Image

വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടുകൾ (ബാബു പാറയ്ക്കൽ)

Published on 19 March, 2021
വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടുകൾ (ബാബു പാറയ്ക്കൽ)
തിങ്കളാഴ്ച രാവിലെ എനിക്കൊരു ഫോൺ കോൾ വന്നു. ഒരു മരണവാർത്തയായിരുന്നു അറിയിച്ചത്. എനിക്ക് വളരെ അടുത്തതും സമൂഹത്തിൽ അറിയപ്പെടുന്നതുമായ ഒരാൾ മരിച്ചുപോയി എന്നതായിരുന്നു ആ ഫോൺ വിളിച്ച ആൾ പറഞ്ഞത്. ആ മരണപ്പെട്ടെന്നു പറഞ്ഞ ആൾ കുറച്ചുനാളായി രോഗാവസ്ഥയിൽ കഴിയുന്ന ആളുമായിരുന്നു. ആരാണു പറഞ്ഞതെന്ന് ഞാൻ ഫോൺ വിളിച്ച ആളിനോടു ചോദിച്ചു.  വളരെ വിശ്വസനീയമാണെന്നു അയാൾ  പറഞ്ഞു. എങ്കിലും ഞാൻ കേട്ട കാര്യം ശരിയാണോ എന്നറിയാൻ ആ  വീട്ടിലേക്കു വിളിച്ചു. ആരും ഫോൺ എടുക്കുന്നില്ല. പിന്നെ ഞാൻ അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനെ വിളിച്ചു. ഇങ്ങനെയൊരു വാർത്ത കേട്ടു, ശരിയാണോ എന്നു തിരക്കി. അദ്ദേഹം ഈ വാർത്ത അറിഞ്ഞിരുന്നില്ല. പിന്നെ ഞാൻ ഇ-മലയാളീ പത്രാധിപരെ തന്നെ വിളിച്ചു. ശരിയാണെങ്കിൽ അദ്ദേഹം അറിയാതിരിക്കാൻ കാര്യമില്ലല്ലോ. അദ്ദേഹവും ഇക്കാര്യം അറിഞ്ഞിരുന്നില്ല. 

ഇതിനോടകം നിരവധി ഫോൺ കോളുകൾ ഈ വാർത്ത സ്ഥിരീകരിച്ചുകൊണ്ടു വന്നു. അല്പം കഴിഞ്ഞപ്പോൾ ഒരാൾ വിളിച്ചു പറഞ്ഞു, "ശരിയാണ്. ഇപ്പോൾ ഫേസ്ബുക്കിൽ വന്നിട്ടുണ്ട്. ആരാണു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്നും പറഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മൂന്നു നാലു പേർ കൂടി ഫേസ്ബുക്കിൽ ഈ വാർത്ത പോസ്റ്റ് ചെയ്തു. തുടർന്ന് അനുശോചനങ്ങളുടെ ഘോഷയാത്ര ആയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ 'മരിച്ച' ആളിന്റെ ഭാര്യാ സഹോദരൻ എന്നെ വിളിച്ചിട്ടു പറഞ്ഞു, "ഇപ്പോൾ ആശുപത്രിയിൽ പോയിരുന്നു. അദ്ദേഹത്തിനു രാവിലെ ഒരു കാർഡിയാക് അറസ്റ്റ് ഉണ്ടായി. ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്താൽ ശ്വസിക്കുന്നു." 

കുറച്ചുകൂടി കഴിഞ്ഞപ്പോൾ ഒരു സുഹൃത്തു പറഞ്ഞ കാര്യം കേട്ട് ഞാൻ ഞെട്ടി. അദ്ദേഹത്തോട് ഒരാൾ പറഞ്ഞുവത്രേ, അയാൾക്ക്  ഈ  'മരണം' ആദ്യം ഫേസ്ബുക്കിൽ കൊടുക്കാൻ പറ്റിയില്ലെങ്കിലും ആദ്യം കൊടുത്ത ആളിനേക്കാളും കൂടുതൽ 'ലൈക്' കിട്ടിയെന്ന്!

സുഹൃത്തുക്കളേ, നാം എങ്ങോട്ടാണു പോകുന്നത്? വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുന്നു എന്ന് പറയുന്നതുപോലെയാണ് ഇപ്പോൾ. എല്ലാവര്ക്കും മാധ്യമ പ്രവർത്തകരാകണം. രാവിലെ എഴുന്നേറ്റു കേൾക്കുന്നതും കേൾക്കാത്തതുമായ വിവരങ്ങൾ യാതൊരു ആധികാര്യതയും അന്വേഷിക്കാതെ നേരെ എടുത്തു സാമൂഹ്യ മാധ്യമങ്ങളിലേക്കു തോണ്ടുന്നവർ ഒരു കാര്യം ചിന്തിക്കണം. വാർത്തകൾ റിപ്പോർട്ടു ചെയ്യുന്നവർ പാലിക്കേണ്ട ചില മിനിമം ഉത്തരവാദിത്തങ്ങളുണ്ട്. അതറിഞ്ഞിരിക്കണം. 

വാർത്തയുടെ ഉറവിടം, അതിന്റെ ആധികാരികത, അതു സത്യമാണെന്ന് ഉറപ്പു വരുത്തുക, അതിൽ ഒരംശമെങ്കിലും തെറ്റായാൽ അത്‌ ഏൽപ്പിക്കുന്ന ക്ഷതം, അത് ആരെയൊക്കെ ബാധിക്കും, സമൂഹത്തിനു ദോഷകരമായി എന്തെങ്കിലും ബാധിക്കുമോ, വക്തിപരമായി അകാരണമായ വ്യക്തിഹത്യക്കു സാധ്യതയുണ്ടോ എന്നെല്ലാം ചിന്തിക്കണം.

അതിവേഗം വളരുന്ന ടെക്നോളജി നമുക്കു ത്വരിതഗതിയിലുള്ള ആശയവിനിമയത്തിനു സാധിക്കുമെന്നതിനൊപ്പം അത് ആയുധമാക്കിയാൽ മറ്റുള്ളവരുടെ അപകീർത്തിക്കും തീവ്ര വേദനക്കും കാരണമാക്കും എന്ന സത്യം കൂടി ഓർക്കണം. തിങ്കളാഴ്ച രാവിലെ 'മരിച്ച' വ്യക്തി നൂറു മണിക്കൂർ പിന്നിട്ട ഇപ്പോഴും ജീവിച്ചിരിക്കുന്നു. കുടുബാംഗങ്ങളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമെല്ലാം അദ്ദേഹത്തിന്റെ സൗഖ്യത്തിനായി പ്രാർഥിക്കുന്നു. ഇനിയെങ്കിലും നാം ഫേസ്ബുക്കും വാട്ട്സ്ആപ്പും മറ്റു സാമൂഹ്യ മാധ്യമങ്ങളും ഉപയോഗിക്കുമ്പോൾ ഉത്തരവാദിത്തത്തോടുകൂടി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കാരണം, വേദനിക്കുന്നവരുടെ ഷൂസിലേക്കു കയറി നിന്നെകിൽ മാത്രമേ നമുക്ക് അവരുടെ വേദന മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക