-->

EMALAYALEE SPECIAL

പാരിസ്:കമിതാക്കളുടെ നഗരം (സൗമ്യ സാജിദ്)

Published

on

ലോക അത്ഭുത കാഴ്ച എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്കുള്ള  പ്രയാണമായിരുന്നു ശേഷം ദിനങ്ങൾ. ബിസിനസ് ആവശ്യത്തിനായി ദുബായയിൽ  മൂന്നുമാസം  തങ്ങാൻ അവസരം ലഭിച്ചത്  മുതലാക്കി യൂറോപ്പിലേക്ക് തിരിക്കാൻ രഹസ്യ ദൗത്യം ആസൂത്രണം  ചെയ്തു. ഈജിപ്ത് യാത്രയാൽ  സമ്പാദ്യപ്പെട്ടി കാലിയായി തീർന്നതിനാൽ സ്വർണാഭരണം പണയം വയ്ക്കുക എന്ന ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യ യാത്രയുടെ അനുഭവ സമ്പത്തിനാൽ കൈമുതലായ അമിത ആത്മവിശ്വാസം മൂലം മുറി നേരത്തെ ബുക്ക് ചെയ്തില്ല. ഇന്നത്തെ പോലെ ഓൺലൈൻ ബുക്കിംഗ് സുലഭം അല്ലാത്ത കാലഘട്ടമായിരുന്നു അത്. പാരീസിൽ എത്തിച്ചേർന്ന്,  അവിടെ നിന്നു യൂറോപ്പിലെ പല ഭാഗങ്ങളിലേക്കും  സഞ്ചരിച്ചു  തിരിച്ച് പാരീസിൽ നിന്ന് മടക്കയാത്രയായിരുന്നു ഉദ്ദേശം. എയർപോർട്ടിൽ നിന്ന്'ലഭിച്ച അറിവിൽ , 'ഷാറ്റ്ലെ 'എന്ന സ്ഥലത്തു  ഞങ്ങളുടെ ബഡ്ജറ്റിന്   യോജിച്ച മുറി ഉള്ളതിനാൽ ,  എയർപോർട്ടിൽ നിന്നും തന്നെയുള്ള റെയിൽവേ സ്റ്റേഷനിൽനിന്ന്  അങ്ങോട്ട് ട്രെയിൻ കയറി. രണ്ടര വയസ്സുള്ള സിദാൻ കുട്ടിയേയും നാലര വയസ്സുള്ള സൗര മോളെയും ഭാരിച്ച പെട്ടികളും വഹിച്ചുകൊണ്ടുള്ള,  വേഗത്തിൽ വാതിൽ അടയുന്ന, തിരക്കേറിയ തീവണ്ടിയിൽ ഉള്ള യാത്ര ശ്രമകരമായിരുന്നു.  ഭൂരിഭാഗം ബോർഡുകളും ഫ്രഞ്ച് ഭാഷയിൽ. ഓരോ സ്റ്റേഷനിൽ വണ്ടി നിർത്തുമ്പോഴും ഇറങ്ങേണ്ട  സ്ഥലത്തിന്റെ പേര് കാണുന്നോ എന്ന് നോക്കി നോക്കി നിന്നു. 'ഷാ'യിൽ തുടങ്ങുന്ന   ഒരു ഇംഗ്ലീഷ് ബോർഡ് കണ്ടപ്പോൾ  വെപ്രാളപ്പെട്ട് ഇറങ്ങി. പുറത്തേക്കുള്ള വഴി എന്നർത്ഥം വരുന്ന 'സോർട്ടി ' എന്ന ഫ്രഞ്ച് വാക്കിനെ  പിന്തുടർന്ന് നീണ്ട
 'എസ്ക്കലെയ്റ്റർ' കടന്നു ഒരുവിധത്തിൽ വെളിയിൽ എത്തി. ഹോട്ടലിന്റെ  കാറ്റലോഗ് ഒരു കടക്കാരനോട് കാണിച്ചപ്പോൾ ആണ് അറിയുന്നത് ഇറങ്ങിയ സ്റ്റേഷൻ 'ഷട്ടെടു' " ആണെന്ന്... ഇറങ്ങേണ്ടിയിരുന്നത് ആകട്ടെ 'ഷാറ്റ്ലെ   'എന്ന സ്ഥലത്തും.   അബദ്ധം പറ്റിയതറിഞ്ഞ് ഞങ്ങളിരുവരും പരസ്പരം പഴിചാരി, വലിയ പെട്ടികളും വലിച്ച്, കുട്ടികളെയും എടുത്ത്,  ഏതെങ്കിലും ഒരു ഹോട്ടൽ ലക്ഷ്യമാക്കി നടന്നു. വൃക്ഷങ്ങൾ ഇലപൊഴിക്കുന്ന ഒരു ശിശിരകാലം ആയിരുന്നു അത്. ഞങ്ങളുടെ പരിഭവങ്ങൾ കേട്ട്ന്നവണ്ണം  കാറ്റിന്റെ ചൂളംവിളിക്കനുസരിച്ചു സ്വര്ണനിറമുള്ള ഇലകൾ  കലപില കൂട്ടി നൃത്തം ചെയ്യുന്നുണ്ടായിരുന്നു.   ഇതു കണ്ട്  ഞങ്ങളുടെ കലഹം എങ്ങോ  പോയിമറഞ്ഞു. ആദ്യം കണ്ട ഹോട്ടലിൽ കയറിയപ്പോൾ " ഇന്ത്യക്കാർക്കു മുറിയില്ല" എന്ന്  ഒരു വയസ്സായ വെള്ളക്കാരി പുച്ഛത്തോടെ പറഞ്ഞു. പരിസരത്ത്  വേറെയും ഹോട്ടലുകൾ കണ്ടതിനാൽ അവിടേക്കു കയറി തിരക്കി. '  മുറി ഒഴിവുണ്ട് 'എന്ന് ചൈനക്കാരിയായ റിസപ്ഷനിസ്റ്റ് അറിയിച്ചതിനു ശേഷം ശകാരിക്കുന്ന സ്വരത്തിൽ ഒരു ആജഞ
 "ശുചിമുറിയിൽ തറയിൽ വെള്ളം കോരി ഒഴിക്കരുത്, അത് ഇന്ത്യക്കാരുടെ ഒരു ശീലമാണ്"എന്ന്‌.
  പറഞ്ഞത് സത്യം തന്നെ. കടലാസ് നാപ്കിൻ ഉപയോഗിച്ചുള്ള അവരുടെ വൃത്തിയാക്കൽ നമുക്ക് അസഹനീയം. സമൃദ്ധമായി വെള്ളം ഉപയോഗിച്ചുള്ള നമ്മുടെ വൃത്തിയാക്കൽ ശീലം അവർക്ക്  ദുശീലം... നിബന്ധനകൾക്ക് വിധേയപെട്ട് ലഭിച്ച മുകൾനിലയിലെ മുറിയിലേക്ക് വളഞ്ഞ കോണിപ്പടികൾ കയറി പോവേണ്ടതിനാൽ   'പടികളിലൂടെ  പെട്ടികൾ എത്തിക്കാനായി സഹായിയെ വിട്ടു തരുമോ? ' എന്ന ചോദ്യത്തിന് '"നിങ്ങളുടെ ലഗേജ് നിങ്ങൾ തന്നെ ചുമന്നു കൊള്ളൂ...  ഭർത്താവ്  ഉണ്ടല്ലോ സഹായിക്കാൻ"എന്ന  ചുട്ടമറുപടി തീപാറുന്ന നോട്ടത്തിന്റെ മേമ്പൊടിയോടെ ലഭിച്ചു. മനസ്സ് നിറഞ്ഞു. അന്നാട്ടിലെ വർണ വിവേചനവും കറുത്ത തൊലിക്കാരോടുള്ള  അവഗണനയും വേദനിപ്പിക്കുന്ന ആദ്യാനുഭവമായി മാറി.
            
പാരിസിന്റെ  അഭിമാനം  എന്നറിയപ്പെട്ടിരുന്ന" ഈഫൽ ടവർ "എന്ന ഇരുമ്പിൽ തീർത്ത വിസ്മയമായിരുന്നു ആദ്യ ലക്ഷ്യം. പതിനായിരം ടൺ ഇരുമ്പു ഉപയോഗിച്ച് മൂന്നു നിലകളിലായി 324 മീറ്റർ ഉയരമുള്ള കൂറ്റൻ നിർമ്മിതി. ഫ്രഞ്ച് വിപ്ലവത്തിന്റെ  നൂറാം വാർഷിക ആഘോഷങ്ങളോ ടനുബന്ധിച്ച് "ഗസ്റ്റവ് ഈഫൽ "എന്ന  ആർക്കിടെക്ട് , ഫ്രാൻസിലെ വാണിജ്യ മഹിമയുടെ പ്രൗഢി ഉയർത്തിക്കാട്ടാൻ താൽക്കാലികമായി നിർമ്മിച്ചതാണിത്. സന്ധ്യ സമയത്താണ് ഞങ്ങൾ അവിടെ എത്തിയത്. മൂന്നാം നില വരെ സന്ദർശകർക്ക് പ്രവേശനം ഉണ്ട്. നീണ്ട പടിക്കെട്ടുകൾ കയറിയുള്ള യാത്രയ്ക്ക് ലിഫ്‌റ്റിലൂടെ  ഉള്ളതിനേക്കാൾ നിരക്ക് കുറവാണ്. ഓരോ നില കളിലേക്കും പ്രവേശന നിരക്ക് വ്യത്യസ്തം എന്നിരിക്കെ ലിഫ്റ്റിൽ കയറി രണ്ടാം നില വരെ കാണാൻ ഉറച്ചു. അനേകം സ്മാരക സമ്മാന കടകളും, ഹോട്ടലും  എല്ലാം അടങ്ങിയ രണ്ടാം നിലയിലെ നിരീക്ഷനാലയത്തിലെ കുഴൽ കണ്ണാടിയിലൂടെ മനോഹരമായ നഗര കാഴ്ച കാണാൻ സാധിച്ചു. ശില്പങ്ങൾ കൊത്തിയ പാലങ്ങളിലൂടെ ഒഴുകുന്ന 'സിയെൻ  നദി',  പ്രൗഢഗംഭീര കെട്ടിടസമുച്ചയങ്ങൾ എന്നിങ്ങനെയുള്ള വശ്യഭംഗിയാർന്ന പാരീസ് നഗരത്തിന്റെ   ആകാശ കാഴ്ച കണ്ട് ആസ്വദിച്ചു.ലിഫ്റ്റ് ഇറങ്ങി  താഴത്തെ നിലയിൽ എത്തി ചേർന്നപ്പോൾ ദീപത്തിൽ കുളിച്ച, വർണ്ണപ്രഭയാൽ ശോഭിച്ചിരിക്കുന്ന  ടവർ ദൃശ്യമായി.  ആയിരക്കണക്കിന് നക്ഷത്രങ്ങൾ ഒരുമിച്ചു മിന്നി മിന്നി പ്രകാശം പൊഴിക്കുന്ന നയന മനോഹര കാഴ്ച. സമയം സായംസന്ധ്യ കഴിഞ്ഞിരിക്കുന്നു. രാത്രി ആകും തോറും തണുത്ത കാറ്റ് വീശി അടിക്കുന്നു. കമ്പിളി വസ്ത്രം അണിയിച്ച മക്കളുടെ കൈയും പിടിച്ച് പുൽത്തകിടിയിലൂടെ  നടന്നു. ഇരുവശത്തും ധാരാളം വഴിവാണിഭക്കാരും,  ഉന്തുവണ്ടിയിൽ ഭക്ഷണം വിൽക്കുന്നവരും നിരന്നു നിൽപ്പുണ്ട്. ഫ്രാൻസിലെ തനത്  വിഭവമായ 'ക്രെപ്" എന്ന നേർത്ത മാവ്‌  ദോശ പോലെ പരത്തി, അകത്ത് മധുരിക്കുന്ന ചോക്ലേറ്റൊ,  ജാമോ,  ഐസ്ക്രീമോ, പഴങ്ങളോ,  അതുമല്ലെങ്കിൽ മുട്ടയോ, ചീസോ, ഇറച്ചിയോ അങ്ങിനെ ഇഷ്ടപ്പെട്ട എന്ത്  ചേരുവകൾ വേണമെങ്കിലും നിറച്ചു തിരഞ്ഞെടുത്ത ഭക്ഷിക്കാവുന്ന പലഹാരം. കിടുകിടാ വിറക്കുന്ന തണുത്ത അന്തരീക്ഷത്തിൽ,  ആവിപറക്കുന്ന പുതിയ രുചിയുടെ  സുഖമുള്ള സ്മരണയോടൊപ്പം തന്നെ ചേർത്തു വയ്ക്കണം,  ഹോട്ടലിൽനിന്ന് സൗജന്യമായി ലഭിച്ച പ്രഭാത ഭക്ഷണം കഴിഞ്ഞ്, അത്താഴം വരെ പിടിച്ചു നിർത്തിയിരുന്ന വിശപ്പിന്റെ രോദനവും.  വിശക്കുന്ന വയറിന് എന്തും അമൃത്. ഉറക്കം തൂങ്ങുന്ന കുഞ്ഞുങ്ങളെയും എടുത്ത് രാത്രി റോഡരികിൽ ടാക്സിക്കായി  കാത്തുനിന്നു. വാഹനം കിട്ടിയതിൽ ആശ്വസിച്ചു, താപം ക്രമീകരിച്ച  മുറിക്കുള്ളിൽ കമ്പിളിപ്പുതപ്പ് മൂടി ഉറക്കത്തിലേക്ക് വഴുതി വീണു.

ഇന്നത്തെ  ദിവസം പോകേണ്ടത്' ലൂവ്ര് 'മ്യൂസിയത്തിലേക്ക് ആണ്. ഗ്രീക്ക് ദൈവങ്ങളുടെ ശില്പങ്ങൾ കൊത്തിയ മനോഹര വീഥികളിൽ പിന്നിട്ട്  ടാക്സി നീങ്ങി കൊണ്ടിരിക്കുമ്പോൾ അതാ ഗോഥിക് രീതിയിൽ  നിർമ്മിച്ച നീണ്ട ഗോപുരങ്ങൾ ഉള്ള ഒരു പഴയ പള്ളി ദൃശ്യമാവുന്നു . അത്‌
'നോത്രെഡാമിലെ പള്ളി' ആണെന്ന് സാരഥി പറഞ്ഞുകേൾപ്പിച്ചു. പണ്ടെന്നോ വായിച്ച 'വിക്ടർ ഹ്യൂഗോയുടെ' നോത്രെ ഡാമിലെ കൂനൻ' മനസ്സിൽ തെളിഞ്ഞു വന്നു. കഥയുടെ പശ്ചാത്തലം ഇതേ പള്ളിയായിരുന്നു. പള്ളിയിലെ മണിയടി കാരനായിരുന്ന  വിരൂപനായ കൂനൻ, സുന്ദരിയായ നാടോടി യുവതിയെ പ്രണയിക്കുന്നതും അവളുടെ മരണശേഷം തന്റെ പ്രണയിനിയുടെ ശരീരത്തെയും പുൽകി അതേ ശവപ്പെട്ടിയിൽ തന്നെ കിടന്നു മരണം വരിക്കുന്നതുമായ  കാൽപനിക പ്രണയ കഥ. കമിതാക്കളുടെ നഗരം എന്നറിയപ്പെട്ടിരുന്ന പാരീസിൽ  നഗരത്തിലൂടെ ഊളിയിട്ടു ഇറങ്ങുമ്പോൾ  മനസ്സ് പ്രണയാർദ്രം ആവുക സ്വാഭാവികം. ലോകത്തിലെ ഏറ്റവും വലിയ കലാ മ്യൂസിയം ആയി അറിയപ്പെട്ടിരുന്ന
' ലൂവ്ര് ' യുടെ മുമ്പിൽ വാഹനം നിന്നു. മുൻഭാഗത്ത് തീർത്തിട്ടുള്ള പ്രശസ്തമായ ഗ്ലാസ് പിരമിഡ് രൂപം പ്രഭാതരശ്മിയുടെ  കിരണങ്ങളാൽ  വെട്ടിത്തിളങ്ങുന്നു! വിശ്വോത്തര ശില്പങ്ങളും,  കലാസൃഷ്ടികളും, പെയിന്റിംഗ് കളും , കൊണ്ട് സമ്പന്നമായ മ്യൂസിയത്തിലെ  വിലമതിക്കാനാകാത്ത ശേഖരം, 'ഡാവിഞ്ചിയുടെ',
 'മൊണാലിസ 'യാണ്. നിർവചിക്കാനാവാത്ത 'മൊണാലിസ '' യുടെ ഭാവം എത്രയോ കവികളുടെയും സാഹിത്യകാരന്മാരുടെയും പ്രതിപാദ്യവിഷയം ആയിരിക്കുന്നു. ജീവൻ തുളുമ്പുന്ന ഈ ഛായാചിത്രം  നമ്മെ തന്നെയാണോ വീക്ഷിക്കുന്നത് എന്ന് ഓരോരുത്തർക്കും തോന്നിപ്പോകും. അന്നത്തെ പകൽ മുഴുവനും ലോകത്തെ മൊത്തം കലാസൃഷ്ടികളും സമ്മേളിച്ചിരുന്ന വിസ്മയലോകത്ത്  ചിലവഴിച്ചു. ഷോർഷോണിന്റെ 'ടെംപെസ്റ്റും ', ടൈഷാൻ, റാഫേലിന്റെയും, ചിത്രകലാ പ്രാവീണ്യം കാണാൻ സാധിച്ചതിൽ അഭിമാനം കൊണ്ടു.  വിശ്വപ്രസിദ്ധ മൊണാലിസ  പെയിന്റിംഗിന്റെ  ചെറിയ പകർപ്പും വാങ്ങി പുറത്തിറങ്ങി.
 
തെരുവിലെ കലാകാരന്മാർ തങ്ങൾ   വരച്ച ചിത്രങ്ങൾ  വിൽപ്പനയ്ക്കായി വെച്ചിരിക്കുന്നു. പണം കൊടുത്താൽ അവർ നമ്മുടെ ഛായാചിത്രവും നിമിഷ നേരത്തിനകം വരച്ചു നൽകും.  ഓരോ പെയിന്റിങ് കളുടെയും അന്തസത്ത ഉൾക്കൊള്ളാനും,  ചിന്താധാരയെ ഉദ്ധീപ്പിക്കാനും  ശ്രമിക്കവേ,  'സൗര മോൾ' കയ്യിൽ തൊട്ട് " അമ്മാ...  എനിക്ക് രണ്ടിന് പോണം "എന്ന് സ്വകാര്യം പറയുന്നു...
നേരെ കണ്ട ഒരു റസ്റ്റോറന്റിൽ  കയറി ബാത്റൂമിൽ പ്രവേശിക്കാനായി വാതിൽ തള്ളിയപ്പോൾ അത് തുറക്കുന്നില്ല. ഒരു യൂറോ അതായത് നാട്ടിലെ ഏകദേശം 100 രൂപയോളം വില വരുന്ന തുക നിക്ഷേപിച്ചാൽ മാത്രം തുറക്കുന്ന ശൗചാലയ കവാടം കണ്ട്  അന്താളിച്ചു നിൽക്കവേ,  നാണയം  നിക്ഷേപിച്ച് തുറന്ന ബാത്റൂമിലേക്കു    രണ്ട് വെള്ളക്കാരികൾ ഒരുമിച്ച് പ്രവേശിക്കുന്നു! മോനെയും  എടുത്തുകൊണ്ട് റോഡരികിൽ നിന്നിരുന്ന  ഇക്കയുടെ  അടുത്ത് ഓടി ധൃതിയിൽ പണം വാങ്ങി വന്നപ്പോഴേക്കും   വാതിലിനു പുറത്ത് ചെറിയ ക്യു.  ചില്ലറ നിക്ഷേപിച്ച് വാതിൽ തുറന്ന് ഷൂസും പാന്റും എല്ലാം അഴിച്ചു മാറ്റി കുഞ്ഞിനെ എടുത്തിരുത്തിയപ്പോൾ  ആ കുസൃതി ചിരിച്ചുകൊണ്ട് പറയുന്നു
" അമ്മാ ഇപ്പൊ ഒന്നും  വരുന്നില്ല, മുങ്ങി പോയി" എന്ന്‌.

ഇനി അവൾക്ക് രണ്ടിന് പോകാൻ ഇപ്പോഴൊന്നും  തോന്നല്ലേ ഈശ്വരാ... എന്ന് പ്രാർത്ഥിച്ചു  വെളിയിലേക്കിറങ്ങി. കുഞ്ഞുപ്രായത്തിൽ മക്കളെയും കൊണ്ടുള്ള വിദേശപര്യടനം ബുദ്ധിമുട്ട് ഉളവാക്കുന്നതെങ്കിലും,  കാഴ്ചകൾ കണ്ണുനിറയെ കാണണം എന്ന ഉത്കടമായ ആഗ്രഹം എല്ലാം അഭിമുഖീകരിക്കാനുള്ള ഊർജ്ജവും കരുത്തും നൽക്കുകയായിരുന്നു.  അവിടെനിന്ന് നേരെ പോയത് പാരീസിലെ ഫാഷൻ സാമ്രാജ്യമായി അറിയപ്പെട്ടിരുന്ന
 "ചാംപ്സ് ഡെൽസി "  എന്ന ലോകോത്തര വ്യാപാര ശൃംഖലകളുടെ തെരുവിലേക്ക്.  വിലകൂടിയ വസ്ത്രങ്ങളും,  ചെരുപ്പും,  ഹാൻഡ്ബാഗും  ലഭിക്കുന്ന കടകൾക്ക് ഉള്ളിലായി   വെളുത്തു മെലിഞ്ഞ സുന്ദരികളെ കാണുന്നു. അവർ  ഫാഷൻ മോഡലുകളെ പോലെ "പൂച്ച നടത്തം "നടന്നാണ് നീങ്ങുന്നത്.   നമ്മുടെ നാട്ടിൽ ആളുകൾ സവാരിക്കിറങ്ങുന്നതു  കയ്യിൽ കുട്ടികളെയും പിടിച്ചാണ്  എങ്കിൽ, അവിടെ എല്ലാവരുടെയും കയ്യിൽ കാണുക നല്ല ചന്തമുള്ള പട്ടികളെ ആയിരിക്കും.  ഇതെല്ലാം കണ്ട് ഒന്നും വാങ്ങാതെ തന്നെ എല്ലാം സ്വന്തമാക്കിയ ഒരു നിർവൃതിയിൽ നേരെ നടന്നെത്തിയത്
' ആർക്ക്‌ ഡി ട്രയംഫ് 'എന്ന വമ്പൻ കവാടത്തിനു മുന്നിൽ. ഫ്രഞ്ച് വിപ്ലവത്തിലും, ഒന്നാം ലോകമഹായുദ്ധത്തിലും  ജീവത്യാഗം ചെയ്ത ഭടന്മാരുടെ  സ്മരണാർത്ഥം ക്ലാസിക്കൽ രീതിയിൽ പണി തീർത്ത കൂറ്റൻ കവാടം. ഫ്രഞ്ച് സംസ്കാരത്തിന്റെ ആഢ്യത്തം ഉയർത്തിക്കാട്ടാൻ എന്ന മട്ടിൽ വീഥികൾക്കു  നടുവിലായി ശിരസ്സുയർത്തി നിൽക്കുന്നു. അവിടത്തെ ഉന്തുവണ്ടി കച്ചവടക്കാരിൽ നിന്ന് സ്ട്രോബറി പഴവും ക്രീം നിറച്ച്, മൊരിഞ്ഞ, നല്ല  ചൂടുള്ള 'വാഫിൾ ' വാങ്ങി ആർത്തിമൂത്തു  അകത്താക്കിയത്, അപ്പോൾ നാവു പൊള്ളിയത്, ജാള്യത കാരണം  പ്രിയതമനോട് രഹസ്യമാക്കി വച്ചത്,  ഇപ്പോൾ വർഷങ്ങൾക്കുശേഷം സഞ്ചാര കുറിപ്പിലൂടെ ഇത് രേഖപ്പെടുത്തുന്നത്, എല്ലാം മുകളിൽ ഇരിക്കുന്ന ആളുടെ ചെറിയ കളികൾ മാത്രം! രാത്രിയായപ്പോൾ തിരിച്ചു റൂമിൽ എത്തി അവിടെ   ഇന്ന് കണ്ട തെരുവിലെ പ്രസിദ്ധമായ 'ലിഡോ ', എന്ന ക്യാബറേ പ്രദർശനത്തിന്റെ   പ്രവേശന ടിക്കറ്റ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു. ഇത് കണ്ടപ്പോൾ ഇക്കയ്ക്ക്  ഒരു കുഞ്ഞു മോഹം. മക്കളെ മുറിയിൽ കിടത്തി ഉറക്കി നമുക്ക് പോയാലോ?  എന്നദ്ദേഹം  ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങിനെയെങ്കിൽ ഒരിക്കലും എന്നിക്ക്  മനസ്സമാധാനം കിട്ടുകയുമില്ല,  കൂടെയുള്ള ആളുടെ  സ്വസ്ഥതയും നശിക്കും എന്ന്‌  ഉറപ്പഉള്ളതിനാൽ  ഞാനൊരു മഹാ കൃത്യം ചെയ്തു. എന്റെ പ്രിയതമനെ ഒറ്റയ്ക്ക്,  വശ്യ മദാലസകളുടെ ത്രസിപ്പിക്കുന്ന മാദക നൃത്തം കണ്ടാസ്വദിക്കാൻ പൂർണമനസോടെ   അനുവാദംഈ  ഞാൻ  നൽകി, അയച്ചു.

 " കണ്ടത് മധുരം !കാണാത്തത് അതിമധുരം !"എന്നാണല്ലോ... ഇനിയുള്ള നാളുകൾ ഇറ്റലിയിലെ റോമാ സാമ്രാജ്യത്തിന്റെ അത്ഭുത  ലോകത്തേക്ക്...

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കുട്ടികളെ കോവിഡ് ബാധിക്കാത്തതിനു പിന്നില്‍ (ജോര്‍ജ് തുമ്പയില്‍)

ശവം തീനി കഴുകന്മാര്‍ (ദല്‍ഹികത്ത്: പി.വി.തോമസ്)

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

MEET MY GRANDMA, SHE”S AN INDIAN (Sreedevi Krishnan)

ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-16: ഡോ. പോള്‍ മണലില്‍)

ട്രോളര്‍മാര്‍ അരങ്ങു തകര്‍ക്കുന്നു, അങ്ങ് കേരളത്തില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

View More