എല്ലാകാര്യങ്ങൾക്കും ഹർത്താലും സമരവും നടത്തുന്ന ഹർത്താലുകളുടെ നാടായ സമ്പൂർണ്ണ സാക്ഷരകേരളത്തിൽ പരീക്ഷ എഴുതി പാസ്സായ മിടുക്കന്മാർ ജോലിക്കുവേണ്ടിയും സമരം ചെയ്യുന്നു. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുള്ള കേരളത്തിൽ അവരുടെ വിദ്യാഭ്യാസയോഗ്യതയും കഴിവുകളും കേരളത്തിന്റെ ഉന്നമനത്തിനായിത്തന്നെ വിനിയോഗപ്പെടുത്തുന്നുവെങ്കിൽ നമ്മുടെ കേരളത്തിന് എത്രയോ സുന്ദരമായ ഒരു ഭാവി ഉണ്ടായേനെ! എന്നാൽ നിർഭാഗ്യവാശാൻ അഭ്യസ്തവിദ്യരായ കഴിവുള്ള ചെറുപ്പക്കാർക്ക് നല്ലൊരു ജോലി ലഭിക്കണമെങ്കിൽ അല്ലെങ്കിൽ അവന്റെ കഴിവ് തെളിയിക്കണമെങ്കിൽ അവന് ഒരു പ്രവാസിയായാൽ മാത്രമേ സാധിക്കൂ എന്ന ഒരു സ്ഥിതിവിശേഷമാണ് ഇന്നും കേരളത്തിൽ. മറിച്ച് പറയുകയാണെങ്കിൽ പ്രവാസികൾ കേരളത്തിലേക്ക് ഒഴുക്കുന്ന പണം തന്നെയാണ് ഇവിടുത്തെ ചെറുപ്പക്കാരെ നശിപ്പിക്കുന്നത് എന്നും പറയാം.
ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ളവർ കേരളത്തിലാണ്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കിൽ ഓഫീസ് സർവ്വേ ( സെപ്റ്റംബർ 7 , 2020) പ്രകാരം കേരളത്തിലെ പുരുഷന്മാരുടെ സാക്ഷരത ശതമാനം 97.4 ഉം സ്ത്രീകളുടെ 95.2 ഉം ആണ്. ഇന്ത്യയുടെ ആകമാനം സാക്ഷരതാ ശതമാനം 77.7 ആണ്. എന്നിട്ടും കേരളത്തിൽ തൊഴിലില്ലായ്മാ പ്രശനം ഗുരുതരമായി അനുഭവപ്പെടുന്നത് എന്തുകൊണ്ട്? ഇന്ത്യയുടെ ഇരുപത്തിയെട്ട് സംസ്ഥാനങ്ങളിൽ തൊഴിലില്ലായ്മയിൽ കേരളം പതിനാലാമത്തെ സ്ഥാനത്ത് നിൽക്കുന്നു. സമ്പൂർണ്ണ സാക്ഷരതയുള്ള കേരളത്തിൽ തൊഴിലില്ലായ്മാപ്രശനം ഗുരുതരമാണെന്നുള്ളതും അതേസമയം നിരവധി തസ്തികകൾ നിയമനം നടക്കാതെ വര്ഷങ്ങളോളം ഒഴിഞ്ഞുകിടക്കുന്നു എന്നുള്ളതും വൈരുദ്ധ്യാത്മകമായ ഒരു വസ്തുതയാണ്.
കേരളം ഇന്ന് നേരിടുന്ന പ്രശ്നത്തിന്റെ കാരണം പലതാണ്. അഭ്യസ്തവിദ്യരായ എല്ലാ യുവജനങ്ങളും വെള്ള കോളർ ജോലിതേടുന്നതിനു ശ്രമിക്കുന്നതിനാൽ ഓരോ തസ്തികയിലേക്കും ലഭിക്കുന്ന അപേക്ഷകൾ നിരവധിയാണ്. ഒരു തസ്തികയിലേക്ക് തിരഞ്ഞെടുക്കാൻ അപേക്ഷ ക്ഷണിക്കുമ്പോൾ യോഗ്യരായ ഉദ്ദ്യോകാർത്ഥികൾ ഉണ്ടെങ്കിലും സംവരണം ഉറപ്പുവരുത്തണം. ഈ സാഹചര്യത്തിൽ യോഗ്യതയുള്ള ഉദ്യോഗാർഥിയെ സംവരണമുള്ളവർക്കായി മാറ്റിനിർത്തേണ്ടിവരുന്നു. ആത്മാർത്ഥമായി പഠിച്ച് പരീക്ഷ എഴുതിയ ഒരു ഉദ്ദ്യോഗാർത്തി എല്ലാ കടമ്പകളും കടക്കാൻ തയ്യാറായിരിക്കുമ്പോഴാകാം രാഷ്ട്രീയ താൽപര്യങ്ങൾക്കനുസൃതമായ നിയമനം സംഭവിക്കുന്നത്.
പണ്ടുകാലങ്ങളിൽ കേരളത്തിൽ ഒരു വലിയ വിഭാഗം ആളുകൾ കൃഷിപ്പണികളിലും മറ്റും വ്യാപൃതരായിരുന്നു . അന്നത്തെ ആളുകൾ പാടത്ത് പണിയെടുക്കുവാനും, അവനവന്റെ കുലത്തൊഴിലുകൾ ചെയ്യാനും തയ്യാറായിരുന്നു. അതുകൊണ്ടുതന്നെ പാടത്തെ പണിയ്ക്കും, തേങ്ങയിടുന്നതിനും, വീടുപണിക്കും മറ്റും തൊഴിലാളികൾക്ക് പ്രശ്നമില്ലായിരുന്നു.
നമ്മുടെ നാട്ടിൽ തൊഴിൽ പ്രശ്നങ്ങൾ വളരെ കുറവായിരുന്നു. ആർജവമില്ലാത്ത തൊഴിലാളി സംഘടനകൾ തൊഴിൽ ശാലകളിലും, വ്യവസായ സ്ഥാപനങ്ങളിലും കുഴപ്പങ്ങൾ ഉണ്ടാക്കിയിരിക്കാമെങ്കിലും മുതാലാളിമാരുടെ ചൂഷണങ്ങൾ കുറക്കാൻ ഇത്തരം സംഘടനകൾ സഹായമായിട്ടുണ്ട്. അന്ന് തൊഴിലാളികളുടെ പല ആവശ്യങ്ങൾക്കും സമരങ്ങൾ ഉണ്ടായിട്ടുണ്ട്.
എന്നാൽ ഇന്ന് കേരളത്തിലെ അവസ്ഥ വിലയിരുത്തിയാൽ നമ്മുടെ നാടിനനുയോജ്യമായ ഒരു ജോലിക്കും ആളുകളെ കിട്ടാനില്ല. സാക്ഷരകേരളത്തിൽ ഇന്ന് എല്ലാവര്ക്കും വേണ്ടത് വെള്ളക്കോളർ ജോലിയാണ്. അതുകൊണ്ടുതന്നെ നാടിന്റേതായ പണികൾക്ക് അന്യസംസ്ഥാനത്തുനിന്നും വരുന്ന ആളുകളെ ആശ്രയിക്കേണ്ടതായി വരുന്നു. സാമ്പത്തികമായി കഷ്ടപ്പെടുന്ന അന്യസംസ്ഥാനക്കാർക്ക് വിദേശപണം വാരിക്കോരി കൊടുക്കുന്ന കേരളം "ദുബായ്" ആയി അനുഭവപ്പെട്ടു. അഭ്യസ്തവിദ്യരായവർ പുറംരാജ്യങ്ങളിൽ ജോലിയ്ക്കായി പോകുന്നു. ഗൾഫിലേക്കും മറ്റു വിദേശരാജ്യങ്ങളിലേക്കും കുടിയേറിയവർ സാമ്പത്തികമായി ഉന്നമനം കൈവരിച്ചു. അവരുടെ തലമുറ ഉന്നത വിദ്യാഭ്യാസയോഗ്യതകൾ നേടി. കേരളത്തിന്റെ സാക്ഷരതാ നിരക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നും കുതിച്ചുകയറി. പക്ഷെ ഈ സാക്ഷരത്വം "വൈറ്റ് കോളർ" ജോലിക്കാരെ ഉണ്ടാക്കുകയാണ് ചെയ്തത്. എല്ലാവരും കോളേജ് വിദ്യഭ്യാസം നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്. തൊഴിൽപരമായ (vocational ,poly technic ) വിദ്യാഭ്യാസത്തിനു താൽപ്പര്യം കാണിച്ചില്ല. ഇതിന്റെ ഫലമായി കേരളത്തിലുള്ള അഭ്യസ്തവിദ്യരായ യുവാക്കൾ ജോലിക്കുവേണ്ടി കേരളത്തിനുപുറമേപോകുമ്പോൾ അന്യസംസ്ഥാനക്കാരായ തൊഴിലാളികൾ കേരളം നിറഞ്ഞു. ഈ അവസ്ഥ ഇവിടെത്തെ ജനങ്ങളുടെ സുരക്ഷിതത്വത്തിനുപോലും ഭീഷണിയായിരുന്നു
ഓരോ കുടുംബങ്ങളിലെയും വരുമാനം എന്നത് മിക്കവാറും പ്രവാസികളുടെ പണം തന്നെയാണ്. വിദേശപണം ഒഴുകിവരുമ്പോൾ കേരളത്തിലെ ജനങ്ങൾക്ക് പണത്തിന്റെ മൂല്യം മനസ്സിലാകാതെയായി. പൊങ്ങച്ചങ്ങളും, ദുരാഭിമാനങ്ങളും അവരെ വേട്ടയാടി. അതിനിടയിൽ ഇടനിലവരുമാനക്കാർക്ക് ജീവിക്കാൻ ബുദ്ധിമുട്ടായിത്തുടങ്ങി.
വെള്ളക്കോളർ ജോലി ലഭിക്കാൻ വിഷമമാണെന്ന സാഹചര്യത്തിൽ യുവാക്കൾ വിദ്യാഭ്യാസം കഴിഞ്ഞതിനുശേഷം എളുപ്പത്തിൽ പണം സമ്പാദിക്കുന്നത്തിനായുള്ള മാർഗ്ഗങ്ങൾ തേടുന്നു. ഇതിന്റെ ഭാഗമായി രാഷ്ട്രീയ-വാടക ഗുണ്ടകളുടെ എണ്ണം വർദ്ദിച്ചു.. മറ്റുചിലർ കള്ളവും പിടിച്ചുപറിയും നടത്തി ആർഭാടജീവിതത്തിനായി പണമുണ്ടാക്കുന്നു. മറ്റുചില ചെറുപ്പക്കാർ മയക്കുമരുന്ന് വിൽപ്പനയും, കള്ളക്കടത്തും ചെയ്ത പണം സമ്പാദിക്കുന്നു. എന്തായിരുന്നാലും വിദേശപണം വലിച്ചൂരി ചിലവഴിക്കുന്നവർക്ക് കിടപിടിക്കാൻ എളുപ്പത്തിൽ പണമുണ്ടാക്കാൻ യുവാക്കൾ ശ്രമിക്കുന്നു. ഇതോടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നെറികേടുകളുടെ കോമരങ്ങൾ ഉറഞ്ഞുതുള്ളിത്തുടങ്ങി.
സമ്പൂർണ്ണ സാക്ഷരത എന്നതിൽ കേരളത്തിന് അഭിമാനംതന്നെ. എന്നാൽ വിദ്യാഭ്യാസം അല്ലെങ്കിൽ അറിവ് നേടുന്നത് കായികാദ്ധ്വാനമില്ലാത്ത ജോലിയ്ക്കാണെന്നുള്ള ചിന്ത യുവതലമുറ ഉപേക്ഷിക്കണം. ഏതൊരു തൊഴിലിനും അറിവ് ആവശ്യമാണ്. ആ അറിവ് അല്ലെങ്കിൽ സാമാന്യബോധം നേടുന്നതിനാണ് വിദ്യാഭ്യാസം എന്നതായിരിക്കണം സാക്ഷരതകൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ ഭൂഘടനക്ക് അനുയോജ്യമായ തൊഴിലുകൾ ചെയ്യാൻ തയ്യാറാകണം. വിദ്യാഭ്യാസം അതിനൊരു തടസ്സമാകരുത്. വിദ്യാഭ്യാസമെന്നത് കൂടുതൽ പ്രായോഗികമായി ആ തൊഴിൽ ചെയ്യുവാനുള്ള ഉപാധിയാകണം. ഒരാൾ തിരഞ്ഞെടുക്കുന്നത് കൃഷിയാണെങ്കിൽ വിദ്യാഭ്യാസത്തിലൂടെ അവനുള്ള അറിവ് പുതിയ തരത്തിൽ മണ്ണിന്റെ ഘടനയും സ്വഭാവവും മനസ്സിലാക്കി നൂതനമായ രീതിയിൽ കൃഷിചെയ്ത് നല്ല വിളവെടുക്കാൻ സഹായിച്ചേക്കാം. ബ്രിട്ടീഷ് ഭരണകാലത്ത് കുറെ ക്ളാർക്ക്മാരെ ഉണ്ടാക്കിയെടുക്കാൻ അവർ രൂപപ്പെടുത്തിയ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നും മാറി പുതിയ സിലബസ്സുകൾ .ഉണ്ടാക്കണം. വിദ്യാര്തഥികൾക്ക് അവരുടെ അഭിരുചിയനുസരിച്ച് വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കണം. "വൈറ്റ് കോളർ" ജോലി മാത്രമേ ചെയ്യു അതിനു മാത്രമേ അന്തസുള്ളൂ എന്ന മലയാളിയുടെ മിഥ്യാബോധത്തിൽ നിന്നും അവനെ വിളിച്ചുണർത്തണം.
ഡിഗ്രികൾ നേടുന്ന ഓരോ വിദ്യാർത്ഥിക്കും അവരുടേതായ പ്രതീക്ഷകൾ ഉണ്ടായിരിക്കും. എന്നാൽ അവരുടെ പ്രതീക്ഷക്കൊപ്പം തൊഴിൽ ലഭിക്കുക പ്രയാസം. നിരാശാബോധം അവിടെ നിന്നും തുടങ്ങുന്നു. ജീവിതത്തിന്റെ എല്ലാ തുറകളിലും ജോലിക്കായി ആളുകളെ ആവശ്യമുണ്ട്. ഒരു പ്രത്യേക ജോലി മാത്രമേ ചെയ്യുകയുള്ളൂ എന്ന് എല്ലാവരും തീരുമാനിച്ചാൽ വളരെ അധികം മറ്റു ജോലികൽ ഒഴിഞ്ഞുകിടക്കും. നമ്മുടെ കേരളത്തിന്റെ സ്ഥിതിവിശേഷം അതാണ്. ധാരാളം ജോലി സാധ്യതകൾ ഉണ്ട് പക്ഷെ അവ ലഭിക്കണമെങ്കിൽ സാങ്കേതിക പരിജ്ഞാനം ഉണ്ടായിരിക്കുകയോ അല്ലെങ്കിൽ കായികമായ അദ്ധ്വാനം ചെയ്യേണ്ടവയോ ആയിരിക്കും. അത്തരം തസ്തികളിൽ മറ്റു സംസ്ഥാന തൊഴിലാളികൾ വന്നു ജോലി ചെയ്യുമ്പോൾ നാട്ടുകാർ തൊഴിൽരഹിതരും പുറമെ നിന്നും വരുന്നവർ ജോലിക്കാരുമാകുന്നു.
അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ കേരളം അഭിമുഖീകരിക്കുന്ന പ്രശ്നമാണെങ്കിലും അതിനുത്തരവാദി അവിടത്തെ ജനങ്ങളും സർക്കാരും തന്നെയാണെന്ന് പറയാം. വിദ്യാഭ്യാസം നൽകി കൂടുതൽ തൊഴിൽരഹിതരെ വളർത്തുന്ന കേരളം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനാണ് ഊന്നൽ നൽകേണ്ടത്. ഒരു കാർഷികരാജ്യമായ ഇന്ത്യ ഇപ്പോൾ വ്യവസായികമായി ഉയർന്നെങ്കിലും വയലുകൾ കൃഷിചെയ്യാതെ ഉപേക്ഷിച്ചിടുന്നത് ഭക്ഷണവസ്തുക്കൾക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു. അതിനാൽ ഇവിടെ ലഭ്യമായിട്ടുള്ള പ്രകൃതിവിഭവങ്ങൾ ഉപയോഗപ്പെടുത്തി മെച്ചപ്പെട്ട രീതിയിൽ കൃഷിചെയ്യുക എന്നതാണ് ഇവിടുത്തെ ജീവിത നിലവാരം ഉയർത്തുന്നതിന് അഭികാമ്യം. എന്നാൽ വിദ്യാഭ്യാസം എന്നത് ഇതിന് തടസ്സമായി നിൽക്കുന്നുവെങ്കിൽ യുവതലമുറയെ ഇതിനായി പ്രോത്സാഹിപ്പിക്കുന്നതരത്തിലുള്ള വിദ്യാഭ്യാസമാണ് യുവാക്കൾക്ക് നൽകേണ്ടത്. കൃഷിഭൂമി കൃഷിക്കായി ഉപയോഗിക്കുമ്പോൾ ധാരാളം തൊഴിൽ അവസരങ്ങൾ ഉണ്ടാകും. അതേപോലെ ഒരുകാലത്ത് ഓരോ ജാതിക്കാരുടെ കുത്തക തൊഴിലുകൾ ഇന്ന് ജാതിമതഭേദമെന്യേ പലരും ചെയ്യുന്നുണ്ട്. വിദ്യഭ്യാസ യോഗ്യതയുടെ കടലാസ്സും കയ്യിലേന്തി സർക്കാരിനോട് ജോലി ചോദിക്കുന്ന സമ്പ്രദായത്തിൽ നിന്നും സ്വയം തൊഴിൽ കണ്ടെത്തുക എന്ന പദ്ധതിയിലേക്ക് ഓരോരുത്തരും ശ്രദ്ധ പതിപ്പിച്ചാൽ ജോലിക്കുവേണ്ടി ചെയ്യുന്ന സമരമെങ്കിലും കേരളത്തിന് ഒഴിവാക്കാം