Image

ഹൂസ്റ്റണിലെ  സ്‌കൂളിന് ഇന്ത്യൻ-അമേരിക്കൻ സോനാൽ ഭുച്ചറിന്റെ പേര് നൽകുന്നു 

Published on 01 April, 2021
ഹൂസ്റ്റണിലെ  സ്‌കൂളിന് ഇന്ത്യൻ-അമേരിക്കൻ സോനാൽ ഭുച്ചറിന്റെ പേര് നൽകുന്നു 

ഹൂസ്റ്റൺ: ഫോർട്ട് ബെൻഡിലെ  പ്രാഥമിക വിദ്യാലയത്തിന് ഇന്ത്യൻ-അമേരിക്കൻ വനിതയും കമ്മ്യൂണിറ്റി ആക്ടിവിസ്റ്റും ജീവകാരുണ്യപ്രവർത്തകയുമായിരുന്ന സോനാൽ ഭുച്ചറിന്റെ പേര് നൽകും. 

ഫോർട്ട് ബെൻഡ് ഐഎസ്ഡി ബോർഡിൽ ആറു വര്‍ഷം ട്രസ്റ്റിയായും രണ്ടു വര്‍ഷം പ്രസിഡന്റായും പ്രവർത്തിച്ച ഭുച്ചർ  വിദ്യാഭ്യാസ രംഗത്ത്  നൽകിയ  സംഭാവനകൾ മുൻനിർത്തിയാണ് ഈ അംഗീകാരം. 2019 ൽ 58 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ കാൻസർ ബാധിതയായി ഇനിയും ഏറെ സ്വപ്‌നങ്ങൾ ബാക്കി വച്ചാണ് അവർ മരണപ്പെട്ടത്.

നിലവിലെ   ബോർഡ്  ട്രസ്റ്റികൾ ഏകകണ്ഠമായി വോട്ട് ചെയ്താണ് സോനാലിന്റെ സേവനത്തിനുള്ള ബഹുമാനാർത്ഥം 2023 ൽ റിവർസ്‌റ്റോൺ കമ്മ്യൂണിറ്റിയിൽ തുടങ്ങുന്ന സ്‌കൂളിന് അവരുടെ പേര് നൽകാമെന്ന് തീരുമാനിച്ചത്.

മുംബൈ സ്വദേശിയായിരുന്ന സോനാൽ, 1984 ൽ ഭർത്താവ് ഡോ. സുബോധ് ഭുച്ചറിനൊപ്പമാണ് ഹൂസ്റ്റണിലേക്ക് കുടിയേറിയത്. ഫിസിയോതെറാപിസ്റ്റ് ആയിരുന്ന സോനാലിനെ, 2015 ൽ ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ടാണ് വൺ സ്റ്റാർ നാഷണൽ സർവീസ് കമ്മീഷൻ ബോർഡിൽ നിയമിച്ചത്.

'വരും തലമുറയിലെ സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഗമിക്കാവുന്ന പാത വെട്ടിത്തെളിച്ചാണ് സോനാൽ പിൻവാങ്ങിയത്. തിരികെ ഒന്നും പ്രതീക്ഷിക്കാതെ കൈയിലുള്ളതെല്ലാം നൽകുക എന്നതാണ് ജീവിതത്തിൽ വിജയിക്കാനുള്ള വഴിയെന്ന് സ്വജീവിതം കൊണ്ടവൾ മറ്റുള്ളവർക്ക് മുന്നിൽ മാതൃക തീർത്തു. തന്റെ ഓരോ  ചുവടുവയ്‌പ്പും  മാറ്റത്തിലേക്ക് നയിക്കപ്പെടണമെന്നും എല്ലാവര്‍ക്കും പ്രയോജനപ്രദമാകണമെന്നും അവൾ എപ്പോഴും ഉറപ്പുവരുത്തുമായിരുന്നു.'  ഭാര്യയെ തേടി എത്തിയ അംഗീകാരത്തിൽ നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഡോ. സുബോധ് പറഞ്ഞു.

'നമ്മുടെ കമ്മ്യൂണിറ്റിയിൽ നിന്ന് ഒരാൾ ഇത്തരത്തിൽ ആദരിക്കപ്പെടുന്നത് അഭിമാനകരമാണ്. അകാലത്തിൽ പൊലിഞ്ഞുപോയ എന്റെ പ്രിയ സുഹൃത്ത്, കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിൽ എപ്പോഴും ശ്രദ്ധ പുലർത്തിയിരുന്നു. ഈ തീരുമാനം എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. വരും തലമുറ ഇങ്ങനൊരാൾ ജീവിച്ചിരുന്നെന്ന് ഓർമ്മിക്കാനും അവർക്കത്   പ്രചോദനമായി മാറാനും ഇതിലൂടെ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.' സൊനാലിന്റെ അടുത്ത സുഹൃത്ത് ഉഷ ഗഞ്ചു അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക