Image

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-6: ഡോ. പോള്‍ മണലില്‍)

Published on 09 February, 2021
പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-6: ഡോ. പോള്‍ മണലില്‍)
ക്ലാസ്മുറിയിലെ പ്രസംഗം

വിദ്യാഭ്യാസം എന്നൊരു സങ്കല്പം ആകാമെങ്കില്‍ അധ്യാപകര്‍ വേരുകളും മറ്റു ജീവനക്കാര്‍ ചെറുചില്ലകളും കുട്ടികള്‍ ഇലയും പൂവും ആയിരിക്കും. വൃക്ഷത്തിന്റെ അഴകും ഫലവും അവര്‍ സൃഷ്ടിക്കുന്നു. ഒരേ സമയത്ത് അവരെ ഇഷ്ടപ്പെടുകയും (സ്‌നേഹിക്കുന്നു എന്നും പറയും - പക്ഷേ, അതു സൂക്ഷിച്ചു മതി) നിയന്ത്രിക്കുകയും വഴികാട്ടി നയിക്കുകയും അറിവിന്റെ ചക്രവാളങ്ങള്‍ തുറന്നിട്ടു കൊടുക്കുകയും സ്വന്തം ജീവിതം മാതൃകയാക്കാന്‍ ആയില്ലെങ്കില്‍പ്പോലും മാതൃകകളിലേക്കു സദാ കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിപ്പിച്ചും ഉള്ള ഒരു പഞ്ചാഗ്നി തപസ്സാണ് അദ്ധ്യാപനം. നല്ല ഗുരുവാകാന്‍ ഋഷികള്‍പോലും പ്രാര്‍ത്ഥിച്ചു. "ഞങ്ങളിലുള്ള നല്ലതുമാത്രം നിങ്ങള്‍ കൈക്കൊള്ളുക.' എന്ന് ഒരു ഋഷി ശിഷ്യരോട് സത്യസന്ധതയുടെ അറ്റത്തുനിന്നുകൊണ്ടു പറയുന്ന ഭാഗം "തൈത്തിരീയോപനിഷത്തില്‍' അറുപത്തിയഞ്ചുവര്‍ഷം മുമ്പു വായിച്ചപ്പോള്‍ ഉണ്ടായ രോമാഞ്ചം ഇന്നും എനിക്കു തോന്നുന്നുണ്ട്.
ചിരിച്ചുകൊണ്ടെന്നതുപോലെ (പ്രഹസസിന്) ആണ് ഗീതോപദേശം ചെയ്യുമ്പോള്‍ കൃഷ്ണന്റെ ഇരിപ്പ് എന്നു വ്യാസമുനി പറയുന്നു. ഉപദേഷ്ടാവായ ഗുരു സമദൃഷ്ടിയായിരിക്കണം, തന്റെ  ക്ലാസ് മറ്റൊരു കുരുക്ഷേത്രമാണെന്ന് അധ്യാപകനു തോന്നണം. ഗുരുനാഥന്‍ അതിരില്ലാത്ത "ജ്ഞാനത്തിന്റെയും ദയയുടെയും കടല്‍' ആണ് എന്ന് പ്രാചീനാചാര്യന്മാര്‍ സിദ്ധാന്തിക്കുകയും ജീവിതത്തിലൂടെ തെളിയിക്കുകയും ചെയ്തിരുന്നു. "ജ്ഞാനദയാസിന്ധു' ആകാന്‍ നമുക്കു കഴിഞ്ഞില്ലെന്നു വന്നാലും  അങ്ങോട്ടുതന്നെയായിരിക്കണം നമ്മുടെ നോട്ടം. ഒരേസമയം സ്‌നേഹവും അച്ചടക്കവും വ്യക്തിബന്ധവും എല്ലാം ഒപ്പിച്ചുകൊണ്ട് കുട്ടികളെ പഠിപ്പിക്കുന്ന പരീക്ഷണത്തില്‍ ഞാന്‍ ഏറെക്കുറെ വിജയിച്ചെന്നു പറയാം. എനിക്കു പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ ഞാന്‍ ഉണ്ടാക്കാറില്ല. കൂടുതല്‍ ശരിയായി പറഞ്ഞാല്‍ സ്വയം പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങള്‍ എന്റെ പ്രവൃത്തികളില്‍നിന്നു പൊട്ടിപ്പുറപ്പെടാറില്ല.

ക്ലാസ്സില്‍ ഫലിതം പറയുന്നത് പെട്ടെന്നുണ്ടാകുന്ന ഒരു സന്ദര്‍ഭത്തില്‍ നിന്നായിരിക്കും. അതു കുട്ടികള്‍ ഓര്‍ക്കും. പറയുന്ന ആള്‍ക്ക് അത്രയ്ക്ക് ഓര്‍ക്കാനാവില്ല. "റീഡേഴ്‌സ് ഡൈജസ്റ്റി'ല്‍ കാണുന്ന ഫലിതങ്ങള്‍ ക്ലാസ്സിലും പ്രഭാഷണത്തിലും വച്ചുകാച്ചുന്ന ചില സുഹൃത്തുക്കളെ എനിക്കറിയാം. ശ്രോതാക്കള്‍ വേദനയോടെ ചിരിച്ച് പല്ലു വെളിയില്‍ കാണിക്കേണ്ടിവരുന്ന ഫലിതം പാപമാണ്. സാന്ദര്‍ഭികമായി പറഞ്ഞുപോകുന്ന തമാശകള്‍ ഓര്‍ത്തുവയ്ക്കാന്‍ പ്രയാസമാണ്. നല്ല വണ്ണമുള്ള ശരീരമുള്ള ഒരു പെണ്‍കുട്ടി എസ്രാപൗണ്ടിനെക്കുറിച്ച് എന്തോ ചോദിച്ചപ്പോള്‍ എക്‌സ്ട്രാപൗണ്ട് ആണോ? എന്നു തിരിച്ചുപറഞ്ഞത് ക്ലാസ്സിനെയാകമാനം രസിപ്പിച്ചു. ക്ലാസ്സില്‍ ജീവനും സന്തോഷവും നിലനില്‍ക്കണമെങ്കില്‍ ഇത്തരത്തില്‍ നിര്‍ദ്ദോഷമായ നേരമ്പോക്കിന്റെ സൂര്യപ്രകാശം വേണം.

ഈ നര്‍മ്മത്തിന്റെ അന്തരീക്ഷം കുട്ടികളുടെ ബുദ്ധിയെയും ആ വഴിയില്‍ പ്രചോദിപ്പിക്കും. അധ്യാപകന്റെ ഫലിതത്തിന്റെ ഒടുവിലത്തെ ഫലിക്കല്‍ ശിഷ്യരില്‍ നര്‍മ്മബോധം വളര്‍ത്തുക എന്നതാണ്. ഒരിക്കല്‍ പറഞ്ഞു നിര്‍ത്തിയ ഭാഗം മറന്നുപോയപ്പോള്‍ "എവിടെയാണ് നിര്‍ത്തിയത്' എന്നു ചോദിക്കുകയുണ്ടായി. അപ്രതീക്ഷിതമായിരുന്നു ഒരുവന്റെ ഉത്തരം - "അതുന്നെയാണ് സാര്‍ ഞങ്ങളും ആലോചിക്കുന്നത്.' അന്ന് ക്ലാസ്സില്‍ പൊട്ടിയ പോലൊരു ചിരി ഓര്‍മ്മയിലില്ല. എല്ലാവര്‍ക്കും അപ്രതീക്ഷിതമായിരുന്നു അത്. എനിക്കു തിരിച്ചുകൊള്ളുന്ന ഉത്തരം സാധാരണ അവര്‍ പറയാറില്ല. തോന്നാറും ഉണ്ടാവില്ല. ക്ലാസ്മുറിയില്‍ ഞാന്‍ ഇത്രമാത്രം ക്ഷീണിച്ചുപോയ ഒരു സന്ദര്‍ഭം വേറെ ഓര്‍ക്കുന്നില്ല. ഒരു നിലയ്ക്ക് അത് അധ്യാപകനായ എന്റെ വിജയവുമായിരുന്നു. കുട്ടികള്‍ക്കുള്ളില്‍ ഫലിതത്തിന്റെ സിദ്ധി ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണല്ലോ ആ മറുപടി. ഞാന്‍ അവനോടു പകരംവീട്ടിയത്, മൂന്നാംക്ലാസുകാരനായ അവനെ രണ്ടിലേക്കു പിടിച്ചുകയറ്റിയിട്ടായിരുന്നു.
കുട്ടികളുടെ സ്വഭാവത്തില്‍ ഇത്തരത്തില്‍ സൂക്ഷ്മങ്ങളായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെങ്കില്‍ അതായിരിക്കും അധ്യാപകന്റെ ഏറ്റവും വലിയ നേട്ടം. വിമര്‍ശകനും പ്രഭാഷകനും ആയ ഒരാള്‍ പഠിപ്പിക്കുന്നതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ആ വഴിക്കു പോകാന്‍ കൂടുതല്‍ ഉത്സാഹമുണ്ടാകാം. കേരളത്തിലെ മികച്ച എഴുത്തുകാരോ പ്രസംഗകരോ ആയില്ലെങ്കിലും വ്യക്തികളില്‍ ഉളവാക്കുന്ന പ്രേരണയാണു പ്രധാനം.

ഫലിതത്തിനു പുറമേ സത്യം പറയുന്നതിലുള്ള നിഷ്ഠ, അനീതിയോടുള്ള എതിര്‍പ്പ്, അന്യരുടെ ക്ലേശങ്ങളില്‍ സഹതാപം തുടങ്ങി എത്രയോ ഗുണങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. എനിക്ക് അതിലായിരുന്നു കൂടുതല്‍ ശ്രദ്ധ.

വിലക്ഷണങ്ങളും അസാദ്ധ്യവുമായുള്ള ചോദ്യങ്ങള്‍ നേരിടേണ്ടിവരുമ്പോഴല്ലാതെ ആരുടെയും ബുദ്ധി ഉണരുകയില്ല. വിശേഷിച്ച് കുട്ടികളുടെ. എം.എയ്ക്ക് ആശാന്റെ "നളിനി'യടക്കം പല കാവ്യങ്ങളും പഠിക്കാനുള്ള ഒരു വര്‍ഷം. ഈ കാവ്യങ്ങളില്‍ അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണെന്ന ചോദ്യത്തിന് ഉത്തരം ഏകകണ്ഠമായിരുന്നു - നളിനി. അവര്‍ കാരണവും പറഞ്ഞു. തുടര്‍ന്ന് ഞാന്‍ അവരോട് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചു. ""സഹപാഠിയായ ഒരു യുവാവിനുവേണ്ടി ദുഃഖിച്ചുകഴിയുന്ന ഒരു യുവതി തന്റെ വിവാഹനിശ്ചയം അറിഞ്ഞ് വെള്ളത്തില്‍ ചാടി മരിക്കാന്‍ തുനിയുകയും ഒരു യോഗിനിയാല്‍ രക്ഷിക്കപ്പെട്ട് ആശ്രമജീവിതം നയിക്കുമ്പോള്‍ അച്ഛനമ്മമാര്‍ സ്വയം മരിക്കുകയും പഴയ പ്രണയഭാജനമായ യുവാവ് യോഗിയായി സഞ്ചരിക്കുമ്പോള്‍ കണ്ടുമുട്ടി അദ്ദേഹത്തോടു പ്രേമയാചന നടത്തി പ്രാണന്‍ വെടിയുകയും ചെയ്തവളാണ് ഈ നളിനി. ഇങ്ങനെയൊരുവളെ നിങ്ങളുടെ സഹോദരിയായി കൈക്കൊള്ളുമോ?''

ക്ലാസ്സാകെ നിശ്ശബ്ദം. ആ നിശ്ശബ്ദതയില്‍ അവര്‍ പുതിയ ചിന്തകളിലേക്കു കടക്കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക