Image

കുത്തിവയ്പ് സ്വീകരിച്ചവരിലൂടെ കോവിഡ് പകരില്ലെന്ന അവകാശവാദത്തിൽ നിന്ന് സി‌ഡി‌സി പിൻമാറി

Published on 03 April, 2021
കുത്തിവയ്പ് സ്വീകരിച്ചവരിലൂടെ കോവിഡ് പകരില്ലെന്ന അവകാശവാദത്തിൽ നിന്ന് സി‌ഡി‌സി പിൻമാറി
വാക്സിനേഷൻ സ്വീകരിച്ച ആളുകളിലൂടെ കൊറോണ വൈറസ് പകരില്ലെന്നുള്ള അവകാശ വാദത്തിൽ നിന്ന്  സിഡിസി  ഒഴിഞ്ഞുമാറുന്നു.

സിഡിസി ഡയറക്ടർ റോഷൽ വലൻസ്കി ഈ ആഴ്ച ആദ്യം വാക്സിനേഷൻ സ്വീകരിച്ചവരിൽ നിന്ന് വൈറസ് പകരില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഇത് തെളിയിക്കപ്പെട്ടിട്ടില്ലെന്നും വിശദമായ വിശകലനം വേണമെന്നുമാണ് ഏജൻസി വ്യാഴാഴ്ച പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.

'പൂർണ്ണമായും വാക്സിനേഷൻ ലഭിച്ച ചില ആളുകൾക്ക് കോവിഡ് വരാൻ സാധ്യതയുണ്ട്. അവരിലൂടെ രോഗം പകരുമോ എന്ന് വ്യക്തമല്ല. തെളിവുകൾ വിലയിരുത്തേണ്ടതുണ്ട്,' സിഡിസി വക്താവ് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.

ഫ്ലോറിഡയിൽ  കോവിഡ് ‘വാക്സിൻ പാസ്‌പോർട്ടുകൾ’ ഗവർണർ  ഡിസാന്റിസ് നിരോധിച്ചു

ഒരു വ്യക്തിക്ക് കോവിഡ് വാക്സിൻ ലഭിച്ചു എന്നതിന് തെളിവായി  'വാക്സിൻ പാസ്‌പോർട്ടുകൾ' കൈവശം വയ്കണമെന്ന ആവശ്യം,  ഫ്ലോറിഡയിൽ ഗവർണർ റോൺ ഡിസാന്റിസ്  അടിയന്തര ഉത്തരവിലൂടെ നിരോധിച്ചു.
 
 ഫ്ലോറിഡയിലെ ബിസിനസുകളിലോ പൊതുവേദികളിലോ തീയേറ്ററിലോ സ്പോർട്ടിങ് ഇവന്റുകളിലോ  പ്രവേശിക്കുന്നതിന് വാക്സിൻ പാസ്പോർട്ട് കാണിക്കേണ്ടതില്ല.
വാക്സിൻ പാസ്‌പോർട്ടുകൾ എന്ന ആശയം ഈ ആഴ്ച ആദ്യം തന്നെ  ഡിസാന്റിസ് നിരസിച്ചതാണ്.

വാക്സിൻ ലഭിച്ചതിന് തെളിവ് കാണിക്കേണ്ട ആവശ്യകത ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അസ്വീകാര്യമാണെന്ന്  തിങ്കളാഴ്ച പത്രസമ്മേളനത്തിൽ ഡിസാന്റിസ് അഭിപ്രായപ്പെട്ടിരുന്നു. വാക്സിൻ ഡാറ്റ കൈമാറുമ്പോൾ  ജനങ്ങളുടെ സ്വകാര്യതയെക്കുറിച്ച്   ആശങ്കയുണ്ടെന്നും ഗവർണർ സൂചിപ്പിച്ചു.

 പ്രതിദിന കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകളുടെ എണ്ണത്തിൽ ന്യൂയോർക്ക് സിറ്റി റെക്കോർഡ്  രേഖപ്പെടുത്തി

കോവിഡ്പ്രതിരോധ കുത്തിവയ്പ്പുകളുടെ  എണ്ണത്തിൽ ന്യൂയോർക്ക് സിറ്റി പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നു. ഒരൊറ്റ ദിവസം കൊണ്ട് 90,000 ഡോസുകൾ വിതരണം ചെയ്തതായി  അധികൃതർ വെള്ളിയാഴ്ച പറഞ്ഞു. കൊറോണ വൈറസിന്റെ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അതിനെതിരെ പ്രതിരോധം തീർക്കേണ്ടത് അനിവാര്യത ആയതുകൊണ്ടാണ് ഡോസുകളുടെ വിതരണം ത്വരിതപ്പെടുത്തുന്നത്.

വകഭേദങ്ങളുടെ സമ്മർദ്ദം മുന്നിൽ കാണുന്നുണ്ടെന്ന്  മേയർ ബിൽ ഡി ബ്ലാസിയോ പറഞ്ഞു.  

ന്യൂയോർക്കിലെ 34 ശതമാനം പേർ ഇപ്പോൾ ഭാഗികമായോ പൂർണ്ണമായോ കോവിഡ്  വാക്സിനേഷൻ സ്വീകരിച്ചവരാണ് 

സുരക്ഷിതമായി ഈസ്റ്റർ ആഘോഷിക്കാൻ ആശംസകൾ നേർന്നുകൊണ്ട്  ന്യൂയോർക്ക് ഗവർണർ പറയുന്നത്: 

 നമ്മുടെ വാക്സിനേഷൻ കേന്ദ്രങ്ങളിലെ  ജീവനക്കാരുടെ കഠിനവും സുസ്ഥിരവുമായ പ്രവർത്തനത്തിന് നന്ദി.  അഭൂതപൂർവമായ ഈ വാക്സിനേഷൻ യജ്‌ഞം, സംസ്ഥാനവ്യാപകമായി  ആരംഭിച്ചതിനുശേഷം ആകെ 10 മില്യൺ  ഡോസുകൾ നൽകാൻ സാധിച്ചു. ഇന്നലെ ന്യൂയോർക്കിൽ 269,527 വാക്സിനുകൾ വിതരണം ചെയ്ത് , പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഈ പുരോഗതി നാം നിലനിർത്തണം. പ്രതിരോധ കുത്തിവയ്പ്പ് നേടുന്നതുമായി ബന്ധപ്പെട്ടുള്ള  തടസ്സങ്ങൾ ഇല്ലാതാക്കുന്നതിനായി മൈനോറിറ്റി കമ്മ്യൂണിറ്റികളിൽ പ്രത്യേക ശ്രമങ്ങൾ തുടരുകയാണ്. ഫെഡറൽ ഗവൺമെന്റിൽ നിന്ന് കൂടുതൽ ഡോസ്  ലഭിക്കുന്നതിനാൽ, ഏപ്രിൽ 6 മുതൽ 16 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിൻ നേടാനുള്ള അർഹത വിപുലീകരിക്കാൻ ഞങ്ങൾ തയ്യാറാണ്. വൈറസിനെ പരാജയപ്പെടുത്തുന്ന അവസാന ഘട്ടത്തിലേക്ക് നമ്മൾ ഉടൻ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിരോധ കുത്തിവയ്പ്പ് നേടുന്നതിൽ പുരോഗതി നിലനിർത്തേണ്ടതും , എല്ലാ മുൻകരുതലുകളും പാലിക്കേണ്ടതും വ്യാപനം തടയുന്നതിന് അത്യാവശ്യമാണ്.
 ഈ വാരാന്ത്യത്തിൽ സന്തോഷകരവും സുരക്ഷിതവുമായി ഈസ്റ്റർ ആഘോഷിക്കുന്ന എല്ലാ ന്യൂയോർക്കുകാർക്കും എന്റെ ആശംസകൾ.
 
* ആശുപത്രിയിൽ പ്രവേശിതരായ കോവിഡ് രോഗികളുടെ എണ്ണം 4,540 ആയി കുറഞ്ഞു.  257,646 ടെസ്റ്റുകളിൽ 7,787 പേരുടെ ഫലം പോസിറ്റീവായി. പോസിറ്റിവിറ്റി നിരക്ക്: 3.02 ശതമാനം. 7 ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് 3.59 ശതമാനമായിരുന്നു. ഐസിയുവിൽ ഇന്നലെ 913 രോഗികളുണ്ടായിരുന്നു, മരണസംഖ്യ: 63.
 
*  ന്യൂയോർക്കിലെ 31.8 ശതമാനം പേർ കുറഞ്ഞത് ഒരു വാക്സിൻ ഡോസ് വീതം സ്വീകരിച്ചുകഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൊത്തം 269,527 ഡോസുകൾ വിതരണം ചെയ്‌തു. 
 
* കലാ-വിനോദ വേദികൾ 33 ശതമാനം ശേഷിയിൽ വീണ്ടും തുറക്കാൻ കഴിയും.  പ്രവേശനത്തിന് മുമ്പായി വാക്സിനേഷന്റെയോ സമീപകാല കോവിഡ്പരിശോധന ഫലത്തിന്റെയോ രേഖ  ഹാജരാക്കണം. എല്ലാ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങളും  കർശനമായി പാലിക്കുകയും വേണം.
 
4. കമ്മ്യൂണിറ്റി അധിഷ്ഠിത പതിനെട്ട് പോപ്പ്-അപ്പ് വാക്സിനേഷൻ സൈറ്റുകൾ അടുത്ത ആഴ്ച ആരംഭിക്കും. ആരാധനാലയങ്ങൾ, കമ്മ്യൂണിറ്റി സെന്ററുകൾ, പ്രാദേശിക ബിസിനസുകൾ എന്നീ ഇടങ്ങളിൽ പ്രവർത്തിക്കുന്ന ഈ സൈറ്റുകളിലൂടെ   ആഴ്ചയിലുടനീളം 8,500 ൽ അധികം ആളുകൾക്ക് വാക്സിനേഷൻ നൽകാമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരി 15 മുതൽ, ഇങ്ങനെയുള്ള 180-ലധികം കമ്മ്യൂണിറ്റി അധിഷ്ഠിത പോപ്പ്-അപ്പ് സൈറ്റുകളിലൂടെ 69,000 പേർക്ക്  കോവിഡ് വാക്സിന്റെ ആദ്യ ഡോസുകൾ നൽകി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക