MediaAppUSA

പാമ്പും കോണിയും - നിർമ്മല - നോവൽ -36

Published on 06 March, 2021
പാമ്പും കോണിയും - നിർമ്മല - നോവൽ -36
ഉഷയ്ക്ക് പ്ലെയിനിലെ ഭക്ഷണം തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. വിശപ്പും ക്ഷീണവും അവളെ തളർത്തിയിരുന്നു. എയർപോർട്ടിൽ ജിമ്മി മാത്രം വന്നത് അവൾക്കിഷ്ടമായി. ഉഷ പുറംകാഴ്ചകൾ കണ്ടിരുന്നു. ജിമ്മി അവളെ ചേർത്തുപിടിച്ചു. ജിമ്മിയുടെ വിരലുകൾ വയറിലേക്ക് ഊർന്നിറങ്ങിയപ്പോൾ അവൾക്കെന്തോ ഇഷ്ടമായില്ല. ജിമ്മിയ്ക്ക് ഒന്നും പറയാനില്ലേ  എന്ന് ഉഷ അത്ഭുതപ്പെട്ടു.
ജോയിയുടെ വീടിനു മുന്നിൽ നിറയെ കാറുകളായിരുന്നു. അതുകൊണ്ട് ജിമ്മി കാറ് റോഡിൽ പാർക്കുചെയ്തു. പെട്ടിയൊക്കെ പിന്നെ വന്നെടുക്കാമെന്ന് ജിമ്മി ഉഷയോടു പറഞ്ഞു. വാതിൽ കടന്നതും വീടുനിറയെ ആളുകളെ കണ്ടപ്പോൾ ഉഷയ്ക്കു വല്ലായ്മ തോന്നി.
എന്തിനാണെല്ലാവരും അത്ഭുതവസ്തുപോലെ തന്നെ നോക്കുന്നതെന്ന് ഉഷ ഈർഷ്യയോടെ ഓർത്തു.
കാനഡ മരത്തിൽ
ഡോളർ പറിക്കാൻ
പോയവരുടെ കഥ
നിർമ്മലയുടെ
പാമ്പും കോണിയും തുടരുന്നു...
                   .....     .....    ....    .....
 ഉഷ വരുമ്പോൾ ഒരു പാർട്ടി നടത്തണം. ജോയി പറഞ്ഞു. സാലിക്ക് ഉൽസാഹംതോന്നി. ഉഷ വരട്ടെ ഒരു കൂട്ടാവും. ജിമ്മിയുടെ കല്യാണത്തിനു വേണ്ടി ഒരു മാസത്തേക്കാണു നാട്ടിൽ പോയത്. അപ്പോൾ സാലിക്ക് ഉഷയെ അത്രയ്ക്കങ്ങു പരിചയമായിരുന്നില്ല.
ജോയിക്ക് പ്രത്യേകിച്ച് ആരോടും പ്രതിപത്തിയില്ലെങ്കിലും അയാളുടെ വീട്ടിലെ വിരുന്നുകൾ അയാൾക്കിഷ്ടമാണ്. അവിടെ ജോയിക്കു തീരുമാനിക്കാം. ഇഷ്ടമുള്ള ഭക്ഷണം അയാൾക്ക് ഇഷ്ടമുള്ളപ്പോൾ അയാൾക്ക് ഇഷ്ടമുള്ളതുപോലെ. ജോയിക്കു പ്രിയപ്പെട്ട ഡ്രിങ്കുകൾ അയാളുടെ അളവനുസരിച്ച് . മറ്റുള്ളവരുടെ സമയത്തിനു വേണ്ടി , പകർച്ചയ്ക്കു വേണ്ടി അയാൾക്ക് കാത്തു നിൽക്കേണ്ട .
ഉഷയ്ക്ക് പ്ലെയിനിലെ ഭക്ഷണം തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. വിശപ്പും ക്ഷീണവും അവളെ തളർത്തിയിരുന്നു. എയർപോർട്ടിൽ ജിമ്മി മാത്രം വന്നത് അവൾക്കിഷ്ടമായി. ഇനി വീടെത്തി ഒന്നു കുളിക്കണം. സാരി മാറ്റി ഒന്നുറങ്ങണം. ഉഷ പുറംകാഴ്ചകൾ കണ്ടിരുന്നു. ജിമ്മി അവളെ ചേർത്തുപിടിച്ചു. ജിമ്മിയുടെ വിരലുകൾ വയറിലേക്ക് ഊർന്നിറങ്ങിയപ്പോൾ അവൾക്കെന്തോ ഇഷ്ടമായില്ല. ജിമ്മിയ്ക്ക് ഒന്നും പറയാനില്ലേ  എന്ന് ഉഷ അത്ഭുതപ്പെട്ടു.
ജോയിയുടെ വീടിനു മുന്നിൽ നിറയെ കാറുകളായിരുന്നു. അതുകൊണ്ട് ജിമ്മി കാറ് റോഡിൽ പാർക്കുചെയ്തു. പെട്ടിയൊക്കെ പിന്നെ വന്നെടുക്കാമെന്ന് ജിമ്മി ഉഷയോടു പറഞ്ഞു. വാതിൽ കടന്നതും വീടുനിറയെ ആളുകളെ കണ്ടപ്പോൾ ഉഷയ്ക്കു വല്ലായ്മ തോന്നി.
എന്തിനാണെല്ലാവരും അത്ഭുതവസ്തുപോലെ തന്നെ നോക്കുന്നതെന്ന് ഉഷ ഈർഷ്യയോടെ ഓർത്തു. ആദ്യം ഉഷയുടെ കണ്ണിൽപെട്ടത് ചിരിക്കാത്ത അന്നമ്മയുടെ മുഖമാണ്. ഈ സ്ത്രീക്കൊന്നു ചിരിച്ചൂടെ. അവൾ മനസ്സിലോർത്തു. സാലി ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു. ഉഷ ചിരിക്കാൻ ശ്രമിച്ചു. അടുപ്പമില്ലാത്ത ഒരാളെ കെട്ടിപ്പിടിക്കുന്നതിൽ ഉഷയ്ക്കു വല്ലായ്മ തോന്നി. ഉഷയുടെ വീട്ടിൽ ആരും ആരെയും കെട്ടിപ്പിടിക്കാറില്ല.
സാലി ഉഷയോടു ചോദ്യങ്ങൾ ചോദിച്ചുകൂട്ടി. വിശക്കുന്നുണ്ടോ, ദാഹിക്കുന്നുണ്ടോ , തണുക്കുന്നുണ്ടോ , കാപ്പി വേണോ, ജ്യൂസു വേണോ, ചോറിപ്പോൾ ഉണ്ണാം ...
വേണ്ട ... വേണ്ട എന്ന മറുപടി ആവർത്തിച്ച് ഉഷയ്ക്കു മടുത്തു. ചോദ്യങ്ങൾ, പരിചയപ്പെടലുകൾ, നിർദ്ദേശങ്ങൾ, തണുപ്പ്, വിശപ്പ്, ക്ഷീണം, പെർഫ്യൂമുകളുടെ , കറികളുടെ മണങ്ങൾ . അവൾക്ക് എയർപോർട്ടിലേക്കുതന്നെ തിരികെപ്പോകാൻ തോന്നി.
- ആളൊക്കെ ഒഴിഞ്ഞിട്ടു വന്നാൽ മതിയായിരുന്നു !
സ്വീകരണമുറിയിലെ സോഫയിൽ പുരുഷന്മാർ നിറഞ്ഞിരുന്നു. അവർ മദ്യപിച്ചുകൊണ്ട് ഉച്ചത്തിൽ സംസാരിക്കുന്നുണ്ടായിരുന്നു.
- പത്തുനൂറുകൊല്ലമായി പാടിപ്പൊലിപ്പിക്കുന്നു. ദേ, ഒടുക്കം ഓ കാനഡ ദേശീയഗാനമായി പ്രഖ്യാപിച്ചു.
- ആയിരത്തി എണ്ണൂറിൽ ഫ്രഞ്ചിൽ തുടങ്ങിയതല്ലെ ഈ ഓം കാനഡ .
വിജയൻ ഓ കാനഡയെ 'ഓം കാനഡ എന്നു വിളിച്ചത് ലളിതയ്ക്കു തീരെയും ഇഷ്ടമായില്ല. ഈപ്പന്റെ മകളാണ് ഓ കാനഡയെ ഓം കാനഡ എന്നു തെറ്റി ഉച്ചരിച്ചത്.
- അതേ ഇരുപത്തിയഞ്ചുവർഷം കഴിഞ്ഞാണ് അത് ഇംഗ്ളീഷിലേക്കു ട്രാൻസലേറ്റ് ചെയ്തതുതന്നെ.
ഈപ്പൻ പറഞ്ഞു.
- ഈപ്പച്ചൻ ശ്രദ്ധിച്ചോ , ആയിരത്തി എണ്ണൂറ്റി എൺപതിൽ ആദ്യമായിട്ട് ഇന്ത്യക്കാര് കാനഡേലു വന്ന വർഷമാണ് ഓ കാനഡ ഫ്രഞ്ചിൽ പുറത്തുവന്നത്. കുറച്ചുപേരെ കൂലികളായി കൊണ്ടുവന്നു. പിന്നെ ഏർളി നയന്റീൻസിൽ കൂടുതലാളുകൾ വരാൻ തുടങ്ങി. അതേ സമയത്താ ഓ കാനഡ ഇംഗ്ളീഷിലാക്കുന്നത്.
- വിജയൻ നോക്കീട്ടാന്നോ ഈപ്പറേന്നത്? ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിയെട്ടിൽ വാൻകൂവറിൽ അയ്യായിരം ഇന്ത്യക്കാരുണ്ടായിരുന്നു. സിംഗമ്മാര്
- അതേ  വർഷമാണു എഡിറ്റു ചെയ്ത് പുതിയ ഇംഗ്ളീഷ് വേർഷൻ വന്നത്.
ഈപ്പന് അതിൽ അത്ഭുതം തോന്നി.
- ഇതു കേക്ക്, അറുപത്തിയേഴിൽ ജോർജ്ജ് വാനിയെ ഓ കാനഡയെ നാഷണൽ ആന്തമായിട്ടും ഗോഡ് സേവ് ഔർ ക്വീനിനെ റോയൽ ആന്തമായിട്ടും പ്രഖ്യാപിച്ചു. ആ വർഷമാണ് നമ്മടെ ഇമിഗ്രേഷൻ പോയന്റ് സിസ്റ്റമാക്കിയതും സ്കില്ലനുസരിച്ച് ആളുകൾക്ക് ഇന്ത്യേന്ന് വരാൻ പറ്റിയതും.
അവർ കുറെയേറെ നേരം കൂടി ഓ കാനഡയെപ്പറ്റിയും ഇന്ത്യയിൽ നിന്നും കാനഡയിലേക്കുള്ള ഇമിഗ്രേഷനെപ്പറ്റിയും ഉച്ചത്തിൽ സംസാരിച്ചു കൊണ്ടിരുന്നു. എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ പന്ത്രണ്ടു മണിയായി. ഉറങ്ങുന്നതിനുമുമ്പ് ഉടുപ്പു മാറ്റണമെന്നു പറഞ്ഞതു പാതികേട്ട് കുട്ടികൾ അവരുടെ മുറികളിലേക്കോടി.
- ജിമ്മീ , ലഗേജ് പ്ലീസ്.
ഉഷ പറഞ്ഞതും ജിമ്മി വേഗത്തിൽ ഉഷയുടെ പെട്ടികൾ അകത്തു കൊണ്ടുവന്നു. കറുപ്പും വെളുപ്പും കളങ്ങളുള്ള ഭംഗിയുള്ള പെട്ടി സാലി കൗതുകത്തോടെ കണ്ടു. പെട്ടികൾക്കു പിന്നാലെ ഉഷയും ബെഡ് റൂമിലേക്കു പോയി. പൊയ്ക്കോട്ടെ എന്ന് സാലിയോട് അനുവാദം ചോദിച്ചില്ല. ചിരിച്ചുകൊണ്ട് തലയാട്ടിയില്ല.
പിന്നെ കുളിമുറിയിൽ നിന്നും ഷവറിന്റെ ശബ്ദം കേട്ടപ്പോൾ സാലിക്കു സംശയമായി. ഉഷ കുളിക്കുകയാവുമോ? ടവ്വലും സോപ്പും ചോദിച്ചില്ല. ഉഷ കുളികഴിഞ്ഞുവരുമ്പോൾ ചോദിക്കുവാൻ കുറെയേറെ കാര്യങ്ങൾ സാലി മനസ്സിൽ കൂട്ടിവെച്ചു. കുറച്ചേറെനേരം കഴിഞ്ഞ് മുകളിൽനിന്നും ശബ്ദമൊന്നും കേൾക്കാതായപ്പോൾ സാലി മുകളിലെ കിടപ്പുമുറിയിലേക്കു നോക്കി. അവിടെ വെളിച്ചം ഇല്ലായിരുന്നു. ഉഷയും ജിമ്മിയും ഉറക്കം പിടിച്ചുകഴിഞ്ഞിരുന്നു.
സാലി പാത്രങ്ങൾ കഴുകുന്നതിലേക്കു തിരിച്ചുപോയി. ജോയി ബേസ്മെന്റിലെ കുപ്പികളും ഗ്ളാസ്സുകളും എടുത്തുകൊണ്ടു വന്നപ്പോൾ സാലി പറഞ്ഞു.
- ഉഷ കിടന്നെന്നു തോന്നുന്നു.
- യാത്രയുടെ ക്ഷീണം കാണും.
അതു പറഞ്ഞ് ജോയിയും മുകളിൽ കിടപ്പുമുറിയിലേയ്ക്കു പോയി.
എച്ചിൽപാത്രങ്ങളുടെ രാജ്ഞിയായി സാലി അടുക്കളയിൽ നിന്നു. സ്വീകരണ മുറിയിൽ നിന്നും ഗ്ളാസ്സുകൾ പറഞ്ഞു ഞങ്ങൾ കൂട്ടിനുണ്ടല്ലോ. നിലത്തു ചിതറിക്കിടന്ന മിക്സ്ചറും നാപ്കിനുകളും ചിരിച്ചു.
- മറക്കല്ലേ!
പാത്രം കഴുകുമ്പോൾ സാലി പൈപ്പിലെ വെള്ളത്തിനോടു പറഞ്ഞു.
- ഒടുക്കത്തെ പുറംവേദന !
പിറ്റേന്നു രാവിലത്തേക്ക് അരച്ചുവെച്ച അപ്പത്തിന്റെ മാവ് പുറത്തേക്കൊഴുകി എന്നെയും വൃത്തിയാക്കണം എന്നു ശഠിച്ചു. അധികംവന്ന കറികൾ ഫ്രിഡ്ജിൽ കൊള്ളാത്തവിധം. കുഴഞ്ഞ മനസ്സോടെ സാലി എല്ലാത്തിനും ഇടം കണ്ടുപിടിച്ചു. ലിവിങ് റൂം പഴയതുപോലെയായി. കാലത്തുണർന്നു വരുന്നവർക്ക് തലേദിവസം നടന്ന അത്താഴ വിരുന്നിനെക്കുറിച്ച് ഓർക്കാൻ അവസരം കൊടുക്കാതെ എല്ലാം പഴയപടി.
ഒടുക്കം സാലി ഉറങ്ങി. ആറുമണിക്ക് ഉണരാനായി. ഉഷയെയും കൊണ്ട് പള്ളിയിൽ പോകണ്ടേ ?
എട്ടുമണി ആയിട്ടും ആരും എഴുന്നേറ്റില്ല. ജോയി പള്ളിയിൽ പോകാൻ തയാറായി വന്നു.
- ജിമ്മിയും ഉഷയും എഴുന്നേറ്റിട്ടില്ല..
സാലി അതു പറഞ്ഞപ്പോൾ ജോയിക്ക് അതത്ര വലിയ കാര്യമായി തോന്നിയില്ല.
- ഉഷയ്ക്ക് സമയം മാറിയതിന്റെ ക്ഷീണം കാണും . നിങ്ങളിന്നു പള്ളിയിൽ വരണ്ട.
അതു പറഞ്ഞ് ജോയി കഴിക്കാനിരുന്നു. ജോയി കഴിച്ചു പാത്രങ്ങൾ കഴുകിവെച്ചു കഴിഞ്ഞ് സാലി പള്ളിയിലുടുക്കാൻ തേച്ചുവെച്ചിരുന്ന സാരി അലമാരയിൽ തിരികെവെച്ചു.
                           തുടരും ...
പാമ്പും കോണിയും - നിർമ്മല - നോവൽ -36പാമ്പും കോണിയും - നിർമ്മല - നോവൽ -36
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക