Image

മൂകാംബിക: യാത്രയുടെ സാധ്യതകളിലേക്കുള്ള അന്വേഷണം (ഇന്ദു,മഞ്ജു)

Published on 21 March, 2021
മൂകാംബിക: യാത്രയുടെ സാധ്യതകളിലേക്കുള്ള അന്വേഷണം (ഇന്ദു,മഞ്ജു)
മദ്ധ്യാഹ്നത്തിലെ സ്വാതന്ത്ര്യത്തിന് ഇരട്ടി മധുരമാണ്. മഹത്തായ അടുക്കളക്ക് വിരാമമിട്ടു കൊണ്ട് രണ്ടു ദിവസത്തെ പരോളിൽ നടക്കാനിറങ്ങിയ രണ്ട് ജീവബിന്ദുക്കൾ ..... ഞാനും മഞ്ജുവും.... പെൺ യാത്രയുടെ സാധ്യതകളിലേക്കുള്ള അന്വേഷണം കൂടിയായിരുന്നു ഈ യാത്ര. ഞങ്ങൾക്കു മുൻപിൽ ഒരുപാട് മാതൃകകളുണ്ടെങ്കിലും അനുഭവതലത്തിലുള്ള ആസ്വാദനത്തിന് സ്വാദേറുമല്ലോ..... ഒരുപാടു നാളത്തെ കാത്തിരിപ്പിനൊടുവിൽ വീണു കിട്ടിയ രണ്ടു ദിനങ്ങൾ ..... ഓരോ നിമിഷവും ഞങ്ങൾ ആസ്വദിയ്ക്കുകയായിരുന്നു.കൂടു തുറന്നു വിട്ട കിളികളെപ്പോലെ..... വേഷത്തിലും ഭാവത്തിലും ഊർജ്ജവും ഉണർവും ഉൾക്കൊണ്ട് ആശങ്കകളോ വേവലാതികളോ ഇല്ലാതെ പാറിപ്പറന്നു നടക്കുകയായിരുന്നു. അടുക്കളയെക്കുറിച്ചോ അലക്കു കല്ലിനെക്കുറിച്ചോ ചിന്തകളില്ലാതെ കിട്ടുന്നത് തിന്ന് കിട്ടിയിടത്ത് ഉറങ്ങി തോന്നും പോലെ നടന്ന രണ്ട് ദിനങ്ങൾ ..... അതിരുകളേതുമില്ലാത്ത ഈ യാത്ര നൽകിയ ആത്മവിശ്വാസമുണ്ടല്ലോ .... അത് ഒട്ടും ചെറുതല്ല.

കഴിഞ്ഞ 20 വർഷം മനസ്സിൽ താലോലിച്ചു നടന്ന ഒരാഗ്രഹം.... കുടജാദ്രിയാത്ര...... അതിനെന്താപ്പൊ പ്രത്യേകത എന്നാവും.... മനസ്സിനിണങ്ങിയ ഒരാളുമൊത്ത് കാട്ടിലൂടെ നടന്നു കയറി     സർവ്വജ്ഞപീഠവും കഴിഞ്ഞ്  നിലാവുള്ള രാത്രിയിൽ കാടിന്റെ വന്യ സൗന്ദര്യം ആത്മാവിലാവാഹിച്ച് ചിത്രമൂലയിൽ ഒരു രാത്രി ഉറങ്ങാതെ ഇരിക്കുക ....... ആ മോഹത്തിനാണ് ചിറക് മുളച്ചിരിക്കുന്നത്.കോവിഡിനു മുൻപ് ഡിസംബറിൽ മലപ്പുറത്ത് നടത്തിയ മൂല്യനിർണയ ക്യാമ്പിൽ ബിന്ദുവിനോടും മഞ്ജു വിനോടും പങ്കുവെച്ച ആഗ്രഹം..... അതാണ് സഫലമാകാൻ പോകുന്നത്. ഞങ്ങൾ 4 പെണ്ണുങ്ങൾ ചേർന്ന് ടിക്കറ്റ് ബുക്ക് ചെയ്തു.പക്ഷേ ചില ശാരീരിക പ്രശ്നങ്ങൾ കൊണ്ട് ട്രക്കിംഗിൽ പുലികളായ രണ്ടു പേർ അവസാന നിമിഷം യാത്ര ഉപേക്ഷിച്ചു.മനസ്സിലെ സദാചാര ചെകുത്താൻമാർ  തല പൊന്തിച്ചു തുടങ്ങിയിരിക്കുന്നു. ഏറെ നേരത്തെ ആശങ്കകൾക്കും ആലോചനകൾക്കും ശേഷം രണ്ടും കൽപ്പിച്ച് ഞങ്ങൾ പോകാൻ തന്നെ തീരുമാനിച്ചു.അങ്ങനെ Jan .29 ന് രാത്രി 11.30 ന് ഞങ്ങൾ രണ്ടു പേരും തിരൂരിൽ നിന്ന് ഓഖ express ൽ കയറിക്കൂടി.വണ്ടി കയറുമ്പോഴും 'സിവനേ ..... എന്താകുമോ എന്തോ ' എന്ന അവസ്ഥയായിരുന്നു. 'പുറന്തോട് പൊട്ടിക്കുമ്പോഴുണ്ടാവുന്ന അസ്വസ്ഥത മാത്രമാണതെന്ന് ഇന്ന് തിരിച്ചറിയുന്നു.രാവിലെ 7 മണിയോടു കൂടി ബൈന്ദൂർ റെയിൽവെ സ്‌റ്റേഷനിൽ വണ്ടിയിറങ്ങി ബസ്സിൽ കൊല്ലൂരിലേക്ക്...... മൂകാംബിക ക്ഷേത്ര പരിസരത്ത് ബസ്സിറങ്ങി കുറച്ചു നേരം വട്ടം കറങ്ങി.നാട്ടുകാരുടെ യോ ബന്ധുക്കളുടെയോ ചോദ്യങ്ങളില്ലാതെയുള്ള ആ വട്ടം കറങ്ങൽ  ...... അത് നമുക്ക് നൽകുന്നത് ആത്മനിയന്ത്രണമാണ്. ആരെയും ബോധ്യപ്പെടുത്താനല്ലാത്ത അച്ചടക്കം :... ട്രക്കിംഗിന് വല്ല സാധ്യതയും ഉണ്ടോ എന്നറിയാൻ ഒന്നു രണ്ടു സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അപ്പോഴേക്കും സഹായഹസ്തങ്ങളുമായി  അനേകം പേർ..... കൂടുതൽ അന്വേഷണത്തിന് നിൽക്കാതെ ക്ഷേത്രം ഗസ്റ്റ്ഹൗസിൽ റൂമെടുത്ത് കുളിച്ച് ഭക്ഷണം കഴിച്ചു.അമ്പലത്തിൽ നീണ്ട നിര....  പുറത്തുനിന്ന് തൊഴുത് നേരെ ജീപ്പിനടുത്തേക്ക്.... കുടജാദ്രിയായിരുന്നു ലക്ഷ്യം.8 പേരടങ്ങിയ ജീപ്പ് കാനനപാതയിലൂടെ മുകളിലേക്ക് ..... ചെക്ക് പോസ്റ്റും ഭീകരമായ ഓഫ് റോഡുകളും പിന്നിട്ട് ഞങ്ങൾ 1. മണിയോടു കൂടി ശ്രീ മൂലസ്ഥാനത്തെത്തി.അവിടുന്നങ്ങോട്ട് 2Km ഉണ്ട് സർവ്വജ്ഞപീഠത്തിലേക്ക് ..... വെയിൽ ശരീരത്തെ തളർത്തുന്നുണ്ടെങ്കിലും തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല. 1 മണിക്കൂർ നടത്തത്തിനൊടുവിൽ ഞങ്ങൾ സർവ്വജ്ഞപീഠത്തിന്റെ കുളിരിലേയ്ക്ക്..... കുറച്ചു നേരം കണ്ണടച്ചിരിക്കണം എന്നാഗ്രഹിച്ചെങ്കിലും ജനപ്രവാഹം അതിനനുവദിച്ചില്ല.ഇടതൂർന്ന കാടുകളും ,പുൽമേടുകളും, കുറ്റിക്കാടുകളും, പൂത്തുലഞ്ഞു നിൽക്കുന്ന മരങ്ങളും ,അഗാധഗർത്തങ്ങളും അവയ്ക്കു മീതെ പാറി നടക്കുന്ന വെൺമേഘങ്ങളും എല്ലാം ചേർന്ന് മനോഹരമായ കാഴ്ചകളാണ്  കുടജാദ്രി നമുക്ക് നൽകുന്നത്.ആ നട്ടുച്ച വെയിലത്തും നനുത്ത തണുത്ത കാറ്റ് ദേഹത്ത് വന്ന് തൊടുന്നു. ചിത്ര മൂലയിലേക്ക് ഏകദേശം 2Km താഴേക്കിറങ്ങണം. ചെങ്കുത്തായ പാറക്കെട്ടുകളും പേടിപ്പെടുത്തുന്ന ഊടുവഴികളും ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കോവിഡ് കാലമായതുകൊണ്ടാണെന്നു തോന്നുന്നു അവിടേക്ക് പ്രവേശനം അനുവദിക്കുന്നില്ല. ഒരൽപ്പം സങ്കടത്തോടു കൂടി ഞങ്ങൾ തിരിച്ചിറക്കം തുടങ്ങി.ഒരു കൂട്ടം കുട്ടികൾ ഞങ്ങളെ കടന്നു പോയി. ചോദിച്ചപ്പോൾ അവർ വെളുപ്പിന് മല കയറാൻ തുടങ്ങിയതാണ്. എനിക്ക് എന്നോടു തന്നെ പുച്ഛം തോന്നി. എത്ര നല്ല കാലങ്ങളാണ്     ഒരിക്കലും നിറം വെക്കാത്ത പാത്രങ്ങൾ വെളുപ്പിച്ചും, കറപിടിച്ച തുണികളോട് മല്ലിട്ടും, രുചികരമായ ഭക്ഷണം (ഒരു വിശ്വാസം മാത്രം) പാകം ചെയ്ത് മറ്റുള്ളവരെ തൃപ്തിപ്പെടുത്തിയും കാലം കഴിച്ചത് .എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന സത്യൻ അന്തിക്കാടിന്റെ ഡയലോഗിനെ കൂട്ടുപിടിച്ച്നാളെ രാവിലെ കുറച്ചു ദൂരമെങ്കിലും കാടിനുള്ളിലൂടെ നടക്കണം എന്ന തീരുമാനവുമായി ഞങ്ങൾ മലയിറങ്ങി. പിന്നീടങ്ങോട്ട് വല്ലാത്ത ആവേശമായിരുന്നു. 3.30യോടെ ജീപ്പിൽ താഴേക്ക്..... ഒപ്പം കയറിയിരുന്നവർ നന്നെ തളർന്നിരുന്നു. വെയിലും കയറ്റിറക്കങ്ങളും ഭീകരമായ ജീപ്പ് യാത്രയും  അവരെ ഏറെ ബാധിച്ചിരിക്കുന്നു. ജീപ്പിന്റെ രണ്ട് ചക്രമേ നിലം തൊട്ടിരുന്നുള്ളൂ. ഡ്രൈവർ മിഥുൻ വളരെ കരുതലോടെയും കൈയ്യടക്കത്തോടെയുമാണ് വണ്ടി ഓടിക്കുന്നത്.5 മണിയോടെ താഴെ എത്തി. ഭക്ഷണം കഴിച്ച് നേരെ റൂമിലേക്ക് ...... കുളി കഴിഞ്ഞ് വീണ്ടും അമ്പലത്തിലേക്ക് ..... രാവിലെ കണ്ട നീണ്ട വരി ഇപ്പോഴും ..... ആ വരിയിൽ ഞങ്ങളും പങ്കു ചേർന്നു.ശ്രീമദ്ശങ്കരാചാര്യരുടെ ദിഗ് വിജയവും, സർവ്വജ്ഞപീഠത്തിലേക്കുള്ള യാത്രയും, ദേവീപ്രതിഷ്ഠയുമെല്ലാം മനസ്സിലൂടെ കടന്നു പോയി.ദേവിയ്ക്കുമുൻപിൽ കണ്ണടച്ച് തൊഴുതു നിന്നപ്പോൾ വല്ലാത്ത ഒരാശ്വാസം..... കൂടെയുണ്ടെന്ന് മന്ത്രിയ്ക്കുന്നതു പോലെ....... തൊഴുതിറങ്ങി നേരെ അന്നശാലയിലേക്ക്.... പ്രസാദം കഴിച്ച് തിരിച്ച് റൂമിലേക്ക് .ഒരു ദിവസത്തെ അലച്ചിലിന്റെ ക്ഷീണം മുഴുവൻ ശരീരത്തിൽ ഉണ്ടായിരുന്നെങ്കിലും മനസ്സിൽ ഒരു മടുപ്പും ഉണ്ടായിരുന്നില്ല. ഗ്ലാസിട്ടവലിയ ജനലുകളുള്ള കുഞ്ഞു റൂമിൽ കാടിനെ സ്വപ്നം കണ്ട് ഞങ്ങൾ രണ്ടു പെണ്ണുങ്ങൾ. മഞ്ജുവിന് കുറച്ചു പേടിയുണ്ടായിരുന്നെങ്കിലും ഒന്നും പേടിക്കാനില്ലെന്ന എന്റെ വാക്കുകളുടെ ധൈര്യത്തിൽ  ഞങ്ങൾ പതിയെ .... പതിയെ

രണ്ടാം ദിവസം

 വെളുപ്പിന് 5.30ന് എണീറ്റ് കുളികഴിഞ്ഞ് 6 മണിയോടെ ഞങ്ങൾ റൂം ഒഴിഞ്ഞു. കാട്ടിലൂടെയുള്ള  നടത്തമാണ് ലക്ഷ്യം.ഒരു ചായ കുടിച്ച് ബസ് സ്റ്റാന്റിലെത്തിയപ്പോഴേക്കും ആദ്യ ബസ്സ് പോയിരുന്നു. അടുത്ത ബസ്സ് 7.15ന് .മുകളിലാകാശം താഴെ ഭൂമി എന്ന അവസ്ഥയിൽ വെറുതെ മേലോട്ട് നോക്കിയിരുന്നു.  വീട്ടിലാണെങ്കിൽ ഈ സമയം പാത്രങ്ങളോടും പുത്രിയോടുമുള്ള മൽപ്പിടിത്തത്തിലായിരിക്കും .രണ്ട് മാനസികാവസ്ഥകളും തമ്മിലുള്ള
വൈരുദ്ധ്യമോർത്തപ്പോൾ ചിരിയാണ് വന്നത്. ഓരോന്ന് മിണ്ടിയും പറഞ്ഞുമിരിക്കുന്നതിനിടയിൽ ബസ്സ് വന്നു. അധികം തിരക്കില്ല. ടിക്കറ്റെടുത്ത് വഴിയോരക്കാഴ്ചകളിലേക്ക് ...... ഷിവമോഗ യിലേക്കുള്ള ബസ്സിൽ കാരക്കട്ടൈ എന്ന സ്ഥലത്തു നിന്നാണ്  ട്രക്കിംഗ് തുടങ്ങുന്നത്. 45 mts ദൂരമേയുള്ളൂ.... കാരക്കാട്ടെയിൽ ഞങ്ങൾക്കൊപ്പം ഒരു കുടുംബംകൂടെ ഇറങ്ങി.ഞങ്ങൾക്കാശ്വാസമായി. അച്ഛനും അമ്മയും രണ്ടാൺ മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം. തച്ചോളി ഒതേനന്റെ നാട്ടുകാർ..... ഞങ്ങളുടെ ധൈര്യം ഇരട്ടിച്ചു.എല്ലാ ആശങ്കകളും മാറ്റി വെച്ച് നടക്കാൻ തുടങ്ങി. നനുത്ത കോടമഞ്ഞും തണുപ്പും ഇളം കാറ്റും ഉദിച്ചു വരുന്ന വെയിലും എല്ലാം ചേർന്ന് വല്ലാത്തൊരനുഭൂതി.മാനംമുട്ടെ ഉയർന്നു നിൽക്കുന്ന മരങ്ങൾ, വള്ളിപ്പടർപ്പുകൾ, പലതരം പക്ഷികൾ, പൂമ്പാറ്റകൾ ,പൊഴിഞ്ഞുകിടക്കുന്ന ഇലയട രുകൾ..... റുഡ്യാഡ് കിപ്ലിംഗിന്റെ കാട്ടിൽ എത്തിപ്പെട്ടതു പോലെ...... ഒരു 3 km നടന്നു കാണും.... മുൻപിൽ നടന്നു പോകുന്ന തച്ചോളി ഒതേനനും വീട്ടുകാരും മടങ്ങാൻ നിൽക്കുന്നു. കുട്ടിച്ചേകവന്മാർക്ക് മുന്നോട്ടു പോകണമെന്നാഗ്രഹമുണ്ടെങ്കിലും സാക്ഷാൽ ഒതേനൻ സമ്മതിക്കുന്നില്ല. കാര്യം തിരക്കിയപ്പോൾ മൃഗങ്ങൾ ഇറങ്ങുമെന്നായിരുന്നു മറുപടി. മനുഷ്യനോളം ഒരു മൃഗത്തേയും പേടിക്കേണ്ടതില്ലെന്ന് ഞാൻ പറഞ്ഞു നോക്കിയെങ്കിലും ഒന്നും ഏശുന്നില്ല. ഒടുവിൽ ഉറുമിയും വാളും അരയിൽ തിരുകി മടക്കം..... ഞങ്ങൾ മാത്രമായിരുന്നെങ്കിൽ ഒരു പക്ഷേ കുറെക്കൂടി മുൻപോട്ട് പോയേനെ..... എന്തായാലും വന്നിരിക്കും എന്ന് മനസ്സിൽ ഉറപ്പിച്ച് ഞങ്ങളും മടങ്ങി .10 മണിയോടെ കൊല്ലൂർ തിരിച്ചെത്തി. ചായ കുടിച്ച് ബസ് സ്റ്റാന്റിലേക്ക്... നടക്കുമ്പോഴാണ് സൗപർണികയിലേക്കുള്ള ചൂണ്ടുപലക കണ്ടത്. നേരെ അങ്ങോട്ട്. ചെന്നപ്പോൾ വരേണ്ടിയിരുന്നില്ല എന്നു തോന്നി. കെട്ടി നിർത്തിയിരിക്കുന്ന ഇത്തിരി വെള്ളം ....... സമൃദ്ധമായൊഴുകുന്ന  സൗപർണ്ണികയെ മനസ്സിൽ  കണ്ട് ഒരു കൈക്കുമ്പിൾ വെള്ളം കൊണ്ട് തർപ്പണം ചെയ്തു. ഒത്തിരി വേദനയോടെ മടക്കം...... ഇനിയെന്തു ചെയ്യണം എന്നാലോചിച്ചു.രാത്രി 7.30 ന് കുന്ദാപുരയിൽ നിന്നാണ്‌ വണ്ടി. ഇപ്പോ സമയം 11 .. ഗൂഗിൾ മാപ്പിൽ ഒന്ന് പരതി നോക്കി...... ഉഡുപ്പി , മുരുഡേശ്വരം, ഗോകർണ്ണം ,ശൃംഗേരി ..... മുരുഡേശ്വരം പോവാമെന്ന് തീരുമാനിച്ച് നേരെ  കാത്തുനിൽപ്പ് കേന്ദ്രത്തിലേക്ക്..... അവിടെ നിന്ന് Bhatkal ലേക്കും, മുരുഡേശ്വരത്തേക്കും.... ഞങ്ങൾ രണ്ടു പേർക്കും പരിചയമൊന്നുമില്ലെങ്കിലും നേരെ നടന്നു ചെന്നത് അന്ന ക്ഷേത്രത്തിലേക്കാണ്. പ്രസാദം കഴിച്ച് മുരുഡേശ്വര സന്നിധിയിൽ അൽപ്പനേരം. എങ്ങും ജനത്തിരക്ക്. വല്ലാത്ത മടുപ്പ്. ആളൊഴിഞ്ഞ ദിക്കിൽ ആകാശത്തോളം ഉയർന്നു നിൽക്കുന്ന മുരുഡേശ്വരനേയും പിന്നിൽ അനന്തമായി പരന്നു കിടക്കുന്ന കടലിനേയും നോക്കി കുറച്ചു നേരം.... ഇത്തരം യാത്രകൾ നമുക്ക് നൽകുന്ന ആത്മധൈര്യം എത്രയാണെന്നറിയാമോ....... ഭാഷയോ ദേശ മോ അറിയാത്ത, അപരിചിതരായ ആളുകൾക്കിടയിലൂടെ  കണ്ടും കേട്ടും ചോദിച്ചും മനസ്സിലാക്കിയും, നമുക്ക് നാം തന്നെ തുണ എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞും നടത്തുന്ന സഞ്ചാരങ്ങൾ നമുക്ക് നൽകുന്നത് അപാരമായ ആത്മവിശ്വാസമാണ്..... എത്രത്തോളമെന്നാൽ തുടർന്നുള്ള ജീവിതത്തിൽ വന്നേക്കാവുന്ന സങ്കീർണ്ണതകൾക്കുള്ള പരിഹാരം വരെ...... 4 മണിയോടു കൂടി ഞങ്ങൾ കുന്ദാപുരയിലേക്ക്‌.ഒരു കുഞ്ഞു ഗ്രാമത്തിലുള്ള ചെറിയ സ്റ്റേഷൻ.വലിയ തിരക്കോ ബഹളമോ ഇല്ല.8 മണിയോടു കൂടി ട്രെയിനിൽ കയറി. 2 മണിയ്ക്ക് കോഴിക്കോട് ഇറങ്ങി പലക്കാട് ബസ്സിൽ .... പുലർച്ചെ 4  മണിയോടെ വീട്ടിലെത്തിച്ചേർന്നു.
    
സംഭവബഹുലമല്ലെങ്കിലും ഞങ്ങളെ സംബന്ധിച്ചിടത്തോളം  'സംഭവ'മായ 2 ദിനങ്ങൾക്ക് ശേഷം വീണ്ടും പഴയ രുചിക്കൂട്ടുകളിലേക്ക് ... ഓരോ നിമിഷങ്ങളിൽ നിന്നും സംഭരിച്ച ഊർജ്ജവും ഓജസ്സും....... അടുത്ത യാത്ര വരെ.... ഇതൊരു തുടക്കം മാത്രം.
        
അപ്പൂപ്പൻ താടി പോലെ ഭാരമേതുമില്ലാതെ ആയുസ്സിലൊരിക്കലെങ്കിലും പറന്നു നടക്കാൻ എന്റെ എല്ലാ പെൺസുഹൃത്തുക്കളേയും ക്ഷണിയ്ക്കുന്നു.


മൂകാംബിക: യാത്രയുടെ സാധ്യതകളിലേക്കുള്ള അന്വേഷണം (ഇന്ദു,മഞ്ജു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക