(ഇ- മലയാളിയുടെ നോയമ്പ്കാല രചനകൾ -(1) ഈ പംക്തിയിലേക്ക് എഴുതുക.)
വിഭൂതി ബുധനാഴ്ച്ച മുതൽ പെസഹാ വ്യാഴാച്ച വരെ വിശ്വാസികൾ ഭക്തിപുരസ്സരം നോയമ്പ് നോൽക്കുന്നത് വളരെ പുണ്യമായി കരുതപ്പെടുന്നു. യേശുദേവൻ മരുഭൂമിയിൽ നാല്പതുദിവസം പരീക്ഷിക്കപ്പെട്ടതിന്റെ പ്രതീകമായി നൊയമ്പുകാലം നാൽപ്പതു ദിവസമായി ആചരിക്കുന്നു. മത്തായിയുടെ സുവിശേഷം അദ്ധ്യായം നാല് ഒന്നും രണ്ടും വാക്യങ്ങൾ ഇങ്ങനെ പറയുന്നു.. “അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി. അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു.”
കർത്താവിന്റെ പുനരുത്ഥാനം ആഘോഷിക്കാൻ നാൽപ്പതു ദിവസങ്ങൾ ഉപവസിച്ചും, പ്രാർത്ഥിച്ചും, സത്കർമ്മങ്ങൾ ചെയ്തും ഭക്‌തർ ഉത്സാഹത്തോടെ കാത്തിരിക്കുന്നു. കടം എന്ന് നമ്മൾ ഉപയോഗിക്കുന്ന വാക്കിന്റെ ഇങ്കളീഷ് സമാനർത്ഥപദം ലെൻറ് എന്നാണു. ഈ വാക്ക് ഉത്ഭവിച്ചത് "lengthen " ദീർഘിപ്പിക്കുക" എന്നർത്ഥം വരുന്ന വാക്കിൽ നിന്നത്രേ. ശിശിരകാലം കഴിഞ്ഞു വസന്തകാലത്തേക്ക് പ്രകൃതി നീങ്ങികൊണ്ടിരിക്കുമ്പോൾ ദിവസങ്ങൾക്ക് നീളം കൂടിവരുന്നു. വസന്തം വരുന്നു എന്ന ആനന്ദം പോലെ വിശ്വാസികൾ കർത്താവിന്റെ പുനരുത്ഥാനത്തിൽ സന്തോഷഭരിതരായി അവരുടെ അനുഷ്ഠാനങ്ങൾ ഭക്തിയോടെ, സന്തോഷത്തോടെ നിർവഹിക്കുന്നു. വസന്തകാലം ഭൂമിയിൽ പൂക്കളുടെ കാലമാണ്. സുഗന്ധപൂരിതമായ അന്തരീക്ഷവും, കുയിലിന്റെ പാട്ടും, മന്ദമാരുതനും മനുഷ്യമനസ്സുകളെ ഹർഷോന്മാദരാക്കുന്നു. പാപഗ്രസ്തരായ മനുഷ്യരെ മുക്തരാക്കി അവർക്ക് പറുദീസ വീണ്ടെടുക്കാൻ ദൈവപുത്രൻ കുരിശ്ശിൽ മരിക്കുകയും മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുകയും ചെയ്ത ഈസ്റ്റർദിവസം വസന്തകാലം പിറന്നുവീഴുന്ന ആനന്ദമാണ് വിശ്വാസികൾക്ക് നൽകുന്നത്.
ദുഃഖവെള്ളിയാഴ്ച എന്ന് നമ്മൾ പരിഭാഷ ചെയ്തിട്ടുണ്ടെങ്കിലും "Good Friday" എന്ന വാക്കിലെ "good" ന്റെ അർത്ഥം കടം വീട്ടി വീണ്ടെടുത്തു (redemption) എന്നതിന്റെ സാക്ഷാത്കാരമത്രേ. അതായത് യേശുദേവൻ കുരിശ്ശിൽ തന്റെ ജീവൻ ബലിയർപ്പിച്ച് മനുഷ്യരാശിക്ക് അവർ നഷ്ടപ്പെടുത്തിയ പറുദീസ വീണ്ടെടുത്തു. പരിശുദ്ധനായ അവന്റെ രക്തത്താൽ പാപക്കറ മാഞ്ഞുപോയി. എബ്രായർ ഒമ്പതാം അദ്ധ്യായം പതിമൂന്നും പതിനാലും വാക്യങ്ങൾ വായിക്കുക. 13.ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്ന പശുഭസ്മവും 14. ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?
ജഡിക മോഹങ്ങൾ നിയന്ത്രിച്ച് നാല്പതു ദിവസം നോയമ്പ് നോൽക്കുന്നതുകൊണ്ട് മാത്രം പുണ്യം കിട്ടണമെന്നില്ല. അല്ലെങ്കിൽ തന്നെ എന്താണ് പുണ്യം. മനുഷ്യർ തമ്മിൽ മൈത്രിയോടെ , ഒത്തോരുമയോടെ ജീവിക്കുന്നത് തന്നെ പുണ്യം. എന്നാൽ അങ്ങനെ ഒരു മാതൃകാലോകം സംഭവ്യമല്ലാത്തതിനാൽ മനുഷ്യരെ ഉദ്ധരിക്കാൻ വിദ്വാന്മാർ എഴുതിവച്ച പ്രമാണങ്ങളിൽ അവനെ നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്ന് കണ്ടത്കൊണ്ട് ചില അനുഷ്ഠാനങ്ങൾ കൂട്ടിച്ചേർത്തു. വാസ്തവത്തിൽ ഇന്ന് അവയെല്ലാം മതങ്ങളുടെ പേരിൽ വീതിച്ച് എടുത്തു മനുഷ്യർ പരസ്പരം സ്പര്ധയും വൈരാഗ്യവും വളർത്തുന്നു. ബൈബിളിനെ ഒരു പ്രത്യേക മതത്തിന്റെ വിശുദ്ധഗ്രന്ധമായി കണക്കാക്കി മാറ്റിവയ്ക്കാത്തവർക്ക് അതിൽ നിന്നും പലതും മനസ്സിലാക്കാനും പഠിക്കാനുമുണ്ടെന്നു കാണാം. യജ്ഞങ്ങൾ, യാഗങ്ങൾ, വ്രതങ്ങൾ തുടങ്ങിയവ എല്ലാ മതങ്ങളിലും കാണുന്നുണ്ട്.
യജ്ഞേവ സർവം പ്രതിഷ്ഠിതം (യജ്ഞമാണ് സകലതും നല്കുന്നത്); യജ്ഞേന വ ദേവ ദിവംഗതാ..യജ്ഞത്തിലൂടെയാണ് ദേവന്മാർ സ്വർഗ്ഗസ്ഥരായത്. ഇങ്ങനെയെല്ലാം വേദങ്ങളിലും ഉണ്ട്. പാപമോക്ഷത്തിനു ത്യാഗാനുഷ്ഠാനം വൃതങ്ങളിൽ സർവ്വപ്രധാനം എന്നും വേദങ്ങൾ ഉത്‌ഘോഷിക്കുന്നു. ഈ നോയമ്പ്കാലം പവിത്രമായ ഒരു യാഗത്തിന്റെയും അതിലൂടെ മനുഷ്യരാശി കൈവരിച്ച അനുഗ്രഹങ്ങളുടെയും ഓർമ്മ പുതുക്കുന്നു.
ഋഗ്വേദത്തിൽ ഒരു ബലിയാടിനെ കുറിച്ച് പറയുന്നുണ്ട്. മുൾകമ്പുകൾ വളച്ചുകെട്ടി അതിന്റെ തലയിൽ വയ്ക്കണം, ഒരു യാഗസ്‌തംഭത്തിൽ അതിനെ തളക്കണം. ചോര ഒലിക്കും വരെ അതിന്റെ നാലുകാലുകളിലും ആണി തറക്കണം. അതിനെ പുതപ്പിക്കുന്നു തുണി നാല് പുരോഹിതർ പങ്കിട്ടെടുക്കണം. അതിന്റെ ഒരു എല്ലു പോലും ഓടിയരുത്. ആടിന് കുടിക്കാൻ സോമരസം നൽകണം. അതിനെ കൊന്നതിനു ശേഷം വീണ്ടും ജീവനോടെ പൂർവസ്ഥിതിയിലാക്കണം.അതിന്റെ മാംസം ഭക്ഷിക്കണം. എന്നാൽ ദൈവം മനുഷ്യനായി അവതരിച്ച് സ്വയം ബലിയായ കഥ ഭാരതീയ ശാസ്ത്രങ്ങൾ പറയുന്നില്ല. പക്ഷെ പാലസ്റ്റീൻ എന്ന രാജ്യത്ത് അതുണ്ടായി എന്ന് നമ്മൾ അറിയുന്നു.
ഈ നോയമ്പ്കാലത്ത് ഏത് രാജ്യത്തെ വേദങ്ങളും ശാസ്ത്രങ്ങളും എന്തൊക്കെ പറഞ്ഞുവെന്നു ആലോചിച്ച് തർക്കിക്കാതെ നന്മയുടെ വഴികളിലൂടെ സഞ്ചരിക്കുക. ഒരു വർഷത്തിൽ നാൽപ്പതു ദിവസമെങ്കിലും നന്മയോടെ ഈശ്വരവിശ്വാസത്തോടെ ഒരാൾക്ക് ജീവിക്കാൻ കഴിഞ്ഞാൽ അയാളിൽ ദൈവം പ്രസാദിക്കും.തിന്മകൾ ചെയ്യാതെ ജീവിക്കാൻ അദ്ദേഹത്തിന് കഴിയും. യേശുദേവൻ പഠിപ്പിച്ച പ്രാർത്ഥന ഓർക്കുക. 9. നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;10 നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;11 ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ;12 ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; (മത്തായിടെ സുവിശേഷം അധ്യായം 6. ഈ പ്രാർത്ഥന സഫലീകരിക്കണമെങ്കിൽ മനുഷ്യർ ദൈവവചനങ്ങൾ അനുസരിച്ച് ജീവിക്കണം.
ഏതു മതത്തിലെയായാലും അതിലെ ചടങ്ങുകൾ മനുഷ്യരെ നല്ലവരാക്കാൻ ശ്രമിക്കുന്നവയാണ്. ഇപ്പോൾ ലോകം ഒരു മഹാമാരിയുടെ കരാള ബന്ധനത്തിലാണ്. അതിൽ നിന്നും .വിമുക്തരാകേണ്ടതുണ്ട്. ഇത്തരം അവസരങ്ങളിൽ ചിലർക്ക് പ്രാർത്ഥനയിലൂടെ ശക്തി ലഭിക്കുന്നു. ചിലർക്ക് പ്രവർത്തിയിലൂടെ ശക്തി ലഭിക്കുന്നു. ഉപവാസവും, അച്ചടക്കമുള്ള ജീവിതവും പ്രവർത്തിയാണ്. പരസ്പര സ്നേഹവും ഐക്യവുമാണ് എല്ലാകാലത്തും ഉണ്ടാകേണ്ടത്.
പുനരുത്ഥാനത്തിലേക്കുള്ള നാൽപ്പത് ദിവസങ്ങൾ ആഘോഷിക്കുന്നത് കൃസ്തുമതത്തിലെ ഒരു വിഭാഗം വിശ്വാസികൾ മാത്രമായതുകൊണ്ട് അവർക്കായി സങ്കീർത്തനം 96 :11 -13 ഇവിടെ ഉദ്ധരിക്കുന്നു. 11 ആകാശം സന്തോഷിക്കയും ഭൂമി ആനന്ദിക്കയും സമുദ്രവും അതിന്റെ നിറെവും മുഴങ്ങുകയും ചെയ്യട്ടെ. 12 വയലും അതിലുള്ളതൊക്കെയും ആഹ്ളാദിക്കട്ടെ; അപ്പോൾ കാട്ടിലെ സകലവൃക്ഷങ്ങളും ഉല്ലസിച്ചുഘോഷിക്കും. 13. യഹോവയുടെ സന്നിധിയിൽ തന്നേ; അവൻ വരുന്നുവല്ലോ; അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു; അവൻ ഭൂലോകത്തെ നീതിയോടും ജാതികളെ വിശ്വസ്തതയോടുംകൂടെ വിധിക്കും.
ആമേൻ