ബാല്യത്തില്‍ കേട്ട പ്രസംഗങ്ങള്‍ വേറെയും ഉണ്ട്. പുസ്തകം വായിക്കുന്നതു പോലെ പ്രസംഗങ്ങളും ബാല്യത്തില്‍ ആസ്വദിച്ചിരുന്നതിനാല്‍ അഴീക്കോട്ടും കണ്ണൂരും മറ്റും കെ.പി. ഗോപാലന്‍, ചിറയ്ക്കല്‍ ടി. ബാലകൃഷ്ണന്‍ നായര്‍, പീറ്റ അച്യുതന്‍, പി. കണ്ണന്‍ മാസ്റ്റര്‍ ഒട്ടേറെ ഗുരുക്കന്മാര്‍ നടത്തിയ അനേകം പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ അഴീക്കോട് പോയിട്ടുണ്ട്. പി.എം. കുഞ്ഞിരാമന്‍ നമ്പ്യാരെ പോലെ കെ.പി. ഗോപാലനും ശക്തിയായി പ്രസംഗിക്കുന്ന ശൈലിക്കാരനായിരുന്നു. പക്ഷെ രാഷ്ട്രീയം നന്നായി പറയും. അഴീക്കോട് അതു നന്നായി ആസ്വദിച്ചു. നല്ല ഹൃദയസ്പര്‍ശിയായി പ്രസംഗിച്ചിരുന്ന ചിറയ്ക്കല്‍ ടി. ബാലകൃഷ്ണന്‍ നായരുടെ ഒരു പ്രസംഗത്തെപ്പറ്റി അഴീക്കോട് എന്നും പറയാറുണ്ടായിരുന്നു. കണ്ണൂര്‍ ശ്രീനാരായണ പാര്‍ക്കില്‍ ആഗസ്റ്റ് സമരത്തില്‍ പങ്കെടുത്തു ചിറയ്ക്കല്‍ ടി. ബാലകൃഷ്ണന്‍ നായര്‍ നടത്തിയ മനോഹരമായ ആ പ്രസംഗം തന്റെ ഹൃദയത്തെ സ്പര്‍ശിച്ചു എന്നാണ് അഴീക്കോട് പറഞ്ഞത്. ബാലകൃഷ്ണന്‍ നായര്‍ പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ വീട്ടില്‍ പ്രസവവേദന സഹിച്ചു കിടക്കുകയാണ്. എന്നിട്ടും അദ്ദേഹം പ്രസംഗിച്ചു; അറസ്റ്റും വരിച്ചു. ""സദസ്യര്‍ ആഹ്ലാദാവേശം മൂലം കൈയ്യടിച്ചു പോകുന്ന രീതിയില്‍ പ്രസംഗിച്ചിരുന്ന പ്രഭാഷകനായിരുന്നു അദ്ദേഹം. അത്തരമൊരു കാലം ഒരു ദേശത്തിന്റെ ചരിത്രത്തില്‍ വല്ലപ്പോഴും ഉദിച്ചസ്തമിക്കുന്നതായിരിക്കും'' എന്നാണ് ഇതേപ്പറ്റി അഴീക്കോട് പറഞ്ഞിട്ടുള്ളത്.
ചിറയ്ക്കല്‍ ടി. ബാലകൃഷ്ണന്‍ നായരെ പോലെ വികാരതീവ്രതയുള്ള പ്രസംഗം നടത്താന്‍ അലവില്‍ സ്വദേശി പീറ്റ അച്യുതനും കഴിവുണ്ടായിരുന്നു. കടുത്ത ബ്രഹ്മചാരിയായിരിക്കുമ്പോള്‍ ചെറുപ്പക്കാര്‍ അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടുമായിരുന്നു. ബാല്യത്തില്‍ അഴീക്കോടും ആ പ്രസംഗം കേള്‍ക്കാന്‍ പോയിട്ടുണ്ട്. 1944-ല്‍ കസ്തൂര്‍ബഗാന്ധി മരിച്ചപ്പോള്‍ പീറ്റ അച്യുതന്‍ കണ്ണൂരില്‍ നടത്തിയ പ്രസംഗം ശ്രോതാക്കളെ കണ്ണീരില്‍ അലിയിപ്പിച്ചു. അതൊരു വിസ്മയ പ്രസംഗമായിരുന്നെന്നാണ് അഴീക്കോടിന്റെ സാക്ഷ്യം. എന്നാല്‍ പിന്നീട് ഇദ്ദേഹം ബ്രഹ്മചര്യം ഉപേക്ഷിച്ച് വിവാഹിതനായി. ഇതിനുശേഷം ഇദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ ശ്രോതാക്കള്‍ കുറഞ്ഞു. പ്രസംഗം ആകര്‍ഷകമായാല്‍ പോരാ, പ്രഭാഷകനും വ്യക്തിപരമായ മഹത്വം കൊണ്ട് ശ്രോതാക്കളെ ആകര്‍ഷിക്കണം - അതേപ്പറ്റി അഴീക്കോട് ഇങ്ങനെ പറയുന്നു: ""സ്വഭാവമഹിമയുടെ പ്രതിച്ഛായയ്ക്കു മങ്ങലേറ്റാല്‍ പ്രഭാഷകനു പതനം സംഭവിക്കുമെന്ന് അദ്ദേഹത്തിന്റെ ജീവിതം എന്നെ അന്നേ പഠിപ്പിച്ചു.''
സ്വഭാവമഹിമ പ്രസംഗകലയുടെ അവിഭാജ്യഘടകമാണെന്ന് അഴീക്കോട് മാത്രമെ പറഞ്ഞിട്ടുള്ളൂ. പ്രഭാഷണകലയുടെ വസന്തകാന്തി നിറഞ്ഞു നിന്ന സ്വാതന്ത്ര്യസമരകാലത്തു കണ്ണൂരില്‍ അദ്ദേഹം കണ്ട കോണ്‍ഗ്രസുകാരും ഉന്നതമായ സ്വഭാവമഹിമ ഉള്ളവരായിരുന്നു. അങ്ങനെ കോണ്‍ഗ്രസ് യോഗത്തിലും അദ്ദേഹം പ്രസംഗിച്ചു. ബാല്യത്തില്‍ കോണ്‍ഗ്രസുകാരുടെ പ്രസംഗം കേട്ടു തുടങ്ങിയതു കെ. കേളപ്പന്‍, പാമ്പന്‍ മാധവന്‍, പി. ഗോപാലന്‍, കെ.ടി. ശ്രീധരന്‍ എന്നിവരുടെ സ്വഭാവ മഹിമ കണ്ടിട്ടായിരുന്നു. ""കെ. കേളപ്പന്‍ മികച്ച പ്രഭാഷകനാണെന്ന് പറയാനാവില്ല. പക്ഷെ അദ്ദേഹത്തിന്റെ നിര്‍ത്തി നിര്‍ത്തിയുള്ള പ്രസംഗത്തില്‍ ഒരു മഹത്ത്വസ്പന്ദനം കളിയാടിയിരുന്നു.'' എന്നാണ് അഴീക്കോട് സ്മരിച്ചിട്ടുള്ളത്. പ്രസംഗത്തില്‍ കൂടി മഹത്ത്വസ്പന്ദനം പ്രസരിപ്പിക്കണമെങ്കില്‍ പ്രഭാഷകന്‍ സ്വഭാവമഹിമയുടെ പ്രതീകമായിരിക്കണമെന്ന് അഴീക്കോട് തിരിച്ചറിഞ്ഞു.
പ്രസംഗവേദിയില്‍ ഏറ്റുമുട്ടാനുള്ള ധീരത ആദ്യത്തെ പ്രസംഗം മുതല്‍ അഴീക്കോട് പ്രകടിപ്പിച്ചിട്ടുണ്ട്. അത്തരമൊരു ധീരത ചെറുപ്പത്തില്‍ തന്നെ പുറത്തെടുക്കാന്‍ പി. കണ്ണന്‍ മാസ്റ്ററുടെ പ്രസംഗങ്ങളും പ്രചോദനമായിട്ടുണ്ട്. അച്ഛനെ പോലെ വിദ്വാനും അധ്യാപകനുമായിരുന്നു കണ്ണന്‍ മാസ്റ്റര്‍. എന്നാല്‍ പ്രസംഗവേദികളില്‍ മറ്റുള്ളവരുടെ ഭാഷാപരമായ ന്യൂനതകള്‍ എടുത്തുകാണിക്കാന്‍ അദ്ദേഹത്തിനു മടിയില്ലായിരുന്നു. ഒരു യോഗത്തില്‍ കണ്ണന്‍ മാസ്റ്റര്‍ ആയിരുന്നു അധ്യക്ഷന്‍. അദ്ദേഹത്തിന്റെ പ്രസംഗം കഴിഞ്ഞപ്പോള്‍ അഴീക്കോട് അദ്ദേഹവുമായി ഏറ്റുമുട്ടി! കണ്ണന്‍ മാസ്റ്ററുടെ പ്രസംഗത്തിലെ ഭാഷാപരമായ ചില നിലപാടുകള്‍ എടുത്തു പറഞ്ഞായിരുന്നു അന്നത്തെ ഏറ്റുമുട്ടല്‍.
ബാല്യകാലത്ത് അഴീക്കോട് കേട്ട പ്രസംഗങ്ങള്‍ പഠിപ്പിച്ച ഒരു പാഠം, പ്രസംഗകല ഒരാളുടെ കാപട്യമില്ലാത്ത ഹൃദയം തുറക്കലാണെന്ന തത്വമാണ്. അതേപ്പറ്റി അദ്ദേഹം ഇങ്ങനെ പറയുന്നു: ""പ്രഭാഷണം ഭാഷയുടേയോ ശൈലിയുടെയോ ഫലിതത്തിന്റെയോ വചനനൈപുണ്യത്തിന്റെയോ കാര്യം മാത്രമല്ലെന്നും ലോകത്തിന്റെ നന്മയ്ക്കുവേണ്ടി വലുതായി ചിന്തിക്കുന്ന ഒരാളുടെ കാപട്യമില്ലാത്ത ഹൃദയം തുറക്കലാണെന്നും പതുക്കെപ്പതുക്കെ നല്ല പ്രസംഗം തേടിയുള്ള എന്റെ കൗമാരയൗവനങ്ങളിലെ അന്വേഷണാദികള്‍ എന്നെ പഠിപ്പിച്ചു.''
ഡിഗ്രി പഠനം കഴിഞ്ഞപ്പോഴേക്കും അഴീക്കോട് നാട്ടില്‍ പത്തിരുപതു പ്രസംഗങ്ങള്‍ നടത്തിക്കഴിഞ്ഞിരുന്നു. 1946-ല്‍ അഴീക്കോട്ടേ ആത്മവിദ്യാസംഘത്തില്‍ നാട്ടുകാരെ അമ്പരപ്പിച്ചുകൊണ്ട് "ഓംകാരത്തിന്റെ തത്ത്വശാസ്ത്രം' എന്ന വിഷയത്തെക്കുറിച്ചു പ്രസംഗിച്ചു. ഒരു ഗ്രന്ഥാലയത്തില്‍ ആദ്യമായി അദ്ദേഹം പ്രസംഗിച്ചതും അഴീക്കോട്ട് തന്നെ - കെ.എം.കെ. ഗുരുക്കള്‍ സ്മാരകവായനശാലയില്‍.
ആദ്യകാലങ്ങളില്‍ പ്രസംഗത്തിനു വലിയ തയ്യാറെടുപ്പുകള്‍ അഴീക്കോട് നടത്തിയിരുന്നു. പില്‍ക്കാലത്ത് അങ്ങനെ വലിയ ഒരുക്കമൊന്നും നടത്തിയിരുന്നില്ല. കാറില്‍ ഇരുന്ന് ആലോചിക്കും. ആലോചിക്കാന്‍ അദ്ദേഹത്തിനു ഏകാന്തത വേണ്ടിയിരുന്നു. അതെപ്പറ്റി അഴീക്കോട് ഇങ്ങനെ പറഞ്ഞു: ""എനിക്ക് ഏകാന്തത തരുന്നതു കാറാണ്. യാത്രയില്‍ എന്റെ മനസ്സ് ഉണരും. ശരീരത്തിന്റെ ചലനം മനസ്സിനെയും ചലിപ്പിക്കുന്നുണ്ടാവണം. പ്രസംഗത്തിനു സമ്മതിച്ചാല്‍ അതു കഴിയും വരെ വേദനയാണ്. ഞാന്‍ പഠിച്ചു പറയുകയല്ല. പ്രസംഗം മനസ്സില്‍ നിന്നു വരുന്നതാണ്. എന്തു പറയുമെന്നു മുന്‍കൂട്ടി പറയാന്‍ പ്രയാസമാണ്. അതിനാല്‍ മുന്നൊരുക്കം എനിക്കു പറ്റില്ല; ആവശ്യവുമില്ല. ഞാന്‍ വേദിയില്‍ നിന്നും ആലോചിക്കും. സദസിന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ ഉള്ള ടെന്‍ഷനിലും എന്റെ ക്രിയേറ്റിവിറ്റി സജീവമാകും. ഇതിലെന്റെ അബോധമനസ്സ് കൂടി പങ്കാളിയാകുന്നുണ്ട്. ചിലപ്പോള്‍ സദസിനെ കണ്ടുകഴിഞ്ഞിട്ടേ ആദ്യവാചകം പോലും ആലോചിക്കുകയുള്ളൂ. പിന്നെ ആശയങ്ങള്‍ ക്രമീകരിക്കുന്നതും മറ്റും പ്രസംഗം നടക്കുന്ന സമയത്തുതന്നെ മനസ്സില്‍ നടക്കും.''
ആള്‍ക്കൂട്ടവും തന്റെ പ്രസംഗത്തെ പ്രലോഭിക്കുന്ന ഒരു ഘടകമാണെന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇങ്ങനെ പറയുന്നു: ""ആള്‍ക്കൂട്ടത്തെ കാണുമ്പോള്‍ എന്റെ എല്ലാ സര്‍ഗ്ഗാത്മകതയും ഉണരും. അപ്പോള്‍ എനിക്കു മുമ്പെങ്ങുമില്ലാത്ത ആലോചനകളും ഉള്‍ക്കാഴ്ചകളും വീണു കിട്ടും. പ്രസംഗമണ്ഡപത്തില്‍ നില്‍ക്കുമ്പോഴുള്ള മഹാസമ്മര്‍ദ്ദത്തിനിടയിലാണ് എന്റെ ക്രിയേറ്റിവിറ്റി ഏറ്റവും ചടുലമാകുന്നത്. ആള്‍ക്കൂട്ടത്തിന്റെ വലുപ്പം മാത്രമല്ല അവരുടെ താല്പര്യവും എന്റെ പ്രസംഗത്തെ രൂപപ്പെടുത്തും. യാത്രയുടെ ക്ഷീണമോ ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണമോ അപ്പോള്‍ മാറിക്കിട്ടും.''
സദസിനെ നോക്കി സംസാരിക്കുമ്പോള്‍ അഴീക്കോടിന് അസാധാരണവും വിശ്വസിക്കാന്‍ വയ്യാത്തതുമായ ഒരു ഭാവപരിണാമം സംഭവിക്കാറുണ്ടായിരുന്നു. സദസ്യര്‍ക്കു പ്രകടിപ്പിക്കാന്‍ കഴിയാത്ത ചില കാര്യങ്ങളുണ്ട്. അവരുടെ ഉള്ളില്‍ എരിഞ്ഞുകൊണ്ടിരിക്കുന്ന അന്തരംഗത്തിലെ ഭാവതീവ്രത അതിന്റെ പൂര്‍ണ്ണതയില്‍ അഴീക്കോടിനു ആവിഷ്ക്കരിക്കാന്‍ കഴിയുമായിരുന്നു. അതാണ് അധര്‍മ്മങ്ങളെ എതിര്‍ക്കുന്നതരം പ്രഭാഷണങ്ങള്‍ ചെയ്യുമ്പോള്‍ തനിക്കു അനുഭവപ്പെട്ടിട്ടുള്ള പുതിയ വീര്യാനുഭവമെന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്.
അഴീക്കോടിന്റെ പ്രസംഗകലയെ വാക്കുകളുടെ കടല്‍ എന്നു വിശേഷിപ്പിക്കാമോ? സത്യത്തില്‍ വാക്കുകളും ചിന്തകളും ആശയങ്ങളും അഴിമുറിച്ച് എത്തുന്ന ഇടത്തെ കടല്‍ എന്നല്ല, "അഴീക്കോട്'എന്നുതന്നെയാണ് വിളിക്കേണ്ടത്. പ്രസംഗത്തിലെ വാക്കുകളെപ്പറ്റി ഇങ്ങനെയാണ് അഴീക്കോട് പറയുന്നത്:
""നമ്മള്‍ പറയുന്ന ഓരോ വാക്കിനും മൂല്യമുണ്ടാകണം. പ്രസംഗിക്കുമ്പോള്‍ ഒരുപാട് ചിന്തകള്‍ മനസ്സില്‍ ഒരുമിച്ചു നടക്കണം. അതിനെ തരംതിരിച്ച് അനുഭവക്ഷമമാക്കണം. നമ്മുടെ ശരീരം മുഴുവന്‍, അതായതു കാലിന്റെ പെരുവിരല്‍ വരെ പ്രസംഗിക്കുക, അപ്പോള്‍ പ്രഭാഷണം മധുരതരമാകും.''
ചിലപ്പോള്‍ അഴീക്കോട് ഒരു വാക്യം പ്രസംഗിച്ചു തുടങ്ങിയാല്‍ അതു പലവഴിക്കു പടര്‍ന്ന് ഒഴുകും. അതു പൂര്‍ണമാക്കാന്‍ കഴിയില്ലെന്നു കേള്‍വിക്കാര്‍ക്കു തോന്നും. എന്നാല്‍ ഏവരെയും അത്ഭുതപ്പെടുത്തികൊണ്ട് ഋ വാക്യത്തെ ചെപ്പടിവിദ്യ കണക്കെ അദ്ദേഹം പൂര്‍ണതയില്‍ എത്തിക്കും. വാക്യങ്ങളുടെ അഴിമുഖമാണ് ആ പ്രസംഗങ്ങളുടെ പൂര്‍ണത.
പ്രസംഗജീവിതത്തെ "ആടുജീവിതം' എന്ന് അഴീക്കോട് സ്വയം വിശേഷിപ്പിച്ചിട്ടുണ്ടല്ലോ. അഴീക്കോടിന്റെ നക്ഷത്രമൃഗം ആടാണ്. ആട് എപ്പോഴും അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്വഭാവമുള്ള മൃഗമാണ് പ്രസംഗിക്കാന്‍ ഇറങ്ങി അഴീക്കോടിന്റെ ജീവിതവും അങ്ങനെ തന്നെയായി മാറി! കേരളത്തിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും മാത്രമല്ല ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അഴീക്കോട് പ്രസംഗിക്കാന്‍ പോയിട്ടുണ്ട്. അതേപ്പറ്റി അദ്ദേഹം ഇങ്ങനെ എഴുതി:
""വടക്കു പടിഞ്ഞാറ് ലുധിയാന തൊട്ട് വടക്കുകിഴക്ക് കൊല്‍ക്കത്ത വരെയും വടക്ക് ദല്‍ഹി തൊട്ട് തെക്ക് രാമേശ്വരം വരെയും പടിഞ്ഞാറ് മുംബൈ മുതല്‍ കിഴക്ക് കട്ടക്ക് വരെയും ഇടയ്ക്കുള്ള പ്രധാന സ്ഥലങ്ങളില്‍ മിക്കതിലൂടെയും ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. പ്രസംഗത്തിനല്ലാതെ സ്വന്തമായ ആവശ്യത്തിനു വേണ്ടിയോ വിനോദയാത്രയായിട്ടോ ഞാന്‍ എങ്ങും ഒരിക്കലും പോയിട്ടില്ല. ആരും ക്ഷണിക്കാത്തതിനാല്‍ കശ്മീരില്‍ പോകാനും കഴിഞ്ഞില്ല.''
ചരരാശിയില്‍ ജനിച്ചതു കൊണ്ട് സഞ്ചരിക്കുക മാത്രമല്ല അനേകം സ്ഥലങ്ങളില്‍ താമസിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂള്‍ പഠനം കഴിഞ്ഞ് അഴീക്കോട്ടുനിന്നും പോയ അദ്ദേഹം കോട്ടയ്ക്കല്‍, മംഗലാപുരം, കൊച്ചി, കോഴിക്കോട്, മൂത്തകുന്നം, തേഞ്ഞിപ്പലം, തൃശൂര്‍ എന്നിവിടങ്ങളിലാണ് പഠനത്തിനും ജോലിക്കുമായി താമസിച്ചത്. മരിച്ചു കഴിഞ്ഞപ്പോള്‍ തൃശൂര്‍നിന്നും കണ്ണൂരും എത്തി!
എഴുത്തിലെന്ന പോലെ പ്രസംഗത്തിലും ആദ്യം സംസ്കൃതത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു. അച്ഛന്റെ പ്രസംഗം മാത്രമല്ല ബാല്യത്തില്‍ കേട്ടവരുടെ പ്രസംഗങ്ങളെല്ലാം ശുദ്ധ മലയാളത്തില്‍ ആയിരുന്നെങ്കിലും അഴീക്കോട് തുടക്കത്തില്‍ സംസ്കൃതത്തെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ സംസ്കൃതബാഹുല്യം കൊണ്ടൊന്നും ആളുകളെ കീഴടക്കാന്‍ പറ്റില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ആര്‍ക്കും അര്‍ത്ഥം മനസ്സിലാകുന്ന ഘട്ടത്തില്‍ സംസ്കൃതം ഉപയോഗിക്കുന്ന ശീലം അദ്ദേഹം ഉപേക്ഷിച്ചുമില്ല. സംസ്കൃതത്തെ ഒരു വികാരമാക്കി മാറ്റാന്‍ കഴിയുന്ന ഘട്ടത്തില്‍ സംസ്കൃതത്തെ അദ്ദേഹം പുണരുകയും ചെയ്തു.
സംസ്കൃതം കൈകളില്‍ വച്ചിട്ട് ശ്രീബുദ്ധന്‍ "പ്രാകൃതം' പറഞ്ഞതുപോലെ മലയാളത്തനിമയുള്ള ഗദ്യം സംസാരിക്കാന്‍ അഴീക്കോടിനെ സഹായിച്ചതു ഗാന്ധിജിയുടെ ഗദ്യമാണ്. ഡിഗ്രി സമ്പാദിച്ചതിനുശേഷം "ദീനബന്ധു'വില്‍ ജോലിക്കു പ്രവേശിച്ച ഘട്ടത്തില്‍ ഗാന്ധിജിയുടെ രചനകള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുന്ന ജോലിയിലായിരുന്നു അഴീക്കോട് ഏര്‍പ്പെട്ടിരുന്നത്. ഗാന്ധിജിയുടെ ഇംഗ്ലീഷ് സാധാരണപ്പെട്ടവര്‍ക്കു മനസ്സിലാകുന്നതു പോലെ അതിന്റെ മലയാള വിവര്‍ത്തനം അഴീക്കോട് നടത്തിയതു ഹൃദയത്തോടു സംവദിക്കുന്ന തരത്തിലായിരുന്നു. അതേ, ഹൃദയത്തോടു സംവദിക്കുന്ന ഗദ്യശൈലി അഴീക്കോട് രൂപപ്പെടുത്തിയത് ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചപ്പോഴാണ്. ഭാഷയുടെ ലാളിത്യം മാത്രമല്ല ആശയങ്ങളുടെ വ്യക്തത, സൂക്ഷ്മത, കൃത്യത ഇതെല്ലാം എഴുത്തില്‍ മാത്രമല്ല പ്രസംഗത്തിലും ആവിഷ്കരിക്കാന്‍ പത്രപ്രവര്‍ത്തന ജീവിതം അദ്ദേഹത്തെ സഹായിച്ചു.
അഴീക്കോട് നടത്തിയ പ്രസംഗങ്ങളില്‍ വലിയൊരു പങ്ക് ഗാന്ധിജിയെപ്പറ്റിയായിരുന്നു. ലളിതമായി, ചെറിയ വാക്കിലും വാചകത്തിലും, സംസാരിക്കാന്‍ ഗാന്ധിജി തന്നേ സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുള്ള അഴീക്കോട്, ഗാന്ധിജിയെപ്പറ്റി മാത്രം ഓരോ വര്‍ഷവും പത്തമ്പതു പ്രസംഗങ്ങള്‍ എങ്കിലും നടത്തിയിട്ടുണ്ട്. ""ഗാന്ധിജിയെപ്പറ്റി മാത്രം പത്തയ്യായിരം പ്രസംഗങ്ങള്‍ എങ്കിലും ഞാന്‍ ആകെ നടത്തിയിട്ടുണ്ട്. അതു ലോകരക്ഷാര്‍ത്ഥമാണെന്നതില്‍ സംശയമില്ല. പ്രസംഗവിഷയം എന്തുമാകട്ടെ, ഗാന്ധിജിയെപ്പറ്റി പരോക്ഷമായെങ്കിലും പരാമര്‍ശിക്കാതെ ഞാന്‍ ഒരു പ്രസംഗവും അവസാനിപ്പിക്കാറില്ല. പ്രസംഗത്തില്‍ ഗാന്ധിജിയുടെ പേര് ഒരിക്കലെങ്കിലും കടന്നുവരികയും ചെയ്തിട്ടുണ്ട്. പ്രഭാഷണത്തിലൂടെ ഞാന്‍ ഗാന്ധിജിയുടെ നിത്യപൂജ നടത്തി.''
മലയാളത്തനിമയുള്ള ഗദ്യം സംസാരിക്കാന്‍ ശ്രീനാരായണഗുരുവിന്റെ ഗദ്യവും തന്നേ സ്വാധീനിച്ചിട്ടുണ്ടെന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്. ""ഗുരുവിന്റെ ഗദ്യം തീപ്പൊരിയായിരുന്നു. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നതു മലയാള ഗദ്യത്തിന്റെ പരമപദമാണ്.''
സുകുമാര്‍ അഴീക്കോട് പ്രസംഗിക്കാത്ത വിഷയങ്ങളില്ല എന്നു പറയുന്നതു പോലെയാണ് അദ്ദേഹം പ്രസംഗിക്കാത്ത വേദികളുടെയും കാര്യം. തന്റെ പ്രസംഗങ്ങളുടെ മുപ്പതു ശതമാനം ഗ്രന്ഥാലയങ്ങളിലും മുപ്പതു ശതമാനം വിദ്യാലയങ്ങളിലുമാണ് നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വിദ്യാലയങ്ങളും ഗ്രന്ഥാലയങ്ങളും കഴിഞ്ഞാല്‍ ആരാധനാകേന്ദ്രങ്ങളിലാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഏറെയും അരങ്ങേറിയിട്ടുള്ളത്. ക്ഷേത്രങ്ങളിലെയും പള്ളികളിലെയും സാംസ്കാരിക സമ്മേളനങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു. കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍ മൂന്നു ദിവസത്തെ ബൈബിള്‍ പ്രഭാഷണം പോലും അദ്ദേഹം നടത്തിയിട്ടുണ്ട്.
പത്തൊമ്പതാം വയസ്സില്‍ തുടങ്ങിയ പ്രസംഗജീവിതത്തിന്റെ തുടക്കത്തില്‍ ഏറെയും രാഷ്ട്രീയ പ്രസംഗങ്ങളാണ് അഴീക്കോട് നടത്തിയിട്ടുള്ളത്. 1946-ല്‍ ഗാന്ധിജിയുടെ എഴുപത്തിയെട്ടാം ജന്മദിനത്തില്‍ അഴീക്കോട് നടത്തിയ പ്രസംഗം അവിസ്മരണീയമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വേദികള്‍ അഴീക്കോടിനായി തുറന്നിട്ടത് ആ ചെറുപ്പക്കാരന്റെ പ്രസംഗവഴക്കം കണ്ടിട്ടായിരുന്നു. ദേശീയത, അഹിംസ, രാഷ്ട്രതന്ത്രം, പ്രജായത്ത സോഷ്യലിസം, രാമരാജ്യം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ അഴീക്കോട് പ്രസംഗങ്ങള്‍ നടത്തി. കിസാന്‍ കോണ്‍ഗ്രസിന്റെയും ഹരിജനപ്രസ്ഥാനത്തിന്റെയും ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തു. മെയ്ദിനത്തില്‍ പ്രസംഗിച്ചപ്പോള്‍ ഹിംസാത്മകമായ വിപ്ലവത്തിന് എതിരേ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ദേഹം മടിച്ചില്ല. ഹിംസാത്മകമായ വിപ്ലവത്തിലൂടെ സാമൂഹ്യപരിവര്‍ത്തനം സാധ്യമാണെന്ന ആശയം വെളിപ്പെടുത്തുന്ന തരത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ച ഘട്ടത്തിലായിരുന്നു അഴീക്കോടിന്റെ ഇത്തരം പ്രസംഗങ്ങള്‍.
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ സാംസ്കാരിക പ്രവര്‍ത്തനമായി കരുതിക്കൊണ്ടാണ് എം.ടി. കുമാരന്‍ മാസ്റ്റര്‍, ടി.വി. അനന്തന്‍, പാമ്പന്‍ മാധവന്‍, മാണിക്കോത്ത് കുമാരന്‍, കെ.ടി. ശ്രീധരന്‍, പി. ഭാസ്കരന്‍ എന്നീ മുതിര്‍ന്ന ദേശീയപ്രവര്‍ത്തകരുടെ കൂടെ അഴീക്കോട് പ്രസംഗവേദികളില്‍ ആദ്യകാലത്തു കയറിയിറങ്ങിയത്. ഈ വേദികള്‍ അഴീക്കോട് എന്ന പ്രഭാഷകനെ പാകപ്പെടുത്തുന്ന ഒന്നായി മാറുകയായിരുന്നു. പ്രസംഗകലയുടെ പ്രായോഗിക പാഠങ്ങള്‍ മനസ്സിലാക്കാന്‍ മുതിര്‍ന്നവരുടെ കൂടെ നടന്നു പ്രസംഗിച്ചതു സഹായകമായി. മലബാറില്‍ അന്ന് കോണ്‍ഗ്രസിന്റെ മികച്ച പ്രഭാഷകരായി അറിയപ്പെട്ടിരുന്ന വടകര വി.പി. കുഞ്ഞിരാമക്കുറുപ്പ്, പയ്യന്നൂര്‍ കെ.പി. കുഞ്ഞിരാമപ്പൊതുവാള്‍ എന്നിവരോടൊപ്പവും അദ്ദേഹം പ്രസംഗിച്ചു. ഇരുപതാം വയസ്സില്‍ മയ്യഴിയില്‍ കുറുമ്പ്രനാട് വിദ്യാര്‍ത്ഥി കോണ്‍ഗ്രസിന്റെ സാംസ്കാരിക സമ്മേളനത്തില്‍ "വിശ്വസംസ്കാരവും ഇന്ത്യയും' എന്ന വിഷയത്തെക്കുറിച്ചായിരുന്നു അഴീക്കോടിന്റെ പ്രസംഗം. കോഴിക്കോട് സാമൂതിരി കോളജ് പ്രിന്‍സിപ്പലായിരുന്ന എ.വി. കുട്ടികൃഷ്ണമേനോന്റെ അധ്യക്ഷതയില്‍ നടന്ന പ്രസ്തുത സമ്മേളനത്തില്‍ അന്നത്തെ പ്രമുഖ നിരൂപകന്‍ ഉള്ളാട്ടില്‍ ഗോവിന്ദന്‍കുട്ടി നായരും പ്രസംഗിക്കാന്‍ ഉണ്ടായിരുന്നു. ഇപ്രകാരം മുതിര്‍ന്നവരുടെ നിരയില്‍ നിലകൊണ്ടു പ്രസംഗിക്കാനുള്ള അവസരങ്ങള്‍ അഴീക്കോടിനു ലഭിച്ചു.
ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതു വരെ ബ്രിട്ടീഷ് ആധിപത്യത്തിന് എതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒപ്പം അഴീക്കോടും ഉണ്ടായിരുന്നു. ഇപ്രകാരം അഴീക്കോടിന്റെ ആദ്യകാലപ്രസംഗങ്ങള്‍ ഏറെയും "രാഷ്ട്രീയ'മയമുള്ളതായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ പ്രസംഗിക്കാനുള്ള അസുലഭമായ ഭാഗ്യവും അഴീക്കോടിനു ലഭിച്ചു. 1947 ഓഗസ്റ്റ് 15-നു അഴീക്കോട് സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തിയതു തൃക്കരിപ്പൂരിലായിരുന്നു. അന്നത്തെ പ്രസംഗത്തെ അഴീക്കോട് വിശേഷിപ്പിക്കുന്നതു, തന്റെ പ്രയാണത്തിന്റെ ആരംഭകഥ എന്നാണ് - ""മഹാത്മാവിന്റെ മാര്‍ഗത്തിന്റെ പാര്‍ശ്വംപറ്റിക്കൊണ്ട്, എന്റെ സ്വന്തം കഴിവുകള്‍ തെളിയിച്ചു തന്ന വരമ്പുവഴിയിലൂടെയുള്ള എന്റെ പ്രയാണത്തിന്റെ ആരംഭകഥ.''
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയുടെ സംസ്കാരത്തിന്റെ ശ്രേഷ്ഠവശങ്ങള്‍ ജനങ്ങള്‍ക്കു വ്യാഖ്യാനിച്ചു കൊടുക്കാനുള്ള ദൗത്യത്തിലാണ് അഴീക്കോട് ഏര്‍പ്പെട്ടത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി രണ്ടുമൂന്നുവര്‍ഷം മാത്രമെ പ്രസംഗിച്ചുള്ളൂ എങ്കിലും സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്തെ ജനതയുടെ "സ്വാതന്ത്ര്യ'ത്തിനുവേണ്ടിയാണ് അഴീക്കോട് പ്രസംഗിച്ചുനടന്നത്. അതുപോലെ സ്വാതന്ത്ര്യലബ്ധിക്കുശേഷം ഗാന്ധിജയന്തി, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജിയുടെ രക്തസാക്ഷി ദിനം, നെഹ്‌റു ജയന്തി, പട്ടേല്‍ ജയന്തി എന്നിങ്ങനെയുള്ള വിശേഷദിവസങ്ങളില്‍ കേരളത്തിലങ്ങോളമിങ്ങോളം എത്രയോ പ്രസംഗങ്ങള്‍ അഴീക്കോട് നടത്തിയിരിക്കുന്നു. അദ്ദേഹം പറയുന്നു:
""ഗാന്ധിജി, നെഹ്‌റു, ശ്രീനാരായണന്‍ തുടങ്ങിയവരുടെ ജന്മദിനങ്ങള്‍ ആഘോഷിക്കുമ്പോള്‍ തലയുയര്‍ത്തി, നെഞ്ചുവിരുത്തി, ഉള്ളുതുറന്നു സംസാരിക്കാന്‍ കിട്ടിയ അവസരങ്ങള്‍ പ്രഭാഷണകലയില്‍ മികച്ച പരിശീലനം നേടാന്‍ സഹായിച്ചു. എവിടെ മനസ്സ് നിര്‍ഭയവും ശിരസ്സ് സമുന്നതവും ജ്ഞാനം സ്വാതന്ത്രവുമാണോ ആ സ്വതന്ത്രസ്വര്‍ഗം പ്രാപിക്കാനുള്ള ആത്മാവിന്റെ പ്രചണ്ഡമായ ചിറകടിയായിരുന്നു എനിക്കന്ന് പ്രഭാഷണം. അങ്ങനെയല്ലാതെ പ്രസംഗിക്കാന്‍ ഇന്നും എനിക്കറിയില്ല.''
കോണ്‍ഗ്രസിന്റെ സാംസ്കാരിക പരിപാടികളില്‍ പ്രസംഗിക്കുകയും ദേശീയപ്രസ്ഥാനങ്ങളുമായി സഹകരിച്ചു നടക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ ഏതെങ്കിലും സംഘടനകളില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കാനൊന്നും അഴീക്കോട് താല്പര്യപ്പെട്ടിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ എപ്പോഴും അദ്ദേഹം സജീവമായി നിലകൊണ്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി അഴീക്കോട് നടക്കുന്ന സമയത്താണ് 1951-ല്‍ കേളപ്പന്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചത്. കേളപ്പന്‍ മലബാറില്‍ അന്ന് കോണ്‍ഗ്രസിന്റെ മുഖ്യനേതാക്കള്‍ കെ. കേളപ്പനും സി.കെ. ഗോവിന്ദന്‍ നായരുമാണ്. അഴീക്കോടിനെ തലശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയതു അന്നു കെ.പി.സി.സി പ്രസിഡന്റ് ആയിരുന്ന സി.കെ.ജി.യാണ്. എന്നാല്‍ കെ. കേളപ്പനുമായി വലിയ സ്‌നേഹബന്ധത്തിലായിരുന്നു അഴീക്കോട്. കോണ്‍ഗ്രസുമായി ഇടഞ്ഞ ആചാര്യ കൃപലാനി 1951-ല്‍ കിസാന്‍ മസ്ദൂര്‍ പാര്‍ട്ടി ഉണ്ടാക്കിയപ്പോള്‍ കെ. കേളപ്പന്‍ അദ്ദേഹത്തിന്റെ കൂടെ കൂടി. മലബാറില്‍ വിവിധ ഗ്രാമങ്ങളില്‍ സഞ്ചരിച്ചു കോണ്‍ഗ്രസ് യോഗങ്ങള്‍ സംഘടിപ്പിക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രാജിവയ്പ്പിക്കുകയും ചെയ്തു. എന്നാല്‍ കണ്ണൂരില്‍ അതിനായി യോഗം വിളിച്ചുകൂട്ടിയപ്പോള്‍ ആ യോഗത്തില്‍ പങ്കെടുത്ത അഴീക്കോട് കെ. കേളപ്പനെ എതിര്‍ത്തു സംസാരിച്ചു. അങ്ങനെ കോണ്‍ഗ്രസുകാരുടെ തത്സമയരാജിക്കു അഴീക്കോട് പ്രസംഗത്തിലൂടെ തടയിട്ടു.
ആദ്യകാലങ്ങളില്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല സാഹിത്യത്തിലും മതത്തിലും ഉള്ള പ്രഭാഷണങ്ങള്‍ അഴീക്കോട് നടത്തിയിട്ടുണ്ട്. 1948-ല്‍ സമസ്ത കേരള സാഹിത്യപരിഷത്തിന്റെ സമ്മേളനത്തില്‍ ആദ്യമായി പങ്കെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം ഇരുപത്തിരണ്ട്. കണ്ണൂരില്‍ ഈ പരിഷത്ത് സമ്മേളനം നടത്തിയതു ചാലാട്ട് ഐക്യസോദര സാഹിത്യസമാജത്തിന്റെ സഹകരണത്തോടെയായിരുന്നു. അതിനുമുമ്പ് ഐക്യസോദര സാഹിത്യസമാജത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിച്ചിട്ടുള്ള ചെറുപ്പക്കാരനായ അഴീക്കോടിനെ അവരുടെ ഒത്താശയോടെയാണ് പരിഷത്തില്‍ പങ്കെടുപ്പിച്ചത്. പരിഷത്തില്‍ അന്ന് നടത്തിയ പ്രസംഗം ജി. ശങ്കരക്കുറുപ്പിന്റെ കവിതയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു - അദ്ദേഹത്തെ വേദിയില്‍ ഇരുത്തിക്കൊണ്ട്. ജിയുടെ "ആഹ്ലാദിക്കൂ ഹൃദയമേ, ആഹ്ലാദിക്കൂ' എന്ന കവിതയെ കഠിനമായി വിമര്‍ശിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കവിതയിലെ ഗാന്ധിപ്രശ്രയം കൃത്രിമവും കപടവും ആണെന്ന് അഴീക്കോട് സമര്‍ത്ഥിച്ചു. ഈ പ്രസംഗത്തിനു മുമ്പ് ഖണ്ഡനവിമര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും സാഹിത്യത്തില്‍ പ്രക്ഷോഭം സൃഷ്ടിച്ച ആദ്യത്തെ ഖണ്ഡനപ്രസംഗം ഇതാണെന്ന് പറയാം. ""ആ പ്രഭാഷണം എന്റെ വ്യക്തിമുദ്ര എന്തായിരിക്കണമെന്ന് എന്നെ പഠിപ്പിച്ചു'' എന്നാണ് അഴീക്കോട് പറഞ്ഞിട്ടുള്ളത്.
പരിഷത്ത് പ്രസംഗം കഴിഞ്ഞപ്പോള്‍ പ്രസംഗത്തിലൂടെ എവിടെച്ചെന്നെത്തുമെന്നുള്ള യഥാര്‍ത്ഥമായ ആശങ്കയും പിന്നോട്ടില്ലെന്നുള്ള നിശ്ചയക്കരുത്തും കര്‍ത്തവ്യത്തിന്റെ ഗൗരവത്തെപ്പറ്റിയുള്ള അവബോധവും എല്ലാം ഒരേസമയത്തു തന്നില്‍ ഉണര്‍ത്തിയതായും അഴീക്കോട് എഴുതിയിട്ടുണ്ട്.
ചാലാട് ഐക്യസോദര സാഹിത്യസമാജത്തിന്റെ വാര്‍ഷികത്തില്‍ (1948) സാഹിത്യത്തിലെ ഗാന്ധിസം എന്ന വിഷയത്തെക്കുറിച്ചായിരുന്നു അഴീക്കോട് പ്രസംഗിച്ചത്. എം.പി. പോളിന്റെ അധ്യക്ഷതയില്‍ നടത്തിയ ഈ സമ്മേളനത്തില്‍ തകഴി ശിവങ്കരപ്പിള്ളയെ എതിര്‍ത്തുകൊണ്ട് സംസാരിച്ച അഴീക്കോടിനെ മറ്റൊരു പ്രഭാഷകനായ കുറ്റിപ്പുഴ കൃഷ്ണപിള്ള വിമര്‍ശിക്കുകയുണ്ടായി. എന്നാല്‍ സിദ്ധാന്തപരമായ എതിര്‍പ്പില്‍ അഴീക്കോട് ഉറച്ചുനില്‍ക്കുകയും ചെയ്തു. പ്രസംഗത്തിലെ പ്രകോപനം വച്ചുമാത്രം തന്നേ വിലയിരുത്തരുതെന്നും പ്രസംഗം കേള്‍ക്കുന്നവരുടെ അനുഭൂതിയില്‍ നിന്നാണ് താന്‍ കരുത്താര്‍ജിക്കുന്നതെന്നും അഴീക്കോട് പറഞ്ഞിട്ടുണ്ട്. ഇപ്രകാരം പ്രസംഗിച്ചുകൊണ്ടിരിക്കുന്ന ഒരു അഗ്നിപര്‍വ്വതമായി അഴീക്കോട് മാറുകയായിരുന്നു.
സമസ്ത കേരള സാഹിത്യപരിഷത്തില്‍ 1948-ല്‍ നടത്തിയ ആദ്യപ്രസംഗം അതേവര്‍ഷം ലേഖനരൂപത്തിലും പ്രകാശിപ്പിച്ചു - "സാഹിത്യത്തലെ കാരകശക്തി' എന്ന പേരില്‍. പരിഷത്തില്‍ അന്ന് മുതല്‍ വാര്‍ഷികത്തിലും മറ്റുമായി നൂറുകണക്കിനു പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും 1948-ല്‍ നടത്തിയ പ്രസംഗം തന്റെ ആത്മവിശ്വാസത്തെ ഊതിവളര്‍ത്തിയതായി അഴീക്കോട് പറഞ്ഞിട്ടുണ്ട്. ""ഒരു ചെറുക്കന്‍ പ്രഭാഷകനായി'' എന്നാണ് പരിഷത്തിലെ പ്രസംഗത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം. അഴീക്കോട് എഴുതുന്നു:
""അന്ന് ഞാന്‍ ജിയുടെ കവിതകളുടെ ഖണ്ഡന വിമര്‍ശകനായിത്തീര്‍ന്നിട്ടില്ലായിരുന്നു. പക്ഷെ ഭാവിയിലെ ജി. വിമര്‍ശകന്‍ അന്നേ ഗര്‍ഭസ്ഥനായിക്കഴിഞ്ഞുവെന്ന് ഊഹിക്കട്ടെ. എന്റെ അന്നത്തെ പ്രസംഗങ്ങളില്‍ ഞാന്‍ അദ്ദേഹം അക്കാലത്തു പ്രസിദ്ധീകരിച്ച റഷ്യന്‍ വിജയപ്രശംസയായ ഒരു കവിതയ്ക്ക് ആത്മാര്‍ത്ഥതയുടെ കുറവുണ്ടെന്നു വിമര്‍ശിച്ചിരുന്നു. "ജൈത്രപടഹമടിക്കൂ' എന്നു ഘോഷിച്ച ഒരു ഗാന്ധി തത്വവാദിക്കു സൈനിക വിജയത്തെ കീര്‍ത്തിക്കാന്‍ സത്യസന്ധമായി കഴിയുന്നതല്ലെന്നായിരുന്നു എന്റെ വാദം. സാഹിത്യം രസാനുഭൂതിയുണ്ടാക്കുമ്പോള്‍ മാത്രമേ ആ പദവിയില്‍ എത്തുന്നുള്ളുവെന്ന് ആധുനിക മനഃശാസ്ത്രജ്ഞരുടെ ഉപജ്ഞാനം വച്ചുകൊണ്ടു സമര്‍ത്ഥിക്കുന്നതായിരുന്നു എന്റെ പ്രസംഗത്തിന്റെ കാതലായ ഭാഗം.''
നീലേശ്വരത്ത് 1949-ല്‍ നടന്ന സമസ്ത കേരള സാഹിത്യ പരിഷത്തില്‍ അഴീക്കോട് ഖണ്ഡനം അഴിച്ചുവിട്ടതു ബഷീറിന് എതിരേ ആയിരുന്നു. ബഷീറിന്റെ "ശബ്ദങ്ങള്‍' എന്ന നോവലിനെ മുന്‍നിര്‍ത്തി അശ്ലീലസാഹിത്യത്തെ മനഃശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം തുറന്നു വിമര്‍ശിച്ചു. വികാരവിരേചനത്തിനു പകരം വായനക്കാരന്റെയും എഴുത്തുകാരന്റെയും വികാരങ്ങളുടെ വിജ്ജുംഭണമാണ് നവീനലൈംഗിക രചനകള്‍ സാധിക്കുന്നത് എന്ന അഴീക്കോടിന്റെ വിമര്‍ശനം ബഷീറിന്റെ "ശബ്ദങ്ങളു'ടെ ഒരു ഖണ്ഡനമായി മാറുകയായിരുന്നു. ബഷീര്‍ കൃതികളെപ്പറ്റി ഈയൊരു വിമര്‍ശനമല്ലാതെ ജീവിതത്തില്‍ മറ്റൊരു വിമര്‍ശനവും അഴീക്കോട് പിന്നെ നടത്തിയിട്ടില്ല! നീലേശ്വരം പരിഷത്തില്‍ ബഷീറിനെ ഖണ്ഡിച്ചു കഴിഞ്ഞപ്പോള്‍ തനിക്കു വേദന തോന്നി എന്നാണ് കോഴിക്കോട് വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ജി. ശങ്കരക്കുറുപ്പിനെ പ്രസംഗത്തില്‍ മാത്രമല്ല, എഴുത്തിലും വിമര്‍ശിച്ചതില്‍ അഴീക്കോടിന് ഒരിക്കലും വേദന തോന്നിയിട്ടുമില്ല. ""പാശ്ചാത്യവും പൗരസ്ത്യവുമായ ചിന്താരീതികളെ ഇണക്കിക്കൊണ്ടും സിദ്ധാന്ത സാങ്കേതികത ഒഴിവാക്കിയും സാഹിത്യത്തിന്റെ ഉള്ളിലിറങ്ങാന്‍ സഹായിക്കുന്ന പ്രസംഗങ്ങളാണ് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്'' എന്നാണ് ഇത്തരം പ്രസംഗത്തെപ്പറ്റി അഴീക്കോട് സ്വയം വിലയിരുത്തിയിട്ടുള്ളത്. ജി. ശങ്കരക്കുറുപ്പിനുശേഷം സാഹിത്യപരിഷത്തിന്റെ അധ്യക്ഷനായി അഴീക്കോട് ഏറെക്കാലം പ്രവര്‍ത്തിച്ചപ്പോഴും ഇത്തരം പ്രസംഗങ്ങള്‍ തന്നെയാണ് അതിന്റെ വേദികളില്‍ നടത്തിയിട്ടുള്ളത്.
ജീവിതത്തിന്റെ ഏറ്റവും സത്യസന്ധമായ യുഗത്തിലാണ് പ്രഭാഷണത്തിന്റെ ശോഭായമാനമായ ശിഖരങ്ങള്‍ ഉയര്‍ന്നു നില്‍ക്കുകയെന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്. പ്രഭാഷണത്തിലൂടെ എന്നും ജീവിതത്തില്‍ സത്യസന്ധമായ ഒരു യുഗം അദ്ദേഹം കാഴ്ചവച്ചു. അദ്ദേഹത്തിന്റെ ഓരോ പ്രസംഗത്തിന്റെയും പിന്നിലുള്ളതു സ്വാതന്ത്ര്യസങ്കല്പമാണ്. ശ്രോതാവിന്റെ മനസ്സില്‍ സ്വാതന്ത്യം പ്രതിഷ്ഠ നേടട്ടെ എന്ന പ്രാര്‍ത്ഥനയാണ് അഴീക്കോടിന്റെ ഓരോ പ്രസംഗത്തിന്റെയും പിന്നിലുള്ളത്. അദ്ദേഹം വേദിയില്‍ തുറന്നടിക്കുമ്പോള്‍ യഥാര്‍ത്ഥ മനുഷ്യന്‍ പുറത്തുവരുന്നു. ആ മനുഷ്യനൊപ്പം പുറത്തു വരുന്നതു സ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ സ്വാതന്ത്ര്യം പൊട്ടിത്തെറിക്കുന്ന ഒരു വികാരമാണ്. ചില സന്ദര്‍ഭങ്ങള്‍ ഇത്തരം അഴീക്കോടിനെ സൃഷ്ടിക്കുക മാത്രമല്ല ചിലപ്പോള്‍ അഴീക്കോട് തന്നെ ഇത്തരം സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്.