Image

ഇന്ത്യാ പ്രസ് ക്ലബ് 'മാധ്യമശ്രീ' അവാര്‍ഡിന് അപേക്ഷ ഏപ്രില്‍ 30 വരെ

Published on 01 April, 2021
 ഇന്ത്യാ പ്രസ് ക്ലബ് 'മാധ്യമശ്രീ' അവാര്‍ഡിന് അപേക്ഷ ഏപ്രില്‍ 30 വരെ
ചിക്കാഗോ:  മലയാളി പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ)  മാധ്യമ ശ്രീ അവാര്‍ഡിന് ഏപ്രില്‍ 30  വരെ  അപേക്ഷ സമര്‍പ്പിക്കാമെന്ന് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്   വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും ശില്പവുമാണ് സമ്മാനം.

മികച്ച പ്രതികരണമാണ് അവാര്‍ഡിന് ഇതേവരെ ലഭിച്ചതെന്നു പ്രസ് ക്ലബ് ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍ (സാമുവേല്‍ ഈശോ) പറയുകയുണ്ടായി. നിരവധി അവാര്‍ഡ് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.  ഇനിയും സമര്‍പ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും.

അവാര്‍ഡ് ചടങ്ങ്  ജൂണില്‍ നടത്തണം എന്ന ഉദ്ദേശവുമായിട്ടാണ് മുന്‍പോട്ടു നീങ്ങുന്നതെന്ന് നാഷണല്‍ ട്രെഷറര്‍ ജീമോന്‍ ജോര്‍ജ് പറഞ്ഞു.  ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ നേതൃത്വത്തിലായിരിക്കും പരിപാടികള്‍ നടത്തുക എന്ന് നിയുക്ത പ്രസിഡന്റ് സുനില്‍ തൈമറ്റം പറയുകയുണ്ടായി.  

ഏഴാമത് മാധ്യമ ശ്രീ പുരസ്‌കാര ജേതാവിനെ തീരുമാനിക്കുന്നത്  നാലംഗ ജഡ്ജിംഗ് പാനലാണ്.  മനോരമ എഡിറ്റോറിയല്‍ ഡയറക്ടറായിരുന്ന തോമസ് ജേക്കബ് അധ്യക്ഷനായ കമ്മിറ്റിയില്‍  ദീപിക സീനിയര്‍ എഡിറ്ററായിരുന്ന അലക്സാണ്ടര്‍ സാം, ഇന്ത്യാ ടുഡേ അസോസിയേറ്റ്  എഡിറ്ററായിരുന്ന പി.എസ് . ജോസഫ്, അമേരിക്കയില്‍ നിന്ന് പ്രമുഖ ഭിഷഗ്വരനും എഴുത്തുകാരനുമായ ഡോ. എം.വി.പിള്ള എന്നിവരാണ്
അംഗങ്ങള്‍.  പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.

എന്‍.പി. രാജേന്ദ്രന്‍ (മാതൃഭൂമി) അടുത്തയിടക്ക് അന്തരിച്ച ഡി. വിജയമോഹന്‍
(മനോരമ) എം.ജി. രാധാകൃഷ്ണന്‍  (ഏഷ്യാനെറ്റ്) ജോണി ലൂക്കോസ് (മനോരമ ടിവി) ഇപ്പോള്‍ എം.എല്‍.എ ആയ വീണാ ജോര്‍ജ്, അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ജോസി ജോസഫ്    എന്നിവരാണ് നേരത്തെ ഈ അവാര്‍ഡ് നേടിയിട്ടുള്ളത്.

മാധ്യമ രംഗത്ത്  ദീര്‍ഘ കാലം പ്രവര്‍ത്തിച്ചവര്‍ക്കും ഈ രംഗത്തു തങ്ങളുടേതായ മികച്ച സംഭാവനകള്‍ നല്കിയവരെയും ആണ് പരിഗണിക്കുന്നത്. ആര്‍ക്ക് വേണമെങ്കിലും പേര് നോമിനേറ്റും ചെയ്യാം. വിവരങ്ങള്‍  ഈ-മെയിലില്‍ അറിയിക്കുക indiapressclubofna@gmail.com

ഇന്ത്യ പ്രസ് ക്ലബ് ഇന്റര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നവമ്പറില്‍ ചിക്കാഗോയില്‍ നടത്താനാണ് തീരുമാനം. അപ്പോഴേക്കും  കോവിഡിന് പൂര്‍ണ ശമനമുണ്ടാകുമെന്ന പ്രതീക്ഷയിലാണിതെന്നു പ്രസ് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.  നാഷണല്‍ കോണ്‍ഫറന്‍സില്‍ വച്ച് മാധ്യമ രത്‌ന  അവാര്‍ഡും പതിവ് പോലെ സമ്മാനിക്കും. കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ-സാമൂഹിക നേതാക്കളും പങ്കെടുക്കും. അമേരിക്കയിലെ വിവിധ സംഘടനകളുടെ ഭാരവാഹികളെ ചടങ്ങില്‍ ആദരിക്കുകയും ചെയ്യും.

പ്രസിഡന്റ് ഇലക്ട് സുനില്‍ തൈമറ്റം, ജോ. സെക്രട്ടറി ബിജിലി ജോര്‍ജ്,  ജോ. ട്രഷറര്‍ ഷിജോ പൗലോസ്, ഓഡിറ്റര്‍മാരായ സജി എബ്രഹാം, ബിനു ചിലമ്പത്ത് എന്നിവരടങ്ങിയ എക്‌സിക്യൂട്ടിവ് കമ്മിറ്റിയും,  അഡൈ്വസറി ബോര്‍ഡ്  ചെയര്‍മാന്‍ മധു കൊട്ടാരക്കരയും സജീവമായി  പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.
 ഇന്ത്യാ പ്രസ് ക്ലബ് 'മാധ്യമശ്രീ' അവാര്‍ഡിന് അപേക്ഷ ഏപ്രില്‍ 30 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക