Image

കൂട്ടപരിശോധനകളില്‍ രോഗികളുടെ എണ്ണം കൂടിയാലും കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി

Published on 17 April, 2021
കൂട്ടപരിശോധനകളില്‍ രോഗികളുടെ എണ്ണം കൂടിയാലും കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ സംസ്ഥാനം ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ വേവ് തകര്‍ക്കാനുള്ള പദ്ധതികളാണ് സംസ്ഥാനം ആവിഷ്ക്കരിച്ചത്. കോവിഡിന്റെ പീക്ക് ഡിലേ ചെയ്യാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വ്യാപനം കുറക്കാനാണ് ക്രഷിംഗ് ദ കര്‍വ് ആവിഷ്ക്കരിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് കൂട്ടപരിശോധനയും മാസ് വാക്സിനേഷനും ആരംഭിച്ചത്. സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതാണ്. കൂട്ടപരിശോധനകളില്‍ രോഗികളുടെ എണ്ണം കൂടിയാലും കേരളം സജ്ജമാണ്. രോഗലക്ഷണമില്ലാത്തവരെ ഹോം ഐസൊലേഷനില്‍ കഴിയാന്‍ അനുവദിക്കുന്നതാണ്. എന്നാല്‍ മുറിയില്‍ തന്നെ ടോയിലറ്റ് സൗകര്യം ഇല്ലാത്തവരെ പഞ്ചായത്തിന്റെ സഹായത്തോടെ ഡൊമിസെയില്‍ കെയര്‍ സെന്ററുകളില്‍ പാര്‍പ്പിക്കുന്നതാണ്. ചെറിയ രോഗലക്ഷണമുള്ളവരെ സിഎഫ്എല്‍ടിസികളിലും സിഎസ്എല്‍ടിസികളിലും ഗുരുതര രോഗലക്ഷണമുള്ളവരെ കോവിഡ് ആശുപത്രികളിലും ചികിത്സിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്

രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുകയാണെന്ന് യോഗം വിലയിരുത്തി. കേരളത്തിലും രോഗികളുടെ എണ്ണം കൂടി വരികയാണ്. അതനുസരിച്ച് കേരളം ഒരുക്കിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ടെസ്റ്റിന്റെ കാര്യത്തിലും ചികിത്സയുടെ കാര്യത്തിലും കേരളം മുന്നില്‍ തന്നെയാണ്. സിറോ സര്‍വയന്‍സ് സര്‍വേ പ്രകാരം കേരളത്തില്‍ 11 ശതമാനം പേര്‍ക്കാണ് കോവിഡ് വന്ന് പോയിട്ടുള്ളത്. അതായത് 89 ശതമാനത്തോളം പേരെ കോവിഡില്‍ നിന്നും സംരക്ഷിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് ആകെ 60.54 ലക്ഷത്തോളം ഡോസ് വാക്സിനാണ് എത്തിച്ചത്. ഇനി അഞ്ചര ലക്ഷത്തോളം ഡോസ് വാക്സിന്‍ മാത്രമാണുള്ളത്. അതിനാല്‍ 50 ലക്ഷം ഡോസ് വാക്സിന്‍ സംസ്ഥാനത്തിന് അനുവദിക്കണം എന്ന് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഓക്സിജന്റേയും മരുന്നിന്റേയും ക്ഷാമം തത്ക്കാലമില്ലെങ്കിലും രോഗികള്‍ കൂടുന്ന അവസ്ഥയുണ്ടായാല്‍ ഇതും കൂടി പരിഹരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മരണനിരക്ക് വളരെ കൂടിയപ്പോഴും കേരളത്തിലെ മരണനിരക്ക് ഇപ്പോഴും 0.4 ശതമാനം മാത്രമാണ്. രോഗികളുടെ എണ്ണം കൂടുമ്പോഴും മരണനിരക്ക് പിടിച്ചു നിര്‍ത്താന്‍ ശക്തമായ നടപടികള്‍ ആവശ്യമാണ്. കേരളത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വളരെ കൃത്യമായ പ്ലാനോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റി നിരന്തരം കാര്യങ്ങള്‍ വിലയിരുത്തി വരുന്നു. കൃത്യമായി പ്രവര്‍ത്തിച്ചാല്‍ നമുക്ക് വീണ്ടും രോഗവ്യാപനം കുറച്ചുകൊണ്ടുവരാന്‍ സാധിക്കും. തൃശൂര്‍ പൂരം ആകെ നിഷേധിക്കാനാവില്ല. തൃശൂര്‍ പൂരത്തിന് കോവഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.  



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക