വിവാദങ്ങളെകൊണ്ട് അവാർഡിനേക്കാൾ പ്രസിദ്ധിയാർജ്ജിച്ച ശ്രീ എസ്. ഹരീഷിന്റെ മീശ എന്ന നോവലിന് 2020-ലെ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചുവെന്ന വാർത്ത ജനങ്ങളെ നിരാശപ്പെടുത്തത്തുകയും അതിശയപ്പെടുത്തുകയും ചെയ്തതായി നമ്മൾ മാധ്യമങ്ങളിൽ നിന്നും അറിയുന്നു. വെറും വിവാദമല്ല മതവികാരങ്ങൾ വ്രണപ്പെടുത്തിയെന്ന വിവാദമാണ് ഈ നോവലിന്റെ ഉള്ളടക്കത്തെച്ചൊല്ലി ഉണ്ടായത്.
“രാവിലെ കുളിച്ച് ക്ഷേത്രത്തിൽ പോകുന്ന വെളുത്ത സുന്ദരികളെ കാണാം. "പെൺകുട്ടികൾ എന്തിനാണിങ്ങനെ കുളിച്ച് സുന്ദരികളായി അമ്പലത്തിൽ പോകുന്നത്? ആറുമാസം മുൻപ് വരെ കൂടെ നടക്കാനുണ്ടായിരുന്ന സുഹൃത്ത് ഒരിക്കൽ ചോദിച്ചു. "പ്രാർത്ഥിക്കാൻ" ഞാൻ പറഞ്ഞു. "അല്ല, നീ ഒന്നുകൂടി സൂക്ഷിച്ചുനോക്ക് " ഏറ്റവും നല്ല വസ്ത്രങ്ങൾ ഏറ്റവും ഭംഗിയായണിഞ്ഞു ഏറ്റവും ഒരുങ്ങി എന്തിനാണ് പ്രാർത്ഥിക്കുന്നത്? തങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ." ഞാൻ ചിരിച്ചു. "അല്ലെങ്കിൽ അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസം അമ്പലത്തിൽ വരാത്തത്? തങ്ങൾ അതിനു തയാറല്ലെന്ന് അറിയിക്കുകയാണ്. പ്രത്യേകിച്ചും അമ്പലത്തിലെ തിരുമേനിമാരെ. അവരായിരുന്നല്ലോ പണ്ട് ഈ കാര്യത്തിന്റെ ആശാന്മാർ." തുടങ്ങിയ ശ്രീ ഹരീഷ്, മീശ എന്ന നോവലിൽ പ്രതിപാദിച്ച ചില വാചകങ്ങളാണ് വിവാദങ്ങൾക്ക് അവസരം ഒരുക്കിയത്.
മീശ എന്ന ഈ നോവലിൻ്റെ ഏതാനും ഭാഗങ്ങൾ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചുവന്നപ്പോൾ, മതേതര കേരളവും ഹിന്ദുക്കളും കൺതുറന്നു കാണുക,അഭിമാനമുള്ള ഹിന്ദുക്കൾ പ്രതികരിക്കുക തുടങ്ങിയ വിമര്ശനങ്ങൽ ഉയർന്നുവന്നു. കുട്ടനാട്ടിലെ ദളിതരുടെ ജീവിതത്തെപ്പറ്റിയുള്ള ഈ നോവലിൽ സ്ത്രീകളെക്കുറിച്ചുള്ള വിവാദപരമായ ഈ പരാമർശം അനാവശ്യമായിരുന്നുവെന്നു കടുത്ത ഹിന്ദുമത വിശ്വാസികൾ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടപ്പോൾ മാതൃഭൂമി തുടർന്നുള്ള ഭാഗങ്ങൾ പ്രസിദ്ധീകരണം നിർത്തിവച്ചു. പിന്നീട് ഡി സി ബുക്സ് അതിനെ പുസ്തകമായി പ്രസിദ്ധീകരിച്ചു. ഈ അവാര്ഡിനെതിരെ ബി ജെ പി പാർട്ടി പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങൾ പറയുന്നു. ശബരിമലപ്രശ്നത്തിനുശേഷം ഗവണ്മെന്റ് വീണ്ടും ഹിന്ദുസമുദായത്തെ അവഹേളിച്ചിരിക്കുന്നുവെന്ന് എന്ന് കേരളത്തിലെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടുവെന്നും മാധ്യമങ്ങളിലൂടെ വായിക്കാൻ കഴിഞ്ഞു.
കേരളസാഹിത്യ അക്കാദമി അവാർഡ് കൂടാതെ കാല്പനിക നോവലുകൾക്ക് ജെ സി ബി ഗ്ലോബൽ കൺസ്ട്രക്ക്ഷൻ എക്യു്പ്മെന്റ് മാനുഫാക്റ്ററിങ് കമ്പനി ഏർപ്പെടുത്തിയിട്ടുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച നോവലിനുള്ള അവാർഡും ജയശ്രീ കളത്തിൽ ഇങ്കളീഷിലേക്ക് തർജ്ജിമ ചെയ്ത ശ്രീ ഹരീഷിന്റെ (Moustache) മീശ എന്ന നോവലിന് ലഭിക്കുകയുണ്ടായി. അവരുടെ ജെ സി ബി ലിറ്ററേച്ചർ ഫൗണ്ടേഷൻ ഇതിന്റെ നിർവഹണം നടത്തുന്നു. ഇന്ത്യയിലെ ഏറ്റവും ആദരണീയമായ അവാർഡാണിത്. ഇതിനു നൽകുന്നത് ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ്. നാല് പേരടങ്ങുന്ന ഒരു ജൂറിയാണ് ഇത് തിരഞ്ഞെടുത്തത്. എഴുത്തുകാരി, സാംസ്കാരിക സിദ്ധാന്തക, പരീഭാഷിക എന്നീ നിലകളിൽ പ്രശസ്തയായ തേജസ്വനി നിരജ്ഞനയായിരുന്നു ജൂറി അധ്യക്ഷ. കുട്ടനാട്ടിലെ ജാതി ലിംഗസമത്വത്തിലേക്കുള്ള എഴുത്തുകാരന്റെ സമീപനം അനായാസമായും ഉൾക്കാഴ്ച്ചയോടുകൂടിയുമാണ് ഈ നോവലിൽ ആവിഷ്കരിച്ചിരിക്കുന്നതെന്നു ജൂറി അംഗങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഈ അവാര്ഡിനെക്കുറിച്ചും വിവാദങ്ങൾ ഉയർന്നപ്പോൾ ശ്രീ ഹരീഷ് പറഞ്ഞത് ഇങ്ങിനെയാണ്, “ഇതെന്നെ സന്തോഷിപ്പിക്കുന്നു. ഈ അവാർഡ് ചിലർക്കുള്ള മറുപടിയാണ് നിങ്ങൾക്കറിയാം ഞാൻ എന്താണർത്ഥമാക്കുന്നതെന്നു.”
പുസ്തകങ്ങളുടെ ഉള്ളടക്കം വിവാദങ്ങൾ സൃഷ്ടിച്ചിട്ടുള്ള അവസരങ്ങൾ പണ്ടും ഉണ്ടായിട്ടുണ്ട്. 1989 -ൽ പ്രസിദ്ധീകരിച്ച പ്രശസ്ത എഴുത്തുകാരൻ സൽമാൻ റഷ്ദിയുടെ "സാത്താനിക് വേഴ്‌സസ്സ്" എന്ന പുസ്തകത്തിൽ മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെന്ന ആരോപണത്തിൽ മതമൗലികവാദികളുടെ വിമർശനത്തിന് വിധേയമായിട്ടുണ്ട്. ഇസ്ലാമിക് വിപ്ലവത്തിന്റെ നേതാവ് അയത്തൊള്ള ഖൊമേനി (late) അന്ന് ഈ എഴുത്തുകാരനെ കണ്ടാൽ ഏതു മുസ്ലീമിനും കൊല്ലാവുന്ന ഫത്വ (ഇസ്ളാം മതപ്രകാരം നടപ്പിലാക്കുന്ന ഒരു ആജ്ഞ) പുറപ്പെടുവിച്ചു. സൽമാൻ റുഷ്ദിക്ക് ഒളിവിൽ കഴിയേണ്ടിവന്നു.
മുന്നൂറു രാമായണം എന്ന എ .കെ. രാമാനുജന്റെ പ്രബന്ധം വിദ്യാര്തഥികളുടെ പാഠ്യവിഷയത്തിൽ നിന്നും ഇന്ത്യ ഗവണ്മെന്റ് മാറ്റിക്കളഞ്ഞു. ഓരോ പുസ്തകവും എഴുത്തുകാരന്റെ ഭാവനയും അയാളുടെ ആശയങ്ങളുമാണ്. നിബന്ധനകൾ പാലിച്ചുകൊണ്ട് എഴുതുമ്പോൾ എങ്ങനെ ഒരു രചന പൂർണ്ണമാകും. അതുകൊണ്ടാണ് എസ്. ഹരീഷിന്റെ മീശ നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയത്. പുസ്തകത്തിലെ ഒരു വാക്കോ വരിയോ വച്ച് ഒരു പുസ്തകത്തെ വിലയിരുത്തരുതെന്നു അന്നു കോടതി കണ്ടെത്തി.
മതരാഷ്ട്രീയ വിമർശനങ്ങൾക്ക് പാത്രീഭവിച്ച ഈ നോവലിന് നൽകപ്പെട്ട കേരളം സാഹിത്യ അക്കാദമി അംഗീകാരം സമൂഹത്തിലെ ഒരു വിഭാഗക്കാരെ അവഹേളിക്കുന്നതാണെന്നും, ചില രാഷ്ട്രീയ നേതാക്കൾ അഭിപ്രായപ്പെട്ടതായി മാധ്യമങ്ങൾ പറയുകയുണ്ടായി. "ഹിന്ദുശക്തികൾക്ക് കീഴിൽ രാജ്യം പൂർണ്ണമായും കീഴടങ്ങിയിട്ടില്ല എന്നതിന് തെളിവാണ് ഈ അവാർഡ് " എന്നു സോഷ്യൽ മീഡിയയിലൂടെ ശ്രീ ഹരീഷ് പറഞ്ഞതും ചർച്ചാ വിഷയമായി.
തൂലിക പടവാളാക്കുന്നവനാണ് യഥാർത്ഥ സാഹിത്യകാരൻ. സമൂഹത്തിൽ നടക്കുന്ന നെറികേടുകളെ എഴുത്തിലൂടെ വെളിച്ചത്തുകൊണ്ടുവരാനുള്ള എഴുത്തുകാരന്റെ അവകാശത്തെ സമൂഹം അംഗീകരിച്ചിട്ടുണ്ട്. അപ്പോൾ രാഷ്ട്രീയമോ മതമോ അല്ലെങ്കിൽ മറ്റേതെങ്കിലും ശക്തിയോ അനുശാസിക്കുന്ന ഒരു ചട്ടക്കൂടിൽ നിന്നുകൊണ്ട് ഒരു സാഹിത്യകാരൻ എങ്ങിനെ ഒരു നല്ല എഴുത്തുകാരനാകും?
ഒരു എഴുത്തുകാരന്റെ വാക്കുകൾ അദ്ദേഹം എഴുതുന്ന കാലഘട്ടത്തെയോ, സമൂഹത്തെയോ, പശ്ചാത്തലത്തെയോ ആശ്രയിച്ചായിരിക്കാം. ആവിഷ്ക്കാര സ്വാതന്ത്രം എല്ലാ പൗരന്മാർക്കും ഭരണഘടനാ അനുശാസിച്ചിട്ടുള്ളതാണ്. ഒരുപക്ഷെ ഇവിടെ ശ്രീ ഹരീഷ് വാക്കുകളിലൂടെ വരച്ചുകാണിക്കാൻ ശ്രമിച്ചത് കഥാപശ്ചാത്തലത്തിലെ കഥാപാത്രങ്ങളെയാകാം. അതേസമയം ഈ കഥയിലെ മുഖ്യകഥാപാത്രം വാവച്ചൻ പുലയ ക്രിസ്ത്യാനിയാണ്. അയാൾ മീശവച്ചുനടക്കുന്നത് ഉയർന്ന ജാതിക്കാരെ അലോസരപ്പെടുത്തുന്നുവെന്ന് കഥാകൃത്ത് പറയുന്നു. ഈ സാഹചര്യത്തെ പുലയരോ, പുലയനെ മാർഗ്ഗംകൂടി കൂടെച്ചേരാൻ അനുവദിച്ചെന്നുപറയുന്ന ക്രിസ്ത്യൻ സമുദായക്കാരോ പ്രതികരിച്ചില്ലെന്നുള്ളത് ശ്രദ്ധേയമാണ്. അതു ഒരു പക്ഷെ നാട്ടിൽ നടക്കുന്ന സാധാരണ സംഭവമെന്ന നിലക്ക് വായനക്കാർ അവഗണിച്ചുകാണും. എങ്കിലും ജാതിയും, ജാതിയിൽ നിന്നും രക്ഷപ്പെടാൻ പലരും തേടുന്ന മാർഗ്ഗങ്ങളും ആ പ്രസ്താവനയിൽ ഒളിഞ്ഞു കിടപ്പുണ്ട്. ഹിന്ദുയുവതികളെ ഒന്നടക്കം അമ്പലദര്ശനത്തെപ്പറ്റി പ്രതിപാദിച്ചതു വിനയായി. കാരണം ലിംഗഭേദത്തെ എടുത്തുകാണിക്കുന്ന പരാമർശവും , മാത്രമല്ല ഹിന്ദു എന്ന ഒരു മതത്തെകുറിച്ചുള്ളതുമാണ് എന്നുള്ളതാണ് ഇവിടെ വിവാദവിഷയമായത്.
ഒരെഴുത്തുകാരന് ആവിഷ്കാരസ്വാതന്ത്രം ഉണ്ട് എങ്കിലും ആ സ്വാതന്ത്രം ഒരു പ്രത്യേകവിഭാഗത്തെകുറിച്ചോ മതത്തെകുറിച്ചോ എഴുതി അത് ജനവികാരത്തെ ചൊടിപ്പിക്കുന്ന രീതിയിലാണെങ്കിൽ ജനങ്ങൾ അതിനെപ്രതികരിച്ചെക്കാം.
ഇസ്ലാം മതത്തെയോ, ക്രിസ്ത്യൻ മതത്തെയോ ചൂണ്ടിക്കാണിക്കുന്ന ഏതെങ്കിലുമൊരു പരാമർശമാണെങ്കിൽ അവരതിനെ ഒറ്റകെട്ടായി ശക്തമായിത്തന്നെ പ്രതികരിക്കും. ബിരുദവിദ്യാർത്ഥികൾക്കായി ഇന്റേൺ പരീക്ഷയ്ക്ക് ചോദ്യപേപ്പർ തയ്യാറാക്കിയതിൽ മതനിന്ദ ഉണ്ടെന്ന് ആരോപിച്ച് പ്രൊഫസ്സർ എം.കെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത് ഇതിനൊരുദാഹരണമായി കരുതാം. ഹിന്ദുക്കൾ എപ്പോഴും മതസഹിഷ്ണതയുള്ളവരായിരുന്നു എന്ന് ചരിത്രം പറയുന്നു. ഒരുപക്ഷെ അവരുടെ ഉദാരതയും സഹിഷ്ണുതയും ദുരുപയോഗിക്കാൻ തുടങ്ങിയോ എന്ന ചിന്തയിൽ നിന്നാകാം ആർ എസ് എസ് തുടങ്ങിയ ഹിന്ദു സംഘടനകൾ രംഗത്ത് വന്നത്. ഹിന്ദുദൈവങ്ങളെയും ആചാരങ്ങളെയും അവഹേളിക്കുന്ന ചിന്താഗതി എഴുത്തുകാർക്കുണ്ടാകാൻ അനുവദിക്കാതെ മതസംഘടനകൾ അതിനെ ന്യായമായും എതിർക്കണം എന്നും ചില ഹിന്ദുവിശ്വാസികൾ ഈ പ്രശ്നത്തിൽ അവകാശപ്പെട്ടു.
സാഹിത്യം രാഷ്ട്രീയവുമായി ബന്ധപ്പെടുന്നത് പുതുമയല്ല. രാഷ്ട്രീയ നേട്ടങ്ങൾക്കൊക്കെ സാഹിത്യത്തെ കരുവാക്കിയിട്ടുണ്ട്. പേനക്ക് പടറ്വാളിനേക്കാൾ ശക്തിയുണ്ടെന്ന് ചരിത്രവും സാക്ഷ്യം വഹിക്കുന്നു. വിവാദത്തിനിടയായ ഈ നോവലിനുതന്നെ അവാർഡ് നല്കിയതിനുപിന്നിൽ ഭരണപക്ഷത്തിനോ എതിർപക്ഷത്തിനോ എന്തെങ്കിലും രാഷ്ട്രീയ താല്പര്യം ഉണ്ടോ എന്ന ആശങ്കയും ഉയർന്നുവന്നു. നോവലിൽ അങ്ങിങ്ങായി അശ്ലീലപദങ്ങൾ ഉപയോഗിച്ചതും കഥയുടെ പശ്ചാലത്തിനെ ബലപ്പെടുത്തുന്നതിനു വേണ്ടിയാണോ എന്ന് അംഗീകരിക്കാൻ കഴിയില്ല. ജാതിവൈരാഗ്യങ്ങൾ മൂർഛിച്ചുനിൽക്കുന്ന ഈ കാലഘട്ടത്തിൽ കഥാകൃത്ത് പലയിടത്തും സ്ത്രീകളെന്ന തരംതിരിവും, അവരുടെ ജാതിയെയും കുറിച്ച് പരാമര്ശിക്കുന്നതിന്റെ ഉദ്ദേശവും മനസ്സിലാക്കാൻ കഴിയാത്തതാണ്.
മനുഷ്യനിലെ സദാചാരബോധത്തെ പരിഹസിക്കുന്നവിധത്തിൽ പച്ചയായുള്ള പരാമർശങ്ങൾ ഒരു നോവലിന്റെ നിലവാരം ഉയർത്തുമോ എന്ന സംശയവും വായനക്കാരനിൽ ഉളവാകും
സർഗ്ഗാത്മകവും കലാപരവുമായ മേന്മ പ്രകടമാക്കുന്ന രചനകൾ കാലത്തെ അതിജീവിച്ചു നിൽക്കും. പുസ്തകം വിറ്റുപോകണം എന്ന് മാത്രമാകരുത് ഒരു സാഹിത്യകാരന്റെ ലക്‌ഷ്യം. തന്റെ സാഹിത്യസൃഷ്ടികൊണ്ട് സമൂഹത്തിന് ഉണ്ടാകാൻപോകുന്ന നന്മയും കൂടി ലക്ഷ്യമാക്കികൊണ്ടാകണം ഒരു സാഹിത്യസൃഷ്ടിക്ക് ജീവൻ നൽകുന്നത്. നല്ല പുസ്തകങ്ങളെ തിരഞ്ഞെടുക്കുവാനുള്ള അവകാശം വായനക്കാരന്റെയാണ് .
ഇംഗ്ളീഷ് എഴുത്തുകാരനും കവിയുമായ ഡി എച് ലോറൻസ് എന്ന എഴുത്തുകാരന്റെ ‘ലേഡി ചാറ്റർലീസ് ലവർ’ എന്ന നോവലിൽ ലൈംഗിക വിവരണങ്ങൾ പച്ചയായി ചിത്രീകരിച്ചിരിക്കുന്നു എന്ന കാരണത്താൽ ആ പുസ്തകം നിരോധിക്കയുണ്ടായി. 1959 ലെ ഒബ്‌സീൻ പബ്ലിക്കേഷൻസ് ആക്ട് പ്രകാരം പുസ്തകം കോടതിയിൽ വിചാരണ നേരിട്ടെങ്കിലും നിരോധനം പിൻവലിച്ചു. ശ്രീ ഹരീഷിന്റെ നോവലിലും കുടുംബ സദസ്സുകളിൽ ഉറക്കെ വായിക്കാൻ കഴിയാത്ത പദങ്ങൾ ഉപയോഗിച്ചിരിക്കുന്നതായി നമുക്ക് കാണാൻ കഴിയും. സാഹിത്യം, സർഗ്ഗാത്മകത എന്നിവയുടെ മറവിൽ ഒരു പ്രത്യേകവിഭാഗത്തിന്റെ വിശ്വാസങ്ങളെ വിമർശിക്കുമ്പോൾ സ്വാഭാവികമായും ആവശ്യമായിരുന്നോയെന്നു യാഥാസ്ഥിതികർ ചിന്തിക്കുന്നുവെങ്കിൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല.
പരാമര്ശങ്ങളും, വിമര്ശനങ്ങളും ഒരു നല്ല കൃതിയ്ക്ക് സ്വീകാര്യമാണ്. അതുകൊണ്ടുതന്നെ ജനങളുടെ വിശ്വാസങ്ങളെയും, ഓരോ വിഭാഗത്തിന്റെയും ആചാരങ്ങളെയും മുറിവേൽപ്പിയ്ക്കാത്ത തരത്തിലുള്ള ശക്തമായ തൂലികകൾ ഇനിയും ചലിക്കട്ടെ. വിജയപ്രദമായ സാഹിത്യസൃഷ്ടികൾ ഇനിയും മലയാളത്തിൽ പിറന്നുവീഴട്ടെ.