ന്യൂഡല്‍ഹി : കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ തുടര്‍ച്ചയായ പിന്തുണ നല്‍കിയതിന് ഇന്ത്യയ്ക്കു നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന. അയല്‍ രാജ്യങ്ങളിലേക്കും ബ്രസീല്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യ കോവിഡ് വാക്സീന് കയറ്റുമതി ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയിലേക്കും വാക്സീന് അയക്കുന്നുണ്ട്.
‘ഇന്ത്യയ്ക്കു നന്ദി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുള്ള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചുനിന്ന് അറിവുകള്‍ പങ്കുവച്ചാല്‍ മാത്രമേ വൈറസിനെ തടയാനാകൂ, ജീവിതവും ജീവനും സംരക്ഷിക്കാന്‍ കഴിയൂ’– ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ട്വീറ്റ് ചെയ്തു.
വാക്സീന് കയറ്റുമതി ചെയ്തതിനു ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ എം.ബോള്‍സോനാരോ നന്ദി അറിയിച്ചു ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ടെഡ്രോസിന്റെ സന്ദേശം. വെള്ളിയാഴ്ച ഇന്ത്യ രണ്ട് മില്യന്‍ ഡോസ് കോവിഷീല്‍ഡ് വാക്സീന് ബ്രസീലിലേക്ക് കയറ്റി അയച്ചിരുന്നു.
ഇന്ത്യയില്‍നിന്നു ബംഗ്ലദേശ്, നേപ്പാള്‍, ഭൂട്ടാന്, മാലദ്വീപ് എന്നീ രാജ്യങ്ങളിലേക്ക് മൊത്തം 3.2 മില്യന്‍ വാക്സീന് ഡോസുകള്‍ അയച്ചു. മൗറീഷ്യസ്, മ്യാന്മര്, സീഷെല്‍സ് എന്നീ രാജ്യങ്ങള്‍ക്കും വാക്സീന് നല്കി. ഉടന്‍ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും നല്‍കും.