത്താളുകളില്‍ നിന്നും ഇറങ്ങിവന്ന് പരസ്പരം പുണരുകയും, ആസ്വസിപ്പിക്കയും ചെയ്ത്, സന്ധ്യയുടെ മറവില്‍ പുസ്തക അലമാരികളുടെ മറവില്‍ നടക്കുന്ന അനാശ്വാസ്യങ്ങളില്‍ മനം നൊത്ത് ദീര്‍ഘനിശ്വാസങ്ങളുടെ ഇടവേളകളില്‍ പുസ്തകത്താളുകളിലേക്കു തന്നെ മടങ്ങുന്നു.

അയാള്‍ അടയാളങ്ങള്‍ വായിച്ചു. ഗ്രാമോദ്ധാരണ വായനശാല. അവള്‍ പറഞ്ഞിട്ടുള്ള പേരും അതുതന്നെ. പക്ഷേ വായനശാലയുടെ ചുറ്റുമതിലിനെക്കുറിച്ചവള്‍ പറഞ്ഞിരുന്നില്ലല്ലോ? അതു കാലം പണിതതായിരിക്കാം. ഇപ്പോള്‍ അറിവിന്റെ ആലയം മതിലിനുള്ളിലും, മതില്‍ ആരേയും അങ്ങോട്ട് കടത്തിവിടാതേയും ഇരിക്കുന്നു. ലൈബറേറിയന്‍ പ്രവേശന കവാടത്തില്‍, നരച്ച തല ഇടതുകൈ കൊണ്ട് തടവി, വലതുകൈയ്യിലെ ബീഡി ആഞ്ഞു വലിക്കുന്നു. എന്തൊ കാര്യമായ ആലോചനയിലാണെന്നു തോന്നും. ബീഡി തീര്‍ന്ന് കുറ്റിവലിച്ചെറിഞ്ഞ് ചോദിക്കുന്നു, ''അപ്പഴേ...ഉത്തമാ എങ്ങനാ...? നീ ആ ബിവറേജിനു മുന്നിലൊക്കെയൊന്നു കറങ്ങ്. ആരെയെങ്കിലും കിട്ടും. ഇല്ലെങ്കില്‍ ഷെയറെടുത്തോ''.ഒരു ദിവസത്തിന്റെ അന്ത്യകൂദാശക്കുള്ള വഴികളെക്കുറിച്ചായിരുന്നു ആ മഹാപ്രസ്ഥാനത്തിന്റെ ചുമതലക്കാരന്റെ ചിന്തയത്രയും. ഒരു മനുഷ്യന്‍ പോലും കയറിയിറങ്ങാത്ത ആ വായനശാല തുറന്നു വെയ്ക്കുന്നതുതന്നെ സന്ധ്യയിലെ ഈ കലാശക്കൊട്ടിനുവേണ്ടിയാണ്. മിക്ക ദിവസങ്ങളിലും ആരെങ്കിലുമൊക്കെ വന്നു ചേരും. പഴയ സുഹൃത്തുക്കള്‍ പലരും ഗള്‍ഫില്‍ നിന്നും വിദേശങ്ങളിനിന്നും ഒക്കെ വരും. അന്ന് വിശാലമായി കൂടും. അല്ലെങ്കില്‍ ഉപായത്തില്‍. ഒരു പണിയുമില്ലാത്ത കുറെപ്പേര്‍ ഔദാര്യത്തിന്റെ പങ്കുചേരാനായി ആ മതിലില്‍ കാണും. മതിലേല്‍ ഇപ്പോള്‍ അവര്‍ പശു രാഷ്ട്രിയമാണു പറയുന്നതെങ്കിലും, അവര്‍ക്കങ്ങനെയൊന്നും ഇല്ലായിരിക്കും. അന്നത്തെ ദിവസത്തിന്റെ രാഷ്ട്രിയമേയുള്ളു. ഒരു ഓളത്തിനായി വടക്കേ ഇന്ത്യയിലെ ഒരു ആചാരമായ ചുവന്ന ചരട് പലരുടേയും കൈയ്യില്‍ കെട്ടിയിരുന്നു.

ഒരപരിചിതന്റെ വരവിനെ അവര്‍ പ്രതിക്ഷയോടും എന്നാല്‍ സംശയത്തോടുമാണു കണ്ടത്. അവര്‍ ഉറ്റുനോക്കിയതല്ലാതെ ഒന്നും ചോദിച്ചില്ല. അയാളും അവരെ കണ്ടതായി ഭവിച്ചില്ല. ഗ്രന്ഥശാലയുടെ മതില്‍ക്കെട്ടു കഴിയവേ ആരൊക്കയോ ആര്‍ത്തു ചിരിക്കുന്നതിന്റെ ശബ്ദം അയാള്‍ കേട്ടു. ആ ചിരി അയാല്‍ തിരിച്ചറിഞ്ഞു. അതുകെട്ടിടത്തിനു പുറത്തുള്ളവരുടേതായിരുന്നില്ല. ചിരി അകത്തു നിന്നും ആയിരുന്നു.ചിരിക്കിടയില്‍ ആരോ പറയുന്നു: 'ദാ പോകുന്നു ഒരു വിഡ്ഡി. ജിവിക്കാന്‍ മറന്ന ഒരു വിഡ്ഡി. നമുക്ക് പുസ്തകത്താളിലെങ്കിലും ഇടം കിട്ടി. ഇവനോ..?'.അയാള്‍ അതുകേട്ടൊന്നൂറിച്ചിരിച്ചതേയുള്ളു. കാലപ്പഴക്കം കൊണ്ട് ഇഴകള്‍ പിഞ്ചിത്തുടങ്ങിയ ഇടതുതോളിലെ തുണിസഞ്ചില്‍ ഒന്നമര്‍ത്തി തിരുമ്മി. ഒരു കാലത്ത് തുണിസഞ്ചിയും, വെട്ടിയൊതുക്കാത്ത താടിയും, മുടിയും, ആരേയും അനുസരിക്കാത്ത കണ്ണുകളും അടയാളങ്ങളായിരുന്നു. ഒരു പ്രത്യയശാസ്ത്രത്തിന്റെ അടയാളങ്ങള്‍. ഇന്നും ഇത്തരം അടയാളങ്ങള്‍ മറ്റൊരു രൂപത്തില്‍ അയാള്‍ കാണുന്നു. അവരും ജീവിതത്തെബലിയാക്കുന്നവരോ? താന്‍ ഒരു വിഡ്ഡിയായിരുന്നുവെന്ന്,ഇന്നലകളില്‍ എല്ലാം നഷ്ടപ്പെടുത്തിയവര്‍ പുസ്തകത്താളുകളില്‍ ഇരുന്നു പറഞ്ഞപോലെ, നാളെ ഇവരേക്കുറിച്ചും പറയാന്‍ ചരിത്രത്താളുകളില്‍ ഇടം ഉണ്ടാകുമായിരിക്കും...?

പെട്ടെന്നൊരു ഘോഷയാത്ര അയാള്‍ക്കു നേരെ നടന്നടുക്കുന്നു. കറുത്ത കൊടികളും ശവപ്പെട്ടിയും, മുന്നില്‍ കറുത്ത കുപ്പായമിട്ട അറവുകാരനോ വൈദികനോ എന്നറിയാന്‍ വയ്യാത്ത ഭാവത്തില്‍ ഒരുവന്‍ വഴിയാത്രക്കാരെ നോക്കുന്നു. ശവപ്പെട്ടിയേന്തിയവര്‍ മുദ്രാവാക്യം പോലെ എന്തോ ഉറക്കെ വിളിക്കുന്നു. ധൂപകലശത്തില്‍ നിന്നും കറുത്ത പുക ഉയരുന്നു. പുറകെയുള്ളവര്‍ എന്തോ അനുഷ്ഠാനം പോലെ ഏന്തിയും വലിഞ്ഞും നടക്കുന്നു. ''ഈ ശവം കഴിഞ്ഞ മൂന്നു ദിവസമായി ഒരു ശവക്കുഴിയും കൊതിച്ച് ഈ തെരുവിലും, പള്ളിക്കും ചുറ്റു പ്രതിക്ഷണം വെയ്ക്കുന്നു. പൂട്ടിയ ശവക്കോട്ടയുടെ താക്കോല്‍ മറ്റേവിശ്വാസികളുടെ കയ്യിലാ. ഈ ശവത്തിന്റെ ആത്മാവിന്റെ കരച്ചില്‍ ആരു കേള്‍ക്കാന്‍.'' ആരോ പറയുന്നു. മൂന്നു ദിവസം പഴക്കമായ ലാസറിനെ ഉയര്‍പ്പിച്ച ക്രിസ്തു ഒരിക്കല്‍ കൂടി വന്ന് ഈ ശരീരത്തെ ഉയര്‍പ്പിച്ചിരുന്നുവെങ്കില്‍ എന്നയാള്‍ പഴയ വേദപാഠക്ലാസുകളെ ഒര്‍ത്തു പറഞ്ഞുപോയി. പെട്ടന്നയാള്‍ തിരിത്തി. വേണ്ട; ഇവര്‍ കൂടുതല്‍ അനുഗ്രഹം കിട്ടാനായി അങ്ങയെ പച്ചക്ക് മൊത്തമായി തിന്നും. ഘോഷയാത്ര കടന്നു പോകുന്നവരേയും അയാള്‍ വഴിയോരത്ത് ഒതുങ്ങി നിന്നു.

താന്‍ ശരിക്കും ജീവിതം നഷ്ടപ്പെടുത്തിയവനോ..? അയാള്‍ സ്വയം ചോദിച്ചു. നഷ്ടമോ ലാഭമോ അയാള്‍ക്കു തിരിച്ചറിയാന്‍ കഴിയുന്നില്ല. ഒരു നിസംഗത അയാളെ ബാധിച്ചിരുന്നു. എന്തിനിപ്പോള്‍ ഈ യാത്രതന്നെ..? അയാള്‍ വീണ്ടും ചോദിക്കുകയാണ്. നടന്ന വഴികളില്‍ താന്‍ ആരോടൊക്കയോ അന്യായം പ്രവൃത്തിച്ചെന്നൊരു കുറ്റബോധം! അവരെയൊക്കെ കാണണം. നേരം ഇരുളാന്‍ ഇനി അധിക സമയമില്ല. യാത്ര എവിടെയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ നിനയ്ക്കാത്ത സമയത്തതവസാനിക്കുന്നതിനു മുമ്പ് കടങ്ങള്‍ വീട്ടേണ്ടിയിരിക്കുന്നു. അതീ പട്ടണഗ്രാമത്തില്‍ നിന്നു തന്നെ ആകട്ടെ. അയാള്‍ക്ക് നല്ല ക്ഷീണം തോന്നുന്നുണ്ടായിരുന്നു.

ഒരു ചായ അയാളുടെ ചിന്തയിലേക്കു കടന്നു. വായനശാലയോടടുത്ത ചായക്കടയിലേക്കയാള്‍ നടന്നു, കടയില്‍ നല്ല തിരക്ക്. ബംഗാളികളും, ബിഹാറികളും പൊറാട്ടയും കറിയുമായി തങ്ങളുടെ അത്താഴം സമൃദ്ധമാക്കുന്നു. ആളൊഴിഞ്ഞ ഒരു കശേരയില്‍ അയാള്‍ ഇരുന്നു. ശബ്ദം താഴ്ത്തി ഒരു ചായക്കു പറഞ്ഞു. പരിചയമില്ലല്ലോ എന്ന മട്ടില്‍ കടക്കാരന്‍ അയാളെ ഒന്നു സൂക്ഷിച്ചു നോക്കി. അതയാള്‍ കണ്ടതായി നടിച്ചില്ല. നന്നായി കടുപ്പമുള്ള ചായ ഇഷ്ടത്തോട് ഊതിക്കുടിച്ചു.അവളുടെ അച്ഛനൊരു ചായക്കട നടത്തിയിരുന്നാതായി അവള്‍ പറഞ്ഞ ഓര്‍മ്മ അയാളില്‍ തികട്ടി. അച്ഛന്‍ മരിച്ചിട്ടുണ്ടാകും. അല്ലെങ്കില്‍ ഇപ്പോള്‍ തൊണ്ണുറെങ്കിലും കഴിഞ്ഞിട്ടുണ്ടാകും. അയാള്‍ വെറുതെ ഒന്നു കാലത്തെ ഗണിച്ചു. ഇനി അവളുടെ ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും കിട്ടിയ പൈതൃകസ്വത്തിന്റെ തുടര്‍ച്ചയിലാണോ താന്‍ .ആരോടാണു ചോദിക്ക.എന്നും അങ്ങനെ ആയിരുന്നുവല്ലോ... ഒന്നും ആരോടും ചോദിക്കില്ല.. എപ്പോഴും ഒരരക്ഷിത ഭാവം. ഒന്നിനും മതിയായവനല്ല എന്ന ഒരു തോന്നല്‍. എന്നാല്‍ ഏറ്റെടുക്കുന്ന ഏതു ജോാലിയും മറ്റാരേക്കാളും ഭംഗിയായി ചെയ്യാന്‍ അയാള്‍ എപ്പോഴും ഉത്സാഹിയായിരുന്നു. അതുകൊണ്ടായിരിക്കാം ( കൂടെ പ്രവൃത്തിച്ചവരും, കീഴ്ഘടകങ്ങളിലുള്ളവരും എമ്മെല്ലെമാരും, മന്ത്രിമാരും ഒക്കെ ആയപ്പോഴും) പാര്‍ട്ടി അയാളെ പുതിയ സ്ഥലങ്ങളില്‍ പുത്തന്‍ കൂട്ടാഴ്മകള്‍ കെട്ടിപ്പടുക്കുവാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനും നിയോഗിച്ചുകൊണ്ടേയിരുന്നത്. ഒരു കണക്കിനയാള്‍ അതിഷ്ടപ്പെട്ടിരുന്നു. ഒന്നിലും ഉറച്ചു നില്‍ക്കാത്ത ഒരു മനസ്സായിരുന്നയാളുടേത്. കാറ്റുപോലെ അതിങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കും. ഒരോ ഇലകളേയും തലോടി സുഖമനേഷിച്ച് അടുത്തതിലേക്ക്. ഒരിക്കലും തിരിച്ചുവരവില്ലാത്ത യാത്ര.


അയാള്‍ ആ യാത്രകള്‍ ആസ്വദിച്ചു. ഗ്രാമീണരുടെ ശുദ്ധഹൃദയം അയാള്‍ കണ്ടു. എന്തും വിശ്വസിക്കുകയും, എല്ലാവരേയും സ്നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് പുത്തന്‍ പ്രത്യയശാസ്ത്രങ്ങളെന്തിന്. അയാള്‍ സന്ദേഹിയായിരുന്നു. ഗ്രാമങ്ങളിലെ നന്മയെ ഇല്ലാതാക്കി, പ്രത്യയശാസ്ത്ര അടിമകളെ ജനിപ്പിക്കുന്ന രാഷ്ട്രിയത്തെ അയാള്‍ വെറുക്കാന്‍ തുടങ്ങി. ഒരോ പ്രത്യയശാസ്ത്ര വില്‍പ്പനക്കാരനും, അവരുടെ നിഷ്‌ക്കളങ്കതയെ മുതലാക്കി അവരെ പരസ്പരം ശത്രുക്കളാക്കുകമാത്രമെ ചെയ്യുന്നുള്ളു. ഒരോ തിരിച്ചറുവുകളും ഉള്ളില്‍ നിറയ്ക്കുന്ന നീറ്റലുകളില്‍ എണ്ണപുരട്ടി സ്വയം ആശ്വസിക്കാനെ കഴിയാറുള്ളു. 'താന്‍ നിയോഗിക്കപ്പെട്ടവനാണ്. തന്റെ പ്രത്യയശാസ്ത്രം മറ്റതിനേക്കാള്‍ നല്ലതെന്നു പ്രഘോഷിക്കേണ്ടവന്‍. നിലം ഒരുക്കാനും വിതയ്ക്കാനും മാത്രം നിയോഗിക്കപ്പെട്ടവന്‍.' കൊയ്യാനും വിളവെടുക്കാനും വരുന്നവര്‍ വേറെ. അവര്‍ കൂട്ടമായണു വരുന്നത്. അവരുടെ കയ്യില്‍ വാളും വീശുമുറങ്ങളുമുണ്ട്. തങ്ങള്‍ക്കനുകൂലമല്ലാത്തതിനെയൊക്കെ അവര്‍ വെട്ടി നിരത്തുന്നു. വിലാപങ്ങളാന്‍ ഗ്രാമത്തെ അവര്‍ വിഭജിക്കുന്നു. ആ വിടവില്‍ മറ്റു പ്രത്യയശാസ്ത്രങ്ങള്‍ കയറിവരുന്നു. പരസ്പരം കലഹിക്കുന്ന ഒരു ഗ്രാമം പിന്നെ എങ്ങനെ അഭിവൃദ്ധിപ്പെടും.ആശങ്കകളുമായി ഒറ്റമുറിയില്‍ പ്രാമാണിക ഗ്രന്ഥങ്ങളുടെ താളുകളില്‍ എന്തു പറയുന്നു എന്നു പരതുമ്പോഴേക്കും, തന്റെ പിന്നാലെയുള്ള കണ്ണുകള്‍ തന്നിലെ ശങ്കാലുവിനെ തിരിച്ചറിയുകയും, മറ്റൊരു ഗ്രാമത്തിലെ നിലം ഒരുക്കാന്‍ പറഞ്ഞയ്ക്കുകയും ചെയ്യുന്നു.

അനുസരണയുള്ള ഒരു പാര്‍ട്ടിപ്രവര്‍ത്തകന്‍ ചോദ്യങ്ങള്‍ ഉറക്കെ ചോദിക്കാന്‍ പാടില്ലന്നും, അതു പാര്‍ട്ടിഫോറങ്ങളില്‍ ചോദിക്കണമെന്നും ഉള്ള തിരിച്ചറിവില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലായിരുന്നു. ദാസ്‌ക്യാപ്പിറ്റലിനു മുകളില്‍ ആരൊക്കയോ സ്വന്തം സാമ്ര്യാജ്യം കെട്ടിപ്പടുക്കുകയും, ആദര്‍ശം പാര്‍ട്ടിയില്‍ നിന്നും അധികാര രാഷ്ട്രിയത്തിലേക്കും അഴിമതിയിലേക്കും നടന്നുകയറുന്നുവെന്നും അയാള്‍ അറിഞ്ഞു. ഒരു സീറ്റ് കിട്ടാന്‍ വേണ്ടി, അഴിമതിക്കാരേയും, കൊലപാതകികളേയും, ബലാല്‍സംഗികളേയും പാര്‍ട്ടി ന്യായീകരിക്കുമ്പോള്‍, തന്നേപ്പോലെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇനി എന്ത് എന്നോര്‍ത്തു വിലപിക്കുന്നു. മുല്യച്ചൂതിയില്‍ മനം നൊന്തുറക്കെ വിലപിച്ചവനു നേരെ അച്ചടക്കത്തിന്റെ വാള്‍.കരിങ്കാലി, മൂരാച്ചി, വരട്ടു തത്ത്വശാസ്ത്രക്കാരന്‍. ഇതൊക്കെ തനിക്കെതിരെ ഉള്ള മുദ്രാവാക്യങ്ങളാണന്നയാള്‍ തിരിച്ചറിഞ്ഞു.

തന്നെ അറിയാത്ത, തനിക്കറിയാത്ത പാര്‍ട്ടി നേതൃത്വം അനുവദിച്ച അവധിയുമായി അയാള്‍ ഒരു ഒറ്റമുറിയിലേക്കൊതുക്കപ്പെട്ടു. ഉപയോഗത്താല്‍ മുഷിഞ്ഞതും, കീറിയതുമായ കുറെ തുണികള്‍. ഒന്നുരണ്ടു ചട്ടി-കലങ്ങള്‍. പിന്നെ ആര്‍ക്കും വേണ്ടാത്ത കുറെ പുസ്തകങ്ങള്‍. ഇതൊക്കയായിരുന്നു അയാളുടെ കൂട്ട്. പഴയ പുസ്തകങ്ങളിലെ സൂക്തങ്ങള്‍ വീണ്ടും വായിച്ചു. തനിക്കെവിടെയാണു തെറ്റിയത്...? സ്വയം ചോദിച്ചു. അപ്പോഴാണാപുസ്തകത്താളില്‍ അവളുടെ മുഖം തെളിഞ്ഞുവന്നത്. അവള്‍ മനസ്സില്‍ ഒരു മുള്ളായി കിടക്കുന്നുണ്ടായിരുന്നു. അവളോടു ചെയ്ത തെറ്റിനു മാപ്പു പറയണം. അതു നാളത്തേക്കു മാറ്റിവെയ്ക്കാന്‍ വയ്യാത്തവണ്ണം അവളെക്കുറിച്ചുള്ള ചിന്തകള്‍ അയാളെ വേട്ടയാടാന്‍ തുടങ്ങി. അവള്‍ പലപ്പോഴായി പറഞ്ഞ സമസ്യകളെ പുരിപ്പിച്ചു പൂരിപ്പിച്ച് അയാള്‍ ഇവിടെവരെ എത്തി.ഒഴിഞ്ഞ ചായഗ്ലാസ്സിലേക്കു നോക്കി ഒരു നീണ്ട നിശ്വാസത്താല്‍ അടുക്കളഭാഗത്തേക്കയാള്‍ നോക്കി.ഒരു പക്ഷേ ഈ അടുക്കളയില്‍ എവിടെയെങ്കിലും....?

ചായക്കടക്കാരന്‍ ഇനി എന്തേ എന്ന ഭാവത്തില്‍ അയാളെ നോക്കി. അയാള്‍ ഒരു ചായക്കുകൂടി പറഞ്ഞ് ഒന്നമര്‍ന്നിരുന്നു. ചായക്കടക്കാരന്‍ തന്റെ ഉള്ളിലെ അനേകം ചോദ്യങ്ങള്‍ നിഴലിച്ച കണ്ണുകളുമായി, ചായ അല്പം ഒച്ചയോട് മേശപ്പുറത്ത് ഇടിച്ചിറക്കി. ഒരപരിചിതന്‍ ആവശ്യത്തില്‍ കൂടുതല്‍ സമയം എടുക്കുന്നതിന്റെ അതൃപ്തി, ചായയിലെ പതയായി മേശപ്പുറത്തു തെറിച്ചു. കടക്കാരന്റെ ചിന്തകളില്‍ ഇയാള്‍ അരെന്നായിരുന്നു. മാവോയിസ്റ്റുകള്‍ എവിടേയും കറങ്ങി നടക്കുന്നുണ്ടന്നു പത്രങ്ങള്‍ വിതറിയ ഭയം നാട്ടില്‍ മുളപൊട്ടാന്‍ തുടങ്ങിയിരുന്നു. ഇത് കൂട്ടക്കൊലകളുടെ കാലമാണ്. അല്ലെങ്കില്‍ ഒരു ബാലപീഡകനാകാം. ആവോ എന്തോ.. ഇനി ഇതിന്റെ പേരില്‍ കുടുങ്ങുമോ എന്തോ...? ചായക്കടക്കാരന്‍ അല്പം ഉറക്കെച്ചിന്തിച്ച്, സാധാരണയിലും പൊക്കത്തില്‍ ചായക്കോപ്പ ഉയര്‍ത്തി ചായ അടിച്ചു പതപ്പിച്ചു കൊണ്ടിരുന്നു. അയാള്‍ രണ്ടാം ചായയും കുടിച്ച് കടയില്‍ നിന്നും ഇറങ്ങി.

എതിരെ വരുന്ന ഒരോരുത്തരേയും പ്രതീക്ഷയോട് നോക്കി. എങ്ങനെ തിരിച്ചറിയും. മനസ്സിന്റെ കണ്ണാടിയില്‍ അവള്‍ തെളിഞ്ഞു വരുന്നുണ്ടെങ്കിലും, കാലം ഇന്നതിനെ ഉടച്ചു വാര്‍ത്തിട്ടുണ്ടാവില്ലെ...? നെറ്റിയിലെ വലിയ കറുത്ത പൊട്ടും, അല്പം ഉയര്‍ന്നു നില്‍ക്കുന്ന മേല്‍പല്ലുകളുടെ നടുവിലെ വിടവും കാലത്തിനു മായ്ക്കാന്‍ കഴിയുമോ? അവള്‍ ചിരിക്കുമ്പോള്‍ ഇടത്തേ കവിളില്‍ വിരിയുന്ന നുണക്കുഴി എത്ര കണ്ടാലും ആത്മാവിന്റെ ദാഹം തീരുമായിരുന്നില്ല. അവള്‍ സുന്ദരിയായിരുന്നുവോ...? അവളുടെ ചുണ്ടുകളില്‍ എപ്പോഴും വിഷാദം കലര്‍ന്ന ഒരു പുഞ്ചിരി ഉണ്ടായിരുന്നു, അതവളുടെ മുഖമുദ്രയായിരുന്നു. ഇപ്പോള്‍, കാലം നേര്‍പ്പിച്ച ഇഴകളെ, ഓര്‍മ്മകളുടെ പഴത്തുണിക്കെട്ടില്‍ നിന്നും പുറത്തെടുത്ത് തുന്നിച്ചേര്‍ക്കുന്നതെന്തിന്. ഇപ്പോള്‍ എന്തിനു വന്നു എന്നവള്‍ ചോദിച്ചാല്‍...? ഒരു മണ്ണിരയായി അവളുടെ കുടുംബജിവിതത്തില്‍ എന്തിനു മണ്ണിളക്കം ഉണ്ടാക്കണം. വേണ്ട...! ഒന്നു ദൂരെ നിന്നു കാണുക. അവളുടെ നന്മകളില്‍ സന്തോഷിക്ക. ആരുമല്ലാത്തവനായി ആരുമറിയാതെ തിരിച്ചു പോകുക. എന്തൊക്കയോ അസ്വസ്ഥതകളാല്‍ അയാളില്‍ നിന്നും ഒരു നീണ്ട നെടുവീര്‍പ്പുയര്‍ന്നു. അതയാളില്‍ ഇന്നലകളിലെ ഓര്‍മ്മയെ ഉണര്‍ത്തി.

ഒരു കുടം ചെളിവെള്ളം തെറിപ്പിച്ച് ഒരു ബൈക്ക് അയാളെ കടന്നു പോയി ഇട്ടിരുന്ന പാന്‍സും ഷര്‍ട്ടും ചെളിവെള്ളത്താല്‍ നനഞ്ഞു. മുഖത്തു തെറിച്ച വെള്ളം അയാളുടെ താടിയില്‍ ഒലിച്ചു. ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ പുറകിലിരുന്ന സ്ത്രി അയാളെയൊന്നു പാളിനോക്കി അവരുടെ വഴിക്കു പോയി. അയാള്‍ സ്വയം മറന്നു ചിരിച്ചു. അവളെ തേടിയുള്ള ഈ യാത്രയുടെ തുടക്കവും ചെളി വെള്ളത്തില്‍ തന്നെയോ...? എന്തൊരു സമാനതകള്‍.അവളെ ആദ്യമായി കണ്ടതും പരിചയപ്പെട്ടതും, ഇതുപോലൊരു ചെളിവെള്ളം തെറിക്കലിലൂടെ ആണല്ലോ. ഇപ്പോള്‍ ഇതാ ..... അവളെക്കുറിച്ചുള്ള തന്റെ ഓര്‍മ്മകളിലെന്നും കലക്കവെള്ളമായിരുന്നു. ഡല്‍ഹിയിലെ ഒരു മഴക്കാലം... ഒരു ചരക്കുവണ്ടി തെറിപ്പിച്ച ചെളിവെള്ളത്തില്‍ മൂന്നാലുപേര്‍ ഒരേ ബസ്സ് സ്റ്റാന്‍ടിലെ യാത്രക്കാരായി പരസ്പരം നോക്കി. പിന്നെ ഒരു സമാധാനത്തിനായി പോയ വണ്ടിയെ നോക്കി അറിയാവുന്ന തെറികള്‍ പറഞ്ഞു.

''ഇനിയിപ്പം എന്തിനാ ചീത്തപറയുന്നെ... അതു തുടച്ചു കളയാന്‍ നോക്ക്.'' പുറകില്‍ നിന്നും വളരെ പക്വമായ ഒരു സ്ത്രി ശബ്ദം. അയാള്‍ തിരിഞ്ഞു നോക്കി. അവളും തന്റെ സാരിയില്‍ തെറിച്ച മാലിന്യത്തെ തുടച്ചു കൊണ്ടിരിക്കയായിരുന്നു. അവള്‍ തലയുയര്‍ത്തി അയാളെ നോക്കി. അയാളിലെ ബുദ്ധിജീവി നാട്യം ഒലിച്ചു പോയതുപോലെ. അയാള്‍ തെല്ലു ജാള്യതയോടു പറഞ്ഞു: ''പെട്ടന്നുണ്ടായ ക്ഷോഭത്താല്‍ പരിസരം മറന്നു. ക്ഷമിക്കണം.''

അവള്‍ ചിരിച്ചതെയുള്ളു. തന്റെ കൈയ്യിലെ കര്‍ച്ചീഫ് അവള്‍ അയാള്‍ക്കു കൊടുത്തു. അയാള്‍ ദേഹത്തുപറ്റിയ അഴുക്കുകളെ തുടച്ചു. എന്നും ഒരേ ബസ്സ്സ്റ്റോപ്പിലെ യാത്രക്കാരയിരുന്നിട്ടും അയാള്‍ ഇതിനു മുമ്പ് അവളെ കണ്ടിരുന്നില്ല. എന്നാല്‍ അവള്‍ അയാളെ നിത്യേനെയന്നതുപോലെ കാണുമായിരുന്നു എന്നവള്‍ പറഞ്ഞു. ചിരപരിചിതരെപ്പോലെ അവര്‍ പരസ്പരം സംസാരിച്ചു. അവര്‍ രണ്ടുപേരും ആര്‍.കെ നഗറിലെ അടുത്തടുത്ത ബ്ലോക്കുകളില്‍ താമസിക്കുന്നവരായിരുന്നു. അവളുടെ ഏറ്റവും അടുത്ത ബന്ധു മൂത്ത സഹോദരനായിരുന്നു. അയാള്‍ പട്ടാളത്തിലാണ്. ചേട്ടത്തിയുടെ ഒരു ബന്ധുവിന്റെ കൂടെ മുറി പങ്കിടുന്നു. ഇവിടെ ഒരു ചെറിയ കമ്പിനിയില്‍ ടൈപിസ്റ്റാണ്. നാട്ടില്‍ അച്ഛനും അമ്മയും. ഒരു ചെറിയ ചായക്കടയിലെ കൊച്ചുവരുമാനമുമായി ജീവിക്കുന്നു. പലപ്പോഴായി അവള്‍ പങ്കുവെച്ച വിവരങ്ങള്‍ അയാള്‍ ഓര്‍ത്തെടുക്കുകയായിരുന്നു.

വായനശാലലില്‍ നിന്നും നാലമത്തെ വീടിനു മുന്നില്‍ അയാള്‍ നിന്നു,.കാലം ആ വിടിനുമേല്‍ ഒത്തിരി പണിതിരിക്കുന്നു. ഇരുമ്പു വേലിയാല്‍ മറച്ച വീടിന് താഴിട്ടു പൂട്ടിയ ഗേറ്റ്.അടച്ചുപൂട്ടുള്ള വീടിനെക്കുറിച്ചവള്‍ പറഞ്ഞിട്ടില്ല. ഓടിട്ട ഒരു രണ്ടുമുറി വീടാണവള്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ ഇത് ഒരു രണ്ടുനില കെട്ടിടമാണ്. അധികകാലമായി ആള്‍പെരുമാറ്റമില്ലാത്തതുപോലെ മുറ്റമെല്ലാം പുല്ലും കരിയിലയും നിറഞ്ഞു കിടക്കുന്നു. അയാള്‍ പ്രതീക്ഷയോട് പടിപ്പുരക്കു മുന്നില്‍ കുറെനേരം നിന്നു.ആരെങ്കിലും പുറത്തു വരുമായിരിക്കും.... ഒരു പക്ഷേ അവള്‍ തന്നെ...ഒന്നു കാണുക അരോടും ഒന്നും പറയാതെ തിരിഞ്ഞു നടക്കുക. അത്ര തന്നെ.

എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല... എഴുപതാണ്ട് ജീവിച്ച ഒരാള്‍ അയാളെ തോണ്ടി വിളിച്ചു.''ആരാ... എവിടെ നിന്നു വരുന്നു.ഇതിനുമുമ്പോന്നും ഇവിടെ കണ്ടിട്ടില്ലല്ലോ...ആരെയാ കണണ്ടെ...?''ചോദ്യങ്ങള്‍ കേട്ട് അയാള്‍ ഒന്നമ്പരന്നു. ആരെ കാണണമെന്നാണു പറയേണ്ടത്. അവളുടെ പേരു പറയണ്ട. കഥകള്‍ ഉണ്ടാകാന്‍ അത്രയൊക്കെ മതി. മാത്രമല്ല സദാചാരക്കാര്‍... അവളുടെ അച്ഛന്റെ പേര്‍ ഓര്‍മ്മകളുടെ തടവില്‍ നിന്നും പുറത്തുവിട്ടയാള്‍ അപരനെ നോക്കി എന്തെങ്കിലും വിവരം കിട്ടുമെന്ന പ്രതീക്ഷയില്‍. ''ഓ... ആശാന്‍... ഇതാശന്റെ വീടായിരുന്നു. ആശാന്‍ മരിച്ചേപ്പിന്നെ അവരിതു വിറ്റു, ഇപ്പം കുറച്ചു പടിഞ്ഞാറാ അവരുടെ താമസം.'' അപരന്‍ എല്ലാം വിട്ടുപറയാന്‍ മടിയുള്ളവനെപ്പോലെ ഒന്നു നിര്‍ത്തി ഒരു ഹാസ്യച്ചിരിയും ചിരിച്ചു നടന്നു. നടന്നകലുമ്പോള്‍ ആത്മഗതം എന്ന പോലെ പറയുന്നുണ്ടായിരുന്നു. ''ചിലപ്പം അവകാശം ചോദിക്കാന്‍...കൊടകിന്നോ മറ്റോ ആണോ എന്തോ...ആശാനു കൊടകില്‍ ഒരു മകനൊണ്ടെന്നാ കേഴ്വി.'' അപരന്‍ നടന്നകന്നു. അയാള്‍ സ്വയം ചിരിച്ചു.അവളുടെ അച്ഛന്‍ ഒരു നല്ല തെയ്യം കെട്ടുകാരനായിരുന്നു എന്നവള്‍ പറഞ്ഞിട്ടുള്ളതയാളുടെ ഓര്‍മ്മയിലേക്കപ്പോള്‍ ഇറങ്ങി.
ഇനി ഇവിടെ നിന്നിട്ടെന്തു കാര്യം എന്ന ചിന്തയില്‍, അവള്‍ കളിച്ചു വളര്‍ന്ന മുറ്റത്തേക്ക് ഒരിക്കല്‍ക്കൂടി നോക്കി തിരിഞ്ഞു നടന്നു. അവളുടെ ഓര്‍മ്മകളും ഇതുപോലെ കാടുകയറി മൂടിയിട്ടുണ്ടാകാം. അവള്‍ തന്നെ തിരിച്ചറിയുമോ? വേണ്ട... ആരും തന്നെ തിരിച്ചറിയേണ്ട. ഒരു നോക്കുകണ്ടു തിരിച്ചു പോകുക. ഒരിക്കല്‍ അവളൊടു തോന്നിയ അനുരാഗം സത്യമായിരുന്നു എന്നു തിരിച്ചറിയാന്‍ കാലം വൈകി. മറ്റൊരാളെ സ്നേഹിക്കാന്‍ ഒട്ടു കഴിഞ്ഞതുമില്ല. തന്റെ സ്നേഹം അറീയ്ക്കാന്‍ തിരികെ വന്നപ്പോഴേക്കും അവള്‍ എവിടെയെന്നില്ലാതെ മറഞ്ഞു.അവള്‍ താമസിച്ചിരുന്നിടംമറ്റാരുടേതൊ ആയി. അവര്‍ക്കാര്‍ക്കും അവളെ അറിയില്ല. അതങ്ങനെയാണ്. ഇന്ന്! ഇന്നു മാത്രമാണു നമുക്ക് അസ്തിത്വം. ഇന്നലകള്‍ മറവിയുടെ മരണത്തിലേക്കു നീങ്ങുന്നു. മറ്റുള്ളവര്‍ക്ക് അവളും മറവിയിലേക്ക് ഇറങ്ങി. അവള്‍ എങ്ങോട്ടു പോയി.? ആര്‍ക്കുമറിയില്ല. ആരും തിരിക്കിയില്ല. അവള്‍ ആര്‍ക്കും ആരും ആയിരുന്നില്ല. ജോലി സ്ഥലത്തവള്‍ ഒരു താല്‍ക്കാലിക ജീവനക്കാരിയായിരുന്നു. ഉടമക്കു വഴങ്ങുന്ന മറ്റൊരുവള്‍ വന്നപ്പോള്‍ ഇവള്‍ ഒഴുവാക്കപ്പെട്ടു. കൂടെ താമസിച്ചവള്‍ പറഞ്ഞത്: 'അച്ഛനു സുഖമില്ലാത്തതിനാല്‍ നാട്ടില്‍ പോകുന്നു എന്നു പറഞ്ഞ് ഒരു ദിവസം അവിടെ നിന്നും പോയി, എന്നാണ്. ഒരു കാര്യം ഉറപ്പായിരുന്നു. അവള്‍ ദുഃഖിതയും വിഷാദയുമായിരുന്നു. നിങ്ങളെ അന്വേഷിച്ചവള്‍ ഏറെ നടന്നു. അതെനിക്കറിയാം. നിങ്ങളോടു മാത്രം പറയാനുള്ള എന്തോ ഒന്നവള്‍ കൊണ്ടുനടന്നിരുന്നു. ഒടുവില്‍ പോകുമ്പോള്‍ നിങ്ങളെ എന്നെങ്കിലും കാണുമെങ്കില്‍ തരാനായി ഒരു കത്തു തന്നിട്ടുണ്ട്'.' അവര്‍ കൊടുത്ത കത്തും വാങ്ങി ഇത്രനാളുംഅവളെ കാണാന്‍ വരാഞ്ഞതിലുള്ള കുറ്റബോധത്തോട് അയാള്‍ നടന്നു. മനപ്പൂര്‍വ്വമല്ലാത്ത കാലതാമസം. അല്ലെങ്കില്‍ത്തന്നെ ഒരു പാര്‍ട്ടി പ്രവൃത്തകനായ തന്നെ അവള്‍ മനസ്സിലാക്കിയിട്ടുണ്ടാകില്ലെ...? അയാള്‍ പല ചിന്തകളില്‍ കത്തു വായിച്ചു.

''ഒരു തികഞ്ഞ പാര്‍ട്ടിപ്രവൃത്തകനായ നിങ്ങള്‍; നിങ്ങളുടെ ഉത്തരവാതിത്വങ്ങള്‍ വിട്ട് എന്നെത്തേടിവരുമെന്ന് ഇനി ഞാന്‍ കരുതുന്നില്ല. എന്നാലും എന്നെങ്കിലുംഈ കത്തു വായിക്കയാണെങ്കില്‍ -ഈ കത്തു തരാന്‍ വേണ്ടി ഞാന്‍ നിങ്ങളുടെ പാര്‍ട്ടിയാഫിസില്‍ പോയിരുന്നു. എന്നാല്‍ നിങ്ങള്‍ എവിടെയെന്നാര്‍ക്കുമറിയില്ലന്നവര്‍ പറഞ്ഞു - അറിയുക; ഞാന്‍ നിങ്ങളെ സ്നേഹിച്ചിരുന്നു. നിങ്ങളുടെ മനസ്സിലെ നന്മയെ എനിക്കു തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. അതുകൊണ്ട് നിങ്ങള്‍ ഒരു വഞ്ചകനായിരുന്നു എന്നു ഞാന്‍ ഒരിക്കലും പറയില്ല. നമ്മള്‍ ഒന്നിച്ചുണ്ടായിരുന്ന സമയത്തൊക്കെ ഞാന്‍ ജീവിതത്തെ മറ്റൊരു കണ്ണാടിയില്‍ കണ്ടു. പക്ഷേ നിങ്ങള്‍ അതൊരിക്കലും ചിന്തിച്ചിട്ടുപോലും ഉണ്ടാകില്ല. എന്നാലും ഒന്നിനും വേണ്ടിയല്ലാതെ ഞാന്‍ നിങ്ങളെ സ്നേഹിച്ചു. നിങ്ങള്‍ എനിക്കു കാണിച്ചു തന്ന നഗരകാഴ്ചകള്‍ക്ക് നന്ദി. നിങ്ങളല്ലാതെ മറ്റാര്‍ എനിക്കതു കാണിച്ചു തരുമായിരുന്നു.? ചുവന്ന കോട്ടയില്‍ നമ്മള്‍ ചരിത്രത്തിലുടെ കടക്കവേ ഷാജഹാന്റെ പ്രേമത്തെക്കുറിച്ചു നിങ്ങള്‍ പറഞ്ഞില്ലെ...അപ്പോള്‍ പെട്ടന്നുണ്ടായ ചാറ്റമഴയില്‍ നമ്മള്‍ ചേര്‍ന്നു നിന്നു നനഞ്ഞതോര്‍മ്മയില്ലെ... എന്റെ മനസ്സപ്പോള്‍ പ്രേമത്താല്‍ നിറഞ്ഞു പെയ്കയായിരുന്നു. ഒരുകര്യം ഞാന്‍ അന്നു നിങ്ങളോടാവശ്യപ്പെട്ടതോര്‍മ്മയുണ്ടോ...? നമ്മള്‍ ഒന്നിച്ചെന്നെങ്കിലും ഒരിക്കല്‍ താജ്മഹലില്‍ പോകണം. അതെ നമ്മള്‍ ഒന്നിച്ചു മാത്രമേ പോകുകയുള്ളു. എന്നെങ്കിലും... സാമ്രാജ്യത്വത്തിനെതിരായ, സര്‍വ്വരാജ്യത്തൊഴിലാളി ഭരണം സ്ഥാപിച്ചു കഴിഞ്ഞ് എന്നെ ഓര്‍ക്കുമെങ്കില്‍ തിരിച്ചു വരണം . അന്നു നമുക്ക് ഒന്നിച്ചു പോകാം. ഇപ്പോള്‍ ഞാന്‍ വിടചോദിക്കുന്നു. എനിക്കു തന്ന എല്ലാ സന്തോഷങ്ങള്‍ക്കും നന്ദി. നിങ്ങള്‍ വരുന്നതുവരേയും ഇവിടെത്തന്നെ കാത്തിരിക്കണമെന്നെനിക്കുണ്ടായിരുന്നു. പക്ഷേ എന്റെ സാഹചര്യങ്ങള്‍ മാറി. എന്റെ ജീവിതം മറ്റൊരു ദിശയിലേക്ക് ഞാന്‍ അറിയാതെ ഒഴുകി മാറുകയാണ്.... ഞാന്‍ പോകുകയാണ്. ഒരു കാര്യം കൂടി അവസാനം നമ്മള്‍ കണ്ടപ്പോള്‍ എനിക്കു തന്ന ആ വലിയ സമ്മാനംഎന്റെ മരണം വരെ എന്നോടൊപ്പം ഉണ്ടാകും. അതത്ര മാത്രം എനിക്ക് വിലപ്പെട്ടതാണ്. എന്നെ തിരഞ്ഞു വരില്ലെന്നുള്ള പ്രതീക്ഷയില്‍...''

കത്തുവായിച്ചയാള്‍ അല്പനേരം വിഷണ്ണനായി നിന്നു. പാര്‍ട്ടി അനുവദിച്ച ദിവസങ്ങള്‍ തീരുന്നതിനു മുമ്പേ അവള്‍ക്ക് തന്നോടിഷ്ടമെങ്കില്‍ പാര്‍ട്ടിയുടേ അനുവാദം വാങ്ങാന്‍ അയാള്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ഒന്നുറപ്പായി താനവള്‍ക്കയച്ച കത്തുകളൊന്നും അവള്‍ക്കെത്തിയിട്ടില്ല. അവള്‍ വീടുമാറി എവിടെയന്നറില്ല. പാര്‍ട്ടി അറീയിച്ചു കൊണ്ടിരുന്നു. താന്‍ അതൊക്കെ വിശ്വസിച്ചു. അവള്‍ എവിടെയെങ്കിലും സുഖമായി കഴിയട്ടെ. അവളുടെ ജീവിയത്തില്‍ ഒരക്ഷരതെറ്റായി താന്‍ ഉണ്ടാകാന്‍ പാടില്ല. അയാള്‍ തിരുമാനിച്ചുറച്ച് തന്നില്‍ നിഷിപ്തമായിരിക്കുന്ന ജോലിയിലേക്ക് ലയിച്ചു ചേര്‍ന്നു. അപ്പോഴും രണ്ടുകാര്യങ്ങള്‍ അയാള്‍ സൂക്ഷിച്ചു. അവള്‍ തന്നില്‍ പറ്റിച്ചേര്‍ന്ന മാലിന്യങ്ങളെ തുടയ്ക്കാന്‍ തന്ന കര്‍ച്ചിഫും, അവളുടെ ഒരേയൊരു കത്തും,

കാലം പോക പോകെ അയാള്‍ തിരിച്ചറിയുന്നു എവിടെയോ ഒരു ഗൂഡാലോചന നടന്നിട്ടുണ്ട്. അസഹ്യമായ ഏകാന്തതയില്‍ അവളുടെ കത്ത് വീണ്ടും വായിക്കും. അപ്പോള്‍ മറഞ്ഞു കിടന്ന പലതും പുറത്തേക്കുവരും. താന്‍ അവളോടുക്കാതിരിക്കാന്‍ ആരൊക്കയൊ ഇടയില്‍ കളിച്ചിട്ടുണ്ട് അതു തീര്‍ച്ച. ഒരു വിപ്ലകാരിയെ നഷ്ടപ്പെട്ടു കൂട. അവസാനമയി അവളെ കാണാന്‍ പോകുന്നതിനു തലേദവസം മാത്രമേ ബീഹാറിലേക്കു പോകാനുള്ള പാര്‍ട്ടി കത്തു കിട്ടിയൂള്ളു. അവളെ കാണാതു പോകാന്‍ മനസ്സനുവദിച്ചില്ല. അവള്‍ക്കുവേണ്ടി ഒരു കാഷ്മീരി ഷാള്‍ വാങ്ങിയിരുന്നു.ബസ്സ്റ്റോപ്പില്‍ ഏറെ കാത്തിട്ടും അവളെ കാണാഞ്ഞിട്ട് അവളുടെ മുറിയിലേക്ക് നടന്നു. അവള്‍ ജോലിക്കു പോകാതെ മുറിയില്‍ ഉണ്ടായിരുന്നു. ''രാവിലെ മുതല്‍ ഒരു ചെറിയ തലവേദന.'' അവള്‍ പറഞ്ഞു.അയാള്‍ അവളുടെ നെറ്റിയില്‍ കൈവെച്ചു. അവള്‍ കിടന്ന കട്ടിലില്‍ ഇരുന്നു. ആ തലോടലിന്റെ ചൂടില്‍ അവള്‍ മെല്ലെ കണ്ണുകളെ അടച്ചു. ചിടിയാ ഖറിലെ പക്ഷിക്കൂട്ടങ്ങള്‍ പരസ്പരം കൊക്കുരുമ്മി ഇരിക്കുന്നതു കാണൂമ്പോള്‍ അവള്‍ പറഞ്ഞിരുന്നു. ഒരുനാള്‍ നമുക്കും ഇങ്ങനെ ഇരിക്കണം. അവള്‍ തന്റെ മനസ്സു തുറക്കുകയാണന്നറിഞ്ഞിട്ടും പാര്‍ട്ടിയനുവാദം കിട്ടിയിട്ടെ തനിക്കെന്തെങ്കിലും പറയാന്‍ പറ്റു എന്നയാള്‍ നിലപാടെടുത്തു. ഇന്ന്... നിയന്ത്രണങ്ങളുടെ ചരടുകള്‍ പൊട്ടി... അവര്‍ ആകാശത്തില്‍ പറന്നു. അയാള്‍ തന്റെ സ്നേഹത്തെ അവളെ അറിയിച്ചു......ഏറനേരത്തെ മൗനത്തിനുശേഷം തന്റെ യാത്രയെക്കുറിച്ചവളോടു പറഞ്ഞു.ഈ യാത്ര പറച്ചില്‍ പ്രതീക്ഷിച്ചവളെപ്പോലെ അവള്‍ ചിരിക്കാന്‍ ശ്രമിച്ചെങ്കിലും അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. പോകരുതേ എന്നൊരു യാചന. അയാള്‍ അതു കണ്ടതായി നടിച്ചില്ല ഇറങ്ങി നടന്നു. പുറകില്‍ ഒരേങ്ങല്‍ കേട്ടതുപോലെ.

'പ്രേമം, കുടുംബം, കുട്ടികള്‍ ഇതൊക്കെ പെറ്റിബുര്‍ഷാ ഇടപാടുകളാണ്. ഒരു നല്ല കമ്മ്യുണിസ്റ്റുകാരന്‍ എല്ലാ ബന്ധങ്ങളേയും നിരാകരിക്കാന്‍ കെല്‍പ്പുള്ളവന്നയിരിക്കണം. അവനു പട്ടുമെത്തയും പുല്‍ത്തകിടിയും ഒരുപോലെയായിരിക്കണം. സര്‍വ്വലോകതൊഴിലാളി ആധിപത്യം വന്നാല്‍ ഒരോരുത്തര്‍ക്കും, അവരവരുടെ ആവശ്യമനുസരിച്ച് തുല്ല്യമായി എല്ലാം കിട്ടും. അതിനുവേണ്ടി നാം ത്യാഗം സഹിച്ചേ മതിയാകു. ഒരു മെഡിക്കല്‍ ഡോക്ടറായിരിന്നിട്ടും തെക്കനമേരിക്കന്‍ കാടുകളില്‍ തൊഴിലാളി വര്‍ഗ്ഗത്തിനുവേണ്ടി തോക്കെടുത്ത ചെഗ്വേരയെ ഓര്‍ക്കണം.' സംസാരിക്കുമ്പോള്‍ വിക്കുള്ള നേതാവ് സ്റ്റഡിക്ലാസ് എടുക്കുകയാണ്. 'നിങ്ങളെപ്പോലെയുള്ളവര്‍ അടിസ്ഥാന വര്‍ഗ്ഗത്തിനിടയില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കണം. ഓര്‍ക്കുക നിങ്ങളാണു നിലം ഒരുക്കേണ്ടവര്‍, ലോകം മുഴുവന്‍ നമ്മുടെ ഭരണം....' ആവേശത്താല്‍ വിക്കു കൂടിയിട്ട് സഖാവ് തന്റെ ക്ലാസു നിര്‍ത്തി.

ബീഹാറിലെ പട്ടിണിപ്പാവങ്ങള്‍ക്കിടയില്‍ മദ്രാസി ബാബുവായി, അവരെ, അവരറിയതെ മറ്റൊരു മാര്‍ഗ്ഗത്തിലേക്കു നയിച്ചുകൊണ്ടിരുന്നു. ചിലപ്പോഴൊക്കെ ജഡികചോദനകള്‍ ഉണരുമ്പോള്‍ സ്വയം തിരുത്തും. ഒരു വിപ്ലവകാരി ജഡിക മോഹങ്ങള്‍ക്കിരയാകാന്‍ പാടില്ല. സ്വയം തിരഞ്ഞെടുത്ത വഴിയാണ്. ഒരിക്കല്‍ ആ വഴി തിരഞ്ഞെടുത്താല്‍ പിന്നെ മാറ്റമില്ല. അവര്‍ നമ്മെ അതിലേക്കു തന്നെ വലിച്ചിഴക്കും. എറുമ്പുകളെപ്പോലെ , തേനീച്ചയെപ്പോലെ പണിയെടുക്കണം. ഒരിടത്തു നിലം ഒരുങ്ങുമ്പോഴേക്കും അവിടെ വിതയ്ക്കാനും കൊയ്യാനും പുതിയ ആളുകള്‍ എത്തുന്നു, താന്‍ മറ്റൊരു സ്ഥലത്ത് നിലമൊരുക്കാന്‍ വിധിക്കപ്പെടുന്നു. ഒരു കൂട്ടര്‍ സര്‍വ്വ ആര്‍ഭാടങ്ങളോടും ജീവിക്കുമ്പോള്‍ മറുകൂട്ടര്‍ ജീവിത സായാഹ്നത്തില്‍ ഒന്നുമില്ലാത്തവരായി, ആരുമില്ലാത്തവരായി ഒറ്റമുറികളിലായി അറിയപ്പെടാത്ത നഗരങ്ങളില്‍ മരണവും കാത്തു കിടക്കുന്നു. സാമ്രാജ്യം തുലയട്ടെന്നു വിളിച്ചവര്‍ ഇന്ന് സാമ്രാജ്യ ആനുകൂല്യങ്ങള്‍ പറ്റി അവിടെ വിദഗ്ദ്ധ ചികില്‍സക്കായി പോകുന്നു. ആരാണു ജയച്ചത്. ആരാണു തോറ്റത്. തന്നെപ്പോലെയുള്ളവര്‍ ചരിത്രത്താളുകളില്‍ ഉണ്ടാകില്ല.അവളുടെ കത്തുവായിക്കുത്തോറും പലേ അര്‍ത്ഥങ്ങളും തെളുഞ്ഞുവരുന്നു. തിരിച്ചറിയാന്‍ കുറെ കാലങ്ങളെടുത്തു. അവളെ കാണണം. തെറ്റുപറ്റിയെന്നവളോടെങ്കിലും പറയണം. നേരം ഇരുട്ടിത്തുടങ്ങി. ഇനി ആരോടെങ്കിലും ചോദിക്കണം. അവളുടെ വീടു കണ്ടെത്താനും അവളെ കാണാനുംതിരുമാനിച്ചയാള്‍ തിരിഞ്ഞു നടന്നു.

അയാള്‍ ആ ചായക്കടയിലേക്കുതന്നെ തിരിച്ചു ചെന്നു. അവിടെ അപ്പോള്‍ തിരക്കു കുറഞ്ഞിയിരുന്നു. വായനശാലയുടെ മതിലില്‍ ഇരുന്നവര്‍ അവിടെ ഇല്ല. അറിവിന്റെ ആലയത്തില്‍ നിന്നും ഇരുട്ടിന്റെ കാഹളം കേള്‍ക്കുന്നപോലെ അയാള്‍ക്കു തോന്നി. എവിടേയും ഇരുട്ടാണ്. ആചാര്യന്മാരെ നിങ്ങള്‍ ഇരുളിന്റെ മറവിലാണല്ലോ...അതാണു നിങ്ങള്‍ക്കും നല്ലത്. ഇവിടെ എല്ലാവരും ഉറയില്‍വാളുകളുമായണു നടക്കുന്നത്. . ഇഷ്ടമില്ലാത്തതിനെ ഒക്കെ അവര്‍ ഛേദിച്ചുകളയും. ഒരു വാഹനപ്രചരണ ജാഥ അയാള്‍ക്കുമുന്നില്‍ ശബ്ദകോലാഹലവുമായി പോകുന്നു. അവര്‍ ആശയങ്ങളെ വില്‍ക്കുകയാണ്. പശുവും രാമക്ഷേത്രവുമാണു വിഷയം.

''ഓ...ടിച്ചറാ പ്രസംഗിക്കുന്നെ...ഇന്നിവിടെന്തെങ്കിലും നടക്കും.''ചായക്കടക്കാരന്‍ അല്പം ഉല്‍സാഹിയായി. വിദ്വേഷപ്രസംഗങ്ങള്‍ നടത്തുന്ന ഒരു സ്ത്രിയെക്കുറിച്ചയാള്‍ കേട്ടിട്ടുണ്ടായിരുന്നു. ഒരിക്കലും അവരുടെ പ്രസംഗം കേള്‍ക്കാന്‍ താല്പര്യപ്പെട്ടിട്ടില്ല. ആരോഗ്യമില്ലാത്ത ഒരു ശരീരത്തില്‍ നല്ലമനസ്സു വളരുന്നതെങ്ങനെ. അതെപ്പോഴും വിനാശത്തിന്റെ വിത്തുകളെ പുറം തള്ളിക്കൊണ്ടിരിക്കും. ജാതിയും മതവും മനുഷ്യനിലെ അടിസ്ഥാന വികാരമാണോ...? അവള്‍ ഒരിക്കല്‍ പറഞ്ഞതയാള്‍ ഓര്‍ത്തു. ''ഞാന്‍ എന്റെ ജാതിയില്‍ പെട്ട ഒരുത്തനേയും കെട്ടി ജിവിച്ചു കൊള്ളം.''ഉടുപ്പിഹോട്ടലില്‍ കഴിച്ചുകൊണ്ടിരുന്ന സാമ്പാര്‍ റൈസില്‍ സ്പൂണിട്ടിളക്കി കുറെനേരം അവളെത്തന്നെ നോക്കി ഇരുന്നു. അവള്‍ പറയുന്നത്; അവള്‍ക്കു തന്നെ ഇഷ്ടമാണന്നും, അന്യജാതിക്കാരനായ ഒരുവനെ അവളുടെ വീട്ടുകാര്‍ സമ്മതിക്കില്ലെന്നും, ഇനി എന്താണു നിങ്ങളുടെ ഉദ്ദേശം എന്നുമൊക്കെയാണന്നയാള്‍ മനസ്സിലാക്കി. മനസ്സൊട്ടും വളര്‍ന്നിട്ടില്ലാത്ത അവളോടയാള്‍ക്ക് സഹതാപമായിരുന്നു. ഇഷ്ടം എന്നാല്‍ വിവാഹം എന്നാണവളുടെ സമവാക്യം. ജാതിയില്‍നിന്നും, മതത്തില്‍നിന്നും, ദൈവത്തില്‍ നിന്നും ഒക്കെ വേറിട്ട ഒരുവനാണു താനെന്നവളൊടു പറയാന്‍ അയാള്‍ക്കു തോന്നിയില്ല. പക്ഷേ അവളോടുള്ള ഇഷ്ടം ഒട്ടും കുറഞ്ഞിരുന്നില്ല.

''ദേ...ടിച്ചര്‍ പോകുന്നു.''കടക്കാരന്‍ ആകെയൊന്നാടിയുലഞ്ഞപോലെ കടയുടെ വെളിയിലേക്കിറങ്ങി, എന്താ കാണാന്‍ വരുന്നില്ലേ എന്നമട്ടില്‍ അയാളെ നോക്കി. അയാള്‍ ഒന്നു ചിരിച്ചതെയുള്ളു. 'ടീച്ചര്‍!' എത്ര മഹനീയമായ പദവി. എന്തു ചെയ്യാം അര്‍ഹതയില്ലാത്തവരേയും ആളുകള്‍ മഹാത്മാവെന്നു വിളിക്കാറുണ്ടല്ലോ. അയാള്‍ സ്വയം പറഞ്ഞു. എല്ലാ രാഷ്ട്രിയ പ്രത്യയശാസ്ത്രങ്ങളും മനുഷനെ പരസ്പരം വെറുക്കാന്‍ പഠിപ്പിക്കുന്നു. മതങ്ങളും അങ്ങനെ തന്നെ. ഇതൊക്കെ മനസ്സിലാക്കുന്നവര്‍ ഭാഗ്യവാന്മാര്‍. അയാള്‍ സ്വയം സമാധാനിച്ചു. ചായക്കടക്കാരന്റെ കണ്ണുകളില്‍ എന്തൊക്കയോ നിറഞ്ഞു നില്‍ക്കുന്നു.

''നിങ്ങള്‍ ആരാണ്.ആരെയെ ആണു തിരയുന്നത്....'' ചായക്കടക്കാരന്‍ നേരത്തെ കാണിച്ച അപരിചിതത്തം മറന്നയാളോടു ചോദിച്ചു.

''ഞാന്‍ ഈ നാട്ടുകാരനല്ല. മുമ്പ് ഈ ചായക്കട നടത്തിയിരുന്ന ആശാനെ നിങ്ങള്‍ക്കറിയാമോ...?''ചായക്കടക്കാരന്‍ അയാളെ ഒന്നിരുത്തിനോക്കി എന്തോ ഓര്‍ത്തിട്ടെന്നപോലെ ചോദിച്ചു. ''ആശാനെ അറിയുമോ...?'' ചായക്കടക്കാരന്‍ ഒരു മറുപടി പ്രതീക്ഷിക്കാതെ തുടര്‍ന്നു. ''ആശാന്‍ മരിച്ചിട്ട് കുറെ വര്‍ഷങ്ങളായി. ആശാന്‍ ഒരു നല്ല തെയ്യം കെട്ടുകാരനായിരുന്നു. ഉത്സവകാലമായാല്‍ ആശാനെ ഇവിടെയെങ്ങും കാണുല്ല.അപ്പം ചായക്കടനടത്തുന്നത് ആശാന്റെ ഭാര്യ, അതായത് എന്റെ അമ്മായി. ഞാനും ചെറുപ്പത്തില്‍ അമ്മാവനെ സഹായിക്കാന്‍ കൂടിയതാ...പിന്നെ കടയങ്ങേറ്റെടുത്തു.''

''ആശാന്റെ മക്കള്‍...'' തനിക്കറിയേണ്ട ആളിന്റെ എന്തെങ്കിലും വിവരം കിട്ടുമോ എന്നുള്ള ആകാംഷ മറച്ചു പിടിച്ചയാള്‍ ചോദിച്ചു.

''ആശാനു രണ്ടു മക്കളാ'' എന്തോ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നവനെപ്പോലെ ചായക്കടക്കാരന്‍ ഒന്നു നിര്‍ത്തി പിന്നെ തുടര്‍ന്നു. ''മൂത്ത മകന്‍ പട്ടാളത്തിലായിരുന്നു...പിരിഞ്ഞു കഴിഞ്ഞ് അവിടെവിടെയോ കൂടി.ഇങ്ങോട്ടൊന്നും വരവില്ല...അല്ല എങ്ങനാ വരുന്നത്....'' പറയാന്‍ വന്നതെന്തോ പറയാതെ, അടുപ്പിലെ തിയൊന്നിളക്കിപ്പറഞ്ഞു. ''രണ്ടാമത്തെ മകള്‍ കുറച്ചു നാള്‍ ഡല്‍ഹിലോമറ്റോ ആയിരുന്നു. ചേച്ചി തിരിച്ചു വരുമ്പം ആറുമാസം ഗര്‍ഭമായിരുന്നു. അവിടെവെച്ചു കല്ല്യാണം നടന്നെന്നും, പയ്യന്‍ ഒരപകടത്തില്‍ മരിച്ചു പോയെന്നുമാ ആശാന്‍ എല്ലാരോടും പറഞ്ഞത്. ചേച്ചിക്കൊരാണ്‍കുഞ്ഞ് ജനിച്ച് കുറെ കഴിഞ്ഞപ്പോ ആശാനും മരിച്ചു. വേറെ ഒരു കല്ല്യാണം കഴിക്കാന്‍ ഞങ്ങളെല്ലാം ഒത്തിരി പറഞ്ഞിട്ടും ചേച്ചി കേട്ടില്ല. അമ്മായി മരിക്കുന്നതിനു മുമ്പ് ഇവിടെയൊള്ളതെല്ലാം വിറ്റ്, കുറച്ചു പടിഞ്ഞാറു മാറി സ്ഥലവും വീടും വാങ്ങി. കട എന്നേയും ഏല്‍പ്പിച്ചു.'' ഒരു കഥ ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ഭംങ്ങിയിപ്പറഞ്ഞു എന്ന ഭാവത്തില്‍ ''എന്നാല്‍ ഒരു ചായകൂടി എടുക്കട്ടെ...''

ചായകടക്കാരന്‍ പറഞ്ഞതയാള്‍ കേട്ടില്ല. അയാള്‍ ഏതോ തിരമാലയില്‍ മുങ്ങിപ്പൊങ്ങുകയായിരുന്നു .ഭര്‍ത്താവ് അപകടത്തില്‍ മരിച്ചുവത്രെ. അതു കള്ളമാണ്.അയാള്‍ക്കുറക്കെ വിളിച്ചു പറയണമെന്നു തോന്നി. അവളുടെ കത്തിന്റെ അവസാന ഭാഗം അയാള്‍ക്കപ്പോള്‍ മാത്രമേ തെളിഞ്ഞുവന്നുള്ളു. ഏറ്റവും ഒടുവില്‍ തന്ന സമ്മാനം തന്റെ ജീവിത അവസാനം വരേയും തന്നേടൊപ്പം ഉണ്ടാകും എന്ന്. അയാളുടെ ഉള്ളില്‍ ആശയുടെ ഒരു പുതു നാമ്പു മുളയ്ക്കുകയായിരുന്നു. തന്റെ വാര്‍ദ്ധിക്യം തന്നെ വിട്ടകന്നതുപോലെ. അവളുടെ തലവേദനയുടെ ആ പകല്‍ ഇതാ മറ്റൊന്നായി രൂപാന്തരപ്പെട്ടിരിക്കുന്നു. തനിക്കാരൊക്കയോ ഉള്ളപൊലൊരു തോന്നല്‍. പക്ഷേ... അവളെ എങ്ങനെ നേരിടും. ഒരു ഭീരുവിനെപ്പോലെ താന്‍ ഒളിച്ചോടി എന്നവള്‍ വിശ്വസിക്കുന്നുണ്ടാകും. തങ്ങള്‍ക്കിടയില്‍ കളിച്ചവര്‍....

''എനിക്കവരെ ഒറ്റക്കൊന്നു കാണാന്‍ എന്താ വഴി.'' അയാളുടെ ശബ്ദം യാചനയുടെതായിരുന്നു.

''എന്താ...പരിചയമുണ്ടോ,,,?'' ചായക്കടക്കാരന്റെ ചോദ്യത്തില്‍ എന്തൊക്കയോ സംസയത്തിന്റെ നിഴല്‍

''ഉം...'' അയാള്‍ മൂളി.

''വീട് അല്പം ദൂരെയാണ്''

''വേണ്ട വീട്ടില്‍ പോകണ്ട...ഒറ്റക്കെവിടെയെങ്കിലും''

''നാളെ ഇവിടെയുള്ള കോപ്റേറ്റിവ് ബാങ്കിലേക്ക് ചെല്ലാമെങ്കില്‍ അവിടെ കാണാം. ചേച്ചിക്കവിടെ ഒരു ചെറിയ ജോലിയുണ്ട്''ചായക്കടക്കാരന്റെ കണ്ണുകളില്‍ സദാചാരപ്പോലിസിന്റെ സംശയത്തിന്റെ നിഴലുകള്‍ മൊട്ടിടുന്നതു ശ്രദ്ധിക്കാതെ, കൊണ്ടുവെച്ച ചായ കുടിക്കാതെ, ചില ഉറച്ച തീരുമാനങ്ങളോട് അയാള്‍ കടയില്‍ നിന്നും ഇറങ്ങി നടന്നു. അവളോടെല്ലാം തുറന്നു പറയണം. അവള്‍ക്കിഷ്ടമെങ്കില്‍...
അയാളുടെ ഉള്ളില്‍ ഒരു ചിരി വിടര്‍ന്നു. അങ്ങു കിഴക്ക് ചുവന്ന പ്രഭാതം വിരിയുന്നു! വിപ്ലവം വിജയിക്കട്ടെ. അയാള്‍ ഒരു ഭ്രാന്തനെപ്പോലെ ചിരിച്ചു.

കവലയിലെ മീറ്റിംഗ് കഴിഞ്ഞ് ആളുകള്‍ ഒറ്റയും കൂട്ടവുമായി നടന്നു പോകുന്നു. ചിലരൊക്കെ പ്രസംഗത്തെ അനുകുലിക്കുന്നു, മറ്റുചിലര്‍ അത്ര തീവ്രതയിലേക്കു പോകണ്ടാ എന്നഭിപ്രയപ്പെടുന്നു. അവര്‍ പരസ്പരം തര്‍ക്കിക്കുന്നു. എവിടേയും തര്‍ക്കിക്കയും വാദിക്കയും ചെയ്യണം. അപ്പോഴേ ജനാധിപത്യം ശക്തിപ്പെടുകയുള്ളു. അയാള്‍ സ്റ്റഡിക്ലാസുകളെ ഓര്‍ത്തു. അയാളുടെ ഉള്ളില്‍ സന്തോഷത്തിന്റെ പുതുനാമ്പുകള്‍ മുളയ്ക്കാന്‍ തുടങ്ങിയിരുന്നു. ഒരു പഴയ വിപ്ലവഗാനം അയാള്‍ മൂളി. അടുത്തു കണ്ട കടയില്‍ നിന്നും ഒരു കുപ്പിവെള്ളം വാങ്ങി രാത്രിയിലേക്കു കരുതി.

തനിക്കെതിരെ ഒരു മോട്ടോര്‍ ബൈക്കു വരുന്നു. അതിന്റെ വെളിച്ചം കണ്ണില്‍ അടിക്കാതയാള്‍ ഒതുങ്ങി. തന്നെ ചെളിയില്‍ കുളിപ്പിച്ച അതേ വണ്ടി. യുവാവ് വലിയ ആവേശത്തില്‍ എന്തൊക്കയോ ഫോണില്‍ പറയുന്നു. 'ടിച്ചറുടെ പ്രസംഗം കേട്ട് എല്ലാവന്മാരുംഞെട്ടി. ഇനി നമ്മളിവിടൊരു കളി കളിക്കും. നാളെ നമുക്ക് ...കൂടണം.' യുവാവ് വളരെ ഉച്ചത്തിലായിരുന്നു. പുറകിലിരിക്കുന്ന സ്ത്രിയെ അയാള്‍ ഒന്നുകൂടി നോക്കി. പെട്ടന്ന് ആ സ്ത്രീ റോഡിലെ കുഴിയിലേക്ക് ചാടിയ ബൈക്കില്‍ നിന്നും തെറിച്ചു വീണു. തല പൊട്ടി ചോര ഒലിപ്പിക്കാന്‍ തുടങ്ങി. യുവാവ് ഇതൊന്നും അറിയാത് ഫോണില്‍ തന്നെ സംസാരം തുടരുന്നു. അയാള്‍ ഒരാന്തരിക പ്രേരണയാല്‍ മുന്നോട്ടോടി, ആ സ്ത്രിയുടെ തലയെടുത്തു മടിയില്‍ വെച്ചു. ചോരയാല്‍ അയാള്‍ മുങ്ങി. എന്തുചെയ്യണമെന്നറിയാതെ അയാള്‍ ചുറ്റിനും നോക്കി. ആരൊക്കയോ ഓടി വരുന്നു. അയാള്‍ പോക്കറ്റില്‍ നിന്നും തനിക്ക് ഏറ്റവും പ്രീയപ്പെട്ടതായ ആ കര്‍ച്ചീഫ് എടുത്ത് അവരുടെ മുഖം തുടച്ചു. ആ കറുത്ത പൊട്ടും, മേല്‍നിരയിലെ പല്ലുകളുടെ നടുവിലെ വിടവും അയാള്‍ കണ്ടു.അയാള്‍ വിറങ്ങലിച്ചു. കുപ്പിയിലെ വെള്ളം തുറന്ന് ഒരുകവിള്‍ അവളെ കുടിപ്പിച്ചു. അയാള്‍ ആദ്യമായി അവളെ പേരു വിളിച്ചു. അവള്‍ കണ്ണുകള്‍ തുറന്നു.അയാളെ നോക്കി. അവളുടെ കണ്ണുകള്‍ തിളങ്ങി.'നമ്മുടെ മകന്‍' അവള്‍ പറഞ്ഞു. പിന്നെപിന്നെ അവളുടെ ചലനം നില്‍ക്കുന്നതയാള്‍ അറിഞ്ഞു.അയാള്‍ അവളെ നെഞ്ചോടു ചേര്‍ത്തു. അവള്‍ കുടിച്ചതിന്റെ ബാക്കി വെള്ളം അവളുടെ തലയിലുടെ ഒഴിച്ചു. ഒരു ഭ്രാന്തനെപ്പോലെ അയാള്‍ അവിടെനിന്നും ഓടി.

ഉദകക്രിയ (ചെറുകഥ:  സാംസി കൊടുമണ്‍)
Join WhatsApp News
amerikkan mollakka 2021-01-23 22:32:23
ഹള്ളാ... സാംസി സാഹേബ് ഇങ്ങടെ പേര് കണ്ട് ബായിച്ചതാണ്. ബായിച്ചിട്ടും ബായിച്ചിട്ടും തീരുന്നില്ല. ഇത് ഞമ്മക്ക് ഒരു നോവലായി തോന്നി. ഇമ്മിണി ബിശേഷങ്ങൾ.. എയ്ത്ത് മോശമില്ല സാഹിബ്. അപ്പൊ അസ്സലാമു അലൈക്കും...
അപരിചിതൻ 2021-01-24 01:49:39
സാംസി... സ്വന്തം പേര് പറയാനുള്ള ധൈര്യമില്ലാത്തതിനാൽ അപരിചിതന്റെ നാമം കടമെടുക്കുന്നു. ഇത്ര മനോഹരമായ ഒരു കഥ പറഞ്ഞതിന് താങ്കൾക്ക് ഈ അപരിചിതന്റെ കൂപ്പുകൈ.. താങ്കളെ നേരിട്ട് കണ്ടിരുന്നെങ്കിൽ കെട്ടി പിടിച്ചു ഒരു ഉമ്മ തന്നേനെ....
അപരിചിതൻ 2 2021-01-24 01:51:35
"ശവപെട്ടിയേന്തിയവന്റെ മുദ്രാവാക്യങ്ങൾ, ഒരു ശവക്കുഴി കൊതിക്കുന്ന ശവങ്ങൾ", "ഗ്രാമങ്ങളിലെ നന്മയെ ഇല്ലാതാക്കി, പ്രത്യയശാസ്ത്ര അടിമകളെ ജനിപ്പിക്കുന്ന രാഷ്ട്രീയം", "ടീച്ചർ എത്ര മഹനീയമായ പദവി, അർഹതയില്ലാത്തവരേയും ആളുകൾ മഹാത്മാവെന്ന് വിളിക്കാറുണ്ടല്ലോ"... "എല്ലാരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും മനുഷ്യനെ പരസ്പരം വെറുക്കാൻ പഠിപ്പിക്കുന്നു, മതങ്ങളും അങ്ങനെ തന്നെ". അതെല്ലാം നഗ്ന സത്യങ്ങൾ...
അപരിചിതൻ 3 2021-01-24 01:54:09
എൻറെ കണ്ണ് നിറച്ചത് അതൊന്നുമല്ല സാംസി... "നടന്ന വഴികളിൽ താൻ ആരോടൊക്കെയോ അന്യായം പ്രവർത്തിച്ചെന്നൊരു കുറ്റബോധം.. അവരെയൊക്കെ കാണണം. നേരം ഇരുളാൻ ഇനി അധിക സമയമില്ല, യാത്ര എവിടെയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു, അല്ലെങ്കിൽ നിനയ്ക്കാത്ത സമയത്ത് അത് അവസാനിക്കുന്നതിന് മുൻപ് കടങ്ങൾ വീട്ടേണ്ടിയിരിക്കുന്നു". "ഏറ്റവും ഒടുവിൽ തന്ന സമ്മാനം ജീവിതാവസാനം വരേയും ഉണ്ടാകും"... Feel crying reading the story, I can see the scene, I feel sad and depressed. എനിക്ക് വായിക്കേണ്ടായിരുന്നു...
Sudhir Panikkaveetil 2021-01-24 12:44:48
ശ്രീ സാംസി , സംഭവബഹുലമായ കഥ !!
സാംസി കൊടുമൺ 2021-01-24 13:57:37
പ്രിയമുള്ള അപരിചിതന്‍, താങ്കൾ കഥ വായിച്ചതിനും കഥയെ ഉൾക്കൊണ്ട് അഭിപ്രായം പറഞ്ഞതിനും നന്ദി. വായിച്ച എല്ലാവർക്കും നമസ്കാരം.
George Maracheril 2021-01-24 19:59:03
Excellent Story. After a long time, I read and enjoyed a beautiful novel like short story. Hearty Congrats my dear friend Samsy👌
RAJU THOMAS 2021-01-24 21:57:51
ഇതൊരു ചെറുകഥ തന്നെയാണ് , നീണ്ടയൊരു ചെറുകഥ. ഹാവൂ , കഥാന്ത്യത്തിലെ ഭാവനാസമ്പുഷ്ടവും ഭാവസാന്ദ്രവുമായ ആ മുഹൂർത്തം ! Well done, Samcy, very well done! I envy you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക