Image

കോവിഡ് മരണങ്ങള്‍ കൂടുന്നു, തിരുവനന്തപുരത്തും മൃതദേഹം സംസ്ക്കരിക്കാന്‍ നീണ്ട ക്യൂ

Published on 07 May, 2021
കോവിഡ് മരണങ്ങള്‍ കൂടുന്നു, തിരുവനന്തപുരത്തും മൃതദേഹം സംസ്ക്കരിക്കാന്‍ നീണ്ട ക്യൂ
തിരുവനന്തപുരം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെപ്പോലെ തലസ്ഥാനത്തും മൃതദേഹം സംസ്ക്കരിക്കാന്‍ നീണ്ട ക്യൂ.  തിരുവനന്തപുരം കോര്‍പറേഷന്റെ  തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്ക്കരിക്കാന്‍ നീണ്ട ക്യൂവാണ്. ഇന്നത്തേക്കുള്ള ബുക്കിങ് നേരത്തെ പൂര്‍ത്തിയായി. നാളെ ഉച്ച വരെയുള്ള ബുക്കിങ്ങും കഴിഞ്ഞു. ഇതോടെ കോവിഡ് പോസിറ്റീവ് ആയി മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ശാന്തികവാടത്തിലെ വിറകു ചിതയില്‍ കൂടി സംസ്കരിക്കാന്‍ കോര്‍പറേഷന്‍ നിര്‍ദേശം നല്‍കി.

അല്ലാത്തവ സംസ്കരിക്കാന്‍ നഗരത്തിലെ സമുദായ ശ്മശാന അധികൃതരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.  2 ഇലക്ട്രിക്, 2 ഗ്യാസ്, 4 വിറകു ചിതകളാണ് ശാന്തി കവാടത്തിലുള്ളത്. ഇലക്ട്രിക് ശ്മശാനത്തില്‍ മൃതദേഹം പൂര്‍ണമായി ദഹിപ്പിക്കുന്നതിന് 2 മണിക്കൂറും ഗ്യാസ് ശ്മശാനത്തില്‍ 3 മണിക്കൂറും വേണം. രണ്ടു ശ്മശാനങ്ങളിലുമായി പ്രതിദിനം പരമാവധി 24 മൃതദേഹങ്ങള്‍ മാത്രമേ സംസ്കരിക്കാന്‍ കഴിയൂ. ഇതില്‍ കൂടുതല്‍ എണ്ണം മൃതദേഹങ്ങള്‍ എത്തിയതോടെയാണ് പ്രതിസന്ധി.

ഇന്നലേയും മിനിയാന്നുമുള്ള ബുക്കിങ് തലേദിവസങ്ങളിലേ പൂര്‍ത്തിയായിരുന്നു. ഇന്നലെ മുതല്‍ വിറകു ശ്മശാനങ്ങളിലും കോവിഡ് പോസിറ്റീവ് ആയവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. വിറകു ചിതയില്‍ ഒരു മൃതദേഹം സംസ്ക്കരിക്കാന്‍ കുറഞ്ഞത് 4 മണിക്കൂര്‍ വേണം. ഇലക്ട്രിക്, ഗ്യാസ് ശ്മശാനങ്ങള്‍ വൈകിട്ട് 6 വരേയും വിറക് ശ്മശാനം രാത്രി പത്തു വരേയുമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ജില്ലയില്‍ കോവിഡ്  ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങളെല്ലാം തൈക്കാടാണ്  എത്തിക്കുന്നത്.  

കോവിഡ് പോസിറ്റീവ് അല്ലാത്തവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ സൗകര്യമൊരുക്കണമെന്ന് കോര്‍പറേഷന്‍ നഗരത്തിലെ സമുദായ ശ്മാശാന അധികൃതരോടു ആവശ്യപ്പെട്ടിട്ടുണ്ട്.  


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക