Image

ഇന്ത്യയുടെ കൊവിഡ് മരുന്ന് 2ഡി.ജിക്ക് അടിയന്തരാനുമതി, ജനിതക മാറ്റം വന്ന വൈറസിനെയും നശിപ്പിക്കും

Published on 09 May, 2021
ഇന്ത്യയുടെ കൊവിഡ് മരുന്ന് 2ഡി.ജിക്ക് അടിയന്തരാനുമതി, ജനിതക മാറ്റം വന്ന വൈറസിനെയും നശിപ്പിക്കും
ന്യൂഡല്‍ഹി:കൊവിഡ് ചികിത്സയില്‍ വന്‍ നേട്ടം കുറിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ തദ്ദേശീയമായി വികസിപ്പിച്ച 2 ഡി ഓക്‌സി  ഡി  ഗ്ലൂക്കോസ് ( 2  ഡി ജി ) എന്ന മരുന്ന് കൊവിഡ് രോഗികളില്‍ അടിയന്തരമായി ഉപയോഗിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കി. കൊവാക്‌സിന് പിന്നാലെ കൊവിഡ് ചികിത്സയ്ക്കും ഇന്ത്യ മരുന്ന് വികസിപ്പിച്ചത് ആഗോളതലത്തില്‍ വലിയ നേട്ടമായി.

ഐ.സി.എം.ആര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ചികിത്സയ്‌ക്കൊപ്പം 2  ഡി ജി മരുന്നു കൂടി നല്‍കുമ്പോഴാണ് കൂടുതല്‍ ഫലപ്രദമാകുന്നത്. രോഗികളില്‍ വൈറസ് പെരുകുന്നത് തടയുമെന്നും രണ്ടര ദിവസം നേരത്തേ രോഗമുക്തി ഉണ്ടാകുമെന്നും ജനിതക മാറ്റം വന്ന വൈറസിനും ഫലപ്രദമാണെന്നും ഓക്‌സിജന്‍ ചികിത്സ കുറയ്ക്കാമെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു. കൊവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ക്ഷാമം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരണത്തിന് കാരണമാകുമ്പോള്‍ ഇത് ജീവന്‍ രക്ഷാ മരുന്നാകും.

ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ ബയോളജിയുടെ സഹായത്തോടെ,? പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി. ആര്‍. ഡി. ഒയുടെ ഡല്‍ഹിയിലെ ലബോറട്ടറിയായ ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസ് ഇന്‍സ്റ്റിറ്റിയൂട്ടും (ഇന്‍മാസ്) ഹൈദരാബാദിലെ ഡോ.റെഡ്ഢീസ് ലബോറട്ടറിയും സംയുക്തമായാണ് മരുന്ന് വികസിപ്പിച്ചത്.

പൊടിരൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍ അലിയിച്ച് കഴിക്കണം. മരുന്നിലെ സംയുക്തങ്ങള്‍ രോഗം ബാധിച്ച കോശങ്ങളില്‍ നിറഞ്ഞ് വൈറസുകളെ നശിപ്പിക്കുന്നു. വൈറസ് ബാധിച്ച കോശങ്ങളെ തെരഞ്ഞു പിടിച്ച് പ്രവര്‍ത്തിക്കും

മിതമായും ഗുരുതരമായും രോഗം ബാധിച്ചവര്‍ക്ക് ഫലപ്രദം. ശ്വാസംമുട്ടല്‍ ഉള്‍പ്പെടെ വേഗത്തില്‍ കുറയും. ആശുപത്രി വാസം കുറയും. ഓക്‌സിജന്‍ ആവശ്യം കുറയും. മരുന്ന് നല്‍കിയ രോഗികളില്‍ 42% പേര്‍ക്ക് മൂന്നാം ദിവസം ഓക്‌സിജന്‍ ആവശ്യമില്ലാതെ വന്നു. ജനിതക മാറ്റം വന്ന വൈറസിനെയും നശിപ്പിക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക