Image

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 2 കോടി രൂപ സംഭാവന നല്‍കി കോഹ്ലിയും അനുഷ്‌കയും

Published on 07 May, 2021
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 2 കോടി രൂപ സംഭാവന നല്‍കി കോഹ്ലിയും അനുഷ്‌കയും
രാജ്യത്ത് കോവിഡ് ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി രൂപയുടെ ധനസഹായം നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയും ഭാര്യ അനുഷ്‌ക ശര്‍മയും. 

ധനശേഖരണ പ്ലാറ്റ്‌ഫോം ആയ കെറ്റോ ഇന്ത്യ വഴി ഏഴ് കോടി രൂപ സമാഹരിക്കാനാണ് കോഹ്ലിയും അനുഷ്‌കയും ലക്ഷ്യമിടുന്നത്. ഈ വര്‍ഷത്തെ ഐ പി എല്‍ സീസണ്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് നിര്‍ത്തി വെച്ചതിന്റെ തൊട്ട് പിന്നാലെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സംഭാവന ചെയ്ത് കോഹ്ലിയും അനുഷ്‌കയും രംഗത്തെത്തിയത്. റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ കൂടിയായ കോഹ്ലി ചൊവ്വാഴ്ച മുംബൈയിലേക്ക് മടങ്ങിയിരുന്നു. 

കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച സമയത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക് 2 കോടി രൂപ നല്‍കിയതിനോടൊപ്പം തന്നെ കെറ്റോയില്‍ '#ഇന്‍ദിസ്ടുഗദര്‍' എന്ന പേരില്‍ ഒരു ക്യാമ്ബെയിനും ആരംഭിച്ചിട്ടുണ്ടെന്ന് ഇരുവരും സാമൂഹമാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ  ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ ഒരുമിച്ച്‌ നില്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരുവരും വീഡിയോയും പുറത്ത് വിട്ടു.

'രാജ്യം ചരിത്രത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത അവസ്ഥയിലൂടെയാണ് കടന്നു പോവുന്നത്. ഈ സമയം നമ്മള്‍ ഒരുമിച്ച്‌ നിന്ന് കഴിയാവുന്നത്ര ധനസമാഹരണം നടത്തേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ മനുഷ്യര്‍ അനുഭവിക്കുന്ന ഈ ദുരിതം കണ്ട് ഞെട്ടുകയാണ് ഞാനും അനുഷ്‌കയും. എത്രത്തോളം പേരെ സഹായിക്കാന്‍ കഴിയുമോ അത്രത്തോളം പേരെ സഹായിക്കാനാണ് ശ്രമിച്ചിരുന്നത്.എന്നാലിപ്പോള്‍ ഇതിന് മുന്‍പ് നമ്മള്‍ നല്‍കിയ സഹായങ്ങള്‍ക്കെല്ലാം അപ്പുറം ഇപ്പോള്‍ നല്‍കണം'- കോഹ്ലി പറഞ്ഞു.

കെറ്റൊയിലൂടെ നടത്തുന്ന ഏഴ് ദിവസം നീണ്ട ധനസമാഹരണത്തിലൂടെ ഏഴ് കോടി രൂപയാണ് ഇരുവരും ലക്ഷ്യമിടുന്നത്. തുക ആക്‌ട് ഗ്രാന്റ്‌സിലേക്കാണ് നല്‍കുക. ഈ സംഘടനയിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജന്‍ വിതരണവും, ബോധവല്‍ക്കരണ ക്ലാസുകളും, ടെലിമെഡിസിന്‍ സൗകര്യങ്ങളും നടക്കുന്നുണ്ട്.

 കോവിഡ് ഒന്നാം ഘട്ടത്തില്‍ ഇരുവരും ചേര്‍ന്ന് 3 കോടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക