Image

സ്റ്റാലിന്റെ സെക്രട്ടറിയായി പാലാ സ്വദേശി അനു ജോര്‍ജ്; ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന്റെ സുഹൃത്ത്

Published on 10 May, 2021
 സ്റ്റാലിന്റെ സെക്രട്ടറിയായി പാലാ സ്വദേശി അനു ജോര്‍ജ്; ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന്റെ സുഹൃത്ത്
തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിന്റെ സ്‌പെഷ്യല്‍ സെക്രട്ടറിയായി കോട്ടയം പാലാ സ്വദേശി അനു  ജോര്‍ജ്.ആറന്മുള എംഎല്‍എ വീണാ ജോര്‍ജിനുള്ളത്‌ ഇവരുമായി അടുത്ത ബന്ധം. രണ്ടു പേരും ഒരുമിച്ച്‌ പഠിച്ചവരാണ്.

ഇരുവരും തിരുവനന്തപുരം വിമന്‍സ്‌ കോളേജില്‍ പ്രീഡിഗ്രിക്ക്‌ ഒരുമിച്ച്‌ പഠിച്ചവര്‍. ഹോസ്‌റ്റലിലും ഒരുമിച്ചായിരുന്നു. കൂട്ടുകാരിക്ക്‌ വീണാ ജോര്‍ജ്‌ ഫെയ്‌സ്‌ബുക്കില്‍ ആശംസയറിയിച്ചു. സിവില്‍ സര്‍വീസ്‌ എന്ന സ്വപ്‌നം 2002ലാണ്‌ അനു ജോര്‍ജ്‌ യാഥാര്‍ഥ്യമാക്കിയത്‌. ആദ്യം റവന്യു സര്‍വീസില്‍ ഇടംപിടിച്ച അനു 2005ല്‍ 25ാം റാങ്കോടെ ഐഎഎസ്‌ നേടി.

അനു ജോര്‍ജിന്റെ സിവില്‍ സര്‍വീസ്‌ സ്വപ്‌നത്തെക്കുറിച്ച്‌ നന്നായി അറിഞ്ഞിരുന്നുവെന്ന്‌ വീണാ ജോര്‍ജ്‌ എംഎല്‍എ പറയുന്നു. ഇടയ്‌ക്ക്‌ ചെന്നൈയില്‍ പോയി കണ്ടിരുന്നു. ഇപ്പോഴത്തെ സ്ഥാനലബ്‌ധിയില്‍ ഏറെ സന്തോഷമുണ്ട്‌. അഴിമതിയോട്‌ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ്‌ അനുവിന്റേത്‌-- വീണാ ജോര്‍ജ്‌ പറഞ്ഞു.

നിലവില്‍ ചെന്നൈയില്‍ അഡീഷണല്‍ സെക്രട്ടറി- പ്രൊട്ടോക്കോള്‍ വിഭാഗത്തിലാണ് അനു ജോര്‍ജ് പ്രവര്‍ത്തിച്ചിരുന്നത്. കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന പദവി കൂടുതല്‍ ഉത്തരവാദിത്തം നിറഞ്ഞതാണ്. തിരുവനന്തപുരം വിമന്‍സ് കോളേജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ അനു ജെഎന്‍യുവില്‍നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും എംഫില്ലും നേടി.

തമിഴ്‌നാട്ടില്‍ തിരുപ്പത്തൂര്‍, കടലൂര്‍ ജില്ലകളില്‍ അസി. കലക്ടറായിരുന്നു. മികച്ച കലക്ടര്‍ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക