Image

സന റബ്സിന്റെ ഏറ്റവും പുതിയ നോവലെറ്റ് --- വെയിട്രസ്

Published on 05 May, 2021
സന റബ്സിന്റെ ഏറ്റവും പുതിയ നോവലെറ്റ് --- വെയിട്രസ്
ജീവിതത്തിലെ രുചികൾ നറുമണത്തോടെ നമ്മുടെ ടേബിളിൽ  ഒരുക്കിവെച്ചു ഭവ്യതയോടെ മാറിനിന്നു നമ്മെ വീക്ഷിക്കുന്ന   വെയിട്രസുകൾക്ക്,  ഒരു കാപ്പി നുണഞ്ഞ ഓർമ്മയിൽ ജീവിതം മുഴുവനും കാത്തിരിക്കാൻ പ്രേരണ നൽകുന്ന  ഒരുപാട് 'വെയിട്രസു'കൾക്ക് ഈ കഥ സമർപ്പിക്കുന്നു.
                      .....     .....       .....     ....

പാതിരാവിലാണ് ആ ഫോൺ മുഴങ്ങിയത്. ആദ്യത്തെ ബെല്ലിൽതന്നെ അയാൾ ഞെട്ടിയെഴുന്നേറ്റു. 
"ഹലോ..." 
" ഉറങ്ങിയോ....? " അപ്പുറത്തെ താഴ്ന്ന ശബ്ദം കേട്ട് അയാളുടെ ഉറക്കം ഒരു വമ്പൻ സ്രാവിനെപോലെ സമുദ്രത്തിനടിയിലേക്ക് ഊളിയിട്ടു മറഞ്ഞു.
" ഇല്ല... പക്ഷേ ഉണർവിലും അല്ലായിരുന്നു."
" എന്തേ....?"
"എന്തോ....  കാലിനൊക്കെ വേദനയല്ലേ കുട്ടീ...  തണുപ്പിങ്ങനെ കയറുന്നു ദേഹം മുഴുവനും.... നീയെന്താ ഉറങ്ങാത്തെ? നേരം കഴിഞ്ഞല്ലോ...." അയാൾ  എഴുന്നേറ്റു ലൈറ്റിട്ടു.  സമയം പന്ത്രണ്ടു കഴിഞ്ഞിരുന്നു. 
"ഒന്നൂല്ല...നിങ്ങൾ ഉറങ്ങിയോ എന്നോർത്ത് അൽപനേരം ഉറങ്ങാതെ ഇരുന്നു. പിന്നെ വിളിച്ചുനോക്കാന്നു വെച്ചു."
"ആഹാ,  നന്നായി. ഞാൻ ഉറങ്ങിയിരുന്നെങ്കിലോ.... " അയാൾ ചോദിച്ചു. 
"അങ്ങനെ ഉറങ്ങാറുണ്ടോ?   ജയിലിൽ പോകാനുള്ള വല്ല ചിത്രത്തിന്‍റെ  പണിപ്പുരയിൽ ആണോ എന്നറിയില്ലല്ലോ... "
"ഓഹോ... കളിയാക്കേണ്ട... രക്തം തണുത്തിട്ടില്ല." ഗൗരവം മുറുകുന്ന വാക്കിനിടയിലും അയാൾക്ക് ചിരി വന്നു.
"അതാ പറഞ്ഞെ.... അധികം രക്തം തിളപ്പിക്കേണ്ട. ഒറ്റയ്ക്കാണല്ലോ എന്നോർക്കുമ്പോൾ എനിക്കാണിപ്പോൾ ഉറക്കം വരാത്തത്."
"ആരാണിവിടെ ഒറ്റയ്ക്ക് അല്ലാത്തത് കുട്ടീ... എന്നും എല്ലാവരും അങ്ങനെയാണ്. ഒറ്റയ്ക്ക് നിൽക്കുന്നവൻ നോക്കുന്ന പോയിന്റ്ലേക്ക് കൂട്ടത്തോടെ നോക്കിക്കാൻ കഴിയുന്നവൻ രാജാവാകുന്നു. നിന്‍റെ ഊഹം ശരിയാണ്.    സ്വേച്ഛാധിപതിയായ ഒരു ഭരണത്തലവന്‍റെയും അയാളുടെ കൂട്ടത്തിന്‍റെയും തെറ്റായ നോട്ടത്തെക്കുറിച്ചുള്ള  ചിത്രത്തെക്കുറിച്ച് ഞാൻ ആലോചിക്കുന്നുണ്ട്. രാജ്യം നശിപ്പിക്കുന്ന കണ്ണുകൾ...."

"നരേൻ..... " അവൾ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു. 

"നരേൻ....  പ്രായം ശരീരത്തെ ബാധിക്കും. മനസ്സ് എത്ര ചെറുപ്പമാണെങ്കിലും... നിങ്ങളുടെ മരണമോ ജയിൽവാസമോ  അല്ലെങ്കിൽ നിങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണമോ പോലും രാജ്യം ആഘോഷമാക്കി അനുശോചിക്കും. പക്ഷേ വളരെ അടുത്തവർക്ക് മാത്രം നിങ്ങളെ നഷ്ടപ്പെടും."

"അറിയാം... " അയാൾ ശ്വാസമെടുക്കാൻ സമയമെടുത്തപോലെ ഒരു നിമിഷം കഴിഞ്ഞു തുടർന്നു.

"നിനക്ക് നഷ്ടപ്പെടും എന്നല്ലേ... എനിക്കറിയാം. ഈ  പ്രായത്തിൽ  മനസ്സിൽ അകാരണമായി കയറിക്കൂടിയ ഭീതി ഇപ്പോൾ മരണഭയമല്ല. നീയാണ്..."

"എനിക്കറിയാം മനസ്സിൽ   എന്തെന്ന്....   നാലഞ്ചുകൊല്ലം കൂടി ജീവിച്ചിരുന്നിട്ട് അത്രേം കാലം എന്നോടിങ്ങനെ ഇടയ്ക്കു ഫോൺ വിളിച്ചു സംസാരിച്ചിട്ടു പതുക്കെയങ്ങ് മരിച്ചു പോയേക്കാം എന്നല്ലേ ഇപ്പോഴത്തെ പ്ലാൻ...?"

ആ വാക്കുകളിലെ  നനവ് കേട്ട് അയാൾക്ക്‌  പൊട്ടിച്ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. 

"മീരാ.... " ചിരിയുടെ അവസാനം അയാൾ വിളിച്ചു. 

"മീരാ...  ഞാൻ എങ്ങനെ ഒറ്റയ്ക്കാവും.... നീയല്ലേ ബ്രൂ കോഫിയുടെ മണമായി എന്നെ വലയം ചെയ്തിരിക്കുന്നത്... പിന്നെ എന്തിന് ഞാൻ അസ്വസ്ഥനാവണം... എന്തായാലും ഈ നിമിഷത്തിൽ നിന്‍റെ കോഫീ ഞാൻ മിസ് ചെയ്യുന്നു."

"എന്നാൽ ഈ പാതിരാക്ക് കാപ്പിത്തോട്ടങ്ങളിൽ പോയി രാപ്പാർത്തു   മെരുകോ വെരുകോ അപ്പിയിടുന്ന കാപ്പിക്കാട്ടം പെറുക്കിയെടുത്തു  സമോവറിൽ ഓരോ കാപ്പി  തിളപ്പിച്ചു കുടിക്കാം. മതിയോ... "

 "മരപ്പട്ടി എന്ന്‌ പറ ബുദ്ദൂസേ. .. മരപ്പട്ടിയുടെ കാട്ടമാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പിയായ കോഫി ലുവാക്കോ... കേട്ടിട്ടില്ലേ...? "

പാതിരാക്കാപ്പിമണം  വായുവിൽ അലിഞ്ഞു തീരുംവരെ അവർ സംസാരിച്ചുകൊണ്ടിരുന്നു. 

നാലഞ്ചു  വർഷങ്ങൾക്ക് മുൻപാണ് ഒരു കോഫി ഡേ കഫെയിൽ അയാൾ കയറിയത്. അവിടെവെച്ചാണ് യൂണിഫോം ധരിച്ച ഒരു വെയിട്രസ് കണ്ണുകളിൽ ഭവ്യതയോടെ ചോദിച്ചത്. 

"സർ, എന്താണ് വേണ്ടതെന്നു പറയാമോ...?"
അയാൾ കുസൃതിയോടെ ചോദിച്ചു.  'നിങ്ങൾ ഇപ്പോൾ ഇവിടെ പ്ലേ ചെയ്യുന്ന പാട്ട് മാറ്റി നല്ലൊരു പാട്ട് ഇടാമോ?  അല്പം കൂടി നല്ലൊരു സോങ്..? "
അസാധാരണമായ ആ  ആവശ്യം കേട്ടു വെയ്ട്രസ് മന്ദഹസിച്ചു. അവൾ ഉടനെ പോയി പാട്ട് മാറ്റി.

"എന്തെങ്കിലും കഴിക്കാൻ വേണോ സർ?" അവൾ മെനുവുമായി വന്നു. 

  "ബ്രെഡ് നന്നായി വെണ്ണ പുരട്ടി മൊരിച്ചത് മൂന്നെണ്ണം,  കൂടെ കടുപ്പം കുറച്ച് പാൽ കൂടുതൽ ചേർത്ത് രണ്ടു ഷുഗർ ക്യൂബുകൾ മാത്രം ചേർത്ത് മുകളിൽ നിൽക്കുന്ന വെള്ളപ്പതയുടെ  മീതെ  ബ്രൂ  വിതറിയ കാപ്പി ഒന്ന്... "
മൊരിച്ച ബ്രെഡിൽ എത്തിയപ്പോഴെ അവളുടെ കണ്ണിലെ വിളക്ക്  ഒന്നാളി. അവസാനത്തെ ആവശ്യത്തിൽ അത് മുഴുവനും അണഞ്ഞു. 

"സർ, 

"യെസ്... "

"നമുക്കിവിടെ ഫിക്സ് ചെയ്ത മെനുവാണ് ഉള്ളത്.  പിന്നെ മെഷിൻകോഫിയിൽ..... " അയാൾ കൈയെടുത്തു വിലക്കി. 

"അപ്പോൾ മിസ് നിങ്ങളുടെ ചോദ്യമാണ് തിരുത്തേണ്ടത്...  എന്‍റെ ആവശ്യമല്ലല്ലോ... "

അയാൾ ചെറുചിരിയോടെ തുടർന്നു. "ശരി മിസ്,  ഇവിടെ സ്‌റ്റവ്  ഉണ്ടോ... "

"സർ....? "

"പേടിക്കേണ്ട,  സ്റ്റവ് വിൽക്കുന്നോ എന്നല്ല... "

ആ കണ്ണുകളിൽ ചോദ്യഭാവം... 

"ഉണ്ടെങ്കിൽ നിങ്ങളുടെ പൌഡർ ചേർത്ത് ഞാൻ പറഞ്ഞ പ്രകാരം ഒരു കോഫി പ്ലീസ്... "

അവൾ അകത്തേക്ക് പോയി അല്പം കഴിഞ്ഞു കോഫിയുമായി വന്നു. 

അയാൾ ഒരു കവിൾ എടുത്തു സാവധാനം നുണഞ്ഞു അവളെ നോക്കി. 

കണ്ണുകളിൽ പരിഭ്രമം.... ശരിയായോ എന്ന ചോദ്യം. 

അയാൾ ചിരിച്ചുകൊണ്ട് ആ മിഴികളിലെ പരിഭ്രമം ഊതിക്കെടുത്തി. 

വീണ്ടുമൊരു സായാഹ്നത്തിൽ അയാൾ അവളുടെ നെയിം ടാഗിൽ നോക്കി വായിച്ചു.....
മീരാ കാശിനാഥ്. 

ഇങ്ങനെയുള്ള  ഇളംസായാഹ്നംങ്ങളിൽ അയാൾ അലസനാകും.  മാളിലെയോ ഹോട്ടലിലെയോ അപ്പുറത്തെ മേശയിലെ ഉറക്കെയുള്ള ജീവിതങ്ങൾ കണ്ടു ചിരിക്കും. റോഡിലൂടെ നടന്നുപോകുമ്പോൾ  പരിചയമുള്ളവരോടു ചിരിച്ച്  കുശലം പറഞ്ഞു നേരം ഇരുട്ടുമ്പോൾ വീട്ടിലേക്കുള്ള  ബസ്സിൽ കയറും. 

"മീരാ... ഇതൊന്ന് നോക്കു..." ഒരുനാൾ അയാൾ ഒരു കവർ അവളുടെ നേരെ നീട്ടി.

വലിയൊരു ചിത്രം! ആഹാരം ഓർഡർ ചെയ്യുന്ന ഒരു ഫാമിലിയുടെ ടേബിൾ... അവരുടെ പ്ലേറ്റുകളിൽ ബാക്കിയാവുന്ന  ആഹാരം  പ്ലേറ്റിൽ നിന്നേ മുളച്ചു നെൽമണികൾ ആവുന്നു... ഗോതമ്പാകുന്നു... 
പഫ്സിൽ നിന്നും പീസാപീസുകളിൽ നിന്നും ഒലിവ് ചെടികളും ചെറിമരങ്ങളും പൂക്കുന്നു!
മൽസ്യങ്ങൾ  കടലിലേക്കും മാംസം  ആട്ടിൻകുട്ടികളായും  കോഴിയായും  തിരികെ മടങ്ങുന്നു! അപ്പുറത്ത് ഒരു പറ്റം മെലിഞ്ഞ കുട്ടികളിലേക്ക് എത്തിപ്പെടാൻ വെമ്പുന്ന മൽസ്യങ്ങൾ! നെൽമണികൾ…
വിശക്കുന്നവന്‍റെ വയറിലേക്ക് എത്തി നോക്കുന്ന ആഹാരസാധനങ്ങൾ!
ആ ചിത്രം കണ്ട് മീര വിസ്മയാധീനായായി.
"നിങ്ങൾ....?  നിങ്ങൾ ചിത്രകാരനാണോ....?"
അയാൾ ചിരിച്ചു. "ഇത് നിങ്ങളുടെ ഷോപ്പിൽ തൂക്കിക്കൊള്ളൂ... ഇവിടെ വരുന്നവർ അറിയട്ടെ അവർ പാഴാക്കുന്ന ഓരോ തരിയും അവരുടേതല്ല എന്ന്‌.... അതിന് അവകാശികൾ വേറെയുണ്ടെന്ന്....."
മാനേജർ ആളെ തിരിച്ചറിഞ്ഞു ഓടി വരുമ്പോഴേക്കും അയാൾ ഇറങ്ങി നടന്നു കഴിഞ്ഞിരുന്നു..

   അന്നും പതിവുള്ള ബസിന് അയാൾ കൈ കാട്ടി. നല്ല പാട്ടുകളാണ് ആ ബസ്സിലേക്ക് കൈ നീട്ടിക്കുന്നത്.  ഡ്രൈവറുടെ അരികിൽ മുകളിൽ തൂങ്ങുന്ന അയ്യപ്പന്‍റെ പടത്തിൽ നിന്നും വിവിധതരം ലൈറ്റുകൾ ഒഴുകി ബസ്സിനുള്ളിൽ ഒരു ചെറിയ മ്യൂസിക് റാമ്പ് ഉണ്ടാക്കി. തണുപ്പ്.... പാട്ട്.... മങ്ങിയ വെളിച്ചവും ഇരുട്ടും... 
ജോലി കഴിഞ്ഞു പോകുന്ന പലരും പാട്ടിന്‍റെ ശീലിൽ  സീറ്റിൽ ചാരിക്കിടന്നു വിരലുകളിൽ താളമിടുന്നു. 
ഒരുപക്ഷെ  ആ മനുഷ്യരെല്ലാം  അന്നന്നത്തെ   ആകുലതകൾ മായിച്ചുകളയുന്നത് വീട്ടിലേക്കുള്ള  മടക്കയാത്രയിൽ   ഇത്തരം പാട്ടുകൾ കേട്ടാവാം.
 ഇറങ്ങാനുള്ള സ്റ്റോപ്പ്‌ എത്തുമ്പോൾ അയാളെ പ്രലോഭിപ്പിച്ചുകൊണ്ട് ആ ഈണം വന്നു .  'കൊഞ്ചിക്കരയല്ലേ... മിഴികൾ നനയല്ലേ.... ഇളമനമുരുകല്ലേ...'
     ആ പാട്ടിനു അമ്മയുടെ നെൽവയലിൽനിന്നും കയറിവന്ന കരമുണ്ടിന്‍റെ മണമുണ്ട്.  നെല്ല്  കൊയ്തും കളിമണ്ണിന്‍റെ  കലങ്ങൾ ഉണ്ടാക്കിയും വല്ലപ്പോഴും മിച്ചം  കിട്ടുന്ന പണം എണ്ണിനോക്കി  തലേന്ന് തന്നെ അമ്മ പറയും. 'ഡാ കുട്ടാ, നാളെ നമുക്ക് സിനിമയ്ക്ക് പോണം... നീ ടീച്ചറോടു ചോയ്ച്ചു  ഉച്ചയ്ക്ക് വായോ…"
"എനിക്കൊന്നും മേല, ടീച്ചർ അടിക്കും.... ഉച്ചയ്ക്ക് തുന്നൽ ക്ലാസ്സ്‌ ഉള്ളതാ..."  അന്നത്തെ കുട്ടി തലവെട്ടിക്കും. 
" ഓ പിന്നേ.... ഉച്ചയ്ക്ക് മൂന്നാല് ടീച്ചർമാർ വട്ടം കൂടി ചോറുണ്ടു കൊറേ  കൊതീം നുണേമ്    പറഞ്ഞു നാല് ബെഞ്ച് കൂട്ടിയിട്ടങ്  ഉറങ്ങുന്നതല്ലേ   അന്‍റെ തുന്നൽ ക്ലാസ്സ്‌... "
"ന്നാ അമ്മ വന്നു ചോദിക്ക്…"
"നിക്ക് നേരല്ല... നീ വേണേൽ  അന്‍റെ  പുത്തകസഞ്ചിയും  എടുത്തു ഒറ്റയോട്ടം  ഓടിക്കോ ഇങ്ങട്ട് .... "
സ്കൂളിൽനിന്നും ചാടിപ്പോകാൻ നിർദേശം അമ്മയിൽനിന്നും കേട്ട കുട്ടി അന്തിച്ചുനിന്നു.

മീനാക്ഷിക്കറിയാം  സിനിമ എന്ന് പറഞ്ഞാൽ പിന്നെ  മകന് നോട്ടം ഇല്ലെന്ന്. ടീച്ചർമാർക്കും അറിയാം മീനാക്ഷി രണ്ടാം വെള്ളിയാഴ്ച മോനേം കൊണ്ടു സിനിമാ തിയേറ്ററിൽ പോകും പുതിയ പടം വന്നാൽ എന്ന്.... അങ്ങനെ ഓടിക്കിതച്ചു  പോയിക്കണ്ട എത്രയെത്ര സിനിമകൾ! ചെറ്റച്ചുമരിലെ   ഓലപ്പഴുതിൽ ഒട്ടിച്ചുവെച്ച പച്ചസ്റ്റിക്കർ പൊട്ടും തൊട്ട്  കടലാസ്സിൽ കുടഞ്ഞു വെച്ച കുട്ടിക്യൂറാ പൌഡർ പൂശി ചതുരത്തിൽ ഒട്ടിച്ച കണ്ണാടി നോക്കി ഒരുങ്ങി മീനാക്ഷി  മോന്‍റെ എണ്ണ മിന്നുന്ന മുടിയും  ചീകിവെച്ചു  മാന്നാലിപ്പുഴയുടെ കരയിലൂടെ അവന്‍റെ  കയ്യും പിടിച്ചു ഓടും. 

"ട്യേ  മീനാക്ഷ്യേ   കൊട്ടകേൽ പടം  മാറിയോ ...? "

സുബൈദതാത്ത  അപ്പുറത്തെ കടവിൽനിന്നും  വിളിച്ചു ചോദിക്കുന്നു.  വേറെയും പെണ്ണുങ്ങൾ തുണിയലക്കുന്ന ശബ്ദം കേൾക്കാം. നിലം പറ്റിയ തെങ്ങിന്‍തടി അടി മുഴുവൻ വാങ്ങുന്നു!

"ആ.... പടം പുതീത് വന്നു. ....   ഷീലേന്‍റെ പടം... ങ്ങള് പോണില്ലേ.... "

"പോണം ട്യേ.... കൊറച്ച് ഓല മൊടയാൻ ണ്ട്. രാത്രി പോണം...."
സുബൈദതാത്തയ്ക്ക്  രാത്രിയും പോകാം. അവരുടെ കെട്ടിയോൻ കൂടെ ചെല്ലും. അവർ പോകുമ്പോൾ പലപ്പോഴും മീനാക്ഷിയും മോനും പോകാറുണ്ട്.  തുണ ഉള്ളപ്പോഴേ മീനാക്ഷി രാത്രിയിൽ പടത്തിന് പോകൂ. 
 'സർ, സ്ഥലമെത്തി...'  കണ്ടക്ടർ അയാളുടെ ഓർമ്മകളെ തോണ്ടി. 
പാട്ട് മുഴുവൻ കേൾക്കാൻ ഇയാൾ സമ്മതിക്കില്ല. വീട്ടിലേക്കു ഓടിപ്പോയി എന്താക്കാൻ. ഇങ്ങനെ ഒരരസികൻ കണ്ടക്ടർ.... 
പിണക്കേണ്ട.. നാളെ കൈ കാണിച്ചാൽ നിറുത്തിയെന്നു വരില്ല. 

 പലരും പലപ്പോഴും ചോദിച്ചു. എന്തിനാണ് കാർ ഉണ്ടായിട്ടും മിക്കപ്പോഴും ബസ്സിൽ യാത്ര ചെയ്യുന്നത്? 
എന്‍റെ നാടിന്‍റെ കാഴ്ചകൾ ഞാൻ ഒപ്പുന്നത് കണ്ണുകൾ കൊണ്ട് മാത്രമല്ല. ശരീരം കൊണ്ടും ആത്മാവുകൊണ്ടും ഒപ്പിയെടുക്കാൻ ഈ മണ്ണിൽ ചവിട്ടി നടക്കണ്ടേ... വഴിയോരങ്ങൾ എന്നെ തിരിച്ചറിയേണ്ടേ... 
ബസിലും ഓട്ടോയിലും കയറുമ്പോൾ എപ്പോഴും നാട്ടിൻപുറത്തുക്കാരനാവുന്ന ആ ചിത്രകാരനോട് എല്ലാവരും എളിയവരായി മാറി. അറിയപ്പെടാതെ നടക്കുന്നതിലായിരുന്നു അയാൾക്കെന്നും കൗതുകം.വേഷം മാറിയ രാജാവായിരുന്നു അയാൾ ഓരോ സായാഹ്നത്തിലും !

അമ്മ പറയുന്ന കഥയിലെ ഓർമ്മമാത്രമായിരുന്നു.അച്ഛൻ,  ഒരിക്കൽ ചോദിച്ചു. "അമ്മേ, അച്ഛൻ എപ്പളാ മരിച്ചേ?  എത്രാം വയസ്സിലാ മരിച്ചേ...?"
മീനാക്ഷി ചിരിച്ചു. "അച്ഛനോ... അച്ഛൻ നൂറ് വയസ്സിലോ നൂറ്റമ്പത് വയസ്സിലോ മരിച്ചു...."
കുട്ടി  അന്തംവിട്ടു അമ്മയെ നോക്കി. പിന്നീട് മനസ്സിലായി അമ്മയുടെ കൂടെ എപ്പഴും അച്ഛൻ ഉണ്ട്... അങ്ങനെ വന്നതാണ് നൂറ്റാണ്ടിന്‍റെ പഴഗന്ധം അമ്മയുടെ  മുണ്ടിന്‍റെ തുമ്പിനും വീട്ടിലെ മെഴുകിയ   തറയ്ക്കും. 
" അച്ഛനും അമ്മയും ലോഹ്യായി കെട്ടീതാണോ...?"
മേൽക്കൂരയുടെ പഴുതും അമ്പിളിയുടെ വിരലും മുത്തമിട്ട  വെള്ളിവെളിച്ചത്തിലൂടെ  അമ്മയുടെ വലതുചുണ്ടിലെ കാക്കപ്പുള്ളി തിളങ്ങിയത് അവൻ ചുരണ്ടിമായിച്ചുകൊണ്ടു ചോദിച്ചു. 
" ആടാ,  ലോഹ്യം തന്നെ. കെട്ടിക്കൊണ്ടോയടത്തു വല്യ വീടൊക്കെ ഉണ്ടേ... ന്നാ ന്‍റെ വീട്ടില് അന്ന് ഒന്നും ല്ല. ഒരു മണി അരിയോ  ഒരിറ്റ് എണ്ണയോ  മൊളകിന്‍റെ കുരുവോ  ഉപ്പിന്‍റെ കല്ലോ  നെറച്ചും കാണാൻ ഓണവും വിഷൂമെല്ലാം വരണം. ന്റേം താഴെ മൂന്നെണ്ണം ണ്ടല്ലൊ...."
"ചെറീമ്മടെ അവിടെ അന്നും കലം ണ്ടാക്കുവോ അമ്മേ... "
ഇല്ലെടാ... അത് നിന്‍റച്ഛൻ  ണ്ടാക്കികൊടുത്തതാ... അതോണ്ട് മ്മക്കും ഇപ്പൊ ജീവിക്കാമ്പറ്റി. "
ഒരു നിശ്വാസത്തോടെ  മീനാക്ഷി കണ്ണുകൾ പൂട്ടി.  
താൻ അച്ഛൻ മരിച്ചപ്പോൾ ചേറ്റിലേക്കു ഇറങ്ങിയതാണ്‌.  താഴെയുള്ള മൂന്നെണ്ണത്തിനു കഞ്ഞിയെങ്കിലും കൊടുക്കണം.  തലയിൽ ഇത്തിരി  എണ്ണ പൊത്താനും സ്കൂളിൽ അയക്കാനും അമ്മയെക്കൊണ്ട് മാത്രം കൂടിയില്ല. ഇളയവൾ ഭാമയും പഠിപ്പു നിറുത്തി ചേറ്റിൽ ഇറങ്ങി. എന്തെടുത്തു  പഠിക്കാൻ....

നിലമ്പൂർ  തേക്കിൻകാട്ടിൽനിന്നും കിഴക്കോട്ടു പോയാൽ   കാടിനുള്ളിൽതന്നെ നാട്ടുഗ്രാമങ്ങളുണ്ട്. 
ആറ്റുദർഭകൾ  കണ്ണെത്താദൂരത്തോളം നിറഞ്ഞു കിടക്കുന്ന പുഴയോരത്ത്‌ പണിക്കു മുട്ടൊന്നും ഇല്ല. നെല്ലിന് കാലമാവുമ്പോൾ ആ പണിയും  കിട്ടും.  മാന്നാലിപ്പുഴയുടെ നെടുകെയുള്ള പാലം കേറി പോയാൽ 'അയിനിക്കടവ് ' ആയി.  മാപ്ലാരുടെ പറമ്പിൽ പച്ചക്കറി കൃഷിയുണ്ട്.  മത്തനും കിഴങ്ങും  ചേനയും പടവലവും പാവലും  അടക്കം കൃഷി പന്നിയും കുരങ്ങും തട്ടിക്കൊണ്ടുപോകാതെ കാത്താൽ മൂന്നാല് മാസം പണികിട്ടും.   പലപ്പോഴും മീനാക്ഷി കാലുകൊണ്ട് തുഴയുന്ന പെഡൽ ബോട്ട് തുഴഞ്ഞു അക്കരെ പോയി പച്ചക്കറി വിറ്റു.  പാലം കേറി പോണേൽ തലച്ചുമടായി കൊണ്ട് പോണം. 

വായനശാലയിലും  നാടകഗ്രൂപ്പിലും  കരയോഗങ്ങളിലും സജീവമായി നിന്ന സമയത്താണ് രവി മീനാക്ഷിയെ കാണുന്നതും വിവാഹം ആലോചിച്ചു വരുന്നതും.  രവി അക്കരെയാണ് താമസം.  മഴ ആകാശം കവിഞ്ഞു പുഴയിൽ അലച്ചു വീഴും.  മാന്നാലിപ്പുഴ രൗദ്രരൂപിണിയായി ആയിരം കൈകളോടെ  ഭൂമിയെ മുക്കും. ഇക്കരെയുള്ള പല വീടുകളും, നെല്ലും, പാടവും എല്ലാം വെള്ളത്തിനടിയിലാവും. അക്കരെനിന്ന് പിണ്ടിച്ചങ്ങാടം  തുഴഞ്ഞു രവിയും കൂട്ടരും വരും.   വലിയ മുളയുടെയും ഈറ്റയുടേയും ചങ്ങാടങ്ങളിലും   ചെറിയ വള്ളങ്ങളിലും  പാത്രങളും ചട്ടിയും അരിയും പലവ്യഞ്ജനങ്ങളും  ഇക്കരയിലേക്കു  എത്തും.  എല്ലാ മഴക്കാലത്തും  ഈ ദുരിതം തന്നെ. മഴയിൽ മുങ്ങാത്ത ജാതിമരങ്ങൾ മാത്രം പലയിടത്തും തണലൊരുക്കി കുടുംബങ്ങളെ വിശ്രമിക്കാൻ ക്ഷണിക്കും 

ഭൂസ്വത്തുള്ള  രവിയുടെ വീട്ടിൽനിന്നും ആലോചന വന്നപ്പോൾ മീനാക്ഷി  പറഞ്ഞു.   "അമ്മേ,  ഞാൻ അങ്ങോട്ട് പോയാൽ അമ്മേം കുട്ടികളും ഒറ്റയ്ക്കാവും. നമുക്ക് ഇക്കരെയുള്ള ആലോചന മതി. അവര്  പണക്കാരാണ്. അത് വേണ്ട "
രവിക്കെന്തോ ഈ കാരണം വിശ്വസിക്കാൻ സാധിച്ചില്ല.  പെഡൽബോട്ട് തുഴഞ്ഞു ഒരുനാൾ മീനാക്ഷി ചെല്ലുന്നതും കാത്തു രവി അയിനിക്കടവിൽ നിന്നു.   ചന്തയിൽ വിൽക്കാനുള്ള ചേമ്പും കാച്ചിലും കിഴങ്ങും അവളുടെ ബോട്ടിൽ ഉണ്ടായിരുന്നു. ഒരു കാല്   കുട്ടയിൽ അമർത്തിവെച്ച് മറ്റേ കാലുകൊണ്ടാണ് ബോട്ട് ചവിട്ടിനീക്കുന്നത്.   മുണ്ടിന്റെ തുമ്പ് മാറിലേക്ക് വലിച്ചിട്ടു മീനാക്ഷി ഇറങ്ങി.  
"അമ്മയേം അനിയത്തിമാരേം ഓർത്താണോ മീനാക്ഷി സമ്മതിക്കാത്തത്...? "
മുഖവുരയില്ലാതെ രവി ചോദിച്ചു. 
കുട്ട തലയിലേക്ക് കയറ്റി വെക്കാൻ രവി മുന്നോട്ടു വന്നു. 
"വേണ്ട... ഞാൻ വെച്ചോളാം... " മീനാക്ഷി ധൃതിയിൽ പറഞ്ഞു കുട്ട തലയിലേറ്റി. 
എന്തൊരു പെണ്ണ്... അടുത്തേക്ക് അടുപ്പിക്കുന്നില്ല.
"എന്താ കാര്യമെന്ന് പറ... ഇഷ്ട്ടമില്ലാഞ്ഞിട്ടാണോ....? " രവി പുറകിൽനിന്നും വിളിച്ചു ചോദിക്കുന്നു. 

കറുകപ്പുല്ലുകൾ നിറയെ   നിൽക്കുന്ന വരമ്പിലൂടെ  ആയത്തിൽ നടക്കുമ്പോൾ  നീളമുള്ള പുൽമുനകൾ തട്ടി അവളുടെ വിരലുകൾ കീറി ചോര വരുന്നുണ്ടായിരുന്നു.... ഹൃദയവും.....
"രവി വന്നിരുന്നു.  നിനക്ക് അവനെ ഇഷ്ട്ടമില്ലാത്തോണ്ടാണോ... എന്താ ഞാൻ പറയണ്ടേ അവൻ പിന്നേം  ചോദിച്ചാൽ... " രാത്രി അമ്മയുടെ ചോദ്യം… 
"ഇഷ്ടമില്ല... അതന്നെ.... " മീനാക്ഷി തിരിഞ്ഞു കിടന്നു. 
"അമ്മയ്ക്കും അനിയത്തിമാർക്കും ഒരു സ്ഥിരം തൊഴിൽ ഉണ്ടാക്കികൊടുത്താൽ നീ സമ്മതിക്കുമോ.... "   വഴിയിലേക്ക് തള്ളിയ കൂർത്ത ദർഭയോലകൾ ഒതുക്കത്തോടെ വെട്ടുന്ന രവിയെക്കണ്ടു പിറ്റേന്നു മീനാക്ഷി  തറഞ്ഞു നിന്നു. 
"മ്....?"
"ഇഷ്ടമായിട്ടാണു  പെണ്ണേ.... അടുപ്പിക്കാൻ മടിക്കുന്ന നിന്നിലേക്ക്‌ എടുത്തെറിയപ്പെടുകയാണ് ഞാൻ .... " രവി പെട്ടെന്നു നിറുത്തി അവളെ  നോക്കി.
മീനാക്ഷി തല താഴ്ത്തി. നിറയുന്ന കണ്ണുകൾ   അയാൾ കാണരുത്.
തന്‍റെ വീടിനടുത്തുള്ള  സ്ഥലം  വാങ്ങി അവിടെ കലം ഉണ്ടാക്കാനുള്ള തളം കെട്ടുന്ന രവിയെയാണ് പിന്നീട് മീനാക്ഷി കണ്ടത്. നെഞ്ചിൽ ഒരാന്തലുണ്ടായി. എന്തിനുള്ള പുറപ്പാടാണ്… 
കുംഭാരക്കോളനി ഉയരാൻ അധികം കാലം വേണ്ടിവന്നില്ല. ആ കോളനിയിലെ മിക്കവർക്കും  ജോലിയ്ക്കുള്ള  അവസരമാണ് മൂന്നാലു മാസം കൊണ്ട് അയാളും കൂട്ടുകാരും ചെയ്തു കൊടുത്തത്. കളിമണ്ണും  ചേറ്റുമണ്ണും ചവിട്ടിക്കുഴച്ച മണ്ണിൽ രവി കലങ്ങൾ  തനിമയോടെ ഉണ്ടാക്കി. കൈകഴുകി തോർത്തുമ്പോൾ അയാൾ എന്നും തിരിഞ്ഞു ദൂരെ മീനാക്ഷിയുടെ പുരയിലേക്ക് നോക്കി. 

വെള്ളം കോരിക്കൊണ്ടിരിക്കുമ്പോൾ ഭാമ ഓടിവന്നു സന്തോഷത്തോടെ പറഞ്ഞു. "മീനേച്ചി,  രവിയേട്ടൻ തങ്കപ്പെട്ട സ്വഭാവാണ് ട്ടോ.. മീനേച്ചിക്കു നന്നായി ചേരും ആ ചേട്ടൻ... ചേച്ചിക്ക് ന്താ ഇഷ്ടം ഇല്ലാത്തെ...? " 

"ഓ... വേണ്ടെടീ... "

"ന്നാ ഞാൻ കെട്ടട്ടെ...? "

നിലം പറ്റിയ കിണറ്റിലേക്ക് കയ്യിൽനിന്നും പാള വെള്ളത്തോടെ വീണു. പ്ധിം.... 

അയിനിക്കടവിൽ പോയപ്പോൾ കണ്ണുകളെ മനഃപൂർവം അവൾ നിയന്ത്രിച്ചു. നോക്കരുത്. അയാൾ ഇവിടെ എവിടെയോ ഉണ്ട്. പൈസ എണ്ണിവാങ്ങി തിരികെ നടന്നു വള്ളത്തിനരികിൽ എത്തി. പെഡൽ ബോട്ട് ചവിട്ടാൻ വയ്യാതെ അവൾ വള്ളം തുഴഞ്ഞാണ് വന്നത്. 
പങ്കായം കാണുന്നില്ല. മീനാക്ഷി ചുറ്റും നോക്കി. 

"എന്താ നിനക്ക് ഇഷ്ടമില്ലാത്തത്...?"  തൊട്ടരികിൽ രവി. 
മീനാക്ഷി ഞെട്ടിപ്പോയി. അവൾ നീങ്ങി നിന്നു. പിന്നെ പങ്കായത്തിനു കൈകൾ നീട്ടി. 
"പറ, എന്താ നിനക്ക് ഇഷ്ടമില്ലാത്തത്...? " ഗൗരവം   നിറഞ്ഞ മുഖം. 
"അത്.... " അവൾ വിക്കി...
 "ഒന്നുമില്ല... "
"പറ... "
"ഒന്നുമില്ലന്ന്.... "
"പറയെടീ... " 
"ഞാൻ....നിക്ക്  നല്ല  സുഖമില്ല ...   അതോണ്ട്... "
"എന്തസുഖം....?"
"അത്... മൂന്നു കൊല്ലത്തോളമായി വല്ലാത്ത വേദനയാണ്... ആ സമയത്ത്...."
മീനാക്ഷി തന്‍റെ മാറിലെ തോർത്തിന്‍റെ അറ്റത്ത്‌  വിരൽകൊണ്ട് കുടുക്കിടാൻ തുടങ്ങി. "അക്കരെ ആശുപത്രിയിൽ കാണിച്ചു.  അവിടെത്തെ വല്യ ഡോക്ടർ പറഞ്ഞത്.... "
"പറഞ്ഞത്...? "
"പറഞ്ഞത്... ന്‍റെ ഗർഭപാത്രത്തിന് ശേഷി പോരെന്നാണ്... ആ സമയത്ത് വല്ലാത്ത വേദനയും.. ടൗണിൽ പോയി ചികിൽസിക്കാൻ  പറഞ്ഞു.... ഒരിക്കൽ പോയിരുന്നു.... അച്ഛൻ മരിച്ചേ പ്പിന്നെ.... പോയില്ല... "
"ചികിൽസിച്ചാൽ മാറില്ലെന് ഡോക്ടർ പറഞ്ഞോ.... " കടുപ്പത്തിലായിരുന്നു രവിയുടെ ചോദ്യം… 
"അങ്ങനല്ല.... ഇങ്ങനത്തെ രോഗവും കൊണ്ട്.....  നിക്ക് വയ്യ.... അതാണ്.... 
അമ്മേം എളേതുങ്ങളും ന്‍റെ പണി കൊണ്ടാ ജീവിക്കുന്നെ... അതിനിടയിൽ ചികിൽസേം.... ന്നിട്ട് എന്താക്കാനാണ്.... "
മീനാക്ഷി തിരിയാതെ അങ്ങനെ നിന്നു.  രവിയുടെ കാലടികൾ അകന്നു പോകുന്നത് കേട്ട് ഒരാന്തലോടെ അവൾ  വിളിച്ചു.   "രവിയേട്ടാ....."
അയാൾ നിന്നു. 
"ന്‍റെ ഭാമയെ കെട്ടുമോ..... നിങ്ങൾക്ക് ചേരും... നല്ല കുട്ടിയാണവൾ.... " 
രവി തിരിഞ്ഞു നോക്കി.  ആ കണ്ണുകളിൽ കൊള്ളിയാൻ പുളയുന്നു. 
നനഞ്ഞ കവിളുകൾ താഴ്ത്തി മീനാക്ഷി വള്ളത്തിലേക്ക്  കയറിയിരുന്നു. 

വേദനയാണ്. ഗർഭപാത്രത്തിന്‍റെ മാംസഭിത്തികൾ പറിഞ്ഞുപോകുമ്പോലെ മാസം തോറുമുള്ള വേദന...  വയ്യ... ടൗണിൽ പോയി ചികിത്സ എടുത്തതാണ്.  ഒരു കുഞ്ഞിനെ താങ്ങിപ്പിടിക്കാനുള്ള ശേഷിയില്ലാത്ത ഈ ശരീരം... വിശ്രമവും മരുന്നും കുറേക്കാലം വേണമെന്ന്... താൻ വിശ്രമിച്ചാൽ വീട്ടിൽ തീ പുകയുമോ... വേണ്ട... വയ്യാത്ത ശരീരവുംകൊണ്ട് അയാളുടെ ജീവിതത്തിലേക്ക് കയറിച്ചെല്ലാൻ വയ്യ.  ആരുടേയും ജീവിതം പകുത്തെടുക്കാൻ വയ്യ.. വേണ്ട.. 

പിറ്റേന്ന് അമ്മ ആരോടോ സംസാരിക്കുന്നത് കേട്ടാണ് അഴിഞ്ഞ മുടി വാരിക്കെട്ടി മീനാക്ഷി മുൻവശത്തേക്കു ചെന്നത്. രവിയേയും വീട്ടുകാരെയും കണ്ട് മീനാക്ഷി ചെറ്റച്ചുമരിനപ്പുറത്തു മറഞ്ഞു നിന്നു. "അവളെ ന്റെ മോന് കൊടുത്തേക്ക്... അവനൊരു പെൺകുട്ടിയെ ആദ്യമായി ഇഷ്ടമായതാണ്.... " രവിയുടെ അമ്മ അകത്തേക്ക് വന്നു മീനാക്ഷിയെ നോക്കി. 

മകരത്തിലെ വേല കഴിഞ്ഞു കല്യാണം എന്ന് ഉറപ്പിച്ചു.  ഉത്സവത്തിന് പോയപ്പോൾ അവൾ രവിയെ തേടി ചെന്നു. "നിങ്ങൾ കരുതുന്ന പോലെ അല്ല.  എപ്പഴും വയ്യാത്ത ഒരു പെണ്ണിനെ നിങ്ങൾ എന്തിന് കെട്ടുന്നു?  ത്യാഗം ചെയ്യുകയാണോ...? "
രവി ചിരിച്ചു.  "എന്ന് കൂട്ടിക്കോ... എനിക്ക് അല്പം വയ്യാത്ത പെണ്ണിനെയാ വേണ്ടത്.  വയ്ക്കുന്ന പെണ്ണാക്കി മാറ്റിയെടുക്കാമല്ലോ... "
പിന്നീട് അമ്മ പറഞ്ഞിരുന്നു. ടൗണിലെ ഏതു ഡോക്ടർ ആണ് ചികിൽസിച്ചതെന്ന് അന്വേഷിച്ചെന്നും  മരുന്നിന്‍റെ ചീട്ടുകളും മറ്റും വാങ്ങിക്കൊണ്ടു പോയെന്നും.... 
മീനാക്ഷി പിന്നെയും അക്കരയ്ക്കു ബോട്ട് തുഴഞ്ഞു. ഒരുനാൾ ആ മുന്നിൽ രവി പ്രത്യക്ഷപ്പെട്ടു.

 "കാലുകൊണ്ടുള്ള ഈ അഭ്യാസം മേലാൽ നീ ചെയ്യരുത്.  നിന്നോട് ഡോക്ടർ പറഞ്ഞിരുന്നില്ലേ കാല് വെച്ച് ഈ ബോട്ട് ചവിട്ടരുതെന്ന്?  ഭാരം തലയിൽ എടുക്കരുതെന്ന്...  മേലാൽ ഇത് നീ ചെയ്യരുത്. "  കർശനമായ താക്കീത്. 
" ന്തേ...?  ഇതാ  ഞാൻ പറഞ്ഞത് ഈ കല്യാണം  നിക്ക് വേണ്ടാന്ന്…  ഞാൻ  എന്ത് ചെയ്യണന്ന്  ങ്ങളാണോ തീരുമാനിക്കുക? " കൈയിലെ ചാക്ക് കടവിലേക്ക് ആഞ്ഞെറിഞ്ഞു മീനാക്ഷി ആളിപ്പടർന്നു. 
അരിശത്തോടെ വെള്ളത്തിലേക്ക് ചാടിയിറങ്ങിയ രവി ബോട്ട് അപ്പുറത്തേക്ക് ചവിട്ടിമറിച്ചിട്ടു. 
"അതേടീ... ഇനി ഞാനാണ്‌ തീരുമാനിക്കുക. നിനക്ക് കാണണോ...? "
നാല് തീപ്പന്തങ്ങൾ  കൂട്ടിമുട്ടി വാശിയോടെ എരിഞ്ഞു. പിന്നെ അണഞ്ഞു.

വിവാഹരാത്രിയിൽ മീനാക്ഷിയുടെ കണ്ണുകളിൽ വിഷാദവും ആശങ്കയുമായിരുന്നു. 
"എന്തിനാണിത്രയും വിഷമിക്കുന്നത്?  എനിക്കിഷ്ടമായിട്ടാണ്.  നീ കരുതുംപോലെ ഞാൻ ത്യാഗം ചെയ്തതല്ല മീനൂ. അത് നിന്നെ എങ്ങനെ ബോധ്യപ്പെടുത്തുമെന്ന്‌ എനിക്കറിയില്ല. വിശ്വസിക്ക്...."
"എന്താ എന്നിൽ പ്രത്യേകത?  വയ്യാത്ത ഈ.... "
"ഇനി മേലാൽ നീ ആ വാക്ക് പറയരുത്." രവി  അവളുടെ ചുണ്ടുകളിൽ വിരൽ ചേർത്തു. 
"രവിയേട്ടാ എന്ന് ആരും വിളിച്ചിട്ടില്ല ഇതുവരെ ഇത്രയും ആർദ്രമായി.  മനസ്സിൽ പിടിച്ച പെണ്ണ് അങ്ങനെ ഒരുനാൾ വിളിച്ചത് അവളുടെ അനിയത്തിയെ കെട്ടുമോ എന്ന് ചോദിക്കാനായിരുന്നു.  എങ്ങനെ കഴിഞ്ഞു നിനക്കതു ചോദിക്കാൻ...?"
അവൾ ആദ്യമായി മുഖമുയർത്തി രവിയുടെ മുഖത്തേക്ക് നോക്കി. 
രവി... അതെ.. രവി തന്നെയാണ്.  സ്നേഹം കൊണ്ടും ആർദ്രതകൊണ്ടും ഈ സൂര്യകാന്തിയെ സ്നേഹിക്കുന്ന പ്രണയത്തിന്‍റെ ചുവന്ന രശ്മികളെക്കൊണ്ട് മാത്രം തന്‍റെ പ്രിയതയെ തഴുകുന്ന ഈ പ്രപഞ്ചത്തെ മുഴുവനും ജ്വലിപ്പിക്കുന്ന അതേ  സൂര്യൻ!!!

കോരിയൊഴിച്ച നിലാവ് വാഴപ്പോളകളിലൂടെ പതുക്കെ അരിച്ചിറങ്ങി  ചേമ്പിലകളുടെ പൊക്കിൾച്ചുഴിയെ മുത്തമിട്ടുകൊണ്ട് ഊർന്നു താഴേക്ക്‌ വീണു. മാന്നാലിപ്പുഴയിൽനിന്നും  കയറിവന്ന  നനുത്ത കാറ്റിൽ  മണൽത്തരികൾ  പൊൻകൊലുസണിഞ്ഞു  അടക്കിച്ചിരിച്ചു. വാസനതൈലമിട്ടു കുളിച്ച പഞ്ചമിരാത്രികൾ ചിറകടിച്ചു വാനത്തെ വലംവെച്ചുകൊണ്ടിരുന്നു. 

രണ്ട് മുറികൾ ഉള്ള  ചെറിയൊരു വീട്ടിലേക്ക് അമ്മയെയും സഹോദരിമാരെയും രവി  മാറ്റിപ്പാർപ്പിച്ചു.  അമ്മയെ വീടൊരുക്കാനും  മീനാക്ഷി  സഹായിച്ചു. 
നിലം മെഴുകുമ്പോൾ പുറകിലൂടെ വന്നു വയറ്റിൽ ഒരു പിടുത്തമാണു്.  'നീയിങ്ങനെ  ഇരുന്ന് ക്ഷീണിക്കല്ലേ ... " 
" ന്തേ.... "
"രാത്രിയായാൽ പിന്നേം ക്ഷീണിക്കണ്ടേ... "
ചെറുചിരിയോടെ രവിയുടെ ചുണ്ടുകൾ അടുത്തു. മീനാക്ഷി ആ ചുണ്ടിൽ കടിച്ചു. 
ഹൌ... 
"എടീ അന്‍റെ തള്ളേം  എളേതുങ്ങളും അപ്പ്രത്ത്‌ണ്ട്  "
"അയിന്... ഞാൻ ന്‍റെ കെട്ടിയോനെ കെട്ടിപ്പിടിചേന്ന്  ഓരിക്കെന്താ.... "
രവി വേഗം സ്ഥലം വിട്ടു. ഈ പെണ്ണ്.... അടുക്കാൻ പറ്റില്ല.. കാന്തം പോലെ ഒട്ടിക്കളയും!

"എന്താ അമ്മേ.... " അമ്മയുടെ  അമർന്ന ചിരി കേട്ടു മോൻ  ആ ഓർമ്മകളുടെ നെല്ലിമരത്തെ കുലുക്കി.
"ന്നൂല്ലഡാ കുട്ടാ... ഒറങ്ങിക്കോ... "
"ആരാ അമ്മേ എനിക്ക് പേരിട്ടെ.... " മീനാക്ഷി മോനെ കെട്ടിപ്പിടിച്ചു. പേര്..... 

 വല്ലാത്ത വേദനയോടെ കമിഴ്ന്നു കിടന്ന ഒരു രാത്രിയിൽ രവി അടുത്തെത്തി. 
"ശോ.. ന്താപ്പോ ചെയ്യുക ന്‍റെ കുട്ടിയുടെ  ഈ വേദന മാറാൻ..." അരുമയോടെ അയാളാ  വയറിൽ തഴുകി. 
"മീനു,  നീ ത്രിപുരസുന്ദരിയല്ലേ... ഞാൻ രവിയും... കുഞ്ഞിന് എന്ത് പേരാ ഇടുക....." 
"വയറ്റിലായിട്ട് പോരെ പേര് കണ്ടെത്താൻ.... " മീനാക്ഷി വേദനയ്ക്കിടയിലും വായ്പൊത്തി ചിരിച്ചു. 
രവി തിരിഞ്ഞു കിടന്നു അവളെ അണച്ചു പിടിച്ചു. "ഇതൊക്കെ മാറും.. ഞാൻ മാറ്റും... എന്നിട്ട് ഇതേ വയറ്റിൽ അവൻ ചവിട്ടിക്കുത്തി വളരും. അവനെപ്പോലെയാവാൻ എല്ലാരും മത്സരിക്കും. ... "
"എന്താ ഉറപ്പ് അവൻ എന്ന്..."
"നിന്നെ നോക്കാൻ ഒരാൺകുട്ടിയാ  നല്ലത്.  എന്‍റെ മോനല്ലേ.. അവൻ  നിന്നെ നോക്കും ...എന്നേക്കാൾ നന്നായി "
"എന്താത് രവിയേട്ടാ... രവിയേട്ടൻ ഒറങ്ങ്.. . പേര് പിന്നെ ഇടാം... ഒറങ്ങാവോ ഇപ്പൊ... " മീനാക്ഷി അയാളുടെ നെഞ്ചിൽ അലിഞ്ഞു.
എന്‍റെ ദൈവമേ... ആരുണ്ടായിട്ടും  കാര്യല്ല. ന്‍റെ രവിയെ കാത്തോളണേ... 

 മീനാക്ഷിയെ ചികിൽസിക്കാൻ രവി മല കയറി. വയനാട്ടിലെ എടയ്ക്കൽ ഗുഹയ്ക്കരികിലെ  കാടുകളിൽനിന്നും അയാൾക്കൊരു കാട്ടുമൂപ്പനെ  കിട്ടി.  നിബിഡമായ വനങ്ങളിലും  കാട്ടുചോലകളിലും  ഔഷധസസ്യങ്ങൾ വെന്ത മണം നിറഞ്ഞു. പച്ചയിലകളും വേരുകളും അരച്ചെടുത്ത ഇലകളിൽ  ദേഹമാസകലം പൊതിഞ്ഞു  പുക നിറച്ച വള്ളിക്കുടിലിനുള്ളിൽ വെളിച്ചം കാണിക്കാതെ കണ്ണുകൾ തുറക്കാതെ മൂപ്പന്‍റെ ചികിത്സ തുടർന്നു. 
മാസങ്ങൾ നീണ്ട ചികിത്സയിൽ മീനാക്ഷി അവശയായിക്കൊണ്ടിരുന്നു.
"മതി രവിയേട്ടാ... നമുക്ക് പോവാം..."
"അങ്ങനല്ല മീനൂ... നൂറായിരം അടികൾ അടിച്ചാലും ചില പാറകൾ പൊളിയില്ല. പിന്മാറും മുൻപേ ഒരടി കൂടി... നീ അല്പം കൂടി ക്ഷമിക്കില്ലേ...."
രവിയുടെ മനോബലം അത്രയും ശക്തമായിരുന്നു. 

ചികിത്സയുടെ വിശ്രമത്തിൽ മീനാക്ഷി അമ്മയുടെ അരികിലേക്ക് പോയി.  മാസങ്ങൾ കടന്നു പോയി. 
കിളച്ചു മറിച്ച മണ്ണിൽ വളമിട്ടു മണ്ണൊരുക്കി വാഴയും ചേമ്പും ചീനിയുമെല്ലാം രവി വീണ്ടും നട്ടു. 
മത്തോക്കിന്‍റെ  തണ്ടുകൾ ഒരേ വലിപ്പത്തിൽ മുറിച്ച്  മണ്ണിൽ അവയ്ക്ക് തടമെടുത്തു കുത്തി. 
പനികൂർക്കയും തുളസിയും മുയൽചെവിയനും ശംഖുപുഷ്പവും അയാൾ പ്രത്യേകമായി മാറ്റി നടുന്നത് മീനാക്ഷി നോക്കിനിന്നു. തെങ്ങോലകളുടെ അട്ടാറ് വീഴാത്ത മാവിലകളുടെ തണൽ തട്ടാത്ത വെറും ആകാശത്തിനു കീഴെ ചിലതരം ചെടികൾ മാത്രം!
"എന്തിനെ ഇവയെ മാറ്റി നട്ടത്?'
രവി ചിരിച്ചു. " ഇവയ്ക്കു സൂര്യപ്രകാശം മാത്രം പോരാ മീനു,  അവറ്റയ്ക്ക് നിലാവും കിട്ടണം. എങ്കിലേ ഔഷധവീര്യം കൂടൂ.... "
ചിലത് ഉണ്ടാവാൻ ചിലത് ചേരണം. 

കളിമണ്ണും ചാണകവും മെഴുകിയ തറയിൽ അന്ന് ആദ്യമായി കറുത്ത ചാന്ത് പൂശിയിരുന്നു.  മാനത്തെ ചന്ദ്രൻ കറുത്ത ചാന്തിന് ഒരു വെളുത്ത പൊട്ടു തൊട്ടുകൊടുത്ത രാത്രിയിൽ   നനവ് മാറാത്ത തറയിൽ അടയാളം വീഴാതിരിക്കാൻ വിരിച്ചിട്ട വാഴയിലയിലൂടെ കാലടികൾ പെറുക്കി വെച്ച് നടന്നു വരുന്ന മീനാക്ഷിയെ രവി തലയുയർത്തി നോക്കി. 
 ഓറഞ്ചിൽ കറുത്ത പൊട്ടുള്ള ജാക്കറ്റിന് താഴെ അവളുടെ മിനുത്ത വയറിന്‍റെ വെളിച്ചം അയാളുടെ കണ്ണിലടിച്ചു.
"രാത്രിയായി.  ഇങ്ങനെ നിന്ന് കഷ്ടപ്പെടല്ലേ രവിയേട്ടാ... " അവൾ അയാളുടെ നേരെ കൈകൾ നീട്ടി. 
"എന്‍റെ മോന്‍റെ വരവ്  ഇത്രയും പതുക്കെ നടന്നാണോ ഭൂമിയേയും ആകാശത്തേയും അറിയിക്കുന്നത്  മീനൂ ...?"
മീനാക്ഷി അത്ഭുതസ്തബ്ധയായി!!
"എങ്ങനെ......?  അറിഞ്ഞു....? "
രവി പൊട്ടിച്ചിരിച്ചുകൊണ്ട് മുട്ടുകുത്തി ആ വയറിൽ മുഖം  ചേർത്തു. "ദാ... ഇവിടെ കാണാം അവന്‍റെ തുടിപ്പ്...ആ ചുവപ്പ് നിന്‍റെ മുഖത്തേക്ക് വന്നു ചിതറിയൊഴുകുന്നു..."
"സൂര്യൻ....സൂര്യ നാരായണൻ.... ഇവൻ ഈ ഭൂമിയുടെ സൂര്യനാവും..." അയാളുടെ ചുണ്ടുകൾ ആ വയറിലെ വിയർപ്പിൽ ചേർന്നു.

സ്വത്ത്‌ വീതം വെച്ചപ്പോൾ രവിയുടെ ഭാഗം വളരെ കുറവായിരുന്നു. നാട്ടുകാരെ സഹായിച്ച ഓരോ തരിയും സ്വന്തം ഈടുവെപ്പിനെയാണ് ഉണക്കിയത്. എങ്കിലും 
സൂര്യബിംബം പോലെ തേജസാർന്ന ആ കുഞ്ഞിനുള്ളത്  അയാൾ പെറുക്കിക്കൂട്ടികൊണ്ടിരുന്നു.  
അവൻ  വളരുന്നതിന്‍റെ ഏഴാം പടിക്കെട്ടിൽ വെച്ചാണ്  രവി വീണുടഞ്ഞത്.
കടവിൽ കുളിച്ചു കൊണ്ടിരുന്ന ഒരു പുലർച്ചയിൽ നെഞ്ചൊന്ന്  കൊളുത്തി വലിച്ചതാണ്.   എന്നിട്ടും  കൽപ്പടവുകൾ കയറി രവി വീട്ടുമുറ്റത്തെത്തി. ആകാശം മുട്ടിയ ഒരു മരം വേരറ്റു വീഴുന്ന വലിയൊരു ശബ്ദത്തോടെയായിരുന്നു ആ വീഴ്ച! അവസാനത്തെ കനത്ത ശ്വാസത്തിൽ മീനാക്ഷിയുടെ മുഖം ആ നെഞ്ചിൽ നീലിച്ചു തിണർത്തിരിക്കണം.

മീനാക്ഷി ഒരിക്കലും കരഞ്ഞില്ല.  
എണ്ണമറ്റ പുസ്തകങ്ങൾ വായിച്ചു കൂട്ടിയ അറിവുകൾ അയാൾ മകനായി എഴുതി വെച്ചിരുന്നു. ആ ചൂണ്ടു പലക നോക്കി ജീവിച്ചാൽ മാത്രം മതിയായിരുന്നു അവൾക്കും മകനും. 

"നരേൻ എന്തെടുക്കുവാ.. നാളെ സ്കൂളിലേക്ക് പഠിക്കാൻ ഒന്നൂല്ലേ അനക്ക്... "?  മീനാക്ഷി അകത്തേക്ക് നോക്കി വിളിച്ചു. കയ്യിൽ കിട്ടിയ പുസ്തകക്കീറുകളിൽ ചിത്രം വരച്ചു നോക്കലാണ് കുഞ്ഞു സൂര്യന്റെന്‍റെ പണി. അവൻ അങ്ങനെ സമയം കളയുന്നത് മീനാക്ഷിക്ക്  തലവേദന തന്നെ ആയിരുന്നു. പഠിക്കാനുള്ള സമയം കൂടി ഈ കുട്ടി ചിത്രം വരയ്ക്കുന്നു!
 "മീനേച്ചി... നീ വന്നേ.. നമ്മുടെ നരേൻ കൂമ്പാരക്കോലായിൽ ചെയ്തു വെച്ചിരിക്കണ കണ്ടാ നീയ്...?"ഓടിക്കിതച്ചു വന്ന ഭാമ മീനാക്ഷിയെയും വലിച്ചു  ആലയിലേക്കു തിരിഞ്ഞോടി. 
എല്ലാ തൊഴിലാളികളും ഗ്രാമത്തിലെ ഒട്ടുമിക്കവരും നരേന്‍റെ അരികിൽ തടിച്ചു കൂടിയിരുന്നു. 

മീനാക്ഷിയുടെ നെഞ്ചൊന്ന് ആളി.... ന്‍റെ മോൻ..... അവനെന്താ പറ്റിയേ.... 
കലത്തിന്‍റെ വീർത്ത വയറിൽ ഒരു കുഞ്ഞ് കാലുണ്ണുന്ന ചിത്രം !
അപ്പുറത്തെ വലിയ കലത്തിൽ സ്ത്രീയുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ ചിത്രം! കുഞ്ഞ് കൈകൾ നീട്ടി പൊക്കിൾക്കൊടി വലിച്ചു കവിളിൽ ചേർക്കുന്നു!
 മീനാക്ഷി തറഞ്ഞു നിന്നു. താൻ ഗർഭിണിയായിരിക്കുമ്പോൾ രവി എപ്പോഴും കിനാവ് കാണുമായിരുന്ന ചിത്രങ്ങൾ... 
അച്ഛൻ എഴുതി വെച്ച സ്വപ്‌നങ്ങൾ മകൻ ലോകത്തിന്‍റെ കണ്ണിനു മുന്നിൽ തുറന്നിട്ടിരിക്കുന്നു!
കലം രൂപപ്പെടുമ്പോൾ എങ്ങനെയാണിവൻ അതിൽ ചിത്രങ്ങൾ ഒരുക്കുന്നത്? 
സൂര്യ നാരായണൻ എന്ന നരേന്റെ, ലോകത്തിന്‍റെ നെറുകിലേക്ക് ചിത്രങ്ങൾ വരച്ചു തൊടുകുറി ചാർത്തുന്ന ചിത്രകാരന്റെ ജൈത്രയാത്ര തുടങ്ങിയ നിമിഷമായിരുന്നു അത്!!
"എന്‍റെ ജീവിതത്തിന്‍റെ യാത്ര തുടങ്ങിയത് ആ കുമ്പാരകോളനിയിൽ നിന്നായിരുന്നു മീരാ... അച്ഛൻ എഴുതിയ ആശയങ്ങൾ... അച്ഛന്റെ നാട്ടിൽനിന്നും അച്ഛൻ ആരായിരുന്നു എന്നു എനിക്ക് കിട്ടിയ അറിവുകൾ….. ഈ ജനതയുടേയും അമ്മയുടേയും  കഷ്ടപ്പാട് വീഴ്ത്തിയ വടുക്കൾ... ഇതെല്ലാം എനിക്ക് കിട്ടിയത് കലം മെഴുകുന്ന ആ തറികളിലെ പാവപ്പെട്ട മനുഷ്യരിൽ നിന്നാണ്...."
"ഉം..... " മീര മൂളി.
"എന്‍റെ അറുപത് വയസ്സുവരെ അമ്മ കൂടെയുണ്ടായിരുന്നു."
"നരേന് ആരോടും ഇഷ്ടം തോന്നിയില്ലേ? "
അയാൾ ചിരിച്ചു."നിന്നോട് ഇഷ്ടമില്ലെന്നാണോ തോന്നിയത്? "
"ഞാൻ ചോദിച്ചത് അതാണോ...."  ദൂരെ ദൂരെ ദേഷ്യത്തോടെ മീര വിരൽ ചൂണ്ടി. 
"നീയാ വിരൽ താഴ്ത്ത്‌... ഒരു ആണൊരുത്തന്‍റെ നേരെ... അതും പ്രശസ്ത ചിത്രകാരൻ   സൂര്യനാരായണന്‍റെ  നേരെ വിരൽ ചൂണ്ടുന്നോ.....? "
മീര പൊട്ടിച്ചിരിച്ചപ്പോൾ മിന്നാമിന്നികൾ അയാളുടെ അരികിലേക്ക് പറന്നുപോയി 
രാവേറുവോളം കാതങ്ങൾക്കപ്പുറത്തിരുന്നു  രണ്ട് ശബ്ദങ്ങൾ അങ്ങനെ തലമുറകളുടെ വിശേഷങ്ങൾ കൈമാറിക്കൊണ്ടിരുന്നു.
"ഞാൻ കോഫി ഷോപ്പിൽ വരട്ടെ നാളെ....?"
"വേണ്ട... അന്ന് ആ ചിത്രം തന്നതിൽ പിന്നെ നരേൻ അവിടെ വരുമ്പോഴെല്ലാം ആളുകൾ ശ്രദ്ധിക്കുന്നുണ്ട്."
"ശ്രദ്ധിക്കട്ടെ.. എനിക്കൊരു മടിയുമില്ല ഞാൻ നിന്‍റെ ആരെന്ന് പറയാൻ...ഞാൻ നിന്‍റെയാണെന്നു പറയാൻ.."
അപ്പുറത്തു കുറച്ചു നേരം അനക്കമൊന്നും ഉണ്ടായില്ല.
"മീരാ...."
"നിങ്ങൾ എന്‍റെ ആരെന്നോ.... തിരിച്ചല്ലേ പറയേണ്ടത്?"
"അല്ല, ഞാനാണ് നിന്‍റെ... ഞാൻ ആർക്കും ഒന്നുമല്ലായിരുന്നു ഇതുവരെ. എന്നാലോ സൂര്യനാരായണൻ എന്ന പൊതുമുതൽ എല്ലാവരുടെയും ആയിരുന്നു. 
"ഇത്രയും വലിയൊരു ചിത്രകാരൻ.... എന്‍റെ സ്വന്തമെന്നു പറയാൻ.... സ്വന്തമാക്കാൻ എനിക്ക് പേടിയാണ്.. ചിത്രങ്ങളെ വളരെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാനെന്ന് ഒഴിച്ചാൽ എനിക്കൊന്നും അറിയില്ല"
"ഇപ്പൊൾ അറിയുന്നില്ലേ.....എന്‍റെ സായാഹ്നസൂര്യനെ മദ്ധ്യാഹ്നസൂര്യന്‍റെ തീക്ഷ്ണതയിലേക്ക് ഉയർത്തിയത് നിന്‍റെ സ്നേഹമാണെന്ന് നീ അറിയുന്നില്ലേ. ..? 

മീര തന്‍റെ ജനലഴികൾ തുറന്നിട്ടു. ആകാശം കനത്തു കിടക്കുന്നു. 
ഇരുണ്ട രാത്രിയിൽ സൂര്യൻ ഉദിക്കുമോ...ഫാന്റസിയല്ലേ ആ ആഗ്രഹം.. ഒരു കോഫീ ഷോപ്പിൽ ജോലിയുള്ള വെറുമൊരു വെയിട്രസ്...... ഒരു സഹോദരി മാത്രമുള്ളവൾ... രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഓടുന്ന അവളുടെ ജീവിതത്തിൽ നിന്നും മാറി നിൽക്കുന്ന തനിക്ക് ഈ ഭൂമിയിൽ മറ്റൊന്നും ഇല്ല. 
ഇല്ലേ.... 
ഒരു പൂത്തുലഞ്ഞ പൂമരം അപ്പുറത്തു നിൽക്കുന്നില്ലേ.. ആ പൂക്കളിൽ എനിക്ക് തൊടാം.. വാസനിക്കാം...അതിന്‍റെ ഛായയിൽ വിശ്രമിക്കാം... ഊഞ്ഞാൽ കെട്ടി ആടാം... 
പിന്നെയോ....  എനിക്ക് മാത്രം കാണാവുന്ന പൂമരം. ശരിക്കും നിലനിൽക്കുന്നുണ്ടോ അത്.... 
മീര ജനൽ അടച്ചു.
 കുമ്പാരക്കോളനിയിലെ കലം മെഴുകുന്ന തറികളിൽനിന്നാണ് തന്റെ ജീവിതത്തിന്റെ വിത്തുകൾ മുളച്ചുപൊന്തിയതെന്ന്  ലോകമെമ്പാടുമുള്ള സ്റ്റേജുകളിൽ  ചിത്രകലയിൽ ആദരിക്കപ്പെടുമ്പോൾ സൂര്യനാരായണൻ  തുറന്നു പറഞ്ഞിട്ടുണ്ട്.
"ദാരിദ്ര്യം തുറന്നു പറയുന്നതും ഇല്ലാത്തവ പെരുപ്പിച്ചു കാണിക്കുന്നതും ഇന്നത്തെ സെലിബ്രിറ്റികളുടെ ഫാഷനാണ്. അതുപോലെ....."
ചോദ്യകർത്താവിനെ സൂര്യൻ  കയ്യെടുത്തു വിലക്കി. 
" ഞാൻ ഇന്നും ദാരിദ്ര്യത്തിൽ തന്നെയാണ്. എന്‍റെ രാജ്യത്തെ ഭരണാധികാരികളാണെന്നെ  ദരിദ്രനാക്കിയത്. നിറഞ്ഞ സമ്പത്തുണ്ടായിരുന്ന എന്‍റെ രാജ്യം! സഹോദരസ്നേഹം കൊണ്ടും ക്ഷമകൊണ്ടും കാരുണ്യം കൊണ്ടും ജൈവസമ്പത്തുകൊണ്ടും അയൽക്കാരനെ ചേർത്തുപിടിച്ച എന്‍റെ ഇന്ത്യ ! കീറിപ്പറിഞ്ഞ ഇന്ത്യയിൽ ഞാൻ സമ്പന്നനാണെന്ന് നിങ്ങൾക്കെങ്ങനെ പറയാൻ കഴിഞ്ഞു? അഭിമാനം മറയ്ക്കാൻ തുണിയില്ലാതെ കേഴുന്ന എന്റെ രാജ്യത്തെ നിങ്ങൾ കാണുന്നില്ലേ....പട്ടിണികൊണ്ടു മരിക്കുന്നവരെ ഭരിക്കുന്നവരെ നിങ്ങൾ കാണുന്നില്ലേ?  ഞാനവിടെ പണക്കാരനായി സുഖലോലുപനായി പറന്നു നടക്കുമെന്നാണോ നിങ്ങൾ എന്നിൽ നിന്നും പ്രതീക്ഷിക്കുന്ന സെലിബ്രിറ്റി സ്റ്റാറ്റസ്? "

 തന്‍റെ തോൾസഞ്ചിയും ചായങ്ങളും ബ്രഷും തൂക്കി ഭാരതത്തിന്‍റെ തെരുവുകളിൽ  അലഞ്ഞുനടന്നുകൊണ്ട് സൂര്യൻ 
പാവപ്പെട്ടവരുടെ നാവായി.... അവരുടെ കൈകൾക്കുള്ള ബലമായി.....  ആ  ചിത്രങ്ങൾ ലോകത്തെ  വെല്ലുവിളിച്ചു.
'ഇങ്ക്വിലാബ്  സിന്ദാബാദ്' എന്നൊരു ചിത്രം വരച്ചത് അയാളുടെ മുപ്പതുകളിൽ ആയിരുന്നു. 
കർഷകന്‍റെ മുഷ്ടിയിൽ നിന്നും പറന്നു പോകുന്ന നാവുള്ള  കലപ്പയുടെയും  അരിവാളിന്‍റെയും  വായ്ത്തലകൾ നെല്ലറകൾ അടക്കിവാണ ജന്മിമാരുടെ പത്തായപ്പുരകളിൽ ചെന്നു വീണു. 
ഗോതമ്പുപാടങ്ങളിൽ കൊയ്യുന്നത് പട്ടിണിക്കോലങ്ങളെയാണെന്നു അയാൾ വരച്ചു. 
ഉന്നതരുടെ മുഖത്തേക്ക് നീട്ടിയൊഴിച്ച ചായങ്ങളിൽ വഴുക്കിവീണ ജനാധിപത്യം അയാളെ തടവിലാക്കി.
"സൂര്യനാരായണൻ ആ കൈകൾകൊണ്ട് ഇനി ബ്രഷ് പിടിക്കരുത്." പോലീസ് മേധാവികൾക്ക് കിട്ടിയ ആജ്ഞയനുസരിച്ചു അയാളുടെ ശരീരം തമിൾനാട്ടിലേക്കും ആന്ധ്രായിലേക്കും  കൈമാറി മറിഞ്ഞു. ദിവസങ്ങളോളം ലോക്കപ്പിൽ ചവിട്ടിമെതിക്കപ്പെട്ടു. 
"നിങ്ങളെ ഇവിടെനിന്നും ഇറക്കാൻ പുറത്തു ആളുണ്ടോ? " സഹതടവുകാരൻ ചോദിച്ചു. 
"അറിയില്ല. ഭൂമിയിൽ നടക്കുമ്പോൾ കൂടെ ആരെക്കൊയോ നടന്നിരുന്നു"
"ഭരണകൂടത്തിനും അധികാരികൾക്കുമെതിരെ ചോദ്യങ്ങൾ എയ്താൽ നിങ്ങളെ അവർ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ... "
"വിടരുത്... ഭയക്കണം.... ചോദിക്കാൻ ആളുണ്ടായാലേ കുറ്റകൃത്യം ചെയ്യുമ്പോൾ രണ്ട് വട്ടം ഓർക്കൂ... "
"നിങ്ങൾ ഇവിടെ കൊല്ലപ്പെടും സൂര്യൻ... നിങ്ങൾക്ക് പുറത്ത് കുടുംബമോ മറ്റു അടുപ്പമോ ഉണ്ടായിരുന്നെങ്കിൽ അവരെ മുൻ നിറുത്തി വിലപേശുമായിരുന്നു.നിങ്ങൾക്കവരെ രക്ഷിക്കാൻ സാധിക്കില്ല."
"അതുകൊണ്ടാണ് ഞാൻ സ്വതന്ത്രനായത്. മാത്രമല്ല കുടുംബമുണ്ടാക്കാനുള്ള മാനസികാരോഗ്യം എനിക്കില്ല. കാലുഷ്യങ്ങളും വേദനകളും തീരാദുഃഖങ്ങളും കൊണ്ട് മുറിവേറ്റ ഈ മനസ്സുമായി ഒരു കുടുംബമോ ഗോത്രമോ ഉണ്ടാക്കാൻ ഞാൻ പ്രാപ്തനല്ല. ഒറ്റയാൻ എപ്പോഴും ഒറ്റയാനാണ്..."

പാതിരാവിൽ വേദനയെടുത്തു പുളഞ്ഞ ഒരു നിമിഷത്തിൽ അയാൾ കണ്ണു തുറന്നു. നീണ്ട ഒരു നിഴൽ മുന്നിൽ നിൽക്കുന്നു. ചോര ഉണങ്ങിപ്പിടിച്ച പുരികങ്ങൾ വലിച്ചുതുറന്നു മുന്നിൽ നിൽക്കുന്ന നിഴലിനെ സൂര്യൻ നോക്കി. കത്തിയുടെ വായ്ത്തല മിന്നൽപോലെ  തിളങ്ങുന്നു. 
"നിങ്ങൾ ഇവിടെ ഇപ്പോൾ കൊല്ലപ്പെടുകയാണ് സൂര്യൻ. നിങ്ങളെ കൊല്ലാൻ പണം കിട്ടിയിരിക്കുന്നത് എനിക്ക് തന്നെയാണ്. "
പച്ചമാംസത്തിലൂടെ തുളഞ്ഞു കയറിയ കത്തി എല്ലിൽ എവിടെയോ ദ്വാരമുണ്ടാക്കി വീണ്ടും അകത്തേക്ക്......ബോധം പോകും മുന്നേ അയാളുടെ കണ്ണുകളിലെ കാരുണ്യമാണ് സൂര്യൻ അവസാനക്കാഴ്ചയായി കണ്ടത്. 
"എന്നിട്ട്....? "  മീര അകലെ തന്‍റെ കിടക്കയിൽ പിടഞ്ഞെഴുന്നേറ്റു. 
"ഒന്നുമില്ല. ഞാൻ മരിച്ചില്ലല്ലോ... "
"പറ നരേൻ.... എന്നിട്ട്? "
"നീ നരേൻ എന്ന്‌ വിളിക്കുമ്പോൾ എനിക്ക് എട്ട് വയസ്സാണ്. അമ്മ പോയതിൽ പിന്നെ ആരും എന്നെയങ്ങനെ വിളിക്കാൻ ഇല്ലാരുന്നു."
മീര മിണ്ടാതെ കാത്തു. അവൾക്കറിയാം അയാൾ പറയുമെന്ന്... 
"അത് ഒരു രക്ഷപ്പെടുത്തലായിരുന്നു. ആ ഇരുട്ടറയിൽ നിന്നും വെളിച്ചത്തിലേക്കുള്ള മോചനമായിരുന്നു അയാൾ നൽകിയത്. അല്ലെങ്കിൽ ജനങ്ങൾ അറിയാതെ ആ ഇരുട്ടറയിൽ ഞാൻ കൊല്ലപ്പെടുമായിരുന്നു. 
 ആശുപത്രിയിൽ കിടക്കുമ്പോൾ  എന്നെ ജയിലിൽ അടച്ചതിന്  രാജ്യമൊട്ടാകെ സമരവും പ്രക്ഷോഭവും ഉണ്ടായി. ഒടുവിൽ സർക്കാർ കീഴടങ്ങി."
"അയാളെ പിന്നെ അനേഷിച്ചില്ലേ....?"
"ഒരുപാട്.... പക്ഷേ കണ്ടു കിട്ടിയില്ല...."
"എങ്കിലും.... അയാളുടെ പേരെങ്കിലും...... "
"അറിയില്ല മീരാ....."

      അന്നത്തെ സായാഹ്നത്തിൽ കോഫി ഡേ കഫേയുടെ മുന്നിൽ കാർ വന്നു നിന്നപ്പോഴേ മീര പുറത്തേക്ക് ഓടിയിറങ്ങി വന്നു. മാനേജരും മറ്റു സ്റ്റാഫുകളും പുറകെയും.  ഡ്രൈവർ ഡോർ തുറന്നു കൊടുത്തു. സൂര്യൻ ഇറങ്ങിയ ഉടനെ മീരയെ നോക്കി. അവൾ ഓടി വന്നു കൈ പിടിച്ചു. 
വയ്യാതിരിക്കുമ്പോൾ എന്തിന് വന്നു? പുരികത്തുമ്പിൽ ചോദ്യം പുളഞ്ഞു. 
"സർ നമ്മുടെ വി ഐ പി റൂമിൽ ഇരിക്കാം." മാനേജർ ഭവ്യതയോടെ പറഞ്ഞു. 
"യെസ് ഓഫീസർ..... ഞാൻ വന്നത് ഇവിടെയുള്ള ഒരു വി ഐ പി ക്കു ഒരു സ്പെഷ്യൽ കോഫി നൽകാനാണ്."
"മൈ പ്ലഷർ...ആരാണ് സർ ഗസ്റ്റ്....? 
"മീരാ കാശിനാഥ് ! മീരയാണ് എന്‍റെ ഗസ്റ്റ്.... ഇഫ് യു നെവർ മൈൻഡ്..... "
ഒരു നിമിഷം അനങ്ങാതെ നിന്ന മാനേജർ  അകത്തേക്ക് വഴിയൊഴിഞ്ഞു. 
മീരയുടെ മുഖം തുളുമ്പിനിന്നു.  
"എന്തിനാണ് ഇങ്ങോട്ട് വന്നത് നരേൻ.... ഞാൻ അങ്ങോട്ട് വരുമായിരുന്നു... ആളുകൾ എന്ത് ധരിക്കും?"
"എന്തിനാണ് നീ വെപ്രാളപ്പെടുന്നത്? നിന്നെ കാണാൻ വരുന്നത് ഇത്രയും ഭയപ്പെടേണ്ട കാര്യമാണോ....? അതോ നീ പറയാറുള്ളതൊക്കെ നുണയാണോ?  നിന്‍റെ ഇഷ്ടവും പ്രണയവും.... നമ്മൾ കണ്ടുമുട്ടിയ നാൾ മുതൽ നമുക്കൊരേ പ്രായമെന്നല്ലേ നീ പറയുന്നത്? "

മീര കയ്യെടുത്തു വിലക്കി."ശരി ശരി ഇപ്പോൾ എന്തിനാണ് കാമുകൻ ഓടി വന്നത്?  ഇപ്പോൾ കെട്ടണോ?  അതോ നാളെ മതിയോ....? അടിക്കടി എന്നെ ഇവിടെ കാണാൻ വന്നു എന്‍റെ ജോലി കളയാനുളള പുറപ്പാടാണല്ലേ...."
 ചിരിയുടെ പൂങ്കുല വീണു ചിതറി.
സൂര്യൻ തന്‍റെ മൊബൈൽ ഫോൺ എടുത്തു ഒരു ചിത്രം അവൾക്ക് കാണിച്ചു. "ഇത് കാണിക്കാൻ വന്നതാണ്. വരച്ചു കഴിഞ്ഞപ്പോൾ നിന്നെ കാണിക്കാൻ തോന്നി. നാളെ ഞാനിതു പൊതുജനങ്ങൾക്ക് സമർപ്പിക്കും."
മീര ഫോണിലേക്കു നോക്കി. വിയർത്ത കൈ യൂണിഫോമിൽ തുടച്ചു വീണ്ടും നോക്കി.
അൽപനേരം രണ്ടുപേരും മിണ്ടിയില്ല. 
"നീയുണ്ടാക്കുന്ന കാപ്പിയോളം വന്നില്ല" ഒരു കവിൾ മൊത്തി അയാൾ പറഞ്ഞു. 

    പിറ്റേന്ന് രാവിലെ വാതിലിൽ ആരോ തട്ടുന്നത് കേട്ടാണ് അയാൾ ഉണർന്നത്. സൂര്യരശ്മികൾ ജനലിലൂടെ അകത്തേക്ക് കയറിയിരിക്കുന്നു.
"പേടിച്ചിട്ടാണോ നീ വന്നത്? "
"അല്ല... ഒരു കപ്പ് കാപ്പി ഉണ്ടാക്കികുടിക്കാൻ വന്നതാണ്."

മീര ആ വീട് മുഴുവനും അടിച്ചു വാരി. 
അയാൾ മൂടിയിട്ടിരുന്ന ഓരോ ചിത്രവും തുണികൾ മാറ്റി തുടച്ചു. 
അസ്തമയസൂര്യന്‍റെ രശ്മികൾ തട്ടിയപ്പോൾ ചുവന്നുപോയ നെറ്റിയിലെ നരച്ച മുടികളും കവിളും തുടച്ചുകൊണ്ട് മീനാക്ഷി അവളെ നോക്കി ചിരിച്ചു. 
തലയിലെ  വട്ടകെട്ടഴിച്ചുകൊണ്ട്  കലം ഉണ്ടാക്കുന്നിടത്തുനിന്നും എഴുന്നേറ്റു  രവി ആരാണ് മകനെ കാണാൻ വന്നതെന്ന് എത്തി നോക്കി. 
അവൾ അടുത്ത ചിത്രത്തിന്‍റെ തുണി മാറ്റി.
കുറ്റിമുടികൾ മുകളിലേക്ക് പൊങ്ങി  നിൽക്കുന്ന കൂർത്ത കണ്ണുകളിൽ സ്ഥൈര്യം പുകയുന്ന പരുക്കനായ ഒരാൾ!
മീര നടുങ്ങികൊണ്ടു ഒരടി പിന്നോട്ടു നീങ്ങി പോയി!
"അറിയുമോ അയാളെ...... "?  തൊട്ടരികിൽനിന്നും ചോദ്യം.
" ഈ ചിത്രം?  ആരാണിത്? "
"ആന്ധ്രായിലെ ജയിലിൽ വെച്ചാണ് പരിചയം. ഒരു കത്തിമുനകൊണ്ട് എന്‍റെ ജീവനും ജീവിതവും തിരുത്തിയവൻ.... . പാലക്കാടുള്ള ഒരു ഗ്രാമത്തിലാണ് വീടെന്ന് മാത്രമേ അറിയൂ .."
അയാൾ അവളെ മറ്റൊരു ചിത്രത്തിന് മുന്നിലേക്ക്‌ നീക്കി നിറുത്തി. 
"ഇത് നോക്ക്... പരിചയമുണ്ടോ... "
ആകാശവും ഭൂമിയും മുക്കുന്ന മഴയിൽ ചങ്ങാടം തുഴഞ്ഞു വരുന്ന ഒരു പെൺകുട്ടിക്ക് തന്‍റെ മുഖമാണെന്ന് കണ്ട് മീര വീണ്ടും കണ്ണാടി നോക്കി. 

 സമയം മൈൽകുറ്റിയടിച്ചകണക്കെ നിന്നു.

"ഈ പെൺകുട്ടിയെ  കാലം കൊണ്ടുതന്നതാണ്. ആയിരം പടികൾ ഇനിയും കയറാൻ ഈ ഊന്നുവടി കാലം നൽകിയതാണ്."

വരാന്തയുടെ അരികിലേക്ക് മാറ്റി വെച്ചിരുന്ന പെയിന്റിംഗുകൾ മൂടിയിട്ടില്ലായിരുന്നു. 
ചൂളം കുത്തി വരുന്ന ഭരണകൂടമെന്ന തീവണ്ടി. 
റെയിൽപ്പാളത്തിൽനിന്നും ഓടി മാറാൻ ശ്രമിക്കുന്ന മനുഷ്യർ.... ഗ്രാമങ്ങൾ...... കന്നുകാലികൾ.... ജീവജാലങ്ങൾ...... 
വലിയൊരു വെള്ളപ്പൊക്കത്തിലേക്ക് ചെന്ന് വീഴുന്ന ട്രെയിനിൽ നിന്നും ഹെലികോപ്റ്ററിൽ രക്ഷപ്പെടുന്ന അധികാരക്കസേരകൾ മാത്രം… 
'Flush all this Shit'  എന്നൊരു അടിക്കുറിപ്പോടെ തീവണ്ടിയെയും അധികാരത്തെയും നിയമത്തെയും വലിയൊരു ക്ലോസെറ്റിലേക്ക് ഒഴുക്കി വിടുന്ന മറ്റൊരു ചിത്രം!

"നരേൻ........ " ഭയത്തോടെ മീര ആ കൈകളിൽ പിടിച്ചു. 

"പേടിക്കേണ്ട മീര... കാലങ്ങൾ കഴിഞ്ഞെങ്കിലും ഒന്നും മാറിയിട്ടില്ല. സാധാരണ മനുഷ്യർക്ക്‌ വേണ്ടുന്നതൊന്നും കിട്ടുന്നില്ല എന്നേ ഞാൻ പറയാൻ ശ്രമിച്ചുള്ളൂ."

"നരേൻ..... ഒരുപാട് കാലം പോരാടിയില്ലേ?  ഈ സായാഹ്നത്തിൽ നമുക്ക്  വേണ്ടിയെങ്കിലും.... ഇത് പ്രദർശിപ്പിക്കാതെയിരുന്നുകൂടെ...... അധികാരവർഗം നമ്മളെ വെറുതെ വിടുമോ...?"

സാധിക്കില്ല എന്നവൾക്ക് അറിയാമായിരുന്നു. തൊണ്ണൂറ്റിയൊൻപതുവട്ടവും അടിച്ചിട്ടും പൊളിയാത്ത പാറയെ വീണ്ടും അടിക്കാൻ ഓങ്ങുന്ന അച്ഛന്‍റെ മകനാണയാൾ..... ഓളങ്ങളെ ഭയക്കാതെ വഞ്ചി തുഴഞ്ഞ ഒരമ്മയാണ് അമരത്ത്‌….

 അയാൾക്കും അറിയാമായിരുന്നു. 
കടുപ്പം കൂടിയ കാപ്പിത്തരികൾ അയാൾക്ക്‌ വേണ്ടി മാറ്റിവെച്ചു അവൾ കാത്തിരിക്കുമെന്ന്… 

നാളുകൾക്കുശേഷം സൂര്യനാരായണനെ അറസ്റ് ചെയ്യാൻ ഉത്തരവിട്ട വാർത്ത കേട്ട് മീര ആ  ഫോൺനമ്പർ ഡയൽ ചെയ്തു. 
അപ്പുറത്ത് ബെല്ല് അടിച്ചുകൊണ്ടേയിരുന്നു. 
കനത്തുകറുത്ത മണ്ണിനടിയിൽനിന്നും കാപ്പിത്തൈകൾ വീണ്ടും മുളപൊട്ടികൊണ്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക