കണ്ണൂര്‍: സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടത്തുന്ന 'പി.ജെ ആര്‍മി'യുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം നേതാവ് പി. ജയരാജന്. നിയമസഭ തെരഞ്ഞെടുപ്പില്‍ ജയരാജന് സീറ്റ് നിഷേധിച്ചെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ജയരാജന് വേണ്ടി സമൂഹമാധ്യമങ്ങളില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയത് 'പി.ജെ ആര്‍മി' എന്ന കൂട്ടായ്മയാണ്. സംഭവം വിവാദമായതോടെയാണ് പി.ജെ ആര്‍മിയെ തള്ളി ജയരാജന് തന്നെ രംഗത്തെത്തിയത്.
പി. ജയരാജന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം...
നിശ്ചിത മാനദണ്ഡപ്രകാരം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനുള്ള സംഘടനാപരമായ നടപടിക്രമങ്ങള്‍ പാര്‍ട്ടി സ്വീകരിച്ചുവരികയാണ്. അതിനിടയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും എന്റെ പേരുമായി ബന്ധപ്പെടുത്തി ചില അഭിപ്രായ പ്രകടനങ്ങള്‍ നടന്ന് വരുന്നതായി മനസ്സിലാക്കുന്നു. ഒരു പാര്‍ട്ടി പ്രവര്ത്തകന് എന്ന നിലക്ക് ഏത് ചുമതല നല്‍കണം എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കുക. അങ്ങിനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാന്‍ പാര്‍ട്ടി സംഘടനക്ക് വെളിയിലുള്ള ആര്‍ക്കും സാധ്യമാവുകയില്ല. അതിനാല്‍ തന്നെ സ്ഥാനാര്‍ഥിത്വവുമായി എന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളില്‍ നിന്നും പാര്‍ട്ടി ബന്ധുക്കള്‍ വിട്ട് നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .
ചിലരുടെ പ്രചരണം ഏറ്റുപിടിച്ച് പാര്‍ട്ടി ശത്രുക്കള്‍ പാര്‍ട്ടിയെ ആക്രമിക്കാനും ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ ഇകഴ്ത്തി കാണാനും ശ്രമം നടക്കുന്നതായാണ് തിരിച്ചറിയേണ്ടത്. എല്‍.ഡി.എഫിന്റെ തുടര്‍ ഭരണം ഉറപ്പുവരുത്തേണ്ട സന്ദര്‍ഭത്തില്‍ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് പാര്‍ട്ടി ശത്രുക്കള്‍ക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളു. ഞാന്‍ കൂടി പങ്കാളിത്തം വഹിച്ചുകൊണ്ടാണ് സ്ഥാനാര്‍ത്ഥി പട്ടിക രൂപപ്പെടുത്തുന്നത്.അങ്ങനെ തീരുമാനിക്കപ്പെടുന്ന എല്‍ഡിഎഫിന്‍്റെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കാന്‍ എന്നെയും പാര്‍ട്ടിയെയും സ്നേഹിക്കുന്ന എല്ലാവരോടും സജീവമായി രംഗത്തിറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പിജെ ആര്‍മി എന്ന പേരില്‍ എന്‍്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് നവമാധ്യമങ്ങളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങള്‍ക്ക് ഞാനുമായി യാതൊരു ബന്ധവുമില്ലെന്ന് ഞാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.എന്റെ അറിവോ സമ്മതമോ ഇല്ലാതെ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാര്‍ട്ടിക്ക് നിലക്കാത്ത പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ്.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല