Image

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും: ഭാഗം-13: ഡോ. പോള്‍ മണലില്‍

Published on 05 April, 2021
പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും: ഭാഗം-13: ഡോ. പോള്‍ മണലില്‍
കോഴിക്കോട് ഗ്രന്ഥശാലാസംഘത്തിന്റെ വാര്‍ഷികസമ്മേളനത്തില്‍ അഴീക്കോടിന്റെ പ്രസംഗം കഴിഞ്ഞപ്പോള്‍ ഒരു പറ്റം ചെറുപ്പക്കാര്‍ വന്നു കാലില്‍ തൊട്ടു നമസ്ക്കരിച്ചു. ""അഴീക്കോട് പ്രസംഗിച്ചപ്പോള്‍ അവരുടെ മനസ്സില്‍ ഒരു ഭാവവ്യത്യാസം സംഭവിച്ചിട്ടുണ്ട്'' എന്നായിരുന്നു വേദിയില്‍ ഉണ്ടായിരുന്നു പ്രൊഫ. കെ.എ. ജലീല്‍ ഇതേപ്പറ്റി നിരീക്ഷിച്ചത്. പ്രഭാഷണം മൂലം സംഭവിക്കുന്ന ഈ ഭാവവ്യത്യാസത്തെ അഴീക്കോട് ഇപ്രകാരം വിശദീകരിക്കുന്നു: ""പ്രഭാഷണം ശ്രോതാക്കളുടെ മനസ്സില്‍ അഗ്നിജ്വലിപ്പിക്കലാണ്.''
പ്രസംഗത്തിലൂടെ എത്രയോ തവണ അദ്ദേഹം ശ്രോതാക്കളുടെ ഉള്ളിലെ അഗ്നി ജ്വലിപ്പിച്ചിരിക്കുന്നു. 2003-ല്‍ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ നടന്ന ആദ്യത്തെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരത്തില്‍ അഴീക്കോട് നടത്തിയ പ്രസംഗം അത്തരത്തില്‍ ഒന്നായിരുന്നു. പ്രതിഷേധത്തെ ആ പ്രസംഗത്തിലൂടെ അഴീക്കോട് ആളിക്കത്തിച്ചു. അതുപോലെ ഒരു പ്രസംഗമാണ് 2010-ല്‍ അദ്ദേഹം കണ്ണൂരില്‍ കീടനാശിനി വിരുദ്ധ ഉപവാസം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയത്. പരിസ്ഥിതിയെപ്പറ്റി അസാധാരണമായ ഒരു പ്രസംഗം എന്നുകൂടി ആ ഭാഷണത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.
പ്ലാച്ചിമടയില്‍ ജലസമരത്തിനു പുതിയ മാനം പകര്‍ന്നുകൊണ്ട് അഴീക്കോട് പ്രസംഗിച്ചതു, ""ഹിന്ദുസ്ഥാന്‍ ഹമാരെ ഹൈ'' എന്നാണ് കവി പാടിയതെങ്കില്‍ ""ഹിന്ദുസ്ഥാന്‍ കൊക്കകോള ഹൈ'' എന്നു നാം കണ്ടുപകയ്ക്കുന്നു എന്നായിരുന്നു. 2004 ജനുവരി ഒമ്പതിനു പുതുശ്ശേരിയില്‍ ലോകജലസമ്മേളനത്തില്‍ പ്ലാച്ചിമട പ്രഖ്യാപനം നടത്തിയ അഴീക്കോട് ""കൊക്കക്കോളയും പെപ്‌സിക്കോളയും ഇന്ത്യവിടുക'' എന്നു പറഞ്ഞപ്പോള്‍ സദസ് ഇളകിമറിഞ്ഞു.
ശ്രോതാക്കളെ തന്റെ ചേരിയിലേക്കു കൊണ്ടുവരാന്‍ അഴീക്കോടിനു പ്രത്യേകമായ ഒരു വിരുതുണ്ട്. സദസ് അക്ഷമരായി ഇരിക്കുകയാണെങ്കിലും അവരെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് അറിയാം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ദേശീയോദ്ഗ്രഥന സെമിനാര്‍ നടന്നപ്പോള്‍ കെ.പി. കേശവമേനോനും വൈസ് ചാന്‍സലര്‍ മുഹമ്മദ് ഗനിയും ഇംഗ്ലീഷില്‍ തകര്‍പ്പന്‍ പ്രസംഗങ്ങള്‍ നടത്തി. തുടര്‍ന്ന് അഴീക്കോട് പ്രസംഗിച്ചതു മലയാളത്തിലായിരുന്നു. ""ദേശീയോദ്ഗ്രഥനം ഇംഗ്ലീഷില്‍ എങ്ങനെ നടത്താമെന്ന് ഇതുവരെ രണ്ടുമഹാത്മാക്കള്‍ നിങ്ങള്‍ക്കു വിശദമാക്കിത്തന്നു. ഇനി അതു മലയാളത്തിലൂടെ എങ്ങനെ നടത്താമെന്ന് ഞാന്‍ കാട്ടിത്തരാം'' എന്നു പറഞ്ഞുകൊണ്ടായിരുന്നു അഴീക്കോട് പ്രസംഗിച്ചു തുടങ്ങിയത്. ഇത്രയും കേട്ടപ്പോള്‍ തന്നെ സദസ്സ് കയ്യടിച്ചു. കുട്ടികള്‍ പ്രസംഗം കേള്‍ക്കാന്‍ കാതോര്‍ത്തു.
പ്രസംഗത്തെപ്പറ്റി അഴീക്കോട് പറയുന്നതു, ഭാഷയല്ല രീതിയാണ് പ്രധാനം എന്നാണ്. അഴീക്കോട് ഇങ്ങനെ പറയുന്നു: ""നമ്മുടെ രാജ്യത്തിന്റെ നവീകരണത്തില്‍ പുതിയ തലമുറയോട് സംസാരിക്കാന്‍ യൗവ്വനത്തിന്റെ ഒരു ഹൃദയവും അതുപോലെ തന്നെ കുട്ടിത്തത്തിന്റെ ഒരു നിഷ്കളങ്കതയും ആവശ്യമാണ്. നമ്മള്‍ സിദ്ധാന്തങ്ങള്‍ പറഞ്ഞിട്ട് കാര്യമില്ല. ജീവന്‍ ജീവനോട് സംസാരിക്കണം. സിദ്ധാന്തം എന്നതു ജീവന്റെ ഒരു പരിവേഷമായിട്ട് രൂപാന്തരപ്പെടാന്‍ കഴിയേണ്ടതാണ്. എന്റെ പ്രഭാഷണത്തിന്റെ ചൈതന്യം എന്നു പറയുന്നതു, യൗവ്വനത്തില്‍ നിന്നു ഞാന്‍ വിട്ടുപോകുന്നില്ല എന്നുള്ള ഉറപ്പുകൂട്ടലാണ്. അതുകൊണ്ട് പുതിയ തലമുറയോട് എപ്പോഴും സംവദിക്കാന്‍ കഴിയുന്നു.''
പ്രഭാഷകനു യൗവ്വനസഹജമായ തീവ്രതയും കണ്ഠനാളത്തിന്റെ കരുത്തും ഓര്‍മ്മശക്തിയും ഒരേപോലെ ഉണ്ടെങ്കില്‍ മാത്രമേ വേദിയില്‍ നില്‍ക്കാന്‍ കഴിയൂ എന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്. തന്റെ പ്രസംഗത്തിന്റെ അടിത്തറ ഓര്‍മ്മയാണെന്നും എണ്‍പത്തിയഞ്ചു വയസ്സുള്ളപ്പോള്‍ തനിക്കു എണ്‍പതു വയസ്സുള്ള ഓര്‍മ്മകള്‍ ഉണ്ടായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഓര്‍മ്മയെപ്പറ്റി ഇങ്ങനെ എഴുതി: ""പ്രഭാഷണത്തില്‍ നിരന്തരം പ്രവര്‍ത്തിക്കുന്നതു കൊണ്ടാവാം ഓര്‍മ്മ എനിക്കു വലിയ സഹായമാണ്. ഓര്‍മ്മ കുറഞ്ഞാല്‍ പ്രസംഗം തുടരാന്‍ കഴിയില്ല. പരീക്ഷ എഴുതുന്നതു പോലെയാണ് പ്രസംഗം. ഓര്‍ത്തു പറയണം. പിന്നീട് ആലോചിച്ച് തിരുത്താനാവില്ല.''
പ്രസംഗജീവിതത്തില്‍ മൂന്നുവേദികളില്‍ വച്ച് തനിക്കു ഓര്‍മ്മ കൈവിട്ട അനുഭവം ഉണ്ടായിട്ടുള്ളതായി അഴീക്കോട് പറഞ്ഞിട്ടുണ്ട്. തൃശൂരില്‍ ഡയറ്റിന്റെയും കൊടുങ്ങല്ലൂരില്‍ നബിദിനത്തിന്റെയും കണ്ണൂരില്‍ ഒരു പൊതുസമ്മേളനത്തിലുമാണ് പ്രസംഗത്തിനിടയില്‍ ഓര്‍മ്മ നഷ്ടപ്പെടുന്നു എന്ന് തോന്നിയത്! ""ഓര്‍മ്മയില്ലെങ്കില്‍ പ്രസംഗത്തില്‍ തോറ്റു. എന്റെ പ്രസംഗത്തിന്റെ മിന്നല്‍ ഓര്‍മ്മയുടെ മിന്നലാണ്.''
വിയ്യൂരില്‍ സ്ഥിരതാമസമാക്കി അഞ്ചാറുകൊല്ലം കഴിഞ്ഞപ്പോള്‍ ആയിരുന്നു തൃശൂരില്‍ ഡയറ്റിന്റെ പരിപാടി. അന്ന് ആശയങ്ങള്‍ അടുക്കിനും ചിട്ടയ്ക്കും അവതരിപ്പിക്കാന്‍ ആയില്ല. ""വേദിയില്‍ ഞാനിതു പറഞ്ഞു. എനിക്കെന്തോ പറ്റി. വിഷയം വേണ്ടവിധത്തില്‍ പറയാന്‍ കഴിയുന്നില്ല'' - എന്നാണ് അഴീക്കോട് ഈ അനുഭവത്തെപ്പറ്റി പ്രതികരിച്ചത്. സദസ്യര്‍ പൊറുക്കണമെന്നും പറഞ്ഞു. കൊടുങ്ങല്ലൂരില്‍ നബിദിനാഘോഷത്തില്‍ പ്രസംഗിക്കാന്‍ ചെന്നപ്പോള്‍ പതിനായിരങ്ങള്‍! അന്ന് ശരീരമാകെ ചൊറിച്ചില്‍ ഉണ്ടാക്കിയ ചര്‍മ്മരോഗം ഉണ്ടായിരുന്നു. പ്രസംഗിച്ചു തുടങ്ങിയപ്പോള്‍ ആകെ ഒരു വല്ലായ്മ അനുഭവപ്പെട്ടു. പ്രസംഗജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ആ സംഭവം അഴീക്കോട് ഇങ്ങനെ ഓര്‍ക്കുന്നു: ""മനസ്സിന്റെ വാതില്‍ തുറക്കാത്ത പോലെ തോന്നി. ചിറകറ്റ പക്ഷിയെപോലെയായിരുന്നു ഞാന്‍ മൈക്കിനു മുമ്പില്‍ നിലകൊണ്ടത്. ചിന്തയോ വികാരമോ ഇല്ല. കവചകുണ്ഡലങ്ങള്‍ നഷ്ടപ്പെട്ട കര്‍ണ്ണനെ പോലെ എനിക്ക് എന്തോപറ്റി.''
അന്ന് വീണ്ടും സദസ്യരോട് മാപ്പു ചോദിച്ചു. കണ്ണൂരിലെ പരിപാടിയില്‍ പ്രസംഗിക്കാന്‍ ചെന്നപ്പോഴും ഇതേ അനുഭവം ഉണ്ടായി. കണ്ണൂരിലും വന്‍ ജനാവലിയെത്തിയിരുന്നു. ""എന്നെ സ്വീകരിക്കാന്‍ ആന വരെ ഉണ്ടായിരുന്നു. എന്റെ പ്രസംഗം ആനയില്‍ തുടങ്ങാനിരുന്നതാണ്. എന്നാല്‍ മൈക്കിന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ ആനയെ മറന്നു. പഴയ അനുഭവം തന്നെ. എന്നോടു പൊറുക്കണമെന്നു പറഞ്ഞു.''
കൊടുങ്ങല്ലൂരില്‍ പ്രസംഗം കേള്‍ക്കാന്‍ വന്ന ഒരാള്‍ ഇതേപ്പറ്റി പ്രതികരിച്ചതു മറ്റൊരു വിധത്തിലായിരുന്നു. വേദിയില്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ക്കു ദൈവം ശിക്ഷ നല്‍കിയെന്നു ചൂണ്ടിക്കാണിക്കുന്ന മട്ടില്‍ ആ ശ്രോതാവ് ഇങ്ങനെ കത്തില്‍ കുറിച്ചു:
""താങ്കള്‍ക്കു തക്ക ശിക്ഷ കിട്ടി.''
ഈ ശ്രോതാവിന്റെ കത്ത് അഴീക്കോടിന്റെ വാശിയെ ഉണര്‍ത്തി; ഓര്‍മ്മയെയും. കൊടുങ്ങല്ലൂരില്‍ പിറ്റേവര്‍ഷവും അഴീക്കോട് തന്നെയായിരുന്നു നബിദിന പ്രഭാഷകന്‍. ഇക്കുറി അദ്ദേഹം അവിടെ പ്രസംഗിച്ചു തുടങ്ങിയത് ഇങ്ങനെ:
""എനിക്കു പ്രസംഗശേഷി നഷ്ടപ്പെട്ടതു ശിക്ഷയായി കണ്ടു സന്തോഷിച്ച ഒരുത്തന്‍ ഇവിടെയുണ്ട്. ഇപ്പോള്‍ ഞാന്‍ പ്രസംഗിക്കുന്നത് അവനുള്ള ശിക്ഷയാണ്. വേണ്ടിവന്നാല്‍ ലോകത്തു മറ്റാര്‍ക്കും പറ്റാത്തവിധം ഞാന്‍ പ്രസംഗിച്ചു കളയും.''
അന്നത്തെ പ്രസംഗം തകര്‍ത്തു. പിന്നീടൊരിക്കലും ഓര്‍മ്മയുടെ കാവല്‍മാലാഖ അഴീക്കോടിനെ കൈവിട്ടിട്ടില്ല. 2011 മാര്‍ച്ച് 20-ന് അര്‍ണോസ് പാതിരിയുടെ 279-ാം ചരമവാര്‍ഷികത്തിനു പ്രസംഗിക്കാന്‍ പോയപ്പോള്‍ മുപ്പതുവര്‍ഷം മുമ്പ് വായിച്ച ഒരു പുസ്തകത്തിന്റെ കര്‍ത്താവിന്റെ പേര് ഓര്‍ക്കാന്‍ നോക്കി. അദ്ദേഹത്തിന്റെ പുസ്തകത്തില്‍ അര്‍ണ്ണോസ് പാതിരിയെപ്പറ്റി പറയുന്നുണ്ട്. വേദിയില്‍ നിന്നപ്പോള്‍ ആ പേര് ഓര്‍മ്മയില്‍ ഓടിയെത്തി - വിന്റര്‍നിറ്റ്‌സ്. അദ്ദേഹം സംസ്കൃത ചരിത്രകാരനാണ്.
അഴീക്കോട് തന്റെ വിശുദ്ധമായ ഓര്‍മ്മയായി കരുതുന്നതു കവിതകളാണ്. ആശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍, ചങ്ങമ്പുഴ, പി. കുഞ്ഞിരാമന്‍ നായര്‍, വൈലോപ്പിള്ളി തുടങ്ങി ഗെയ്‌ഥേ, വേര്‍ഡ്‌സ്‌വര്‍ത്ത്, ഷെല്ലി, കീറ്റ്‌സ്, ഷേക്‌സ്പിയര്‍, കാളിദാസന്‍, ടാഗോര്‍, എഴുത്തച്ഛന്‍... ഇങ്ങനെ പട്ടിക ഏറെയുണ്ട്. അദ്ദേഹം പറയുന്നു: ""പ്രസംഗവേദിയില്‍ നില്‍ക്കുമ്പോള്‍ വലിയ കവികളുടെ അനശ്വര കവിതാശകലങ്ങള്‍ ഓടിയെത്തും. മിന്നല്‍പ്പിണര്‍ പോലെ. മനസ്സിലൂടെ ഓടിയൊളിക്കുന്ന കവിതകളുടെ മിന്നല്‍പ്പിണരുകള്‍. എന്റെ മനസ്സു നിറയെ അത്തരം മിന്നല്‍പ്പിണരുകളും മഴവില്ലുകളും ഒത്തിരിയുണ്ട്.''
അഴീക്കോടിന്റെ മലയാളം പ്രസംഗം കേട്ടിട്ട് ചീഫ് ജസ്റ്റീസ് ഭഗവതി പൊട്ടിച്ചിരിച്ച ഒരു കഥയുണ്ട്. അഴീക്കോടിന്റെ പ്രസംഗത്തിലെ ഹാസ്യത്തിനു ഭാഷയുടെ അതിര്‍വരമ്പുകള്‍ ഒന്നുമില്ലെന്ന് ഭഗവതിയുടെ ആ പൊട്ടിച്ചിരിയില്‍ നിന്നു മനസ്സിലായി. ആര്‍ഷവിദ്യാഭ്യാസത്തെപ്പറ്റി അന്ന് പ്രസംഗിച്ചപ്പോള്‍ പറഞ്ഞ ഫലിതം ചിന്തിക്കേണ്ട ഒരു വിഷയമായിരുന്നു! "മാതൃദേവോ ഭവ, പിതൃദേവോ ഭവ' എന്ന ചിന്തയില്‍ അച്ഛനും അമ്മയും ദേവന്മാരായിത്തീരുക എന്ന ആശയമാണ് അന്തര്‍ഭവിച്ചിരിക്കുന്നത്. അച്ഛനും അമ്മയും നിങ്ങളുടെ ദേവന്മാരായിത്തീരട്ടെ എന്നു പറയുമ്പോള്‍ രാഷ്ട്രത്തിന്റെ ശാശ്വതചൈതന്യമായി നില്‍ക്കുന്നത് അതിന്റെ ഈ സാംസ്കാരിക പൈതൃകമാണ്. എന്നാല്‍ നമുക്കിപ്പോള്‍ പൈതൃകഭൃഷ്ടമായ മനസ്സാണ് ഉള്ളതെന്നു അഴീക്കോട് പ്രസംഗിച്ചു. എറിക് ഹെല്ലറുടെ ഉശശെിവലൃശലേറ ാശിറ എന്ന പുസ്തകം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞതു നമുക്കു മാതാവും പിതാവും ദേവനല്ലാതായി എന്നായിരുന്നു. ആര്‍ഷവിദ്യാഭ്യാസത്തില്‍ തുടങ്ങി മാതൃഭാഷയിലേക്കായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഊന്നല്‍ എത്തിനിന്നത്. അഴീക്കോടിന്റെ പ്രസംഗത്തിന്റെ കാതല്‍ വെറും ഫലിതമല്ല വലിയ ചിന്തയായിരുന്നു. അദ്ദേഹം ഇങ്ങനെ തുടര്‍ന്നു: ""തിരിഞ്ഞുനോക്കുമ്പോള്‍ നമുക്ക് അച്ഛനെയും അമ്മയെയും കാണാന്‍ കഴിയുന്നില്ല. നമ്മുടെ മനസ്സ് പൈതൃകഭൃഷ്ടമായി. ഇംഗ്ലീഷില്‍ പറഞ്ഞാല്‍  ലാു്യേ മനസ്സ്. സ്വാതന്ത്ര്യത്തിനു മുമ്പ് നമുക്ക് ലാു്യേ വയറായിരുന്നു. ഇപ്പോള്‍ വയറുനിറഞ്ഞു. മനസ്സ് ശൂന്യമായിപ്പോയി.''
തുടര്‍ന്നുള്ള പ്രസംഗത്തില്‍ അദ്ദേഹം ഒരു സംഭവം പറഞ്ഞു. ഒരാള്‍ വീട്ടില്‍ വന്നു ബാലനോടു ചോദിച്ചു:
""അച്ഛനുണ്ടോ?''
""ഇല്ല'' എന്നുത്തരം
""അമ്മയുണ്ടോ?''
""ഇല്ല'' എന്നു വീണ്ടും ഉത്തരം
""പിന്നെ നിനക്ക് ആരാണ് ഉള്ളത്?''
""ഡാഡിയും മമ്മിയും'' അവന്‍ ഉത്തരം പറഞ്ഞു.
മാതൃഭാഷയുടെ പ്രാധാന്യം ചൂണ്ടിക്കാണിച്ചുകൊണ്ട് അഴീക്കോട് പറഞ്ഞു: ""പുതിയ തലമുറയ്ക്കു മാതാവും പിതാവും ദേവനല്ല.'' തുടര്‍ന്നുള്ള ചിന്ത കേട്ടാണ് ചീഫ് ജസ്റ്റീസ് ഭഗവതി ചിരിച്ചത്. അഴീക്കോട് പറഞ്ഞതു, ""നമ്മള്‍ ആര്‍ഷഭാരതസംസ്കാരം ഡാഡി ദേവോ ഭവ, മമ്മി ദേവോ ഭവ'' എന്നാക്കി മാറ്റിയിരിക്കുന്നു. നമുക്കിന്ന് ജനഗണമന നഷ്ടമായിരിക്കുന്നു. നമുക്ക് നമ്പൂതിരിമാര്‍ വില്‍ക്കുന്ന മന മാത്രമേ ഉള്ളൂ.''
എവറസ്റ്റില്‍ ഒരു വനിത കാല്‍ കുത്തിയ ദിവസം പ്രസംഗിക്കാന്‍ പോയപ്പോള്‍ കേരളത്തിലെ ഒരു മന്ത്രിയുടെ അഴിമതിക്കഥയായിരുന്നു അദ്ദേഹം ഫലിതത്തിലൂടെ അവതരിപ്പിച്ചത്. അതിങ്ങനെ: ""ഇവിടുത്തെ അഴിമതിക്കഥകള്‍ ഒക്കെ കേട്ടിട്ട് എവറസ്റ്റ് കൊടുമുടി പോലും നാണിച്ചു തലതാഴ്ത്തി നില്‍ക്കുകയാണ്. ഏതു പെണ്ണിനും അവിടെ ചാടിക്കയറാം എന്നായിരിക്കുന്നു.''
അഴീക്കോടിന്റെ പ്രസംഗത്തിലെ ഏറ്റവും ആകര്‍ഷകമായ അംശങ്ങളില്‍ ഒന്ന് ആക്ഷേപഹാസ്യമാണ്. അദ്ദേഹത്തിന്റെ പ്രസംഗവിജയത്തിന് ഒരു കാരണവും ഇതുതന്നെ. അദ്ദേഹം ഇങ്ങനെ പറഞ്ഞു:
""നല്ല പ്രസംഗം നല്ല ഭക്ഷണം പോലെയാണ്. നല്ല രൂചിയുണ്ടെങ്കില്‍ ശ്രോതാക്കള്‍ കേള്‍ക്കും. രുചിയില്ലെങ്കില്‍ ആരും കേള്‍ക്കില്ല. അതിനാല്‍ പ്രസംഗം കേള്‍ക്കുന്നവര്‍ക്കായി നന്നായി പാകപ്പെടുത്തിക്കൊടുക്കണം. നര്‍മ്മം പറയുമ്പോള്‍ അതു ഫലിക്കുകയും വേണം.''
അഴീക്കോട് നര്‍മ്മം നന്നായി ആസ്വദിക്കുന്ന ഒരാളായിരുന്നു. അദ്ദേഹത്തിന്റെ നര്‍മ്മനിരീക്ഷണങ്ങള്‍ സ്വതസിദ്ധമാണ്. എന്നാല്‍ പ്രസംഗത്തിലെ നര്‍മ്മം സ്വതസിദ്ധമാണെന്നു പറഞ്ഞു കൂടായെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്: ""ഗൗരവമുള്ള കാര്യങ്ങള്‍ മാത്രം പറഞ്ഞാല്‍ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയില്ല. അതിനാല്‍ പ്രസംഗത്തില്‍ നര്‍മ്മത്തിന്റെ പൊടിക്കൈ ആവശ്യമാണ്. അതിനായി മുമ്പൊക്കെ ഞാന്‍ ഫലിതങ്ങള്‍ ശേഖരിക്കുമായിരുന്നു.''

Join WhatsApp News
Ninan Mathulla 2021-04-08 11:41:29
This series was very useful. Thanks.Appreciate the effort behind it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക