ഒരു മണിക്കൂര്‍ സഞ്ചരിച്ച് അവര്‍ ബംഗ്ലാവിന് മുന്നിലെത്തി. പോലീസ് ജീപ്പില്‍ നിന്ന് അബ്ദുള്ളയും സ്വന്തം കാറില്‍ നിന്ന് കിരണും പുറത്തിറങ്ങി. എങ്ങും നിശബ്ദത മാത്രം. വിവിധ നിറത്തിലുള്ള പൂക്കള്‍ കണ്ണിന് കുളിര്‍മ നല്കി. ബംഗ്ലാവിന് മുന്നിലെ മാവിന്‍ തുമ്പത്ത് പഴുത്തു കിടന്ന മാമ്പഴങ്ങള്‍ ആര്‍ത്തിയോടെ കിളികള്‍ കൊത്തിത്തിന്നുന്നത് കണ്ട് അണ്ണാറക്കണ്ണന്മാര്‍ പാഞ്ഞെത്തി. പെട്ടെന്ന് കിളികള്‍ പറന്നുപോയത് അവള്‍ അത്ഭുതത്തോടെ കണ്ടു. തലയില്‍ ധരിച്ചിരുന്ന ലണ്ടന്‍ തൊപ്പിയൂരി അവള്‍ എല്ലായിടവും വീക്ഷിച്ചു. പറമ്പിലെ തെങ്ങോലകള്‍ കാറ്റില്‍ ആലോലമാടി. തൊപ്പി തലയില്‍ ചൂടി അവര്‍ക്കൊപ്പം വരാന്തയിലേക്ക് കയറി. മുറ്റത്തു നിന്ന ഡ്രൈവര്‍ പോലീസിനോടു പറഞ്ഞു ""ആരെയും ഇങ്ങോട്ടു വരാന്‍ അനുവദിക്കരുത്.''
അബ്ദുള്ള മുറി തുറന്നുകൊടുത്തു. അയാളുടെ മനസില്‍നിന്ന് സഘര്‍ഷങ്ങളെല്ലാം അകന്നുകഴിഞ്ഞിരുന്നു. ഇതില്‍ നിന്ന് രക്ഷപെട്ടതില്‍ അയാള്‍ ആനന്ദം കണ്ടെത്തി. കഴിഞ്ഞ രണ്ടാഴ്ച എന്തെല്ലാം കാണേണ്ടി വന്നു. ടെലിഫോണിലൂടെ ഓരോരുത്തരോടും ഉത്തരം പറഞ്ഞു മടുത്തു. ഏതു കേസും തെളിയിക്കാന്‍ കഴിവുള്ളവളെ ഏല്പിച്ചതു നന്നായി. അവള്‍ തെളിയിക്കട്ടെ. മാത്രമല്ല പോലീസിനുള്ളത്ര ജോലിയൊന്നും ഇവര്‍ക്കില്ലല്ലോ. അവരും കുറെ ബുദ്ധിമുട്ടുകള്‍ സഹിക്കണം. അവള്‍ മുറിക്കുള്ളില്‍ തിരച്ചില്‍ തുടര്‍ന്നു. അലമാരയിലിരുന്ന ചില ഫയലുകള്‍ എടുത്തുനോക്കിയിട്ട് മാറ്റിവച്ചു. എല്ലാം വളരെ വ്യഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. മുറിക്കുള്ളില്‍ എല്ലാം വളരെ അടുക്കും ചിട്ടയോടുകൂടിയുമാണ് കാണപ്പെട്ടത്. മുറിയില്‍ നിന്ന് ലഭിച്ച വീഡിയോ സി.ഡികളും ഒരു ഡയറിയും മാറ്റിവച്ചു. കുറ്റവാളിയെ കണ്ടെത്തുമോ? അബ്ദുള്ള സ്വയം ചോദിച്ചു. കമ്പ്യൂട്ടറില്‍ നിന്ന് പലതും സിഡിയിലേക്ക് മാറ്റുന്നുണ്ട്. ഇവള്‍ കമ്പ്യൂട്ടര്‍ വിദഗ്ദയാണോ? പഴയ തറവാട്ടുമുറ്റത്ത് എല്ലാം ആശങ്കയോടെ കണ്ടുന്നിന്ന രമാദേവിക്കും കാവല്‍ക്കാരന്‍ മണ്ടന്‍ മാധവനും ചില സ്ത്രീകള്‍ക്കും ഒരേ ചോദ്യമേ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടിയോ? ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയെന്നാണ് അറിഞ്ഞത്. ഇന്ന് പോലീസ് സംവിധാനമെല്ലാം ഭരണകക്ഷിയുടെ താല്പര്യമനുസരിച്ചാണ് കേസ്സുകള്‍ കൊള്ളുന്നതും തള്ളുന്നതുമെന്നാണ് പറയുന്നത്. കൊലയാളികളെ പറ്റിയറിയാന്‍ രമാദേവിയുടെ മനസ് വെമ്പല്‍ കൊണ്ടു. കാറ്റെങ്ങും ആടിത്തകര്‍ക്കുന്നതുപോലെ രമയുടെ മനസും ആടിത്തുടങ്ങി. മാധവനോട് ആവശ്യപ്പെട്ടു. ''മാധവാ ആ നില്ക്കുന്ന പോലീസുകാരനോട് പോയി ഒന്നു ചോദിക്കൂ കൊലയാളിയെ കിട്ടിയോ എന്ന്.'' മാധവന്‍ ആദരവോടെ പറഞ്ഞു, ''ആട്ട് തമ്പ്രാട്ടി.'' അറുപത്താറ് വയസും മെലിഞ്ഞ ശരീരവും നര ബാധിച്ച മുടിയും വിഷണ്ണമായ മുഖഭാവവുമുള്ള കാര്യസ്ഥന്‍ അമ്പരപ്പോടെ ഏതാനും ചുവട്ടടി മുന്നോട്ടു നടന്ന് തോളില്‍ കിടന്ന് വെള്ളത്തോര്‍ത്ത് രണ്ടു കൈകളിലും കൂപ്പി പിടിച്ച് ചോദിച്ചു. ''ഏമാനേ...'' വഴിയിലേക്ക് നോക്കിനിന്ന പോലീസുകാരന്‍ തിരിഞ്ഞുനോക്കി രൂക്ഷഭാവത്തില്‍ ചോദിച്ചു, ''എന്താടോ?'' മാധവന്‍ വിക്കി വിക്കി അറിയിച്ചു. ''ഏനോട് തമ്പ്രാട്ടി പറഞ്ഞേ കൊല...കൊലപ്പുള്ളീനെ പിടിച്ചോന്ന്...'' നിമിഷനേരത്തേക്ക് പോലീസുകാന്‍ മാധവനെ സൂക്ഷിച്ചു നോക്കി. ആ നോട്ടത്തില്‍ മാധവന്റെ മുഖം മങ്ങി. കണ്ണുകള്‍ വരണ്ടിരുന്നു. അതോടെ ചോദ്യമവസാനിച്ചു. പോലീസുകാരന്‍ തലയില്‍ ധരിച്ചിരുന്ന തൊപ്പി അഴിച്ചിട്ട് അറിയിച്ചു, '' ഒടനെ പിടിക്കും. അവന്‍ ഏത് കല്ലറയില്‍ ഒളിച്ചാലും കേരളാപോലീസവനെ പൊക്കും. മനസ്സിലായോ?'' അത് കേട്ടാല്‍ തോന്നും ഇയാളാണ് അതില്‍ കേമന്‍ എന്ന്. പേടിച്ചരണ്ട കണ്ണുകളോടെ മാധവന്‍ തലയാട്ടി തലകുനിച്ച് തിരികെ നടന്നു. പോലീസുകാരന്‍ പറഞ്ഞത് രമാദേവിയെ അറിയിച്ചു. ആ വാക്കുകള്‍ മനസ്സിന് ഒരാശ്വാസം പകരുകതന്നെ ചെയ്തു. അകത്തുനിന്ന് ടെലിഫോണ്‍ ബെല്ലടികേട്ട് രമാദേവി അകത്തേക്കു നടന്നു. മുറിക്കുള്ളിലെ ഓരോ ഉപകരണങ്ങളും കക്കൂസും കുളിമുറിയുമടക്കം കൃത്യമായി പരിശോധിക്കുന്നത് കണ്ട് അബ്ദുള്ള ചിന്താകുലനായി. പോലീസ് കണ്ടെത്തിയതിനേക്കാള്‍ കൂടുതലെന്തെങ്കിലും ഇവള്‍ കണ്ടെത്തിയോ? കൊലപാതകങ്ങള്‍ തെളിയിക്കുന്നതില്‍ സാമര്‍ത്ഥ്യമുള്ളവളെന്നാണ് ക്രൈംബ്രാഞ്ചില്‍ നിന്നുള്ള അറിവ്. രാജ്യത്തിന്റെ തലസ്ഥാനമായ ഡല്‍ഹിയില്‍ തെളിയാതെ കിടന്ന ഒരു കേസ് പുറത്തുകൊണ്ടുവന്നത് ഇവളുടെ കഴിവാണെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. അതും കൊലപാതകിയായ പുരുഷനോടു പ്രണയം നടിച്ചാണത്രെ അറസ്റ്റ് ചെയ്തത്! കൊള്ളയും കൊലയും നടത്തുന്നയാള്‍ എത്ര തന്ത്രശാലിയായാലും തന്റെ കുതന്ത്രങ്ങളിലൂടെ അനായാസമായി കീഴടക്കാനുള്ള ഒരു മനോബലം അവള്‍ക്കുണ്ട്. കുറ്റവാളിയെകണ്ടെത്താന്‍ സൈറന്‍ മുഴക്കി അവള്‍ പോകാറില്ല. അതെപ്പറ്റിയുള്ള ഒരു സൂചനയും മുതിര്‍ന്ന പദവിയിലുള്ളവര്‍ക്കും അവള്‍ കൊടുക്കാറില്ല. കുറ്റാന്വേഷണരംഗത്ത് പുരുഷനെക്കാള്‍ ഒരു കെണിയിലും വീഴാതെ മുന്നോട്ടുപോകാനുള്ള കഴിവ് അവള്‍ക്കുണ്ട്. കുറ്റവാളികളെ പിന്‍തുടര്‍ന്ന് കണ്ടുപിടിക്കുക, അതത്ര നിസ്സാരമല്ല. എപ്പോഴും പോലീസിന്റെ മേല്‍ കുറ്റം ചുമത്തുന്ന മാധ്യമങ്ങള്‍ ക്രൈംബ്രാഞ്ചിന്റെ മേലും കുതിരകേറാതിരിക്കില്ല. അതുകൊണ്ടായിരിക്കും തന്നെപ്പറ്റിയുള്ള ഒരു വിവരങ്ങളും മറ്റാര്‍ക്കും കൈമാറരുതെന്ന് അവള്‍ അറിയിച്ചത്. കുറ്റവാളികളെ രക്ഷപെടുത്തുന്ന സമീപനങ്ങള്‍ പൊലീസിന്റെ ഭാഗത്തുനിന്ന് മാത്രമല്ല അതിനെ പിന്‍തുടര്‍ന്നു നശിപ്പിക്കുന്ന രാഷ്ട്രീയസമ്മര്‍ദ്ദങ്ങളുമുണ്ടായിട്ടുണ്ട്. സത്യത്തില്‍ കുറ്റഴും ശിക്ഷയും ഒരു പരീക്ഷണമായി മാറിയിട്ടുണ്ട്. പല ന്യായാധിപന്മാര്‍ പോലും അധികാരികളുടെ താളത്തിന് തുള്ളുന്ന കാലം. മുകളിലെ നിലയില്‍ നിന്ന് താഴേയ്ക്ക് വന്ന കിരണിന്റെ മുഖത്ത് ഒരാത്മവിശ്വാസം നിഴലിക്കുന്നുണ്ട്. ഒരു കാര്യം അബ്ദുള്ള മനസ്സിലുറപ്പിച്ചു. അവള്‍ കൃത്യമായി എന്തോ കണ്ടെത്തിയത് മുഖത്ത് തെളിയുന്നുണ്ട്. ഒരുപക്ഷേ, കഠിനപ്രയത്‌നംകൊണ്ട് അവള്‍ കുറ്റവാളികളെ കണ്ടെത്തിയിരിക്കാം. എല്ലാം കാണാനിരിക്കുന്ന കാഴ്ചകളല്ലേ? അതിനുമുമ്പ് ഒരു തീരുമാനത്തില്‍ എത്തുന്നത് നന്നല്ല. അബ്ദുള്ളയുടെ മൊബൈല്‍ ശബ്ദിച്ചു. അയാള്‍ വരാന്തയിലെത്തി ആരുമായോ സംസാരിച്ചു. സംഭാഷണത്തിന് വേഗത്തില്‍ വിരാമമിട്ടുകൊണ്ട് അകത്തേക്കു ചെന്നു. അവള്‍ അവിടെനിന്നുമെടുത്ത സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയാണ്. തലകുനിച്ചിരുന്ന് എഴുതുന്ന കിരണിനെ മിഴികള്‍ എടുക്കാതെ അബ്ദുള്ള നോക്കി. മദ്ധ്യവയസ്കനും മൂന്നുകുട്ടികളുടെ പിതാവുമാണെന്നകാര്യം അപ്പോഴങ്ങു മറന്നു. തളിര്‍ത്തു തഴച്ചു വളരുന്ന അവളുടെ ശരീരഭംഗിയിലായിരുന്നു അയാളുടെ കണ്ണുകള്‍. എല്ലാ സ്ത്രീകളെക്കാള്‍ ഒരാകര്‍ഷണം അവളിലുണ്ട്. അതില്‍ നിന്ന് ഒരു പുരുഷനും ഒഴിഞ്ഞുമാറാനാകില്ല. അങ്ങിനെ ഒഴിഞ്ഞു മാറാത്ത ഒരുത്തന്റെ ലൈംഗിക അവയവം ഛേദിച്ചു കളഞ്ഞ മുറിയിലാണ് താനിരിക്കുന്നതെന്നകാര്യം അപ്പോഴാണ് അയാള്‍ ഓര്‍ത്തത്. പെട്ടെന്ന് അബ്ദുള്ളയുടെ മനസ് മാറി. കൊല്ലപ്പെട്ട ആളുടെ പല സുഹൃത്തുക്കളെയും ബന്ധപ്പെട്ടപ്പോള്‍ അവരെല്ലാം പറഞ്ഞത് ഒരിക്കലും അദ്ദേഹമൊരു സ്ത്രീലമ്പടന്‍ അല്ലെന്നാണ്. ഈ കേസ്സില്‍ അതൊരു അപ്രധാനവിഷയമാണ്. എങ്കിലും മാന്യനായ മനുഷ്യന്റെ അവയവം എന്തിനാണ് മുറിച്ചു മാറ്റിയത്. അതിന്നും ഒരു സംശയം മാത്രമല്ല ഉത്തരം കിട്ടാത്ത ചോദ്യം കൂടിയാണ്. വേഷത്തിലും കിരണ്‍ ഒരു പരിഷ്കൃതയായി തോന്നി. ലണ്ടനില്‍ പഠിച്ചതുകൊണ്ടാകാം. ഒരുതരി പൊന്നോ, കറുത്ത പുരികക്കൊടികളോ, ചായം പൂശിയ ചുണ്ടോ കവിളുകളോ നഖങ്ങളോ അഴിഞ്ഞലഞ്ഞ മുടിയോ ഒന്നുമില്ല. അങ്ങിനെ ഒരാര്‍ഭാടങ്ങളുമില്ലെങ്കിലും ഒരു പുരുഷനുമാത്രമല്ല സ്ത്രീക്കുപോലും ആത്മസംതൃപ്തി നല്കുന്ന സൗന്ദര്യത്തിന് ഉടമയാണവള്‍. അവള്‍ എഴുതി തയ്യാറാക്കി ഒപ്പിട്ട പേപ്പര്‍ കൊടുത്തിട്ടു പറഞ്ഞു. ''ഇതൊക്കെ ഞാന്‍ കൊണ്ടുപോകുന്നു, ഓ.കെ.'' അബ്ദുള്ള സ്‌നേഹപൂര്‍വ്വം അറിയിച്ചു. ''മാഡം എന്താവശ്യമുണ്ടായാലും വിളിക്കാന്‍ മടിക്കരുത്. മറ്റൊന്നും തോന്നുകയില്ലെങ്കില്‍ ഞാനൊരു കാര്യം ചോദിച്ചോട്ടെ.'' അവള്‍ ഉത്കണ്ഠയോടെ നോക്കി. ''വൈ നോട്ട്. ചോദിച്ചോളൂ.'' ''മാഡം കുറെ വര്‍ഷങ്ങള്‍ ലണ്ടനില്‍ ഉണ്ടായിരുന്നുവല്ലോ? അവിടെ കുറ്റവാളികള്‍ രക്ഷപെടാറുണ്ടോ?'' അബ്ദുള്ളയെ അവള്‍ സന്തോഷത്തോടെ നോക്കി. ആദ്യം കരുതിയത് ഈ കൊലപാതകത്തെക്കുറിച്ചായിരിക്കുമെന്നാണ്. അയാളുടെ കൊഴുത്തു തടിച്ച ശരീരത്തിലും തലമണ്ടയിലും അറിവ് മുളയ്ക്കുന്നുണ്ട്. മറ്റുള്ളവരില്‍ നിന്ന് പഠിക്കാനും വായിച്ച് വളരാനും പോലീസ് സേനയില്‍ പലര്‍ക്കും താല്പര്യമില്ല. അല്പം സമയം കിട്ടുമെങ്കില്‍ മറ്റ് സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കാണ് അവര്‍ സമയം ചിലവഴിക്കാറ്. ഇത് ഭരണകര്‍ത്താക്കള്‍ മുതല്‍ താഴേയ്ക്ക് കാണുന്ന പ്രതിഭാസമാണ്. അബ്ദുള്ളയെ അവള്‍ മാനിച്ചുകൊണ്ടു പറഞ്ഞു, ''ബ്രിട്ടണില്‍ കുറ്റവാളികള്‍ രക്ഷപെടുന്ന പതിവില്ല. കാരണം, കേസുകളില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടാകാറില്ല. അന്വേഷണം സുതാര്യമാണ്. അതിനാല്‍ ശിക്ഷ ഉറപ്പാണ്. ഏതൊരു കുറ്റം ചെയ്യുന്നവനും ശിക്ഷ കിട്ടുമെന്നുള്ള ബോധ്യവും ഉറപ്പുമുണ്ട്. അതു മന്ത്രിയല്ല ആരായാലും അവിടെ നിയമങ്ങള്‍ അനുസരിക്കുന്നവരാണ്. ഇവിടെ കാണുന്നത് ലംഘനമാണ്. ഇവിടെ നമ്മള്‍പൊതുധാരയില്‍ കണ്ടുകൊണ്ടിരിക്കുന്നത് എന്താണ്? അധികാരമുള്ളവര്‍, സ്വാധീനമുള്ളവര്‍ ന്യായങ്ങളെ അന്യായങ്ങളാക്കുന്നു. അതിനുതകുന്ന വകുപ്പുകളുമുണ്ട്. ഇവിടുത്തെ മാധ്യമങ്ങള്‍പോലും പോലീസിന് വില്ലന്‍ റോളല്ലേ പതിച്ചു നല്‍കിയിരിക്കുന്നത്? കാരണമെന്താണ്? ഇരയ്ക്ക് നീതി കിട്ടുന്നില്ല. സത്യസന്ധത മറയാക്കി അഴിമതി നടത്തുന്ന ജനാധിപത്യത്തിന്റെ മറവിലല്ലേ? കുറ്റവും ശിക്ഷയുടെയും കാര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളും ഒട്ടും പിറകിലല്ല. ഒരു കാര്യമേ എനിക്കു പറയാനുള്ളൂ. ആരായാലും നീതിനിഷേധത്തിന് പോലീസ് കൂട്ട് നില്ക്കരുത്. കാരണം നാളെ നമ്മുടെ കുട്ടികളും ഇതനുഭവിക്കേണ്ടി വരും.'' അവളില്‍ നിന്ന് പല കാര്യങ്ങളും അറിയണമെന്നുണ്ട്. പോലീസുകാര്‍ക്കും ബോധവത്ക്കരണം അത്യന്താപേക്ഷിതമാണെന്നു തോന്നി. മുറ്റത്തിറങ്ങിയപ്പോള്‍ അബ്ദുള്ള ഒരുകാര്യമറിയിച്ചു. ''ഞാന്‍ ചാരുംമൂടന്‍ സാറിന്റെ ഒരാരാധകനാണ്. അദ്ദേഹത്തിന്റെ ഒരു നോവലില്‍ വായിച്ച വാക്കുകള്‍ ഇപ്പോഴും എന്റെ മനസ്സിലുണ്ട്- നമ്മുടെ മുന്നില്‍ കാണുന്ന എല്ലാ തിന്മകള്‍ക്കും പാപങ്ങള്‍ക്കും പ്രധാനപ്പെട്ട കാരണം അജ്ഞതയും അറിവില്ലായ്മയും പട്ടിണിയുമെന്നാണ്. അവരെപ്പോലുള്ളവര്‍ ഈ ലോകത്ത് ദീര്‍ഘകാലം ജീവിച്ചിരിക്കണമെന്നാണാഗ്രഹം. എന്റെ സ്‌നേഹാന്വേഷണം അദ്ദേഹത്തോട് പറയണം.'' അവള്‍ സമ്മതം മൂളിയിട്ട് ഹസ്തദാനം ചെയ്ത് നന്ദി പറഞ്ഞു പിരിഞ്ഞു. താമരക്കുളം ഗ്രാമത്തിന്റെ പ്രകൃതിരമണീയ ആസ്വദിച്ചുകൊണ്ടവള്‍ പുതുക്കാടന്‍ തറവാട്ടിലേക്ക് പോയി. സൈമണ്‍ ജനിച്ചത് ചാരുമൂട്ടിലാണെങ്കിലും വളര്‍ന്നത് മാവേലിക്കരയാണ്. ചാരുംമൂടന്‍ എന്ന തൂലികാനാമം തന്റെ കൃതികളില്‍ കൊടുക്കാനുള്ള പ്രധാനകാരണം ജന്മദേശത്തോടുള്ള സ്‌നേഹബഹുമാനങ്ങളാണ്. ഇടയ്ക്കവള്‍ കാറ് റോഡരുകില്‍ മാറ്റി നിര്‍ത്തിയിട്ട് കരുണുമായി ഫോണില്‍ സംസാരിച്ചു. റോഡിലൂടെ വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പൊയ്‌ക്കൊണ്ടിരുന്നു. കാക്കകള്‍ വട്ടമിട്ട് പറന്നുയരുന്നുണ്ട്. അടുത്തുള്ളൊരു പലചരക്ക് കടയില്‍ന്ന് അരിയും മറ്റു സാധനങ്ങളും വാങ്ങി ആള്‍ക്കാര്‍ നടക്കുന്നുണ്ട്. അവള്‍ കാറിലിരുന്ന് ചുറ്റുപാടുകള്‍ കണ്ണോടിച്ചു. മൊബൈല്‍ ശബ്ദിച്ചു. മമ്മിയാണ്. ""ഹായ് മമ്മീ, ഞാനുടനെ വീട്ടിലെത്തും.'' ഓമന ചോദിച്ചു ""നീ സത്യമാണോ പറയുന്നത്?'' അമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതിന് മുമ്പ് പലപ്പോഴും പറഞ്ഞ് പറ്റിച്ചിട്ടുണ്ട്. മകളുടെ പ്രായത്തെയാണ് പെറ്റമ്മ പേടിക്കുന്നത്. അത് വൈദ്യുതി പ്രവാഹംപോലെയാണെന്ന് പറഞ്ഞ് പേടിപ്പിക്കും. ചിലപെണ്‍കുട്ടികളുടെ പൊതുസ്വഭാവം വച്ചാണ് മമ്മി പറയുന്നത്. പെറ്റമ്മ പറഞ്ഞില്ലെങ്കിലും സുരക്ഷിതത്വം നോക്കാത്ത പെണ്‍കുട്ടികളുണ്ടോ? അവള്‍ സന്തോഷത്തോടെ പറഞ്ഞു. ""ഒരു പത്തുമിനിറ്റിനകം ഞാനങ്ങ് എത്തും ടീച്ചറെ.'' അവള്‍ കാറോടിച്ചുപോയി. എല്ലാം അമ്മമാര്‍ക്കുമുള്ള മനോദുഃഖമായിരിക്കും എന്റെ അമ്മയ്ക്കുമുള്ളത്. അത് ഇവിടുത്തെ സ്ത്രീകളുടെ ഭാഗ്യദോഷം. അവളും ചിന്തിച്ചു. എത്രനാളിങ്ങനെ മാതാപിതാക്കളെ ധിക്കരിച്ചും പറഞ്ഞ് പറ്റിച്ചും ജീവിക്കും. എന്തുകൊണ്ടോ അവര്‍ നിര്‍ദ്ദേശിക്കുന്ന പുരുഷനെ ഉള്‍ക്കൊള്ളാനാകുന്നില്ല. എന്റെ ജീവിതത്തില്‍ ഞാന്‍ ഒരാളെ മാത്രമെ സ്‌നേഹിച്ചിട്ടുള്ളൂ. അയാളുടെ സ്പര്‍ശം മാത്രമെ ഞാനനുഭവിച്ചിട്ടുള്ളൂ. അയാളുടെ കാമുകിയായി ഇപ്പോഴും കഴിയുന്നു. ഞാനതില്‍ സന്തുഷ്ടയാണ്. വിവാഹം സമൂഹം നല്കുന്ന ഒരധികാരം അല്ലാതെ എന്താണ്. ജീവിതകാലം മുഴുവന്‍ പ്രണയം പങ്കുവച്ച് കഴിയാനാണ് താല്പര്യം. സത്യത്തില്‍ വിവാഹം ഒരു ഭീഷണിപോലെ മുന്നില്‍ നില്ക്കുകയാണ്. എപ്പോഴും മമ്മി പറയുന്ന ഒരുകാര്യമാണ്. വിവാഹം കഴിക്കേണ്ട പ്രായത്തില്‍ പെണ്‍കുട്ടികള്‍ വിവാഹം കഴിച്ചിരിക്കണം. അതിന് മറുപടിയായി പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്. ""അതെന്താണ് മമ്മീ, വിവാഹം കഴിച്ചില്ലെങ്കില്‍ സ്ത്രീയങ്ങ് തകര്‍ന്നുപോകുമോ?'' പപ്പ അതുകേട്ട് ചിരിക്ക മാത്രമാണ് ചെയ്തത്. സത്യത്തില്‍ മമ്മിയാണ് വെറും നാടന്‍ എന്ന് തോന്നിപ്പോകും. പലപ്പോഴും എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് വീട്ടിലേക്ക് അറിഞ്ഞുകൊണ്ട് വരാറില്ല. വന്നുകഴിഞ്ഞാല്‍ മമ്മി വിവാഹവിഷയം എടുത്തിടും. യോഗ്യരായ എത്രയെത്ര ചെറുപ്പക്കാരുടെ വിവാഹാലോചകളും ഫോട്ടോകളുമാണ് മമ്മി കാണിച്ചിട്ടുള്ളത്. ഇന്ന് ചെല്ലുമ്പോഴും കയ്യില്‍ കുറെ കരുതി വച്ചിട്ടുണ്ടാകും. ഇന്നത്തെ കാലത്ത് ആത്മവിശ്വാസത്തോടെ ഒരു കൂട്ടാളിയെ കണ്ടെത്താന്‍ കഴിയുമോ? അവളുടെ കണ്ണുകള്‍ മങ്ങുക മാത്രം ചെയ്തു. സമ്പന്നന്‍മാരായ ധാരാളം പുരുഷന്മാര്‍ ഈ മണ്ണിലുണ്ട്. അവര്‍ക്കാവശ്യം പ്രധാനമായും എന്താണ്? സ്ത്രീധനവും, സ്വര്‍ണവും സ്ത്രീശരീരവും മാത്രം. സ്ത്രീയുടെ ശരീരം ഒരു കശാപ്പുകാരന് വേണ്ടി മാറ്റി വയ്ക്കണോ? ഇങ്ങനയുള്ള കശാപ്പുകാരന്മാരെ ധാരാളം കണ്ടിട്ടുണ്ട്. ഞാന്‍ ഒരുത്തന്റെയും കശാപ്പുശാലയിലെ മൃഗമല്ല. പുരുഷന്റെ ആജ്ഞകള്‍ അനുസരിക്കാന്‍ ഒരടിമയുമല്ല. ചില സത്യങ്ങള്‍ കാണുമ്പോള്‍ പുരുഷന്മാരോട് വെറുപ്പും അറപ്പുമാണ് തോന്നുന്നത്. സ്ത്രീകള്ഡ അറവുശാലയിലെ മൃഗങ്ങളല്ല. അവര്‍ മണ്ണിലെ രാജകുമാരിമാരാണ്. അവര്‍ക്ക് സന്തോഷം പകരാന്‍ കരുത്തും മനസ്സുമുള്ളവരായാണ് കരുണിനെപ്പോലെ അച്ഛനെപ്പോലെയുള്ളവരുടെ കൈകളില്‍ സ്ത്രീകള്‍ സുരക്ഷിതരാണ്. അങ്ങനെയുള്ള പുരുഷന്മാരെ ലഭിക്കുന്ന ഏതൊരു സ്ത്രീയും ഭാഗ്യവതികളാണ്. അവര്‍ക്കൊന്നും അടിമകളായി കഴിയേണ്ടി വരില്ല. സ്വയം ശപിക്കാന്‍ അവസരമുണ്ടാകില്ല. സ്വന്തം വീട്ടില്‍ ഒരഭയാര്‍ത്ഥിയെപ്പോലെ കഴിയേണ്ടതില്ല. സ്വന്തം കിടപ്പറയില്‍ വേദനകൊണ്ട് പിടയേണ്ടതില്ല. കാര്‍ ഗേറ്റിനുള്ളിലൂടെ അകത്തേക്കു പോയി. കാര്‍ പോര്‍ച്ചിലെത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ ഓമന അകത്തുനിന്ന് ഓടിയെത്തി ആലംഗനം ചെയ്ത് കവിളില്‍ ചുംബിച്ചു. അമ്പത്തിനാലു വയസുള്ള ഓമനയുടെ മുടികളില്‍ നര ചെറുതായി ബാധിച്ചിട്ടുണ്ടെങ്കിലും ഒരു നാല്പത് വയസുകാരിയായി മാത്രമേ തോന്നൂ. മകളെ അതീവ സന്തോഷത്തോടെ അകത്തേക്കു കൂട്ടിക്കൊണ്ടുവന്നു. സൂര്യപ്രകാശം മങ്ങിയും തെളിഞ്ഞുമിരുന്നു. ഓമന അടുക്കളയിലേക്ക് വേഗത്തില്‍ പോയി. അവള്‍ മുകളിലെ നിലയിലേക്ക് കോണിപ്പടികള്‍ ചവുട്ടി. പപ്പ ഇരിക്കുന്ന മുറിയിലേക്ക് ജനാലയിലൂടെ നോക്കി. ചെറിയ താടിരോമങ്ങളുള്ള ചാരുംമൂടന്‍ ഏതോ ചിന്തകളില്‍ മുഴുകി വെള്ളപ്പേപ്പറില്‍ എഴുതുകയാണ്. ഏതോ പുതിയൊരു സൃഷ്ടിക്ക് ജീവന്‍ കൊടുക്കുകയാണെന്ന് മനസ്സിലാക്കി. അവള്‍ പുറത്ത് പുഞ്ചിരിതൂകി നിന്നിട്ട് അകത്തേക്കു ചെല്ലണമോ വേണ്ടായോ എന്ന് ചിന്തിച്ചു. പപ്പ എഴുതുന്ന സമയം മമ്മിപോലും അകത്തേക്ക് ചെല്ലാറില്ല. മുറിക്കുള്ളിലും മേശപ്പുറത്തും ധാരാളം പുസ്തകങ്ങള്‍, പത്രമാസികള്‍. മേശപ്പുറത്ത് ഒരു കമ്പ്യൂട്ടറുണ്ട്. വിദേശത്തുള്ള കുറച്ചുപേര്‍ ഇന്ന് വായിക്കുന്നത് ഓണ്‍ലൈനും ഐപോഡുകളും മൊബൈല്‍ ഫോണിലൂടെയെങ്കിലും പുസ്തകങ്ങള്‍ വായിച്ച് നിര്‍വൃതിയുടെ മാധുര്യം അനുഭവിക്കുന്നവരാണ് മലയാളികള്‍. ബ്രിട്ടീഷുകാരും അങ്ങിനെതന്നെ. സ്വന്തം പിതാവെങ്കിലും എന്നും അദ്ദേഹത്തോടെ ആരാധനമാത്രമേ തോന്നിയിട്ടുള്ളൂ. അതിന്റെ പ്രധാനകാരണം അദ്ദേഹം അധ്വാനിക്കുകയും ദുരിതമനുഭവിക്കുകയും ചെയ്യുന്നവര്‍ക്കൊപ്പമാണ്. അത് അക്ഷരങ്ങളില്‍ മാത്രമല്ല ജ്വലിച്ചു നില്ക്കുന്നത്. എത്രയോ സാഹിത്യകാരന്മാര്‍ സ്വന്തം സുരക്ഷിതത്വം ഉറപ്പുവരുത്തി പദവിക്കും അവാര്‍ഡിനുമൊക്കെയായി അലഞ്ഞുതിരിയുമ്പോള്‍ അതൊക്കെ സാഹിത്യത്തിന്റെ ദുരവസ്ഥയായും സമൂഹത്തോടുള്ള ഉത്തരവാദിത്വം അവര്‍ മറക്കുന്നുണ്ടെന്നുമാണ് പപ്പായുടെ ലേഖനം വായിച്ചപ്പോള്‍ കണ്ടത്. പപ്പയെ ചെന്നു സൂക്ഷിച്ചു നോക്കിയതിനുശേഷം, മമ്മി ചെയ്യാറുള്ളതുപോലെ മൊബൈലില്‍ കൂടി വിളിക്കാന്‍ തീരുമാനിച്ചു. ജീന്‍സിന്റെയുള്ളില്‍ നിന്ന് മൊബൈല്‍ എടുത്തു വിളിച്ചു. മേശപ്പുറത്തിരുന്ന മൊബൈല്‍ ശബ്ദിച്ചു. ഫോണിലൂടെ നോക്കി. മകളുടെ നമ്പര്‍ കണ്ടപ്പോള്‍ വിരല്‍ത്തുമ്പില്‍ വിരിഞ്ഞു നില്ക്കുന്ന അക്ഷരംപോലെ ആ മുഖം വിടര്‍ന്നു. പ്രകാശിച്ചു. ""നീ എത്തിയോ? മമ്മി പറഞ്ഞു നീ ഇന്നു വരുമെന്ന്.'' ""പപ്പായുടെ അനുവാദത്തിനായി ഞാന്‍ കണ്‍മുന്നില്‍ തന്നെയുണ്ട്. എനിക്കങ്ങോട്ടു വരാമോ?'' കണ്ണുകള്‍ ആ ജനാലയിലേക്ക് തിരിച്ചു. മകളുടെ പുഞ്ചിരി തൂകിയ മുഖം കണ്ടപ്പോള്‍ കണ്ണുകള്‍ പൂത്തുലഞ്ഞു. ചെറുപുഞ്ചിരിയോടെ മകളെ ആംഗ്യം കാട്ടി അകത്തേക്കു വിളിച്ചു. വളര്‍ന്നു വലുതായ മകളെ ചിറകിനടിയില്‍ സൂക്ഷിക്കാതെ പറക്കാനനുവദിച്ചു. അവള്‍ പറന്നുപറന്നു പോയി. അതിന് ഭാര്യ കുറ്റപ്പെടുത്തുന്നത് ഭര്‍ത്താവിനെ. പ്രായമായ മകളുടെ ആഗ്രഹത്തിന് വില കല്പിച്ചത് ഒരു കുറ്റമായി ഇന്നും തോന്നിയിട്ടില്ല. മകള്‍ പോകുന്നിടത്തെല്ലാം അംഗരക്ഷകരെ അയയ്ക്കാന്‍ പറ്റില്ല. ജീവിതം അവള്‍ക്കായി കരുതി വച്ചതെല്ലാം അവള്‍ക്കു ലഭിക്കും. ആര്‍ക്കും അത് തട്ടെയെറിയാന്‍ കഴിയില്ല. മകളുടെ മനസ്സിനെ വായിച്ചറിയാന്‍ കഴിയാത്ത അമ്മ. മകളെ താന്‍ മനസ്സിലാക്കിയിടത്തോളം അവളുടെ സുരക്ഷയും ഭദ്രതയും ഭാവിയും അവള്‍ക്കറിയാം. അതറിഞ്ഞുള്ള പിന്തുണയും കൊടുത്തിട്ടുണ്ട്. കതക് തുറന്നുവന്ന കിരണ്‍ പിതൃസ്‌നേഹം തുളുമ്പിയ കണ്ണുകളില്‍ നോക്കി. കവിളിലും നെറ്റിയിലും ചുംബിച്ചു. സ്‌നേഹത്തിന്റെ തെളിനാളം കത്തുന്ന നിമിഷങ്ങള്‍. അവള്‍ അടുത്തുള്ള കസേരയിലിരുന്നിട്ട് ചോദിച്ചു. ""പപ്പാ, പുതിയ നോവല്‍ ഇതുവരെ വന്നില്ലേ?'' മേശപ്പുറത്തിരുന്ന ഒരു പുസ്തകമെടുത്ത് അവളെ ഏല്പിച്ചു. കണ്ണുകള്‍ ഒന്നിലും തറച്ചുനില്ക്കാതെ പേജുകള്‍ മാറ്റിമറിച്ചു നോക്കി. കണ്ണുകള്‍ മിന്നിത്തിളങ്ങി. കവര്‍പേജ് ആകര്‍ഷകമാണ്. പുറത്തെ കവര്‍ നോക്കി. സാഹിത്യസഹകരണസംഘമാണ് പ്രസാധകര്‍. ധാര്‍മ്മികതയും അധാര്‍മ്മികതയും തമ്മിലുള്ള പോരാട്ടം. ചെളിയില്‍ വളരുന്ന താമരപ്പൂവിന്റെ സൗന്ദര്യം. സൗരഭ്യം. ഹൃദയം പ്രണയപാരവശ്യം തഴുകിയുണര്‍ത്തുന്ന കൃതി. അവളുടെ കണ്ണുകള്‍ തിളങ്ങി വന്നു. ഡിറ്റക്ടീവ് നോവലല്ല. അതില്‍ മുഴുകിയിരിക്കുമ്പോഴാണ് മമ്മി വന്ന് ഊണുകഴിക്കാന്‍ വിളിച്ചത്. നോവല്‍ മുഴുവനായി വായിക്കാതെ ആസ്വദിക്കാനാവില്ല. ഒരു കൊച്ചുകുട്ടിയെപ്പോലെ കുസൃതി നിറച്ച പുഞ്ചിരി പൊഴിച്ചുകൊണ്ട് ചോദിച്ചു, ""പപ്പാ ഇതു ഞാനെടുത്തോട്ടെ.'' പിതാവ് സമ്മതം മൂളി. അവര്‍ എഴുന്നേറ്റ് മമ്മിക്കൊപ്പം താഴത്തേ തീന്‍മേശയുടെ മുന്നിലേക്ക് നടന്നു. തീന്‍മേശയുടെ മുന്നില്‍ കൈകഴുകിയെത്തി. നല്ല സ്വാദുള്ള മണം. മകള്‍ വരുന്നതറിഞ്ഞ് മമ്മി ഉണ്ടാക്കി വച്ച ഭക്ഷണത്തിലേക്ക് ഒരാവേശത്തോടെ നോക്കി. അവള്‍ പപ്പായെ വിളിച്ചു. കൈ കഴുകിയെത്തി കസേരയിലിരുന്നു. ഭക്ഷണങ്ങള്‍ കണ്ട് ചിരിക്കാനാണ് തോന്നിയത്. പുറത്ത് വരാത്ത ചിരി കണ്ട് കിരണ്‍ ചോദിച്ചു, ""എന്താ പപ്പാ, പെട്ടെന്നൊരു ആലോചന പോലെ....'' മനസ്സിലെ രഹസ്യം എപ്പോഴും മനുഷ്യര്‍ പരസ്യമാക്കാറില്ല. അത് കമ്പോള വില്പന ചരക്കുപോലെയാണ് . എത്രവേഗത്തിലാണ് മകള്‍ വന്ന സന്തോഷത്തില്‍ എന്തെല്ലാം വിഭവങ്ങള്‍ ഒരുക്കിയത്. വിശക്കുന്ന വയറുമായി ഈ സമയം എത്രപേര്‍ ഈ മണ്ണില്‍ ജീവിക്കുന്നു. മുറ്റത്തെ വിളറിയ പ്രകാശംപോലെ ആ മനസ്സും വിളറിയിരിക്കുന്നു. സൈമണ്‍ സന്തോഷം കലര്‍ന്ന ശബ്ദത്തിലറിയിച്ചു, ""നീ വന്നപ്പോള്‍ ധാരാളം കറികള്‍ മേശപ്പുറത്തുകണ്ടു. എനിക്കത് അനുഭവിക്കാനുള്ള ഭാഗ്യമില്ലെന്ന് ഓര്‍ത്തുപോയി.'' ഉടനടി അവള്‍ ചോദിച്ചു, ""മമ്മിക്ക് പപ്പായോടുള്ള സ്‌നേഹം കുറഞ്ഞോ?'' ""അതിന് ഞാന്‍ നിന്നെപ്പോലെ ചെറുപ്പമല്ലല്ലോ. എന്തായാലും നീ വരുമ്പോഴെങ്കിലും എനിക്കീ ഭാഗ്യം ഉണ്ടാകുന്നുണ്ടല്ലോ.'' ഓമനയുടെ മുഖം തെളിഞ്ഞുവന്നു. മകളെ കാണുമ്പോഴാണ് ഉള്ളിലെ നിഗൂഢതകള്‍ പുറത്തുവരുന്നത്. പറഞ്ഞതിനോട് എതിര്‍പ്പില്ല. ആരെയും പ്രീതിപ്പെടുത്താനോ ആര്‍ക്കുവേണ്ടിയും എന്തിനും ഏതിനും മുതലക്കണ്ണീര്‍ പൊഴിക്കാനോ തലകുനിക്കുന്ന ആളുമല്ല. ആദ്യകാലപ്രണയം ഓമന ഓര്‍ത്തു. ഒരു മാസികയില്‍ കണ്ട പ്രണയകഥയിലൂടെ പ്രണയം ഹൃദയത്തില്‍ മുളച്ചു വന്നു. അത് ആരാധനയായി മാറി. സുഹൃദ്ബന്ധം വളര്‍ന്നു. അത് മറ്റാരുമറിയാതെ നിശബ്ദതയിലാണ്ടു. മറ്റുള്ളവരെക്കാള്‍ തികച്ചും വ്യത്യസ്തനായി കണ്ടത് സ്ത്രീധനവിഷത്തിലാണ്. സ്ത്രീധനവിഷയത്തില്‍ ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. ""എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിവാഹ സമ്മാനമാണ് എന്റെ പങ്കാളി. അതിനപ്പുറം എന്ത് സ്ത്രീധനം?'' അദ്ദേഹത്തിന്റെ മുന്നിലിരുന്നത് വെറും മനുഷ്യപ്രേതങ്ങളായി തോന്നിയ നിമിഷം. ഓമനയുടെ പിതാവ്് ഒരു ഞെട്ടലോടെയാണ് ആ വാക്കുകള്‍ ശ്രവിച്ചത്. മാനത്തെക്കാള്‍ അപമാനം സഹിച്ച നിമിഷം. സ്വന്തം അഭിപ്രായം വാക്കില്‍ മാത്രമല്ല സ്വഭാവത്തിലും പ്രകടമാണ്. ദാമ്പത്യജീവിതം തുടങ്ങിയപ്പോഴാണ് സ്വഭാവത്തിന്റെ പരുക്കന്‍ ഭാവങ്ങള്‍ കണ്ടത്. സ്ത്രീകളുടെ ശത്രുക്കള്‍ ഭയവും സംശയങ്ങളുമാണ്. സ്വന്തം ഭാര്യ തനിക്കൊപ്പം സ്വതന്ത്രയായി എന്നും കഴിയാനാണ് അദ്ദേഹം ആഗ്രഹിച്ചിട്ടുള്ളത്. ഒരു ചാനലിന് കൊടുത്ത അഭിമുഖത്തിലും അത് പറയുകയുണ്ടായി. മകളും അതില്‍ നിന്ന് വ്യത്യസ്തയല്ല. മനുഷ്യന് ഏറ്റവും വലുത് വളരാനുള്ള സ്വാതന്ത്ര്യമാണെന്ന് വിശ്വാസമായിരുന്നു. മകള്‍ മമ്മിയെയും പപ്പായെയും നോക്കി പുഞ്ചിരിക്കുന്നുണ്ട്. അവള്‍ക്കറിയില്ലല്ലോ വൈകിട്ട് ഭാര്യയുടെ വരവും കാത്ത് ആകാംക്ഷയോടെയിരിക്കുന്ന ഭര്‍ത്താവിനെ. വൈകുന്നേരം ഭാര്യയുടെ കയ്യില്‍ നിന്ന് ചൂടുള്ള ഒരു ചായ വാങ്ങി കുടിക്കുക എന്നത് അദ്ദേഹം വളരെ ആഗ്രഹിക്കുന്നുണ്ട്. പലപ്പോഴും തോന്നും കളങ്കമില്ലാത്ത ഒരു കൊച്ചുകുട്ടിയാണെന്ന്. ശുദ്ധഗതിക്കാരനായ ഭര്‍ത്താവിനെ ഭാര്യയ്ക്കറിയാം. മകളാകട്ടെ, കളിയാക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാറുമില്ല. ഭക്ഷണം കഴിക്കുന്നതിനിടയില്‍ സൈമണ്‍ ചോദിച്ചു. ""പുതിയ അന്വേഷണം എവിടെവരെയായി?'' പെട്ടെന്നവള്‍ വിഷയം മാറ്റി, ''എസ്.പി. അബ്ദുള്ള പപ്പായെ സ്‌നേഹാന്വേഷണമറിയിച്ചിട്ടുണ്ട്.'' കേസിനെപ്പറ്റി ഒരു വിശദീകരണം നല്കാന്‍ അവള്‍ തയ്യാറല്ലായിരുന്നു. അതിന്റെ പ്രധാനകാരണം, ആ സ്കൂളിലെ പ്രിന്‍സിപ്പാളാണ് മമ്മി. പുതിയ പദവിയില്‍ വന്നിട്ട് ആറ് മാസങ്ങളേ ആയിട്ടുള്ളൂ. മമ്മിയില്‍ നിന്ന് ചില കാര്യങ്ങള്‍ ഊറ്റിയെടുക്കാനുണ്ട്. അവള്‍ പപ്പായെ നോക്കി മറുപടി പറയാന്‍ തുനിയവെ അതിനെക്കാള്‍ ഗൗരവമുള്ള മറ്റൊരുകാര്യം പറയാനാണ് ഓമന ആഗ്രഹിച്ചത്. ""അന്വേഷണവും തെളിവെടുപ്പുമൊക്കെ അവിടെ നില്ക്കട്ടെ. ആദ്യം നീ എന്റെ ചോദ്യത്തിന് ഉത്തരം പറക.'' അവള്‍ ആകാംക്ഷയോടെ നോക്കി. മമ്മിക്ക് ഇരിപ്പുറയ്ക്കില്ലെന്ന് മനസ്സിലായി. എപ്പോഴും രക്ഷാകവചമായി പപ്പായുള്ളത് ഒരാശ്വാസമായി. അവിടെ നിശബ്ദത തളംകെട്ടി. മമ്മിയുടെ വാക്കുകളില്‍ നിന്നും എന്ത് ചോദ്യമാണെന്ന് അവള്‍ വായിച്ചെടുത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല