-->

EMALAYALEE SPECIAL

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

Published

on

മംഗലാപുരത്തെ പഠനം കഴിഞ്ഞ് എറണാകുളത്തു "ദീനബന്ധു'വില്‍ പത്രപ്രവര്‍ത്തകനായി ജോലിക്കു പ്രവേശിച്ച കാലം മുതല്‍ ഒരു നോട്ട്ബുക്കില്‍ നര്‍മ്മങ്ങള്‍ എഴുതിവയ്ക്കുന്ന ശീലം അഴീക്കോടിനു ഉണ്ടായിരുന്നു. 1947 ഫെബ്രുവരി ഒന്നു മുതല്‍ ആയിരുന്നു അതെഴുതിത്തുടങ്ങിയത്. ആദ്യഫലിതം ഒരു നമ്പൂതിരി ഫലിതമായിരുന്നു. ""മനസ്സിലായില്ലെന്നു മനസ്സിലായി'' എന്ന് എന്നെങ്കിലും അഴീക്കോട് പ്രസംഗത്തിനിടയില്‍ ഉരുവിട്ടുണ്ടെങ്കില്‍ ആ വാക്കുകള്‍ അന്നെഴുതിയ ആദ്യഫലിതത്തിലേതാണ്. ഫലിതങ്ങള്‍ എഴുതിവച്ച നോട്ട്ബുക്കിന്റെ പേര് "സരസാശയാവലി' എന്നായിരുന്നു. മലയാളത്തിലെ ഫലിതങ്ങള്‍ മാത്രമല്ല ഇംഗ്ലീഷിലും സംസ്കൃതത്തിലും ഉള്ള ഫലിതങ്ങളും അതില്‍ ഇടം പിടിച്ചിരുന്നു. ഗദ്യഫലിതങ്ങള്‍ മാത്രമല്ല പദ്യഫലിതങ്ങളും അതില്‍ ഉള്‍പ്പെട്ടിരുന്നു. "സരസാശയാവലി' അദ്ദേഹം മരണം വരെയും സൂക്ഷിച്ചിരുന്നു.
1983-ല്‍ കണ്ണൂര്‍ പബ്ലിക് ലൈബ്രറി വാര്‍ഷികത്തിനു മഹാകവി കുമാരനാശാനെ അവതരിപ്പിച്ചപ്പോള്‍ അഴീക്കോട് ഇങ്ങനെ പ്രസംഗിച്ചു:
""മലയാള സാഹിത്യത്തിന്റെ നിശ്ചലത്വത്തെ മുഴുവന്‍ ഡൈനമിറ്റ് വച്ച് പൊട്ടിച്ച്, പാറപൊട്ടിച്ച് ഉറവ ഉണ്ടാക്കിയതു പോലെ, നിശ്ചലമായ ഇവിടുത്തെ വാക്കുകളെ മലയാളസാഹിത്യത്തില്‍ പൊട്ടിച്ചുതകര്‍ത്തു അതിന്റെ അടിയില്‍ നിന്നു നീരുറവ ഉണ്ടാക്കിയ ഒരു കവിയാണ് കുമാരനാശാന്‍. അതാണ് "പരിവര്‍ത്തനം' എന്നുള്ള കവിത.''
ആ വരികള്‍ തുടര്‍ന്ന് അഴീക്കോട് ചൊല്ലി:
""കരഞ്ഞുകൊണ്ടു കൂമനും കുറുക്കനും ഗമിക്കവേ
വിരഞ്ഞു കുക്കടങ്ങള്‍ മോദകാഹളം വിളിക്കവേ
എരിഞ്ഞുയുര്‍ത്തെഴും ദിനേശ....''
തുടര്‍ന്നു കണ്ണൂരിലെ ശ്രോതാക്കള്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ അദ്ദേഹം പറഞ്ഞു: ""ഇന്നു ദിനേശന്‍ എന്നു പറഞ്ഞാല്‍ നമുക്കു ദിനേശ് ബീഡിയാണ്. മറ്റൊരര്‍ത്ഥവും അറിയില്ല. എരിഞ്ഞുയുര്‍ത്തെഴും ദിനേശാ, കൂമ്പിടാതെയെങ്ങുമേ - ദിനേശ്ബീഡി വലിച്ചിട്ട് ഒന്നിനെയും കൂസാതെ നടക്കണം എന്നാണ് നമ്മള്‍ ഇപ്പോള്‍ കരുതുന്നത്.''
1986-ല്‍ മാടായി സ്കൂളില്‍ കണ്ണൂരിലെ സര്‍ഗ്ഗവേദി കുട്ടികളെ അനുമോദിക്കാന്‍ നടത്തിയ ഒരു യോഗത്തില്‍ അഴീക്കോട് കണ്ണൂരിലെ മറ്റൊരു ബീഡിയാണ് അവതരിപ്പിച്ചത്. അദ്ദേഹം കിലേഹഹലരൗേമഹ റലാീരൃമര്യ-യെപ്പറ്റിയാണ് പറഞ്ഞു തുടങ്ങിയത്. ഏതന്‍സില്‍ സോക്രട്ടീസും പ്ലേറ്റോയും വലിയ ചിന്തകന്മാരായി നിലകൊള്ളുമ്പോള്‍ അവിടെ അടിമകളും ഉണ്ടായിരുന്നു. അക്കാലത്ത് ഇന്ത്യയില്‍ പ്രഭാപൂരിതങ്ങളായ നക്ഷത്രങ്ങള്‍ ഉദിച്ചുനിന്നിരുന്നു. ഉപനിഷത്കാലത്തു വേദാന്തചര്‍ച്ചകളില്‍ സ്ത്രീകളുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ഈ ചര്‍ച്ചകളില്‍ ഗര്‍ഭിണികള്‍ പോലും പങ്കെടുത്തു. ജനകമഹാരാജാവിന്റെ കാലത്തു പണ്ഡിതസദസ്സില്‍ സ്ത്രീകളും ഉണ്ടായിരുന്നു. അക്കാലത്തു സ്ത്രീപുരുഷ സമത്വമുണ്ട്. ഇങ്ങനെ ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് പ്രസംഗിച്ച അഴീക്കോട് ഫലിതത്തിലൂടെ പുതിയൊരു ചിന്ത ഇങ്ങനെ അവതരിപ്പിച്ചു: ""ചിന്തയുടെ ലോകത്ത് നമ്മള്‍ ഗ്രീസിനൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ രാജ്യത്തു ഉദിച്ചുനിന്നിരുന്ന പ്രഭാപൂരിതമായ നക്ഷത്രങ്ങള്‍ ഇടിയേറ്റ് മങ്ങുന്നു. ഈ നക്ഷത്രങ്ങള്‍ സാധുബീഡി പോലെയായി. സാധുബീഡി എന്നു പറയുന്നതു സാധുക്കളായ ഋഷികളെ മറക്കുന്ന ഒന്നായി മാറിയിരിക്കുന്നു. അതിന്റെ പടത്തില്‍ ഒരു സാധുവിനെയാണ് കാണുന്നത്. എന്നാല്‍ ആ സാധുവിനെ അതിന്റെ പുക മൂലം മറയ്ക്കുന്നു. അങ്ങനെ ഈ സാധുബീഡി ഉണ്ടല്ലോ എന്നാണ് അതിന്റെ പരസ്യം! ഇങ്ങനെയാണ് നമ്മുടെ പുരാതന നക്ഷത്രങ്ങളുടെ കഥകള്‍. ഇന്നു പ്രഭാപൂരിതമായ നക്ഷത്രങ്ങളില്ല. സാധുവിനെ സാധുബീഡിയുടെ പുക മറയ്ക്കുന്നതു പോലെ നക്ഷത്രങ്ങള്‍ പുക മൂലം മറയ്ക്കപ്പെട്ടിരിക്കുന്നു.'' ഇപ്രകാരം മങ്ങിപ്പോയ പ്രഭാപൂരിതമായ നക്ഷത്രങ്ങളെ നമ്മുടെ കുട്ടികള്‍ ഉദ്ദീപിപ്പിക്കണമെന്നുള്ള ആഹ്വാനത്തോടെയായിരുന്നു അഴീക്കോട് പ്രസംഗം നിര്‍ത്തിയത്.
1988-ല്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദണ്ഡിയാത്രയുടെ പുനരാവിഷ്ക്കരണം നടത്തിയിരുന്നു. പിറ്റേന്ന് തിരുവനന്തപുരത്തു പ്രസംഗിക്കാന്‍ വന്ന അഴീക്കോട് നവഭാരതവേദിയുടെ ചടങ്ങില്‍ ഇങ്ങനെ പറഞ്ഞു:
""ദൈവമേ, ഈ നേതാവിനു തന്റെ അണികളെ ശംഖുമുഖത്തെ കടലിലേക്ക് നയിക്കാന്‍ തോന്നിയില്ലല്ലോ. വാസ്തവത്തില്‍ ഇന്നലെ അതായിരുന്നു ചെയ്യേണ്ടിയിരുന്നത്...''
തിരുവനന്തപുരത്തെ മറ്റൊരു പ്രസംഗത്തില്‍ നിഷ്കൃയനായ ഒരു എം.പിയെ ഇങ്ങനെ പരിഹസിച്ചു: ""ഇവിടെ ഒരു നേതാവ് പാര്‍ലമെന്റില്‍ പോയിട്ട് ആകെ എഴുന്നേറ്റത് മുണ്ടഴിഞ്ഞപ്പോള്‍ ഉടുക്കാന്‍ വേണ്ടിയാണ് എന്ന് ഒരു പത്രത്തില്‍ വായിച്ചു. എന്റെ അറിവ്, മുണ്ടഴിഞ്ഞിട്ടും അദ്ദേഹം എഴുന്നേറ്റില്ല എന്നാണ്.''
തിരുവനന്തപുരത്തു 2011-ല്‍ പരുമല മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ അഴിമതിക്കാരെ ഇങ്ങനെ പരിഹസിച്ചു: ""പഴയ നേതാക്കന്മാര്‍ ജയിലില്‍ കിടന്നതിനുശേഷമാണ് മ്രന്തിമാരായിട്ടുള്ളത്. എന്നാല്‍ ഇപ്പോഴാകട്ടെ മന്ത്രിയായതിനുശേഷം നേതാക്കന്മാര്‍ നേരെ ജയിലിലേക്കാണ് പോകുന്നത്.''
അഴീക്കോടിന്റെ പ്രഭാഷണജീവിതത്തിലെ അവിസ്മരണീയമായ ഒരേടാണ് "ഭാരതീയം'. 1993 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ആറുവരെ തൃശൂരില്‍ "ഭാരതീയതായജ്ഞം പ്രഭാഷണ സപ്താഹം' എന്ന പേരില്‍ നടത്തിയ ഈ പ്രഭാഷണ പരമ്പര ശ്രോതാക്കള്‍ക്കു ഭാരതീയ സംസ്കാരത്തിന്റെ സമഗ്രചൈതന്യമാണ് സമ്മാനിച്ചത്. ബാബ്‌റി മസ്ജിദ് തകര്‍ത്തതിനു ശേഷം അഴീക്കോട് പലയിടങ്ങളില്‍ പോയി വര്‍ഗീയതയ്ക്ക് എതിരേ പ്രസംഗിച്ചിരുന്നല്ലോ. ഈ പ്രസംഗങ്ങള്‍ക്ക് ഇടയിലായിരുന്നു അദ്ദേഹത്തിനു വധഭീഷണി ഉണ്ടായത്. ഇപ്രകാരം വധഭീഷണി നിലനില്‍ക്കുമ്പോള്‍ അദ്ദേഹം എറണാകുളം മഹാരാജാസ് കോളജില്‍ ഒരു പ്രഭാഷണത്തിനു പോയി. കവി കെ.ജി. ശങ്കരപ്പിള്ള അന്നവിടെ മലയാളം അധ്യാപകനാണ്. ഭാരതീയ സംസ്കാരത്തിന്റെ പ്രഭാപൂരിതമായ ചൈതന്യം വെളിപ്പെടുത്തുന്ന തരത്തില്‍ ഒരു പ്രസംഗപരമ്പര നടത്തണമെന്നു അന്നു നിര്‍ദ്ദേശിച്ചതു കെ.ജി. ശങ്കരപ്പിള്ളയായിരുന്നു.
അങ്ങനെയാണ് തൃശൂരില്‍ പബ്ലിക് ലൈബ്രറിയുടെ അങ്കണത്തില്‍ "ഭാരതീയതായജ്ഞം പ്രഭാഷണ സപ്താഹം' സംഘടിപ്പിക്കപ്പെട്ടത്. പബ്ലിക് ലൈബ്രറിയുടെയും ഫാദര്‍ ജോര്‍ജ് പുലിക്കുത്തിയേലിന്റെ ചുമതലയില്‍ നടത്തിയിരുന്ന ജനനീതിയുടെയും നേതൃത്വത്തില്‍ പത്തുപന്ത്രണ്ടു സംഘടനകളുടെ സഹകരണത്തോടെയായിരുന്നു ഈ പ്രഭാഷണ സപ്താഹം നടത്തിയത്. ഭാരതീയ സംസ്കാരത്തിന്റെ ഭിന്നവശങ്ങള്‍, ഭാരതീയ സംസ്കൃതി, ആത്മീയദര്‍ശനം, തത്ത്വചിന്ത, ഭാരതീയ സാഹിത്യവും കലയും, സ്വാതന്ത്ര്യസമര കഥ, സ്വാതന്ത്ര്യത്തിനു ശേഷമുണ്ടായ മൂല്യക്ഷയം എന്നിങ്ങനെയുള്ള വിഷയങ്ങളാണ് സപ്താഹത്തില്‍ അഴീക്കോട് അവതരിപ്പിച്ചത്. ഈ പ്രസംഗങ്ങള്‍ ക്രോഡീകരിച്ചു പുസ്തകരൂപത്തില്‍ തയ്യാറാക്കിയതാണ് അഴീക്കോടിന്റെ "ഭാരതീയത' എന്ന പുസ്തകം.
പബ്ലിക് ലൈബ്രറിയുടെ ഹാളില്‍ തയ്യാറാക്കിയ പരിപാടി ശ്രോതാക്കളുടെ ബാഹുല്യം നിമിത്തം ലൈബ്രറിയുടെ അങ്കണത്തിലേക്കു മാറ്റേണ്ടി വന്നു. പ്രഭാഷണ പരമ്പരയ്ക്കു വലിയ സ്വീകരണമാണ് ലഭിച്ചത്. മലയാള മനോരമ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ഓരോ ദിവസവും നല്‍കി. പ്രഭാഷണ പരമ്പരയുടെ വിജയത്തെപ്പറ്റി അഴീക്കോട് ഇങ്ങനെ എഴുതി:
""ഒടുവിലത്തെ നാള്‍ പ്രഭാഷണം തീര്‍ന്നിട്ടും സദസ്യര്‍ അവിടെത്തന്നെ ഇരിക്കുന്നതു കണ്ട് പ്രസംഗകനും പ്രവര്‍ത്തകരും ഒരു പോലെ സന്തോഷിക്കുകയും വേദനിക്കുകയും ചെയ്തു. ഏഴു ദിവസം കൊണ്ട് വളര്‍ന്നു വന്ന ഹൃദയബന്ധത്തിന്റെ ഏതോ മാധുര്യം ഇതിനിടയില്‍ ഉറന്നുനില്‍ക്കുകയായിരുന്നു.''
ഭാരതീയം പ്രസംഗപരമ്പര കഴിഞ്ഞപ്പോഴാണ് അഴീക്കോടിന്റെ വധഭീഷണി ഒഴിഞ്ഞുപോയത്. അവസാനദിവസത്തെ പ്രസംഗം കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ സംഘപരിവാര്‍ അംഗമായ ഉണ്ണിവക്കീല്‍ അഴീക്കോടിനെ ഫോണില്‍ വിളിച്ചു - പ്രസംഗം കേട്ടപ്പോള്‍ വധിക്കേണ്ടതില്ലെന്നു തോന്നിയെന്നു പറഞ്ഞു.
പ്രസംഗജീവിതത്തില്‍ മറക്കാനാവാത്ത ഒട്ടേറെ മുഹൂര്‍ത്തങ്ങളും സംഭവങ്ങളും വേറെയുണ്ട്. അതിലൊന്നാണ് അഴീക്കോട് മഴ തടഞ്ഞ പ്രസംഗം! മംഗലാപുരം സെന്റ് അലോഷ്യസ് കോളജില്‍ ശിഷ്യന്മാരായ രണ്ടുപേര്‍ പില്‍ക്കാലത്തു കേരളത്തില്‍ അറിയപ്പെടുന്ന വൈദികശ്രേഷ്ഠന്മാരായിരുന്നു. ഒരാള്‍ ചിന്തകനായ ഫാ.ഡോ.എ. അടപ്പൂര്‍. മറ്റൊരാള്‍ ബിഷപ്പ് മാക്‌സ്‌വെല്‍ നൊറോണ. ഈ രണ്ടുപേരും കേരളത്തില്‍ പലയിടത്തും അഴീക്കോടിനൊപ്പം വേദികള്‍ പങ്കിട്ടിട്ടുണ്ട്. മാക്‌സ്‌വെല്‍ നെറോണ 1980 സെപ്റ്റംബര്‍ 17-നാണ് മെത്രാനായത്. കോഴിക്കോട് ലത്തീന്‍ രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായ അദ്ദേഹത്തിന്റെ ഹസ്താഭിഷേകം കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ വച്ചായിരുന്നു നടത്തിയത്. ഈ അഭിഷേകദിനം കോഴിക്കോട്ട് ഒരു വലിയ ആഘോഷമായി നടത്തിയതു കൊണ്ടായിരുന്നു മേയറുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതുജനങ്ങള്‍ക്കു കൂടി പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ ആരാധനയുടെയും തുടര്‍കര്‍മ്മങ്ങളുടെയും വേദി മാനാഞ്ചിറ മൈതാനിയില്‍ ഒരുക്കിയത്. ചടങ്ങുകള്‍ക്കുശേഷം നവാഭിക്ഷിക്തന് അവിടെ പൗരസ്വീകരണവും ഒരുക്കിയിരുന്നു. ബിഷപ്പിനെ അനുമോദിക്കാന്‍ ഗുരുവായ അഴീക്കോട് മുഖ്യപ്രഭാഷകനായി എത്തി.
ഹസ്താഭിഷേക ചടങ്ങുകള്‍ ഉച്ചയ്ക്കു മൂന്നു മണിയ്ക്കുശേഷമായിരുന്നു. കോഴീക്കോട് രൂപതയില്‍ നിന്നു ഒട്ടേറെ വിശ്വാസികള്‍ക്കു പങ്കെടുക്കേണ്ടതുണ്ട്. എന്നാല്‍ അന്ന് രാവിലെ മുതല്‍ മഴ തുടങ്ങി. അത്ഭുതമെന്ന് പറയട്ടെ രണ്ടര മണിയായപ്പോള്‍ മഴ പെട്ടെന്നു നിന്നു. അഭിഷേക ചടങ്ങുകള്‍ പൂര്‍ത്തിയായെങ്കിലും അനുമോദന സമ്മേളനം കൂടി നടക്കാനുണ്ട്. മഴ വീണ്ടും പെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. അതിനാല്‍ ഗുരുവായ അഴീക്കോടിനെ മുഖ്യപ്രഭാഷണത്തിനു ക്ഷണിച്ചു. അന്നത്തെ കാലാവസ്ഥയുടെ അത്ഭുതത്തെപ്പറ്റിയും അഴീക്കോടിന്റെ പ്രസംഗത്തെപ്പറ്റിയും ബിഷപ്പ് മാക്‌സ്‌വെല്‍ നൊറോണ "കുടുംബദീപം' മാസികയില്‍ എഴുതിയിട്ടുണ്ട്. ""എണ്ണായിരത്തോളം പേര്‍ പങ്കെടുത്ത അഭിഷേക കര്‍മ്മങ്ങളും വേദിയിലെ മനോഹരമായ സംവിധാനങ്ങളും കണ്ട് പ്രകൃതിതന്നെ സ്തംഭിച്ചുനിന്നു'' എന്നു പറഞ്ഞുകൊണ്ടായിരുന്നു സുകുമാര്‍ അഴീക്കോട് പ്രസംഗിച്ചു തുടങ്ങിയത്. അഴീക്കോടിന്റെ പ്രസംഗം കേള്‍ക്കാന്‍ വിശ്വാസികള്‍ കാതോര്‍ത്തിരുന്നു. ആ പ്രസംഗം തീരും വരെ മഴ പെയ്തില്ല. ശ്രോതാക്കള്‍ മാത്രമല്ല പ്രകൃതിയും അന്ന് പ്രസംഗം കേട്ട് സ്തംഭിച്ചുനിന്നു. ഇതേപ്പറ്റി ബിഷപ്പ് നൊറോണ ഇങ്ങനെ എഴുതി: ""അനേകം ചരിത്രസംഭവങ്ങള്‍ക്കു സാക്ഷിയായിരിക്കുവാന്‍ ഇടയുള്ള കോഴിക്കോട് മാനാഞ്ചിറ മൈതാനം, പ്രകൃതിയും അസാധാരണമായ ഈ സംഭവവും പ്രാര്‍ത്ഥനയുടെ പരിശുദ്ധ നിശ്ശബ്ദതയില്‍പ്പെട്ട് ജീവിതത്തില്‍ നമുക്കു തേടിപ്പിടിക്കാന്‍ ശ്രമിച്ചാല്‍ പോലും കിട്ടാത്ത ചില സുവര്‍ണ്ണ അനുഭൂതികളെ സഞ്ചയിക്കുന്ന സന്ദര്‍ഭങ്ങളും കണ്ട് പകച്ചുപോയി. ഇവിടെ പ്രകൃതി സ്തബ്ധയായി. മഴ പോലും പെയ്യാതെ നിന്നു പോയി.''
അധ്യാപനം അഴീക്കോടിന്റെ പ്രസംഗശൈലിയെ സ്വാധീനിച്ച ഒരു ഘടകമാണ്. സത്യത്തില്‍ അദ്ദേഹം പ്രസംഗത്തിലൂടെ കേരളം മുഴുവന്‍ ഒരു ക്ലാസ്മുറി ആക്കുകയായിരുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: ""കുറഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്ന രീതി ക്ലാസില്‍ തുടങ്ങിയതാണ്. പ്രസംഗത്തിനു അധ്യാപനത്തില്‍നിന്നു ലഭിച്ച ഒരു നേട്ടം ഇതാണെന്നു പറയാം. ഉറക്കെ സംസാരിച്ചാലെ ജനം ശ്രദ്ധിക്കൂ എന്നൊരു ധാരണയുണ്ട്.''
ഏറ്റവും നല്ല പ്രഭാഷണം ക്ലാസ്സില്‍ കുട്ടികളോടു ചെയ്യുന്നതാണെന്നും അഴീക്കോട് പറഞ്ഞിട്ടുണ്ട്. പതുക്കെ, ശബ്ദം ഉയര്‍ത്താതെ ആദ്യന്തം ക്ലാസെടുത്തിരുന്നത്. ക്ലാസെടുക്കുന്ന സമയത്തു പുറത്തു വരാന്തയില്‍ കൂടി പോകുന്നവര്‍ക്കു ഒന്നും കേള്‍ക്കാന്‍ കഴിയില്ല. ""ക്ലാസ്സില്‍ അട്ടഹസിച്ചു തുടങ്ങിയാല്‍ പിന്നീട് ശബ്ദമില്ലാതെ അവസാനിപ്പിക്കേണ്ടി വരു''മെന്നു അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.

Facebook Comments

Comments

  1. Ninan Mathulla

    2021-04-19 16:37:25

    Very good! Thanks for the series.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കുട്ടികളെ കോവിഡ് ബാധിക്കാത്തതിനു പിന്നില്‍ (ജോര്‍ജ് തുമ്പയില്‍)

ശവം തീനി കഴുകന്മാര്‍ (ദല്‍ഹികത്ത്: പി.വി.തോമസ്)

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

MEET MY GRANDMA, SHE”S AN INDIAN (Sreedevi Krishnan)

ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-16: ഡോ. പോള്‍ മണലില്‍)

ട്രോളര്‍മാര്‍ അരങ്ങു തകര്‍ക്കുന്നു, അങ്ങ് കേരളത്തില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

View More