റഫീക്ക് അഹമ്മദ്: പ്രതീക്ഷിക്കുന്നു, തെളിമയും നേരുമുള്ള ഒരു നാളെയെ! ( വിജയ്.സി.എച്ച്)

Published on 30 March, 2021
റഫീക്ക് അഹമ്മദ്: പ്രതീക്ഷിക്കുന്നു, തെളിമയും നേരുമുള്ള ഒരു നാളെയെ! ( വിജയ്.സി.എച്ച്)
അവസരമന്വേഷിച്ചിറങ്ങുന്ന പുത്തനെഴുത്തുകാരുടെ തള്ളിക്കയറ്റം, പിന്നണി ഗാനരചനാരംഗം ഇടത്തരമാക്കിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, ആത്മാവുള്ള ഗാനങ്ങൾ മാത്രമെഴുതി രണ്ടു പതീറ്റാണ്ടുകാലം പിന്നിട്ട, ഇന്നിൻറെ ഏറ്റവും തിരക്കേറിയ ഗാനരചയിതാവു പറയുന്നു താൻ എന്തും എഴുതാറില്ല, എന്തെങ്കിലുമുള്ളതേ എഴുതാറുള്ളൂവെന്ന്!
മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന പുരസ്കാരം അഞ്ചു തവണ നേടിയ റഫീക്ക് അഹമ്മദ് വെളിപ്പെടുത്തിയതു മാനങ്ങളേറേയുള്ളൊരു യാഥാർത്ഥ്യം.
ഒരു പിന്നണിഗാനത്തിൽ, സാധാരണ ഏറ്റവും പിന്നിലാകാറുള്ള വരികളെന്ന അതിൻറെ ഭാഷാഘടകം, മുന്നിട്ടുനിൽക്കുകയെന്നത് മലയാള സംഗീതലോകത്ത് അപൂർവ്വമായേ സംഭവിച്ചിട്ടുള്ളൂ! മുൻകൂട്ടി ചെയ്തുവെച്ച സംഗീത സങ്കലനത്തിൽ, അവശേഷിക്കുന്ന ഇടങ്ങളിൽ മാത്രം വരികളെ ബലമായി തിരുകിക്കയറ്റുന്ന രീതി അടിസ്ഥാന ശാസനമായി അംഗീകരിക്കപ്പെട്ടതിനു ശേഷമാണിതെന്നുള്ളതാണ് റഫീക്കിൻറെ രചനകളുടെ യഥാർത്ഥ വിജയം!
ആധുനിക കവിത്രയങ്ങളെന്നറിയപ്പെട്ടിരുന്ന വയലാറും, ഭാസ്കരൻ മാഷും, ഒഎൻവി സാറും വെട്ടിത്തുറന്ന പാതയിൽ ആ കാവ്യദീപമേന്തി മുന്നെനടക്കാൻ നമുക്കൊരാളായോ?
തൻറെ വസതിക്കു ചുറ്റുമുള്ള ഇലച്ചാർത്തേറിയ മരങ്ങളുടെ ഛായയിൽ, പൊതുവെ മിതഭാഷിയായ കവി, നല്ലൊരു വാഗ്മിയായി മാറിയപ്പോൾ അഭിമുഖം സ്വച്ഛന്ദമായൊരു വർത്തമാനമായി. അറിയില്ല, 'ഗ്രാമവൃക്ഷത്തിലെ വവ്വാൽ' എഴുതിയ കവിയുടെ ഈ സ്ഥിതിഭേദത്തിനു ഹേതു പടിഞ്ഞാറേ അക്കിക്കാവിലെ പ്രകൃതി അപ്പോഴേകിയ സംവാദ ചേതനയാണോയെന്ന്!
പ്രശസ്തർ അണിനിരക്കുന്നൊരു ബോളിവുഡ് പടത്തിന് തിരക്കഥ എഴുതിക്കൊണ്ട് ഒരു ചുവടുമാറ്റത്തിനു തയ്യാറെടുക്കുന്ന കവി ഏറെ തിരക്കിലാകുംമുന്നെ, ഹിന്ദി സിനിമക്കുവേണ്ടി താൻ ഏറ്റെടുത്ത പുതിയ ദൗത്യത്തെക്കുറിച്ചും, തൻറെതന്നെ അപരനാമങ്ങളായിമാറിയ ഗാനങ്ങളെക്കുറിച്ചും, കാവ്യ ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു:
🟥 ബോളിവുഡ് സിനിമക്കുവേണ്ടി എഴുതുന്ന തിരക്കഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെക്കാമോ?
💎ഒരു പ്രണയകഥയാണ് എഴുതാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, നമ്മൾ സാധാരണ കാണുന്നൊരു ബോളിവുഡ് പടത്തിൽനിന്ന് അൽപം വ്യത്യാസമായൊരു രീതിയിലായിരിക്കും ഈ സിനിമ. ഡെൽഹിയിൽ ജീവിക്കുന്ന ഒരു മലയാളി കുടംബത്തെ ചുറ്റിപറ്റിയുള്ളതാണ് മൂലകഥ.  
കഥയുടെ കുറെ ഭാഗം നടക്കുന്നത് നഗരങ്ങളിലും, ബാക്കിയുള്ളത് കേരളത്തിലെ ഗ്രാമാന്തരീക്ഷത്തിലുമാണ്. നഗരത്തിലെയും ഗ്രാമത്തിലെയും സാംസ്കാരികവും ജീവിത രീതിപരവുമായ വ്യത്യാസങ്ങൾ പ്രണയത്തിന് വിഘ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
മലയാള സിനിമാ നിർമ്മാണ ലോകത്ത് കുറച്ചുകാലമായുള്ള വിജേഷ് മണിയാണ് സംവിധായകൻ. അദ്ദേഹം ഹിന്ദി, സംസ്കൃതം, ഇംഗ്ളീഷ് പടങ്ങൾ ചെയ്ത് പരിചയസമ്പന്നനാണ്. വാലൻറ്റൈൻസ് ദിനമായ ഫെബ്രുവരി പതിനാലിന് റിലീസ് ചെയ്യാൻ   കാവ്യഭംഗിയുള്ളരു ലവ് സ്റ്റോറിയാണ് ഞങ്ങൾ ചെയ്യുന്നത്. എല്ലാം ശരിയായിവരുമെന്ന് പ്രതീക്ഷിക്കുന്നു.  
🟥 ബോളിവുഡിനു വേണ്ടിയുള്ള തിരക്കഥയെഴുത്തിൽ തിരക്കേറുമ്പോൾ കേരളത്തിലെ സംഗീതപ്രേമികൾക്ക് തങ്ങളുടെ പ്രിയപ്പെട്ട ഗാനരചയിതാവിനെ നഷ്ടപ്പെടുമോ?
💎അങ്ങിനെയൊന്നും സംഭവിക്കില്ല. മലയാള സിനിമയുടെ ചരിത്രത്തിൽ ഒന്നിൽകൂടുതൽ മേഖലയിൽ ഒരേസമയത്ത് സജീവമായി പ്രവർത്തിച്ച പ്രഗൽഭരായ പലരും ഉണ്ടായിട്ടുണ്ട്. ഭാസ്കരൻ മാഷും, തമ്പി സാറും മുതൽ ഗിരീഷ് പുത്തഞ്ചേരി വരെയുള്ളവർ ഒരേസമയത്ത് ഗാനരചയിതാക്കളും തിരക്കഥാകൃത്തുക്കളുമായി പ്രവർത്തിച്ചിട്ടുണ്ട്. പുതിയൊരു മേഖലയിൽ പ്രവർത്തിക്കുന്നതുകൊണ്ട് പഴയതിനെ കയ്യൊഴിയേണ്ടതില്ലല്ലൊ! ഞാൻ തന്നെ കവിതയെഴുത്തും, ഗാനരചനയും, നോവലെഴുത്തും ഒരുമിച്ചുകൊണ്ടുപോകുന്നില്ലേ? തിരക്കഥയെഴുത്തും കൂടെ നടക്കും. സിനിമയൊന്നുമായില്ലെങ്കിലും, ഇതിനുമുന്നെ രണ്ടു തിരക്കഥകൾ രചിച്ചിട്ടുമുണ്ട്.
🟥 രചന റഫീക്കാണെങ്കിൽ, ഒരു ഗാനത്തിൻറെ സംഗീതത്തേക്കാൾ ജനപ്രിയമാകുന്നത് അതിൻറെ വരികളാണ്! ഇതു താങ്കളെഴുതിയ ഒട്ടുമിക്ക ഗാനങ്ങളുടേയും സംഗതമായ വശമായി നിലകൊള്ളുകയും ചെയ്യുന്നു! ഈ ‍
സർഗ്ഗവൈഭവം സ്തുത്യർഹം...
💎ഞാൻ എന്തും എഴുതാറില്ല, എന്തെങ്കിലുമുള്ളതേ എഴുതാറുള്ളൂ! എന്തെങ്കിലുമുള്ള അക്ഷരങ്ങൾ എഴുതുന്നതിലേ അർത്ഥമുള്ളൂ. അതിനെനിക്കു കഴിയുന്നത് ഞാൻ എന്നെ തേടിവരുന്നവർക്കുവേണ്ടി മാത്രം എഴുതുന്നതുകൊണ്ടാണ്. എൻറെ പാട്ടു വേണോയെന്നു ചോദിച്ച്, ഞാൻ സിനിമക്കാരുടെ പുറകെ പോകാറില്ല. അത് ബാദ്ധ്യതയാണ്. പാട്ടിൻറെ മാത്രമല്ല, പടത്തിൻറെ പരാജയത്തിനുപോലും പാട്ട് എഴുതിയ ആളിനെ കുറ്റപ്പെടുത്തും. പടം ചെയ്യുന്നവർക്ക് എന്നെക്കുറിച്ചൊരു ധാരണയുണ്ട്. അതനുസരിച്ചാണ് അവർ എന്നെ സമീപിക്കുന്നത്. ഞാൻ എന്തും എഴുതാറില്ലെന്ന് അവർക്കറിയാം.
🟥 റഫീക്കിനെ ശ്രോതാക്കൾ ആദ്യം ശ്രദ്ധിച്ചത്, ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'ശമനതാളം' മെഗാസീരിയലിൽ ചിത്ര പാടിയ ‘മൺവീണയിൽ മഴ ശ്രുതിയുണർത്തി...’ എന്നു തുടങ്ങുന്ന വരികൾ എഴുതിയപ്പോഴാണ്! എന്തെങ്കിലുമുള്ള അക്ഷരങ്ങൾ... അർത്ഥം മാത്രമുള്ള അക്ഷരങ്ങൾ... സൃഷ്ടി സ്വയമൊന്ന് വിശകലനം ചെയ്യാമോ?
💎അക്ഷരരേഖകൾ ഉൾവഹിക്കുന്ന അർത്ഥഗാംഭീര്യംതന്നെയാണ് ഏതൊരു ഗാനത്തേയും ജനപ്രിയമാക്കുന്നത്. എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ, എല്ലാവരേയും ആകർഷിക്കുന്ന രീതിയിൽ എഴുതിയാലേ വരികൾക്കു സ്വീകാര്യത ലഭിക്കൂ.
മൺവീണയിൽ മഴ ശ്രുതിയുണർത്തി
മറവികളെന്തിനോ ഹരിതമായി...
ഉപബോധ ഗിരികളിൽ അതിഗൂഢ ലഹരിയിൽ
ഹൃദയമാം പുലർകാല നദി തിളങ്ങി...
ഒരു ദീർഘനിദ്ര വിട്ടുണരുന്ന വേളയിൽ
ശരബിന്ദു നാളം തെളിഞ്ഞു നിന്നു...
തൊടികളിൽ പിടയുന്ന നിഴലുകൾ
പിന്നെയീ പകൽ വെളിച്ചത്തിൽ അനാഥമായി...
ഒരുകുറി മുങ്ങിനീർന്നുണരുമ്പൊൾ
വേറൊരു പുഴയായി മാറുന്നു കാലവേഗം...
വിരൽ തൊടുമ്പോളേക്കും അടരുന്ന പൂക്കളാൽ
നിറയുന്നു വിപിനമായന്തരംഗം...
കഥയിലെ രോഗഗ്രസ്തയായ സ്ത്രീകഥാപാത്രത്തിനുവേണ്ടിയായിരുന്നല്ലൊ ഈ ഗാനം. താളക്കേടുകളിലൂടെ സഞ്ചരിച്ചു ശമനതാളത്തിലെത്താൻ വെമ്പുന്നവരുടെ മൂഡാണ് ഈ ഗാനത്തിൽ ഞാൻ അക്ഷരങ്ങളിലൂടെ സൃഷ്‌ടിക്കാൻ ശ്രമിക്കുന്നത്.
എം. ജയചന്ദ്രൻറെ സംഗീത സംവിധാനത്തിൽ, ചിത്ര ഇത്രയും ഹൃദയസ്‌പർശിയായ മറ്റൊരു പാട്ട് പാടിയിട്ടില്ല! ഈ ഗാനത്തിൻറെ മാസ്‌മര സംഗീതത്തി൯റേയും തേനൂറും ബ്ദത്തി൯റേയും കൂടെനിൽക്കാൻ എൻറെ വരികൾക്കു സാധിച്ചുവെന്നതിൽ ഏറെ സന്തോഷമുണ്ട്.
🟥 ആലാപനത്തേയും സംഗീതത്തേയും പുറകിലാക്കി ഒരു ഗാനത്തിൻറെ വരികൾ ശ്രോതാക്കൾ നെഞ്ചോടു ചേർക്കുന്നത് ഭാഷാസ്നേഹികൾക്കു കുളിരുകോരുന്നൊരു യാഥാർത്ഥ്യമാണ്! രമേശ് നാരായൺ പാടിയ ആ ടൈറ്റിൽ സോങും റഫീക്ക് എഴുതിയതല്ലേ?
💎അതെ. എം. ടി. വാസുദേവൻ നായർ അവതാരികയെഴുതിയ, കെ. രാധാകൃഷ്ണൻറെ പത്തെഴുനൂറ്റമ്പതു പേജുകളുള്ള 'ശമനതാളം', ഏതാനും വരികളിൽ സംക്ഷേപിച്ചു ഒരു ഗാനമെഴുതുന്നത് ഒരു വെല്ലുവിളിയായിരുന്നു.
സിരാപടലങ്ങൾ... സ്പന്ദിതമായി...
ഹൃദയമാം തുടി മുഴങ്ങി...
പ്രാണൻറെ അവിരാമതാളം... തുടരുന്നു...
മഴയിൽ വെയിലിൽ... തെളിനിലാവിൽ...
ആദിമ സാന്ത്വന താളം...
ശമനതാളം...
ഈ രണ്ടു പാട്ടുകളുമാണ് പ്രശസ്തമായ ആ നോവലിൻറെ ആകെത്തുക! ഇവ എഴുതുമ്പോൾ ഗാനരചനാരംഗത്ത് ഞാൻ ഒരു തുടക്കക്കാരനുമായിരുന്നു. പത്തുമുന്നൂറു സിനിമകളിലായി അഞ്ഞൂറിനുമേൽ ഗാനങ്ങളെഴുതിയത് ഇവക്കു ശേഷമാണ്.
🟥 Mind-blowing lines! ഈ രണ്ടു പാട്ടുകളും കേട്ടിരിക്കുമ്പോൾ, ശ്രോതാക്കൾ ആശ്വാസം കുഞ്ഞലകളായെത്തുന്ന ഏതോ അജ്ഞാത തീരത്തെത്തുന്നു, റഫീക്ക്...
💎തേങ്ക്സ്! ശ്രോതാക്കളുടെ നല്ല വാക്കുകളാണ് എന്നും എൻറെ ആവേശവും ഉദ്‌ബോധനവും!
🟥 സീരിയലുകൾക്ക് സർക്കാർ തലത്തിൽ അംഗീകാരങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ, റഫീക്കിനു മികച്ച ഗാനരചനക്കു ലഭിക്കുമായിരുന്ന പ്രഥമ പുരസ്കാരം 'ശമനതാള'ത്തിലെ വരികൾക്കാകുമായിരുന്നില്ലേ?
💎ഇതു സാധാരണ ചർച്ചയിൽ വരുന്നൊരു കാര്യമാണ്. 'ശമനതാളം' എനിക്കു തന്ന ഏറ്റവും വലിയ പുരസ്കാരം, ഒരു ഗാനരചയിതാവായി ജനം എന്നെ ഹൃദയംകൊണ്ടു ശ്രവിക്കാൻ തുടങ്ങിയത് ഇതിലൂടെയെന്നുള്ളതാണ്!
🟥 പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബാലചന്ദ്രമേനോന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിക്കുമായിരുന്നു! ബാലചന്ദ്രമേനോൻതന്നെ എഴുതിയ 'സമാന്തരങ്ങളി'ലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയപുരസ്കാരം അദ്ദേഹം നേടിയതാണ്. എന്നാൽ, 'ശമനതാള'ത്തിൽ അതിലും മികച്ച അഭിനയമാണ് മേനോൻറേത് -- ഡോക്ടർ ബാലകൃഷ്ണൻ!
💎മനുഷ്യ മനസ്സിലെയും ശരീരത്തിലെയും മാലിന്യങ്ങളെ പരിശോധിച്ചു കണ്ടുപിടിക്കുന്ന, മെഡിക്കൽ രംഗത്തെ കന്നി സംരംഭം. മലയാളത്തിൽ ആദ്യമാണ് ഇങ്ങിനെയൊന്ന്. കഥയിലെ കാതലായതൊന്നും നഷ്ടമാവാതെതന്നെ ശ്യാമപ്രസാദ് 'ശമനതാളം' ചിത്രീകരിച്ചിട്ടുണ്ട്. 'ശമനതാളം' ടെലിവൈസ് ചെയ്തിട്ടു പത്തിരുപത് വർഷമായി. ഒരു ശുദ്ധികലശം നടത്താൻ ഇനിയും അതുപോലുള്ള സീരിയലുകൾ വരേണ്ടതുണ്ട്.
🟥 ഗാനരചയിതാവിനുള്ള കേരള സർക്കാറിൻറെ പുരസ്കാരം ആദ്യം ലഭിച്ചത് ഏതു സിനിമക്കുവേണ്ടി എഴുതിയിട്ടാണ്?
💎‘പ്രണയകാലം’. കുറെ നല്ല പാട്ടുകളുണ്ടതിൽ. ചിത്ര, സുജാത, ഗായത്രി, കല്യാണി മേനോൻ, സയനോര, വിധു, ഫ്രേങ്കോ... എല്ലാവരും പാടുന്നുമുണ്ട്. ഔസേപ്പച്ചൻറെ സംഗീതം. ഇതിലെ ഒമ്പതു പാട്ടുകളും ഹിറ്റാണ്!
ഒരു വേനൽ പുഴയിൽ തെളിനീരിൽ
പുലരി തിളങ്ങീ മൂകം...
ഇലകളിൽ പൂക്കളിൽ എഴുതീ ഞാൻ
ഇളവെയിലായ് നിന്നെ...
ഈ ഗാനം എനിക്കു പ്രത്യകിച്ചു സംതൃപ്തി നൽകിയൊരു രചനയാണ്.
🟥 പിന്നെ, 'പറയൂ പ്രഭാതമേ നീ ഇതിലെവരാൻ മറന്നോ’ എന്നു തുടങ്ങുന്ന മറ്റൊന്നില്ലേ? ഗംഭീരമാണാ ഗാനം! ചിന്തകൾ ഈ വരികളിലൂടെ സഞ്ചരിക്കുമ്പോൾ, ഓഎൻവി സാറിനെ ഓർമ്മ വരുന്നു! Poetically excellent composition!
💎അതേയോ? ഓഎൻവി സാറിനെപ്പോലെ രചിക്കാൻ എനിക്കാവുമോ? Anyway, thanks!
പറയൂ പ്രഭാതമേ നീ
ഇതിലെവരാൻ മറന്നോ...
തിരയായ്‌ പതഞ്ഞ മൌനം
കരയെ തൊടാഞ്ഞതെന്തേ...
വരികളൊന്നും ഒരു മുൻവിധിയോടെ എഴുതുന്നതല്ല. പലപ്പോഴും അവ പ്രതീക്ഷിക്കാതെ വന്നുചേരുന്നതാണ്!
🟥 ഇതു കൂടാതെ, ഏതൊക്കെ സിനിമയിലാണ് മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന പുരസ്കാരം ലഭിച്ചിരിക്കുന്നത്?
💎‘സൂഫി പറഞ്ഞ കഥ’, ‘സദ്ഗമയ’, ‘സ്പിരിറ്റ്’, ‘എന്നു നിൻറെ മൊയ്തീൻ’.
🟥 'സ്പിരിറ്റി'ൽ മികച്ച ഗായകനുള്ള പുരസ്കാരം വിജയ് യേശുദാസ് നേടിയതും, ഗാനരചയിതാവിനുള്ളത് റഫീക്ക് നേടിയതും 'മഴകൊണ്ടുമാത്രം...' എന്ന ഗാനത്തിന്, അല്ലേ?
💎അതെ.
‘മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ ചിലതുണ്ടു മണ്ണിൻ മനസ്സിൽ,
പ്രണയത്തിനാൽ മാത്രം എരിയുന്ന ജീവന്റെ തിരികളുണ്ടാത്മാവിനുള്ളിൽ…’
പ്രണയിക്കുന്നവരും പ്രണയമോഹമുള്ളവരും പ്രണയിക്കാത്തവരും ഈ വരികൾ സ്വീകരിച്ചെന്നു തോന്നുന്നു. തുടർച്ചയായി അഭിപ്രായങ്ങൾ വന്നുകൊണ്ടിരിക്കുന്നു!
🟥 'മരണമെത്തുന്ന നേരത്തു നീയെൻറെ അരികിൽ ഇത്തിരി നേരം ഇരിക്കണേ’ അതു കേട്ടവരെ ഇരുത്തി ചിന്തിപ്പിക്കുന്നു. നല്ല സന്ദേശം, ഈ ഗാനത്തിൽ. ആരേയും കൂടെനിർത്തുന്ന ഭാഷ. ചിലപ്പോൾ അവാഡ് ജൂറിയുടെ ലോജിക് പ്രേക്ഷകർക്കു മനസ്സിലാകുന്നില്ല!
💎ഹാ... ഹാ... ഫിലീംഫേർ അവാഡ് എനിക്കു ലഭിച്ചത്, 'മരണമെത്തുന്ന നേരത്ത്' എഴുതിയതിനാണ്. പടവും നന്നായി ഓടി.
🟥 ഒരു പദ്യത്തിൻറെ ശീലാണ് ഈ പാട്ടിന്. റഫീക്കിൻറെ ചില ഗാനങ്ങളിൽ പദ്യത്തിന്റെ സ്വാധീനം പ്രകടമാണ്...
💎നേരത്തെ എഴുതിയ 'മരണമെത്തുന്ന നേരത്ത്' എന്ന കവിതയാണ് 'സ്പിരിറ്റി'ൽ ഗാനമായി ഉപയോഗിക്കപ്പെട്ടത്. സംവിധായകൻ രഞ്ജിത്തിന് പടത്തിലെ ഒരു പ്രത്യേക സന്ദർഭത്തിൽ ആ കവിത വളരെ അനുയോജ്യമായി തോന്നിയതുകൊണ്ട് അത് ഉൾപ്പെടുത്തുകയാണുണ്ടായത്.
‘മരണമെത്തുന്ന നേരത്തു' സിനിമയിൽ വന്നതിനുശേഷം കൂടുതൽ ശ്രോതാക്കൾ എന്നെ ശ്രദ്ധിക്കാൻ തുടങ്ങി. ഇപ്പോഴുമതിൻറെ ഫീഡ്ബേക്കുകൾ കിട്ടിക്കൊണ്ടിരിക്കുന്നു. പലർക്കും ഈ പാട്ട് ഒരു addiction-നാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്!
🟥 അതെ, ജീവിക്കുമ്പോൾതന്നെ മരണം മണക്കുന്നൊരു ഗാനമല്ലേ ഇത് -- മനുഷ്യനെ വല്ലാതെ ചിന്തിപ്പിക്കുന്നത്! ഈ പാട്ടെഴുതിയതിന് ഒരാൾ റഫീക്കിനൊരു സൈക്കിൾ സമ്മാനമായിത്തന്നുവെന്നു കേട്ടതു ശരിയാണോ?
💎ശരിയാണ്! ഞാൻ സൈക്കിൾ ഉപയോഗിക്കുന്ന ആളാണ്. സൈക്കിൾ കടയിൽചെന്ന് ഇഷ്ടപ്പെട്ടതൊന്നു തിരഞ്ഞെടുക്കുന്ന സമയത്ത്, കടക്കാരന് എന്നെ അറിയില്ലായിരുന്നു. 'മരണമെത്തുന്ന നേരത്തു...' എഴുതിയ ആളാണെന്നറിഞ്ഞപ്പോൾ, അയാൾ സൈക്കിൾ വീട്ടിലെത്തിച്ചു. എത്ര നിർബ്ബന്ധിച്ചിട്ടും അതിൻറെ വില സ്വീകരിച്ചില്ല!
🟥 സൈക്കിളാണോ, ബെൻസ് കാറാണോ എന്നുള്ളതല്ലല്ലൊ കാര്യം, ഈ പാട്ട് എഴുതിയതിന് സാധാരണക്കാരനായ ഒരു സഹൃദയൻറെ സമ്മാനമാണത് എന്നുള്ളതല്ലേ? ബെൻസ് കാറിനേക്കാൾ വിലയില്ലേ, ആ സൈക്കിളിന്?
💎തീർച്ചയായും!
🟥 'സ്പിരിറ്റി'ലെ എല്ലാ ഗാനങ്ങളും റഫീക്ക് അല്ലേ എഴുതിയത്? ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു!
💎അതെ! സാമൂഹ്യ വിഷയം കൈകാര്യം ചെയ്ത മികച്ച പടത്തിനുള്ള ദേശീയ പുരസ്കാരവും 'സ്പിരിറ്റ്' നേടി. കേരള സർക്കാർ നികുതി ഇളവും അനുവദിച്ചിരുന്നു.
🟥 ഫിലീംഫേർ അവാഡ് ലഭിച്ച മറ്റു രചനകൾ ഏതൊക്കെയാണ്?
💎'എന്നു നിൻറെ മൊയ്തീനി'ലെ 'കാത്തിരുന്നു...' വും, അൻ‌വർ-ലെ 'കിഴക്കു പൂക്കും...' എന്നതും.
🟥 With three, you won the most Best Lyricist Filmfare Awards in Malayalam, right?
💎Yes. ഓഎൻവി സാറും, ഗിരീഷ് പുത്തഞ്ചേരിയും, ഹരി നാരായണനും രണ്ട് ഫിലീംഫേർ ആവാർഡുകൾ വീതം നേടി. പക്ഷെ, ഓഎൻവി സാർ 14 തവണ സംസ്ഥാന പുരസ്കാരം നേടിയിട്ടുട്ട് -- the highest in our history!
🟥 ഒരു ഗാനരചനയുടെ തുടക്കം എങ്ങിനെയാണ് സംഭവിക്കുന്നത്? റഫീക്കിൻറെ അനുഭവം?
💎പടം ചെയ്യുന്നവരുടെ നിർദ്ദേശങ്ങളാണ് ആദ്യത്തെ ഇൻപുട്ട്. പാട്ടിൻറെ സാഹചര്യം, സംജാതമാക്കേണ്ട വൈകാരികത മുതലായവയെല്ലാം മനസ്സിലാക്കാൻ ശ്രമിക്കും. പിന്നീട് അവ വരികളായി മാറുന്നത് തികച്ചും സ്വാഭാവികമായാണ്.
🟥 ഒരു കവിതയുടെ പിറവിയോ?
💎കവിതയുടെ സൃഷ്ടിയിൽ ബോധപൂർവ്വമായി ഒന്നുമില്ല. എല്ലാം യദൃച്ഛയാ സംഭവിക്കുന്നു. ആശയങ്ങൾക്ക് പൂർവ്വകാല അനുഭവങ്ങളുടെ സ്വാധീനമുണ്ടാകാം, പക്ഷെ കവിത വളരെ ആത്മനിഷ്ഠമായിത്തന്നെയാണ് മനസ്സിൽ ഉടലെടുക്കുന്നത്.
🟥 കവിതയുടെ ആന്തരാർത്ഥങ്ങൾ അതെഴുതുമ്പോഴുള്ള കവിയുടെ മനോവികാരത്തിനനുസരിച്ചുവേണം നിർവചിക്കാൻ എന്ന കാഴ്ചപ്പാടിനോടെങ്ങിനെ പ്രതികരിക്കുന്നു?
💎ആന്തരാർത്ഥങ്ങളിൽ വ്യതിയാനമുണ്ടാകുന്നത് ബോധപൂർവം തിരഞ്ഞെടുത്തു നടത്തുന്ന രചനകളിലാണ്. പ്രചോദനം ലഭിച്ച ബാഹ്യാവസ്ഥക്കു വന്നുചേരുന്ന സ്ഥിതിഭേദങ്ങൾ കവിതയുടെ ആന്തരാർത്ഥങ്ങളെ പുനർവിചിന്തനം ചെയ്യാൻ പ്രേരപ്പിക്കുന്നു. എന്നാൽ, എൻറെ കവിതകളിലെ പ്രമേയങ്ങൾ ബോധപൂർവം തിരഞ്ഞെടുത്തവയല്ല. കവിതകൾ എനിക്കു വീണുകിട്ടാറാണ് പതിവ്!
🟥 സർഗ്ഗാത്മകം!
💎തേങ്ക്സ്!
🟥 കുഞ്ഞിക്കയുടെ (പി.ടി. കുഞ്ഞുമുഹമ്മദ്) 'ഗർഷോ'മിൽ ഗാനരചയിതാവായി. ഇത് 1999-ലെ കഥയാണ്. അതിനുമുന്നെ, റഫീക്ക് 'സ്വപ്നവാങ്മൂലം' എഴുതിയ യുവ കവി ആയിരുന്നു. വായനക്കാർ റഫീക്കിനെ നെഞ്ചിലേറ്റിയതും ഈ കവിതാസമാഹാരത്തിലെ കൃതികളിലൂടെയാണ്. ഹൃദ്യമായ കവിതകൾ നിറഞ്ഞ 'ആൾമറ'ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. എന്നാലിപ്പോൾ പാട്ടെഴുത്തിലാണ് ഏറേയും ശ്രദ്ധ എന്നു തോന്നുന്നു. ഒരു കവിയെ പൂർണ്ണമായും ചലചിത്രം ദത്തെടുക്കുന്നത് കാവ്യലോകത്തിൻറെ അപജയമല്ലേ?
💎കവിതകൾ ഇപ്പോഴുമെഴുതുന്നുണ്ട്. സിനിമാ രംഗത്തു വന്നതിശേഷമാണ് എൻറെ മിക്ക കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചതുതന്നെ. 'പാറയിൽ പണിഞ്ഞത്', 'ആൾമറ', 'ചീട്ടുകളിക്കാർ', 'ശിവകാമി', 'ഗ്രാമവൃക്ഷത്തിലെ വവ്വാൽ', 'റഫീക്ക് അഹമ്മദിൻറെ കവിതകൾ'... ആദ്യ നോവൽ 'അഴുക്കില്ലം' എഴുതിയത് അടുത്ത കാലത്തല്ലേ! സിനിമയിൽ തിരക്കിലായിരിക്കുമ്പോൾതന്നെ. ഗാനരചനക്കുവേണ്ടി കവിതയെഴുത്തു നിർത്തിയിട്ടില്ല. സർക്കാർ ഉദ്യോഗമാണ് വേണ്ടന്നുവച്ചത്. Voluntary retirement എടുത്തു. എല്ലാം ഒരുമിച്ചു കൊണ്ടുപോകുവാൻ കഴിയുന്നില്ല. സിനിമയിൽ പാട്ടെഴുതുന്നതുകൊണ്ടാണ് എൻറെ പേര് ഇങ്ങിനെ പറഞ്ഞു കേൾക്കുന്നത്. ഒരുപക്ഷെ, അതിനാലായിരിക്കാം ജനങ്ങളെൻറെ കവിതകൾ വായിക്കുന്നതും!
കാര്യമായൊരു സന്ദേശം സാധാരണക്കാരിലെത്തിക്കാൻ ഏറ്റവും ഫലപ്രദമായത് ചലചിത്രഗാനങ്ങളാണ്. ഗൗരവരൂപമുള്ള കവിതകൾക്ക് പൊതുജനത്തിൻറെ പ്രീതി നേടാൻ പെട്ടെന്നു കഴിയില്ല.
🟥 സിനിമാപാട്ട് കവിതയേക്കാൾ വേഗത്തിൽ ജനകീയമാകുന്നുവെന്നത് വളരെ ശരിയാണ്. 'മരണമെത്തുന്ന നേരത്തി'ൻറെ സ്വീകാര്യതയും സ്വാധീനവും ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. എന്നാൽ, സന്ദേശമെത്തിക്കുന്നതിൽ കവിതക്കൊരു ബദലായിരിക്കാൻ ചലചിത്രഗാനത്തിനു പരിമിതികളില്ലേ?
💎ഉണ്ട്. ചലചിത്രഗാനങ്ങൾ സ്വതന്ത്രമായൊരു കാവ്യസങ്കൽപമല്ല. ഒരു സിനിമയിലെ കഥക്കു പൊതുവായോ, ഒരു പ്രത്യേക സാഹചര്യത്തിനോ വേണ്ടിയാണ് ഒരു ഗാനമെഴുതുന്നത്. സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ആ mood-ന് അപ്പുറത്ത് ആ ഗാനത്തിനു scope ഇല്ല. സിനിമക്കു പുറത്തുള്ള ഒരു കവിതക്ക് ഇങ്ങിനെയൊരു നിയന്ത്രണമില്ല.
🟥 അപ്പോൾ, പ്രത്യേകിച്ചു സന്ദേശമൊന്നുമില്ലാത്ത പാട്ടുകളോ?
💎അവയാണ് പ്രണയഗാനങ്ങൾ! ഈ തരത്തിൽപ്പെട്ട പാട്ടുകളാണ് പ്രണയങ്ങളുടെ പൊതു സ്വീകാര്യതക്കു പണ്ടു മുതലേ കാരണമായതും. പ്രണയിക്കാത്തവരും പ്രണയഗാനങ്ങളുമായി പ്രണയത്തിലാണ്!
🟥 വളരെ ശരിയായ നിരീക്ഷണം! നല്ലൊരു ഉദാഹരണമാണ് 'എന്നു നിൻറെ മൊയ്തീനി'ലെ ആ ഗാനം...
💎പ്രിയമുള്ളവനേ...
വിരഹവുമെന്തൊരു മധുരം...
മുറിവുകളെന്തൊരു സുഖദം...
ഒറ്റയ്ക്കു നിൽക്കേ ഓർക്കാതെ മുന്നിൽ വന്നു നിന്നില്ലേ...
അക്കരെക്കേതോ തോണിയിലേറി പെട്ടെന്നു പോയില്ലേ...
🟥 തൊണ്ണൂറുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട 'പുതുമൊഴിവഴികൾ' എന്ന കവിതാസമാഹാരത്തിലൂടെ ആറ്റൂർ രവിവർമ്മ പരിചയപ്പെടുത്തിയ ആധുനികാന്തര കവികളിൽ ഒരാളായിരുന്ന താങ്കൾ എങ്ങിനെയാണ് ചലച്ചിത്ര ഗാനരചനാരംഗത്തേക്ക് എത്തിപ്പെട്ടത്?
💎തികച്ചും യാദൃച്ചികമാണത്. ചെറുപ്പകാലം മുതലേ പാട്ടുകളോടുള്ള ഇഷ്ടം എനിക്കുണ്ടായിരുന്നെങ്കിലും ചലച്ചിത്ര ഗാനരചന എന്ന ഒന്നിനെക്കുറിച്ച് ഞാൻ ആലോചിച്ചിട്ടുപോലുമില്ലായിരുന്നു. പി.ടി. കുഞ്ഞുമുഹമ്മദ്, വി.കെ. ശ്രീരാമൻ മുതലായവരുമായുള്ള സൗഹൃദത്തിൻറെ ഭാഗമായി സംഭവിച്ചുപോയതാണത്. കുഞ്ഞിക്കയുടെ 'ഗർഷോമി'നു വേണ്ടി പാട്ടെഴുതിയപ്പോൾ അത് അതോടെ അവസാനിച്ചെന്നേ ഞാൻ കരുതിയിരുന്നുള്ളൂ. പക്ഷെ, അറിയാതെത്തന്നെ ഞാൻ ഗാനരചനയുടെ ഭാഗമായി മാറുകയായിരുന്നു. സിനിമ അങ്ങിനെയൊരു ലോകമാണ്. അതിലൊന്ന് തല കാട്ടുവാൻ ആശിച്ചു മോഹിച്ച് ജീവിതം പാഴാക്കിയ പലരെയും എനിക്കറിയാം. എന്നാൽ ഏതോ അപ്രാപ്യമായ ലോകമെന്നു കരുതി അങ്ങിനെയൊന്നിനെക്കുറിച്ച് ഒരിക്കലും സ്വപ്നം കണ്ടിട്ടുപോലുമില്ലാത്ത ഞാൻ  അതിൻറെ ഭാഗമാകുകയും ചെയ്തു. ഒരു സർക്കാർ ആപ്പീസിൽ കുത്തിയിരുന്ന് ഗുമസ്തപ്പണിയെടുക്കുന്നതിനേക്കാൾ ആത്മസംഘർഷം കുറഞ്ഞതും, സർഗാത്മകമായ സന്തോഷം തരുന്നതും, സർവ്വോപരി സാമ്പത്തികമായി ഗുണമുള്ളതുമായ ഒരു ഉപജീവനോപാധി കൂടിയാണിത്.  മനുഷ്യർ കവിതകൊണ്ടുമാത്രമല്ലല്ലൊ ജീവിക്കുന്നത്!
🟥 ചലച്ചിത്ര ലോകത്തെത്തിയതിനുശേഷം താനിപ്പോൾ എവിടെയാണെന്ന് തിരിച്ചറിവോടെ ചിന്തിച്ചിരുന്നുവോ?
💎വളരെ ഗാഢമായിത്തന്നെ ചിന്തിച്ചിട്ടുണ്ട്. പക്ഷെ, അക്ഷരംപോലും തിരിയാത്ത കാലത്ത് കവിതയുടെ മധുരസം ഞാൻ ആദ്യമായി അനുഭവിക്കുന്നത് ഒരുപക്ഷെ പാട്ടുകളിലൂടെ ആയിരിക്കാം. വരികളെ സ്നേഹിക്കുന്ന ഒരാൾ എന്ന നിലയിൽ, പാട്ടുകളുടെ ഈണത്തേക്കാൾ വരികളുടെ ചാരുതയാണ് എന്നെ ആകർഷിച്ചിരുന്നത്. 'ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി...' എന്നു കേൾക്കുന്നൊരു കുട്ടിയുടെ ഭാവന, പുഴയെക്കുറിച്ചും അതിൻറെ ഓളങ്ങളെക്കുറിച്ചും അവ പാദസരംപോലെ കിലുങ്ങുന്നതിനെക്കുറിച്ചുമുള്ള സങ്കൽപ്പങ്ങളിലേക്ക് ചിറക് നീർത്തുന്നു.
ഒരുവിധ കാവ്യവ്യൂൽപ്പത്തിയും ഇല്ലാത്തവർക്കു പോലും കവിത എന്ന ഭൂഖണ്ഡത്തിലേക്ക് പ്രവേശിക്കാൻ അവകാശമുണ്ട്. ആ അവകാശമാണ്  മലയാള ചലച്ചിത്രഗാനങ്ങൾ ഏറ്റവും സാധാരണക്കാരായവർക്ക് നൽകിയത്. അതുമാത്രമല്ല, അതിലും വലിയ സാമൂഹിക ദൗത്യങ്ങൾകൂടി ചലച്ചിത്രഗാനങ്ങൾ നമ്മുടെ ബഹുസ്വരസമൂഹ സൃഷ്ടിക്കുവേണ്ടി നിർവഹിച്ചിട്ടുണ്ട്. അതൊന്നും ഇപ്പോൾ വിസ്തരിക്കുന്നില്ല.
🟥 ഒട്ടുമിക്ക കവികളും സാധാരണ പറയാറുള്ള കാവ്യാനുശീലനത്തെക്കുറിച്ച് താങ്കളുടെ വീക്ഷണമെന്താണ്?
💎അങ്ങിനെ ഒരു പാരമ്പര്യവും എനിക്കില്ല. ഞാൻ പുരാണങ്ങളും ഇതിഹാസകാവ്യങ്ങളും കേട്ടുവളർന്നവനല്ല. മുതിർന്നശേഷം വായിച്ചുമനസ്സിലാക്കിയതേയുള്ളൂ.
എൻറെ അനുഭവങ്ങളും നേർക്കാഴ്ച്ചകളും വിഭിന്നമാണ്. എഴുപതുകളുടെ ഒടുക്കത്തിലൂടെയും എൺപതുകളുടെ തുടക്കത്തിലൂടെയും കടന്നുപോയ എൻറെ കൗമാരയൗവ്വന കാലഘട്ടം തീഷ്ണമായ രാഷ്ട്രീയ-സാംസ്കാരിക വൈദ്യുതി നിറഞ്ഞ ഒരു ലോകത്തെയാണ് അഭിമുഖീകരിച്ചത്. അതിനകത്ത് സിനിമാഗാനങ്ങൾക്ക് ഒരു പ്രസക്തിയും ഉണ്ടായിരുന്നില്ല. ജനകീയത, ജനപ്രിയത എന്നിവയെല്ലാം വലിയ പാപങ്ങളായി കരുതിപ്പോന്നിരുന്ന ഒരു കാലമായിരുന്നു അത്.
അക്കാലത്തെ സാഹിത്യാധുനികതയിൽ വ്യക്തിത്വമുള്ള പെണ്ണുങ്ങൾ ഉണ്ടായിരുന്നില്ല. വൃദ്ധരും കുട്ടികളും ഉണ്ടായിരുന്നില്ല. ആധുനികത നിഷേധിയായ പൗരുഷത്വത്തിൻറെയായിരുന്നു. അവർ ചിരിച്ചിരുന്നില്ല. ആ ആധുനികർ സദാ ബീടി വലിക്കുകയും അതിഗൗരവത്തോടെ ചിന്തിക്കുകയും അരാജകമായി ജീവിക്കുകയും ചെയ്തു. ഞാൻ അക്കാലത്ത് അവരെ ആരാധിച്ചവനായിരുന്നു. പാട്ടുകൾ ആസ്വദിക്കുന്നത് ഒരുതരം വൾഗർ അമ്യൂസ്മെൻറാണെന്നും കാൽപനിക ജീർണ്ണതയാണെന്നും അവരെപ്പോലെ ഞാനും കരുതിപ്പോന്നു. അതേസമയം പാട്ടുകൾ എനിക്ക്  വല്ലാത്ത ദൗർബല്യവുമാണ്. ഈയൊരു ആത്മസംഘർഷം അക്കാലത്ത് ഞാൻ അനുഭവിച്ചിരുന്നു. ഏതൊരു സിനിമാപാട്ടിനേക്കാളും കാൽപ്പനികമായ ഇമേജറികളുള്ള പ്രണയ കവിതകൾ എഴുതിയ നെരുദ മഹാകവിയും ചങ്ങമ്പുഴ മോശക്കാരനുമാകുന്നതിൻറെ സൈദ്ധാന്തികത എനിക്കൊരിക്കലും ബോധ്യമായിട്ടുമില്ല.
നെരുദയും, ചാർലി ചാപ്ലിനും, വൈക്കം മുഹമ്മദ് ബഷീറുമെല്ലാം ഇന്നും ജനപ്രിയരായും വലിയ കലാകാരന്മാരായും തുടരുന്നതിനാൽ അരവിന്ദൻറെ വലിയ ലോകവും ചെറിയ മനുഷ്യരുമെന്ന കാർട്ടൂൺ സീരീസിലെ ഗുരുജി പറയുന്ന തത്വബോംബുപോലെ അത്ര ലളിതമല്ല ജനപ്രിയത എന്ന സത്യം ഞാൻ മനസ്സിലാക്കി. പി. ഭാസ്കരനെപ്പോലെയുള്ള കവികൾ വെറും ഗാനങ്ങളിലൂടെ മാത്രം എങ്ങിനെ മലയാളി സമൂഹത്തെ സ്വാധീനിക്കുകയും അവരുടെ ചിന്താരീതികളെ മാറ്റിപ്പണിയുകയും ചെയ്തുവെന്ന് നോക്കിക്കാണാൻ ഞാൻ ശ്രമിച്ചു.
🟥 കെട്ടിക്കിടന്നിരുന്ന ആ മലയാള സാഹിത്യ ഭാവുകത്വത്തെ ഞെട്ടിച്ചുണർത്തിയ ചാലകശക്തികൾ ഏതെല്ലാമായിരുന്നു? പുരോഗമന പാതയിൽ നാടിൻറെ പ്രതികരണം എങ്ങിനെയായിരുന്നു?  
💎ഫ്രഞ്ച് ആധുനികതയായിരുന്നു ഒരുകാലത്ത് നമ്മുടെ സാഹിത്യാധുനികതയെ സ്വാധീനിച്ചത്.  കെട്ടിക്കിടന്നിരുന്ന മലയാള സാഹിത്യ ഭാവുകത്വത്തെ അത് തീർച്ചയായും ഞെട്ടിച്ചുണർത്തി, പുതുക്കി, വളർത്തി! അതേസമയത്ത് അതിനകത്ത് പലതരം വൈരുദ്ധ്യങ്ങളും ഉണ്ടായിരുന്നു. അസ്തിത്വവാദം പോലെയുള്ള ആശയങ്ങൾ പാശ്ചാത്യലോകത്ത് പൊട്ടിമുളയ്ക്കുന്നതിന് കൃത്യമായ ചില രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങൾ ഉണ്ടായിരുന്നു. തൊള്ളായിരത്തി നാൽപ്പതുകളിൽ ആൽബേർ കമ്യുവും മറ്റും എഴുതിയ കൃതികൾ പത്തിരുപതു വർഷങ്ങൾക്കു ശേഷമാണ് നമ്മുടെ സാഹിത്യത്തെ സ്വാധീനിക്കുന്നത്.
അക്കാലത്തെ ഇന്ത്യയിലെ, കേരളത്തിലെ, തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ  ഭൗതിക പ്രതിസന്ധികളോ കർഷകത്തൊഴിലാളികളുടെ ഭൂസമരങ്ങളോ, ജാതിവിവേചനങ്ങളോ ദാരിദ്ര്യമോ പോലെയുള്ള മറ്റു ഇന്ത്യൻ യാഥാർത്ഥ്യങ്ങളോ ആയിരുന്നില്ല നമ്മുടെ സാഹിത്യത്തിൽ പ്രതിഫലിച്ചത്. അമൂർത്തവും അവ്യക്തവുമായ അസ്തിത്വദുഖങ്ങളും മറ്റുമായിരുന്നു സൃഷ്ടികളിൽ. തദ്ദേശീയമായ ജനപ്രിയ സാഹിത്യത്തെ പരിഹാസത്തോടെ സമീപിച്ച ബൗദ്ധികലോകം യൂറോപ്യൻ പോപ്പ് മ്യൂസിക് കൾച്ചറിനെ വലിയ സംഭവമായി ആഘോഷിക്കുകയും ചെയ്തു. ചുരുക്കത്തിൽ, ആർജ്ജവമുള്ള ബൗദ്ധിക സമീപനങ്ങളേക്കാൾ എക്സോട്ടിക് ആയവയോടുള്ള ഭ്രമമാണ് മലയാളി ബുദ്ധിജീവി വർഗത്തെ അന്നും ഇന്നും ആകർഷിച്ചുകൊണ്ടിരിക്കുന്നത്.
🟥 പാരമ്പര്യത്തെ നിഷേധിക്കാതെത്തന്നെ ആധുനികമായ ഭാവുകത്വം താങ്കൾ നിലനിർത്തിപ്പോരുന്നുവെന്ന് ഒരു പൊതു  നിരീക്ഷണമുണ്ട്. പ്രതികരിക്കാമോ?
💎പാരമ്പര്യം എന്നാൽ എന്താണ്? എനിക്ക് പൂർണ്ണമായും മനസ്സിലായിട്ടില്ല. നിങ്ങൾക്ക് ഒരു മകൻ ജനിക്കുമ്പോൾ നിങ്ങൾ ഒരച്ഛനാകുന്നു. ആ മകന് ഒരു സന്തതിയുണ്ടാകുമ്പോൾ അയാളും അച്ഛനാകുന്നു. രണ്ടച്ഛന്മാരും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടായിരിക്കുമ്പോഴും അച്ഛൻ എന്ന പാരമ്പര്യത്തിന് മാറ്റമൊന്നുമില്ല.
മലയാള കവിതയുടെ പാരമ്പര്യം എന്താണ്? മുഖ്യധാരാ മലയാള കവിത കണ്ണശ്ശപ്പണിക്കന്മാരിൽനിന്നും എഴുത്തച്ഛനിൽനിന്നും ആരംഭിച്ച് ആധുനികോത്തരതയിൽ എത്തുമ്പോൾ അതിൻറെ അന്തർദ്ധാരയായി ഒരു പാരമ്പര്യമുണ്ട്. ജീവൽസാഹിത്യത്തിനോ പുരോഗമനസാഹിത്യത്തിനോ ആധുനിക കവിതയ്ക്കുപോലുമോ അതിനെ ഭഞ്ജിക്കാനായിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ഒരു ചങ്ങമ്പുഴയോ അതുപോലെ ഒറ്റപ്പെട്ടവരോ ഈ പാരമ്പര്യത്തെ മറികടന്നിട്ടുണ്ടാകാം എന്നതല്ലാതെ.
വ്യക്തിപരമായി ആ പാരമ്പര്യവുമായി എനിക്ക് ബന്ധമില്ല. പാരമ്പര്യം വരേണ്യമോ അക്കാദമിക്കോ ആയ ചിലതുമാത്രമല്ല. അതിന് പലതരം അടരുകൾ ഉണ്ട്. നമ്മുടെ സംസ്കാരത്തിന്, ഭാഷയ്ക്ക് പൊതുവായിട്ടുള്ളത് മലയാളമെന്ന ഭാഷ മാത്രമാണ്. മലയാള ഭാഷയുടെയും മലയാളിയുടെ ലോകക്കാഴ്ചയുടെയും വികാസപരിണാമങ്ങളുടെ, അനുസ്യൂതിയുടെ ഭാഗമായിരിക്കാം എൻറെ എളിയ കവിതയും.
ആധുനികാനന്തര കാലഘട്ടംവരെ മലയാളത്തിൽ ദലിത് കവിത ഉണ്ടായിരുന്നില്ല. യാഥാർത്ഥ്യങ്ങൾക്കുനേരെ കണ്ണടക്കുന്നതിൽ അർത്ഥമില്ല എന്നു കരുതുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടുകൂടിയാണ് പറയുന്നത് മലയാള കവിതയ്ക്ക് ഹൈന്ദവവും വരേണ്യവുമായ ഒരു അദൃശ്യകവചം ഉണ്ട്. അതുകൊണ്ട് കവികളായി മറ്റു സമുദായങ്ങളിൽ നിന്നുള്ളവർക്ക് ഇവിടെയൊരു ഐഡൻ്റിറ്റി ക്രൈസിസ് ഉണ്ട്. അങ്ങിനെ മുഖ്യധാരയിൽവന്ന അപൂർവ്വം പേർക്ക് പിടിച്ചുനിൽക്കാൻ സംസ്കൃതത്തിൻറെയും പുരാണേതിഹാസങ്ങളുടെയും പിൻബലം വേണ്ടിവന്നിട്ടുണ്ട്. ആധുനികാനന്തര കവിത അതിനെയെല്ലാം അട്ടിമറിച്ചു. നോക്കൂ, ഇത്രയധികം സ്ത്രീകൾ, അരികുവൽക്കരിക്കപ്പെട്ടവർ കവിതയിൽ സജീവമായൊരു കാലം മുമ്പ് ഉണ്ടായിട്ടുണ്ടോ! ആ അർത്ഥത്തിൽ തീർത്തും പാരമ്പര്യമുക്തമാണ് എൻറെ കവിത.
എന്നാൽ നാം ജീവിക്കുന്നത് ഒരു ഭാഷയ്ക്കകത്താണ്, ഒരു ബഹുസ്വര സമൂഹത്തിനകത്താണ്. ആയതിനാൽ ഞാനും പാരമ്പര്യബദ്ധനാണ്. ആധുനികാനന്തര മലയാളകവിതയുടെ ഏറ്റവും വലിയ യോഗ്യത -- അതിന് മറ്റെന്തെല്ലാം കുറവുകളുണ്ടാകാമെങ്കിലും -- അത് കൂടുതൽ ജനാധിപത്യസ്വഭാവം ആർജ്ജിച്ചുവെന്നതാണ്! അത് സെക്യുലർ ആയി, അത് അരികുവൽക്കരിക്കപ്പെട്ടവരുടെയും സ്ത്രീകളുടെയും മറ്റും ശബ്ദം മുമ്പൊരിക്കലുമില്ലാത്തവിധം ഉറക്കെ കേൾപ്പിച്ചു.
🟥 പുതിയ കാലത്ത് കവിതയുടെ സാധ്യതകൾ എങ്ങിനെ? അതിൻറെ ഭാവി?
💎പുതിയ കാലം സങ്കീർണ്ണമാണ്. ഭാവി അപ്രവചനീയമാണ്.  നിർമ്മിത ബുദ്ധിയുടെയും സൈബോർഗുകളുടെയും യുഗമാണ് വരാനിരിക്കുന്നത്. അതിനകത്ത് കലയും സാഹിത്യവുമൊക്കെ എന്തായിരിക്കുമെന്ന് പ്രവചിക്കാനാവില്ല. ഇന്ന് എല്ലാം പരന്നുകൊണ്ടിരിക്കുന്നു. ആഴങ്ങൾ നികന്ന ഒരു ലോകമാണ് നമ്മുടെ മുന്നിലുള്ളത്. ആദ്യം മുതൽ അക്ഷരമാല പഠിപ്പിക്കേണ്ടിവരുന്ന ഒരു കാലം. നവോത്ഥാന പ്രസ്ഥാനങ്ങളും, ശാസ്ത്രദർശനങ്ങളും, ശ്രീനാരായണഗുരുവുമൊക്കെ ഉഴുതുമറിച്ച ഒരു മണ്ണിൽനിന്നുകൊണ്ട് ഗോളാന്തര യാത്രക്കുവേണ്ടി പേടകങ്ങൾ തയ്യാറാക്കിക്കഴിഞ്ഞ, ചൊവ്വയിൽ ഭൂമി വാങ്ങിയതിൻറെ കരം വില്ലേജാപ്പീസിൽ ഓൺലൈനായി അടയ്ക്കാൻ വരെ വളർന്നുകഴിഞ്ഞ ഒരു ലോകത്തിരുന്നുകൊണ്ട് ആർത്തവം അശുദ്ധമോ എന്നാണ് നമ്മൾ ചർച്ച ചെയ്യുന്നത്! ജാതി ചോദിച്ചാൽ എന്താ എന്നാണ് ചോദിക്കുന്നത്! ഉളുപ്പില്ലാത്ത ഒരു സമൂഹമായി നമ്മൾ മാറിക്കഴിഞ്ഞിരിക്കുന്നു.
അതിരിക്കട്ടെ, കവിതയിലേക്കുതന്നെ വരാം. ഭാഷകൊണ്ടുള്ള ആവിഷ്കാരത്തിൻറെ സാധ്യമായ പരമോന്നത രൂപം എന്ന നിലയിലാണ് കവിതയെ ഞാൻ കാണുന്നത്. സൂചിപ്പിച്ചതുപോലെ, സൈബർയുഗം വലിയ സാംസ്കാരിക കുതിച്ചുചാട്ടങ്ങൾക്ക് വഴിയൊരുക്കിയെങ്കിലും, കവിത എന്ന ആവിഷ്കാര രൂപത്തിൻറെ അടിസ്ഥാന സ്വത്വത്തെ അത് ലാഘവപ്പെടുത്തി എന്നാണെൻറെ നിരീക്ഷണം. നിങ്ങളുടെ കണ്ണുകളെ പെട്ടെന്ന് ആകർഷിക്കാനുള്ള യുക്തികളെയാണ് അതിപ്പോൾ തേടുന്നത്. നിങ്ങളുടെ മനസ്സിലേക്ക് കയറി അവിടെ പറ്റിപ്പിടിച്ചിരിക്കാൻ പുരോഗാമികളായി അവതരിച്ചിരിക്കുന്ന അക്കാദമിക്കുകളും അതിനുമേൽ അനവധി ചരടുകൾ ബന്ധിച്ചു കഴിഞ്ഞിരിക്കുന്നു. പൊളിറ്റിക്കൽ കറക്റ്റ്നസ്സിനെക്കുറിച്ചുള്ള ശുദ്ധിവാദം അതിലൊന്നാണ്. ലാവണ്യാംശത്തെയും എഴുത്തിൻറെ അബോധതലങ്ങളെയും പാടെ നിരാകരിക്കുന്ന സാംസ്കാരിക വിമർശന പദ്ധതിയും സർഗ്ഗാത്മകതയുടെ സ്വാഛന്ദ്യത്തെ കെടുത്തിക്കളയുന്നു. എങ്കിലും പ്രതീക്ഷിക്കുന്നു, തെളിമയും നേരുമുള്ള ഒരു നാളെയെ!


റഫീക്ക് അഹമ്മദ്: പ്രതീക്ഷിക്കുന്നു, തെളിമയും നേരുമുള്ള ഒരു നാളെയെ! ( വിജയ്.സി.എച്ച്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക