Image

ചുട്ട കോഴിയെ പറപ്പിച്ച തോമസ് വിടവാങ്ങി, അന്തരിച്ചത് കോവിഡ് ബാധിച്ച്

Published on 07 May, 2021
ചുട്ട കോഴിയെ പറപ്പിച്ച തോമസ് വിടവാങ്ങി, അന്തരിച്ചത് കോവിഡ് ബാധിച്ച്
മസാല പുരട്ടി കനലിനു മീതെ ലോഹക്കൂട്ടില്‍ വച്ചു ചുട്ടെടുക്കുന്ന ഇറച്ചിയുടെ രുചി കോട്ടയത്തിനു സമ്മാനിച്ച തോമസ് കെ. ചെറിയാന്‍ (കൊച്ചുമോന്‍) കോവിഡ് ബാധിച്ചു മരിച്ചു.  1996 ലാണ് കോട്ടയത്ത് ബാര്‍ബിക്യുഇന്‍ എന്ന റസ്റ്ററന്റ് അദ്ദേഹം തുടങ്ങിയത്. റുമാലി റൊട്ടി വിത്ത് ബാര്‍ബിക്യു മയോണൈസ് കോംബിനേഷന്‍ കേരളത്തിനു പരിചയപ്പെടുത്തിയത് ഇദ്ദേഹമാണ്. അന്ന് ഗ്രില്‍ ചെയ്ത വിഭവങ്ങള്‍ കഴിക്കാന്‍ എറണാകുളത്തുനിന്നും തൃശൂരില്‍ നിന്നുമൊക്കെയാണ് ആളുകള്‍ കോട്ടയത്തെ എസ് എച്ച് മൗണ്ടില്‍ എത്തിയിരുന്നത്. പതിനഞ്ചു വര്‍ഷം മുമ്പ് റസ്റ്ററന്റ് ബിസിനസ് വിട്ട് ബെംഗളൂരുവിനു പോയ തോമസ് അവിടെ ഒരു ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. രണ്ടാഴ്ച മുന്‍പ് കോവിഡ് ബാധിതനായി. വ്യാഴാഴ്ച നില വഷളായതിനെത്തുടര്‍ന്ന് പല ആശുപത്രികളിലും പ്രവേശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കിടക്കകള്‍ ഒഴിവില്ലാതിരുന്നതിനാല്‍ സാധിച്ചില്ല. തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം ബെംഗളൂരുവില്‍.

ബെംഗളൂരുവില്‍ പോയപ്പോഴാണ് കനലില്‍ച്ചുട്ട കോഴിയും മയണൈസ് എന്ന രസകരമായ വിഭവവും തോമസ് ആദ്യമായി രുചിച്ചത്. മുഗള്‍ പാരമ്പര്യമുള്ള റുമാലി റൊട്ടിയായിരുന്നു അതിനു കൂട്ട്. മസാലയില്‍പൊതിഞ്ഞ് കനലില്‍ വെന്തു വെണ്ണ പോലെയായ കോഴിയിറച്ചി പാളികളായി അടര്‍ത്തിയെടുത്ത്, പട്ടുതൂവാല പോലെ നേര്‍ത്ത റൊട്ടി ചെറുതായി കീറി അതില്‍ പൊതിഞ്ഞ്, തൂവെള്ള നിറവും അല്‍പം മധുരവും പുളിയുമുള്ള മയണൈസില്‍ ഒന്നു തൊട്ടെടുത്ത് നാവില്‍വച്ചപ്പോഴുണ്ടായ അപാരരുചിയനുഭവം തോമസിനെ നാട്ടിലെത്തിയിട്ടും വിട്ടുപോയില്ല.

കോട്ടയത്ത് ചൂട്ടുവേലിയിലെ തന്റെ മൊസൈക്ക് ഷോപ്പിനു രൂപമാറ്റം വരുത്തി ബാര്‍ബിക്യു ഇന്‍ എന്ന പേരില്‍ തോമസ് റസ്റ്ററന്റ് തുടങ്ങി. സാംകുട്ടി എന്നയാളായിരുന്നു പാര്‍ട്ണര്‍. പത്തുപേര്‍ക്ക് ഇരിക്കാവുന്ന ബാര്‍ബിക്യു ഇന്‍ ഭക്ഷണപ്രേമികള്‍ക്കിടയില്‍ തരംഗമായത് പെട്ടെന്നാണ്. ഫുഡ് വ്‌ലോഗുകളോ ചാനലുകളിലെ ഫൂഡ് പ്രോഗ്രാമുകളോ ഇല്ലാതിരുന്ന, ഇന്റര്‍നെറ്റ് അദ്ഭുതമായിരുന്ന അക്കാലത്ത് റസ്റ്ററന്റിന്റെ പ്രശസ്തി മറ്റു ജില്ലകളിലേക്കും പടര്‍ന്നു.

ബാര്‍ബിക്യു ഇന്നില്‍ വിളമ്പിയ മയോണൈസിന്റെ റെസിപ്പിയില്‍ തോമസ് ചെറിയൊരു മാറ്റം വരുത്തിയിരുന്നു. ബെംഗളൂരുവില്‍ എഗ്ലെസ് മയോണൈസാണ് വിളമ്പിയിരുന്നത്. ഇന്നും പലയിടത്തും അതുതന്നെയാണ്. തോമസും സാംകുട്ടിയും തങ്ങളുടെ സ്വന്തം രുചിക്കൂട്ടാണ് അതിനുപയോഗിച്ചത്. വെളുത്തുള്ളിയും മുട്ടയുമൊക്കെ ചേര്‍ത്ത് ഒരു കലത്തില്‍ പാകപ്പെടുത്തിയ മയോണൈസ് ഹിറ്റായി. ബെംഗളൂരുവില്‍നിന്നു കൊണ്ടുവന്ന സ്‌പെഷല്‍ കലത്തിലായിരുന്നു പ്രിപ്പറേഷന്‍. ബാര്‍ബിക്യു ഇന്നില്‍ തിരക്കു കൂടിയതോടെ കൂടുതല്‍ പേര്‍ക്ക് ഇരിക്കാവുന്ന തരത്തില്‍ റസ്റ്ററന്റ് വികസിപ്പിച്ചു. ഇവിടെനിന്നു ഗ്രില്‍ഡ് ചിക്കന്‍ കഴിക്കാനായി മാത്രം എറണാകുളത്തും തൃശൂരുമൊക്കെനിന്ന് ആളുകള്‍ വന്നു. പിന്നീട് പലരും പലയിടത്തും ഇത് അനുകരിച്ചെങ്കിലും ബാര്‍ബിക്യു ഇന്നിന്റെ പെരുമ ഉയര്‍ന്നുതന്നെ നിന്നു.

പതിനഞ്ചു വര്‍ഷം മുമ്പ് ബിസിനസ് സാംകുട്ടിക്കു കൈമാറി തോമസ് ബെംഗളൂരുവിനു പോയി. അവിടെ ഒരു ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. (കടപ്പാട്: മനോരമ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക