Image

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-12: ഡോ. പോള്‍ മണലില്‍)

Published on 25 March, 2021
പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-12: ഡോ. പോള്‍ മണലില്‍)
പ്രസംഗം നടക്കുമ്പോള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചാല്‍ പിന്മാറുന്ന സ്വഭാവം അഴീക്കോടിനില്ല. 1985-ല്‍ തലശ്ശേരി ജഗന്നാഥക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് അഴീക്കോടിന്റെ ഒരു പ്രഭാഷണമുണ്ടായിരുന്നു. ഉപനിഷത്തിന്റെ സന്ദേശം എന്നതായിരുന്നു വിഷയം. ഉത്സവപ്പറമ്പില്‍ ആകെ കോലാഹലം. കുട്ടികള്‍ മണല്‍വാരി എറിഞ്ഞുകളിക്കുന്നു. ചിലര്‍ ഗോലി കളിക്കുന്നു. അഴീക്കോട് പതിഞ്ഞ സ്വരത്തില്‍ പ്രസംഗം തുടങ്ങി. പണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ ക്ഷേത്രമൈതാനിയില്‍ നടത്തിയ പ്രചാരണയോഗത്തില്‍ പ്രസംഗവേദിയിലേക്ക് എതിരാളികള്‍ കല്ലെറിഞ്ഞ കാര്യം അവതരിപ്പിച്ചു. അന്ന് കല്ലേറില്‍ നിന്നു രക്ഷപ്പെട്ടത്തു മൈക്ക് സ്റ്റാന്‍ഡിനു പിന്നില്‍ മറഞ്ഞുനിന്നതു കൊണ്ടാണെന്നു തമാശ പറഞ്ഞു. ഇപ്രകാരം പതിഞ്ഞസ്വരത്തില്‍ നിന്നും സ്വാഭാവിക നര്‍മ്മത്തിലൂടെ അദ്ദേഹം പ്രസംഗം കൊഴുപ്പിച്ചു. അവര്‍ണ്ണനു വേദം പഠിക്കുന്നതു നിഷിദ്ധമായിരുന്നു. എന്നാല്‍ ഇവിടെ അവര്‍ണ്ണര്‍ വേണ്ടിവന്നു ഉപനിഷത്തിന്റെ അര്‍ത്ഥം പറയാന്‍ എന്നു പറഞ്ഞുകൊണ്ട് ജാതിവിവേചനത്തെ പരിഹസിച്ചുകൊണ്ട് അദ്ദേഹം കത്തിക്കയറി. ഉത്സവപ്പറമ്പില്‍ കടലകൊറിച്ചു നടന്നവരും കുപ്പിവള വാങ്ങാന്‍ വന്നവരും ചെവികൂര്‍പ്പിച്ചു. ഗോട്ടികളിയും മണല്‍വാരി എറിയലും നിലച്ചു. ഉത്സവപ്പറമ്പ് ഒന്നാകെ അഴീക്കോടിന്റെ പിന്നാലെ ചെന്നു. ""പതിനെട്ട് അക്ഷൗഹിണികള്‍ നിരന്നു നില്‍ക്കുമ്പോഴാണ്, യുദ്ധത്തിന്റെ ഭയങ്കരാരവം മുഴങ്ങുമ്പോഴാണ് പാര്‍ത്ഥന്റെ കാതില്‍ സാരഥിയുടെ ഗീതോപദേശം മുഴങ്ങിയത് - പിന്നെയാണോ നിങ്ങളുടെ ഗോട്ടികളി?'' എന്നുകൂടി അഴീക്കോട് പറഞ്ഞപ്പോള്‍ ജനം ഉപനിഷത്തിന്റെ സന്ദേശം കേള്‍ക്കാന്‍ നിശ്ശബ്ദരായി. അപ്പോള്‍ അഴീക്കോട് പറഞ്ഞു: ""ഇതാണ് ഉപനിഷത്തിന്റെ സന്ദേശം.''
1982-ല്‍ കണ്ണൂരില്‍ സംസ്ഥാന സ്കൂള്‍ യുവജനോത്സവം നടന്നപ്പോള്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ പ്രസംഗം എസ്.എഫ്.ഐ നേതൃത്വത്തില്‍ തടസ്സപ്പെടുത്തി. പൊലീസ് മൈതാനിയില്‍ ആകെ സംഘര്‍ഷം. കരിങ്കൊടി കാണിച്ചവരെ ലാത്തിവീശി പൊലീസ് ഓടിച്ചു. അഴീക്കോട് പ്രസംഗിച്ചു തുടങ്ങിയത് ഇങ്ങനെ: എസ്.എഫ്.ഐക്കാര്‍ യോഗം കലക്കാന്‍ വന്ന അസുരന്മാര്‍.
എത്ര വലിയ ആള്‍കൂട്ടമാണെങ്കിലും ശ്രോതാക്കളെ ആകര്‍ഷിക്കാന്‍ പ്രത്യേകമായ ഒരു വിരുത് അദ്ദേഹം പ്രസംഗത്തില്‍ പ്രയോഗിക്കാറുണ്ടായിരുന്നു. സി.പി.എം. പതിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്നു. ബിഷപ്പ് പൗലോസ് മാര്‍ പൗലോസും കെ.പി. ഉണ്ണിക്കൃഷ്ണനും പ്രസംഗിച്ചിട്ടു മടങ്ങി. അപ്പോഴേക്കും രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. ശ്രോതാക്കള്‍ അക്ഷമരാണ്. അഴീക്കോടാണ് മുഖ്യപ്രഭാഷണം നടത്തേണ്ടത്. അദ്ദേഹം ഇങ്ങനെ തുടങ്ങി: ""കെ.പി. ഉണ്ണികൃഷ്ണനും ബിഷപ്പ് തിരുമേനിയും എട്ടരയുടെ തീവണ്ടി പിടിക്കാനുള്ളതു കൊണ്ട് നേരത്തെ പ്രസംഗിച്ചിട്ടു പോയിരിക്കുകയാണ്. ഒന്നും പിടിക്കാനില്ലാത്തതുകൊണ്ട് ഞാനിങ്ങനെ മൈക്കില്‍ പിടിച്ചുകൊണ്ട് നില്‍ക്കുകയാണ്...''
അഴീക്കോടിന്റെ ആമുഖം ആളുകളെ ചെറുതായൊന്നു രസിപ്പിച്ചു. അന്തരീക്ഷം ഒന്നു തണുത്തു. അടുത്ത വാചകം ഇങ്ങനെയായിരുന്നു: ""മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നടത്തുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ എന്നെ ക്ഷണിച്ചതു എന്തിനാണെന്നു ഞാന്‍ ആലോചിക്കുകയായിരുന്നു. ഒരു പക്ഷെ നിങ്ങളും അങ്ങനെ അതു തന്നെയായിരിക്കും ആലോചിക്കുന്നത്...''
സദസ് വീണ്ടും നിശ്ചലമായി. ആ ഘട്ടത്തില്‍ അഴീക്കോട് പ്രസംഗത്തിന്റെ ഗതിയൊന്നു മാറ്റിപ്പിടിച്ചു. ""ഞാന്‍ ഉണ്ണികൃഷ്ണനോട് അദ്ദേഹത്തിന്റെ അച്ഛനെപ്പറ്റി ചോദിക്കുകയായിരുന്നു. എനിക്ക് അദ്ദേഹത്തെയാണ് കൂടുതല്‍ പരിചയം. ഞാന്‍ ഉണ്ണികൃഷ്ണനെ കാണുമ്പോള്‍ അദ്ദേഹത്തിന്റെ അച്ഛനെയാണ് ഓര്‍ക്കുന്നത്.''
സദസ്സ് കാതോര്‍ത്തു. അഴീക്കോട് ഇനി എന്താണ് പറയാന്‍ പോകുന്നത്? പ്രസംഗത്തിന്റെ മട്ട് മാറുന്ന വാചകം ഉടന്‍ വന്നു: ""പക്ഷെ ഇന്നത്തെ അച്ഛന്‍ പറയുന്നത്, നീ എന്റെ മകനെ ഓര്‍ക്കുക...'' കെ. കരുണാകരനെയും മകനെയും ഉന്നംവച്ച് ഇത്രയും പറഞ്ഞപ്പോള്‍ ജനം കയ്യടിച്ചു. ഇങ്ങനെയാണ് അഴീക്കോട് സദസിനെ കൈയ്യിലെടുക്കുന്നത്.
സി.പി.എം. സംസ്ഥാന സമ്മേളനം 2002-ല്‍ കണ്ണൂരില്‍ നടന്നപ്പോള്‍ സാംസ്കാരികസമ്മേളനത്തില്‍ പ്രസംഗിച്ച അഴീക്കോട് വിമര്‍ശനം തൊടുത്തുവിട്ടതു അന്നത്തെ വിദ്യാഭ്യാസമന്ത്രി നാലകത്തു സൂപ്പിക്ക് എതിരേയായിരുന്നു. ചെലവു ചുരുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ എ.കെ. ആന്റണി മന്ത്രിസഭ വെട്ടിക്കുറച്ച കാലമാണ്. അതിനെതിരേ ജീവനക്കാര്‍ പണിമുടക്കിലാണ്. സാംസ്കാരിക സമ്മേളനത്തില്‍ ഒ.എന്‍.വി, പി. ഗോവിന്ദപ്പിള്ള, എം.എന്‍. വിജയന്‍ എന്നിവര്‍ക്കൊപ്പം പങ്കെടുത്ത അഴീക്കോട് ആ സന്ദര്‍ഭത്തില്‍ ഒരു പത്രവാര്‍ത്ത വായിച്ചതിനെപ്പറ്റി പറഞ്ഞുകൊണ്ടാണ് പ്രസംഗിച്ചു തുടങ്ങിയത്.
ആ വര്‍ഷം പൂന്താനം സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി നാലകത്തു സൂപ്പി നടത്തിയ പ്രസംഗത്തെ പിടിച്ചുകൊണ്ടായിരുന്നു അഴീക്കോടിന്റെ തുടക്കം. പൂന്താനത്തിന്റെ ജ്ഞാനപ്പാന പൂര്‍ണരൂപത്തില്‍ പാഠപദ്ധതിയില്‍ കൊണ്ടുവരുമെന്നുള്ള മന്ത്രിയുടെ പ്രഖ്യാപനമായിരുന്നു പത്രത്തില്‍ വന്ന വാര്‍ത്ത. പൂന്താനം ഇല്ലത്തേക്കു വരുന്നവര്‍ക്കുള്ള പട്ടിക്കാട് തീവണ്ടിസ്റ്റേഷന്‍ പൂന്താനം സ്റ്റേഷന്‍ എന്നു പുനര്‍നാമകരണം ചെയ്യുമെന്നും സൂപ്പി പ്രസംഗിച്ചിരുന്നു.
ഇതിനെ മുന്‍നിര്‍ത്തി സിപിഎം സമ്മേളനത്തില്‍ അഴീക്കോട് ഇങ്ങനെ പ്രസംഗിച്ചു: ""പൂന്താനത്തിന്റെ ജ്ഞാനപ്പാന ജീവിതത്തില്‍ ആദ്യമായി വായിച്ച മന്ത്രി അതു മുഴുവനായി കുട്ടികളെ പഠിപ്പിക്കണമെന്ന് പറയുന്നു. മന്ത്രി ആദ്യം വായിച്ച പുസ്തകത്തിന്റെ അറിവില്‍ നിന്നുയര്‍ന്ന ആവേശമാണത്. ശമ്പളം കൊടുക്കാന്‍ പണമില്ലെങ്കില്‍ ഇത്തരം പേട് മന്ത്രിയെയാണ് ആന്റണി ആദ്യം കളയേണ്ടത്...''
ഇങ്ങനെയാണ് പ്രസംഗത്തിന്റെ തുടക്കത്തില്‍ അഴീക്കോട് കയ്യടി വാങ്ങി ജൈത്രയാത്ര തുടങ്ങുന്നത്.
സി.പി.ഐയുടെ ദേശീയസമ്മേളനം തൃശൂരില്‍ നടന്നപ്പോള്‍ ഇന്ത്യയില്‍ വര്‍ഗീയ പ്രശ്‌നങ്ങള്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരുന്ന ഘട്ടമാണ്. അഴീക്കോട് അവിടെ നടത്തിയ പ്രസംഗം ദേശീയതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. അദ്ദേഹം ഇങ്ങനെയാണ് പ്രസംഗിച്ചത്: ""ഇന്ത്യയാകെ അഗ്നി പടരുകയാണ്. ഇവിടെയുള്ള യുവാക്കളോട് ഞാന്‍ പറയുന്നു, നിങ്ങളെല്ലാവരും അഗ്നി ശമനയന്ത്രങ്ങളാകണം...''
ഗാന്ധിജിയുടെ 125-ാം ജന്മവാര്‍ഷികത്തിനു 125 ഗ്രാമങ്ങളില്‍ പോയി പ്രഭാഷണം നടത്തിക്കൊണ്ടാണ് അഴീക്കോട് മഹാത്മാവിനു പ്രണാമം അര്‍പ്പിച്ചത്.  ഗാന്ധിജിയെപ്പറ്റി പ്രസംഗം സംഘടിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ ഒരു തപാല്‍കാര്‍ഡില്‍ വിവരം അറിയിക്കണമെന്ന് അഴീക്കോട് ഒരു വാര്‍ത്ത നല്‍കി. അതിന്‍പ്രകാരം ലഭിച്ച മറുപടികള്‍ പരിശോധിച്ചാണ് ജില്ലകള്‍ തോറും അദ്ദേഹം ഗാന്ധിപ്രഭാഷണം നടത്തിയത്. അതിനു ആരില്‍നിന്നും വണ്ടിക്കൂലിയും അദ്ദേഹം വാങ്ങിയില്ല. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ പുതിയൊരു ജീവിതചര്യ ഗാന്ധിജി നെഹ്‌റുവിനോട് നിര്‍ദ്ദേശിച്ചിരുന്നു - ഗ്രാമങ്ങളിലേക്കു മടങ്ങുക എന്ന ആഹ്വാനം. ഗാന്ധിജിയുടെ ഈ ആഹ്വാനപ്രകാരമാണ് അഴീക്കോട് ഗ്രാമങ്ങളില്‍ പോയി പ്രസംഗിച്ചത്. പൂന്തുറയിലായിരുന്നു തുടക്കം. പൂന്തുറ വര്‍ഗീയ കലാപത്തെ തുടര്‍ന്നു നിരോധനാജ്ഞ നിലനില്‍ക്കെയാണ് ശാന്തിയുടെ സന്ദേശം പരത്തിക്കൊണ്ട് ഈ പ്രഭാഷണ പരമ്പര തുടങ്ങിയത്.
നവഭാരതവേദിയുടെ സാരഥിയായി പ്രവര്‍ത്തിച്ച കാലത്ത് പലയിടങ്ങളിലായി നടത്തിയിട്ടുള്ള പ്രസംഗങ്ങള്‍ നഷ്ടപ്പെട്ടു പോയ സ്വാതന്ത്ര്യസങ്കല്പങ്ങളുടെയും ദേശീയ പാരമ്പര്യങ്ങളുടെയും പുനഃസ്ഥാപനത്തിനുവേണ്ടിയുള്ള ആഹ്വാനങ്ങളായിരുന്നു. സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ അനീതികളെ അദ്ദേഹം നവഭാരതവേദിയുടെ പ്രഭാഷണങ്ങളില്‍ എതിര്‍ത്തു. തിരുവനന്തപുരത്തു നിയമസഭാ മലിനീകരണത്തിനും സര്‍ക്കാര്‍ ആശുപത്രികളുടെ രോഗാവസ്ഥയ്ക്കും എതിരേ നടത്തിയ പരിപാടികളില്‍ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ അധികാരികളുടെ കണ്ണുതുറപ്പിക്കുന്നതായിരുന്നു. നവഭാരതവേദിയുടെ ഒരു പ്രഭാഷണം വടകരയില്‍ നടത്തിയപ്പോള്‍ ശ്രോതാവായി എത്തിയ അക്ബര്‍ കക്കട്ടില്‍ അഴീക്കോടിന്റെ പ്രഭാഷണം കേട്ടപ്പോള്‍ നല്ല ഒരു കഥ വായിക്കുന്ന അനുഭവം ഉണ്ടാക്കിയെന്ന് പറഞ്ഞിട്ടുണ്ട്. ഒരു ജനുവരി മാസത്തിലായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. ""കലണ്ടര്‍ മാറിയിരിക്കുന്നു, കലണ്ടര്‍ മാത്രമേ മാറുന്നുള്ളൂ. നമ്മുടെ ഹൃദയഭിത്തി മാറുന്നില്ല. നവഭാരതവേദിയുടെ ലക്ഷ്യം ഹൃദയഭിത്തികള്‍ മാറ്റുക എന്നതാണ്; കലണ്ടര്‍ മാറ്റുകയല്ല. കാലം സ്തംഭിച്ചു നില്‍ക്കുമ്പോള്‍, ഈ കാലത്തു തന്നെ നമുക്കു മുന്നോട്ട് പോകേണ്ടതുണ്ട്'' എന്നിങ്ങനെ അഴീക്കോട് പ്രസംഗിച്ചപ്പോള്‍ തന്റെ ഹൃദയഭിത്തികള്‍ മാറിപ്പോയെന്ന് അക്ബര്‍ കക്കട്ടില്‍  എഴുതിയിരിക്കുന്നു. പ്രഭാഷണത്തില്‍ ഒരു ടെക്‌നിക്കുമില്ല സത്യം തുറന്നു പറയലല്ലാതെ, എന്ന് പറഞ്ഞിട്ടുള്ള അഴീക്കോട് ഇങ്ങനെ ചൂണ്ടിക്കാട്ടി: ""ഗാന്ധിജിയുടെ പ്രസംഗത്തില്‍ സാധാരണ ജനങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒരു സത്യസന്ധതയുടെ പ്രകാശമുണ്ടായിരുന്നു. സംസാരിക്കുക എന്നത് ഒരു സാമര്‍ത്ഥ്യമല്ല. അതു നമ്മുടെ ആത്മാവിന്റെ അഗാധമായ സത്യമാണ്.''
ജീവിതത്തില്‍ പ്രഭാഷണമാണ് തന്റെ ആത്മാവിനെ ശുദ്ധീകരിക്കുന്ന ഏറ്റവും വലിയ ഘടകമെന്നു പറയുന്ന അഴീക്കോട് പ്രസംഗത്തെ സത്യം വിളിച്ചു പറയാനുള്ള മുഹൂര്‍ത്തമായിട്ടാണ് കണ്ടിട്ടുള്ളത്. അദ്ദേഹം ഇങ്ങനെ എഴുതി: ""ദൈവത്തിന്റെ മുമ്പില്‍ വച്ച് അസത്യം പറയാന്‍ സാധിക്കാത്തതു പോലെയുള്ള ഒരു ദിവ്യതാബോധം എനിക്കു ജനക്കൂട്ടത്തിന്റെ മുമ്പില്‍ വച്ചു തോന്നാറുണ്ട്. ആ സമയത്ത് ഒരാത്മവിസ്മൃതിയോടു കൂടെ പറയുന്ന സമയത്താണ് സത്യത്തിന്റെ ആഴങ്ങളിലേക്ക് പോകാന്‍ സാധിക്കുക. ജനക്കൂട്ടത്തിന്റെ മുമ്പില്‍ പത്തുമിനിറ്റ് പ്രസംഗിച്ചുകഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്കു കാപട്യത്തോടു കൂടി സംസാരിക്കാന്‍ കഴിയില്ല. ഇന്നു കേഴ്‌വിക്കാര്‍ കുറഞ്ഞുപോയി എന്നു പറഞ്ഞാല്‍, കാപട്യം നിറഞ്ഞ പ്രാസംഗികന്മാര്‍ കൂടി എന്നര്‍ത്ഥം!''
ഒരു പൂജാരിയുടെ കര്‍മ്മചൈതന്യത്തോടെയാണ് അഴീക്കോട് ഓരോ പ്രഭാഷണവും നടത്തിയിട്ടുള്ളത്. കോഴിക്കോട് ടൗണ്‍ ഹാളില്‍ അഴീക്കോട് ഒരു പ്രസംഗം നടത്തിക്കഴിഞ്ഞപ്പോള്‍ ഒരു ശ്രോതാവ് സദസ്സില്‍ നിന്ന് എഴുന്നേറ്റ്, ""ഹരേ റാം, ഹരേ റാം'' എന്നു പറഞ്ഞ ഒരു സംഭവമുണ്ട്. കെ.പി. കേശവമേനോനും ജസ്റ്റീസ് ബാലകൃഷ്ണ ഏറാടിയും പ്രസംഗിച്ചു കഴിഞ്ഞായിരുന്നു അഴീക്കോടിന്റെ ആ പ്രസംഗം. ഒരേ സമയം അതു കൊടുങ്കാറ്റും ഇളംതെന്നലുമായി ശ്രോതാവില്‍ വീശി. ഒരേസമയം അതു കുലംകുത്തിയൊഴുകുന്ന നദിയും ശാന്തമായി ഒഴുകുന്ന പുഴയുമായിരുന്നു. ഒരേസമയം ആ പ്രസംഗം ആകാശത്തോളം ഉയരുന്ന തിരമാല പോലെയും ജലാശയത്തിന്റെ ശാന്തത പോലെയും ആയിരുന്നു. ""ഹരേ റാം ഹരേ റാം'' എന്നു പറഞ്ഞ് എഴുന്നേറ്റ ആ ശ്രോതാവ് പെട്ടെന്നാണ് താന്‍ ഒരു സദസില്‍ ആണെന്നു തിരിച്ചറിഞ്ഞത്. ""അഴീക്കോടിന്റെ പ്രസംഗം അയാളുടെ മനസ്സില്‍ ഉണ്ടാക്കിയ ആരാധനയാണിത്'' എന്നായിരുന്നു ജസ്റ്റീസ് ഏറാടിയുടെ നിരീക്ഷണം.
അഴീക്കോടിന്റെ പ്രസംഗം ശ്രോതാവിന്റെ ഉള്ളിലെ ബുദ്ധനെ ഉണര്‍ത്തുന്ന ഊര്‍ജപ്രവാഹം പോലെയാണ്. ബാബ്‌റി മസ്ജിദ് തകര്‍ത്തപ്പോള്‍ അഴീക്കോട് കേരളം മുഴുവന്‍ പ്രസംഗിച്ചു നടന്നു. വര്‍ഗീയകലാപത്തില്‍ അന്ന് കേരളത്തിന്റെ പന്ത്രണ്ടുപേര്‍ മരിച്ചു. പതിമൂന്നാമന്‍ അന്ന് അഴീക്കോട് ആകേണ്ടതാണ്. എന്നാല്‍ ആ സംഖ്യയുടെ പേരുദോഷം കൊണ്ടാകാം, അഴീക്കോട് മരണത്തില്‍ നിന്നു രക്ഷപ്പെട്ടു! അഴീക്കോടിന്റെ വര്‍ത്തമാനശൈലിയില്‍ പറഞ്ഞാല്‍ ""അമ്മാതിരി'' പ്രസംഗങ്ങളായിരുന്നു അക്കാലത്തു നടത്തിയിരുന്നത്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം, മതപരമായ സഹിഷ്ണത, രാഷ്ട്രത്തിന്റെ അഖണ്ഡത എന്നിങ്ങനെയുള്ള ആശയങ്ങളാണ് അഴീക്കോട് പ്രസംഗിച്ചതെങ്കിലും ചില കേന്ദ്രങ്ങളില്‍ നിന്നു കൊലവിളികള്‍ ഉയര്‍ന്നു. 1992-ല്‍ വടകര ഇരിങ്ങല്‍ താഴെകളരി യു.പി. സ്കൂളില്‍ അഴീക്കോടിന്റെ പ്രസംഗം ചൂടുപിടിച്ചപ്പോള്‍ ഒരു സംഘം ആളുകള്‍ വെളിയില്‍ കൂടിനിന്നു ബഹളമുണ്ടാക്കി. അതിന്റെ പ്രതികരണം സദസ്സിലേക്കും കടക്കുമെന്ന് കരുതിയെങ്കിലും ബഹളം വകവയ്ക്കാതെ അഴീക്കോട് പ്രസംഗിച്ചു. നിത്യചൈതന്യയതിയെ പോലെയുള്ളവര്‍ ശ്രോതാക്കളായി സദസ്സില്‍ ഉണ്ടായിരുന്നെങ്കിലും വര്‍ഗീയവാദികള്‍ അടങ്ങിയിരുന്നില്ല. ഇരിങ്ങല്‍ പ്രസംഗത്തിനുശേഷമാണ് അഴീക്കോടിനു വധഭീഷണി ഉണ്ടായത്. വധിക്കുമെന്നു മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ആഴ്ചയില്‍ ഓരോ കത്തു വീതം അദ്ദേഹത്തിനു കിട്ടി. അതുകൊണ്ടൊന്നും അദ്ദേഹം ഭയന്നില്ല. മലയാളത്തില്‍ മാത്രമല്ല ഇംഗ്ലീഷിലും ഭീഷണിക്കത്തുകള്‍ അദ്ദേഹത്തിനു വന്നുകൊണ്ടിരുന്നു. പ്രസംഗപരിപാടികളില്‍ നിന്നു പിന്മാറുന്നില്ലെന്നു കണ്ടപ്പോള്‍ അഴീക്കോടിനെ വധിക്കാന്‍ നിയോഗിക്കപ്പെട്ട "ആരാച്ചാര്‍' തന്നെ അദ്ദേഹത്തിനു കത്തയച്ചു - വേദിയില്‍ വച്ചു കൊല്ലുമെന്നായിരുന്നു ആ കത്ത്! ഈ കത്ത് പരസ്യമായതോടെ കുറെക്കാലം അഴീക്കോടിനു പൊലീസ് എസ്‌ക്കോര്‍ട്ടില്‍ പ്രസംഗിക്കേണ്ടി വന്നു! ഈ "ആരാച്ചാര്‍' തൃശൂരിലെ ഭാരതീയതാപ്രസംഗസപ്താഹത്തോടെ പിന്‍വാങ്ങുകയും ചെയ്തു.
അഴീക്കോടിനു വധഭീഷണി ഉള്ളപ്പോള്‍ തിരുവനന്തപുരം സെനറ്റ് ഹാളില്‍ എസ്.എഫ്.ഐ നടത്തിയ സമ്മേളനത്തില്‍ വര്‍ഗീയഭ്രാന്തിനെ അഴീക്കോട് പ്രഹരിച്ചത് ഇങ്ങനെ: ""വേദോപനിഷത്തുകളിലും പുരാണങ്ങളിലും ഹിന്ദു എന്ന വാക്കില്ല, പിന്നല്ലേ ഹിന്ദുത്വം.''
ബാബ്‌റി മസ്ജിദ് തകര്‍ത്തപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവുവിനെ വി.ജെ.ടി. ഹാളില്‍ നടന്ന മറ്റൊരു സമ്മേളനത്തില്‍ അഴീക്കോട് ഇങ്ങനെ പരിഹസിച്ചു. ""നരസിംഹറാവുവിനു പതിനാറു ഭാഷകള്‍ അറിയാം. പക്ഷെ, ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയഭാഷ അദ്ദേഹത്തിന് അറിയില്ല.''
ധീരതയോടെ പ്രസംഗിക്കാനുള്ള ഇച്ഛാശക്തിയാണ് അഴീക്കോടിനെ വേറിട്ട പ്രഭാഷകനാക്കി മാറ്റിയത്. പ്രസംഗവേദിയില്‍ അദ്ദേഹം ജ്വലിച്ചുനിന്നു. ""സത്യസന്ധമായ ഒരു ജനതയെ സൃഷ്ടിക്കാന്‍ ഇത്തരത്തിലുള്ള ഒരാശയ സംക്രമണ രീതി പ്രബലപ്പെടുത്തണം - ജ്വലിച്ചുനില്‍ക്കണം, വ്യാസന്‍ അതാണ് പറഞ്ഞത്. അല്ലാതെ പുകഞ്ഞു നില്‍ക്കരുത്-'' ഇങ്ങനെയാണ് അഴീക്കോട് പറഞ്ഞിട്ടുള്ളത്.
തിരുവനന്തപുരത്തു ഗാന്ധിപാര്‍ക്കില്‍ "മദ്യത്തില്‍ മുങ്ങുന്ന കേരളം' എന്ന വിഷയത്തെപ്പറ്റി ഒരിക്കല്‍ അഴീക്കോട് പ്രസംഗിക്കുകയായിരുന്നു. മദ്യമാഫിയായും ഭരണകൂടവും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെപ്പറ്റിയുള്ള മുഖംമൂടികള്‍ അടര്‍ന്നുവീണു. ഒരു മണിക്കൂര്‍ പ്രസംഗം അവസാനിക്കാറായപ്പോള്‍ ഒരു സംഘം ഗുണ്ടകള്‍ സ്റ്റേജിലേക്കു ചാടിക്കയറി - ""അഴീക്കോട് ഗോബാക്ക്, വെള്ളാപ്പള്ളി സിന്ദാബാദ്'' എന്ന മുദ്രാവാക്യവും മുഴക്കിക്കൊണ്ടാണ് അവര്‍ അഴീക്കോടിനെ ആക്രമിക്കാനെത്തിയത്. ഇതു കണ്ടൊന്നും അദ്ദേഹം പ്രസംഗം നിര്‍ത്തിയില്ല. ഉടനെ തന്നെ സദസ് ഉണര്‍ന്നു. അവര്‍ ഗുണ്ടകള്‍ക്കു നേരെ തിരിഞ്ഞു. ""മാഷ്, പ്രസംഗിക്കുക, ഇവന്മാരെ ഞങ്ങള്‍ കൈകാര്യം ചെയ്‌തോളാം'' എന്നായിരുന്നു സദസിന്റെ പ്രതികരണം. ഒടുവില്‍ പൊലീസ് എത്തി വാടകഗുണ്ടകളെ പിടിച്ചുകൊണ്ടുപോയി. അഴീക്കോട് പിന്നെയും 15 മിനിറ്റ് പ്രസംഗിച്ചു.

(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക