Image

പ്രിയപ്പെട്ട ബാലേ! ( ലേഖിക: രമാ പ്രസന്ന പിഷാരടി )

Published on 19 February, 2021
 പ്രിയപ്പെട്ട  ബാലേ! ( ലേഖിക: രമാ പ്രസന്ന പിഷാരടി )
പ്രിയപ്പെട്ട ബാലേ! 
 
ഞാന്‍ യാത്ര  ചെയ്ത മദ്ധ്യവേനലവധിയില്‍ ഇടയ്ക്കിടെ മഴ പെയ്തു പോയ ഒരു പ്രഭാതമുണ്ടായിരുന്നു. ഓര്‍മ്മകള്‍ ഇലകള്‍ പോലെ തളിരിടുകയും പഴുക്കിലകളായി കൊഴിഞ്ഞു പോവുകയും വീണ്ടും തളിര്‍ക്കുകയും ചെയ്യുന്ന എത്രയോ ഋതുക്കള്‍ സ്വപ്നാടകരെ പോലെ നമുക്കിടയിലൂടെ യാത്ര ചെയ്തു പോയി. 
 
ഗ്രാമത്തിന്റെ പ്രാക്തനമായ ഗന്ധത്തില്‍ നിന്ന് നഗരത്തിരക്കിലേയ്ക്ക്  ഞാന്‍ യാത്രയായത് ഏത് ഋതുവിലായിരുന്നു എന്നെനിക്കോര്‍മ്മ കിട്ടുന്നില്ല. അന്നും മഴ പെയ്തിരുന്നുവോ?. അത്ര ഓര്‍മ്മയില്ല. തീവണ്ടിയിലെ രാത്രിയുടെ തണുപ്പിനപ്പുറം ആകാംഷയുടെ അരക്ഷിതാവസ്ഥയില്‍ ഉറങ്ങാനാവാതെ ട്രെയിന്‍ സീറ്റിന്റെ അപ്പര്‍ ബര്‍ത്തില്‍  കിടന്ന് പ്രഭാതത്തില്‍ നഗരത്തിലേയ്ക്ക് കാല്‍ വയ്ക്കുമ്പോള്‍ നിന്നെ ഓര്‍മ്മിച്ചിരുന്നില്ല എന്നത് സത്യമാണ്. 
 
വളരെയേറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്  നിന്നെ ഞാനോര്‍മ്മിക്കുന്നത്.  നിന്നെ ഞാനെങ്ങെനെ മറന്നു എന്നതിനൊരു മറുപടി എനിക്കില്ല. വളരും തോറും ഓര്‍മ്മയില്‍ നിന്നകന്നു പോകുന്ന മുഖങ്ങളില്‍ നീയുണ്ടാകരുത് എന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു. നിന്നെയോര്‍മ്മിക്കാതെ കടന്നു പോയ ഋതുക്കളെ എന്നെയോര്‍ത്ത് നീ ക്ഷമിക്കും എന്ന് വിശ്വസിക്കട്ടെ. 
 
എനിക്കെഴുതാന്‍ കഴിയുന്ന ഏറ്റവും മനോഹരമായ വാക്കുകളില്‍ ഇന്ന് നിനക്കൊരു കത്തെഴുതണമെന്ന് എന്റെ മനസ്സ് എന്നോട്  പറയുന്നു. 
 
അലങ്കോലപ്പെട്ട പല ഷെല്‍ഫുകളിലും പെട്ടികളിലുമായി ഒരിക്കലും തിരക്കൊഴിയാത്ത ജീവിതയാത്രയില്‍ മറന്നുറങ്ങിക്കിടന്ന ചില സ്മൃതിയിടങ്ങള്‍ ഇന്ന് തുറക്കാനായി.  പുറം ലോകത്തിന്റെ ജാലകങ്ങള്‍ ഏറെ കുറെ അടച്ചിട്ട ദുരന്തകാലത്തിന്റെ അഴിക്കൂടുകള്‍ക്കുള്ളിലിരുന്ന് എന്നിലെ തന്നെ പുരാതനമായ ചില ഇടങ്ങള്‍ ഞാന്‍ പൊടി നീക്കിയെടുത്തു.
 
പ്രിയപ്പെട്ട ബാലേ, മറന്നെങ്കിലും നിന്നെ ഞാന്‍ ഒരിക്കലും ഉപേക്ഷിച്ചിരുന്നില്ല. തിരക്കിനിടയില്‍  ഇടയ്ക്കിടെ തുറന്ന് നോക്കിയില്ലെങ്കിലും ഏറ്റവും വിശിഷ്ടമായ വസ്തുക്കള്‍ സൂക്ഷിക്കുന്ന ഹൃദയത്തിന്റെ  സുഭദ്രമായ ഇടത്തില്‍ എന്നോടൊപ്പം നീ ചിരകാലവുമുണ്ടായിരുന്നു.
 
പ്രിയപ്പെട്ടവളെ, ഇന്നും ഞാന്‍ സൂക്ഷിക്കുന്ന എന്റെ കുതൂഹലങ്ങളുടെ കാല്‍പ്പെട്ടി ഞാനിന്ന് തുറന്നു. നോസ്റ്റാള്‍ജിയയുടെ ഭൂപടമുറങ്ങുന്ന ആ പെട്ടി എന്റെ മുത്തശ്ശി എനിയ്ക്ക് തന്നതാണ്. അറയിലെ ചീനഭരണികളും, ഉപ്പുമാങ്ങാഭരണികളും, നിലകാതുകളും, ചെമ്പുകളും വീട് പുതുക്കി പണിതപ്പോള്‍ വിറ്റ് പോയെങ്കിലും ഈ കാല്‍പ്പെട്ടി ഞാന്‍ ഭദ്രമായി വച്ചിരുന്നു.  തിരക്കുകളുടെ ലോകത്തില്‍ നിന്നുള്ള പിന്‍വിളിയാല്‍ ഇന്നത് ഞാന്‍ തുറന്നിരിക്കുന്നു.  സ്മൃതിയുടെ  കടലിരമ്പം സൂക്ഷിക്കും ശംഖ് പോലെ അതിനെ ഞാന്‍ തൊട്ടു. മൂടി തുറന്നപ്പോള്‍ ചെമ്പകപ്പൂവിന്റെ സുഗന്ധം. എന്റെ ഓര്‍മ്മയില്‍ താഴംപൂ കുങ്കുമത്തിന്റെ  ശോണിമ പടരുന്നു. 
 
പ്രിയപ്പെട്ട ബാലേ, നിന്നെ ഞാന്‍ ആദ്യമായി കണ്ടത് ആ യാത്രയിലാണ്. അതൊരു മദ്ധ്യവേനലവധിക്കാലമായിരുന്നു അന്ന് ഞാന്‍ അഞ്ചാം ക്‌ളാസിലായിരുന്നു ഏത് ചെറിയ യാത്രയായാലും അതിന്റെ കുറിപ്പെഴുതി സൂക്ഷിക്കണമെന്ന് സൗമിനി ടീച്ചര്‍ ഒരിക്കല്‍ ക്‌ളാസില്‍ പറഞ്ഞിരുന്നു, പറങ്കിമാങ്ങത്തോട്ടത്തിലേയ്ക്കുള്ള യാത്ര പോലും ടീച്ചറോടുള്ള സ്‌നേഹം കൊണ്ട് അമ്മയോട് യുദ്ധം ചെയ്ത് വാങ്ങിയ നോട്ട് ബുക്കില്‍ എഴുതി വച്ചിരുന്നു. 
 
ശൃംഗേരിയിലേയ്ക്കുള്ള യാത്ര, ബാലേ, നിനക്കറിയുമോ ഒരു യുദ്ധത്തിനവസാനമാണ് സംഭവിച്ചത്. നിരീശ്വരനായ അച്ഛനും, ഗുരുവായൂരപ്പഭക്തയായ അമ്മയും തമ്മിലുള്ള അങ്കം പലപ്പോഴും അമ്പലങ്ങളിലേയ്ക്കുള്ള  യാത്ര എന്നുള്ള അമ്മയുടെ അരുളപ്പാടില്‍ നിന്നുമാണ് തുടങ്ങുക. അങ്ങനെയങ്ങനെയാണ് ഒരു സുപ്രഭാതത്തില്‍ ഞങ്ങള്‍ മൂകാംബിക, ഉഡുപ്പി, ശൃംഗേരി എന്നിവിടങ്ങളിലേയ്‌ക്കൊരു യാത്ര പോയത്.
 
ഏത് മുള്‍ക്കാട്ടിലേയ്ക്കായാലും എനിയ്ക്ക് യാത്ര ഇഷ്ടമായിരുന്നു. ഭക്തി എന്താണെന്ന് പോലും എന്റെ ബാലേ, എനിക്കന്ന് തീരെ അറിയില്ലായിരുന്നു. കുളിച്ച് അമ്പലത്തില്‍  പോയില്ലെങ്കില്‍ അമ്മ ചായ തരില്ല എന്നൊരു നിയമം വീട്ടിലുണ്ടായിരുന്നതിനാല്‍ അടുത്ത ശിവക്ഷേത്രത്തില്‍ ശിവനെ പ്രാകിക്കൊണ്ട് പോയിരുന്നു എന്നത് സത്യമാണ്. കുളിക്കാതെ ചായ തരാത്ത അമ്മയോടുള്ള ദേഷ്യമാണെന്ന് മനസ്സിലാക്കിയതിനാലാവും ശിവഭഗവാന്‍ എന്നോട് നീരസമൊന്നും കാട്ടിയില്ല. ക്ഷേത്രത്തിന് മുന്നിലാരോ വരച്ച് തൂക്കിയ ചിത്രത്തിലിരുന്ന് എന്നും എന്നെ നോക്കി മന്ദഹസിക്കുന്ന ശ്രീപരമേശ്വരനോടും പാര്‍വ്വതിയോടുള്ള നീരസം പതിയെ പതിയെ മാറിവന്നു. പിന്നെ അതൊരു ശീലമായി. 
 
ഭക്തി എന്നതറിയില്ലെങ്കിലും യാത്ര പോകുമ്പോള്‍ കിട്ടുന്ന മസാലദോശകള്‍ അത്രയധികം കൊതിപ്പിച്ചിരുന്നു. നിന്നെ കാണാനിടയായതും അങ്ങനെയൊരു യാത്രയിലാണല്ലോ. സത്യമായിട്ടും ഇത്രയധികം സുന്ദരിയായ ഒരു പെണ്‍കുട്ടിയെ ഞാന്‍ ആദ്യമായാണ് കാണുന്നത്. 
 
ശൃംഗേരിയിലേക്കുള്ള യാത്രയിലും ഞാന്‍ യാത്രാവിവരണബുക്ക് കൈയിലെടുത്തിരുന്നു അതില്‍ ഞാന്‍ എഴുതിക്കൊണ്ടേയിരുന്നു. 
 
ബാളേഹെന്നൂര്‍, തീര്‍ഥഹള്ളി, ശങ്കരനാരായണ.. സ്ഥലപേരുകള്‍ വായിച്ച് എനിയ്ക്കല്പം കൗതുകമുണ്ടായി. നമ്മുടെ ചേര്‍പ്പുളശ്ശേരി, പട്ടാമ്പി എന്നൊക്കെ പറയുമ്പോള്‍ മറ്റ് ദേശക്കാര്‍ക്കും കൗതുകമുണ്ടായേക്കം എന്നെനിക്ക് തോന്നി. 
 
ശൃംഗേരിശാരദാംബയെ കാണാന്‍ അമ്മ തിടുക്കം കൂട്ടിയപ്പോള്‍ മടിച്ച് മടിച്ച് അച്ഛന്റെ കൂടെ നിന്നു. കരിങ്കല്ല് പാകിയ  വഴിയില്‍ നടന്നാല്‍ കാലു പൊള്ളുമെന്നുള്ള ഇഷ്ടക്കേട് ഓര്‍ത്ത് നിന്നപ്പോള്‍ അമ്മയുടെ വക ശാസന വന്നു. വേഗം വാടാ.. അച്ഛന്റെ കൂട്ട് കൂടി നിരീശ്വരനായാല്‍ കാട്ടിത്തരാം..
 
അച്ഛന്‍ പുറത്ത് ഒരു കടയില്‍ നിരീശ്വരവാദം തെറ്റിക്കില്ല എന്ന് പ്രതിഞ്ജയുമായി ഇരുന്നപ്പോള്‍ അമ്മയുടെ ശാസനയുടെ അനന്തരഫലങ്ങള്‍ വലുതായത് കൊണ്ട് അമ്മയോടൊപ്പം ചൂട് പിടിച്ച കരിങ്കല്ലില്‍ തൊട്ട് ഉള്ളംകാല്‍ പൊള്ളിയടര്‍ന്ന്, വിഷമം സഹിച്ച് അകത്ത് കടന്ന് ഭംഗിയായി അലങ്കരിച്ച ഒരു ദേവിയെ അമ്മയോടൊപ്പം തൊഴുത് തിരികെ വന്നു. അമ്പലത്തിന് പിറകിലൊഴുകുന്ന നദിക്കരയില്‍ പോയി കുറെ പൊരി വാങ്ങി മീനുകള്‍ക്ക് കൊടുക്കാന്‍ അമ്മ എന്റെ കൈയില്‍ തന്നു. കുറെ കുങ്കുമം അമ്മ നെറ്റിയില്‍ വാരിത്തേച്ചു. തേങ്ങയും റവയും ചേര്‍ന്ന ഒരു മധുരബര്‍ഫി പ്രസാദം കിട്ടിയതില്‍ ഞാന്‍ സന്തോഷിച്ചു. അതിന് അമ്പത് രൂപ ചിലവായി എന്നതിന് അച്ഛന്റെ മുഖത്ത് അല്പം ഇഷ്ടക്കേടും ഉണ്ടായി.. 
 
പ്രിയപ്പെട്ട ബാലേ അതിന് ശേഷമാണ് ഞാന്‍ നിന്നെ കാണുന്നത്.
 
പച്ച ബ്‌ളൗസ്, വെളുപ്പ് നിറമാര്‍ന്ന പട്ടു പാവാട. നൃത്തക്കാരെ പോലെ സൂര്യചന്ദ്രകലകള്‍ അണിഞ്ഞ തലമുടി, കണ്മഷി അതീവഭംഗിയില്‍ എഴുതിയ കണ്ണുകള്‍. എന്റെ ജീവിതത്തില്‍ പൂര്‍ണ്ണചന്ദനെപോലെ മുഖമുള്ള ഒരാളെ ആദ്യമായി കാണുകയാണ്. നിന്റെ ചിരി എന്റെ ഹൃദയത്തിലേയ്ക്കാണ് പെയ്തത്. ഞാന്‍ നിന്നെ കണ്ണെടുക്കാതെ നോക്കി നിന്നു. കാന്തം പോലെ നീ എന്നെ  ആകര്‍ഷിച്ചു എന്ന് പറയാനാണെനിക്കിഷ്ടം. 
 
അമ്മ ശാരദാംബയെ തിരയുകയാണ്. ഓരോ പ്രതിമയ്ക്കും ഒരോ കുറ്റം കണ്ട് പിടിച്ച് ശാരദാംബയുടെ മൂക്ക് ശരിയല്ല കണ്ണ് ശരിയല്ല എന്ന മട്ടില്‍ തമിഴും ഇംഗ്‌ളീഷുമൊക്കെ കലര്‍ത്തി കന്നഡക്കാരന്‍ കടയുടമസ്ഥനോട്  എന്തൊക്കെയോ പറഞ്ഞ്  അമ്മ ഒടുവില്‍ ഒരു ശാരദാംബയെ അച്ഛന്റെ മുഖത്തെ ഇഷ്ടക്കേട് തീരെ അവഗണിച്ച് വാങ്ങി..
 
അതിനു ശേഷം എന്നോടായി ചോദിച്ചു
 
നിനക്ക് മോതിരോ മാലയോ എന്തെങ്കിലും വേണോ?
 
എനിക്കിത് വേണം..
 
എടുത്തോ..
 
അമ്മ നല്ല മൂഡിലായത് ഭാഗ്യം. 
 
നിനക്ക് ഓര്‍മ്മയുണ്ടാകും എന്ന് കരുതുന്നു. അന്നാണ് ബാലേ നീയെന്റെ കൈയിലെത്തിച്ചേര്‍ന്നത്. എനിയ്ക്കാദ്യം പ്രിയം തോന്നിയ പെണ്‍കുട്ടി നീയാണ്. 
 
എന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലേയ്ക്ക് ഞാന്‍ നിന്നെ എടുത്തു വച്ചു. ഗ്‌ളാസ് ലാമിനേഷനകത്ത് മുത്തും വൈരവും പതിച്ച  മൂക്കുത്തി തിളങ്ങുന്ന മുഖവുമായി നീ  എന്റെ ഹൃദയത്തെ തൊട്ടിരുന്നു. 
 
ഹൃദയത്തിന്റെ സ്ഥാനത്തുള്ള പോക്കറ്റില്‍ ഇടയ്ക്കിടെ തൊട്ട് നീ അവിടെ സുരക്ഷിതയായുണ്ടോ എന്ന് ഞാന്‍    പരിശോധിച്ചിരുന്നു. രണ്ടാമത്തെ ദിവസം ഷര്‍ട്ട് മാറ്റുമ്പോള്‍ അതീവ ശ്രദ്ധയോടെ വീണ്ടും നിന്നെ ഞാന്‍ ഹൃദയത്തോട് ചേര്‍ത്തു വച്ചു. 
 
വീട്ടില്‍ തിരികെയെത്തി ഞാന്‍ നിന്നെ എന്റെ പഠനമേശപ്പുറത്ത് വച്ചു. എപ്പോള്‍ നിന്റെ മുഖത്ത് നോക്കിയാലും അതീവ മധുരമായി നീ മന്ദഹസിച്ചു കൊണ്ടിരുന്നു. ക്‌ളാസില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും നിന്നോട് പറയുക എന്നതായിരുന്നു എന്റെ അക്കാലത്തെ ഏറ്റവും വലിയ ഇഷ്ടങ്ങളിലൊന്ന്.   
 
ഒമ്പതാം ക്‌ളാസില്‍ ഇഷ്ടപ്പെട്ടവര്‍ക്ക് കത്തെഴുതുക  എന്ന മല്‍സരത്തിനെഴുതിയ കത്ത് ആദ്യം കാട്ടിയത് മലയാളം മാഷിനെയാണ്.  കത്ത് വായിച്ച് മാഷ് അടുത്തേയ്ക്ക് വിളിച്ചു. നിന്നെക്കുറിച്ച് മാഷിനോട് പറഞ്ഞപ്പോള്‍ മാഷാണ് പറഞ്ഞത് നീ ബാലത്രിപുരസുന്ദരിയാണെന്ന്. പക്ഷെ എനിയ്ക്ക് നിന്നെ ബാലസരസ്വതി എന്ന് വിളിക്കാനായിരുന്നു ഇഷ്ടം. ബീഹാറിലെ ബക്‌സറിലെ സംസാരിക്കുന്ന വിഗ്രഹങ്ങളുള്ള ക്ഷേത്രത്തില്‍ നീയുണ്ടെന്ന് എന്നോട് പറഞ്ഞതും മാഷാണ്. സത്യം പറയാലോ, എന്റെ ദേശത്ത് നിന്നെ പോലൊരു സുന്ദരിയെ ഞാന്‍ അക്കാലത്ത് അമ്മ പോകുന്ന അമ്പലങ്ങളിലെല്ലാം തിരഞ്ഞു, പക്ഷെ കാണാനായില്ല. 'പ്രിയപ്പെട്ട ബാലസരസ്വതിയ്ക്ക്' എന്ന് തുടങ്ങി ഞാനെഴുതിയ കത്ത് മുഴുവന്‍ ഒന്ന് കൂടി നോക്കി മാഷ് പറഞ്ഞു.
 
നിനക്ക് ഭാവനയുണ്ട്.. ഭാവിയുണ്ട്...
 
അന്നതിന്റെ അര്‍ഥം അത്രയ്ക്ക് മനസ്സിലായില്ല. എങ്കിലും സന്തോഷത്തോടെ അമ്മയോടത് പറഞ്ഞപ്പോള്‍ അമ്മ സ്ഥിരം അരസികമൂരാച്ചി സ്വഭാവം കാട്ടി. 
 
പഠിക്കണ സമയത്ത് ഭാവനേം, കത്തെഴുത്തും, ചെക്കാ അടുത്ത വര്‍ഷത്തേയ്ക്കുള്ളത് ഇപ്പോഴേ പഠിച്ച് തുടങ്ങിക്കോ. ഭാവി അവിടെയാ.. 
 
എന്റെ ബാലസുന്ദരി, ഈ അമ്മ എന്താ ഇങ്ങനെ എന്ന് ചോദിച്ചുറങ്ങിയ രാത്രിയില്‍ നിന്നെ ഞാന്‍ സ്വപ്നം കണ്ടു. എന്റെ നെറ്റിയില്‍ തളിരു പോലെ മൃദുവായ നിന്റെ ചെറിയ കൈകൊണ്ട് നീ മെല്ലെ തലോടി.. എന്ത് കുളിര്‍മ്മയായിരുന്നു നിന്റെ വിരലുകള്‍ക്ക്. നിലാവിലെ തണുപ്പ് പോലെ അനുഭവപ്പെട്ടു. നിനക്ക് ചുറ്റും നക്ഷത്രങ്ങള്‍ ശരറാന്തലുകള്‍ തിളങ്ങും പോലെ ഒഴുകി നടന്നു. പച്ച പട്ടു ബ്‌ളൗസും, പഞ്ഞിപോലെയുള്ള ആകാശ മേഘനിറമുള്ള പട്ടുപാവാടയുടെ അരിക്  ജാലകത്തിലൂടെ വന്ന കാറ്റ് എന്റെ കൈയില്‍ തൊടീക്കുന്നുണ്ടായിരുന്നു. അഞ്ചാം ക്‌ളാസുകാരനില്‍ നിന്ന് ഒമ്പതാം ക്‌ളാസിലേയ്ക്ക് ഞാന്‍ വളര്‍ന്നപ്പോഴും പ്രിയപ്പെട്ട ബാലേ എന്തേ നീ എന്നോടൊപ്പം വളര്‍ന്ന് വലുതാകാതിരുന്നത് എന്ന് ചോദിക്കണമെന്ന് തോന്നി. എന്റെ കൈയിലൊന്ന് മെല്ലെ തലോടി നീ മാഞ്ഞു പോയി.. 
 
എത്ര വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അത്. കുറെയേറെ ഋതുക്കളില്‍ ബാലസുന്ദരിയുടെ മുഖമുള്ള പെണ്‍കുട്ടിയെ തേടി എന്റെ കൗമാരത്തിലും യൗവ്വനാരംഭത്തിലും ഞാന്‍ അലഞ്ഞിരുന്നു എന്നത് സത്യമാണ്. 
 
പ്രിയപ്പെട്ടവളേ!   കുറെയേറെ വര്‍ഷങ്ങള്‍ നിന്നെ ഞാന്‍ സ്മൃതിശേഖരത്തിനിടയിലെവിടെയോ മറന്നു എന്നത് സത്യം തന്നെ, എങ്കിലും ഹൃദയത്തിലെ ചിരപരിചിതമായ ഒരു അറയില്‍  നിന്റെ സ്മരണകള്‍   ഒന്ന് തൊട്ടാല്‍ തുറക്കുന്ന ഉള്‍ത്തുടിപ്പായി എന്നില്‍ എന്നുമുറങ്ങിക്കിടന്നിരുന്നു. വസന്തത്തിലെ പൂക്കാലം, വര്‍ഷകാലത്തിലെ ആദ്യമഴത്തുള്ളി പോലെ നീയെന്നിലെന്നുമുണ്ടായിരുന്നു.  നിയോഗം പോലെ ഇന്ന് നിന്നെ ഞാന്‍ വീണ്ടും ഓര്‍മ്മിച്ചിരിക്കുന്നു. പ്രിയപ്പെട്ടവളേ, എന്റെ ഹൃദയത്തോട് എന്നും  ചേര്‍ന്നിരുന്നു കൊള്ളുക. 
 
സ്‌നേഹപൂര്‍വ്വം, 
സിദ്ധാര്‍ഥ്
 
(തെലുങ്ക് നാട്ടില്‍ നിന്ന് വന്ന് തമിഴ്‌നാട്ടില്‍ ജീവിച്ച് പിന്നീട് ബാംഗ്‌ളൂരില്‍ സ്ഥിരതാമസമാക്കിയ  സംഗീതപഠനകാലത്തെ സുഹൃത്താണ് ആദ്യമായി ബാലയെ  പരിചയപ്പെടുത്തിയത്. ആദ്യമായി ബാലയുടെ ഒരു ചിത്രം സമ്മാനിച്ചതും ആ സുഹൃത്താണ്. കൈയില്‍ അഗ്‌നിയുമായി ജനിച്ച ഗോത്രക്കാരായതിനാല്‍ അവര്‍ പൂജകള്‍ക്ക് ഹോമം ചെയ്യാറില്ല എന്ന അറിവ് കിട്ടിയതും, ത്യാഗരാജകഥകള്‍, ദീക്ഷിതരുടെ പിന്‍ഗാമികള്‍ ഇങ്ങനെയുള്ള അനേകം ചരിത്രങ്ങള്‍ അറിയാനായതും  ഈ സുഹൃത്തില്‍ നിന്നാണ്.  ശൃംഗേരിയില്‍  മാത്രമാണ് ബാലദേവിയുടെ ചിത്രങ്ങള്‍ കാണാനായത്. ഒരിക്കല്‍ ശൃംഗേരിയില്‍ നിന്ന് കുറെയേറെ ബാലദേവിയുടെ ചിത്രങ്ങള്‍ വാങ്ങി അറിയുന്ന കുട്ടികള്‍ക്ക് കൊടുത്തു.  ഒരു കുട്ടി ബാലദേവിയെ കാണണമെന്ന് പറയുകയും വളരെ സ്‌നേഹത്തോടെ ആ ചിത്രം വളരെയേറെ നാളുകള്‍ സൂക്ഷിച്ച് വയ്ക്കുകയും ചെയ്തു. 'പ്രിയപ്പെട്ട ബാലേ' ആ കുട്ടിയെ മനസ്സില്‍ കണ്ടെഴുതിയതാണ്) 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക