ഒരുനാള്‍ ഒരു ഭിക്ഷക്കാരനെന്‍ മുന്‍പില്‍ വന്നു
തരുമോ എന്തെങ്കിലും, കനിവേകണം ചൊല്ലി;
ഇല്ല യാതൊന്നും നല്കാന്‍ എന്റെ കൈകളിലിപ്പോള്‍,
ചൊല്ലി ഞാന്‍ പൊയ് വാക്കുകള്‍, പോയകന്നു ദൂരെയായ്
അന്നൊരാദിനം രാവില്‍ നിദ്രയില്‍ മുങ്ങീടവെ
വന്നെന്റെ മുന്‍പില്‍ നിന്നു മറ്റൊരു ഭിക്ഷക്കാരന്‍
തങ്ക വസ്ത്രത്തില്‍ ദേഹം പൊതിഞ്ഞോനവന്‍ തന്റെ
രത്‌നങ്ങള്‍ പതിച്ചൊരാ പാത്രമെന്‍ മുന്‍പില്‍ നീട്ടി!
ദേവദൂതനെപൊലെ തേജസ്സില്‍ മിന്നും മുഖം
ഏറെ വിസ്മയത്തില്‍ ഞാന്‍ നോക്കിനിന്നീടും നേരം
വളര്‍ന്നീടുന്നു ക്ഷിപ്രം ആ ചെറുഭിക്ഷാപാത്രം
കളിയല്ലിതെന്നാരോ ചെവിയില്‍ മന്ത്രിക്കവെ!
മൂകമാ നിമിഷത്തില്‍ ചിന്തകളതില്‍ മുങ്ങി
ഗൂഡമീ ദൃശ്യത്തിന്റെ പൊരുള്‍ ഞാന്‍ തിരയവെ
കണ്ടിതാ എന്നെത്തന്നെ ഭീമമാ പാത്രത്തില്‍ ഞാന്‍;
ഉണ്ടെന്റെ കരത്തിലും മറ്റൊരു ഭിക്ഷാപത്രം